Friday, September 27, 2013

മോഡിയും യുഡിഎഫും തമ്മിലെന്ത്

ക്ഷേത്രങ്ങളില്‍ കടന്നുകയറി വര്‍ഗീയതയുടെ വിത്തെറിയുകയായിരുന്നു ആര്‍എസ്എസ് കേരളത്തില്‍ പരീക്ഷിച്ച വളര്‍ച്ചാമാര്‍ഗങ്ങളിലൊന്ന്. ക്ഷേത്രസംരക്ഷണ സമിതികളിലൂടെയും ഉത്സവ നടത്തിപ്പുകളിലൂടെയും ആയുധപരിശീലനത്തിലൂടെയും കേരളീയന്റെ മനസ്സില്‍ മതവിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമിച്ച സ്വയംസേവക് സംഘത്തിന് ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിച്ചില്ല എന്നത് മതനിരപേക്ഷ കേരളത്തിന്റെ തിളങ്ങുന്ന അനുഭവമാണ്. ഉത്തരേന്ത്യന്‍ മാതൃകയില്‍ ആസൂത്രണംചെയ്ത വര്‍ഗീയ കലാപശ്രമങ്ങളും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് അവരാഗ്രഹിച്ചതുപോലെ സഹായകമായില്ല. നവോത്ഥാനത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന ശിവഗിരി മഠംപോലുള്ള സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കര്‍മപരിപാടിയും പരാജിതശ്രമങ്ങളുടെ പട്ടികയിലേക്ക് ആര്‍എസ്എസിനുതന്നെ കൂട്ടിച്ചേര്‍ക്കേണ്ടിവന്നു. ആ തോല്‍വികളില്‍നിന്നാണ്, "ക്ഷാത്രവീര്യത്തിന്റെയും ആത്മീയതേജസ്സിന്റെയും" സമ്മോഹന സമ്മേളനമെന്ന് അവര്‍തന്നെ വിശേഷിപ്പിക്കുന്ന അമൃതപുരി ഓപ്പറേഷനില്‍ ആര്‍എസ്എസ് എത്തിനില്‍ക്കുന്നത്. ക്ഷേത്രസന്ദര്‍ശനം, കൊട്ടാരസന്ദര്‍ശനം, അമൃതപുരിയിലെ പിറന്നാളാഘോഷം, ബിജെപി നേതൃയോഗം എന്നിവയടങ്ങുന്ന പാക്കേജുമായാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയത്. സംഘപരിവാര്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്ന നരേന്ദ്ര മോഡിയുടെ ഈ വരവ്, അമൃതാനന്ദമയി മഠം എന്ന സ്ഥാപനത്തെയും അതിനോട് ചേര്‍ന്നുനില്‍ക്കുന്നവരെയും കാവിവല്‍ക്കരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ളതാണ്. അമൃതാനന്ദമയിയെ "സ്വന്ത"മാക്കുന്നതിലൂടെ അവരുടെ ആരാധകരെ രാഷ്ട്രീയമൊത്തക്കച്ചവടംചെയ്യാനുള്ള ലാഭക്കൊതിയാണ് മോഡി അതിര്‍ത്തികടത്തി കേരളത്തിലെത്തിക്കുന്നത്.

ഗാന്ധിനഗറില്‍നിന്ന് കാവിവല്‍ക്കരണത്തിന്റെ അജന്‍ഡയുമായി എത്തിയ മോഡിക്ക്, ആ അജന്‍ഡയ്ക്ക് നിരുപാധിക പിന്തുണയുമായി ഔദ്യോഗികസംഘത്തെ ഗാന്ധിനഗറിലേക്കയച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രിപദത്തിലിരുന്ന് നരവേട്ടയുടെ അവിശ്വസനീയ "മാതൃക"കള്‍ സൃഷ്ടിച്ച മോഡി, ചോരപുരണ്ട പ്രതിച്ഛായ മാറ്റിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥസംഘം അങ്ങോട്ടുചെന്ന് പിന്തുണ നല്‍കുന്നത്. "നൈപുണ്യ വികസനം" സംബന്ധിച്ച് ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ തുടങ്ങിയ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് മുതിര്‍ന്ന ഐഎഎസുകാരടക്കമുള്ള ഒമ്പതംഗസംഘത്തെയാണ്, ഖജനാവില്‍നിന്ന് പണംചെലവഴിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അയച്ചിരിക്കുന്നത്. ആ സമ്മേളനം ഉദ്ഘാടനംചെയ്ത ശേഷമാണ് മോഡി കേരളത്തിലേക്ക് വിമാനം കയറിയത്. വികസനം സംബന്ധിച്ച് മോഡിയുടെയും കോണ്‍ഗ്രസിന്റെയും അടിസ്ഥാന കാഴ്ചപ്പാടുകള്‍ ഒന്നാണ്. രാജ്യത്തെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഇരുകൂട്ടരും പരസ്പരം പിന്തുണച്ച് ഐക്യപ്പെടുന്നതില്‍ അതിശയിക്കാനില്ല. എന്നാല്‍, വര്‍ഗീയതയുടെയും വിദ്വേഷപ്രചാരണത്തിന്റെയും കാപാലികത്വത്തിന്റെയും പ്രതീകമായി മതനിരപേക്ഷ സമൂഹം വെറുപ്പോടെ കാണുന്ന നരേന്ദ്രമോഡിയെ സഹായിക്കാനും പ്രകീര്‍ത്തിക്കാനും കേരളത്തിന്റെ പ്രതിനിധികളെ അയച്ചതെന്തിനെന്ന് യുഡിഎഫിലെ ഓരോ കക്ഷികളും വിശദീകരിക്കേണ്ടതുണ്ട്. "മോഡിപ്പേടി" കച്ചവടംചെയ്ത് വോട്ടുവാരാന്‍ നോക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നേതൃത്വം ചുരുങ്ങിയപക്ഷം സ്വന്തം അണികളെയെങ്കിലും അത് ബോധ്യപ്പെടുത്തേണ്ടിവരും.

ശിവഗിരിയില്‍ മോഡിയെ കൊണ്ടുവന്നപ്പോള്‍തന്നെ കേരളത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതാണ്. ഒരു മോഡിയുടെ വരവില്‍ ഒലിച്ചുപോകുന്നതോ ഏതാനും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കുതന്ത്രങ്ങളില്‍ തകര്‍ന്നുപോകുന്നതോ അല്ല ശ്രീനാരായണ ഗുരുദര്‍ശനവും അതില്‍നിന്നുരുത്തിരിഞ്ഞ ഉദാത്തമായ മാനവികതയും എന്നതുകൊണ്ട് ശിവഗിരിയില്‍ വിശേഷിച്ചൊന്നും സംഭവിച്ചില്ല. ശിവഗിരിയുടേതല്ല, അമൃതപുരിയുടെ രസതന്ത്രമെന്ന് സംഘപരിവാര്‍ മനസിലാക്കുന്നു. "ആത്മീയത"യുടെയും വൈകാരികതയുടെയും ആ പരിസരത്ത് ചെലവാക്കാനുള്ളതാണ് വര്‍ഗീയ രാഷ്ട്രീയമെന്ന ധാരണയിലാണ്, ഏറെനാളായി ഒരു തിരക്കഥയിലെന്നപോലെ ആര്‍എസ്എസ് അമൃതാനന്ദമയീ മഠത്തെ സമീപിക്കുന്നത്. ആ കുടിലമായ രാഷ്ട്രീയം മനസിലാക്കി പ്രതികരിക്കാനല്ല, അതിന് സര്‍വാത്മനാ സഹായംനല്‍കാനാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന യുഡിഎഫ് സംവിധാനം തയ്യാറാകുന്നത്. മോഡിയെ ക്ഷണിച്ചുകൊണ്ടുവന്ന് പുതിയ പരിവേഷത്തോടെ കേരളത്തില്‍ അവതരിപ്പിക്കുന്നതിനെ തുറന്നുകാട്ടാനോ അമൃതാനന്ദമയീമഠം അതിനു വേദിയാകുന്നതിനെ എതിര്‍ക്കാനോ തയ്യാറാകാത്തതില്‍നിന്നുതന്നെ അവരുടെ കാപട്യം തിരിച്ചറിയപ്പെടുകയാണ്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് മോഡിയുടെ ലക്ഷ്യമെങ്കില്‍ സമാനമായ വര്‍ഗീയ ലക്ഷ്യങ്ങളാണ് യുഡിഎഫിനെയും നയിക്കുന്നത്. മോഡിയെ എതിര്‍ക്കുക എന്നാല്‍ വര്‍ഗീയതയെ എതിര്‍ക്കുക എന്നാണര്‍ഥം. വര്‍ഗീയ രാഷ്ട്രീയത്തില്‍ അഭിരമിക്കുകയും അതിന്റെ ഫലം നുണയുകയും ചെയ്യുന്നവര്‍ക്ക് അത്തരം എതിര്‍പ്പുയര്‍ത്താനാവില്ല. അതുകൊണ്ടാണ് യുഡിഎഫ് എല്ലാ വര്‍ഗീയതകളെയും പുല്‍കുന്നത്. അഴിമതിയും തട്ടിപ്പും കള്ളക്കടത്തും ജാതിപ്രീണനവും വര്‍ഗീയ നിലപാടുകളും സമ്മേളിക്കുന്ന യുഡിഎഫ് എന്ന രാഷ്ട്രീയ കാപട്യത്തെയും മോഡിയുടെ വര്‍ഗീയ അജന്‍ഡയോടൊപ്പം തുറന്നുകാട്ടുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും വേണ്ടതുണ്ട്. മതനിരപേക്ഷതയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണത്.

അമൃതാനന്ദമയി മഠമെന്നല്ല, ഒരിടത്തും പ്രവേശിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത നരാധമത്വമാണ് മോഡിയിലൂടെ പ്രതീകവല്‍ക്കരിക്കപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞുള്ള പ്രചാരണവും ഇടപെടലുമാണ് ഇന്ന് കേരളത്തിനാവശ്യം. യുഡിഎഫിന്റെ അമരത്തിരുന്ന് അധികാരം നുണയുന്നവര്‍ അത്തരമൊരു ഇടപെടലിന് തയ്യാറാകില്ലെങ്കിലും, യുഡിഎഫില്‍ അണിനിരക്കുന്ന ജനങ്ങള്‍ക്ക് കാലത്തിന്റെ ഈ ആവശ്യം അവഗണിക്കാനാവില്ല. മോഡിസ്തുതിക്ക് ഗുജറാത്തിലേക്ക് പ്രതിനിധികളെ അയച്ചവര്‍ ആ ജനങ്ങളോട് കണക്കുപറഞ്ഞേ തീരൂ. മോഡിയെ രക്ഷാപുരുഷനായി അവതരിപ്പിച്ച് മഹത്വവല്‍ക്കരിക്കുന്നത് നാടിനോടും ജനതയോടുംചെയ്യുന്ന കൊടുംപാതകമാണെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 27 സെപ്തംബര്‍ 2013

No comments: