Sunday, September 22, 2013

ദില്‍മയുടെ രാഷ്ട്രീയധീരത

ബ്രസീലില്‍ അഭയം കണ്ടെത്തിയ ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്റെ മകളാണ് ദില്‍മ റൂസേഫ്. എന്നാല്‍, ദില്‍മയെ മാര്‍ക്സിസത്തിലേക്ക് നയിച്ചത് ഫ്രഞ്ച് രാഷ്ട്രീയചിന്തകനായ റജിസ് ദെബ്രെയുടെ രചനകളാണ്. അഭയാര്‍ഥിയായി എത്തിയ ദില്‍മയുടെ പിതാവ് പെദ്രോ റൂസേഫിന് ബ്രസീലില്‍ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായിരുന്നു. ചെറുകിട കരാര്‍പണികള്‍ ചെയ്ത് അദ്ദേഹം കുടുംബം പുലര്‍ത്തി. പോര്‍വീര്യം രക്തത്തില്‍ കലര്‍ന്ന ദില്‍മ ഹൈസ്കൂളില്‍ പഠിക്കവെതന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായി. സൈനിക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരായി പൊരുതി വളര്‍ന്ന ദില്‍മയ്ക്ക് അനീതികളോട് അനുരഞ്ജനപ്പെടാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല. ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന പദവിയില്‍ എത്താനും ഇപ്പോള്‍ അമേരിക്ക തന്റെ രാജ്യത്തോട് കാണിച്ച അപമര്യാദയ്ക്ക് ചുട്ട മറുപടി നല്‍കാനും ദില്‍മയ്ക്ക് കഴിഞ്ഞത് ഈ രാഷ്ട്രീയനിലപാടിന്റെ ബലത്തിലാണ്. അമേരിക്ക ബ്രസീലില്‍ നടത്തിയ ചാരപ്പണിയില്‍ പ്രതിഷേധിച്ച് ദില്‍മ റൂസേഫ് വാഷിങ്ടണ്‍ സന്ദര്‍ശനം റദ്ദാക്കിയത് ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക സംഭവവികാസമായി. ഇന്ത്യയിലുംഅമേരിക്ക വ്യാപകമായ ചാരപ്പണി നടത്തുന്നതായി എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ ലജ്ജാകരമായ മൗനത്തിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒക്ടോബര്‍ 27ന് അമേരിക്ക സന്ദര്‍ശിക്കുകയുമാണ്. ദില്‍മയുടെ ധീരമായ നിലപാടിന്റെ പ്രസക്തി ഇവിടെയാണ്.

ബ്രസീലില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ഓരോ കാലത്തും ദില്‍മ തീക്ഷ്ണമായി പ്രതികരിച്ചിട്ടുണ്ട്. 1961ല്‍ ബ്രസീലില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരിനെ 1964ല്‍ സൈന്യം അട്ടിമറിച്ചു. അമേരിക്ക ഈ അട്ടിമറിക്ക് പിന്തുണ നല്‍കി. സൈനികസര്‍ക്കാര്‍ രാജ്യത്ത് പൗരാവകാശങ്ങള്‍ നിഷേധിക്കുകയും പൊതുപ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുകയും ചെയ്തു. വിദ്യാഭ്യാസബജറ്റ് വിഹിതം പകുതിയായി വെട്ടിക്കുറച്ചു. അന്ന് വിദ്യാര്‍ഥിനിയായിരുന്ന ദില്‍മ ഇതിനെതിരായ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. തുടര്‍ന്ന് മാര്‍ക്സിസ്റ്റ് ഒളിപ്പോരാളിയായി. രഹസ്യപ്രവര്‍ത്തനത്തിനിടെ 1970ല്‍ സാവോപോളോയില്‍ അറസ്റ്റിലായ ദില്‍മയെ സൈന്യം ഞെട്ടിപ്പിക്കുന്ന മര്‍ദനമുറകള്‍ക്ക് വിധേയയാക്കി. വൈദ്യുതിഷോക്ക് അടിപ്പിക്കുകയും ലാത്തിപോലുള്ള ആയുധംകൊണ്ട് ദേഹമാസകലം ഉരുട്ടുകയുംചെയ്തു. 22 ദിവസം നീണ്ട പീഡനത്തിനുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും 1973ല്‍ മോചിപ്പിച്ചു. സമരസഖാവും ജീവിതപങ്കാളിയുമായ കാര്‍ലോസ് അരൗജോയുടെ സ്ഥലമായ പോര്‍ട്ടോ അലിഗ്രയിലെത്തി പഠനം തുടര്‍ന്ന ദില്‍മ "77ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. ഇതിനിടെ, ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായി. ഇപ്പോള്‍ അഭിഭാഷകയായ പൗള റൂസേഫ്. കുറച്ചുകാലം ജോലിചെയ്ത ദില്‍മ പിന്നീട് അത് ഉപേക്ഷിച്ച് പഠനം തുടര്‍ന്നു.

എണ്‍പതുകളുടെ ആദ്യം ദില്‍മയും അരൗജോയും ലയണല്‍ ബ്രിസോളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയില്‍ (പിഡിടി) ചേര്‍ന്നു. സൈനികഭരണം തകര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ പിഡിടി അധികാരത്തില്‍ വന്നതോടെ ദില്‍മയ്ക്ക് സര്‍ക്കാരില്‍ പല ചുമതലകളും ലഭിച്ചു. ഊര്‍ജസെക്രട്ടറിയായും ഊര്‍ജമന്ത്രിയായും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. രാജ്യത്തിന്റെ ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഖനി, വാര്‍ത്താവിനിമയം തുടങ്ങിയ വകുപ്പുകളും കൈകാര്യംചെയ്തു.

പിഡിടിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന്, 2001ല്‍ ലുല ഡിസില്‍വയുടെ നേതൃത്വത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടിയില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം ലുല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ പ്രചാരണത്തിന്റെ ചുമതല ദില്‍മയാണ് വഹിച്ചത്. ലുല മന്ത്രിസഭയില്‍ ദില്‍മ വീണ്ടും ഊര്‍ജമന്ത്രിയായി. പ്രസിഡന്റിന്റെ ഓഫീസ് മേധാവിക്ക് 2005ല്‍ ഒരു ആരോപണത്തെതുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നപ്പോള്‍ ദില്‍മ ആ സ്ഥാനത്തെത്തി. 2009ല്‍ അര്‍ബുദരോഗബാധിതയായ ദില്‍മ ആ വെല്ലുവിളിയും അതിജീവിച്ചു. രോഗവിവരം പരസ്യമായി പ്രഖ്യാപിച്ചശേഷമാണ് ചികിത്സ തേടിയത്. ലുലയുടെ ഭരണകാലാവധി പൂര്‍ത്തിയായപ്പോള്‍ അദ്ദേഹംതന്നെയാണ് തന്റെ പിന്‍ഗാമിയായി ദില്‍മയെ പ്രഖ്യാപിച്ചത്. ലുലയുടെ ജനക്ഷേമ സാമ്പത്തികനയങ്ങള്‍ പിന്തുടരുമെന്നു പ്രഖ്യാപിച്ച ദില്‍മയെ ജനങ്ങള്‍ അംഗീകരിച്ചു. ഈ ജനപിന്തുണയുടെ കരുത്തിലാണ് ദില്‍മ അമേരിക്കയുടെ അഹന്തയ്ക്ക് അര്‍ഹിക്കുന്ന പ്രഹരം നല്‍കിയത്.

*
സാജന്‍ എവുജിന്‍

No comments: