Friday, September 6, 2013

സൗരയൂഥം കടന്ന് അനന്തതയിലേയ്ക്ക്

മഴപെയ്ത് മുറ്റമൊക്കെ വന്‍കടലായി മാറുമ്പോള്‍ ഒരു കടലാസ്സ് കപ്പല്‍ ഉണ്ടാക്കി ഒഴുക്കി വിടുന്ന കുട്ടിയെ ജി. ശങ്കരക്കുറുപ്പ് ഒരു ബാലകവിതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ കപ്പലില്‍ തന്റെ പേരു വലുതായി കുറിക്കുമെന്നും കപ്പല്‍ വെള്ളത്തില്‍ ആടിയുലഞ്ഞ് അന്യദേശങ്ങളിലെത്തുമ്പോള്‍ തന്റെ പേര്‍ എല്ലാവരും കാണുമെന്നും അതിലൂടെ തന്റെ നാടിന്റെ പ്രശസ്തി ലോകമെമ്പാടും പരക്കുമെന്നും കുട്ടി സ്വപ്നം കാണുന്നു. ഈ കുട്ടി ഇന്നത്തെ മനുഷ്യവംശത്തിന്റെ പ്രതീകമായി മാറുന്ന ദൃശ്യമാണ് ശാസ്ത്രലോകത്ത് കാണുന്നത്. വോയേജര്‍ എന്ന ബഹിരാകാശ പേടകമാണ് നിഷ്കളങ്കനായ ഒരു കുട്ടിയുടെ കടലാസ്സ് കപ്പല്‍പോലെ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒഴുകുന്നത് മഴവെള്ളത്തിലല്ല എന്നു മാത്രം. അനന്തമായ ബഹിരാകാശത്ത് കൂടിയാണ്. ഭൂമിയില്‍നിന്ന് തുടങ്ങിയ യാത്രയില്‍ സൗരയൂഥത്തിലെ വാതക ഭീമന്മാരായ വ്യാഴത്തെയും ശനിയേയും കുറിച്ച് പഠിക്കാനാണ് ആദ്യം നിയോഗിക്കപ്പെട്ടത്.

ശരിക്കും ഒന്നല്ല, രണ്ട് വോയേജര്‍ ഉണ്ട്. വോയേജര്‍ ഒന്നും രണ്ടും. വോയേജര്‍ കക ആണ് ആദ്യം വിക്ഷേപിച്ചത്. 1977 ആഗസ്റ്റില്‍. പിന്നീട് ഒരു മാസം പിന്നിട്ടപ്പോള്‍ സെപ്റ്റംബറില്‍ വോയേജര്‍ ക വിക്ഷേപിക്കപ്പെട്ടു. രണ്ടാമത് യാത്രയരംഭിച്ച വൊയെജര്‍ ക രണ്ടിനെ പിന്തള്ളി മുന്നില്‍കടന്നു. ഇപ്പോള്‍ സംഗതിയിങ്ങനെയാണ്: വോയേജര്‍ ക വ്യാഴവും ശനിയും പ്ലൂട്ടോയും പിന്നിട്ട് സൗരയൂഥാതിര്‍ത്തിക്ക് പുറത്തു കടന്നുവോ എന്ന് പല പ്രമുഖ ശാസ്ത്രജ്ഞരും സംശയിക്കുന്നു. ചിലര്‍ തറപ്പിച്ചു തന്നെ പറയുന്നു. വോയേജര്‍ സൗരയൂഥാതിര്‍ത്തിക്കപ്പുറമുള്ള കുയ്പര്‍ബെല്‍റ്റും കടന്ന് നക്ഷത്രാന്തര ലോകത്തേയ്ക്ക് കടന്നു കഴിഞ്ഞുവെന്ന്. മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്ര വിദഗ്ദ്ധനായ മര്‍ക് സ്വിസ്ഡക് പറയുന്നത് 2012 ജൂലൈ മാസത്തില്‍തന്നെ വോയേജര്‍ സൗരയൂഥാതിര്‍ത്തി കടന്നുവെന്നാണ്. അങ്ങനെ കടക്കുക അതിന്റെ ലക്ഷ്യം തന്നെയായിരുന്നു. എന്താണിതിന്റെ സവിശേഷതയെന്നല്ലേ? ഇപ്പോള്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മ്മിത വസ്തുവാണ് വൊയേജര്‍. അനന്തമായ നക്ഷത്രാന്തര ലോകത്തേയ്ക്ക് കടക്കുന്ന ആദ്യത്തെ മനുഷ്യനിര്‍മ്മിതവസ്തുവും ഇതു തന്നെ. ഭൂമിയില്‍ മനുഷ്യനെന്നൊരു ജീവിവര്‍ഗ്ഗം ജീവിച്ചിരിക്കുന്നതായി പ്രപഞ്ചത്തിന്റെ വിദൂരകോണിലെവിടെയെങ്കിലുമുണ്ടാകാനിടയുള്ള ജീവിവര്‍ഗ്ഗത്തിനുള്ള സന്ദേശമാണത്. ഈ പ്രപഞ്ചത്തില്‍ മനുഷ്യരായ നാം തനിച്ചാണോ അതോ മറ്റാരെങ്കിലും കൂടിയുണ്ടാവുമോ എന്ന ചോദ്യം കൂടി അതുന്നയിക്കുന്നു. മറ്റേതെങ്കിലും മനുഷ്യനിര്‍മ്മിത വസ്തു വോയേജറിനെ മറികടക്കാനും ഇനി സാദ്ധ്യതയില്ല. ശനിയുടെ പര്യവേക്ഷണത്തിനായി അയക്കപ്പെട്ടിരിക്കുന്ന ന്യൂ ഹൊറൈസോണ്‍പോലും ഇനി വൊയേജറെ മറികടക്കില്ല. അതിനേക്കാള്‍ കുറഞ്ഞ വേഗതയിലാണ് ന്യൂ ഹൊറൈസോണിന്റെ യാത്ര. 1960കളിലാണീ കഥ തുടങ്ങുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു ബൃഹത് ബഹിരാകാശ പര്യടനം നടത്തണം എന്ന ആശയത്തില്‍നിന്നാണതിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് നാസ (ചഅടഅ) 1970കളില്‍ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗുരുത്വാകര്‍ഷണ സഹായക സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി ഒരു ശൂന്യാകാശ പേടകത്തെ സൗരയൂഥത്തിന്റെ വിദൂര പ്രദേശങ്ങളില്‍ എത്തിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. അതായത് പേടകം കടന്ന് പോകുന്ന പാതയിലുള്ള ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ച് പേടകത്തിനു മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം നേടുക. ഗുരുത്വാകര്‍ഷണ സഹായക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകവഴി ഒരു പേടകത്തിന് ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ നാലു വാതകഭീമന്‍ഗ്രഹങ്ങളെയും സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നാസ ആവശ്യപ്പെട്ട അത്രയും പണം അനുവദിച്ച് നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. അങ്ങനെ പഠനം വ്യാഴത്തിലും ശനിയിലും മാത്രമായി ചുരുങ്ങി. വോയേജര്‍ കക യുറാനസിനേയും നെപ്ട്യൂണിനേയും കുറിച്ചും പഠിച്ചു. ആ ജോലി വോയേജര്‍ ഭംഗിയായി ചെയ്യുക തന്നെ ചെയ്തു.

1979 ല്‍ വ്യാഴത്തെക്കുറിച്ചും 1980ല്‍ ശനിയെക്കുറിച്ചും പേടകങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. യുറാനസിനേയും നെപ്ട്യൂണിനേയും കുറിച്ച് പഠിച്ച ഒരേയൊരു ബഹിരാകാശ പേടകം വോയേജര്‍ കക ആണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിലെ അഗ്നിപര്‍വ്വതങ്ങള്‍, യൂറോപ്പയുടെ മഞ്ഞു മൂടിയ പ്രതലത്തിനടിയിലെ സമുദ്രം, ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലെ മീഥൈല്‍ വര്‍ഷം, യുറാനസ്സിന്റെയും നെപ്ട്യൂണിന്റെയും കാന്തികമണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി പുതിയ അറിവുകളാണ് ഇവ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി ശേഖരിച്ചത്. പത്തു വര്‍ഷത്തേയ്ക്കായിരുന്നു പേടകങ്ങളുടെ ആയുസ്സ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്ത പേടകങ്ങള്‍ക്ക് പുതിയ ചുമതല നല്‍കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. അങ്ങനെ സൗരയൂഥാതിര്‍ത്തിയേയും അതിനപ്പുറത്തുള്ള നക്ഷത്രാന്തരമേഖലയേയും കുറിച്ച് പഠിക്കാനുള്ള പുതിയ ചുമതല പേടകങ്ങള്‍ക്ക് ലഭിച്ചു. 1980 ഡിസംബറില്‍ അതിനു പുതിയ ചുമതല നല്‍കപ്പെട്ടു. അതായത് 2013 സെപ്റ്റംബറില്‍ വോയേജറിനു 36 വയസ്സു തികയും. മുപ്പത്തിയാറ് വര്‍ഷത്തെ യാത്രയ്ക്കൊടുവിലാണ് പേടകങ്ങള്‍ അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. വോയേജര്‍ സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നോ ഇല്ലയോ എന്ന തര്‍ക്കമുണ്ടെങ്കിലും അത് അതിര്‍ത്തിയിലെത്തിയെന്നും അധികം താമസിയാതെ അതിര്‍ത്തി കടക്കുമെന്നുമുള്ള കാര്യം, പേടകം അതിര്‍ത്തി കടന്നിട്ടില്ല എന്ന് വാദിക്കുന്നവര്‍ സമ്മതിക്കുന്നു. സൗരയൂഥത്തിന്റെ അതിര്‍ത്തി എന്നു പറയുന്നത് സൗരവാതവും സൂര്യന്റെ കാന്തികമണ്ഡലവും അവസാനിക്കുന്ന ഇടത്തെയാണ്. ഇതിനെ സൗരയൂഥത്തെ പൊതിഞ്ഞിരിക്കുന്ന ഒരു ഭീമന്‍ കുമിളയായി സങ്കല്പിക്കാം. ഇതിനെ ഹീലിയോസ്ഫിയര്‍ എന്നാണു പറയുക. പ്ലൂട്ടോയുടെ ഭ്രമണപഥത്തെക്കാള്‍ മൂന്നു മടങ്ങു വിസ്തൃതിയുണ്ട് ഇതിന്. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ആസ്ട്രോയിഡുകളും വാല്‍നക്ഷത്രങ്ങളും എല്ലാം അടങ്ങുന്ന സൗരയൂഥം ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തിനു ചുറ്റുമുള്ള ചാര്‍ജിത കണങ്ങളുടെ വലയമാണു ഹീലിയോസ്ഫിയര്‍. ഇവിടത്തെ കാന്തികവലയവും നക്ഷത്രാന്തര മേഖലയുമായി ബന്ധപ്പെട്ട കാന്തികവലയവും പരസ്പരം തൊട്ടറിയുന്ന ഇടമാണു കാന്തിക ഹൈവേ. സൗരയൂഥ മേഖലയില്‍നിന്നു പുറത്തേക്കും നക്ഷത്രാന്തര മേഖലയില്‍നിന്ന് അകത്തേക്കും കടക്കാന്‍ ശ്രമിക്കുന്ന ചാര്‍ജ്ജിത കണങ്ങളാണു ഹൈവേയിലൂടെ പായുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഈ പാതയില്‍ പ്രവേശിച്ച പേടകം ഇപ്പോഴും സൗരയൂഥത്തിനുള്ളില്‍ത്തന്നെയാണെന്നും എപ്പോള്‍ വേണമെങ്കിലും അതിര്‍ത്തി കടക്കുമെന്നുമാണ്, പേടകം സൗരയൂഥാതിര്‍ത്തി കടന്നിട്ടില്ലെന്ന് വാദിക്കുന്നവരുടെ നിലപാട്. വോയേജര്‍ ഈ കാന്തികമണ്ഡലം മറികടന്നാല്‍ അത് ഭൂമിയിലിരുന്ന് മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ കടന്നതായി വ്യാഖ്യാനിക്കാവുന്ന ചില കാന്തിക സിഗ്നലുകള്‍ കിട്ടിയതാണ് ഇപ്പോഴത്തെ തര്‍ക്കത്തിനു കാരണം. പക്ഷേ ആ സിഗ്നലുകള്‍ വ്യക്തമല്ല എന്ന് ഒരു പക്ഷം കരുതുന്നു. വോയേജര്‍ ക ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1800 കോടി കിലോമീറ്റര്‍ അകലെയാണ്.ഹീലിയോസ്ഫിയറിന്റെ പുറംഭാഗത്തിനെ ഹീലിയോസ്ഹീത്ത് എന്നു പറയും. ഇതിനു തന്നെ മൂന്നോ നാലോ ബില്യന്‍ മൈല്‍ കനം കാണുമത്രെ. വോയേജര്‍ ഇത് കടന്നോ ഇല്ലയോ എന്ന് മാത്രമാണ് സംശയം. എന്നാല്‍ ഇതിനെല്ലാമപ്പുറത്ത് വോയേജര്‍ ചെയ്യാന്‍ പോകുന്ന മറ്റൊരു ദൗത്യമുണ്ട്. മനുഷ്യന്റെ സന്ദേശവും പേറിയാണ് വോയേജര്‍ സഞ്ചരിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ? അതു ആലങ്കാരികമായി പറഞ്ഞതല്ല. യഥാര്‍ത്ഥത്തില്‍ അത്തരമൊരു സന്ദേശവുമായിത്തന്നെയാണ് പേടകം സഞ്ചരിക്കുന്നത്. ബുദ്ധിയുള്ള അന്യഗ്രഹജീവികള്‍ എന്നെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷയില്‍ രണ്ടു വോയേജര്‍ ശൂന്യാകാശപേടകങ്ങളിലും ഓരോ സ്വര്‍ണ്ണ ഫലകങ്ങള്‍വീതം ഘടിപ്പിച്ചിരുന്നു. രണ്ടു ഫലകങ്ങളിലും ഭൂമിയുടെ വ്യത്യസ്ത പ്രദേശങ്ങളുടെ 118 ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജീവിവര്‍ഗ്ഗങ്ങള്‍, ശാസ്ത്രനിരീക്ഷണങ്ങള്‍, സംഭാഷണ രൂപത്തിലുള്ള അഭിവാദ്യങ്ങള്‍ എന്നിവ ചേര്‍ത്തിരിക്കുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍, യൂ എന്‍ സെക്രട്ടറി ജനറലായിരുന്ന ഡോ. കുള്‍ട്ട് വാള്‍ഡ് ഹൈം എന്നിവരുടെ അഭിവാദ്യ സന്ദേശങ്ങളാണുള്ളത്. കൂടാതെ പലതരം സംഭാഷണങ്ങള്‍, തിമിംഗലങ്ങളുടെ ശബ്ദം, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍, തിരമാലകളുടെ ആരവം, പലതരം സംഗീതങ്ങള്‍ തുടങ്ങി ഭൂമിയില്‍നിന്നുള്ള നാനാവിധമായ ശബ്ദങ്ങള്‍ എന്നിവയും ഈ ഫലകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അവയെല്ലാം ചേര്‍ന്ന വലിയ ഒരു സന്ദേശവുമായാണ് പേടകങ്ങളുടെ യാത്ര. പേടകത്തില്‍ എന്തെല്ലം ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ച സമിതിയുടെ ചെയര്‍മാന്‍ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന കാള്‍ സാഗനായിരുന്നു. പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുമ്പോള്‍ അതിന് സെക്കന്റില്‍ 17.46 കിലോ മീറ്റര്‍ വേഗതയുണ്ടായിരിക്കും. എത്രകാലം കൊണ്ട് പേടകം മറ്റൊരു നക്ഷത്രത്തിനു സമീപം എത്തുമെന്ന് പറയാനാവില്ല.

2025-2030 കാലമാകുമ്പോഴെയ്ക്കും അതിലെ എല്ലാ യന്ത്രങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കും. അതില്‍ പിന്നീട് അതിനു പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനുള്ള സ്രോതസ്സുകളൊന്നും ഉണ്ടാവില്ല. എന്നാലുമതില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും നശിക്കാതെ അവശേഷിക്കും. ഇനിയും അനേകായിരം വര്‍ഷങ്ങള്‍ വോയേജര്‍ മനുഷ്യസന്ദേശവും പേറി ആകാശത്തിന്റെ അനന്തതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കും. ഒരുപക്ഷേ, മനുഷ്യവംശം തന്നെ നശിച്ചാലും ഇങ്ങനെയൊരു ജീവിയും സംസ്കാരവും ഇത്രമേല്‍ മനോഹരമയ ഒരു ഗ്രഹത്തില്‍ നിലനിന്നിരുന്നു എന്ന് പ്രപഞ്ചത്തിലെവിടെയെങ്കിലും ഉണ്ടാകാനിടയുള്ള അന്യഗ്രഹവാസികളെ അറിയിക്കുവാന്‍. അതിനു മുമ്പ് വൊയേജര്‍ ഏതെങ്കിലും നക്ഷത്രത്തിന്റേയോ മറ്റേതെങ്കിലും ആകാശഗോളത്തിന്റേയോ ആകര്‍ഷണത്തില്‍പെട്ട് തകരുമോ? അറിയില്ല. എന്നാലും വോയേജര്‍ അനന്തതയുടെ അപാരതീരത്തെക്കുറിച്ച് നമ്മുടെ ഉള്ളില്‍ ആശ്ചര്യവും ആദരവും ഉണര്‍ത്തുന്നു.

*
ജോജി കൂട്ടുമ്മേല്‍ ചിന്ത വാരിക

No comments: