Friday, September 13, 2013

സിബിഐയും കോടതിയും

സിബിഐയെ സ്വതന്ത്രമാക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉല്‍ഘോഷിക്കുമ്പോഴും യുപിഎ സര്‍ക്കാര്‍ അതിനുമേല്‍ രാഷ്ട്രീയമായി പിടിമുറുക്കുകതന്നെയാണ്. ഇത് തെളിയിക്കുന്നതാണ് സിബിഐതന്നെ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ പറഞ്ഞ വാക്കുകള്‍. തങ്ങള്‍ക്കുമേല്‍ മുറുക്കുന്ന സര്‍ക്കാരിന്റെ പിടിയില്‍നിന്ന് മോചനം വേണമെന്നും അതുണ്ടായാലേ നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും സിബിഐയുടെ അഭിഭാഷകന്‍ അമരേന്ദ്ര ഷരണ്‍ സുപ്രീംകോടതിയോടു പറഞ്ഞു. സിബിഐ ഏത് വിധേനയൊക്കെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന്റെയും ഉപകരണമാക്കി മാറ്റപ്പെടുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് സുപ്രീംകോടതിയില്‍ കണ്ടത്.

സിബിഐയെ "കൂട്ടിലടച്ച തത്ത" എന്ന് സുപ്രീംകോടതിതന്നെ വിശേഷിപ്പിച്ചിട്ട് ഏറെ നാളായില്ല. സ്വതന്ത്രമായി അന്വേഷണം നടത്താന്‍ അനുവദിക്കാത്തവിധം ആ ഏജന്‍സിയെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കുകയാണ് സര്‍ക്കാര്‍ എന്ന് തുറന്നടിച്ചുതന്നെ സുപ്രീംകോടതി പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ നാണക്കേട് ഒഴിവാക്കാന്‍ സിബിഐയെ സ്വതന്ത്രമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. സ്വതന്ത്രമാക്കാനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കുന്നതായും കേട്ടിരുന്നു.

എന്നാല്‍, അതിനൊക്കെ നേര്‍വിപരീതമാണ് യഥാര്‍ഥ സ്ഥിതിയെന്ന് പിന്നീട് തെളിഞ്ഞു. കല്‍ക്കരിപ്പാട കുംഭകോണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തിലെ, തങ്ങള്‍ക്ക് അപ്രിയമുള്ള ചിലരെ ഡെപ്യൂട്ടേഷനിലും മറ്റുമായി സര്‍ക്കാര്‍ ടീമിനു പുറത്താക്കി. മറ്റുചിലരെ സ്ഥലംമാറ്റി പുറത്താക്കി. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേര്‍ വേണമെന്ന സിബിഐയുടെ ആവശ്യം നിരാകരിച്ചു. ഒടുവില്‍ സ്ഥലംമാറ്റത്തിലൂടെയോ ഡെപ്യൂട്ടേഷനിലൂടെയോ ടീമില്‍ ഇളക്കിപ്രതിഷ്ഠ വേണ്ടെന്ന് സുപ്രീംകോടതിക്കുതന്നെ കല്‍പ്പിക്കേണ്ടിവന്നു. അന്വേഷണടീമിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന് സുപ്രീംകോടതിക്കുതന്നെ ഉത്തരവിടേണ്ടിവന്നു.

അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് നേരിട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടതുതന്നെ സര്‍ക്കാരിലുള്ള അവിശ്വാസത്തിന്റെ പ്രകടനമായിരുന്നു. എന്നാല്‍, സിബിഐ തയ്യാറാക്കിയ അന്വേഷണത്തിന്റെ നില സംബന്ധിച്ച റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനികുമാര്‍ വാങ്ങി തിരുത്തുകയാണുണ്ടായത്. റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും വെട്ടിക്കളഞ്ഞു. ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിയമമന്ത്രി ഭേദഗതിപ്പെടുത്തിക്കൊടുത്ത റിപ്പോര്‍ട്ടുമായി സിബിഐക്ക് കോടതിമുമ്പാകെ ചെന്നുനില്‍ക്കേണ്ടിവന്നു. കോടതിയുടെ ശാസന ഏറ്റുവാങ്ങേണ്ടിവന്നു. ഇതിനുശേഷം ഒരു ഘട്ടത്തിലാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യാനുള്ള രേഖകള്‍ സിബിഐ സര്‍ക്കാര്‍ അഭിഭാഷകനെക്കൊണ്ട് തയ്യാറാക്കിച്ചത്. സിബിഐ രേഖകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കാണേണ്ടതല്ല എന്നുപറഞ്ഞ കോടതി സിബിഐ അഭിഭാഷകനെക്കൊണ്ടുതന്നെ രേഖകള്‍ ഫയല്‍ചെയ്യിക്കാന്‍ നിര്‍ദേശിച്ചു. ഇതും സര്‍ക്കാരിലുള്ള അവിശ്വാസത്തിന്റെ പ്രകടനമായി. ഇതിനിടെ, കല്‍ക്കരിപ്പാടകുംഭകോണം സംബന്ധിച്ച സിബിഐ അന്വേഷണസംഘത്തിന് സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഫയലുകള്‍ കൊടുക്കുന്നില്ലെന്ന നിലവന്നു. പരിശോധിക്കാന്‍ ഫയല്‍ നല്‍കണമെന്ന സിബിഐ ആവശ്യം അവര്‍ തള്ളിക്കളഞ്ഞു. പിന്നീട് ഫയലുകളെല്ലാം മോഷണംപോയി എന്നായി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈയടക്കിവച്ച് കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തം മുന്‍കൈപ്രകാരം വീതിച്ചപ്പോഴത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. ഇങ്ങനെ തുടര്‍ച്ചയായി ഭരണരാഷ്ട്രീയത്തിന്റെ സമ്മര്‍ദത്തിനുകീഴില്‍ കഴിയേണ്ടിവരുന്നു സിബിഐക്ക്. കേന്ദ്രത്തിലെ മുഖ്യഭരണകക്ഷിക്ക് ഒപ്പംനില്‍ക്കുന്നവരെ കുറ്റവിമുക്തരാക്കിയെടുക്കാനും എതിരുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളെ പ്രതികാരബുദ്ധിയോടെ കേസുകളില്‍ കുരുക്കി വലയ്ക്കാനും കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ഉപകരണമാക്കിയിരിക്കയാണ് സിബിഐയെ.

ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ്, ജയലളിത, എം കരുണാനിധി, മായാവതി തുടങ്ങിയവരെയൊക്കെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ അന്വേഷണം മന്ദീഭവിപ്പിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും കോണ്‍ഗ്രസിനെതിരാകുമ്പോള്‍ പ്രതിയാക്കി ശിക്ഷിപ്പിക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രം കണ്ടു. ഇത് തിരിച്ചറിഞ്ഞ ഒരു ഘട്ടത്തിലാണ് കേന്ദ്രഭരണകക്ഷിയുടെ താളത്തിന് തുള്ളലല്ല സിബിഐയുടെ പണി എന്ന് സുപ്രീംകോടതി സിബിഐ ഡയറക്ടറോടുതന്നെ നിശിതമായ ഭാഷയില്‍ പറഞ്ഞത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വേണം ഇതുവരെ ജനങ്ങളും കോടതിയും പറഞ്ഞിരുന്ന വിമര്‍ശം സിബിഐ സ്വയം വിമര്‍ശനരൂപത്തില്‍ത്തന്നെ ഏറ്റുപറയുന്നതിനെ കാണാന്‍. സിബിഐയ്ക്ക് അതിന്റെ ഭരണപരവും അന്വേഷണപരവുമായ ഓരോ ഘട്ടത്തിലും തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് ജസ്റ്റിസ് ആര്‍ എം ലോധയോട് സിബിഐ അഭിഭാഷകന്‍ പറഞ്ഞത് രാജ്യവും നീതിന്യായപീഠവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

അന്വേഷണറിപ്പോര്‍ട്ട് എന്ന പേരില്‍ സിബിഐ എഴുതിക്കൊണ്ടുവന്ന് കോടതിയില്‍ കൊടുക്കുന്നത് യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ടല്ല, മറിച്ച് കേന്ദ്രഭരണകക്ഷിയുടെ താല്‍പ്പര്യനിര്‍വഹണത്തിനായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടാണ് എന്നത് കോടതികള്‍ തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കുതന്നെ ആ റിപ്പോര്‍ട്ടുകളെ കോടതികള്‍ സമീപിക്കേണ്ടതുമുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ല എന്നുപറയുന്ന സിബിഐ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് ഈ സാഹചര്യത്തില്‍ ഏത് കോടതിക്ക് എന്തു വിശ്വാസ്യത കല്‍പ്പിക്കാനാകും. അക്കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളതുകൊണ്ടുതന്നെയാണ് സിബിഐയുടെ അഭിപ്രായത്തോട് യോജിച്ച് കല്‍ക്കരിപ്പാട കുംഭകോണ അന്വേഷണത്തില്‍ സിബിഐ ഡയറക്ടര്‍ക്ക് വകുപ്പുസെക്രട്ടറിയുടെ എക്സ്ഒഫിഷ്യോ അധികാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവായത്. വൈരനിര്യാതനത്തിനായുള്ള ഉപകരണമായി സിബിഐയെ മുഖ്യ കേന്ദ്രഭരണകക്ഷിയും അതിന്റെ സര്‍ക്കാരും ദുരുപയോഗിക്കുമ്പോള്‍ കോടതി മാത്രമാകുന്നു ഭരണാധികാരത്തിന്റെ വേട്ടയ്ക്കിരയാവുന്നവരുടെ ഏക ആശ്രയം. ഈ അവസ്ഥ കോടതികളുടെ ഉത്തരവാദിത്തം വീണ്ടും വര്‍ധിപ്പിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: