Tuesday, September 3, 2013

ജനാധിപത്യം ഇനിയുമകലെ

പിരമിഡുകളുടെ നാട്ടില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാകുകയാണ്. നാടിനെയും നാട്ടാരെയും മറന്നുള്ള ഭരണങ്ങളാണ് ഈജിപ്തിനെ അസ്ഥിരമാക്കുന്നത്. സൈന്യവും മുതലാളിത്തവും ശക്തി പ്രാപിക്കുകയും സാധാരണക്കാരെ അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ ജനാധിപത്യം സാമ്രാജ്യത്വത്തിനടിമപ്പെടുകയാണ്. ജനകീയസമരത്തെ അമേരിക്കന്‍ അനുകൂല സൈന്യം ഹൈജാക്ക് ചെയ്തതോടെ പൊതുജനവും അവരുടെ സമരവും എങ്ങുമെത്താതെ പോയി. മുബാറക്കിന്റെ ഭരണത്തിനെതിരെ വന്ന ജനകീയസമരത്തെ മതതീവ്രസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമുന്‍) ഹൈജാക്ക് ചെയ്തു. ഇപ്പോള്‍ ബ്രദര്‍ഹുഡിനെതിരെ ഉയര്‍ന്ന സമരത്തെയാകട്ടെ, സൈന്യവും ഹൈജാക്ക് ചെയ്തു. ഇവിടെ അമേരിക്കയുടെ തന്ത്രങ്ങള്‍ താല്‍ക്കാലികമായി വിജയം കാണുകയാണ്. ജനങ്ങളാകട്ടെ കടുത്ത നിരാശയിലും.

1952ലെ വിപ്ലവംതൊട്ട് തുടങ്ങിയതാണ് ഈജിപ്തിലെ അട്ടിമറികള്‍. അന്ന് ഉദ്യോഗസ്ഥരുടെ വിപ്ലവത്തെ തുടര്‍ന്ന് ഫാറൂഖ് രാജാവ് സ്ഥാനഭ്രഷ്ടനായി. പിന്നീട് പട്ടാളത്തിന്റെ സഹായത്തോടെ മുഹമ്മദ് നജീബ് വന്നു. 1954ല്‍ അദ്ദേഹത്തെ പുറത്താക്കി ജമാല്‍ അബ്ദുന്നാസര്‍ ഭരണമേറ്റെടുത്തു. നാസര്‍ റഷ്യന്‍ സഹായത്തോടെ നിരവധി പരിഷ്കാരം നടപ്പാക്കി. സാമ്രാജ്യത്വ സ്വാധീനങ്ങളെ ചെറുത്തു. സൂയസ് കനാല്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍നിന്ന് ദേശസാല്‍ക്കരിച്ചു. 1960ല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് അന്‍വര്‍സാദത്ത് ഭരണമേറ്റെടുത്തതോടെ ഈജിപ്ത് സാമ്രാജ്യത്വശക്തികളുടെ താവളമായി. റഷ്യന്‍ പ്രതിനിധികളെ സാദത്ത് പുറത്താക്കി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. അതോടെ ഈജിപ്തില്‍നിന്ന് പിന്മാറിയിരുന്ന അമേരിക്കന്‍ ബ്രിട്ടീഷ് സൈന്യങ്ങള്‍ വീണ്ടും സ്ഥാനമുറപ്പിച്ചു. അമേരിക്കയുടെ പഞ്ചാരവാക്കുകളില്‍ മയങ്ങി ഈജിപ്ത് ഇസ്രയേലിനെ ആക്രമിച്ചു. ആ കണക്കില്‍ കുറെ പഴയ ആയുധങ്ങള്‍ ഈജിപ്തിനെ കൊണ്ട് വാങ്ങിപ്പിച്ചു. ഇസ്രയേലിന് സൗജന്യമായി ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധത്തില്‍ ഈജിപ്ത് അമ്പേ പരാജയപ്പെട്ടെന്ന് മാത്രമല്ല, കൂടുതല്‍ സ്ഥലം ഇസ്രയേലിന്റെ കൈയിലാകുകയും ചെയ്തു. ഇസ്രയേല്‍ ഭീഷണി മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. അതോടെ അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. അറബിപ്പണം അമേരിക്കയിലേക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള സാദത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും അമേരിക്ക ബ്രദര്‍ ഹുഡിനെ വഴിവിട്ടു സഹായിച്ചുകൊണ്ടിരുന്നു. ഇസ്ലാമിനെ ഉപയോഗപ്പെടുത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇഖ്വാന്‍ എന്ന ബ്രദര്‍ഹുഡ്. ഇഖ്വാന്‍ ഇസ്ലാമിന്റെ പേരുപറഞ്ഞ് നാട്ടിലെങ്ങും അരാജകത്വം വിതച്ചു. അതോടെ ഇസ്രയേലിന് ഈജിപ്ത് ഒരു ഭീഷണിയല്ലാതായി.

1997ല്‍ സാദത്ത് അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹുസ്നി മുബാറക് അധികാരത്തിലേറി. ഒരുഭാഗത്ത് അമേരിക്ക മുബാറക്കിനെ പിന്തുണയ്ക്കുകയും മറുഭാഗത്ത് ഇഖ്വാന് ആയുധങ്ങളെത്തിച്ച് അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഇഖ്വാനെതിരെ ശക്തമായ നിലപാടെടുത്ത മുബാറക്കിനെതിരെ പലതവണ അട്ടിമറി ശ്രമം നടന്നെങ്കിലും അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചുതവണയെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു. മുബാറക് എകാധിപത്യത്തിലേക്ക് നീങ്ങുകയും രാജ്യത്ത് തൊഴിലില്ലായ്മ, അഴിമതി, ഭക്ഷണക്ഷാമം എന്നിവ രൂക്ഷമാകുകയും ചെയ്തതോടെ അദ്ദേഹത്തിനെതിരെ ജനരോഷം ആളിക്കത്തി. രോഷം ഭയന്ന് അദ്ദേഹം രാജിവച്ച് നാടുവിട്ടു. ജനങ്ങള്‍ക്കാകട്ടെ, വ്യക്തമായ പ്രതിരോധ മുന്നണിയുണ്ടായിരുന്നില്ല. ഇസ്ലാമിസ്റ്റുകളായ ഇഖ്വാന്‍ ഈ അവസരം മുതലെടുത്ത് രാഷ്ട്രീയ പാര്‍ടിക്ക് രൂപംനല്‍കി; ജസ്റ്റിസ് ആന്‍ഡ് ഫ്രീഡം പാര്‍ടി എന്ന പേരില്‍. അതിന്റെ ബാനറില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. കേവല ഭൂരിപക്ഷത്തോടെ പ്രസിഡന്റായി വന്ന മുഹമ്മദ് മുര്‍സി ഇഖ്വാന്റെ പ്രതിനിധിയായിരുന്നു. മുര്‍സി പുരോഗമനം പ്രസംഗിച്ചെങ്കിലും മെല്ലെമെല്ലെ ഇഖ്വാന്റെ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി. ഭരണഘടന മാറ്റിയെഴുതാനും തീരുമാനിച്ചു. നാടിന്റെ വികസനത്തിനുള്ള അജന്‍ഡയൊന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. മുര്‍സിയില്‍ ജനം പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും ഭരണം ലഭിച്ചശേഷം അദ്ദേഹം ജനക്ഷേമം മറക്കുകയായിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങിയതും മുര്‍സിക്കെതിരെ കലാപം ആരംഭിച്ചതും അതുകൊണ്ടാണ്. ഇസ്രയേലിനെതിരെ ഗിരിഘോഷം നടത്തിയെങ്കിലും സിറിയന്‍വിഷയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം നില്‍ക്കുകയാണ് മുര്‍സി ചെയ്തത്. സിറിയയില്‍ അരാജകത്വം സൃഷ്ടിക്കുന്ന വിമതര്‍ക്ക് സര്‍വ പിന്തുണയും മുര്‍സി നല്‍കി. ഇസ്രയേലിന് ഭീഷണി ഉയര്‍ത്തുന്ന സിറിയയെ അസ്ഥിരമാക്കുന്ന അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് ഇഖ്വാന്റെ കൂടി ലക്ഷ്യമാണ്. മുര്‍സി ജനങ്ങള്‍ക്ക് എതിരായപ്പോള്‍ കലാപം നയിച്ചത് മുമ്പ് മുര്‍സിയെ പിന്തുണച്ചവര്‍ തന്നെയാണ്. മുര്‍സിയെ ജനങ്ങള്‍ താഴെയിറക്കുമെന്നായപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ പട്ടാളത്തെ ഇറക്കി പ്രക്ഷോഭം ഹൈജാക്ക് ചെയ്യുകയാണ് ചെയ്തത്. അതോടെ നേതൃത്വം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു.

ഇസ്രയേലിന്റെ അയല്‍രാജ്യങ്ങളായ സിറിയയെയും ഈജിപ്തിനെയും അസ്ഥിരമാക്കുക എന്ന പദ്ധതിയാണ് അമേരിക്കയുടേത്. മുമ്പ് മുബാറക്കിനെ താഴെയിറക്കാന്‍ അമേരിക്ക പണമിറക്കിയിരുന്നു. ഇപ്പോള്‍ മുര്‍സിയെ താഴെയിറക്കാനും അമേരിക്ക തന്നെ മുന്നില്‍. ഇനി തെരഞ്ഞെടുപ്പുണ്ടാകും. അത് പട്ടാളത്തിന്റെ നേതൃത്വത്തിലാകും. അങ്ങനെ പട്ടാളത്തിന്റെ പിന്തുണയോടെ പുതിയ ഭരണം വരും. അത്തരമൊരു അവസ്ഥയില്‍ ജനാധിപത്യവും ഹൈജാക്ക് ചെയ്യപ്പെടുകയേ ഉള്ളൂ. ഈജിപ്ഷ്യന്‍ പട്ടാളം അമേരിക്കയുടെ പൂര്‍ണനിയന്ത്രണത്തിലാണ്. അടുത്ത ഭരണത്തെ കുറച്ചുകാലം അമേരിക്ക പിന്തുണച്ചെന്ന് വരും. പിന്നെ അവരെയും താഴെയിറക്കും. ജനകീയകലാപങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക സൈനികസഹായം നല്‍കുന്ന രണ്ടാമത്തെ രാജ്യം ഈജിപ്താണെന്ന വിരോധാഭാസംകൂടി കാണണം. ഇറാഖിലും സിറിയയിലും ചെയ്തതുപോലെ ഈജിപ്തിലും നാശം വിതച്ച് ഇസ്രയേലിന്റെ സംരക്ഷണത്തിന് വഴിയൊരുക്കുകയാണ് അമേരിക്കയെന്ന്് ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (അല്‍ ഹിസ്ബു ശ്ശുയൂഇല്‍ മിസ്രി) വിലയിരുത്തുന്നു. ഈജിപ്തില്‍ നിലനിന്ന സാംസ്കാരിക ഐക്യം നശിപ്പിച്ച് അവിടെ മതസ്പര്‍ധയുണ്ടാക്കാന്‍ മുര്‍സിയും ബ്രദര്‍ഹുഡും ശ്രമിക്കുന്നെന്നും പാര്‍ടി പ്രസ്താവിക്കുന്നു. ചരിത്രത്തിലാദ്യമായി സെന്റ് മാര്‍ക്സസ് കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടതും ഷിയാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതും ഇതിന് തെളിവാണ്. ഒരു ഡസനിലധികം ചര്‍ച്ച് ഇഖ്വാന്‍ കലാപകാരികള്‍ തകര്‍ത്തു. മുര്‍സിക്കെതിരെയുള്ള വിപ്ലവം മുബാറക്കിനെതിരെയുള്ള വിപ്ലവത്തിന്റെ രണ്ടാംഘട്ടമെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി പറയുന്നത്. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കും ഷിയാക്കള്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നവിധം രൂപപ്പെടുത്തിയ പഴയ ഭരണഘടനയില്‍ മുര്‍സി നടത്തിയ മാറ്റം റദ്ദാക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയവാദികളും വിപ്ലവസംഘടനകളും ഇതേ ആവശ്യമുന്നയിച്ചതാണ്. ശരിഅത്തിന്റെ മറവില്‍ ഇഖ്വാന്‍ ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഹസ്രത് ഉമറിന്റെ കാലംതൊട്ട് ഇസ്ലാമിക സംസ്കാരം കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നല്‍കിയ സംരക്ഷണം ഇഖ്വാന്‍ ഇല്ലാതാക്കുകയാണ്. എന്നിട്ടും ഇഖ്വാനെതിരെയുള്ള നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് അമേരിക്ക ഇപ്പോള്‍ സൈനിക സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഏഴാം നൂറ്റാണ്ടുമുതല്‍ അറബികളുടെ സംരക്ഷണത്തിലാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. റോമക്കാരുടെ ശത്രുതയില്‍നിന്ന് രക്ഷ നല്‍കിയതിനാലാണ് കോപ്റ്റുകള്‍ അറബികളുമായി ചേര്‍ന്നത്. അന്നുമുതല്‍ ഇന്നേവരെ അവരുടെ വിശ്വാസവും ചര്‍ച്ചുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇഖ്വാന്റെ ആവിര്‍ഭാവത്തോടെയാണ് അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതായത്. ഇവര്‍ തന്നെയാണ് ഈജിപ്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതും. ഇതൊന്നും തങ്ങളുടെ വകയല്ലെന്ന് സ്ഥാപിക്കാനും ഇഖ്വാന്‍ പാടുപെടുന്നുണ്ട്.

പലയിടത്തും മുസ്ലിം പുണ്യകേന്ദ്രങ്ങള്‍ക്കെതിരെയും സൂഫീദര്‍ഗകള്‍ക്കെതിരെയും ആക്രമണം പതിവായിട്ടുണ്ട്. ഇതിനു പിന്നില്‍ സലഫികളാണെന്ന പ്രചാരണവും നിലവിലുണ്ട്. ഇഖ്വാന്‍ കഴിഞ്ഞാല്‍ സലഫികളുടെ നൂര്‍ പാര്‍ടിക്കാണ് സ്വാധീനം. മുര്‍സിയെ താഴെയിറക്കാനുള്ള ജനകീയ സമരം വിജയിക്കാനിരിക്കെയാണ് സൈനിക ഇടപെടലുണ്ടായതും മുര്‍സിയെ മാറ്റുന്നതും. ജനകീയ സമരം അതോടെ വഴിത്തിരിവിലായി. വിജയം സൈന്യം ഹൈജാക്ക് ചെയ്തതോടെ വിപ്ലവത്തിന്റെ ഗതി മാറി. വിപ്ലവ ഗ്രൂപ്പുകളും തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്. വിപ്ലവ സോഷ്യലിസ്റ്റുകള്‍ ഇറക്കിയ ലഘുലേഖയില്‍ മുര്‍സിയെ പോലെതന്നെ ഉപദ്രവകാരിയാണ് സൈനിക സര്‍ക്കാരുമെന്ന് ഊന്നിപ്പറയുന്നുണ്ട്.

അതേസമയം, പട്ടാളമില്ലാതെ സമരം വിജയിപ്പിച്ചെടുക്കാന്‍ പ്രയാസമാകുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. എന്തായാലും സൈനികഭരണം താല്‍ക്കാലിക വിജയമുണ്ടാക്കിയേക്കും. അതുപക്ഷേ, ജനകീയ വിപ്ലവത്തിന് പകരമാകില്ല. സൈന്യത്തിനും ഇഖ്വാനുമെതിരെ എങ്ങനെ കൂട്ടായ്മ ഉണ്ടാക്കാമെന്നാണ് മതനിരപേക്ഷവാദികളും സോഷ്യലിസ്റ്റുകളും ചിന്തിക്കുന്നത്. ഇഖ്വാനെതിരെ ശക്തമായ നീക്കം നടത്തിയ പട്ടാളം അമേരിക്കന്‍ സമ്മര്‍ദം മൂലം അതില്‍ അയവുവരുത്തിയേക്കും. ഇഖ്വാന്‍ അനുകൂല മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കവും അവസാനിപ്പിച്ചേക്കും. എന്നാല്‍, ജനാധിപത്യം യഥാവിധി സ്ഥാപിച്ചെടുക്കാന്‍ ഈജിപ്ഷ്യന്‍ ജനത ഇനിയും രക്തമൊഴുക്കണം. അതേസമയം, ഈജിപ്തിലെ സ്ഥിതിഗതി എങ്ങനെയൊക്കെ സങ്കീര്‍ണമാക്കാമെന്ന് വൈറ്റ്ഹൗസ് ആലോചിച്ചുകൊണ്ടിരിക്കയാണ്.

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി 03 സെപ്തംബര്‍ 2013

No comments: