Thursday, September 26, 2013

ശാസ്ത്രചിന്തയുടെ ചോരവീഴുന്ന മണ്ണ്

മൂഢവും അന്ധവുമായ വിശ്വാസത്തിനെതിരായ സാമൂഹികസമരത്തിനേറ്റ കനത്ത ആഘാതമാണ് നരേന്ദ്ര ധബോല്‍ക്കറുടെ ക്രൂരമായ കൊല. സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ മിക്കശാഖകളിലും പുനരുത്ഥാന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നുവെങ്കിലും തികച്ചും യുക്തിബദ്ധമായ ചില പ്രവണതകളും അവയിലുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ യുക്തിനിഷ്ഠ ഘടകങ്ങള്‍ക്ക് ചെറിയൊരു മുന്‍കൈപോലുമുണ്ടായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയോടും ശാസ്ത്രവീക്ഷണത്തോടും മമത പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്തെമ്പാടുമുണ്ടായി. ഒരു റൊമാന്റിക്കിന്റെ മട്ടില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനും കുടുംബത്തിനും ശാസ്ത്രസമീപനത്തോട് ഒരുതരം ആരാധനയുണ്ടായിരുന്നു. അടിയന്തരാവസ്ഥാപ്രഖ്യാപനവും അതിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും ഇന്ദിരാ ഗാന്ധിയെ മതചിഹ്നങ്ങളുടെ അകമ്പടിയില്‍ ചിത്രീകരിക്കുന്ന ചിലചിത്രങ്ങള്‍ കാണാനിടയുണ്ടായിട്ടുണ്ട്. പിന്നീട് അധികാരത്തില്‍വന്ന രാജീവ്ഗാന്ധി പൂര്‍ണമായുമൊരു മതബദ്ധ രാഷ്ട്രീയക്കാരനായിരുന്നുവെന്ന ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. ഗ്രാമസ്വരാജിനെ സംബന്ധിച്ച ചിത്രങ്ങളില്‍ കുറിതൊട്ടല്ലാതെ രാജീവ് ഗാന്ധിയുടെ ചിത്രം ലഭ്യമല്ല തന്നെ.

നരേന്ദ്ര ധബോല്‍ക്കര്‍

കഴിഞ്ഞ കുറേ ദശകങ്ങളിലായി മഹാരാഷ്ട്രയിലും മറ്റും തികഞ്ഞ ലക്ഷ്യബോധത്തോടെ അന്ധവിശ്വാസത്തിനെതിരായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്ധവിശ്വാസത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള കമ്മിറ്റി (അന്ധശ്രദ്ധാ നിര്‍മൂലന്‍സമിതി) അത്തരമൊരു സംഘടനയാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള വലിയൊരു പ്രസ്ഥാനമായിരുന്നു അത്. ഡോ. നരേന്ദ്രധബോല്‍ക്കറായിരുന്നു അതിന്റെ നേതാവ്. 1945 നവംബറില്‍ മഹാരാഷ്ട്രയിലാണ് ഭൂജാതനായത്. അച്യുത് പിതാവും താരാബായി മാതാവും. പത്തുകുഞ്ഞുങ്ങളില്‍ ഇളയവനായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍. അവരില്‍ മൂത്തയാള്‍ പ്രസിദ്ധ ഗാന്ധിയനും സോഷ്യലിസ്റ്റുമായ ദേവദത്ത ധബോല്‍ക്കറാണ്. സതാറയിലെ ന്യൂഇംഗ്ലീഷ് സ്ക്കൂളില്‍ സ്കൂള്‍വിദ്യാഭ്യാസവും സാംഗ്ലിയിലെ വെല്ലിങ്ടണ്‍ കോളേജില്‍ കലാലയവിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ നരേന്ദ്ര, മിറാജ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബി ബിഎസ് ജയിച്ചു. ഷൈലയാണ് പത്നി. ഹമീദ് ധബോല്‍ക്കര്‍, മുക്ത ധബോല്‍ക്കര്‍ എന്നിവര്‍ മക്കളാണ്.

ഒരു ഗ്രാമം, ഒരു കിണര്‍

പന്ത്രണ്ടുവര്‍ഷത്തെ ഡോക്ടര്‍ പ്രാക്ടീസിനിടയില്‍ അദ്ദേഹം സാമൂഹിക പ്രസ്ഥാനങ്ങളില്‍ സജീവമായി. ബാബാ ആധവിന്റെ "ഒരു ഗ്രാമം, ഒരു കിണര്‍" പ്രക്ഷോഭത്തില്‍ അദ്ദേഹം ആകൃഷ്ടനായി. അതില്‍ സജീവമായി പങ്കെടുത്തു. പൊതുകിണറില്‍നിന്ന് കുടിവെള്ളമെടുക്കുന്നത് നിഷേധിക്കപ്പെട്ട ദളിതര്‍ക്കായി ഗ്രാമത്തിക ഒരു കിണറെന്ന മഹത്തായ പ്രസ്ഥാനമായിരുന്നു ഇത്. ഇത് ദളിതരടക്കമുള്ള പിന്നോക്കജനതയെ ആകര്‍ഷിച്ചു. ആയിരക്കണക്കില്‍ കര്‍മചാരികള്‍ മഹാരാഷ്ട്രയിലുടനീളം യാത്രചെയ്ത് ഈ പ്രസ്ഥാനത്തെ വലിയ വിജയമാക്കി. എന്നാല്‍ ഇതിനെതിരെ ആക്രമണങ്ങളുണ്ടായി. സായുധരായ സവര്‍ണഗുണ്ടകള്‍ ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുടങ്ങി. ആധുനിക മഹാരാഷ്ട്രയിലെ സാമൂഹികപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരു വഴിത്തിരിവായിത്തീര്‍ന്നു, "ഒരു ഗ്രാമം ഒരു കിണര്‍" പ്രസ്ഥാനം.

1927ല്‍ റായ്ഗഡ് ജില്ലയിലെ മഹദ് പ്രദേശത്ത് ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു "ഒരു ഗ്രാമം, ഒരു കിണര്‍". ചവ്ദാര്‍ തടാകത്തില്‍നിന്ന് വെള്ളമെടുക്കാന്‍ ദളിതര്‍ക്കുകൂടി അവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. 1972-ല്‍ ഒരു കിണര്‍ പ്രസ്ഥാനമാരംഭിച്ചപ്പോള്‍തന്നെ സതാറയില്‍നിന്ന് ഡോ. ധബോല്‍ക്കര്‍ അതില്‍ ചേര്‍ന്നു. സതാറയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വലിയ വിജയമായിരുന്നു.

ആള്‍ദൈവങ്ങള്‍ക്കെതിരെ

ഒരു കിണര്‍ പ്രസ്ഥാനത്തില്‍നിന്ന് കുറേക്കൂടി വിശാലമായ കര്‍മമണ്ഡലം ഡോ. ധബോല്‍ക്കര്‍ സ്വീകരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മണ്ഡലമായിരുന്നു അത്. അദ്ദേഹം അഖിലഭാരതീയ അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതിയുടെ പ്രവര്‍ത്തകനായി. 1989-ല്‍ മഹാരാഷ്ട്രാ അന്ധശ്രദ്ധാനിര്‍മൂലന്‍ സമിതി രൂപീകരിച്ചു. ആള്‍ദൈവങ്ങള്‍ക്കും രോഗശുശ്രൂഷയ്ക്കായി മന്ത്ര-തന്ത്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരായാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. ആള്‍ദൈവങ്ങള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പരിധിയിലേക്കു വളര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ പോരാട്ടത്തിന് ധബോല്‍ക്കര്‍ നേതൃത്വം നല്‍കിയത്. അത്ഭുതവിദ്യകള്‍ കാണിച്ച് ആളുകളെ സ്തബ്ധരാക്കി അനുയായികളെ കൂട്ടുന്ന ഹൈന്ദവ ആള്‍ദൈവങ്ങളായിരുന്നു ധബോല്‍ക്കറുടെ മുഖ്യവിമര്‍ശനകേന്ദ്രം. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിര്‍ക്കുന്നതിന്നായി അദ്ദേഹം പരിവര്‍ത്തന്‍ എന്ന കര്‍മസേനയുണ്ടാക്കി. സമുദായത്തിലെ പാര്‍ശ്വവത്കൃതവിഭാഗങ്ങളെ സുരക്ഷാ ബോധത്തോടെ, മാന്യതയും ശ്രേയസ്സുമുള്ള ഒരു ജീവിതത്തിന് പ്രാപ്തരാക്കുകയെന്നതായിരുന്നു ഈ കര്‍മസേനയുടെ ലക്ഷ്യം.

സാധനയെന്ന മറാത്തിവാരികയുടെ പത്രാധിപരായി ധബോല്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ റാഷനലിസ്റ്റ് ഫെഡറേഷനിലും പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനമണ്ഡലം വികസിപ്പിച്ചു. ദളിതരുടെ തുല്യതയ്ക്കുവേണ്ടിയും ജാതിവ്യവസ്ഥയ്ക്കെതിരെയും അക്ഷീണമായി പ്രവര്‍ത്തിച്ചു. ദളിതര്‍ക്കെതിരായ സവര്‍ണഹിന്ദുക്കളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ ധബോല്‍ക്കര്‍ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളെ പറ്റി അദ്ദേഹം നിരന്തരം എഴുതി. അവയുടെ ഉന്മൂലനം സാമൂഹികപരിഷ്കാരത്തിനും പുതുസമൂഹസൃഷ്ടിക്കും അനിവാര്യമാണെന്നദ്ദേഹം പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തി. ഏതാണ്ട് മൂവായിരം യോഗങ്ങളില്‍ പ്രസംഗിച്ചു. മതാഘോഷങ്ങളുടെ പേരില്‍ ജലദുര്‍വിനിയോഗം നടത്തുന്നതിനെ വിമര്‍ശിച്ചു. ഹോളി ആഘോഷങ്ങള്‍ക്കും മറ്റുമായി അളവറ്റജലം ദുര്‍വ്യയം ചെയ്യപ്പെടുകയാണെന്നും വലിയ വിഭാഗം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴാണിത് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2013 മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ നാഗ്പൂരിലെ ഹോളിയാഘോഷത്തിനായി ജലദുര്‍വ്യയം നടത്തിയതിന്റെപേരില്‍ അദ്ദേഹം പ്രതിഷേധിച്ചു.

മതാധിഷ്ഠിതപാര്‍ടികളുടെ എതിര്‍പ്പ്

അന്ധവിശ്വാസത്തിനെതിരായ നിയമങ്ങള്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ പാസാക്കിയെടുക്കാന്‍ ധബോല്‍ക്കര്‍ യത്നിച്ചു. ആഭിചാരക്രിയക്കെതിരായ നിയമം അദ്ദേഹത്തിന്റെ സംഘടന നിര്‍ദേശിച്ചുവെങ്കിലും ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുവര്‍ഗീയ പാര്‍ടികളുടെയും ചില ദേശീയപാര്‍ടികളുടെയും എതിര്‍പ്പുകാരണം പാസാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുസംസ്കാരത്തിനെതിരാവും നിയമമെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. ജനവിരുദ്ധമായ ആഭിചാരക്രിയ (ബ്ലാക്ക് മാജിക്) വഴി ജനങ്ങളെ അന്ധവിശ്വാസത്തില്‍ തളച്ചിടുന്നത് ഹിന്ദുസംസ്കാരമാണോ എന്നായിരുന്നു ധബോല്‍ക്കറുടെ ചോദ്യം. ബില്ലിലൊരിടത്തും ദൈവത്തിനോ ദൈവവിശ്വാസത്തിനോ എതിരായി ഒരുവാക്കു പോലുമില്ലെന്നും മനസ്സാക്ഷിയനുസരിച്ച് ഇഷ്ടമുള്ള മതവിശ്വാസം വച്ചുപുലര്‍ത്താന്‍ ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അവകാശം നല്‍കുന്നുണ്ടെന്നും ആ വ്യവസ്ഥ അലംഘനീയമാണെന്നും അതിനാല്‍തന്നെ ബില്ലിനെതിരായ വിമര്‍ശനം അസ്ഥാനത്താണെന്നും ഒരുഫ്രഞ്ച്പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ ധബോല്‍ക്കര്‍ പ്രസ്താവിച്ചു. ഏഴാഴ്ചകളോളം ഈ ബില്‍ സഭയുടെ മേശപ്പുറത്തുണ്ടായിരുന്നു. എന്നാല്‍ അത് ചര്‍ച്ചയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തയ്യാറായില്ല. ഇതും ധബോല്‍ക്കര്‍ ചോദ്യം ചെയ്തു.

അന്ധവിശ്വാസത്തിന്റെ വക്താക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ഒരുകാര്യം വ്യക്തമായി അറിയാം. അവര്‍ പ്രചരിപ്പിക്കുന്നത് കേവലമായ കാപട്യമാണ്. ഈ കാപട്യമാണ് ധബോല്‍ക്കര്‍ തുറന്നുകാട്ടിയത്. സത്യത്തില്‍ ധബോല്‍ക്കര്‍ മതത്തിനോ വിശ്വാസത്തിനോ എതിരായി ഒന്നും ചെയ്തിരുന്നില്ല. ബാബമാരും ആള്‍ദൈവങ്ങളും അനുയായികളും അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അന്ധവിചാരങ്ങളെയുമാണ് അദ്ദേഹം എതിര്‍ത്തുവന്നത്. പ്രകൃത്യതീതശക്തികളെ പ്രീണിപ്പിക്കുന്നതിന്നായി നടത്തുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും എതിര്‍ത്തു. ഭസ്മവും മന്ത്രച്ചരടും ഉറുക്കും വഴി മന്ത്രവാദം നടത്തി പ്രേതങ്ങളെയും ദുരാത്മാക്കളെയും അകറ്റുമെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം ജനങ്ങളെ ഉദ്ബുദ്ധരാക്കി. ഈ എതിര്‍പ്പുകളെ സജീവമായി നിര്‍ത്തുകയും ക്രമേണ അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുകയുമാണ് പരിണാമത്തിന്റെ രീതി. ഇത് ചെയ്തുകൊണ്ടാണ് പരിഷ്കൃത സമൂഹങ്ങള്‍ പുരോഗതിയിലേക്കുള്ള പടവുകള്‍ കയറിയത്. പ്രകൃത്യതീത ശക്തികളില്‍ നിയന്ത്രണമുണ്ടെന്ന ആള്‍ദൈവങ്ങളുടെ അവകാശവാദത്തെ അദ്ദേഹം അപലപിച്ചു. മന്ത്രവാദവും പൂജകളും വഴി ജനങ്ങളില്‍ ഭീതിവിതയ്ക്കുകയാണവര്‍ ചെയ്യുന്നത്. അന്ധവിശ്വാസവും ശാസ്ത്രചിന്തയും തമ്മില്‍ ഹിന്ദുധര്‍മം മുതലാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ മാത്രമല്ല ധബോല്‍ക്കറെയും സംഘത്തെയും എതിര്‍ത്തത്. മറ്റു യാഥാസ്ഥിതികരും ഈ പുരോഗമനപ്രസ്ഥാനത്തിനെതിരായിരുന്നു. വിശ്വാസം വളരെ സങ്കീര്‍ണമായൊരു പ്രതിഭാസമാണ്. "ചില മതപ്രസ്ഥാനങ്ങള്‍തന്നെ ചില ജനവിഭാഗങ്ങള്‍ക്ക് ധൈര്യവും തന്റേടവും പ്രദാനംചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. അത്രയധികം അസമത്വങ്ങളും അവകാശനിഷേധങ്ങളുമുള്ള സമൂഹമാണ് ഇന്ത്യന്‍ സമൂഹം. എന്നാല്‍ മനുഷ്യരുടെ ഈ ദൗര്‍ബല്യം മുതലെടുത്ത് പലരും അവരെ അന്ധമായ വിശ്വാസത്തിലേക്കും അനുഷ്ഠാനങ്ങളിലേക്കും കര്‍മങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോവുന്നുണ്ട്" എന്ന് രാംപുനിയാനി അഭിപ്രായപ്പെടുന്നു.

വിശ്വാസവും യുക്തിയും തമ്മിലുള്ള പോരാട്ടമാണിവിടെ നടക്കുന്നത്. ഇതാവട്ടെ ചരിത്രത്തിലെ വളരെ പഴയ പോരാട്ടമാണ്. വിശ്വാസം അവകാശപ്പെടുന്നത് അവസാനസത്യം ഓരോ വിശ്വാസത്തിനുചുറ്റും നിലകൊള്ളുന്നുവെന്നാണ്. ഇപ്രകാരം വിശ്വാസത്തിന്റെ വക്താക്കളായവര്‍ രൂപംനല്‍കുന്ന ആചാരാനുഷ്ഠാനങ്ങളുടെ സമര്‍ഥരായ നിര്‍വാഹകര്‍ ദിവ്യാത്മാക്കളായി അവരോധിക്കപ്പെടുകയോ സ്വയം അവരോധിക്കുകയോ ചെയ്യുന്നു. എന്നാല്‍ യുക്തി ചെയ്യുന്നത് നിലവിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ്. എത്തിച്ചേര്‍ന്ന അറിവ് അവസാനത്തേതല്ലെന്നും എപ്പോഴും പുതിയ അറിവുകളിലേക്ക് മനുഷ്യരാശി കടന്നുചെല്ലുകയാണെന്നും ശരിയായ യുക്തി ബോധ്യപ്പെടുത്തുന്നു. അറിവിന് അവസാനമില്ല, പ്രകൃതിക്കും. ഈ മഹാപ്രപഞ്ചം അനുനിമിഷം മനുഷ്യന് മുന്നില്‍ അനാവൃതമായിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പ്രപഞ്ചത്തെ നാം പുതുതായി അറിയുകയും ഈ അറിവോടെ ഇനിയുമേറെ അറിയാനുണ്ടെന്ന ബോധം ഉണ്ടാവുകയും ചെയ്യുന്നു. ഈ പക്ഷത്താണ് ധബോല്‍ക്കര്‍ നിലയുറപ്പിച്ചത്. അതുകൊണ്ടാണ് ഏറെ പരിമിതിയുണ്ടെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗത്ത് ധബോല്‍ക്കര്‍ നിലയുറപ്പിച്ചത്.

യാഥാസ്ഥിതികരുടെ എതിര്‍പ്പ് 

യുക്തിവിചാരത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകമാത്രമല്ല, ചിത്രവധം ചെയ്യപ്പെടുകകൂടി ചെയ്ത അനേകം പേരുടെ കഥ ചരിത്രത്തിലുണ്ട്. ലോകായതത്തിന്റെ ആവിഷ്കര്‍ത്താക്കളായ ചാര്‍വാകന്മാര്‍ വേദങ്ങളിലെ പ്രകൃത്യതീതപ്രാമാണ്യം ചോദ്യം ചെയ്തു. എന്താണ് പകരം സംഭവിച്ചത്? അവരുടെ ഭൗതികചിന്ത ഏതാണ്ട് പൂര്‍ണമായിത്തന്നെ അഗ്നിക്കിരയായി. ലോകായതത്തെ പറ്റി നമുക്ക് ലഭിക്കുന്ന അറിവ് അവയെപ്പറ്റിയുള്ള വിമര്‍ശങ്ങളില്‍ നിന്നുള്ളതാണ്. യൂറോപ്പില്‍ കോപ്പര്‍നിക്കസ്, ഗലീലിയോ, ബ്രൂണോ എന്നിവരുടെ ദുര്‍ഗതി ചരിത്രത്തിലുണ്ട്. രോഗങ്ങള്‍ ദൈവകോപമല്ലെന്നും അവയ്ക്ക് ഭൗതികകാരണങ്ങളുണ്ടെന്നും പറഞ്ഞതിനാണ് സെര്‍വിറ്റസിനെ കാല്‍വിനിസ്റ്റ് ഭരണകൂടം ചുട്ടുകൊന്നത്. ബ്രൂണോവിന്റെ വധവും ക്രൂരമായിരുന്നു. കൃത്രിമ നരകം ഭൂമിയില്‍ സൃഷ്ടിച്ചുകൊണ്ടാണ് മതഭരണകൂടങ്ങള്‍ ഈ പ്രതിഭകളെ കൊന്നൊടുക്കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ ചതുസ്തംഭങ്ങള്‍

ഇന്ത്യന്‍ ഭരണഘടന സെക്യുലറിസത്തെപ്പറ്റി പറയുന്നുണ്ട്. അത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ നാലു മഹാസ്തംഭങ്ങളിലൊന്നാണ്, പരമാധികാരം, സോഷ്യലിസം, ജനാധിപത്യം എന്നിവയാണ് ഇതരസ്തംഭങ്ങള്‍. ശാസ്ത്രസാങ്കേതികബോധം വിപുലപ്പെടുത്തണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇത്തരത്തിലുള്ള എല്ലാ പ്രക്രിയകളും അപൂര്‍ണമായി തുടരുകയാണ്.

മതനിരപേക്ഷവത്കരണം അപൂര്‍ണമാണ്, ഭൂപരിഷ്കരണം അപൂര്‍ണമാണ്, പൗരോഹിത്യവാഴ്ച ഇന്നും തുടരുകയാണ്. കൂനിന്മേല്‍കുരുവെന്ന പോലെ മതനാമത്തിലുള്ള രാഷ്ട്രീയപ്പേക്കൂത്തുകള്‍ ദൈനംദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസം വില്‍പനയായിത്തീരുകയും വര്‍ഗീയത രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ വാളായിത്തീരുകയും ചെയ്യുന്നു. ഇതിനിടയില്‍ എവിടെ ശാസ്ത്രബോധം? എവിടെ യുക്തിബോധം?

ഇന്ത്യയില്‍ ഏതാണ്ട് ആധിപത്യസ്വഭാവമുള്ള നെഹ്റുകുടുംബത്തിന് വിശ്വാസകാര്യത്തിലുണ്ടായ പശ്ചാത്ഗമനത്തെ പ്പറ്റി ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഭാവിയല്ല, ഭൂതകാലമാണ് പ്രധാനമായിക്കരുതുന്നത്. ഭൂതകാലത്തിന്റെ പുനരാവിഷ്കാരമാണ് വിവിധമതവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആധുനിക സാങ്കേതികസൗകര്യങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് തന്നെ, നൂതനമായ ശാസ്ത്രബോധത്തെ നിരാകരിക്കുകയാണ് രാഷ്ട്രീയയാഥാസ്ഥിതികത്വം ചെയ്യുന്നത്. അനിശ്ചിതത്വവും അവകാശനിഷേധവും ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ധബോല്‍ക്കറിന്റെ രക്തസാക്ഷിത്വം 

ഡോ. ധബോല്‍ക്കറിന്റെ കര്‍മകുശലതയിലും പ്രവര്‍ത്തനരീതികളിലും അസ്വസ്ഥരായ ചിലരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവന് നിരന്തരഭീഷണിയുണ്ടായിരുന്നു.

ഗാന്ധിജിയുടെ അതേ വിധിക്ക് തയ്യാറായിക്കൊള്ളുക എന്ന മുന്നറിയിപ്പാണ് ഒരു ഭീഷണിക്കത്തിലുണ്ടായിരുന്നത്. അദ്ദേഹത്തെ കൊലചെയ്യുന്നതിനു തൊട്ടുമുമ്പ് കിട്ടിയ ഭീഷണി സന്ദേശമായിരുന്നു ഇത്. അന്ധവിശ്വാസത്തിനെതിരെ പോരാടുന്ന എല്ലാവര്‍ക്കുമുള്ള താക്കീത് എന്നപോലെയായിരുന്നു ആ സന്ദേശം. ഹിന്ദുത്വപ്രചാരകന്മാരില്‍ നിന്നാണ് അദ്ദേഹം നിരന്തരഭീഷണിക്കുവിധേയനായത്. സ്വാഭാവികമായും ഹിന്ദുത്വപ്രചാരകര്‍ ധബോല്‍ക്കറുടെ വധത്തെ ന്യായീകരിച്ചു: അര്‍ഹിക്കുന്ന ശിക്ഷയാണ് ധബോല്‍ക്കറിനു ലഭിച്ചതെന്ന് അവര്‍ പ്രചരിപ്പിച്ചു. സനാതന്‍ പ്രഭാത് പോലുള്ള ഹിന്ദുത്വപത്രങ്ങളാണ് ഈ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നിന്നത്. 2013 ആഗസ്ത് 20ന് പ്രഭാതയാത്രയ്ക്കിടയിലാണ് അജ്ഞാതരായ രണ്ടുപേര്‍ മോട്ടോര്‍സൈക്കിളില്‍ എത്തി ധബോല്‍ക്കറെ വെടിവച്ചുകൊന്നത്. പൂനയിലെ ഓങ്കാരേശ്വരക്ഷേത്രത്തിനടുത്തുവച്ചാണ് സംഭവം നടന്നത്. ധബോല്‍ക്കറിന്റെ കൊലയാളികളെ കണ്ടെത്തുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധബോല്‍ക്കറിന്റെ രക്തസാക്ഷിത്വം വെറുതെയായിട്ടില്ല. ആഗസ്ത് 21ന്, ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടതിന്റെ പിറ്റേദിവസം അന്ധവിശ്വാസത്തിനും ആഭിചാരത്തിനുമെതിരായ ബില്ല് ഓര്‍ഡിനന്‍സായി മഹാരാഷ്ട്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

ധബോല്‍ക്കറുടെ പ്രവര്‍ത്തനം പുരോഗമന രാഷ്ട്രീയത്തിന്റെ അവശ്യഭാഗമാവേണ്ടതല്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രവാചകന്റെ വിശുദ്ധമുടിയുടെ പേരില്‍ നാല്‍പ്പതുകോടി ചെലവിട്ട് ദേവാലയം സ്ഥാപിക്കുന്ന അന്ധവിശ്വാസത്തിനെതിരെ കേരളത്തിലുയര്‍ന്ന ഒരേയൊരു ശബ്ദം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതായിരുന്നു. ഒരു മുടിനാര് കേവലമൊരു ബോഡിവേസ്റ്റല്ലേയെന്ന് അദ്ദേഹം ധീരമായി ചോദിക്കുകയുണ്ടായി. ഈ ആര്‍ജവം, ഈ ധീരത നമ്മുടെ രാഷ്ട്രീയനേതാക്കള്‍ പ്രകടിപ്പിക്കേണ്ടതല്ലേ?

വിശ്വചരിത്ര വിഹായസ്സില്‍ ഒരുപക്ഷേ സോക്രട്ടീസില്‍നിന്നാണ് ചിന്താസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വമാരംഭിക്കുന്നത്. യേശുക്രിസ്തു ഈ രക്തസാക്ഷികളില്‍ പ്രമുഖനാണ്. രക്തസാക്ഷിയുടെ ചോരയിലാണ് പള്ളി പണിതിരിക്കുന്നത് എന്ന് ക്രൈസ്തവചരിത്രം പറയുന്നുണ്ട്. ശാസ്ത്രത്തിനു വേണ്ടി ജീവന്‍ നല്‍കിയ റോജര്‍ ബേക്കണും സെര്‍വിറ്റസും മതപണ്ഡിതന്മാരും മതപൗരോഹിത്യത്തിന്റെ പടവുകള്‍ കയറിയവരുമായിരുന്നു. അല്‍ബേര്‍ കാമു അഭിപ്രായപ്പെടുന്നതുപോലെ, "മരിക്കാന്‍ പ്രേരിപ്പിക്കുന്ന അനേകം കാരണങ്ങളുണ്ട്, എന്നാല്‍ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഒരു കാരണവുമില്ല". "മാനവരാശിയുടെ നശീകരണം ഒഴിവാക്കുന്നതിന്നായി മരണമാശ്ലേഷിച്ചവരുടെ അനേകം ഉദാഹരണങ്ങളുണ്ട് ചരിത്രത്തില്‍" എന്ന് ബര്‍ണാഡ് ഷായും അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യവംശത്തിനുവേണ്ടിയാണ് ഈ രക്തസാക്ഷിത്വങ്ങള്‍. നമ്മുടെ മണ്ണില്‍ വീണ്ടും ശാസ്ത്രചിന്തയുടെ ചോര വീണിരിക്കുന്നു. ഈ ചോരപുരണ്ട മണ്ണിലാണ് പ്രപിതാമഹന്മാര്‍ നവജീവിതനിര്‍മാണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ അടിത്തറ പാകിയത്. ആ അടിത്തറ ചിന്താസ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷ്യം വഴി കൂടുതല്‍ ഉറച്ചിരിക്കുന്നു. ഈ അടിത്തറയില്‍ ശാസ്ത്രത്തിനും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാം.

*
സി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2013

No comments: