Monday, September 16, 2013

മോഡിയുടെ വരവിലെ സൂചനകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ആര്‍എസ്എസ് രാജ്യത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന നേതൃരൂപം നരേന്ദ്രമോഡിയുടേതാകുമ്പോള്‍, തഴയപ്പെട്ട നേതാക്കളുടെ സങ്കടങ്ങള്‍ക്കും കേവലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും അപ്പുറമുള്ള ചിലത് അതില്‍ വായിച്ചെടുക്കേണ്ടതുണ്ട്. മോഡിയെയും "ഗുജറാത്ത് മാതൃക"യെയും വാഴ്ത്താനും "ഇതാ പ്രധാനമന്ത്രിസ്ഥാനാര്‍ഥി" എന്നുദ്ഘോഷിക്കാനും തയ്യാറായ ഭൂരിപക്ഷം മാധ്യമങ്ങളും മോഡിത്വത്തിന്റെ അപായസൂചന സമര്‍ഥമായി മറച്ചുവയ്ക്കുകയാണ്. ആര്‍എസ്എസ് ഫാസിസ്റ്റ് സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുകയും ഫാസിസത്തെ ആരാധിക്കുകയുംചെയ്യുന്ന വര്‍ഗീയ സംഘടനയാണ്. രാജ്യത്തെ ചോരക്കളമാക്കിയ അനേകായിരം വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്എസാണ്, അതിഹിന്ദുത്വവാദവും ന്യൂനപക്ഷവിരോധവും മുഖമുദ്രയാക്കിയ നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. മോഡി "ലക്ഷണമൊത്ത" സ്വയംസേവകനാണ്. സംഘപരിവാറിന്റെ വര്‍ഗീയതയുടെയും ക്രൗര്യത്തിന്റെയും മുഖം സമീപകാലത്ത് ലോകം വ്യക്തമായി കണ്ടത് മോഡിയുടെ ഗുജറാത്തിലാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയും അതിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയും ദുര്‍ബലമായ സംവിധാനമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദയനീയ പരാജയമോ രാജ്യംനേരിടുന്ന പ്രതിസന്ധികളോ പരിഹരിക്കാനുള്ള രാഷ്ട്രീയം ബിജെപിക്കില്ല. ജനജീവിതത്തെ കടുത്തനിലയില്‍ ബാധിച്ച നവ ഉദാരണവല്‍ക്കരണ നയങ്ങളോടുള്ള കൂറില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം "ബി" ടീമുകളാണ്. രാഷ്ട്രീയമോ നയങ്ങളോ അഴിമതിവിരോധമോ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായി ബിജെപിക്ക് പറയാനില്ല. അത്തരമൊരവസ്ഥയില്‍, വര്‍ഗീയ ധ്രുവീകരണം എന്ന ഏകഅജന്‍ഡയിലൂടെ രക്ഷപ്പെടാനുള്ള ആര്‍എസ്എസിന്റെ വ്യഗ്രതയാണ്, നരേന്ദ്രമോഡിയുടെ രംഗപ്രവേശത്തിലൂടെ കാണാനാവുന്നത്.

അയോധ്യയും അവിടത്തെ രാമക്ഷേത്രനിര്‍മാണവും ഏറെവര്‍ഷങ്ങളായി ബിജെപിയുടെ വോട്ടുമാര്‍ഗമാണ്. ആ ആയുധത്തിന്റെ മുന തേഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശിലടക്കം ഒരിടത്തും സമീപകാലത്ത് "പ്രയോജനം ചെയ്യാത്ത" രാമക്ഷേത്ര അജന്‍ഡ ലോക്സഭാ തെരഞ്ഞെടുപ്പിലും നിഷ്പ്രയോജനമാകും എന്ന ആര്‍എസ്എസിന്റെ ചിന്തയാണ് മുസഫര്‍നഗറിലടക്കമുള്ള വര്‍ഗീയ കലാപങ്ങളിലും ഒടുവില്‍ മോഡിയുടെ സ്ഥാനാര്‍ഥിത്വത്തിലും തെളിയുന്നത്. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി, ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ അദ്വാനിയുടെ പഴയ രീതിയല്ല, മോഡിയുടെ "ഗുജറാത്ത് മാതൃക"യാണ് ഫലപ്രദമെന്ന് കരുതി ആര്‍എസ്എസ് ബിജെപിയില്‍ നേതൃ അട്ടിമറിതന്നെ നടത്തിയാണ് മോഡിയെ ഉയര്‍ത്തിക്കൊണ്ടുവന്നത്.

നരേന്ദ്രമോഡിയുടെ "യോഗ്യത"കള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കുപോലും അംഗീകരിക്കാനാവുന്നതല്ല. സഖ്യകക്ഷികളുടെ പരസ്യമായ വിയോജിപ്പിനെയും മതനിരപേക്ഷ സമൂഹത്തിന്റെയും സ്വന്തം പാര്‍ടിയിലുള്ള ഗണ്യവിഭാഗത്തിന്റെപോലും എതിര്‍പ്പുകള്‍ അവഗണിച്ച് മോഡിരഥം ഉരുട്ടാന്‍ തയ്യാറാകുന്ന ആര്‍എസ്എസ് ഒരു മഹാവിപത്തിന്റെ സൂചനയാണ് രാജ്യത്തിന് നല്‍കുന്നത്. നേതൃസ്ഥാനത്ത് അദ്വാനിയായാലും വാജ്പേയിയായാലും മോഡിയായാലും ആര്‍എസ്എസിന്റെ അജന്‍ഡയാണ് നടപ്പാക്കപ്പെടുക. എന്നാല്‍, ആ അജന്‍ഡ ഏറ്റവും ക്രൂരമായി, മറയും മടിയുമില്ലാതെ നടപ്പാക്കാന്‍ മുമ്പനാണ് താനെന്ന് വംശഹത്യയിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും അധികാരത്തിന്റെ വര്‍ഗീയദുരുപയോഗത്തിലൂടെയും മോഡി ഗുജറാത്തില്‍ തെളിയിച്ചു. 2002ലെ വംശഹത്യയുടെ സൂത്രധാരനും നേതാവുമായ മോഡിയാണ് തങ്ങളുടെ നായകന്‍ എന്ന് ആര്‍എസ്എസ് പറയുമ്പോള്‍, ഗുജറാത്തിലെ ദീനരോദനങ്ങളും കത്തിക്കരിഞ്ഞ മാംസഗന്ധവും പലായനങ്ങളുടെ ദുരിതപര്‍വവുമാണ് സാധാരണ ഇന്ത്യക്കാരനുമുന്നില്‍ തെളിയുന്നത്.

നരേന്ദ്രമോഡി എന്ന വ്യക്തിയല്ല, അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം. ആര്‍എസ്എസിന്റെ യഥാര്‍ഥ മുഖമാണ് മോഡി. മോഡിയെ മുന്നില്‍നിര്‍ത്തി ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ അജന്‍ഡ തിരിച്ചറിഞ്ഞ്, മതനിരപേക്ഷ ശക്തികളാകെ ഒന്നിച്ച് രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. രാജ്യം ഇനിയുമൊരു വിപത്തില്‍ വീഴരുത്. കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള യുപിഎ സംവിധാനത്തിനും ബദല്‍ നരേന്ദ്രമോഡി പ്രതിനിധാനംചെയ്യുന്ന എന്‍ഡിഎ അല്ല. മതനിരപേക്ഷതയും സാമ്രാജ്യത്വവിരുദ്ധതയും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന, ജനപക്ഷനയസമീപനങ്ങളില്‍ അധിഷ്ഠിതമായ ബദല്‍ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യതയാണ് മോഡിഭീഷണിയും യുപിഎയുടെ പരാജയവും ഇന്ത്യന്‍ ജനതയെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 16 സെപ്തംബര്‍ 2013

No comments: