Sunday, September 29, 2013

ഈ അച്ഛനാണ് സത്യം

അഹമ്മദാബാദിനും നൂറനാടിനുമിടയിലുള്ള ദൂരം മണലാടിതെക്കതില്‍ ഗോപിനാഥപിള്ളയ്ക്ക് പോയിന്റ് ബ്ലാങ്കില്‍ ഒരു വെടിയുണ്ട തന്റെ മകന്‍ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ഗുലാം ഷേഖിന്റെ നെഞ്ചിലേക്ക് സഞ്ചരിച്ച ചെറുദൂരംമാത്രമാണ്. പക്ഷേ, മകനെ തീവ്രവാദിയെന്നു മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊലപ്പെടുത്തിയ വര്‍ഗീയഭരണകൂടത്തിനെതിരായ നിയമപോരാട്ടവുമായി നൂറനാട്ടുനിന്ന് എഴുപത്തിരണ്ടുകാരനായ അദ്ദേഹം സഞ്ചരിച്ച ദൂരം ചെറുതല്ല.

ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദപ്രകടനങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ സാമുദായിക സൗഹാര്‍ദം വീണ്ടെടുക്കാന്‍ പ്രാര്‍ഥനായോഗങ്ങളില്‍നമുഴുകിയ മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍, രാജ്യത്തിന്റെ തെക്കേയറ്റത്ത് ആലപ്പുഴ ജില്ലയില്‍നിന്നുള്ള ഒരു സാധാരണകര്‍ഷകന്‍ തുടങ്ങിവച്ച പോരാട്ടം ഇന്ന് മനുഷ്യസ്നേഹികള്‍ പലരും അണിചേര്‍ന്ന് ശക്തിപ്രാപിച്ചിരിക്കുന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠംതന്നെ നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം 18 സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി ഒരു ജഡ്ജിയെത്തന്നെ ചുമതലപ്പെടുത്തി.

പ്രാണേഷ്കുമാറിന്റെയും ഇസ്രത് ജഹാന്റെയും കൊലപാതകം സിബിഐതന്നെ അന്വേഷിക്കുകയാണ്. നരേന്ദ്രമോഡി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. വ്യാജ ഏറ്റുമുട്ടലുകളുടെ നടത്തിപ്പുകാരനായി കുപ്രസിദ്ധി നേടിയ പൊലീസുദ്യോഗസ്ഥന്‍ വന്‍സാരയുള്‍പ്പെടെ നിരവധിപേര്‍ അഴികള്‍ക്കുള്ളിലാണ്. ഗോപിനാഥപിള്ള എന്ന അച്ഛന്‍ പുണെ ഗോപിനാഥപിള്ളയുടെ രണ്ടാം വീടാണ്. അമ്പതുകളുടെ ഒടുവില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി പരീക്ഷയില്‍ തോറ്റ് നാടുവിട്ടാണ് പിള്ള പുണെയിലെത്തുന്നത്. അമ്മയുടെ മാല പണയംവച്ച് പതിവുശൈലിയില്‍ ഒരു കത്തുമെഴുതിവച്ചിട്ടൊരു മുങ്ങല്‍. അവിടെയുള്ള ബന്ധുവിന്റെ സഹായത്തോടെ ഒരു ജോലി തരപ്പെടുത്താമെന്നായിരുന്നു ചിന്ത. പക്ഷേ, പിള്ളയ്ക്കുമുമ്പേ അദ്ദേഹത്തിന്റെ അച്ഛന്റെ നിര്‍ദേശം ബന്ധുവിന് കിട്ടിക്കഴിഞ്ഞിരുന്നു. ജോലിയൊന്നും വാങ്ങിക്കൊടുക്കരുത്. പഠിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് സഹായം ചെയ്തുകൊടുക്കണം.

പിള്ളയുടെ അച്ഛന്‍ പ്രതാപിയാണ്. അടൂര്‍ തട്ടയിലാണ് അച്ഛന്റെ കുടുംബമായ ഇടയിരേത്ത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ കരയോഗം രൂപീകരിക്കുന്നത് ഈ തറവാടിന്റെ വരാന്തയിലാണ്. മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെ പങ്കെടുത്ത് രൂപീകരിച്ച ഒന്നാംനമ്പര്‍ കരയോഗം. അച്ഛന്റെ ഇച്ഛാനുസരണം മഹാരാഷ്ട്രയില്‍ ഐടിഐ കോഴ്സിന് ചേര്‍ന്നു. പാസായ ഉടന്‍ ജോലിയുമായി. ഭോപാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍. ഇക്കാലത്ത് സരസ്വതിയമ്മയെ വിവാഹം കഴിച്ചു. ഗര്‍ഭിണിയായതോടെ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. 1971 ഏപ്രില്‍ 13ന് രണ്ടാമത്തെ ആണ്‍കുട്ടിയായി പ്രാണേഷും ജനിച്ചതോടെ ഭോപാലിലെ ജോലി ഉപേക്ഷിച്ച് പിള്ളയും വന്നു. കൃഷിക്കാരനാകാനായിരുന്നു തീരുമാനം. പക്ഷേ, കൃഷിയില്‍നിന്ന് വേണ്ടത്ര വരുമാനം കിട്ടാതായതോടെ ഉത്തരേന്ത്യയിലേക്കുതന്നെ മടങ്ങി. ഇക്കുറി പുണെയില്‍. പത്താംക്ലാസ് പാസായശേഷം പ്രാണേഷും പുണെയില്‍ അച്ഛന്റെയടുത്തെത്തി. 1989ല്‍ ഐടിഐ പാസായശേഷം അച്ഛന്റെ കമ്പനിയില്‍തന്നെ ജോലിക്കാരനായി. മകന് ജോലി ലഭിച്ചതോടെ ഗോപിനാഥപിള്ള മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിലേക്കെത്തി. നൂറനാട്ട് താമസമാക്കി.

പുണെയില്‍ പ്രാണേഷിന്റെ ഏകാന്തതയിലക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നു; അയല്‍ക്കാരി സാജിദ. പ്രണയതീക്ഷ്ണതയില്‍ അവന്‍ മതംമാറി മുസ്ലിമായി. ജാവേദ് ഗുലാം ഷേഖ് എന്ന പേര് സ്വീകരിച്ചു. ഇതൊന്നും നാട്ടിലാരും അറിഞ്ഞില്ല. ഒടുവില്‍ ജ്യേഷ്ഠന്‍ അരവിന്ദിന്റെ വിവാഹപ്പന്തലിലേക്ക് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് അവന്‍ കയറിവന്നു. അടുത്തചില ബന്ധുക്കളോട് അപ്പോള്‍ വിവരമെല്ലാം പറഞ്ഞു. വൈകിട്ട് തീവണ്ടികയറി പോകുംവരെ അച്ഛന്‍ ഒന്നുമറിയരുതെന്ന് ശട്ടംകെട്ടി. എല്ലാമറിഞ്ഞിട്ടും ഗോപിനാഥപിള്ള ഒന്നുമറിയാത്തതുപോലെ പെരുമാറി. അമ്മ ക്യാന്‍സറിന്റെ പിടിയിലായപ്പോള്‍ അവന്‍ വീണ്ടും വന്നു. രോഗക്കിടക്കയില്‍വച്ച് അമ്മയോടാണ് തനിക്കൊരു മകന്‍ ജനിച്ച വിവരം പറഞ്ഞത്. മരുമകളെയും ചെറുമകനെയും കാണണമെന്ന് അവര്‍ ആഗ്രഹിച്ചതനുസരിച്ച് സാജിദയെയും കുഞ്ഞിനെയും കൂട്ടി പ്രാണേഷ് വീണ്ടും വന്നു. അറ്റുപോയ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെടുകയായിരുന്നു അപ്പോള്‍. ഒരു മാസം ആശുപത്രിക്കിടക്കയില്‍ അമ്മയെ ശുശ്രൂഷിച്ച് സാജിദ നിന്നു. ഭാഷയുടെയോ മതത്തിന്റെയോ ഭേദങ്ങളൊന്നും അവര്‍ക്ക് തടസ്സമായില്ല. പ്രാണേഷ് പിന്നീട് ദുബായിലേക്ക് പോയി. സരസ്വതിയമ്മ ഈ ലോകത്തോട് വിടപറയുമ്പോള്‍ മകന്‍ നാട്ടിലുണ്ടായിരുന്നില്ല. സാജിദയും കുട്ടിയും സംസ്കാരച്ചടങ്ങിനെത്തിയിരുന്നു. ഉറച്ച ഹിന്ദുമത വിശ്വാസവും കരയോഗം, അമ്പലക്കമ്മിറ്റി തുടങ്ങിയ സാമുദായിക ബന്ധങ്ങളുമൊന്നും ഇസ്ലാംമതത്തിലേക്കുമാറിയ മകനെയോ കുടുംബത്തെയോ സ്വീകരിക്കാന്‍ ഗോപിനാഥപിള്ളയ്ക്ക് തടസ്സമായില്ല. വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരമൂല്യങ്ങള്‍ക്കും സ്നേഹത്തിനുമാണ് അദ്ദേഹം വിലകല്‍പ്പിച്ചത്്.

തീവ്രവാദി എന്നപേരില്‍ പ്രാണേഷ് കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ത്തന്നെ ഗോപിനാഥപിള്ള പറഞ്ഞു- ""അവന്‍ തീവ്രവാദിയല്ല. സ്നേഹത്തിനുവേണ്ടിയാണ് അവന്‍ മതംമാറിയത്. ആരെയും വെറുക്കാനല്ല."" അപ്പൂപ്പന്‍ പ്രാണേഷിനും സാജിദയ്ക്കും മൂന്നു കുട്ടികളാണ്. മൂത്തയാള്‍ അബൂബക്കര്‍ സിദ്ധിഖ്. പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്. രണ്ടാമത്തേത് മകളാണ്. എട്ടാംക്ലാസില്‍ പഠിക്കുന്ന സൈനബ്. മൂന്നാമത്തെ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുന്ന മൂസ. പ്രാണേഷ് കൊല്ലപ്പെട്ടതോടെ പുണെയില്‍ പഠിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അബൂബക്കറിനെ ഗോപിനാഥപിള്ള കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. രണ്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന അവനെ തുടര്‍ന്നു പഠിപ്പിച്ചാല്‍ സ്കൂളിന് ബോംബ് വയ്ക്കുമെന്ന് വര്‍ഗീയവാദികള്‍ ഭീഷണിമുഴക്കി. തീവ്രവാദിയുടെ മകനെ പഠിപ്പിക്കാനാകില്ലെന്ന് പുണെയിലെ സ്കൂള്‍ അധികൃതര്‍ തറപ്പിച്ചുപറഞ്ഞു. കേരളത്തിലെത്തി അടുത്തുള്ള ഒരു സ്വകാര്യ ക്രിസ്ത്യന്‍ സിബിഎസ്ഇ സ്കൂളിനെ സമീപിച്ചപ്പോള്‍ അവരും ആട്ടിയകറ്റി. പക്ഷേ, മറ്റൊരു സ്കൂള്‍ കുട്ടിയെ സ്വീകരിച്ചു. ഒരുവര്‍ഷം അവന്‍ അവിടെ പഠിച്ചു. ഒടുവില്‍ പ്രാണേഷ് തീവ്രവാദിയല്ലെന്ന് തെളിഞ്ഞതോടെയാണ് കുട്ടി തിരിച്ചുപോയത്. പഴയ സ്കൂള്‍ അവനെ സ്വീകരിക്കുകയുംചെയ്തു.

മുത്തച്ഛനും പേരക്കുട്ടിയും തമ്മില്‍ ആഴത്തിലുള്ള ഹൃദയബന്ധം ഉണ്ടായിരുന്നു. അബൂബക്കറിനെ പള്ളിയില്‍ നമസ്കാരത്തിന് കൊണ്ടുപോകുന്നത് ചന്ദനക്കുറിയണിഞ്ഞ ഗോപിനാഥപിള്ളയായിരുന്നു. അവന്‍ പ്രാര്‍ഥന കഴിഞ്ഞ് വരുന്നതുവരെ മുത്തച്ഛന്‍ പുറത്ത് കാത്തുനില്‍ക്കും. അടുത്തുള്ള ക്ഷേത്രത്തില്‍ പോകാനും അബൂബക്കറിന് താല്‍പ്പര്യമായിരുന്നുവെന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു. ഇപ്പോഴും ഗോപിനാഥപിള്ള ഇടയ്ക്കിടെ പുണെയില്‍ മരുമകളെയും പേരക്കുട്ടികളെയും കാണാന്‍ പോകും. സാജിദയ്ക്കും കുട്ടികള്‍ക്കും ഇദ്ദേഹം "ദാദ"യാണ്. ദാദയെന്നാല്‍ മുത്തച്ഛന്‍. എന്തും ദാദയോട് ചോദിച്ചിട്ടേ ചെയ്യൂ. ഗോപിനാഥപിള്ള പുണെയിലെത്തിയാല്‍ സാജിദയുടെ ബന്ധുക്കളെല്ലാം ഒത്തുചേരും. മരുമകള്‍ അടുത്തിടെ പുനര്‍വിവാഹിതയായി. അതിനും ദാദയുടെ അനുവാദം ചോദിച്ചിരുന്നു. ഗോപിനാഥപിള്ളയ്ക്കും അറിയാവുന്ന ബന്ധുവായ യുവാവിനെയാണ് അവര്‍ വിവാഹം കഴിച്ചത്. കുട്ടികള്‍ക്ക് ഒരു കുഴപ്പവും വരാന്‍ അയാള്‍ സമ്മതിക്കില്ലെന്ന് പിള്ളയ്ക്ക് ഉറപ്പുണ്ട്. അതിനാല്‍ പൂര്‍ണമനസ്സോടെ സമ്മതിച്ചു. നാട്ടിലുള്ള റബര്‍തോട്ടം വിറ്റ് മൂന്ന് പേരക്കുട്ടികളുടെയും പേരിലായി പുണെയില്‍ മൂന്ന് ഫ്ളാറ്റ് വാങ്ങിക്കൊടുത്തു. കുടുംബസ്വത്തിലെ പ്രാണേഷിന്റെ വീതമാണ് വിറ്റത്. ഇതില്‍ ഒരു ഫ്ളാറ്റില്‍ സാജിദയും കുട്ടികളും താമസിക്കുന്നു. രണ്ടെണ്ണം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ദാദയും ഇനിയുള്ള കാലം തങ്ങളോടൊപ്പം താമസിക്കണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, ഇവിടത്തെ കൃഷിക്കാര്യങ്ങള്‍ വിട്ടുപോകാന്‍ മടിച്ചിട്ടാണ്. ഈ മാസം ഒന്നാംതീയതിമുതല്‍ ഒരാഴ്ച അവരോടൊപ്പമായിരുന്നു.

കുട്ടികളുടെ കാര്യത്തില്‍ ഗോപിനാഥപിള്ളയ്ക്ക് ഒരു ദുഃഖമേയുള്ളൂ. അവര്‍ക്ക് മലയാളം അറിയില്ല. ""അപ്പൂപ്പന്‍... എന്നു വിളിക്കാന്‍തന്നെ അവര്‍ മറന്നുപോയിരിക്കുന്നു."" സാജിദയ്ക്കുമാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഗോപിനാഥപിള്ള കാരണവരാണ്. 2012 ഏപ്രില്‍ 18ന് 14 പേരടങ്ങുന്ന ഒരു സംഘമാണ് പുണെയില്‍നിന്ന് മണലാടിയില്‍ എത്തിയത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും 10 ദിവസം അവര്‍ ഇവിടെ തങ്ങി. ആലപ്പുഴയിലെ കായലിലൂടെ ഹൗസ്ബോട്ട് സവാരി നടത്തി. കന്യാകുമാരിയിലും പോയി. ദേശഭാഷാമതങ്ങള്‍ക്കപ്പുറം ഹൃദയംകൊണ്ട് രണ്ടു കുടുംബങ്ങള്‍ ബന്ധപ്പെടുന്ന മനോഹരമായ ഈ അവസ്ഥ ഗോപിനാഥപിള്ളയുടെ തെളിഞ്ഞ മനസ്സിന്റെയും മതേതരബോധത്തിന്റെയും സൃഷ്ടിയാണ്.

തളരാത്ത പോരാളി ഒരു മാത്ര പകച്ചുപോയിരുന്നു. 2004 ജൂണ്‍ ആദ്യവാരം തന്നെ കണ്ടുമടങ്ങിയ മകനെ ഏതാണ്ട് 15-ാം തീയതിയോടെ കാണാതായെന്നും പിന്നീട് അഹമ്മദാബാദിലെ കോസ്തര്‍പുറില്‍ കൊല്ലപ്പെട്ടെന്നുമാണ് ഗോപിനാഥപിള്ളയ്ക്ക് ലഭിച്ച വിവരം. മോഡിയെ കൊല്ലാന്‍ പോയ ലഷ്കര്‍ ഇ തോയ്ബക്കാരനായി പ്രാണേഷ് ചിത്രീകരിക്കപ്പെട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെയായി. തീവ്രവാദിയുടെ അച്ഛന്‍ എന്ന മുദ്രചാര്‍ത്തി വേണ്ടപ്പെട്ടവര്‍ ഒറ്റപ്പെടുത്തി. പക്ഷേ, തന്റെ മകനെപ്പറ്റി ഉത്തമബോധ്യമുണ്ടായിരുന്ന ആ പിതാവ് ഏറെ വൈകാതെ സത്യം തെളിയിക്കാന്‍ നിശ്ചയിക്കുകതന്നെ ചെയ്തു. മനുഷ്യാവകാശപ്രവര്‍ത്തകരുടെ പിന്തുണ പിള്ളയ്ക്ക് ആത്മവിശ്വാസം നല്‍കി. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, തളര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഊര്‍ജം നല്‍കുന്ന ബാറ്ററിയായി.

ഗുജറാത്തില്‍ കേസ് നടത്താനെത്തിയ ഗോപിനാഥപിള്ളയ്ക്ക് പലതരം ഭീഷണികളെ അതിജീവിക്കേണ്ടിവന്നു. ഐപിഎസുകാരടക്കമുള്ള പൊലീസുകാരോടും മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ ആയിരങ്ങളെ വംശഹത്യചെയ്ത നരേന്ദ്രമോഡിയുടെ ഭരണസംവിധാനത്തോടുമായിരുന്നല്ലോ ഏറ്റുമുട്ടല്‍. സാധാരണക്കാരായ പൊലീസുകാര്‍ പിള്ളയ്ക്ക് പലവിവരങ്ങളും നല്‍കി. പക്ഷേ, അവരാരൊക്കെയാണെന്നറിയില്ല. കാരണം ഷര്‍ട്ടില്‍ കുത്തിയിട്ടുള്ള നെയിംപ്ലേറ്റ് അഴിച്ചുവച്ചശേഷമേ അവര്‍ സംസാരിക്കൂ.

ഒരിക്കല്‍ അഭിഭാഷകര്‍തന്നെ ചോദിച്ചു. ""പിള്ളേ നിങ്ങള്‍ക്ക് ഭയമില്ലേ"" എന്ന്. ""എന്റെ മകനോട് ചെയ്തതിലപ്പുറമൊന്നും എന്നോട് ചെയ്യാനില്ലല്ലോ"" എന്നായിരുന്നു ഗോപിനാഥപിള്ളയുടെ മറുപടി. പ്രാണേഷ് മോഡിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു കേസ് പൊലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടായിരുന്നു, അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍. കോടതിയുടെ സമന്‍സ് പ്രകാരം ഈ കേസില്‍ മൊഴിനല്‍കാന്‍ ഗോപിനാഥപിള്ള അവിടെയെത്തി. കോടതിക്കു പുറത്ത് ഗജ്ജാര്‍ എന്ന കുപ്രസിദ്ധനായ പൊലീസ് കമീഷണര്‍ കാത്തുകിടന്നിരുന്നു. രഹസ്യമായി അന്വേഷിച്ചപ്പോള്‍ തന്നെ അറസ്റ്റുചെയ്ത് കൊണ്ടുപോകാനാണെന്ന് പിള്ളയ്ക്ക് മനസിലായി. വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കോടതി ഇടപെട്ടു. പൊലീസിനോട് സമന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടു. അഭിഭാഷകരുടെ സാന്നിധ്യത്തിലേ മൊഴിയെടുക്കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സാജിദയോടും ഗുജറാത്ത് പൊലീസ് തീര്‍ത്തും മോശമായാണ് പെരുമാറിയതെന്ന് ഗോപിനാഥപിള്ള പറയുന്നു. രാവിലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തും. വൈകുന്നതുവരെ നിര്‍ത്തും. വെള്ളംകുടിക്കാനോ പിഞ്ചുകുട്ടിക്ക് മുലകൊടുക്കാനോ സമ്മതിക്കില്ല. ഇത് ദിവസങ്ങളോളം ആവര്‍ത്തിച്ചു. തീവ്രവാദിയുടെ ഭാര്യയല്ലേ. ആരും പ്രതികരിച്ചില്ല. ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുന്നു. ആരാണ് തീവ്രവാദിയെന്ന് കോടതികളും അന്വേഷണസംവിധാനങ്ങളും ജനങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു.

ആദ്യകാലത്ത് കേസ് നടത്താന്‍ ഗുജറാത്തിലെത്തുമ്പോള്‍ താമസിക്കാന്‍ ഇടം ലഭിക്കാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഹോട്ടലുകാര്‍ വാടകവാങ്ങാന്‍ മടിക്കുന്നു. ദിവസം രണ്ടായിരംരൂപവരെ വാടകയുള്ള മുറിയാണ്. വാടക ഞങ്ങള്‍ വാങ്ങിക്കൊള്ളാം , പിന്നീട് എന്നുപറഞ്ഞ് ഒഴിയും ഇപ്പോള്‍. 2002 മുതല്‍ 2007 വരെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയം നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് വ്യാജ ഏറ്റുമുട്ടലുകളുടെ സൂത്രധാരനായ വന്‍സാര വെളിപ്പെടുത്തിയിരിക്കുന്നു. തനിക്കെതിരെ അക്കാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയഭീഷണികളെ അതിജീവിക്കാനാണ് നരേന്ദ്രമോഡി ലഷ്കര്‍ ഇ തോയ്ബ വധഭീഷണിക്കഥകള്‍ മെനഞ്ഞ് ജാവേദുമാരെയും സൊഹ്റാബ്ദീന്‍മാരെയും കൗസര്‍ബീമാരെയും കൊലപ്പെടുത്തിയതെന്ന് പകല്‍പോലെ വ്യക്തമായി. എല്ലാ വധശ്രമങ്ങളും വന്‍സാരമാത്രം എങ്ങനെ രഹസ്യമായി അറിഞ്ഞു? എന്തുകൊണ്ട്? ഏറ്റുമുട്ടലുകളെല്ലാം ഒരു ദൃക്സാക്ഷിപോലുമില്ലാത്ത ആളൊഴിഞ്ഞ ഇടങ്ങളില്‍ അര്‍ധരാത്രിയില്‍തന്നെ സംഭവിച്ചു? എന്തുകൊണ്ട് നരേന്ദ്രമോഡിക്കുമാത്രം വധഭീഷണി ഉണ്ടായി? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വന്‍സാരയുടെ കത്തിലുണ്ട്.

ഇന്ത്യന്‍ ജനാധിപത്യവും നിയമവാഴ്ചയും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഗോപിനാഥപിള്ള നടത്തുന്നതെന്ന് ആര്‍ ബി ശ്രീകുമാര്‍ പറയുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ അതുകൊണ്ടുതന്നെ ഗോപിനാഥപിള്ളയോട് കടപ്പെട്ടിരിക്കുന്നു. നൃശംസതയുടെ ഉപാസകര്‍ അധികാരദുരയുമായി വരുമ്പോള്‍ ഗോപിനാഥപിള്ള ഒരു മുന്നറിയിപ്പാണ്. മകന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഒരു ദശകത്തോളമായി വിശ്രമമില്ലാതെ പോരാടുന്ന ഗോപിനാഥപിള്ളയ്ക്ക് സഹജീവികള്‍ക്കുമുമ്പില്‍ വയ്ക്കാന്‍ ഒരു പ്രാര്‍ഥനമാത്രം; മഹാവിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കണം.

*
അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 സെപ്തംബര്‍ 2013

No comments: