Monday, September 23, 2013

ക്ഷീര കര്‍ഷകരുടെ അതിജീവന സമരം

അടുത്തകാലംവരെ ആവശ്യത്തിന്റെ എഴുപത് ശതമാനത്തിലധികം പാല്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇന്നത് അനുദിനമെന്നോണം കുറഞ്ഞുവരികയാണ്. കന്നുകാലിവളര്‍ത്തല്‍ കുടുംബങ്ങളുടെ ഏക ജീവനോപാധിയായിരുന്ന കാലം അസ്തമിച്ചു എന്നുതന്നെ പറയാം. ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ സഹായം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇന്ന് സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 40 ശതമാനത്തോളം പാലിന് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പാലിന്റെ ഗുണമേന്മയെക്കുറിച്ച് ഗുരുതരമായ പരാതികള്‍ നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് ഇരുപത് ലക്ഷം ക്ഷീരോല്‍പ്പാദകരുണ്ട്. സംസ്ഥാനത്തെ മൊത്തം വാര്‍ഷികോല്‍പ്പാദനം 21,760,00 ടണ്ണും. നിലവിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആ മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് വിപണിയിലുള്ള യഥാര്‍ഥവില ലഭിക്കുന്നില്ല. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്കല്ല, മില്‍മയ്ക്കുതന്നെയാണ് ഗുണം ലഭിക്കാറുള്ളത്. ആവശ്യത്തിന് കാലിത്തീറ്റ കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. വിപണിയില്‍ കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നു. പച്ചപ്പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കര്‍ഷകരെ വലയ്ക്കുകയാണ്. നെല്‍കൃഷി നാമമാത്രമായതോടെ വൈക്കോലിന് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. അതിര്‍ത്തി കടന്നെത്തുന്ന വൈക്കോലിനാകട്ടെ വലിയ വില നല്‍കണം. ക്ഷീരകര്‍ഷക ക്ഷേമനിധിയാണ് മറ്റൊരു വില്ലന്‍. ക്ഷീരകര്‍ഷകര്‍ ക്ഷേമനിധിയില്‍ അടയ്ക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ലഭിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതി വന്നതോടെ ക്ഷീരമേഖലയില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായി.

സംസ്ഥാനത്ത് മൂവായിരത്തോളം ക്ഷീര സഹകരണ സംഘങ്ങളുണ്ട്. അവയില്‍ ചിലതിന്റെ സമീപനത്തിലും കര്‍ഷകര്‍ അതൃപ്തരാണ്. കൊഴുപ്പുകുറവിന്റെയും മറ്റും പേരുപറഞ്ഞ് വില ഇടിക്കുന്നു എന്നാണ് പരാതി. ഉപയോക്താക്കളില്‍നിന്നു കൂടിയ വില ഈടാക്കുന്ന ഏജന്‍സികള്‍ ആനുപാതികമായ ന്യായവില ക്ഷീരകര്‍ഷകര്‍ക്കു നല്‍കാന്‍ മടിക്കുന്നു. പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിച്ചപ്പോഴെല്ലാം വര്‍ധനയുടെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അവകാശപ്പെടാറുള്ളത്. എന്നാല്‍, കര്‍ഷകര്‍ക്ക് പലപ്പോഴും അതിന്റെ ഗുണം ലഭിക്കാറില്ല. കേരളം കണികണ്ടുണരുന്ന നന്മ എന്ന് സ്വയം അവകാശപ്പെടുന്ന മില്‍മയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍പ്പൊടി കൊണ്ടുവന്ന് കലക്കി വിറ്റ് കൊള്ളലാഭം കൊയ്യാനാണ് മിടുക്ക്.

പാലിന്റെ വിലക്കുറവും സര്‍ക്കാരിന്റെ അവഗണനയും കാരണം കടക്കെണിയിലും വരുമാനക്കുറവിലും നട്ടംതിരിയുന്ന ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ വിഷമവൃത്തത്തിലാണ്. ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷേമപാക്കേജുകള്‍ നടപ്പാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍നിന്ന് പ്രതികരണമില്ല. കര്‍ഷക- കാര്‍ഷിക വിരുദ്ധ നടപടികളാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത് എന്നും ഇതു തുടര്‍ന്നാല്‍ ആത്മഹത്യയിലേക്കായിരിക്കും നയിക്കപ്പെടുകയെന്നും കരുതുന്നവരാണ് ക്ഷീരകര്‍ഷകരിലെ വലിയൊരു പങ്കും. അതിജീവനത്തിന് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് നയിക്കപ്പെടുകയാണ്. കാലിത്തീറ്റവിലവര്‍ധനയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ക്ഷീരകര്‍ഷക പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുക, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നത് നിരോധിക്കുക, കന്നുകാലികള്‍ക്കുള്ള രോഗപ്രതിരോധനടപടി ശക്തിപ്പെടുത്തുക, ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ വിലയ്ക്കു പുറമെ 10 രൂപ ഇന്‍സെന്റീവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. കര്‍ഷകരുടെ ജീവല്‍പ്രശ്നത്തോടൊപ്പം കേരളത്തിന്റെ നന്മ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടംകൂടിയാണ് ഇതെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: