Sunday, September 22, 2013

ലോക (മുസ്‌ലിം) സുന്ദരി

മതം നിലനില്‍ക്കുന്നത് പ്രസ്തുത സ്ഥാപനത്തിന്റെ മെയ്‌വഴക്കം ഒന്നുകൊണ്ട് മാത്രമാണ്. ഏതൊരു കാലഘട്ടത്തിലും മതവിരുദ്ധമായ കാര്യങ്ങള്‍ക്കുവരെ മതപരമായ വ്യാഖ്യാനങ്ങള്‍ നല്‍കി സ്വന്തം ഇരിപ്പിടം മതങ്ങള്‍ ഉറപ്പിക്കും. കാരണം മതത്തിന്റെ നടത്തിപ്പുകാര്‍ക്ക് ആത്യന്തികമായി വേണ്ടത് അതാതു മതങ്ങളുടെ വിലപേശല്‍ ശക്തിയാണ്. അതുകൊണ്ട് തന്നെ ആരേയും, കുത്തിനിറച്ച് ഏതു നിയമവും തെറ്റിച്ച് ഓടി കീശവീര്‍പ്പിക്കുന്ന സമാന്തര സര്‍വീസുകാരെ പോലെയാണവ. ഇതിനിടയ്ക്ക് ബോധപൂര്‍വവും അല്ലാതെയുമുണ്ടാകുന്ന അപകടങ്ങളാണ് കലാപങ്ങളും വംശഹത്യകളും. മതത്തിന്റെ ഈയൊരു മനഃശാസ്ത്രം ഏറ്റവും മതവിരുദ്ധമായ സൗന്ദര്യമത്സരത്തെവരെ കടം കൊള്ളുന്നത് നാം പോയവാരം കണ്ടു. കടം കൊണ്ടത് മതയാഥാസ്ഥിതികത്വത്തിന് പേരുകേട്ട ഇസ്‌ലാമാകുമ്പോള്‍ മുന്‍പു പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

ഇന്തോനേഷ്യ ആയിരുന്നു വേദി. മിസ് മുഹമ്മദിയ എന്ന ലക്ഷണമൊത്ത മുസ്‌ലിം പെണ്‍കുട്ടിയെ തെരഞ്ഞെടുക്കാനാണ് മത്സരം നടത്തിയത്. ഖുറാന്‍ മനോഹരമായി ചൊല്ലാനുള്ള കഴിവും ഇസ്‌ലാമിക മതവിധിയനുസരിച്ച് വസ്ത്രധാരണം ചെയ്യാനും ജീവിക്കുവാനുമുള്ള മെയ്‌വഴക്കവുമാണ്  വിജയിയെ തെരഞ്ഞെടുക്കാനുപയോഗിച്ച മാനദണ്ഡങ്ങള്‍. ലോകത്തെമ്പാടുനിന്നുമുള്ള താത്തക്കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അവസാനം വിജയിച്ചത് ഒരു നൈജീരിയക്കാരിയാണ്.

സൗന്ദര്യ മത്സരങ്ങള്‍ എല്ലാ മതങ്ങള്‍ക്കും സ്ത്രീകളെ പ്രതിയുള്ള സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ്. ക്രിസ്ത്യന്‍, ജൂത, ബ്രാഹ്മണമതങ്ങളൊന്നും തന്നെ ഈ അഴകളവു മത്സരത്തെ അനുവദിക്കുന്നില്ല. മറിച്ച് മതങ്ങളില്‍ രണ്ടാംകിട പൗരന്മാരായി കരുതപ്പെടുന്ന സ്ത്രീകളെ മികച്ച വില്‍പ്പനച്ചരക്കാക്കിയവതരിപ്പിക്കുന്ന മുതലാളിത്ത മനഃശാസ്ത്രമാണ് സൗന്ദര്യ മത്സരം പങ്കുവെക്കുന്നത്. അതായത് മതങ്ങളുടെ സനാതനമെന്ന് അവര്‍ തന്നെ ഉദ്‌ഘോഷിക്കുന്ന തത്വങ്ങള്‍ക്കെതിര്. അപ്പോള്‍ അത്തരം ഒരു സങ്കല്‍പത്തെ കടുത്ത മതവാദികളുടെ സമൂഹം കടം കൊള്ളുന്നതില്‍ നിന്നും എന്ത് മനസിലാക്കണം?
~ഒരൊറ്റക്കാര്യമേ ഇവിടെ പ്രസക്തമാകുന്നുള്ളൂ. അതായത് മുസ്‌ലിം മതയാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകള്‍ തകര്‍ത്ത് ആധുനിക സമൂഹത്തില്‍ ലയിച്ചു ചേരാനുള്ള ഒരു വ്യഗ്രത മുസ്‌ലിം യുവജനങ്ങളില്‍ ശക്തിപ്പെടുന്നുണ്ട്. മുതലാളിത്തത്തിന്റെ നിര്‍മ്മിതികളായ ലിബറല്‍ ജനാധിപത്യത്തോടും മറ്റും ഇവര്‍ക്കിടയില്‍ താല്‍പര്യവും ഏറുന്നുണ്ട്. ഒപ്പം വിവരംകെട്ട കാക്കായ്മാര്‍ നടത്തുന്ന താലിബാന്‍  മോഡല്‍ മതതീവ്രവാദം തീര്‍ത്തും കാലഹരണപ്പെട്ട ഒരു മതസ്ഥാപനമെന്ന പേര് ഇസ്‌ലാമിന് ഇപ്പോള്‍ തന്നെ നേടിക്കൊടുത്തതായി കാണാം. മലാല സംഭവം ഇത്തരത്തില്‍ ഒന്നു മാത്രമാണ്. ഈയൊരു പ്രതിസന്ധിയെ ഒരവസരമാക്കി മാറ്റി തങ്ങളും ആധുനികരാണ് എന്നാല്‍ പടിഞ്ഞാറന്‍മാരല്ല എന്ന് പുരപ്പുറത്തുകയറി വിളിച്ചു പറയുവാന്‍ ചില ഇസ്‌ലാം മത നടത്തിപ്പുകാര്‍ കാണിക്കുന്ന ചെപ്പടിവിദ്യയായാണ് പ്രസ്തുത സൗന്ദര്യ മത്സരത്തെ കാണേണ്ടത്.

ഇവിടെ പ്രശ്‌നം സ്വയം ആധുനികരാണെന്നു വരുത്തി തീര്‍ക്കുവാന്‍ ഇവര്‍ കൈക്കൊണ്ട വിദ്യയാണ്. സൗന്ദര്യ മത്സരം എന്ന പേരിട്ടു വിളിച്ചാലും സൗന്ദര്യ മത്സരം തന്നെയാണ് ആത്യന്തികമായി സ്ത്രീയെ ഒരു ഉപഭോഗച്ചരക്കാക്കിക്കാണുന്ന മുതലാളിത്തത്തിന്റെ ഏറ്റവും മോശമായ പ്രവണതകളിലൊന്ന്. മറ്റൊന്നു ഫാസിസമാണ്. അത് താലിബാനായി ഇപ്പോള്‍ തന്നെ ഇസ്‌ലാമിലുണ്ട്. ഇനി സൗന്ദര്യ മത്സരം കൂടി വേണോ. അതേസമയം സ്ത്രീകള്‍ക്ക് തുല്യമായ അധികാരാവകാശങ്ങള്‍ നല്‍കുന്ന മുതലാളിത്തത്തിന്റെ പ്രബുദ്ധമായ ഒരു വശമുണ്ട്. അതൊന്നും സ്വന്തം സമുദായത്തിലേക്ക് പകര്‍ത്താന്‍ ഇവര്‍ക്കൊന്നും വലിയ താല്‍പര്യവുമില്ല. കാരണം അത്തരം ഒരു നീക്കം മതത്തിന്റെ മുഖമുദ്രയായ പുരുഷാധിപത്യത്തെ തന്നെയാവും ചോദ്യം ചെയ്യുക.

ഇനി ആധുനികമാണെങ്കില്‍ ഇസ്‌ലാം ചെയ്യേണ്ടത്, സ്വയം ഒരു വിലയിരുത്തല്‍ നടത്തി ശരിയ എന്ന കാലഹരണപ്പെട്ട മതനിയമത്തെ പുനര്‍ വ്യാഖ്യാനിക്കുകയാണ്. ഇതൊന്നും ചെയ്യാതെ പൊറാട്ടു നാടകങ്ങള്‍ കളിച്ച് ജനശ്രദ്ധ നേടിയിട്ടൊരു കാര്യവുമില്ല. ഫ്രാന്‍സിസ് പോപ്പ് പറഞ്ഞതുപോലെ മതനേതൃത്വം ശ്രമിക്കേണ്ടത് വിശ്വാസികളുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം

No comments: