Friday, September 6, 2013

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ആത്മഹത്യയിലേക്ക്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭവും ജുഡീഷ്യല്‍ അന്വേഷണവും ഹൈക്കോടതി കേസുമെല്ലാം മുറുകുന്നതിന് മധ്യേ സംസ്ഥാന ഭരണരാഷ്ട്രീയം അസാധാരണമാംവിധം കുഴഞ്ഞുമറിയുകയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പ്രസ്താവനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തെ തടുക്കാനാകില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി എപ്പോള്‍ എന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് നടുവിലാണ് യുഡിഎഫ് അണികളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍. രാഷ്ട്രീയം, ഭരണം, കോടതി- ഈ മൂന്ന് തലങ്ങളിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അസ്ഥിരത നേരിടുകയാണ്.

ഒരുവര്‍ഷം പിന്നിട്ടപ്പോള്‍തന്നെ ഭരണം താളംതെറ്റിയതിനാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതുടങ്ങി. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ യത്നിച്ച സമുദായസംഘടനകള്‍ ഉള്‍പ്പെടെ പിന്തുണ പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്ക് പുറത്തുവന്നതോടെ യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും ജനപിന്തുണ വലിയതോതില്‍ തകര്‍ന്നു. സോളാര്‍ വിഷയം ചൂടുപിടിക്കുംമുമ്പ് മൂന്ന് ദേശീയമാധ്യമങ്ങള്‍ സംഘടിപ്പിച്ച വ്യത്യസ്ത അഭിപ്രായ വോട്ടെടുപ്പില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറുമെന്ന് ചൂണ്ടിക്കാട്ടി. ചിലര്‍ പത്ത് സീറ്റും മറ്റു ചിലര്‍ 13 സീറ്റും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് കണക്കാക്കിയത്. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്നുള്ള പുതിയ സംഭവവികാസങ്ങളും എല്‍ഡിഎഫ് നേതൃത്വത്തിലെ ബഹുജന സമരമുന്നേറ്റവും അതിനെ നേരിടുന്ന കിരാതമായ പൊലീസ് രീതികളും ജനജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നയങ്ങളും ചേര്‍ന്ന് ജനവിധികളില്‍ ഉള്‍പ്പെടെ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെടാന്‍ പോവുകയാണ്. ഇതുകൂടി തിരിച്ചറിഞ്ഞാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവി ഉടനെ ഒഴിയണം എന്നിടത്തേക്ക് സംഘടനാ നേതൃത്വമുള്ള കോണ്‍ഗ്രസിലെ പ്രബലവിഭാഗവും യുഡിഎഫിലെ ചില ഘടകകക്ഷികളും ചിന്തിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എടുക്കുന്ന പരസ്യ നിലപാടുകളെ കാണേണ്ടത്.

1980കളിലെ കരുണാകരന്‍ഭരണമാണ് ചീഫ് വിപ്പ് എന്ന പദവി സൃഷ്ടിച്ചത്. അന്ന് മന്ത്രിയാകാന്‍ കഴിയാതിരുന്ന മുസ്ലിംലീഗിലെ സീതി ഹാജിയെ തൃപ്തിപ്പെടുത്താനാണ് ആ പദവി സൃഷ്ടിച്ചത്. മന്ത്രിപദവിയുള്ള ചീഫ് വിപ്പ് സര്‍ക്കാരിന്റെ ഉച്ചഭാഷിണിയാണ്. അങ്ങനെയുള്ള ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ സമഗ്രമായ കുറ്റപത്രമാണ് കേരള സമൂഹത്തിനുമുന്നില്‍ സമര്‍പ്പിച്ചത്. 10,000 കോടി രൂപ തട്ടാനുള്ളതായിരുന്നു സോളാര്‍ കുംഭകോണം, ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്, തട്ടിപ്പുകാരായ സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും വ്യക്തിബന്ധം പുലര്‍ത്തുകയുംചെയ്തു, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഗണ്‍മാന്‍ സലിംരാജ്, ജിക്കുമോന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത് തെറ്റായ നടപടിയാണ്- ഇങ്ങനെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ആക്ഷേപമോ വസ്തുതയോ ഉന്നയിച്ച ജോര്‍ജ് ഒടുവില്‍ പറഞ്ഞത്, മുഖ്യമന്ത്രിയില്‍ തനിക്കുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നാണ്. അഴിമതിയിയില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉമ്മന്‍ചാണ്ടി നല്ലവനില്‍ നല്ലവന്‍ എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അരഞ്ഞാണം പാമ്പായപോലെയാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തന്ത്രങ്ങള്‍ മെനയുന്ന വേന്ദ്രനാണ് മുഖ്യമന്ത്രിയെന്നും ധാര്‍മികമായി അദ്ദേഹം തെറ്റുചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഒരു അന്വേഷണത്തിനും അദ്ദേഹത്തെ രക്ഷപ്പെടുത്താനാകില്ലെന്നും ദൈവംപോലും ശിക്ഷിക്കുമെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഈ അഭിപ്രായപ്രകടനങ്ങളിലൂടെ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് എം എന്നീ കക്ഷികളടക്കം ഉള്‍പ്പെടുന്നതും ഉമ്മന്‍ചാണ്ടി നയിക്കുന്നതുമായ സര്‍ക്കാര്‍ അഴിമതിത്തൊഴുത്തായി മാറിയിരിക്കുന്നുവെന്നാണ് ചീഫ് വിപ്പ് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.

പി സി ജോര്‍ജിന്റെ വ്യക്തിഗുണങ്ങളെപ്പറ്റിയുള്ള ചരിത്രം ഇപ്പോള്‍ ചികയേണ്ടതില്ല. "മൂര്‍ഖനാണവന്‍; പക്ഷെയാക്കൊള്ളി- വാക്കിലില്ലയോ വാസ്തവനാളം" എന്ന വൈലോപ്പിള്ളിയുടെ കാവ്യശകലം ജോര്‍ജിന്റെ ഇപ്പോഴത്തെ നിലപാടുകളില്‍ ഓര്‍മിക്കാം. അതിനപ്പുറം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് എത്തിച്ച മന്ത്രിപദവിയുള്ള ചീഫ് വിപ്പിന്റെ താല്‍പ്പര്യവും പരിഗണിക്കാം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ 19 അംഗങ്ങള്‍ക്കൊപ്പം മന്ത്രിപദവിയുള്ള ഭരണകര്‍ത്താവാണ് ജോര്‍ജ്. അങ്ങനെയുള്ള ഒരു നേതാവ് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആക്ഷേപം ഉന്നയിച്ചാല്‍ മുന്നണിയുടെ ചെയര്‍മാനും മന്ത്രിസഭയുടെ തലവനുമായ ഒരാള്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇവിടെ ഭരണത്തിന്റെ കൂട്ടുത്തരവാദിത്തംമാത്രമല്ല, ഭരണഘടനയുടെ അന്തഃസത്തതന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആക്ഷേപം ഉന്നയിച്ച ചീഫ് വിപ്പിനെ 24 മണിക്കൂറിനുള്ളില്‍ ആ സ്ഥാനത്തുനിന്ന് നീക്കിയേനെ. ഭരണപക്ഷത്തെ ഒരു എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആക്ഷേപം ഉന്നയിച്ചപ്പോള്‍ ആ എംഎല്‍എയെ മുന്നണിയില്‍നിന്ന് പുറത്താക്കിയ പാരമ്പര്യമാണ് കേരളം കാണിച്ചിട്ടുള്ളത്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച ഭരണപക്ഷ എംഎല്‍എയുടെ സ്ഥാനം എവിടെയായി എന്ന് ആത്മാഭിമാനത്തിന്റെ കണിക ശേഷിക്കുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അന്വേഷിക്കണം. വിമോചനസമരത്തിനുശേഷമുണ്ടായ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ്- പിഎസ്പി മുന്നണിയുടെ മുഖ്യമന്ത്രിയായി പട്ടം താണുപിള്ള ഭരിക്കുമ്പോഴായിരുന്നു ആക്ഷേപം. ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസിന് യന്ത്രം വാങ്ങിയ വകയില്‍ കമീഷനായി ബോംബെയിലെ മനുഭായി ഷാ കമ്പനിയില്‍നിന്ന് പട്ടത്തിന്റെ ജാമാതാവായ പട്ടം കൃഷ്ണപിള്ള തിരുവനന്തപുരത്ത് നടത്തുന്ന "കേരളജനതാ" പ്രസിന് ഒരു പ്രസ് നല്‍കിയെന്ന ആക്ഷേപം 1961 മാര്‍ച്ചിലെ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഇതിനു ശക്തിപകര്‍ന്ന് അഴിമതിയില്‍ പട്ടത്തിനു മാത്രമല്ല ഭാര്യക്കും പങ്കുണ്ടെന്ന ആക്ഷേപം പിഎസ്പി അംഗമായ സി ജി ജനാര്‍ദനന്‍ ഉന്നയിച്ചു. അത് കോളിളക്കമായി. സി ജി ജനാര്‍ദനനെ ഭരണമുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും പുറത്താക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ലെന്ന് പട്ടം പ്രഖ്യാപിച്ചു. അങ്ങനെ സി ജിയെ പാര്‍ടിയില്‍നിന്നും മുന്നണിയില്‍നിന്നും പുറത്താക്കി. എന്നാല്‍, സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന പി സി ജോര്‍ജിനെ മുന്നണിയില്‍നിന്ന് പുറത്താക്കാനോ നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനോട് ആവശ്യപ്പെടാനോ അല്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാനോ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. ഇത് ഇന്ത്യന്‍ ഭരണചരിത്രത്തില്‍തന്നെ ഒരു മുഖ്യമന്ത്രിയും നേരിടാത്ത അപമാനകരമായ ദൗര്‍ബല്യമാണ്. ഇത് ചെയ്യാന്‍ പ്രാപ്തിയില്ലാത്ത മുഖ്യമന്ത്രിയാകട്ടെ, വളഞ്ഞ വഴിയിലൂടെ ജോര്‍ജിനെ ആക്രമിക്കുന്നു. അതിനുവേണ്ടി കോണ്‍ഗ്രസിലെ സ്വന്തം ഗ്രൂപ്പുകാരെ ഇളക്കിവിടുന്നു. മറുവശത്ത് പുതിയ കാര്‍ കൊടുക്കുന്നത് തടഞ്ഞ് ഭരണനടപടി എടുക്കുന്നു. ചീഫ് വിപ്പ് പദവിയില്‍നിന്ന് ജോര്‍ജിനെ മാറ്റാന്‍ കഴിയാത്തതുപോലെതന്നെ, ചീഫ് വിപ്പായി തുടരുന്ന ജോര്‍ജിനുനേരെ ഒളിപ്പോരു നടത്തുന്നതും ഉമ്മന്‍ചാണ്ടിയുടെ ശക്തിയെയല്ല ബലക്ഷയത്തെയാണ് കാണിക്കുന്നത്. ജോര്‍ജിന്റെ ഉദ്ദേശ്യം എന്തുതന്നെയായാലും- ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെയോ കെ എം മാണിയെയോ മുഖ്യമന്ത്രിയാക്കുക എന്ന കാര്യം ഉള്‍പ്പെടെ- ജോര്‍ജിന്റെ ഉമ്മന്‍ചാണ്ടിക്കെതിരായ പ്രവൃത്തി വസ്തുനിഷ്ഠമായി ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുയോജ്യമാണ്. ജനങ്ങളാല്‍ വെറുക്കപ്പെട്ട ഉമ്മന്‍ചാണ്ടി അധികാരം ഒഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ജനകീയ മുദ്രാവാക്യത്തെ ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു എന്നിടത്താണ് ജോര്‍ജിന്റെ പ്രസക്തി. ഇത് തിരിച്ചറിഞ്ഞാണ് കേരളകോണ്‍ഗ്രസ് എം എന്ന രാഷ്ട്രീയകക്ഷി ഏറെക്കുറെയും അതിന്റെ നേതാവ് കെ എം മാണി മനസ്സുകൊണ്ടും ജോര്‍ജിനെ പിന്തുണയ്ക്കുകയോ തള്ളിപ്പറയാതിരിക്കുകയോ ചെയ്യുന്നത്. ഇതുവഴി യുഡിഎഫ് എന്ന രാഷ്ട്രീയ സംവിധാനത്തിന് വലിയ വിള്ളല്‍ വീണിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ അഴിമതിവാഴ്ച അവസാനിപ്പിക്കാന്‍ ഈ ഭരണത്തോട് എതിര്‍പ്പുള്ള എല്ലാ പാര്‍ടികളും ഗ്രൂപ്പുകളും ഒരു പാര്‍ടിയിലുംപെടാത്തവരും രഹസ്യമായും പരസ്യമായും രംഗത്തുവരുന്ന സ്ഥിതിയാണ്. ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണത്തിനുപിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നത് മുസ്ലിംലീഗ് മാത്രമാണ്. ഇങ്ങനെ ഉമ്മന്‍ചാണ്ടിയെ താങ്ങുന്നവരും താഴത്തിറക്കാന്‍ ആഗ്രഹിക്കുന്നവരും എന്ന വിധത്തില്‍ ഭരണമുന്നണിയില്‍ രണ്ടുചേരി രൂപംകൊണ്ടിരിക്കുന്നു. യുഡിഎഫിനുള്ളില്‍നിന്നുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയെ താഴത്തിറക്കാം എന്ന ചിന്തയിലാണ് അതിനുള്ളില്‍ കലാപം കൂട്ടുന്ന കക്ഷികളും നേതാക്കളും ഗ്രൂപ്പുകളും. ഇത് എത്രത്തോളം സാധിതപ്രായമാകും എന്നത് വരുംനാളുകള്‍ തെളിയിക്കും.

ഹൈക്കോടതിയുടെ പരിഗണനയില്‍ വ്യാഴാഴ്ച എത്തിയ പുതിയ ഹര്‍ജിയും അതിന്മേല്‍ എഡിജിപി നല്‍കിയ വിശദീകരണ പ്രസ്താവനയും കോടതിയുടെ തുടര്‍നടപടികളുമെല്ലാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലനില്‍പ്പിനുമുന്നിലെ ചോദ്യചിഹ്നമാണ്. ഓരോ കോടതി കേസിനെയും പേടിക്കുന്ന അവസ്ഥയിലാണിന്ന് ഉമ്മന്‍ചാണ്ടി. എന്നാല്‍, ഇതിനെല്ലാമപ്പുറം നിര്‍ണായകമായി മാറുന്നത് ജനകീയ ഇച്ഛയും അത് പ്രതിഫലിപ്പിക്കുന്ന എല്‍ഡിഎഫിന്റെ ബഹുജനപ്രക്ഷോഭത്തിന്റെ ശക്തിയുമാകും. ഇത് തിരിച്ചറിഞ്ഞ് ഇപ്പോള്‍തന്നെ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് ഉമ്മന്‍ചാണ്ടിക്ക് നല്ലത്. ഇല്ലെങ്കില്‍ സ്വന്തം രാഷ്ട്രീയ ഭാവിതന്നെ ഇല്ലാതാകുന്ന രാഷ്ട്രീയ ആത്മഹത്യയാവും ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്. അതായത് ഒരിക്കല്‍ മുഖ്യമന്ത്രിപദവി ഒഴിഞ്ഞ കെ കരുണാകരനും എ കെ ആന്റണിയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചുവരവ് നടത്തിയ ചരിത്രം ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെടും എന്ന്.

*
ആര്‍ എസ് ബാബു ദേശാഭിമാനി 06 സെപ്തംബര്‍ 2013

No comments: