Thursday, September 5, 2013

സിറിയയെ തൊടരുത്

സിറിയക്കുനേരെ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുമ്പെട്ടുനില്‍ക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി നേടിയശേഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംഭവിച്ചാല്‍, അടുത്തിടെ അമേരിക്കന്‍- നാറ്റോ സേനകള്‍ ഒരു അറബ് രാജ്യത്തിനുനേരെ നടത്തുന്ന മൂന്നാമത്തെ ആക്രമണമാകും. സദ്ദാം ഹുസൈന്‍ സര്‍വനാശായുധങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന വ്യാജആരോപണം ഉയര്‍ത്തി 2003ല്‍ ജോര്‍ജ് ബുഷ് ഇറാഖില്‍ അധിനിവേശയുദ്ധം നടത്തി; ബെന്‍ഗാസിയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനെന്ന പേരില്‍ 2011ല്‍ ഒബാമ ലിബിയക്കെതിരെ വ്യോമ-മിസൈല്‍ ആക്രമണം നടത്തി. ഇപ്പോള്‍ സിറിയയാണ് അമേരിക്കയുടെ ലക്ഷ്യം. ഇക്കുറി പറയുന്ന ന്യായം സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നതാണ്- വിമതസൈനികര്‍ക്ക് നേരെ സാരിന്‍ എന്ന വാതകം.

സിറിയന്‍സൈന്യം സാരിന്‍ വാതകം പ്രയോഗിച്ചെന്ന്, യുഎന്‍ പരിശോധകര്‍ അവിടെയെത്തി തെളിവ് ശേഖരിക്കുംമുമ്പുതന്നെ അമേരിക്കയും, ബ്രിട്ടനും ഫ്രാന്‍സും പോലുള്ള അവരുടെ നാറ്റോസഖ്യങ്ങളും നിഗമനത്തിലെത്തി. രാസായുധങ്ങളുടെ പ്രയോഗം സൈനിക ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന് കഴിഞ്ഞവര്‍ഷം താന്‍ നല്‍കിയ മുന്നറിയിപ്പിന്റെ ലക്ഷ്മണരേഖ സിറിയന്‍ സര്‍ക്കാര്‍ മറികടന്നുവെന്നാണ് ഒബാമയുടെ വാദം.

അമേരിക്കയുടെ ധാര്‍മിക കാപട്യം ശരിക്കും അതിശയിപ്പിക്കുന്നതാണ്. വിയത്നാം യുദ്ധത്തില്‍ അമേരിക്കന്‍സേന ഉപയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാര്‍ഥം പരിസ്ഥിതിയെ തകര്‍ക്കുകയും പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ പിറക്കാന്‍ ഇടവരുത്തുകയുംചെയ്തു. ഏറ്റവും ഒടുവില്‍, ഇറാഖില്‍ അമേരിക്ക പ്രയോഗിച്ച അവശിഷ്ട യുറേനിയം, വെളുത്ത ഫോസ്ഫറസ് ഷെല്ലുകള്‍ ജനങ്ങളില്‍ ഭീകരമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഇപ്പോള്‍ സിറിയയില്‍ "രാസായുധങ്ങളുടെ പ്രയോഗം" അതേ സാമ്രാജ്യത്വശക്തികള്‍ അന്യായമായ അധിനിവേശത്തിനു കാരണമാക്കുന്നു.

സാമ്രാജ്യത്വത്തിന്റെ പരമ്പരാഗത തന്ത്രംതന്നെയാണ് ഒബാമ പയറ്റുന്നത്, ആക്രമണം നടത്താന്‍ സാങ്കല്‍പ്പികമോ അര്‍ധസത്യമോ ആയ പ്രകോപനം ചൂണ്ടിക്കാട്ടുന്നു. രണ്ടരവര്‍ഷമായി സിറിയ സംഘര്‍ഷത്തിലാണ്. ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ വിമതരുടെ സംഘം യുദ്ധം നടത്തിവരുന്നു. സൗദി അറേബ്യയും ഖത്തറും തുര്‍ക്കിയും വിമതര്‍ക്ക് പണവും ആയുധങ്ങളും പിന്തുണയും നല്‍കുന്നു. വിമതപക്ഷത്ത് ജബാത് അല്‍ നുസ്റ പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍മുതല്‍ സലഫികളുടെ വിവിധ വകഭേദങ്ങളും പാശ്ചാത്യ അനുകൂല സംഘങ്ങളുമുണ്ട്. വിമതസൈനികരില്‍ ചിലര്‍ക്ക് സിഐഎ ആയുധങ്ങളും പരിശീലനവും നല്‍കുന്നു. അഫ്ഗാനിസ്ഥാന്‍, ലിബിയ, ടുണീഷ്യ, യെമന്‍, ചെച്നിയ എന്നിവിടങ്ങളില്‍നിന്നുള്ള ഇസ്ലാമിക തീവ്രവാദികള്‍ ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുമ്പ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതുപോലെ, സിറിയയില്‍ ഇസ്ലാമിക മതമൗലിവാദശക്തികളെ അമേരിക്ക പിന്തുണയ്ക്കുകയാണ്; അറബ് ലോകത്തെ ഏക മതനിരപേക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ.

സായുധ കലാപംവഴി സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യം എളുപ്പത്തില്‍ നേടാന്‍ കഴിയുമെന്നാണ് അമേരിക്ക പ്രതീക്ഷിച്ചത്, പക്ഷേ അത് സംഭവിച്ചില്ല. ഒരു ലക്ഷത്തോളം സിറിയക്കാര്‍ കൊല്ലപ്പെടാനും 20 ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളാകാനും സംഘര്‍ഷം വഴിയൊരുക്കി. സിറിയന്‍ സര്‍ക്കാരും സായുധസേനയും ചേര്‍ന്ന് വിമതസൈനികരെ പ്രതിസന്ധിയിലാക്കുകയും കഴിഞ്ഞ മാസങ്ങളില്‍ അവരുടെ കൈയില്‍നിന്ന് ഏതാനും മേഖലകളും നഗരങ്ങളും തിരിച്ചുപിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാസായുധപ്രശ്നം ഉയര്‍ന്നുവന്നത്. ഇക്കൊല്ലം ജൂണില്‍, സിറിയന്‍ സൈന്യം സാരിന്‍ വാതകം ഉപയോഗിച്ചതായി ആരോപിച്ച് പ്രസിഡന്റ്് ഒബാമ വിമതസൈനികര്‍ക്ക് ആയുധങ്ങള്‍ വിതരണംചെയ്യുമെന്ന് പ്രഖ്യാപിച്ചു. അന്ന് അമേരിക്കയുടെ വാദം പൊളിഞ്ഞു. അലിപ്പോയ്ക്കു സമീപം നടത്തിയ ആക്രമണത്തില്‍ വിമതസൈനികരാണ് സാരിന്‍ വാതകം പ്രയോഗിച്ചതെന്നതിന്റെ തെളിവ് യുഎന്നിലെ റഷ്യന്‍ പ്രതിനിധി ഹാജരാക്കി. ഇപ്പോള്‍ ഡമാസ്കസിനു സമീപം ഘൗട്ടയില്‍ സാരിന്‍ വാതകം പ്രയോഗിച്ച സംഭവം ആഗസ്ത് 21ന് നടന്നുവെന്നാണ് പറയുന്നത്. വാതകപ്രയോഗം സംബന്ധിച്ച ആരോപണങ്ങളുടെ സാഹചര്യത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ യുഎന്‍ സംഘം ഡമാസ്കസില്‍ എത്തിയ ദിവസമാണിത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടിയതുപോലെ, ഇത്തരമൊരു കുറ്റകൃത്യം സംബന്ധിച്ച അന്വേഷണത്തിനായി യുഎന്‍ സംഘം എത്തിയ ദിവസംതന്നെ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കുമെന്നത് അവിശ്വസനീയമാണ്. സിറിയന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിക്കുകയും സാരിന്‍ വാതകശേഖരമുള്ളത് വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളിലാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ പ്രയോഗിച്ചതായി അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ യുഎന്‍ സംഘത്തിന് വൈകിയാണ് സിറിയ അനുമതി നല്‍കിയതെന്നുകൂടി അമേരിക്ക പ്രസ്താവിച്ചു. യുഎന്‍ അന്വേഷണം പൂര്‍ത്തിയാക്കുംമുമ്പേ അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍ കെറി "സിറിയയുടെ രാസായുധ പ്രയോഗത്തെ" അപലപിക്കുകയും അമേരിക്ക തിരിച്ചടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ക്രൂയിസ് മിസൈലുകളുമായി മാരകശേഷിയുള്ള അഞ്ച് അമേരിക്കന്‍ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് നീങ്ങി. സൈനികനടപടി ആസന്നമാണെന്നും യുഎന്‍ സംഘം സിറിയ വിട്ടാലുടന്‍, സെപ്തംബര്‍ മൂന്നോടെ ആക്രമണം ആരംഭിക്കുമെന്നും പ്രതീതി ജനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഓളന്ദും ആക്രമണങ്ങളില്‍ പങ്കാളികളാകാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഒരു ബുദ്ധിമുട്ടുണ്ടായത്. സിറിയക്ക് എതിരായ സൈനികനടപടിക്ക് അനുമതി നേടാന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഗസ്ത് 29ന് പാര്‍ലമെന്റ് ചേരുകയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കനത്ത ആഘാതമേല്‍പ്പിച്ച്, യുദ്ധത്തിനുള്ള സര്‍ക്കാര്‍ പ്രമേയം പാര്‍ലമെന്റ് തള്ളുകയും ചെയ്തു. യുദ്ധത്തിനെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണിത്. പ്രത്യേകിച്ച് ഇറാഖ് ആക്രമണത്തിലും അധിനിവേശത്തിലും പങ്കുചേരാന്‍ ടോണി ബ്ലെയര്‍ എടുത്ത വിവേകശൂന്യമായ തീരുമാനംമൂലമുണ്ടായ അനുഭവത്തിനുശേഷം. ഇതേതുടര്‍ന്ന്, പെട്ടെന്നുള്ള സൈനികനടപടിക്കുള്ള തീരുമാനം പ്രസിഡന്റ് ഒബാമയ്ക്ക് മാറ്റേണ്ടിവന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി നേടിയശേഷം സൈനികനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒമ്പതിനാണ് കോണ്‍ഗ്രസ് ചേരുക. പ്രസിഡന്റ് എന്ന നിലയില്‍ ഒബാമ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭരണവര്‍ഗ താല്‍പ്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പൊതുവെ കൂടുതല്‍ വലതുപക്ഷവും ആക്രമണത്വര പുലര്‍ത്തുന്നവരുമായ റിപ്പബ്ലിക്കന്മാരുടെ പിന്തുണ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പഴയ കോളനിയായ സിറിയയെ ആക്രമിക്കുന്നതില്‍ പങ്കുചേരാന്‍ ഫ്രാന്‍സ് ഇപ്പോഴും സന്നദ്ധരാണ്. അമേരിക്കയും അവരുടെ പാശ്ചാത്യസഖ്യകക്ഷികളും ഇസ്രയേലും സിറിയയെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാനെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ലിബിയയുടെ കാര്യത്തില്‍ എന്നപോലെ സൈനിക ഇടപെടലിന് അവര്‍ക്ക് യുഎന്‍ അനുമതി ലഭിക്കില്ല, കാരണം റഷ്യയും ചൈനയും അതിനെ എതിര്‍ക്കുന്നു. അതുകൊണ്ട്, നിരപരാധികളായ ജനങ്ങളെ രാസായുധങ്ങളില്‍നിന്ന് രക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന പേരില്‍, മാനുഷികപരിഗണനകളുടെ നാട്യത്തില്‍ സൈനിക ഇടപെടല്‍ നടത്താനാണ് ശ്രമം. എന്നാല്‍, എണ്ണ-പ്രകൃതിവാതക ശേഖരത്തില്‍ കണ്ണുനട്ട് പശ്ചിമേഷ്യയില്‍ നിയന്ത്രണം നേടാനും അധിനിവേശം നടത്താനുമുള്ള സാമ്രാജ്യത്വലക്ഷ്യം ഇതുകൊണ്ടൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. ഇറാഖിലും ലിബിയയിലും ഇപ്പോള്‍ എണ്ണശേഖരങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയും പാശ്ചാത്യരുമാണ്. യുഎസ്-നാറ്റോ ഇടപെടലിനുശേഷം ഈ രണ്ടു രാജ്യങ്ങളിലും വംശീയസംഘര്‍ഷങ്ങളും അതിക്രമങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നു.

സിറിയയിലും സാമ്രാജ്യത്വം ഷിയ-സുന്നി ഭിന്നതയ്ക്ക് തിരികൊളുത്തിയിരിക്കുന്നു. ആധിപത്യത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും ദുരകാരണം അവര്‍ ദേശീയ പരമാധികാര രാഷ്ട്രത്തെ തകര്‍ക്കുകയും ഇസ്ലാമിക മതമൗലികവാദത്തിന്റെ പ്രതിലോമശക്തികള്‍ക്ക് ഒത്താശചെയ്യുകയുമാണ്. അമേരിക്കന്‍ ഇടപെടലിനെതിരെ യുപിഎ സര്‍ക്കാര്‍ ശക്തമായി രംഗത്തുവരണം. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രസ്താവിച്ചതുപോലെ "യുഎന്‍ അനുമതിയുള്ള നടപടിമാത്രം" എന്ന് പറഞ്ഞതുകൊണ്ട് മതിയാകില്ല. അമേരിക്ക യുഎന്നിനെ മറികടക്കാന്‍ പോവുകയാണെന്ന് വ്യക്തമായിരിക്കെ സൈനിക ഇടപെടലിനെ ഇന്ത്യ ശക്തമായി എതിര്‍ക്കണം. സിറിയയിലെ സൈനിക ഇടപെടല്‍ ഭീഷണിക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക "സിറിയയെ തൊടരുതെന്ന്" ആവശ്യപ്പെട്ട് ലോകവ്യാപകപ്രസ്ഥാനം ഉയര്‍ന്നുവരണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

2 comments:

Aneesh chandran said...

അമേരിക്കയുടെ ഇത്തരം നടപടികള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള സമയം അതിക്രമിച്ചു ഒറ്റകെട്ടായി നിന്നു എതിര്‍ക്കണം ചില ധിക്കാരങ്ങള്‍. ഒടുവില്‍ വലിയ വിലകൊടുക്കേണ്ടി വരും അല്ലെങ്കില്‍.

P.C.MADHURAJ said...

Assad is Shia. Opponents are mainly sunnis infiltrated with some al-quaida, thats all. CPM may not get Sunni votes of Indian muslims(majority) if they support Assad in the name of opposing US, the way EMS got by supporting Iraq, where Saddam was a sunni, and majority were Shias.....
By the cruelty inherited from stalinist mindset CPM should support Asad, who killed 1500 innocent civiliand many of them women and children using chemical weapons...