Wednesday, September 4, 2013

(അമേരിക്കയില്‍) തെരുവുവിളക്കുകള്‍ അണഞ്ഞു

അമേരിക്കയില്‍ പല പ്രദേശങ്ങളിലും തെരുവുവിളക്കുകള്‍ അണഞ്ഞു. വൈദ്യുതി ഇല്ലാത്തതുകൊണ്ടോ വിളക്കുകള്‍ക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ അല്ല വിളക്കുകള്‍ അണഞ്ഞത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തെരുവുവിളക്കുകള്‍ കത്തിച്ചതിന്റെ കാശ് അടയ്ക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് വിളക്കുകള്‍ തെളിയാത്തത്. മുതലാളിത്തം എത്തിച്ചേര്‍ന്ന ഗതികേടിന് ഇതിലും വലിയ തെളിവുകള്‍ വേണ്ടല്ലോ. വടക്കേ അമേരിക്കയിലെ പ്രധാനപട്ടണമാണ് ഡെട്രോയിറ്റ്. ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പറുദീസ, കാപിറ്റലിസത്തിന്റെ തലസ്ഥാനം എന്നുപോലും വിശേഷിപ്പിക്കാം. ഈ പ്രാദേശിക ഭരണകൂടം നിത്യചെലവിന് പോലും ഗതിയില്ലാതെ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. മഞ്ഞുകട്ട ഉരുകാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. പിന്നാലേ അമേരിക്കയിലെ മിക്കവാറും പ്രാദേശിക ഭരണകൂടങ്ങളും പാപ്പര്‍ ഹര്‍ജി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ സാധാരണ ജനങ്ങളും തൊഴിലാളികളും എങ്ങനെ ദിനങ്ങള്‍ പുലര്‍ത്തുന്നു എന്ന് സങ്കല്‍പിക്കുക. അത്രക്ക് ആഴത്തിലാണ് അവരുടെ ദൈന്യതകള്‍.

പെന്‍ഷന്‍ മനുഷ്യന്റെ അവകാശമാണ്. വാര്‍ധക്യകാലത്ത് അവശത അനുഭവിക്കുമ്പോള്‍ ഉപജീവനത്തിന് പര്യാപ്തമായ തുക നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എന്നാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യസുരക്ഷാപദ്ധതികളും ലോകമാകെ അട്ടിമറിക്കപ്പെടുകയാണ്. ചെലവുകള്‍ ചുരുക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന അന്താരാഷ്ട്ര നാണയ നിധി ആദ്യം തട്ടിപ്പറിക്കുന്നത് പെന്‍ഷന്‍ ഫണ്ടാണ്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും കര കയറാന്‍ സാധാരണ ജനങ്ങളുടെ അരിക്കാശും പെന്‍ഷനും വേണമത്രേ.

ഓട്ടോമൊബൈല്‍ വ്യവസായത്തിന് തഴച്ചു വളരാനുള്ള സാഹചര്യമായിരുന്നു ഡെട്രോയിറ്റില്‍. ഇരുപതാം നൂറ്റാണ്ടില്‍ നിരവധി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിച്ചു. പുതിയ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ഉല്‍പാദനം വര്‍ധിപ്പിച്ചു. സര്‍ക്കാരില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ വ്യവസായ ഉടമകള്‍ കൈപ്പറ്റി. ക്രമേണ ഉടമകള്‍ കൂടുതല്‍ ലാഭം ലഭ്യമാക്കി. കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് ഫാക്ടറികള്‍ മാറ്റാന്‍ തുടങ്ങി. മൂലധനം കൂടുതല്‍ കൂടുതല്‍ ലാഭം ലക്ഷ്യമാക്കി പ്രയാണം തുടരും എന്നത് എവിടെയും യാഥാര്‍ത്ഥ്യമാണ്.

മൂലധനത്തിന്റെ ലാഭം തേടിയുള്ള പ്രയാണത്തില്‍ തൊഴിലാളികളുടെ കൂലി വളരെ പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വന്‍നേട്ടം കൊയ്തതും മൂലധനനാഥന്മാര്‍ തന്നെയാണ്. മെച്ചപ്പെട്ട കൂലിയും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ തൊഴിലാളികള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ ഭരണകൂടം എന്നും ഉടമകള്‍ക്കൊപ്പം തന്നെയായിരുന്നു. നവലിബറല്‍ നയങ്ങള്‍ കടുത്ത ആക്രമണം തുടരുമ്പോള്‍ തൊഴിലാളികള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്.

പാപ്പര്‍ ഹര്‍ജി നല്‍കി കൈകഴുകാമെന്നാണ് ഭരണാധികാരികള്‍ വ്യാമോഹിക്കുന്നത്. ദുര്‍ഭരണം നടത്തി തങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ നിറക്കുന്ന ഭരണാധികാരികളെ വിചാരണ ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണം. തൊഴിലാളികളെയും സാധാരണ ജനങ്ങളെയും സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രതിസന്ധിക്ക് അവര്‍ ഉത്തരവാദികളല്ല. എന്നിട്ടും പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ അവരുടെ തലയിലാണ്. ഈ അനീതിക്കെതിരെയാണ് നാം പൊരുതേണ്ടത്.

അമേരിക്കയിലെ ആയിരക്കണക്കിന് മുനിസിപ്പാലിറ്റികള്‍ ഡെട്രോയിറ്റിന്റെ ചലനം നിരീക്ഷിക്കുകയാണ്. നവലിബറല്‍ നയങ്ങളും അന്താരാഷ്ട്രനാണയനിധിയുടെ 'വിദഗ്ധചികിത്സ' യുമാണ് ഭരണകൂടങ്ങളെ ആഴത്തിലുള്ള പ്രതിസന്ധികളിലേക്ക് തള്ളിവിട്ടത്. ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഈ ഭൂമിയില്‍ അന്തസോടെ പണിയെടുത്ത് ജീവിക്കാന്‍ നാം പൊരുതണം. പൊരുതി ജയിക്കണം. ഇല്ലെങ്കില്‍ തെരുവുവിളക്കുകള്‍ അണഞ്ഞുതന്നെ കിടക്കും. എല്ലാ വിളക്കുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.

*
കെ ജി സുധാകരന്‍ ജനയുഗം

No comments: