Saturday, September 7, 2013

കുട്ടികളെ അടിമകളാക്കുമ്പോള്‍

ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്തത് 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ്. അത്തരം ഒരു ജനാധിപത്യ ഫെഡറല്‍ രാജ്യമായി 66 വര്‍ഷം പിന്നിടുമ്പോഴും നമ്മുടെ കുട്ടികളില്‍ വലിയൊരു ശതമാനവും സ്കൂളില്‍ പോയി പഠിക്കുന്നില്ലെന്നു മാത്രമല്ല, അവരെക്കൊണ്ട് ബാലവേല ചെയ്യിക്കുകയുമാണ്. 2011 ലെ സെന്‍സസ് പ്രകാരം 121.66 കോടി ജനസംഖ്യയുള്ള രാജ്യത്ത് 32 കോടിയോളം ജനങ്ങള്‍ എഴുത്തും വായനയും അറിയാത്തവരാണ്.

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് കൂടുതല്‍കാലവും രാജ്യം ഭരിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവ വാഗ്ദാനംചെയ്താണ് കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പും നേരിട്ടത്. എന്നാല്‍, അധികാരത്തില്‍ എത്തിയശേഷം വാഗ്ദാനങ്ങളെല്ലാം മറന്ന ചരിത്രംമാത്രമേ ആ പാര്‍ടിക്കുള്ളൂ. 2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യപുരോഗതിക്കായുള്ള ആസൂത്രണം എങ്ങനെ ആവണമെന്ന ആലോചന വന്നപ്പോള്‍, ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടത് സ്വാതന്ത്ര്യം കിട്ടി 57 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിത പശ്ചാത്തലവും സാമ്പത്തികസ്ഥിതിയും പഠിച്ചുവേണം ആസൂത്രണത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് എന്നാണ്. ആ അഭിപ്രായം യുപിഎ ഐകകണ്ഠ്യേന അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുന്‍സെന്‍ ഗുപ്ത ചെയര്‍മാനായി ഒരു കമ്മിറ്റിയെ നിശ്ചയിച്ചു. ആ കമ്മിറ്റി പഠനം നടത്തി അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 121 കോടി ജനങ്ങളില്‍ 86 കോടിയുടെയും ഒരു ദിവസത്തെ ശരാശരിവരുമാനം 20 രൂപയില്‍ താഴെയാണ്.

ആ ഘട്ടത്തിലാണ് ഐഎല്‍ഒ നടത്തിയ പഠനത്തില്‍, ഏറ്റവും കൂടുതല്‍ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് വെളിവാക്കിയത്. പടക്ക നിര്‍മാണം, തീപ്പെട്ടി വ്യവസായം, കാര്‍പ്പെറ്റ് നിര്‍മാണം, ഗ്ലാസ് ഫാക്ടറി, കരിങ്കല്‍-ചെങ്കല്‍ ക്വാറി, ഹോട്ടലുകള്‍, കപ്പല്‍ ജോലി, ഖനി, കൈത്തറി, പവര്‍ലൂം, ബീഡി തുടങ്ങി നിരവധി മേഖലകളില്‍ ബാലവേല ചെയ്യിക്കുന്നതായി കാണാം. ബാലവേലയ്ക്കെതിരെയുള്ള നിയമനിര്‍മാണങ്ങളെല്ലാം ജലരേഖയായി മാറി. പട്ടിണിക്കൂലി കൊടുത്ത്, ഒരു സുരക്ഷയുമില്ലാതെ ലാഭംമാത്രം മുന്നില്‍ക്കണ്ടാണ് കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. 2013 ആഗസ്തിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പി കരുണാകരന്‍ എംപിയുടെ ചോദ്യത്തിന് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ മറുപടി, ഇന്ത്യയില്‍ 49.84 ലക്ഷം കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്. യഥാര്‍ഥത്തില്‍ പാര്‍ലമെന്റില്‍ ഔദ്യോഗികമായി പറഞ്ഞതിലും പതിന്മടങ്ങ് കുട്ടികള്‍ ജോലിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് മൂലമുള്ള മരണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 1.11 കോടി കുട്ടികള്‍ സ്കൂളില്‍ പോകാത്തവരായുണ്ട്. രണ്ടാംക്ലാസ് പഠനത്തോടെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ലോകത്ത് ആകെ ഭാരക്കുറവുള്ള കുട്ടികളില്‍ 42 ശതമാനവും ഇന്ത്യയിലാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ആറിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 58 ശതമാനവും, 10നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 76 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണെന്ന് കണ്ടെത്തി. ഇന്ത്യയില്‍ ഒരു കോടിയിലധികം കുട്ടികള്‍ തൊഴിലെടുക്കുന്നവരായി കണക്കാക്കിയിരിക്കുന്നു. 60 ലക്ഷത്തിലധികം ആണ്‍കുട്ടികളും 40 ലക്ഷത്തിലേറെ പെണ്‍കുട്ടികളും. അടുത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍മാത്രം മൂന്നുലക്ഷം കുട്ടികള്‍ കാര്‍പ്പെറ്റ് മേഖലയിലും 3000 കുട്ടികള്‍ സില്‍ക്ക് നെയ്ത്തിലും ജോലിചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ കാര്‍പ്പെറ്റ്, ഇഷ്ടിക, ബീഡി, സില്‍ക്ക് നെയ്ത്തു മേഖലയില്‍ ഒരു ലക്ഷത്തില്‍പ്പരം കുട്ടികള്‍ ജോലിചെയ്യുന്നു. ആന്ധ്രയില്‍ പരുത്തി ഉല്‍പ്പാദന രംഗത്തും ഫാമിലും എത്രയോ ബാലികമാര്‍ ജോലിചെയ്യുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളിലും വീട്ടുജോലിക്കും കുട്ടികളെ പണയപ്പെടുത്തി രക്ഷിതാക്കള്‍ കൂലിവാങ്ങുന്ന ദയനീയസ്ഥിതിയും ഇന്ത്യയിലുണ്ട്. ഐഎല്‍ഒയുടെ കണക്കുപ്രകാരം 20 ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ബംഗ്ലാദേശില്‍നിന്നും നേപ്പാളില്‍നിന്നും പെണ്‍കുട്ടികളെ ബാലവേശ്യാവൃത്തിക്കായി ഇന്ത്യയില്‍ എത്തിക്കുന്നതായും പറയുന്നു. ബാലവേലയ്ക്കെതിരെ നിരവധി നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ബാലവേല നിരോധിച്ചുളള നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ കൊണ്ടുവന്നിട്ടുണ്ട്. 1939 ലെ ചില്‍ഡ്രണ്‍- പ്രിവന്റിങ് ഓഫ് ലേബര്‍ ആക്ട് കുട്ടികളെ പണയപ്പെടുത്തി രക്ഷിതാക്കള്‍ പണം വാങ്ങുന്നത് നിരോധിച്ചുള്ള നിയമമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം 1951ല്‍ തോട്ടംമേഖലയിലും കപ്പലിലും കുട്ടികളെ ജോലി ചെയ്യിക്കുന്നത് നിരോധിച്ച് നിയമം പാസാക്കി. 1952ല്‍ ഖനികളില്‍ കുട്ടികളെ ജോലിചെയ്യിക്കുന്നത് നിരോധിച്ചും 1961ല്‍ മോട്ടോര്‍ വാഹനങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും ബാലവേല ചെയ്യിക്കുന്നത് നിരോധിച്ചുമുള്ള നിയമങ്ങള്‍ നിലവില്‍ വന്നു. 1961 ലെ അപ്രന്റീസ് നിയമപ്രകാരം 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കാന്‍ പാടില്ല. 1966ലെ ബീഡി, സിഗററ്റ് വര്‍ക്ക്ഷോപ്പ് നിയമപ്രകാരം കുട്ടികളെ ജോലിചെയ്യിക്കാന്‍ പാടില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നു.

1976ല്‍ നിലവില്‍ വന്ന അടിമപ്പണി നിരോധിച്ചുള്ള ബോണ്ടഡ് ലേബര്‍ സിസ്റ്റം അബോളിഷന്‍ ആക്ടില്‍ അടിമപ്പണി ചെയ്യിക്കുന്നവര്‍ക്ക് പിഴയും തടവും അനുശാസിക്കുന്നു. 1988 ല്‍ ബാലവേല നിരോധിക്കുന്ന എംപ്ലോയ്മെന്റ് ഓഫ് ചൈല്‍ഡ് ആക്ടും, 1993 ല്‍ ബാലവേല നിയന്ത്രണവും നിരോധനവും ഉറപ്പാക്കുന്ന നിയമവും നിലവില്‍ വന്നു. ഫാക്ടറി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ജോലിചെയ്യിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്രയധികം നിയമങ്ങള്‍ നിലവിലുള്ള രാജ്യത്താണ് ഒരു കോടിയിലധികം കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത്. ആഗോളവല്‍ക്കരണാനന്തര ഘട്ടത്തില്‍ കൂലിവേലക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിങ്ങനെ തൊഴിലാളികളെ വിഭജിച്ചു. ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത സേവനവേതന വ്യവസ്ഥകള്‍ ബാധകമാകാത്ത കോടിക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. രൂക്ഷമായ വിലക്കയറ്റം തൊഴിലാളികളുടെ ജീവിതത്തെയാകെ താളംതെറ്റിച്ചു. കുട്ടികളെ തൊഴിലാളികളാക്കി അടിമവേലക്കാരായി തൊഴിലാളിവര്‍ഗത്തെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

*
അരക്കന്‍ ബാലന്‍

No comments: