Thursday, December 31, 2009

വളരുന്ന സാമൂഹ്യ സംഘര്‍ഷങ്ങളും ഇന്ത്യന്‍ രാഷ്‌ട്രീയവും

ഒരു ലോൿസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു 2009ന്റെ ആദ്യഘട്ടത്തിലെ രാഷ്‌ട്രീയം രൂപപ്പെട്ടത്. ആണവക്കരാറില്‍ ഒപ്പിട്ട ഇന്ത്യാ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ ആടിയുലഞ്ഞുവെങ്കിലും സമാജ്‌വാദി പാര്‍ടിയുടെയും ഇന്ത്യന്‍ കോര്‍പറേറ്റ് മൂലധനത്തിന്റെയും പിന്തുണയോടെ പിടിച്ചുനിന്നു. തുടര്‍ന്ന് സമാജ്‌വാദി പാര്‍ടിയുമായും മറ്റു സഖ്യശക്തികളുമായും കോണ്‍ഗ്രസിന് കനത്ത വിലപേശല്‍ നടത്തേണ്ടിവന്നു. ബിജെപിക്ക് സ്വന്തം സുഹൃത്തുക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതെ വന്നത് കോണ്‍ഗ്രസിനെ ഏറെ പിന്തുണച്ചു. സിംഗൂര്‍ - നന്ദിഗ്രാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും കോണ്‍ഗ്രസിന് സഹായകരമായി.

അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിക്കുന്നുവെന്ന ആശങ്ക നിലനിന്നിരുന്നു (ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്). ഐടി രംഗത്തുനടന്ന പിരിച്ചുവിടലുകളും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍പോലുള്ള ബാങ്കുകള്‍ നേരിട്ട പ്രശ്‌നങ്ങളും ഈ ധാരണ ശക്തിപ്പെടുത്തി. ഗവണ്‍മെന്റ് ധനോത്തേജകമാര്‍ഗങ്ങള്‍ സ്വീകരിച്ച് മാന്ദ്യത്തെ നേരിട്ടു. പക്ഷേ, ഇന്ത്യയിലെ ശക്തമായ പൊതുമേഖലാ നിക്ഷേപങ്ങളും റിസര്‍വ് ബാങ്ക് പോലെയുള്ള സംവിധാനങ്ങളുമാണ് മാന്ദ്യത്തിന്റെ ആഘാതത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് എന്ന് ഇന്ത്യാ ഗവണ്‍മെന്റിന് സമ്മതിക്കേണ്ടിവന്നു.

യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരായും വര്‍ഗീയശക്തികള്‍ക്കെതിരായും പോരാടുന്നതിന്റെ ഭാഗമായി ഇടതുപക്ഷം മൂന്നാംമുന്നണി എന്ന മുദ്രാവാക്യമുയര്‍ത്തി. തെരഞ്ഞെടുപ്പു മുദ്രാവാക്യമായല്ല അതുയര്‍ത്തിയതെങ്കിലും തെരഞ്ഞെടുപ്പടുത്തുവരുന്ന സാഹചര്യങ്ങളില്‍ മൂന്നാംമുന്നണി ചര്‍ച്ചകളും ശക്തിപ്പെട്ടു. പൊതുവായി മൂന്നാംമുന്നണി വളര്‍ന്നുവന്നില്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ സഖ്യങ്ങളുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് മാധ്യമങ്ങളായിരുന്നു. ലോൿസഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എങ്ങനെ മാധ്യമങ്ങള്‍ "സമയം'' വിറ്റു കാശാക്കി പണച്ചാക്കുകള്‍ക്കുവേണ്ടി പ്രചരണം നടത്തി എന്നത് പി സായ്‌നാഥ് വസ്‌തുതാസഹിതം വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവുമധികം കോടീശ്വരന്മാര്‍ അണിനിരന്നതും ഏറ്റവുമധികം പണമൊഴുകിയതുമായ തെരഞ്ഞെടുപ്പും അതുതന്നെയായിരുന്നു. പ്രധാനപ്പെട്ട ക്യാമ്പെയ്ന്‍ പോയിന്റുകളെയും രാഹുല്‍ഗാന്ധിയെപ്പോലുള്ള താരങ്ങളെയും അണിനിരത്തിയതും മാധ്യമങ്ങളായിരുന്നു. സിംഗൂര്‍, നന്ദിഗ്രാം പോലുള്ള പ്രശ്‌നങ്ങളെ കേന്ദ്ര ബിന്ദുവാക്കിയതും കര്‍ഷകരുടെയും നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും ദരിദ്രരുടെയും പ്രശ്‌നങ്ങള്‍ തമസ്‌ക്കരിച്ചതും മാധ്യമങ്ങള്‍ തന്നെ. ആണവക്കരാറിനെച്ചൊല്ലി ഇടതുപക്ഷവുമായി പടയ്‌ക്കിറങ്ങിയതും താജിലെ ഭീകരാക്രമണത്തിലെ സെക്യുരിറ്റി വീഴ്‌ചകളെ തമസ്‌ക്കരിച്ച് യുപിഎ സര്‍ക്കാരിനെ രക്ഷപ്പെടുത്തിയതും മാധ്യമങ്ങളായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും പിഡിപിയുമായുള്ള ബന്ധവും കേന്ദ്രീകരിച്ച് പ്രചരണത്തിന്റെ താളം തെറ്റിച്ചതും അവര്‍ തന്നെ. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു പുതിയ ശക്തി ഇപ്രാവശ്യം വ്യക്തമായി അവതരിച്ചു. കോര്‍പറേറ്റ് മുതലാളിത്തത്തിന് നേരിട്ടുപയോഗിക്കാന്‍ കഴിയുന്ന ശക്തമായ ആയുധത്തെയും ലഭിച്ചു.

2009ലെ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ ജയം ആഘോഷിക്കപ്പെട്ട രീതി ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു. കോണ്‍ഗ്രസിനും നേരിട്ടുള്ള സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പുതിയ സഖ്യകക്ഷികളോടൊപ്പം നേരിയ ഭൂരിപക്ഷം നേടിയെടുക്കുകയാണുണ്ടായത്. തുടര്‍ന്ന് ബിജെപി സഖ്യവും ഇടതുപക്ഷവുമൊഴിച്ചുള്ള മറ്റെല്ലാവരും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചു. ബിജെപിക്ക് മാധ്യമങ്ങള്‍ നല്‍കിയ ശതമാനത്തിനടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് നേരിട്ട പരാജയവും കോണ്‍ഗ്രസിനെ സഹായിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും 1984ല്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് സമാനമായ വിജയമായാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. സങ്കീര്‍ണ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനു ലഭിച്ച നേരിയ ജയം നവലിബറലിസത്തിന്റെ വന്‍വിജയമായിമാറി.

ഈ ആഘോഷത്തിന് രണ്ട് തലങ്ങള്‍ കൂടിയുണ്ടായിരുന്നു. 2004ല്‍ ബിജെപി സര്‍ക്കാരിനെതിരായ വോട്ടായിരുന്നു കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍തോതില്‍ മുന്നേറാന്‍ കഴിഞ്ഞ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് യുപിഎ സര്‍ക്കാര്‍ നിലനിന്നതും. ഇടതുപക്ഷവുമായി ഉണ്ടാക്കിയ പൊതുമിനിമം പരിപാടിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ യുപിഎ സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നു. പൊതുമിനിമം പരിപാടിയാണ് നവലിബറല്‍ സാമ്പത്തിക'ക്കുമിള'കളില്‍നിന്ന് കരകയറാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ട തൊഴിലുറപ്പു പദ്ധതിപോലെയുള്ള പരിപാടികളാണ് യുപിഎ സര്‍ക്കാരിന്റെ വിജയങ്ങളായി തെരഞ്ഞെടുപ്പുകാലത്ത് എടുത്തു കാട്ടിയിരുന്നതും ഇന്നും എടുത്തു കാട്ടപ്പെടുന്നതും. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനുശേഷം പൊതുമിനിമം പരിപാടി ഇല്ലാതായി. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നിര്‍ബാധം പിന്തുടരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഇത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഒരു കാരണമായി. ആണവക്കരാറിനോടുള്ള എതിര്‍പ്പിനെ ചൊല്ലി ഇടതുപക്ഷത്തെ കൂട്ടത്തോടെ എതിര്‍ത്തവര്‍ പിന്നീട് കരാര്‍ വ്യവസ്ഥകളെയും എന്‍പിടിയെയും സംബന്ധിച്ച് അമേരിക്ക സ്വീകരിച്ചുപോന്ന കര്‍ക്കശവും ഏകപക്ഷീയവുമായ നിലപാടുകളെ സംബന്ധിച്ച് മൌനം പാലിച്ചു. ഈയടുത്ത് അമേരിക്കയുടെ നിര്‍ബന്ധമനുസരിച്ച് ആണവപ്രശ്‌നത്തില്‍ ഇന്ത്യ ഇറാനെതിരായി വോട്ടു ചെയ്‌തു. അത് നമ്മുടെ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ വന്നതുപോലുമില്ല.

അധികാരത്തില്‍ വന്നതിനുശേഷം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും നവലിബറല്‍ കാഴ്‌ചപ്പാടനുസരിച്ചു തന്നെയായിരുന്നു. എഫ്‌ഡിഐയുടെ വ്യാപനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, വിദ്യാഭ്യാസരംഗത്തും എല്ലാ സര്‍വീസ് മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കല്‍ തുടങ്ങി ഗവണ്‍മെന്റ് സര്‍വീസുകളിലെ തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കല്‍ വരെ എല്ലാ മേഖലകളിലും നവലിബറല്‍ നയങ്ങള്‍ നിര്‍ബാധം തുടരുന്നു. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നൊഴികെ മറ്റു മേഖലകളില്‍നിന്ന് ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതുമില്ല. 2009ന്റെ രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി മറികടന്നു എന്ന ആത്മവിശ്വാസം ഗവണ്‍മെന്റില്‍ വളര്‍ത്തിയിരിക്കുകയാണ്. തീര്‍ച്ചയായും നവലിബറല്‍ നയങ്ങളുടെ കൂടുതല്‍ ശക്തമായ രൂപങ്ങള്‍ സമീപഭാവിയില്‍ തന്നെ നമുക്കു പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പു വിജയത്തിന് രണ്ടാമതൊരു തലം കൂടിയുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ നിര്‍ണായകമാകാവുന്ന തലമാണത്. കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഒരു കോര്‍പറേറ്റ് മാനേജ്‌മെന്റ് യൂണിറ്റായി മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനകളായ കെഎസ്‌യൂവിലും യൂത്ത് കോണ്‍ഗ്രസിലും ഭാരവാഹികള്‍ നിയോഗിക്കപ്പെട്ട രീതി ഉദാഹരണമാണ്. അതായത് സ്വന്തം ദേശീയവാദി-ഗാന്ധിയന്‍ ഭൂതകാലം പിഴുതെറിഞ്ഞ് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ജിഹ്വയായി മാറുന്നുവെന്നര്‍ത്ഥം. അതിനോടൊപ്പം ഇന്നത്തെ കാലത്ത് ഇന്ത്യയെപ്പോലെ സങ്കീര്‍ണവും സംഘര്‍ഷപൂരിതവുമായ ഒരു രാജ്യത്ത് പ്രയോഗിക്കാവുന്ന ആശയസംഹിതയും കോണ്‍ഗ്രസ് രൂപപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ "സാധാരണ മനുഷ്യന്‍'' (ആം ആദ്മി) ഇതിന്റെ സൂചനയാണ്. വിദര്‍ഭക്കാരി കലാവതിയുടെ വീട്ടിലെ കത്താത്ത വിളക്കുകളെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന, റോഡിലെ റസ്റ്റോറന്റില്‍നിന്ന് പൊറോട്ട തിന്നുകയും വഴിവക്കിലെ ജനങ്ങളോട് വര്‍ത്തമാനം പറയുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ "പാവങ്ങളുടെ രാജകുമാരന്‍'' പരിവേഷം വളരെ ശ്രദ്ധാപൂര്‍വം ആവിഷ്‌ക്കരിക്കപ്പെട്ട പരസ്യതന്ത്രമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പാവപ്പെട്ടവരുടെ സമ്മതം നേടിയെടുക്കാതെ കോര്‍പറേറ്റ് മുതലാളിത്തത്തിന് നിലനില്‍ക്കാനാവുകയില്ല. സമ്മതം നേടണമെങ്കില്‍ വ്യത്യസ്ത സമൂഹവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനതന്ത്രങ്ങള്‍ ആവിഷ്കരിക്കണം. അതായത് ജയ്‌ ജവാന്‍ ജയ് കിസാന്‍, ഗരീബി ഹടാവോ, ഇരുപതിനപരിപാടി തുടങ്ങിയവയുടെ നവലിബറല്‍ പതിപ്പ് വേണം. അപ്പോള്‍ കോര്‍പറേറ്റ് മുതലാളിത്ത നയങ്ങള്‍ നിര്‍ബാധം തുടരാം; അതിനോടൊപ്പം അത്തരം നയങ്ങള്‍ക്ക് അനുപൂരകമായി ചില പണ്ഡിതന്മാര്‍ "സോഷ്യല്‍ ഡെമോക്രാറ്റിക്'' എന്നു വിളിക്കുന്ന ആനുകൂല്യ പാക്കേജുകളും നല്‍കാം. യുപിഎ ഗവണ്‍മെന്റിന്റെ കണ്ണില്‍ തൊഴിലുറപ്പുപദ്ധതി, ഈയിടെ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമം മുതലായവ ഇത്തരം പാക്കേജുകളാണ്. ഇത്തരം പാക്കേജുകള്‍ കേന്ദ്ര പദ്ധതികളായി ഇനിയും പ്രത്യക്ഷപ്പെടും. ഒരു വശത്ത് അവ സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും ഫണ്ടിങ്ങിനെയും കാര്‍ന്നുതിന്നും. മറുവശത്ത് നവലിബറല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മഹാമനസ്‌ക്കതയെക്കുറിച്ചു പ്രസംഗിക്കാനും നല്‍കാത്ത ഫണ്ട് എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നും നല്‍കിയ ഫണ്ടിലെ അസ്വീകാര്യമായ നിബന്ധനകള്‍ കൊണ്ടുണ്ടാകുന്ന കാലതാമസത്തെ ചൊല്ലിയും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെ ആരോപണമുന്നയിക്കാനും സഹായിക്കും. അതായത് അധികാരകേന്ദ്രീകരണവും ഉദാരമനസ്‌ക്കതയും ഒരേസമയത്ത് കൊണ്ടുനടക്കാവുന്ന "സാധാരണ മനുഷ്യര്‍ക്കു''ള്ള പാക്കേജുകള്‍ നവലിബറല്‍ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമാവുകയാണ്.

നവലിബറല്‍ പ്രതിസന്ധി ഒഴിവാക്കിയതായി ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിവേഗത്തില്‍ വ്യാപിക്കുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം നിത്യോപയോഗ വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ്. പ്രാദേശിക വിപണികളില്‍ വിപണനം ചെയ്യപ്പെട്ടുപോന്നിരുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വ്യഞ്ജനങ്ങളുടെയും വിനിമയത്തില്‍ വന്‍ബിസിനസ്സുകാരും ഊഹക്കച്ചവടക്കാരും ഇടപെട്ടുതുടങ്ങിയതിന്റെ ഏറ്റവും പ്രകടമായ ഫലമാണിത്. നവലിബറല്‍ നയങ്ങളുടെ ഫലമായി സൃഷ്‌ടിക്കപ്പെട്ട വിലക്കയറ്റം തടയാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാരുകളെ പഴി ചാരുകയാണ് ഇപ്പോള്‍ ചെയ്‌തുവരുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിഭീമമായ സാമ്പത്തിക ഭാരമേറ്റെടുത്താണ് വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

കാര്‍ഷികരംഗത്തെ തകര്‍ച്ച മറ്റൊരു പരിണതഫലമാണ്. ഒരു കാലത്ത് സ്വയംപര്യാപ്‌തമായിരുന്ന ഇന്ത്യന്‍ കാര്‍ഷികരംഗം അതിവേഗത്തില്‍ തകരുകയാണ്. കാര്‍ഷികമേഖലയില്‍ സ്ഥിരം തൊഴിലില്ലാത്തവരുടെ എണ്ണം 40 ശതമാനത്തോളം വരും. കാര്‍ഷികരംഗത്തെ തൊഴില്‍ദിനങ്ങളും കുറയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലുള്ളപ്പോള്‍ തന്നെയാണ് ഇന്ത്യ തെക്കു കിഴക്കേ ഏഷ്യയിലെ രാജ്യങ്ങളോടൊപ്പം ആസിയാന്‍ കരാറില്‍ ഒപ്പിട്ടത്. കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കും മല്‍സ്യബന്ധനം മുതലായ മേഖലകള്‍ക്ക് ഗുണകരമായിരിക്കുമെന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. കരാറിലെ നെഗറ്റീവ് ലിസ്റ്റിനെ സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായിട്ടില്ല. ഒരു രാജ്യത്തിന്റെ നെഗറ്റീവ് ലിസ്റ്റില്‍പെടുന്ന വസ്‌തു മറ്റൊരു രാജ്യത്തിന് ആദായകരമായി മാറാമെന്നതുകൊണ്ട് അതില്‍ ഒരു ഒത്തുതീര്‍പ്പെത്താന്‍ വിഷമവുമാണ്. കൂടാതെ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്ട മല്‍സ്യബന്ധനംപോലുള്ള മേഖലകളെ കരാര്‍ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാണ്.

ആസിയാന്‍ കരാര്‍ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന വസ്‌തുതയുമുണ്ട്. ഇന്ത്യയിലെ കാര്‍ഷികരംഗം സ്വതന്ത്ര വാണിജ്യ വ്യവസ്ഥയിലേക്കു വരുന്നുവെന്നതാണത്. കരാറിലെ സബ്‌ജക്റ്റ് ലിസ്റ്റ്, നെഗറ്റീവ് ലിസ്റ്റ് തുടങ്ങിയവയെ സംബന്ധിച്ചുയര്‍ന്നുവന്ന ചര്‍ച്ചയില്‍ ഗവണ്‍മെന്റിന്റെ നിലപാടു തന്നെ സ്വതന്ത്ര കമ്പോളത്തില്‍ മല്‍സരിച്ച് മുന്നേറുന്നതിലാണ് ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ സാധ്യത എന്നായിരുന്നു. വരുന്ന ഡബ്ള്യുടിഒ സമ്മേളനത്തിലെ ചര്‍ച്ചകളും കാര്‍ഷികരംഗത്തെ ചൊല്ലിയാണ്. "പശ്ചാത്തല സൌകര്യങ്ങള്‍'' വികസിപ്പിക്കുന്നതില്‍ ഗവണ്‍മെന്റും പ്ളാനിങ് കമ്മീഷനും കാണിക്കുന്ന ആവേശവും (നിര്‍ദ്ദിഷ്‌ടമായ നാഷണല്‍ എൿസ്പ്രസ് വേ ഉദാഹരണമാണ്) കൃഷിയെ വാണിജ്യ വിപണന വലയത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. അപ്പോള്‍ കാര്‍ഷികരംഗം കരാറുകാരുടെയും അഗ്രി ബിസിനസുകാരുടെയും നിയന്ത്രണത്തിലേക്ക് വരുമെന്നത് ഉറപ്പാണ്. ഭൂമിയുടെ നല്ലൊരു ഭാഗവും റിയല്‍ എസ്റ്റേറ്റുകാരുടെയും നിര്‍മ്മാണ ലോബിയുടെയും കൈവശവും വന്നുചേരും. ഭരണകര്‍ത്താക്കള്‍ സ്ഥിരമായി സൂചിപ്പിക്കുന്നതുപോലെ, വളര്‍ച്ചാനിരക്കുകള്‍ ഉയരും. പക്ഷേ, ദരിദ്ര ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൃഷിയില്‍നിന്നും ഭൂമിയില്‍നിന്നും പുറത്താക്കപ്പെടുകയും ചെയ്യും.

കാര്‍ഷികരംഗത്തെ ഈ ദുരവസ്ഥ ഇപ്പോള്‍ തന്നെ പ്രകടമാകുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോയി നഗരങ്ങളിലും വരുമാനം കിട്ടുന്ന മറ്റിടങ്ങളിലും ("ഗള്‍ഫ്'' സംസ്ഥാനമായ കേരളമടക്കം) ചേക്കേറുകയാണ്. സ്ഥിരമായ ഒരു കുടിയേറ്റത്തെയല്ല ഇതു കാണിക്കുന്നത്. സീസണല്‍ സ്വഭാവമുള്ള ഒരു കുടിമാറ്റത്തെയാണ്. ഒരു വര്‍ഷത്തില്‍ ആറുമാസം വീതമോ അല്ലെങ്കില്‍ രണ്ടുമൂന്നുവര്‍ഷം അടുപ്പിച്ചോ ജോലി ചെയ്യുകയും കിട്ടിയ സമ്പാദ്യവുമായി തിരിച്ചുപോവുകയും ചെയ്യുന്ന പ്രവണതയാണിത്. ഗ്രാമീണ തൊഴില്‍മേഖല മൊത്തത്തില്‍ സ്‌തംഭിച്ചിരിക്കുകയാണെന്നും ദേശീയ തൊഴിലുറപ്പു പദ്ധതിയടക്കമുള്ള ഗ്രാമീണ തൊഴില്‍പദ്ധതികള്‍ മിക്ക സംസ്ഥാനങ്ങളിലും ഫലപ്രദമല്ലെന്നും ഇതു പ്രകടമാക്കുന്നു. (കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി ഇതേ വിമര്‍ശനമുണ്ടായിട്ടുണ്ട്. പക്ഷേ, കേരളത്തിലെ കൂലിനിരക്കു കൂടുതലാണെന്ന വസ്‌തുത, ഇവര്‍ മറക്കുന്നു. ഈ ഉയര്‍ന്ന കൂലിനിരക്കാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നതെന്ന വസ്‌തുതയും.)

ഇതേ അവസ്ഥ തന്നെ കാര്‍ഷികരംഗത്തെ സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് കൃഷി സ്വതന്ത്ര വിപണിയുടെയും അഗ്രി ബിസിനസിന്റെയും ഭാഗമാകുകയും നിര്‍മ്മാണ കമ്പനികളും ഭൂമാഫിയയും ഭൂമി കയ്യടക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് ചെറുകിട കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം അസഹ്യമായിതീരുന്നു. ഇത് പല വിധത്തിലുള്ള സംഘര്‍ഷങ്ങളിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ക്കും അതിവേഗ പാതകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കലിനെതിരായ സമരങ്ങള്‍, ഭൂമാഫിയയുടെ കയ്യേറ്റങ്ങള്‍ക്കെതിരായ സമരങ്ങള്‍, ഭൂപ്രഭുത്വത്തിനെതിരായ സമരങ്ങള്‍ എന്നിങ്ങനെ പലതും ഇതിന്റെ ഭാഗമാണ്. കൃഷിയുടെ തകര്‍ച്ചയുടെ ഫലമായി ഭക്ഷ്യസുരക്ഷയും പൊതുവിതരണ സമ്പ്രദായവും തകരുമ്പോള്‍ പ്രാദേശിക സമരങ്ങള്‍ പലതും സമഗ്രമായ പൊട്ടിത്തെറികളായി മാറിയേക്കാം.

ഇത്തരം ജനകീയ പോരാട്ടങ്ങളുടെ നേതൃത്വം ആരു വഹിക്കണം എന്നതു ചര്‍ച്ചാവിഷയമാണ്. മഹാരാഷ്‌ട്ര മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള ഇന്ത്യയിലെ ഏറ്റവും പിന്നോക്ക കാര്‍ഷികമേഖലയിലെ സമരങ്ങളുടെ നേതൃത്വം അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുന്നത് മാവോയിസ്റ്റുകളാണ്. പഴയ സിപിഐ (എംഎല്‍)ന്റെ പിന്തുടര്‍ച്ചക്കാരാണെന്നു അവകാശപ്പെട്ടു രംഗത്തുവരുന്ന അവര്‍ ഉന്മൂലനതന്ത്രം ഉള്‍പ്പെടെയുള്ള സായുധ സമരമാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അവരുടെ ലഭ്യമായ രേഖകള്‍ കാണിക്കുന്നത് ഇന്നത്തെ നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് ഇന്ത്യയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകളുടെയും ആ സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന സമരതന്ത്രങ്ങളെയുംകുറിച്ച് വ്യക്തമായ കാഴ്‌ചപ്പാട് അവര്‍ക്കില്ലെന്നതാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നും അതിനെതിരായി ഉപയോഗിക്കേണ്ടിവരുന്ന അടവുകളെക്കുറിച്ചുള്ള നിലപാടുകളില്‍നിന്നും അവര്‍ മാറിയിട്ടില്ല. വന്നിട്ടുള്ള പ്രധാന മാറ്റം ജാതീയതയെക്കുറിച്ചുള്ള നിലപാടുകളിലാണ്. ദളിത - ആദിവാസി വിഭാഗങ്ങളുടെ അവകാശസമരങ്ങളെ അവരുടെ സ്വത്വസമരങ്ങളായി കാണുകയും ഭൂമിയോടുള്ള അവരുടെ ബന്ധത്തെ സാമുദായികതയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്വത്വരാഷ്‌ട്രീയത്തിന്റെ തലങ്ങള്‍ അവരുടെ നിലപാടുകളില്‍ കാണാം. മാവോ പ്രതിനിധീകരിച്ച മാര്‍ൿസിസത്തില്‍നിന്നു പോലുമുള്ള വ്യക്തമായ പിന്മാറ്റമാണിത്. അതുകൊണ്ട് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥയെ നവലിബറല്‍ മുതലാളിത്തത്തിന്റെയും കോര്‍പറേറ്റ് മൂലധനത്തിന്റെയും ജന്മിത്വത്തിന്റെയും ഇടപെടലുമായി ബന്ധപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്റ്റേറ്റിന്റെ മര്‍ദ്ദനനയത്തിന്റെ വര്‍ഗസ്വഭാവം ഉള്‍ക്കൊള്ളാതെ സ്വത്വാധിഷ്‌ഠിതമായ ചെറുത്തുനില്‍പായി അവര്‍ സമരങ്ങളെ മാറ്റുന്നു. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ (ഈ ചങ്ങാത്തം മേദിനിപ്പൂരില്‍ രാജധാനി എൿസ്പ്രസ് തടഞ്ഞ സംഭവത്തില്‍ പ്രകടമായതാണ്) പിണിയാളുകളായി അവര്‍ മാറുകയും ചെയ്യുന്നു. അവരുടെ ഉന്മൂലനതന്ത്രം സിപിഐ എമ്മിനു നേരെ തിരിയുന്നു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വഴി തെളിയിച്ച വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളെ ഗൌരവപൂര്‍വമായി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെ നീതീകരിക്കാന്‍ കഴിയില്ല. ആത്യന്തികമായി ഇന്നത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിത കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുകയില്ല. അതേസമയം കേവലം ഭീകരവാദികളായി മുദ്രകുത്തി അവരെ അമര്‍ച്ച ചെയ്യാനുള്ള സ്റ്റേറ്റിന്റെ നീക്കം ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുക്കിയ വസ്‌തുനിഷ്ഠ സാഹചര്യങ്ങളുടെനേരെ കണ്ണടയ്‌ക്കുകയാണ്. ഒരുവശത്ത് മാവോയിസ്റ്റ് - സാഹസികതയെ വിമര്‍ശിക്കുമ്പോള്‍ തന്നെ മറുവശത്ത് നവലിബറല്‍ ബൂര്‍ഷ്വാ-ഭൂപ്രഭുനയങ്ങള്‍ക്കെതിരായ ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരേണ്ട ആവശ്യകതയിലും ഊന്നേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജസ്ഥാനിലും ആന്ധ്രയിലും വളര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇതിന് വഴികാട്ടികളാണ്. അതേ വഴി തന്നെ ഉണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുടെ വന്‍സാധ്യതകള്‍ വെളിപ്പെട്ടുവരുന്നു.

സ്വത്വരാഷ്‌ട്രീയവും മാവോയിസ്റ്റുകളും തമ്മിലുള്ള സന്ധിപോലെ, മറ്റു പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയൊട്ടാകെ പടര്‍ന്നു കിടക്കുന്ന നിരവധി മതരാഷ്‌ട്രീയ ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനങ്ങളും ഇതില്‍ പ്രധാനമാണ്. 26/11ലെ സ്‌ഫോടനത്തിനുശേഷവും അതിനുമുമ്പും ഇന്ത്യയൊട്ടാകെ നടന്ന സ്‌ഫോടന ശ്രമങ്ങളുടെ ചുരുളുകള്‍ ഡേവിഡ് ഹെഡ്‌ലിയെയും തഹാവൂര്‍റാണയെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍നിന്നും തടിയന്റവിട നസീറിന്റെ അറസ്റ്റില്‍നിന്നും തുറന്നുതരികയാണ്. ഇസ്ളാമിക് സ്വത്വരാഷ്‌ട്രീയത്തിന്റെ ആഴവും അതിന്റെ അന്താരാഷ്‌ട്രബന്ധങ്ങളും ഇപ്പോള്‍ വ്യക്തമാകുന്നു. അത് ഏതൊക്കെ മേഖലകള്‍ വരെ വ്യാപിക്കുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ട് ബിജെപിയുടെ രാഷ്‌ട്രീയ സ്വാധീനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക സ്വാധീനത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അംഗീകാരമുള്ള വാജ്‌പേയി - അദ്വാനി നേതൃത്വം ഇല്ലാതാകുന്നതോടെ, ബിജെപിക്ക് വ്യക്തമായ ആര്‍എസ്എസ് പ്രതിഛായയും സ്വഭാവവും വരാനുള്ള സാധ്യത ഏറെയാണ്. അതായത്, നവലിബറല്‍ മുതലാളിത്തത്തിന്റെ നയങ്ങളും അത് ജനങ്ങളുടെ നിലനില്‍പില്‍ വരുത്തുന്ന അനിശ്ചിതത്വവും സ്വത്വരാഷ്‌ട്രീയത്തിന്റെ, പ്രത്യേകിച്ച് ഹിന്ദു - മുസ്ളീം രാഷ്‌ട്രീയത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും അതുവഴി പരസ്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യത ഏറെയാണ്. ഇപ്പോള്‍ ബിജെപിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളെ മറികടക്കാന്‍ അവര്‍ ഉപയോഗിക്കാനിടയുള്ള തന്ത്രവും ഇത്തരം സംഘര്‍ഷങ്ങളാണ്. ഇതിന് സമൂഹത്തില്‍ ഒരു വിഭാഗം പിന്തുണയ്‌ക്കാനുള്ള സാധ്യതയുമുണ്ട്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് മുഴുവന്‍ ബിജെപി നേതൃത്വത്തെയും ബാബ്റി മസ്‌ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദികളാക്കി പ്രതിക്കൂട്ടില്‍ കയറ്റിയിട്ടും അതിനോടുള്ള പ്രതികരണം തണുപ്പനാകുന്നതും ശ്രദ്ധേയമാണ്. നവലിബറല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ഹിന്ദുത്വവാദികളെയും മുസ്ളീം രാഷ്‌ട്രീയക്കാരെയും പിണക്കാന്‍ താല്‍പര്യമില്ല. രാഹുല്‍ഗാന്ധിയുടെ ആം ആദ്മി രാഷ്‌ട്രീയം സ്വത്വവാദികള്‍ക്ക് കടന്നുകയറാന്‍ പറ്റുന്ന ഇടങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

അന്താരാഷ്‌ട്രതലത്തില്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തോട് കീഴടങ്ങുന്ന നയം ഇന്ത്യന്‍ ഭരണകൂടം തുടരുന്നു. അതേസമയം, പാകിസ്ഥാനോടും ചൈനയോടും ഇന്ത്യ സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കരുതെന്ന താല്‍പര്യം മൂലധനശക്തികള്‍ക്കുണ്ട്. പാകിസ്ഥാനെതിരായി മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകള്‍ ഉദാഹരണമാണ്. ഈയിടെയായി ചൈനയെയും ഇന്ത്യയെയും തമ്മില്‍ പിണക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഒരു ചൈനീസ് വിമാനം വഴി തെറ്റി കൊല്‍ക്കത്തയ്‌ക്കു മുകളിലൂടെ പറന്നതാണ് ആദ്യം വിവാദങ്ങള്‍ക്കിടയാക്കിയത്. കേന്ദ്ര ഗവണ്‍മെന്റ് തന്നെ അതിനെച്ചൊല്ലിയുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടു. പിന്നീട്, അരുണാചല്‍ പ്രദേശ് അതിര്‍ത്തി ചൈന ലംഘിച്ചു കടക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെയും തുടക്കം ഇതേ അതിര്‍ത്തിയായിരുന്നെന്നോര്‍ക്കുക. അതും ഇന്ത്യാ-ചൈനാ ചര്‍ച്ചകളിലൂടെ തന്നെ പരിഹരിക്കപ്പെട്ടു. പിന്നീട് 1982ല്‍ ചൈന പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കി. ടിബറ്റന്‍ പ്രശ്‌നവും മാധ്യമങ്ങളില്‍ അടിയ്‌ക്കടി ഉയര്‍ന്നുവന്നു. ഇത്തരം വാര്‍ത്തകള്‍ തികച്ചും നിഷ്‌ക്കളങ്കമായ പത്രപ്രവര്‍ത്തനമാണെന്നു കരുതാനാവില്ല. അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലും വളര്‍ന്നുവരുന്ന ബന്ധങ്ങള്‍ തകര്‍ക്കുന്നതില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കും താല്‍പര്യമുണ്ടെന്നു തന്നെയാണ് അനുമാനിക്കേണ്ടത്.

പക്ഷേ, വസ്‌തുനിഷ്‌ഠ സാഹചര്യങ്ങള്‍ വ്യത്യസ്‌ത ദിശയിലേക്ക് നീങ്ങുന്നത് കാണേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം അമേരിക്കയുടെ അന്താരാഷ്‌ട്ര വിലപേശല്‍ ശേഷി കുറച്ചിരിക്കുകയാണ്. ദരിദ്ര രാഷ്‌ട്രങ്ങളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിക്കുന്നുവെന്ന് ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെ വ്യക്തമാക്കുന്നു. ഡബ്ള്യുടിഒ ചര്‍ച്ചകളിലും ദരിദ്ര രാഷ്‌ട്രങ്ങളുടെ ശക്തമായ വിലപേശല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏറ്റവുമവസാനമായി, ഇപ്പോള്‍ നടന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ കാലാവസ്ഥ ദുരന്തങ്ങളുടെയും ആഗോളതാപനത്തിന്റെയും വില ദരിദ്ര രാഷ്ട്രങ്ങളുടെ തലയില്‍ കെട്ടി വെയ്‌ക്കാനുള്ള ശ്രമത്തിനെതിരെ ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണകൊറിയയുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഒന്നിച്ചുനീങ്ങി. അതേസമയം, ഒബാമയുടെ ആണവനയവും "ഭീകരവാദികള്‍''ക്കെതിരായ നയവും ബുഷില്‍നിന്ന് വ്യത്യസ്‌തമല്ലെന്ന ധാരണ പടര്‍ത്തുന്നു. സമാധാനത്തിന് നോബല്‍ സമ്മാനം വാങ്ങുന്ന വേളയില്‍ (എന്തിനാണ് അദ്ദേഹത്തിന് സമ്മാനം കൊടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല) "നീതിക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ ആകാമെന്ന് ഒബാമ പറഞ്ഞത് ശ്രദ്ധേയമാണ്. ഒബാമ നിലകൊള്ളുന്ന സാമൂഹ്യനീതി നവലിബറലിസത്തിന്റെതാണ്. സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം വളര്‍ന്നുവരുമ്പോള്‍ നവലിബറല്‍ നീതിക്കുവേണ്ടി വീണ്ടും യുദ്ധം നടത്താന്‍ അമേരിക്ക തയ്യാറാകുമെന്ന മുന്നറിയിപ്പാണിത്. സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളും തമ്മിലും, അമേരിക്കയ്‌ക്കെതിരായി പ്രത്യേകിച്ചും വളര്‍ന്നുവരാനിടയുള്ള സംഘര്‍ഷങ്ങളുടെ വിവിധ സൂചനകളാണ് ഇവയെല്ലാം.

ഈ വൈരുധ്യത്തില്‍ ഇന്ത്യന്‍ മുതലാളിത്തം എന്തു നിലപാടെടുക്കുമെന്നത് ഇപ്പോള്‍ തന്നെ പ്രകടമാണ്. മുതലാളിത്ത മല്‍സരവേദിയിലെ പ്രധാനകക്ഷികളിലൊന്നായി ഇന്ത്യന്‍ കുത്തകകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവരില്‍ചിലര്‍ അന്താരാഷ്‌ട്രതലത്തിലേക്ക് വളര്‍ന്നുവരികയും ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും പല ഏഷ്യന്‍ രാജ്യങ്ങളിലും അവരുടെ നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇന്ത്യന്‍ കുത്തകകള്‍ സാമ്രാജ്യത്വത്തിന്റെ വലയത്തിലേക്ക് ഇഴുകിച്ചേരുമ്പോള്‍ തന്നെ പുറന്തള്ളപ്പെടുകയും റിസര്‍വ് സൈന്യമാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമാന്ദ്യംമൂലം പല രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ തൊഴില്‍മേഖലയില്‍നിന്നു പുറത്തുവരുന്നു. വിദഗ്ദ്ധ തൊഴിലാളികളടക്കം തൊഴില്‍സേനയുടെ വലിയ ഭാഗം അസ്ഥിര തൊഴിലാളികളായി മാറുകയാണ്. ഇവരുടെ തൊഴിലിന്റെയും നിലനില്‍പിന്റെയും പ്രശ്‌നങ്ങള്‍ പ്രധാന നൈതിക പ്രശ്‌നമായി വളര്‍ന്നുവരുകയാണ്.

ചൂഷിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെന്ന നിലയില്‍ അതിതീവ്രമായി പ്രവര്‍ത്തിക്കേണ്ട നാളുകളാണ് ഇന്ത്യന്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായരംഗവും തൊഴില്‍രംഗവും, തകരുന്ന കാര്‍ഷികവ്യവസ്ഥ, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന സേവനരംഗം, ശിഥിലീകരിക്കപ്പെടുന്ന രാഷ്‌ട്രീയവും സംസ്‌ക്കാരവും എന്നിവ സമൂഹത്തെയും സമ്പദ്ഘടനയെയും രാഷ്‌ട്രീയത്തെയുംകുറിച്ച് പുതിയ കാഴ്‌ചപ്പാടുകളും പ്രവര്‍ത്തനതലങ്ങളും അനിവാര്യമാക്കുന്നു. ഇതുവരെ പ്രവര്‍ത്തനത്തില്‍ കടന്നുവന്നിട്ടുള്ള ഭിന്നതകളും വിഭാഗീയതയും ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളാണ് വളര്‍ന്നുവരുന്നത്. ഇന്നത്തെ വൈരുദ്ധ്യങ്ങളില്‍ എത്രമാത്രം ഫലപ്രദമായും സര്‍ഗാത്മകമായും ഇടപെടുന്നു എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഘടകമാകും.

****

ഡോ. കെ എന്‍ ഗണേശ്

Wednesday, December 30, 2009

ലോകം രണ്ടായിരത്തി ഒമ്പതില്‍

2009ലെ ലോകത്തെപ്പറ്റി സമഗ്രമായ ഒരു അവലോകനത്തിന് ഇവിടെ ഉദ്യമിക്കുന്നില്ല. ചില പ്രധാന സംഭവഗതികളും പ്രവണതകളും പരാമര്‍ശിക്കപ്പെടുന്നുവെന്നുമാത്രം. അവയുടെതന്നെയും രണ്ടുതരത്തിലുള്ള അപഗ്രഥനമില്ല.

2009 അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വര്‍ഷമായിരുന്നുവെന്നു പറയാം. 2009 ജനുവരിയില്‍ അദ്ദേഹം അധികാരത്തിലെത്തിയെന്നതുകൊണ്ടു മാത്രമല്ല അധികാരത്തിലെത്തുമ്പോള്‍ ഒബാമ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്നതുംകൊണ്ട്.

കാരണങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ പ്രധാനം, അദ്ദേഹത്തിന്റെ മുന്‍ഗാമി ബുഷാണ് ലോകത്തെ ഇന്നത്തെ സ്ഥിതിയിലാക്കിയതെന്നതുതന്നെ. ഒരു ആഗോള സൈനിക സാമ്രാജ്യം നിര്‍മ്മിക്കുന്നതിനുള്ള ബുഷ് ഭരണകൂടത്തിന്റെ നയങ്ങള്‍ ലോകം മുഴുവന്‍ സ്വാധീനം ചെലുത്തി: പൊതുവെ ദോഷകരമായ സ്വാധീനം . ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെപേരില്‍ രണ്ടു രാജ്യങ്ങളില്‍ അധിനിവേശം, പല രാഷ്ട്രങ്ങള്‍ക്കും സൈനിക ഭീഷണി. ഒട്ടനവധിരാഷ്ട്രങ്ങളില്‍ സൈനികവല്‍ക്കരണവും അമേരിക്കയുമായുള്ള സൈനിക സഖ്യവും, നീതിക്കുവേണ്ടിയുള്ള പല സമരങ്ങളുടെയും അടിച്ചമര്‍ത്തല്‍. ഇവയ്ക്കെല്ലാം പുറമെ വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധി.

മാറ്റത്തിന്റെ കാഹളം മുഴക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമയില്‍ പ്രതീക്ഷകളര്‍പ്പിച്ചത് അമേരിക്കക്കാര്‍ മാത്രമായിരുന്നില്ല. വാഗ്ദാനങ്ങളുടെയും പ്രത്യാശകളുടെയും ഒരു വലിയ ചുമടുമായാണ് അദ്ദേഹം വൈറ്റ്ഹൌസിലെത്തിയത്.

അതുകൊണ്ടുതന്നെ ലോകത്തോട്, മറ്റു രാജ്യങ്ങളോട്, പ്രശ്നങ്ങളോട് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകളുണ്ടായി. എന്നാല്‍ അത്തരം മാറ്റമൊന്നുമുണ്ടായില്ലെന്നതാണ് വാസ്തവം. ബുഷിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് ഒബാമയുടേത്. അവയെ അവതരിപ്പിക്കുന്ന ശൈലിയില്‍ മാറ്റമുണ്ട്. ജനസമ്മതി മുതലാക്കി, രാഷ്ട്രങ്ങളില്‍ സ്വാധീനംചെലുത്തി അമേരിക്കയുടെ ശക്തി പ്രകടിപ്പിക്കാനാണ് ഒബാമ ശ്രമിക്കുന്നത്. ഇത് ലളിതമായ ഒരു പ്രക്രിയയല്ല.

ഇറാഖിനെ സംബന്ധിച്ചിടത്തോളം ബുഷ് ഭരണകാലത്തിന്റെ അവസാനത്തില്‍ സ്വീകരിച്ച ഘട്ടംഘട്ടമായ പിന്മാറ്റമെന്ന നയംതന്നെയാണ് ഒബാമ തുടരുന്നത്. പിന്മാറ്റത്തെപ്പറ്റി നേരത്തെ ഒബാമ നിര്‍ദ്ദേശിച്ചിരുന്ന സമയവിവര പട്ടിക ഉപേക്ഷിച്ച് ബുഷിന്റേതുതന്നെ സ്വീകരിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യങ്ങളെ അയക്കുകയുമാണുണ്ടായത്.

ഇറാന്റെ കാര്യത്തില്‍ യുദ്ധം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ തള്ളിക്കളയാതെ ഉപരോധങ്ങള്‍ തുടരുകയാണ് ഒബാമ - ബുഷിന്റെ നയംതന്നെ. നാറ്റോ വികസനത്തെ സംബന്ധിച്ചും ബുഷിന്റെ നയംതന്നെ - പഴയ സോവിയറ്റുയൂണിയനില്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്നുവെന്ന ധാരണ മാറ്റുന്നതോടൊപ്പം ഉക്രെയിനിലേക്കും, ജോര്‍ജിയയിലേക്കും നാറ്റോയെ വികസിപ്പിക്കുക.

നയങ്ങളുടെ തുടര്‍ച്ചയും ശൈലിയിലെ മാറ്റവുമെന്ന് പറയുമ്പോള്‍, മറ്റു രാജ്യങ്ങള്‍ക്കും അമേരിക്കയെ സംബന്ധിച്ചിടത്തോളം ബുഷ് ഭരണകാലത്തുണ്ടായിരുന്ന പ്രതിഛായമാറ്റാനാണ് ഒബാമയുടെ ശ്രമം. ബുഷ് ഭരണകൂടം അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെ അവഗണിച്ചുവെന്നതായിരുന്നു ഒബാമയുടെ ഒരു പ്രധാന വിമര്‍ശനം. ലോകാഭിപ്രായത്തെ അമേരിക്കയ്ക്ക് അനുകൂലമാക്കാനാണ് ഒബാമ ശ്രമിക്കുന്നത്. ഇതില്‍ കുറെയൊക്കെ വിജയിച്ചുവെന്നത് വാസ്തവമാണ്. ഒട്ടനവധി രാഷ്ട്രങ്ങളുടെയും, പൊതുജനങ്ങളുടെയും സന്മനോഭാവം ഒബാമയ്ക്കുണ്ട്. ഇത് ഒരു നേട്ടമാണെന്ന് പറയേണ്ടിയിരിക്കുന്നു.

മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കയെപ്പറ്റിയുള്ള ധാരണ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ഒബാമ ബുഷിന്റെ സാമ്രാജ്യത്വ നയങ്ങള്‍തന്നെ തുടരുകയാണ്. പക്ഷേ ഈ ധാരണാമാറ്റവും ഒബാമയുടെ നടപടികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നയപരിപാടികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍ അവ വിജയിക്കുന്നുമില്ല.

ക്യൂബയോടും, ഇറാനോടും പുതിയ സമീപനമുണ്ടെന്ന് ഒബാമ പറയുമ്പോള്‍ ആ രാഷ്ട്രങ്ങള്‍ക്ക് അത് വിശ്വാസജനകമായി തോന്നുന്നില്ല. ഇസ്ളാമിക ലോകത്തോടുള്ള പുതിയ സമീപനം (കെയ്റോ പ്രസംഗം) പശ്ചിമേഷ്യയിലെ യു എസ് ബന്ധങ്ങളിലോ, നയങ്ങളിലോ ഒരു മാറ്റവുമുണ്ടാക്കിയില്ല.

റഷ്യയ്ക്കാണെങ്കില്‍ ഒബാമയെപ്പറ്റി ആഴത്തിലുള്ള സംശയങ്ങളുണ്ട്. അമേരിക്കയുടെ ജോര്‍ജിയാ നയവും, നാറ്റോ വികസനവുമൊക്കെയാണ് ഇതിനു കാരണം.

യൂറോപ്പിലാണ് ഒബാമയുടെ തന്ത്രം നിര്‍ണ്ണായകമാകുന്നത്. ബുഷിന്റെ ഭരണകാലത്ത് യൂറോപ്പ് മൂന്നു തട്ടുകളിലായിരുന്നു; പ്രത്യേകിച്ചും ഇറാഖ് യുദ്ധത്തിന്റെ ഫലമായി അമേരിക്കയെ അനുകൂലിച്ച രാഷ്ട്രങ്ങള്‍; (ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയവ) വിമര്‍ശിച്ച രാഷ്ട്രങ്ങള്‍; (ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയവ), അമേരിക്കയുടെ കൂടെനിന്ന പൂര്‍വ യൂറോപ്പിലെ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനിലുമൊക്കെ കൂടി പുതിയൊരു സ്വത്വബോധം ഉണ്ടാക്കാന്‍ ശ്രമിച്ച യൂറോപ്പിനുള്ളില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കി.

സ്വന്തമായ നയങ്ങളില്ലാതെ, അല്ലെങ്കില്‍ അത്തരം നയങ്ങളുണ്ടാക്കാന്‍ അമേരിക്ക അനുവദിക്കാതെ, അമേരിക്കയുടെ നയങ്ങളെയും യുദ്ധങ്ങളെയും പിന്താങ്ങുന്ന കുറെ രാഷ്ട്രങ്ങളാണ് യൂറോപ്പിലുള്ളതെന്ന ധാരണയുണ്ടായി. അമേരിക്കയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും, അവയുടെ ഫലമായുള്ള വിദേശ സാഹസങ്ങള്‍ക്കും യൂറോപ്പിന്റെ പിന്തുണ ഉണ്ടാകുകയില്ലെന്ന സന്ദേശമാണ് ഒബാമയ്ക്ക് യൂറോപ്പില്‍നിന്നും ലഭിക്കുന്നത്. കഴിവതും യുദ്ധ സാഹസങ്ങള്‍ ഒഴിവാക്കുക; ആവശ്യമായി വന്നാല്‍ യൂറോപ്പിന്റെ അംഗീകാരത്തോടുകൂടെ മാത്രം നടത്തുക. അമേരിക്കയോടുള്ള യൂറോപ്പിന്റെ മനോഭാവം മാറിയാല്‍ അമേരിക്കയുടെ യുദ്ധസാഹസങ്ങള്‍ക്കു യൂറോപ്പ് പിന്തുണ നല്‍കുമെന്നാണ് ഒബാമയുടെ കണക്കുകൂട്ടല്‍. യൂറോപ്പുമായി ഏതു പരിധിവരെ കൂടിയാലോചനകള്‍ക്കു തയ്യാറാണെന്ന് ഒബാമ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഒബാമയുടെ വിദേശ നയത്തിന്റെ വിരോധാഭാസം ഇതുതന്നെ; സാമ്രാജ്യത്വയുദ്ധങ്ങള്‍ തുടരുക, സമാധാനത്തിനായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുക. സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹംചെയ്ത പ്രസംഗം പ്രകടമാക്കിയത് ഈ വിരോധാഭാസമാണ്. സമാധാനത്തിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ യുദ്ധം രൂക്ഷമാകുന്നത്; അതിനുവേണ്ടിത്തന്നെയാണ് ഇറാനെതിരെയും ഉത്തരകൊറിയയ്ക്കെതിരെയുമുള്ള ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്-ഒബാമ അവകാശപ്പെട്ടു.

ഒബാമയുടെ നയങ്ങളെപ്പറ്റിയുള്ള അവലോകനത്തില്‍ പരാമര്‍ശിച്ച ഏതാനും സ്ഥിതിവിശേഷങ്ങളെപ്പറ്റി ചില കാര്യങ്ങള്‍ കൂടെ പറയേണ്ടിയിരിക്കുന്നു.

ഇവയില്‍ ഏറ്റവും പ്രധാനം അഫ്ഗാനിസ്ഥാന്‍തന്നെ. അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ ഒബാമ സ്വീകരിച്ച നിലപാട് അഫ്ഗാന്‍ യുദ്ധം "ആവശ്യകതയുടെ യുദ്ധം'' (war of necessity) എന്നാണ്. ഇറാഖ് യുദ്ധത്തിന് അത്തരം ആവശ്യകതയില്ലായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയിടെ അദ്ദേഹം ആ പദപ്രയോഗം ഉപേക്ഷിച്ചതായി തോന്നി.

നോബല്‍ സമ്മാന പ്രസംഗത്തില്‍ അഫ്ഗാന്‍ യുദ്ധം "നീതിപൂര്‍വകമായ യുദ്ധ'' (just war ) മാണെന്ന് ഒബാമ സൂചിപ്പിച്ചു. പക്ഷേ അത്തരം യുദ്ധങ്ങള്‍ക്ക് അദ്ദേഹംതന്നെ നല്‍കിയ മാനദണ്ഡങ്ങളനുസരിച്ച് അത് നീതിപൂര്‍വകമായ യുദ്ധമല്ല. അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ് 2001 സെപ്തംബര്‍ 11-ാം തീയതി അമേരിക്കയില്‍ ആക്രമണം നടത്തിയതെന്ന് ഒബാമ പറഞ്ഞു. ഇത് വാസ്തവമല്ല. ആക്രമണം നടത്തിയത് സൌദി പൌരന്മാരായിരുന്നു. ആസൂത്രണംചെയ്തത് അല്‍ഖൊയ്ദയായിരുന്നു പക്ഷേ അല്‍ഖൊയ്ദ അഫ്ഗാന്‍ ഗവണ്‍മെന്റിന്റെയോ താലിബാന്റെയോ നിയന്ത്രണത്തിലായിരുന്നില്ല. സെപ്തംബര്‍ 11ലെ ആക്രമത്തില്‍ താലിബാന് പങ്കുണ്ടായിരുന്നുമില്ല.

ഒബാമയുടെ കുറ്റംകൊണ്ടല്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്താണ് അഫ്ഗാന്‍ സ്ഥിതിവിശേഷം കൂടുതല്‍ വഷളായതും പാകിസ്ഥാന്‍ ശിഥിലീകരണത്തിന്റെ വക്കിലെത്തിയതും. അമേരിക്കന്‍ നയത്തില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒറ്റപ്രശ്നമാണ്-"അഫ്പാക്''. അഫ്ഗാനിസ്ഥാനില്‍ വിജയിക്കാനാണ് മുപ്പതിനായിരം പുതിയ സൈനികരെ അമേരിക്ക അവിടേക്ക് അയച്ചത്. പക്ഷേ എന്താണ് വിജയം എന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ നേതൃനിരയിലും, സൈനിക നേതൃത്വത്തിലും, നാറ്റോ നേതൃത്വത്തിലും അഭിപ്രായഭിന്നതകളുണ്ട്. ഏറ്റവുംഒടുവിലത്തെ പ്രഖ്യാപിത ലക്ഷ്യം താലിബാനെ ബലഹീനമാക്കുകയെന്നതാണ്. പക്ഷേ ആ ലക്ഷ്യത്തോട് എങ്ങനെയാണ് അടുക്കേണ്ടതെന്ന് അറിഞ്ഞുകൂടെന്നു മാത്രം. ഒബാമയുടെ വിയറ്റ്നാമാണ് അഫ്ഗാനിസ്ഥാനെന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നു.

2009ലെ പ്രധാന ലോക സംഭവങ്ങളിലൊന്ന് പരാജയത്തിലേക്കെന്ന് തോന്നിപ്പിക്കുന്നവിധത്തിലുള്ള പാകിസ്ഥാന്റെ പ്രയാണമാണ്. പാകിസ്ഥാന്‍തന്നെ സൃഷ്ടിച്ചു വളര്‍ത്തിയ താലിബാന്‍ ഇന്ന് പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണിയാണ്. വിവിധ അധികാരകേന്ദ്രങ്ങളുണ്ടെന്നത് പാകിസ്ഥാന്റെ ആഭ്യന്തര - വിദേശനയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. പാകിസ്ഥാനില്‍നിന്നുള്ള ഭീകര സംഘടനകള്‍ പാകിസ്ഥാനുള്ളിലും പുറത്തും നടത്തുന്ന അക്രമങ്ങള്‍ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി തീര്‍ന്നിരിക്കുകയാണ്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുടങ്ങി; ഇനിയും പുനരാരംഭിച്ചിട്ടില്ല. 2009ല്‍ ലോകത്തിലെ ഏറ്റവും കലുഷിതവും, സ്ഫോടനാത്മകവുമായ മേഖലയായി ദക്ഷിണേഷ്യ തീര്‍ന്നിരിക്കുകയാണ്.

അധികാരത്തില്‍ വന്നയുടന്‍ ഒബാമ മുന്‍ഗണന നല്‍കിയ വിദേശകാര്യം ഇസ്രയേല്‍-പലസ്തീന്‍ സമാധാനമാണ്. തനിക്ക് തീര്‍ച്ചയായും വിജയം വരിക്കാന്‍ കഴിയുമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നതായി തോന്നി. പക്ഷേ ഇസ്രയേലില്‍ അധികാരത്തിലുള്ളത് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിലോമപരമായ ഒരു ഗവണ്‍മെന്റാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം അതല്ല. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍-ഒബാമയുടേതുള്‍പ്പെടെ-അടിസ്ഥാനപരമായ ഒരു വസ്തുത അവഗണിക്കുന്നു; അധിനിവേശത്തിന്റെ. ഗാസയില്‍ രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ നടത്തിയതായും യുഎന്‍ അന്വേഷണസമിതി കണ്ടെത്തിയെങ്കിലും, തുടര്‍ നടപടികള്‍ക്ക് യു എന്‍ രക്ഷാസമിതിയയെ അമേരിക്ക അനുവദിച്ചില്ല. ഹമാസും യു എന്‍ അന്വേഷണസംഘത്തിന്റെ വിമര്‍ശനത്തിന് വിധേയമായെന്ന് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ചത് ഇസ്രയേലാണെന്നും നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. യുഎന്നിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഇസ്രായേലിനെ വിമര്‍ശിച്ചിട്ടും അമേരിക്കയുടെയും മറ്റു ചില രാഷ്ട്രങ്ങളുടെയും പിന്തുണ ഒരിക്കല്‍കൂടെ അന്താരാഷ്ട്ര സമൂഹത്തെ നിസ്സഹായമാക്കിയെന്നതാണ് വാസ്തവം. പലസ്തീന്‍ വിമോചനം കൂടുതല്‍ വിദൂരത്തിലാക്കാനാണ് ഒബാമയുടെ നയങ്ങള്‍ കാരണമാകുന്നത്. കെയ്റോ പ്രസംഗത്തിലും ഓസ്ലോ പ്രസംഗത്തിലും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെ ഒബാമ ലളിതവല്‍ക്കരിക്കുകയാണുണ്ടായത്. അറബികളും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷമെന്ന നിലയില്‍.

ബുഷിന്റെ ഭരണകാലത്ത് തുടങ്ങിയ സാമ്പത്തികമാന്ദ്യം എന്നറിയപ്പെടുന്ന പ്രതിസന്ധി തുടരുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്ന് അവകാശപ്പെടുമ്പോഴും, അമേരിക്ക പ്രതിസന്ധിയില്‍തന്നെയാണ്. അവിടെ തൊഴിലില്ലായ്മ ഓരോ മാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ലോക മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരെ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവഗണിച്ചുകൊണ്ട്, ഇതിനെ ഒരു താല്‍ക്കാലിക സംഭവവികാസമായി പരിഗണിക്കാനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. പുതിയൊരു ധനകാര്യ ശില്‍പത്തെപ്പറ്റി ചില പ്രസ്താവനകള്‍ ഉണ്ടായെങ്കിലും അമേരിക്കയുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ലോകബാങ്കും ഐഎംഎഫും ഭരണം തുടരുകയാണ്. ആഗോളവല്‍ക്കരണത്തിനെതിരെ ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കാനുള്ള ശ്രമം ഒബാമയുടെ കാലത്തും അമേരിക്ക തുടരുകയാണ്.

2009ല്‍ ഒബാമ നടത്തിയ ഏറ്റവും സുപ്രധാന പ്രഖ്യാപനം ആണവായുധ വിമുക്തലോക (Nuclear Weapon Free World)ത്തെപ്പറ്റിയുള്ളതായിരുന്നു. പ്രാഗില്‍ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച്, ഒബാമതന്നെ അദ്ധ്യക്ഷതവഹിച്ച യു എന്‍ രക്ഷാസമിതിയിലൂടെ ആണവ നിരായുധീകരണത്തിന് നേതൃത്വം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് വ്യക്തമാക്കപ്പെട്ടു. ഈ നീക്കങ്ങള്‍ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിയതോടൊപ്പം, അമേരിക്കയുടെ ഒരു പുതിയ അടവുനയമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഈ രംഗത്തുള്ള അമേരിക്കയുടെ നീക്കങ്ങള്‍ വിശദമായ പരിഗണന അര്‍ഹിക്കുന്നു.

മൂന്നുതലങ്ങളിലാണ് ആണവനിരായുധീകരണ നീക്കങ്ങള്‍ പ്രതിഫലിക്കുന്നത്.

ഒന്ന്, അമേരിക്കയുടെ നയങ്ങളില്‍ റഷ്യയുമായി ചില പുതിയ കരാറുകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് തുടക്കംകുറിച്ചുവെന്നത് വാസ്തവമാണ്. പക്ഷേ ശീതസമരാവസാനത്തില്‍ ആണവ നിരായുധീകരണത്തെ സംബന്ധിച്ചുണ്ടാക്കിയ കരാറുകള്‍ ലംഘിച്ചതോ, തിരസ്കരിച്ചതോ അമേരിക്കയാണ്. ബുഷിന്റെ ഭരണകാലത്ത്, റഷ്യയുമായുണ്ടായിരുന്ന എബിഎം ഉടമ്പടി (Anti Ballistic Missile Treaty) ഏകപക്ഷീയമായി അവസാനിപ്പിച്ചു. അമേരിക്കയും കൂടെ സജീവമായി പ്രവര്‍ത്തിച്ചുണ്ടാക്കിയ സമഗ്ര ആണവ പരീക്ഷണ ഉടമ്പടി (സി.ടി.ബി.ടി) അമേരിക്കയുടെ സെനറ്റ് അംഗീകരിച്ചില്ല. ഇതിനൊക്കെ ഉപരിയായി അമേരിക്കയുടെ പുതിയ ആണവ സിദ്ധാന്തം ആണവായുധത്തെ യുദ്ധോപകരണമാക്കി; ആദ്യ ഉപയോഗമില്ലായ്മ (no first use) ഉപേക്ഷിച്ചു. ആദ്യ പ്രഹര (first strike) ത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി. മാത്രവുമല്ല ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയ്ക്ക് ആണവായുധങ്ങള്‍ അനുപേക്ഷണീയമാണെന്ന് പ്രഖ്യാപിച്ചു. ചില രാഷ്ട്രങ്ങള്‍ക്കെതിരെ ആണവ ഭീഷണി ഉയര്‍ത്തി. ഇപ്പോഴത്തെ ആണവസിദ്ധാന്തം നിലനിര്‍ത്തിക്കൊണ്ട് നിരായുധീകരണത്തെപ്പറ്റി ഒബാമ വാചാലനാകുന്നത് വിശ്വാസം ജനിപ്പിക്കുന്നില്ല.

രണ്ടാമത്തെതലം ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ഇറാനും ഉത്തരകൊറിയയ്ക്കുമെതിരെ കൂടുതല്‍ സമ്മര്‍ദ്ദംചെലുത്താന്‍ ശ്രമിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇറാന്‍ നയത്തില്‍ ഒബാമ മാറ്റമൊന്നുമുണ്ടാക്കിയില്ല. ഇറാനെതിരെ വാളുയര്‍ത്തുന്ന രാഷ്ട്രങ്ങള്‍ സാധാരണ പരിഗണിക്കാത്ത രണ്ടു കാര്യങ്ങളുണ്ട്. ഇവയില്‍ ഒന്നാമത്തേത് ചിലപ്പോള്‍ ചില രാഷ്ട്രങ്ങള്‍ പരാമര്‍ശിക്കാറുണ്ട്. രണ്ടാമത്തേത് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഒന്നാമത്തേത്, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ഇറാനുള്ള അവകാശമാണ്. രണ്ടാമത്തേത്, പശ്ചിമേഷ്യയിലെ ആണവ ഭീഷണി ഇസ്രയേലില്‍നിന്നുള്ളതാണെന്ന വസ്തുത. ദശകങ്ങളായി ഇസ്രായേല്‍ ആണവായുധ രാഷ്ട്രമാണ്. അടുത്തയിട ചില പ്രസ്താവനകളില്‍ അമേരിക്ക ഇസ്രായേലിനെ ആണവായുധ രാഷ്ട്രമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, അതിനോട് എതിര്‍പ്പൊന്നുമില്ല.

അമേരിക്കയുടെ ആണവായുധനയം ലളിതമായി പറഞ്ഞാല്‍ ഇങ്ങനെയാണ്: അമേരിക്കയുടെ സുഹൃത്തുക്കള്‍ക്ക് ആണവായുധങ്ങളാകാം, ഇന്ത്യക്കും, പാകിസ്ഥാനും ഇസ്രായേലിനും. ശത്രുക്കള്‍ക്കു പാടില്ല; ഇറാന്‍, ഉത്തരകൊറിയ. ഇറാന്‍ ആണവായുധ രാഷ്ട്രമാകുന്നതിനെ അമേരിക്കയുടെ കൂടെനിന്ന് എതിര്‍ക്കുന്ന ഇന്ത്യ പശ്ചിമേഷ്യയിലെ ഒരു പ്രധാന പ്രശ്നം ഇസ്രയേലിന്റെ ആണവായുധ ശേഖരമാണെന്നത് അംഗീകരിക്കുന്നില്ല.

പ്രഖ്യാപിത ശത്രുവായ ഉത്തരകൊറിയക്കും ആണവായുധം പാടില്ല. ഇവിടെയും വിചിത്രമായ ഒരു സ്ഥിതിവിശേഷമാണുള്ളത്. ഇപ്പോള്‍ ഉത്തരകൊറിയയുടെ ആണവഭീഷണി പൂര്‍വേഷ്യയില്‍ മാത്രമല്ല, അമേരിക്കയ്ക്കുപോലുമെന്നാണ് വാഷിംഗ്ടണ്‍ പറയുന്നു. എന്താണ് യാഥാര്‍ത്ഥ്യം? കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ആണവായുധങ്ങള്‍കൊണ്ട് അമേരിക്ക ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുകയാണ്.

മൂന്നാമത്തെതലം, ആണവ നിര്‍വ്യാപന കരാറിന്റേതാണ്. 2010-ല്‍ കരാറിന്റെ പുനരവലോകന സമ്മേളനം നടക്കുന്നുണ്ട്. കരാര്‍ പ്രതിസന്ധിയിലാണെന്നുപറഞ്ഞാല്‍ അത് പുതിയൊരു കാര്യമല്ല. പ്രതിസന്ധിയുടെ പ്രധാന കാരണം അമേരിക്കയുള്‍പ്പെടെയുള്ള ആണവായുധ രാഷട്രങ്ങള്‍ കരാറിലെ വ്യവസ്ഥ (VI-ാം അനുഛേദം അനുസരിച്ച് നിരായുധീകരണത്തിനുള്ള നടപടികളെടുക്കാന്‍ തയ്യാറായിട്ടില്ല എന്നതുതന്നെ. ഇതു കണക്കിലെടുക്കാതെയോ, മറച്ചുപിടിച്ചുകൊണ്ടോ കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത, ആണവായുധമുള്ള, രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടണമെന്ന് ഒബാമ നിര്‍ബന്ധിക്കുന്നെന്ന് മാത്രമല്ല, അതിനൊരു യു എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയെടുക്കുകയും ചെയ്തു. 'പുതിയ' ആണവായുധ രാഷ്ട്രങ്ങള്‍ക്ക് ആണവായുധങ്ങളില്ലാത്ത രാഷ്ട്രങ്ങളുമായേ കരാറില്‍ ഒപ്പിടാന്‍ കഴിയൂ. കാരണം, കരാറിലെ നിര്‍വചനമനുസരിച്ച് കരാറുണ്ടാക്കിയതിനുമുമ്പ് ആണവായുധ പരീക്ഷണം നടത്തിയ രാഷ്ട്രങ്ങള്‍ മാത്രമാണ് ആണവായുധ രാഷ്ട്രങ്ങള്‍.

ഇത് ഇന്ത്യയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. രക്ഷാസമിതി പ്രമേയമല്ല, ജി-8നു മേധാവിത്വമുള്ള ആണവദായക സംഘ (Nuclear Suppliers Group) ത്തിന്റെ നിലപാടും ഇതുതന്നെയാണെന്നുള്ളതാണ് ഇതാണ് പ്രശ്നം. 2010-ല്‍ ആണവ നിര്‍വ്യാപന കരാര്‍ പുനരവലോകനംചെയ്യുമ്പോള്‍ നിര്‍വചനത്തില്‍ 1974 വരെ ആണവായുധ പരീക്ഷണം നടത്തിയ രാജ്യങ്ങളെന്ന് ഭേദഗതിവരുത്താന്‍ മന്‍മോഹന്‍സിംഗ് ഒബാമയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്തരം ഒരു ഭേദഗതി സാധ്യമാണോയെന്ന് നിശ്ചയമില്ല. ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാരില്‍ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്.

ഒരു കാര്യം വ്യക്തമാണ്. ബുഷ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക ആണവ പദവി നല്‍കാന്‍ ഒബാമ തയ്യാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ ബുഷ് ഇന്ത്യയോട് ആവശ്യപ്പെട്ടില്ല. ഒരു ആണവായുധ രാഷ്ട്രമെന്ന പരിഗണന പരോക്ഷമായെങ്കിലും നല്‍കുകയും ചെയ്തു. ഇന്ത്യ-യുഎസ് ആണവ കരാറുണ്ടാക്കിയതും, ഇന്ത്യയ്ക്കായി ആണവദായകസംഘം പ്രത്യേക വ്യവസ്ഥകളുണ്ടാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.

വേറൊരു കാര്യത്തിലും ഇന്ത്യയുടെ പ്രത്യേക പദവി ഒബാമ മാറ്റിയതായി പറയാം. 2009ലെ പ്രധാന പ്രവണതകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കാം. ബുഷിനെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഇന്ത്യക്കുള്ള പങ്കായിരുന്നു ഏറ്റവും വലുത്. ഒബാമയെ സംബന്ധിച്ചിടത്തോളം ചൈനയ്ക്കാണ് പ്രാധാന്യം. സാമ്പത്തിക പ്രതിസന്ധി ചൈനയെ കുറെയൊക്കെ ആഗ്രിക്കേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്ക് അമേരിക്കയെ എത്തിച്ചു. ചൈനയെ വലയംചെയ്ത് ഒതുക്കാനുള്ള ശ്രമത്തിന്റെറ ഭാഗമായാണ് ബുഷ് ഇന്ത്യയെ വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതല്ല ഒബാമയുടെ സമീപനമെന്ന് വ്യക്തമാണ്.

2009 ചൈനയുടെ സ്വാധീന വര്‍ദ്ധനവിന്റെ വര്‍ഷമായിരുന്നു. സൈനികശക്തിയിലുപരി രാഷ്ട്രീയവും, നയതന്ത്രപരവുമായ 'മൃദുലശക്തി' (soft power) ഉപയോഗിച്ചാണ് ഏഷ്യയ്ക്കുള്ളിലും, ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും ചൈന സ്വാധീനം വര്‍ദ്ധിപ്പിച്ചത്. ഇത് ഒബാമയ്ക്ക് മനസ്സിലായി.

2009 അവസാനിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ഉച്ചകോടിയുടെ പരാജയത്തോടെയാണ്. കോപ്പന്‍ഹേഗനില്‍ കരാറൊന്നുമുണ്ടായില്ല. അവിടെ അവസാനം അവതരിപ്പിച്ച രേഖ അമേരിക്ക, ചൈന, ഇന്ത്യ, ബ്രസില്‍, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളോടു ചേര്‍ന്നുണ്ടാക്കിയ ഒരു ധാരണാ പത്രം മാത്രമാണ്. അത് സമ്മേളനം അംഗീകരിച്ചില്ല. "നോട്ടുചെയ്യുക'' മാത്രമെ ഉണ്ടായുള്ളു. അതിനു നിയമ പ്രാബല്യമൊന്നുമില്ല. ഇതിനു കൂട്ടുനിന്ന ഇന്ത്യക്ക് താല്‍ക്കാലിക രാഷ്ട്രീയ നേട്ടമുണ്ടായിരിക്കാം. പക്ഷേ അമേരിക്കയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തില്‍ വികസ്വര രാഷ്ട്രങ്ങളുടെ പൊതുവായ താല്‍പര്യങ്ങളോ ദീര്‍ഘകാല പ്രത്യാഘാതങ്ങളോ ഇന്ത്യ പരിഗണിച്ചില്ല.

ലോക ജനതയുടെ പ്രതീക്ഷകളെ കോപ്പന്‍ഹേഗന്‍ തകര്‍ത്തു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നതിന് ലഭിച്ച അവസരം ലോക നേതാക്കള്‍ പാഴാക്കിക്കളഞ്ഞു. അവരുടെയൊക്കെ ഭരണകാലത്ത് പിടിച്ചുനില്‍ക്കുന്നതിനപ്പുറം ഭാവിയിലേക്കു നോക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതാക്കളായിരുന്നു അവിടെ കൂടിയത്; രാജ്യതന്ത്രജ്ഞത പ്രകടിപ്പിക്കാന്‍ അവര്‍ക്കുകഴിയാതെ പോയി.

2009ല്‍ സാമ്രാജ്യത്വത്തിന് ഒരു പുതിയ ശൈലിയും പുതിയ മുഖവും നല്‍കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. ശൈലിയെന്തായാലും, മുഖം ഏതായാലും സാമ്രാജ്യത്വം സാമ്രാജ്യത്വംതന്നെയെന്നതാണ് 2009ന്റെ പാഠം.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക

Tuesday, December 29, 2009

ടെലിവിഷന്റെ അമ്പതാണ്ട്; എന്തും മറച്ചു വയ്ക്കാം

ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട് തികഞ്ഞുവെന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം (2009) കടന്നു പോകുന്നത്. 1959ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ദൃശ്യവിപ്ളവത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ 80 ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടെലിവിഷന്‍ എന്ന അത്ഭുതപ്പെട്ടിയിലൂടെ അവിശ്വസനീയ കാഴ്ചയൊരുക്കിയായിരുന്നു ആരംഭം. അത് വളര്‍ന്ന് ഇന്ന് ഉറക്കമില്ലാത്ത ചാനല്‍ യുദ്ധങ്ങളില്‍ എത്തിനില്‍ക്കുന്നു. അത്ഭുതാവഹമായ വളര്‍ച്ച സാങ്കേതികമായി ഇന്ത്യ ഈ രംഗത്ത് നേടിയെന്നതില്‍ രണ്ടഭിപ്രായമില്ല. അരനൂറ്റാണ്ടിലെ ആദ്യ 35 വര്‍ഷം സ്വപ്‌നം കാണാന്‍ കഴിയാത്തത്ര വികാസം പിന്നീട് വന്ന 15 വര്‍ഷത്തിനിടെ ദൃശ്യമാധ്യമ രംഗം നേടുകയും ചെയ്തു. എന്നാല്‍ 'മിനിസ്‌ക്രീന്‍' വികാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തില്‍, പ്രത്യേകിച്ച് സാമൂഹ്യ ഫലപ്രാപ്തിയില്‍ നിരാശയുടെ 'ബിഗ്‌സ്‌ക്രീനാ' ണ് ഇന്ത്യയില്‍ തെളിയുന്നത്. സ്വകാര്യ ചാനലുകളുടെ കേളീരംഗമായി നമ്മുടെ ദൃശ്യസംവേദന ലോകം മാറി എന്നതുമാത്രമാണ് വളര്‍ച്ചയിലുണ്ടായ 'മെച്ചം'. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ദരിദ്രനാരായണന്മാര്‍ ഈ ചാനല്‍പടയുടെ വെളിമ്പറിമ്പിലാണ് വസിക്കുന്നത് എന്നത് സത്യവും. നമ്മുടേതുപോലൊരു രാജ്യത്ത് ജനകീയ വിദ്യാഭ്യാസത്തിനാകണം ടെലിവിഷന്‍ പൂര്‍ണമായും ഉപയോഗിക്കേണ്ടത് എന്ന വിക്രം സാരാഭായിയുടെ വാക്കുകളെ സമര്‍ഥമായി ധിക്കരിക്കാനാണ് ടെലിവിഷന്‍ അര നൂറ്റാണ്ട് ഉപയോഗിച്ചത് എന്നതിന് മാധ്യമ ദൃശ്യ ചരിത്രം തന്നെയാണ് സാക്ഷി.

അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രീതി പിടിച്ചുപറ്റി മുന്‍നിരയില്‍ നില്‍ക്കുക, അതിലൂടെ പരമാവധി പരസ്യം കൊയ്യുക-ലാഭംകൊയ്യുക-എന്ന ഒറ്റ അജണ്ട മാത്രമാണ് ഇവിടുത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ളത് എന്ന് കണ്ണടച്ച് പറയാനാകില്ല. കാരണം ലാഭമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യം പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ചില പ്രത്യേക പാര്‍ടിയെ അല്ലെങ്കില്‍ സഖ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിന് ഇവര്‍ നല്‍കുന്നുണ്ട്. അവിടെ ഒരു താല്‍പ്പര്യം ജനിക്കുന്നു: ഈ നാട് ആര് ഭരിക്കണമെന്ന താല്‍പ്പര്യം. അതിനുള്ള തയ്യാറെടുപ്പും മറ്റു സമയങ്ങളിലെല്ലാം വളരെ ആസൂത്രിമായി വിദേശി-സ്വദേശി മാധ്യമ മുതലാളിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അഥവാ ദൃശ്യമാധ്യമ മുതലാളിമാര്‍ സ്വമേധയാ ഇങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില രാഷ്‌ട്രീയ പാര്‍ടികള്‍ മാധ്യമങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യാന്‍ കോടിക്കണക്കിന് രൂപ അങ്ങോട്ടെറിയുന്നത്. തങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതിച്ചും പറയിപ്പിച്ചും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇവര്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ക്ക് പണം വാരിക്കോരിയെറിഞ്ഞാണ്. അതായത് മാധ്യമപ്രവര്‍ത്തകരെയല്ല അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങളെ തന്നെ വിലയ്ക്കെടുക്കുന്നു,പത്രങ്ങളെയും ചാനലുകളെയും. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഒരു പക്ഷേ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ മാധ്യമമുഖമാണ് ദൃശ്യമാവുന്നത്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ 'കച്ചവടം' ഒടുവില്‍ മാധ്യമ പ്രവര്‍ത്തകനായ പി സായ്‌നാഥിന്റെ കണ്ടെത്തിലിലൂടെ പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നു പറയുന്ന സമൂഹത്തിന് സംഭവിച്ച ലജ്ജാകരമായ അധഃപതനം കൂടിയാണിത്. പേരുകേട്ട പത്രങ്ങള്‍പോലും ഇത്തരമൊരു അഴുക്കുകുളത്തിലേക്ക് എടുത്തുചാടിയതിന് മാധ്യമ സംസ്‌ക്കാരത്തില്‍ വന്ന മാറ്റത്തിന് സുപ്രധാന പങ്കുണ്ട്. അഴുക്കുപുരണ്ട അത്തരമൊരു സംസ്‌ക്കാരം ഇന്ത്യയിലേക്ക് ഇറക്കിയതില്‍ മുഖ്യ പങ്ക് യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ്. ഇന്ത്യന്‍ മാധ്യമ-ദൃശ്യമാധ്യമ രംഗം ഈവിധത്തിലേ എത്തൂ എന്ന് അതിന്റെ അരനൂറ്റാണ്ടിലെ കണക്കെടുപ്പിലൂടെ പൂര്‍ണമായി ബോധ്യപ്പെടും. അഥവാ ഇങ്ങനെയേ ആകാവൂ എന്ന് ഈ ഭൂതഗണങ്ങളെ കെട്ടഴിച്ചു വിട്ടവര്‍ തീരുമാനിച്ചിരിന്നു എന്നു കാണാം.

ചെറുകിട ചാനലുകള്‍ അതായത് ചുരുക്കം പ്രദേശത്ത് മാത്രം ദൃശ്യപരിധിയുള്ള പ്രാദേശിക ചാനലുകള്‍ വാര്‍ത്തയ്‌ക്ക് പണം വാങ്ങുന്ന രീതി നേരത്തെ തന്നെയുണ്ട്. അപ്രധാനമായ പല പരിപാടികളും സമ്മേളനങ്ങളും ഉത്സവങ്ങളും മറ്റും ഇങ്ങനെ വാര്‍ത്തയില്‍ നിറയാറുണ്ട്. വമ്പന്‍ ചാനലുകളുമായി മത്സരിച്ചുപോകാനുള്ള ഇവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അതൊരു മഹാ അപരാധമായി ആരും കണ്ടിട്ടില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലായ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ സാമാജിക സഭക്കും കോടതിക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും സമാനമായി ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് ജീര്‍ണതയാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്‌ട്രയില്‍ സ്ഥാനാര്‍ഥികള്‍ക്കായി 'സ്ളോട്ടു'കള്‍ വിറ്റുകൊണ്ട് ചാനലുകളാണ് പത്രങ്ങളെയും ഇക്കാര്യത്തില്‍ നയിച്ചത് എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. 'കവറേജ് പാക്കേജു'കളായിരുന്നു. സ്ഥാനാര്‍ഥിയോടൊപ്പം സഞ്ചരിക്കാന്‍ നിശ്ചിത തുകയുടെ പാക്കേജ് വേറെ. തന്റെ പ്രദേശത്തെ വോട്ടര്‍മാര്‍ക്കിടയില്‍ മാത്രം പ്രചരിപ്പിക്കാനായി മാധ്യമങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥി ഒരു കോടി രൂപ ചെലവഴിച്ചതും വാര്‍ത്തയായി. ഇതൊരു ശീലമാകുന്നതോടെ നിശ്ചിത തുക മാധ്യമങ്ങള്‍ക്കായി മാറ്റിവയ്‌ക്കാനുള്ളവര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അതായത്, മഹത്തായ ജനാധിപത്യ പ്രക്രിയ എത്തും. ഇത് പണം കൈയിലുള്ളവനും മനസ്സിലാക്കിയിട്ടുണ്ട്. പത്തുകോടിയിലധികം സ്വത്തുള്ള എംഎല്‍എ മാരുടെ എണ്ണം മഹാരാഷ്‌ട്രയില്‍ മാത്രം 108 ല്‍ നിന്ന് 184 ആയി ഇക്കുറി വര്‍ധിച്ചു. വര്‍ധന 70 ശതമാനം! ലോൿസഭയില്‍ ഏതാണ്ട് ഇതേ കണക്കില്‍ തന്നെയാണ് കോടീശ്വരന്മാരുടെ പട്ടിക-എന്നുവച്ചാല്‍ 'സംരക്ഷിത പട്ടിക'. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയ പണം ഇവരെങ്ങനെ തിരിച്ചുപിടിക്കും? അഴിമതിയല്ലാതെ മറ്റൊരു മാജിക്കും രാഷ്‌ട്രീയത്തിലില്ല.

പക്ഷേ, ഇങ്ങനെ പണച്ചാക്കുകള്‍ ജയിച്ചുപോകുമ്പോള്‍ നിശബ്‌ദരായത് ആരൊക്കെയാണ്. കുടിലില്‍ നിന്ന് ചെറ്റയിലേക്കും പഴന്തുണിയില്‍ നിന്ന് കീറത്തുണിയിലേക്കും 'വികസിക്കു'ന്നവന്റെ ശബ്‌ദം ഉയര്‍ത്താമെന്നു കരുതി ആരെങ്കിലും മഹാരാഷ്‌ട്ര നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കില്‍ അവന്റെ ശബ്‌ദം ആരു കേട്ടു ? അവര്‍ക്കു പറയാനുള്ളത് ആര് കേട്ടു ? സപ്‌തവര്‍ണത്തില്‍ ചാനലുകള്‍ കെട്ടുകാഴ്‌ചയവതരിപ്പിച്ച സ്ഥാനാര്‍ഥികളുടെ മുന്‍കാല പ്രവര്‍ത്തനത്തെ, അവരുടെ ജനസേവനത്തെ വിലയിരുത്താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അത് പുറത്തുകൊണ്ടുവരാന്‍ ആരുണ്ട്. മഹാരാഷ്‌ട്ര ഒരുദാഹരണം മാത്രം. ചുരുക്കത്തില്‍ ഞങ്ങളുടെ ആവശ്യം ഇന്നതൊക്കെയാണ്, ഞങ്ങള്‍ക്ക് ലഭിക്കുന്നത് ഇതൊക്കെയാണ് എന്ന് വോട്ടര്‍മാര്‍ക്ക് പറയാനുണ്ട്. ആ ശബ്‌ദം പുറത്തു വരുന്നില്ല എന്നതാണ് തെരഞ്ഞെടുപ്പുകാലത്തെ പ്രശ്‌നം. അതു കൊണ്ടുവരാന്‍ ബാധ്യസ്ഥരായവരാണ് പണപ്പെട്ടി പൂട്ടി വാങ്ങി, തുറസായിരുന്ന മാധ്യമ സ്ഥലങ്ങള്‍ തീറെഴുതിക്കൊടുത്തത്. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെയാണ് ഈ പ്രവണത ശക്തിപ്പെട്ടത്.

'നിശബ്ദനാക്കപ്പെട്ടവന്റെ ആത്മഗതം' (A Mute's Soliloquy) എന്ന ഓര്‍മക്കുറിപ്പുകളില്‍ ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യപോരാളിയും പത്രപ്രവര്‍ത്തകനുമായ പ്രമോദ്യ അനന്ത ടോര്‍ തന്റെ ജയില്‍വാസകാലത്ത് മാധ്യമങ്ങള്‍ ആശ്വാസം പകര്‍ന്ന കഥ പറയുന്നുണ്ട്. കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ പോലും ലോകമറിയാത്ത ദ്വീപിലെ ജയിലറകളില്‍ നടന്ന ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിച്ച് ലോകത്തോട് പറഞ്ഞതും കുറെയധികം പേരെ മോചിപ്പിക്കാന്‍ കഴിഞ്ഞതും മറ്റും. അത് ആ രാജ്യത്തിന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകവുമായി. അതേസമയം വെനിസ്വേലയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനതയുടെ കഷ്ടപ്പാടുകളെ മറച്ചുവയ്‌ക്കുകയും ജനകീയ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കുകയും ചെയ്‌ത മാധ്യമങ്ങളെ പ്രേക്ഷകരായ ജനങ്ങള്‍ തന്നെ തിരുത്തിയ സംഭവം. അത്തരം ചാനലുകളെയും പത്രങ്ങളെയും മാത്രമല്ല അവയില്‍ പരസ്യം വരുന്ന ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കാന്‍ വെനീസുലയിലെ ജനങ്ങള്‍ പരിശീലിച്ചു. "മാധ്യമങ്ങള്‍ വിഷം പകരുന്നതു നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല'' എന്നാണ് ഹ്യൂഗോ ഷാവേസ് അതേക്കുറിച്ച് പറഞ്ഞത്. ജനകീയ ബഹിഷ്‌ക്കരണം മൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനുഭവം വന്‍ സര്‍ക്കുലേഷനുണ്ടായിരുന്ന 'ക്വിന്റോ ദിയ' പത്രവും മികച്ച റേറ്റിങ്ങില്‍ നിന്ന 'ഗ്ളോബോവിഷന്‍' ചാനലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ രണ്ട് അറ്റങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങളാണ് മേല്‍ പറഞ്ഞത്. സമാനമായ സ്ഥിതിയിലല്ലെങ്കിലും ഇന്ത്യയെ പോലൊരു രാജ്യത്തും മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും അവരുടെ മനപ്പൂര്‍വമായ അവഗണനമൂലം പുറത്തുവരാത്ത ജനങ്ങളുടെ കഷ്‌ടപ്പാടുകളും പല തടസങ്ങളുമുണ്ടാക്കുന്നു. പ്രത്യേകിച്ച് ജനകീയ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്നതിന്. ഇന്ത്യ ശീലിച്ച ഒരു ദൃശ്യസംസ്‌ക്കാരം ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ സംസ്‌ക്കാരം രൂപപ്പെടുത്തുന്നതില്‍ ദൂരദര്‍ശന് ചെറുതല്ലാത്ത പങ്കുണ്ട്.

ദൂരദര്‍ശന്റെ കാലം

ദൃശ്യമാധ്യമ രംഗത്ത് 35 വര്‍ഷത്തോളം ഇന്ത്യയിലെ കുത്തകയായി വാണ ദൂരദര്‍ശന്റെ പ്രവര്‍ത്തനത്തിലുള്ള മടുപ്പും അതിനോടുള്ള എതിര്‍പ്പുമാണ് സ്വകാര്യ ചാനലുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വളരാന്‍ കാരണം. ഈ സ്വാധീനത്തെ അതിസമര്‍ഥമായി അവര്‍ മുതലെടുക്കുകയാണ്. അതേസമയം ദൂരദര്‍ശന്‍ തുടങ്ങിയപ്പോഴുണ്ടായ ഉദ്ദേശ്യ ലക്ഷ്യങ്ങളും ആദ്യകാല പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ ഹൃദയം തൊട്ടറിയാനുള്ള ശ്രമമായിരുന്നു എന്നും കാണാം. ദൂരദര്‍ശന്‍ ആദ്യം ഏറ്റെടുത്ത ദൌത്യം വികസനസന്ദേശം ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സൌജന്യമായി ടെലിവിഷന്‍ കാണാനുള്ള സൌകര്യമൊരുക്കാനും ജനകീയ വിദ്യാഭ്യാസത്തന് ഉപയുക്തമാക്കാനും മറ്റുമുള്ള ദൂരദര്‍ശന്റെ തീരുമാനം തീര്‍ച്ചയായും ഇന്ത്യ പോലൊരു രാജ്യത്ത് ഏറ്റവും അനുകൂലവുമായിരുന്നു. വളരെ ചുരുക്കം പേരിലേക്കു മാത്രമാണ് കറുപ്പും വെളുപ്പും കലര്‍ന്ന ചലിക്കുന്ന ചിത്രങ്ങള്‍ എത്തിയതെങ്കിലും അതിന്റെ ശക്തിയും ആത്മാര്‍ഥതയും ചോദ്യം ചെയ്യാനേ കഴിയില്ല. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യ വിചാരം, വൃക്ഷം നട്ടുപിടിപ്പിക്കാനുള്ള പ്രേരണ തുടങ്ങി പല സന്ദേശങ്ങളും കുറേപേരിലെങ്കിലും രൂഢമൂലമാക്കാന്‍ അക്കാലത്ത് ദൂരദര്‍ശനു കഴിഞ്ഞു. സര്‍ക്കാര്‍ പക്ഷ മാധ്യമമാണെങ്കിലും സ്വതന്ത്രസ്വഭാവമുള്ള അനവധി പരിപാടികള്‍ ദൂരദര്‍ശന്റെ മുഖമുദ്രയായിരുന്നു.

അടിയന്തരാവസ്ഥയോടെയാണ് ദൂരദര്‍ശനെ രാജ്യം ഭരിക്കുന്നവര്‍ സ്വന്തം രാഷ്‌ട്രീയത്തിന്റെ പ്രചാരണോപാധിയായും എതിര്‍ ശബ്‌ദങ്ങളെ അവഗണിക്കാനും ഉപയോഗിച്ചു തുടങ്ങിയത്. 1975-76 കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്തയിലേക്കും മദ്രാസിലേക്കും ലഖ്‌നൌവിലേക്കും ദൂരദര്‍ശന്‍ കടന്നെത്തുന്നത് അടിയന്തരാവസ്ഥാ അനുകൂല സന്ദേശങ്ങളുമായാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തലവേദനയായ പുത്രന്‍ സഞ്ജയ്‌ഗാന്ധിയുടെ അഞ്ചിനപരിപാടിയുടെ ഭാഗം. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കുന്ന ജയപ്രകാശ് നാരായണനെ പോലുള്ള നേതാക്കളുടെ പേരു പോലും ദൂരദര്‍ശനില്‍ ഉച്ചരിച്ചു കൂട. അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന താരങ്ങളുടെ സിനിമ മാത്രമേ സംപ്രേഷണം ചെയ്യാവു.അടിയന്തരാവസഥക്കെതിരെ രാജ്യത്ത് നാനാഭാഗങ്ങളില്‍ റാലി നടക്കുമ്പോള്‍ ദൂരദര്‍ശനില്‍ 'ബോബി' പോലുള്ള ഹിറ്റ് സിനിമകള്‍ ഓടിച്ചു. പക്ഷേ റാലിയിലേക്കായിരുന്നു ജനം പോയത്.

കളര്‍, ഏഷ്യാഡ്, പരസ്യം

എണ്‍പതുകളുടെ ആദ്യം കളര്‍ ടി വി യുടെ വരവായി. ഇത് സംവേദന വികാസത്തിന് ദോഷം ചെയ്യുമെന്ന് ചില ബുദ്ധിജീവികള്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരും ഒന്നു ശങ്കിച്ചു. പക്ഷേ കളര്‍ ടെലിവിഷന്‍ വന്നേ പറ്റൂ എന്ന സ്ഥിതി 'ഏഷ്യാഡി'ന്റെ വരവോടെ സമാഗതമായി. ലോകപരസ്യ വിപണിയാണ് ഏഷ്യാഡ് ഇന്ത്യയില്‍ തുറന്നത്. ടെലിവിഷനെന്ന മാധ്യമത്തിലൂടെ ഇന്ത്യന്‍ വിപണിയെ വളരെ എളുപ്പം കൈയിലെടുക്കാമെന്ന് ലോകത്തെ വ്യാപാര കുത്തകകള്‍ അന്ന് മനസ്സിലാക്കി. അടുക്കളയെ ലഘൂകരിച്ച് വയറിനെ വിപുലീകരിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ മഹാരാജ്യത്തിന്റെ വീട്ടകങ്ങളിലേക്ക് വ്യാപിച്ചത് അങ്ങനെയാണ്.

ടെലിവിഷനെ ആവേശത്തോടെ സ്വീകരിച്ച സമൂഹം അതിനെ നിരാകരിക്കാനും തുടങ്ങിയ കാലമാണ് പിന്നീട് വന്നത്. തങ്ങളുടെ സര്‍ക്കാര്‍ വിധേയത്വം പ്രകടമാക്കുക മാത്രമായി ദൂരദര്‍ശന്‍ പരിപാടികള്‍. തെരഞ്ഞെടുപ്പില്‍ ആദ്യമായി പരസ്യമായി ബൂത്ത്പിടുത്തം നടത്തിയതിന്റെ 80 കളിലെ ഫൂട്ടേജുകള്‍ വെളിച്ചം കണ്ടില്ല. ദൂരദര്‍ശന്റെ ആര്‍കൈവ്സില്‍ അവ ഭദ്രമായിരുന്നു.

സ്വയം ചെറുതാകുന്നതുപോലെ ദൂരദര്‍ശന് അക്കാലത്ത് തോന്നിത്തുടങ്ങിക്കാണണം. എണ്‍പതുകളിലാണ് ദൂരദര്‍ശന്റെ വാതിലുകള്‍ ബോളിവുഡിനായി തുറന്നുകൊടുക്കുന്നത്. ആറരലക്ഷം ടെലിവിഷന്‍ സെറ്റുകള്‍ മാത്രമാണ് രാജ്യത്ത് അക്കാലത്തുണ്ടായിരുന്നതെങ്കിലും പുതിയ പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടു. വിനോദ ഉപാധി എന്ന നിലയില്‍ ലോകദൃശ്യമാധ്യമരംഗം വന്‍ വളര്‍ച്ച നേടുന്ന കാലം കൂടിയായിരുന്നു. മധ്യവര്‍ഗ കുടുംബങ്ങളിലെ കൊച്ചുവൈരങ്ങളുടെ കഥപറയുന്ന വമ്പന്‍ സീരിയലുകളും താരങ്ങള്‍ മുഖംകാണിച്ച പ്രത്യേക പരിപാടികളും തുടങ്ങി. കുസൃതിച്ചോദ്യങ്ങളും മറ്റുമുള്ള ക്വിസ് പരിപാടികള്‍പോലും അശ്ളീല 'കാറ്റഗറി'യായതിനാല്‍ രാത്രി വൈകിമാത്രമേ സംപ്രേഷണം ചെയ്‌തുള്ളൂ. ക്ളാസിക്കല്‍ കലകളും സംഗീതവും ഉള്‍പ്പെടുത്തിയ പരിപാടികളുണ്ടായി. 'വെയിറ്റിങ് ഫോര്‍ ഗോദോ' (ഗോദയെ കാത്ത്) പോലുള്ള നാടകങ്ങള്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയും മറ്റും അവതരിപ്പിച്ചത് ഇക്കാലത്താണ്. പക്ഷേ, ദൂരദര്‍ശന്റെ മുന്നില്‍ ഉന്നത മധ്യവര്‍ഗകുടുംബങ്ങളും ബുദ്ധിജീവികളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് അക്കാലത്തെ പരിപാടികളുടെ നിര ഓര്‍മിപ്പിക്കുന്നുണ്ട്.

വാര്‍ത്താ സംപ്രേഷണത്തിലും മാറ്റം വന്നു. ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന മാധ്യമം എന്ന നിലയില്‍ ടി വി വാര്‍ത്തക്ക് വലിയ വിശ്വാസ്യത ഉണ്ടായിരുന്നു. ടി വി യാകട്ടെ ദൂരദര്‍ശന്‍ മാത്രം. എന്നാല്‍ ഈ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടുന്നവിധമായിരുന്നു പലപ്പോഴും വിധേയത്വം നിറഞ്ഞ വാര്‍ത്തകള്‍ കൊണ്ടുള്ള കളി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും വാര്‍ത്തകൊടുക്കാതെ സര്‍ക്കാരിനുവേണ്ടി ഒളിച്ചു വച്ചു. ഒരു പക്ഷേ ഇതിലൂടെ രാജ്യത്തിന് ജാഗ്രതപ്പെടാനും തയ്യാറെടുക്കാനുമുള്ള അവസരം ദൂരദര്‍ശന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ പഞ്ചാബില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനം ശക്തമായതോടെ ഒളിക്കാന്‍ കഴിയില്ലെന്നായി. മാത്രമല്ല, വളരെ ദൂരെയെന്നു കരുതിയ തീവ്രവാദം അടുത്തെത്തുകയും ചെയ്തു. അങ്ങിനെയാണ് 'ആന്റി സോഷ്യല്‍ എലമെന്റ്', മിലിറ്റന്റ്, ക്രോസ് ബോര്‍ഡര്‍ ടെററിസം' തുടങ്ങിയ ഇംഗ്ളീഷ് വാക്കുകള്‍ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമാവുന്നത്. പ്രത്യക്ഷത്തില്‍ രാജ്യം തീവ്രവാദ ഭീഷണിയിലാണ് എന്ന് വൈകി പുറത്തു പറഞ്ഞെങ്കിലും രാജ്യത്തെ ഏക ചാനല്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കാത്ത നടപടിയായി അത് എന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. അക്രമികളുടെ മതം നോക്കി പക്ഷംപിടിക്കുന്ന സ്വഭാവം ഇന്നും ഇന്ത്യന്‍ മാധ്യമങ്ങളുടെ ശൈലിയായത് ഈ പാരമ്പര്യത്തില്‍ നിന്നാണ്. കാശ്‌മീര്‍ തീവ്രവാദത്തെ പെരുപ്പിച്ച് അവതരിപ്പിക്കുകയും മറ്റു മേഖലകളിലെ തീവ്രവാദത്തെ കുറച്ചുകാണുകയും ചെയ്ത വാര്‍ത്തകള്‍ ദൂരദര്‍ശന്റെ സൃഷ്‌ടിയാണ്. ഇത് ഒരു ജനതക്കാകെ മോശം സന്ദേശമാണ് നല്‍കിയത്. ബാബറി മസ്‌ജിദ് തകര്‍ത്തപ്പോഴും ദൂരദര്‍ശന്‍ പക്ഷപാതകരമായ നിലപാട് എടുത്തു. അവിടെ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തുന്ന പ്രവൃത്തികളും അവയുടെ പോക്കും ദൂരദര്‍ശന് വളരെ മുന്‍കൂട്ടി അറിയാമായിരുന്നുവെങ്കിലും അത് വാര്‍ത്തയാക്കാനോ തടയാനാവശ്യമായ മുന്‍കരുതലിനായി ജനങ്ങളെ സജ്ജരാക്കാനോ ശ്രമിച്ചില്ല. പ്രശ്‌നത്തിന്റെ ഗൌരവം ഏവരെയും ബോധ്യപ്പെടുത്താനെങ്കിലും ദൂരദര്‍ശനാവുമായിരുന്നു. കോണ്‍ഗ്രസാണ് ഭരണത്തിലുള്ളതെന്നതിനാല്‍ അത്തരം വാര്‍ത്തകള്‍ വന്നാലും സര്‍ക്കാരിനെതിരായ വാര്‍ത്തയായി വ്യാഖ്യാനിക്കുമായിരുന്നില്ല. പക്ഷേ, ദൂരദര്‍ശന്റെ തലപ്പത്തുള്ളവര്‍ക്ക് ചില അനുഭാവങ്ങളുണ്ടായിരുന്നുവെന്ന് അവരുടെ മൌനം തെളിയിച്ചു.

പ്രണോയ്റോയിയും മറ്റും

ഏതായാലും വാര്‍ത്താ അവതരണത്തിലും വാര്‍ത്താ അധിഷ്‌ഠിത പരിപാടികളിലും ദൂരദര്‍ശന്‍ സ്വയം പരാജയം സമ്മതിച്ചുകൊണ്ടാണ് 90 ല്‍ ഇന്ത്യാ ടുഡെയ്ക്കും ((ആജ്‌ തക് ) എന്‍ഡിടിവി ക്കും 'ന്യൂസ് സ്ളോട്ടു' കള്‍ അനുവദിച്ചത്. സ്വതന്ത്ര സ്വഭാവമുണ്ടായിരുന്ന ഇവരുടെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാരിന്റെ നയപരിപാടികള്‍ സ്വകാര്യ മേഖലയ്‌ക്ക് ഊന്നല്‍ കൊടുക്കുന്ന വിധം മാറിത്തുടങ്ങിയതും ഇക്കാലത്താണ്. വരാന്‍പോകുന്ന തുറന്നകാലത്തിന് നാന്ദി കുറിച്ച് ദൂരദര്‍ശന്‍ ഒരു മുഴം മുമ്പേ എറിയുകയായിരുന്നു. പ്രണോയ് റോയിയും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ജനവിഭാഗത്തിനിടയില്‍ അറിയപ്പെട്ടത് 'ദി വേള്‍ഡ് ദിസ് വീക്ക്' പോലുള്ള പരിപാടികളിലൂടെയാണ്. അവതരണത്തിന്റെ ഇന്ത്യന്‍ മാതൃകയായി പോലും പലരും പ്രണോയ് റോയിയെ വിശേഷിപ്പിച്ചു. എന്നാല്‍ ഇവരുടെ പരിപാടികള്‍ ദൂരദര്‍ശനില്‍ അധികകാലം തുടര്‍ന്നില്ല. സ്വകാര്യ ചാനലുകള്‍ക്ക് അനുവാദം കൊടുത്തതോടെ ആജ് തകും, എന്‍ഡിടിവി യും സ്വന്തമായി ചാനലുകള്‍ തുടങ്ങി. രണ്ടു ചാനലുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ചാനലുകളുടെ ഒരു പട തന്നെയാണ് ഇന്ത്യന്‍ ശൂന്യാകാശത്ത് പറന്നുനടന്നത്. ഡാം പൊട്ടിയൊഴുകുന്നതുപോലെ തൊണ്ണൂറുകളിലെ ഈ ചാനല്‍ വ്യാപനത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയത് ആഗോളവല്‍ക്കരണം കൂടിയാണ്. ദൃശ്യമാധ്യമ മേഖലയുടെ നാളതുവരെയുണ്ടായിരുന്ന സ്വഭാവവും സംസ്‌ക്കാരവും അടിമുടി മാറുന്നതാണ് പിന്നീട് കണ്ടത്. നിരവധി ചാനലുകള്‍ വരുന്നതിലൂടെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കാനാവില്ലെന്നും സര്‍ക്കാരിനു വേണ്ടി മാത്രം വാര്‍ത്തവായിക്കുന്ന ശൈലി അവസാനിക്കുമെന്നും സത്യമായ വാര്‍ത്തകളുടെ പുതുയുഗം പിറക്കുമെന്നും സ്വപ്‌നം കണ്ട പ്രേക്ഷകര്‍ക്ക്, പക്ഷേ തെറ്റി.

ഈയിടെ പുറത്തുവന്ന ഒരു സത്യവുമായി കൂട്ടിച്ചേര്‍ത്ത് പ്രസ്‌തുത വിഷയത്തിലേക്ക് കടക്കാം. മലയാളത്തിലെ ഒരു ചാനലില്‍ സീസണുകളായി തുടരുന്ന റിയാലിറ്റി ഷോയാണ് ഇവിടെ താരം. വടക്കുന്നാഥന്‍ എന്ന സിനിമയിലെ 'ഗംഗേ....'എന്ന പാട്ട് മേല്‍പ്പറഞ്ഞ റിയാലിറ്റി ഷോയില്‍ തൊണ്ടകീറി പാടി വശംകെട്ട അനില്‍ എന്ന യുവാവിനെ രണ്ട് വിധികര്‍ത്താക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലവിളിച്ചത് കണ്ടിട്ടാകണം യേശുദാസ് ആ പാട്ടിനു പിന്നിലുള്ള രഹസ്യം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്: ആ പാട്ട് താന്‍ ഇത്രയൊന്നും നീട്ടിയിട്ടില്ലെന്നും തന്റെ ചങ്ങാതിയായ സായിപ്പിന്റെ എഡിറ്റിങ് വിദ്യയായിരുന്നുവെന്നുമാണ് യേശുദാസ് വെളിപ്പെടുത്തിയത്. പീഡനവിദ്വാന്മാരായ വിധികര്‍ത്താക്കള്‍ സ്വയം പീഡിപ്പിക്കപ്പെടട്ടെ. ആധുനിക സാങ്കേതിക വിദ്യയുടെ ഒളിച്ചുകളികള്‍ കാണിക്കാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണമില്ല എന്നതുകൊണ്ടു മാത്രമാണ് ഇടയ്ക്ക് 'റിയാലിറ്റി ഷോ'യെ പിടിച്ചുകൊണ്ടു വന്നത്. ഒന്നും മറയ്ക്കാനാവില്ലയെന്ന് കാണിച്ച ആധുനിക സാങ്കേതിക വിദ്യ തന്നെ അതിന്റെ ഉപയോക്താക്കള്‍ക്ക് പുറത്ത് കാണിക്കേണ്ടതില്ലെന്ന് തോന്നുന്ന ഏതുകാര്യവും മറയ്ക്കാമെന്നും ഏതു നുണയും വിശ്വസിപ്പിക്കാനാവുമെന്നും കാണിച്ചു തരുന്നു. അതായത് ടെലിവിഷനിലൂടെ കാണുന്നതും കേള്‍ക്കുന്നതും സമ്പൂര്‍ണാര്‍ഥത്തില്‍ വിശ്വസിക്കുന്നത് അബദ്ധത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരിക്കും എന്നര്‍ഥം.

സൌമ്യമായി വന്ന ആഗോളവല്‍ക്കരണം

ചാനല്‍ യുഗം പിറക്കുന്നതും ആഗോളവല്‍ക്കരണത്തിന്റെ പമ്പ് തുറക്കുന്നതും ഏതാണ്ട് ഒരേകാലത്താണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ. സ്വന്തമെന്ന പദത്തിനര്‍ഥമില്ല എന്ന് സൌമ്യമായി പറഞ്ഞുകൊണ്ടാണ് ആഗോളവല്‍കരണം ഇന്ത്യയിലേക്ക് കടന്നുവന്നത്. സ്വത്വമെന്ന ചിന്തയെ പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്നും ആഗോളവല്‍ക്കരണ വക്താക്കള്‍ മൊഴിഞ്ഞു, ഇന്ത്യ കേട്ടു. കാറുകള്‍, വസ്‌ത്രങ്ങള്‍, വിവിധ മോഡലുകള്‍, കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍, കണ്ടെയ്‌നര്‍ കമ്പനികള്‍, സൂപ്പര്‍-ഡ്യൂപ്പര്‍ മാര്‍ക്കറ്റുകള്‍, മലയെ മറിച്ചിട്ട് എലികളുടെ വലുപ്പത്തിലാക്കി തരാന്‍ കെല്‍പ്പുള്ള കൂറ്റന്‍ യന്ത്രങ്ങള്‍... തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഇന്ത്യന്‍ നഗരങ്ങളുടെ മുഖഛായ മാറിത്തുടങ്ങി. ഈ കുത്തൊഴുക്കിന് കുടപിടിച്ചുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ വിന്ധ്യഹിമാലയ യമുനാ ഗംഗകളില്‍ കണ്ണിനും കാതിനും ഒരു മാത്ര പോലും വിശ്രമം നല്‍കാതെ സ്വയം വിറ്റഴിയാന്‍ തുടങ്ങിയത്. അതോടെ സൌമ്യത പരണത്തു വച്ച് ഇവ തനിസ്വരൂപം വെളിയില്‍ കാണിക്കുകയും ചെയ്‌തു.

രണ്ടു സ്വകാര്യ ചാനലില്‍ നിന്ന് 91 ലെ തുടക്കം 96 ലെത്തിയപ്പോഴേക്കും 50 ചാനലിലേ എത്തിയുള്ളു. പക്ഷേ അപ്പോഴേക്കും 47 ദശലക്ഷം ടെലിവിഷന്‍ സെറ്റുകളായി ഇന്ത്യയിലാകെ. 96 നു ശേഷമുള്ള വളര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു. 2009 ലെത്തിയപ്പോള്‍ ആകെ ചാനലുകളുടെ എണ്ണം 490! അതില്‍ തന്നെ നൂറ് വാര്‍ത്താ ചാനലുകള്‍. പ്രതിവര്‍ഷം ആറ് ദശലക്ഷം ടെലിവിഷനുകള്‍ വര്‍ധിക്കുന്നു. രാജ്യത്തിന്റെ തന്നെ അജണ്ട നിശ്ചയിക്കാനും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചുതന്നാല്‍മതിയെന്ന നിലയിലേക്ക് ഒരു ജനതയെ എത്തിക്കാനും ഈ ചാനല്‍സമൂഹം തുടങ്ങിയതോടെ പ്രതിശബ്‌ദങ്ങളും പ്രതിധ്വനികളും ശബ്‌ദമില്ലാത്ത തരംഗങ്ങളായി മാറാനും തുടങ്ങി. മധ്യവര്‍ത്തിയായ നല്ല പ്രധാനമന്ത്രിയെന്ന ഇമേജിലേക്ക് കെട്ടി ഉയര്‍ത്തി മന്‍മോഹന്‍സിങ്ങിനെ വീണ്ടും അധികാരത്തിലെത്തിച്ചതും, പശ്ചിമ ബംഗാളിലെ നന്ദിഗ്രാമെന്ന ഗ്രാമത്തിലെ പ്രശ്‌നങ്ങളെ രാജ്യവ്യാപക ചര്‍ച്ചയാക്കി ഉയര്‍ത്തിയതും, അതേ ബംഗാളില്‍ മാവോയിസ്‌റ്റുകളുടെ നിരന്തരമായ അക്രമവും കൊലയും നടക്കുമ്പോള്‍ അതില്‍ വലിയ കുഴപ്പമൊന്നുമില്ല എന്ന നിലയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ചാനല്‍ സമൂഹത്തിന്റെ അര്‍ഥവ്യാഖ്യാന പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ രാഷ്‌ട്രീയ പാര്‍ടികള്‍ നിയന്ത്രിക്കുന്നത് ശരിയല്ല, പാര്‍ടി ഭരണത്തിലിടപെടരുത് എന്നു പ്രചരിപ്പിക്കുന്ന ചാനലുകള്‍ (മാധ്യമങ്ങള്‍) തന്നെയാണ് സോണിയാഗാന്ധിയുടെ വാക്കിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറാതെ പോകുന്ന മന്‍മോഹന്‍സിങ്ങിനെ 'നല്ല ശീല'ക്കാരനാക്കുന്നത്. നന്ദിഗ്രാമില്‍ മനുഷ്യാവകാശം അപ്പാടെ ലംഘിച്ചുവെന്ന് പ്രചരപ്പിച്ച് തത്സമയ വാര്‍ത്തകള്‍ കൊടുത്തവര്‍ ഗ്രാമങ്ങളെ ചുട്ടെരിക്കുന്ന മാവോയിസ്‌റ്റുകളുടെ തീക്കളിയെ പുറത്തറിയിക്കാന്‍ മടിക്കുന്നു. കാരണം ബംഗാളില്‍ എന്തോ താല്‍പ്പര്യം ഈ ചാനല്‍ സമൂഹത്തിനുണ്ട്. ചില അക്രമങ്ങളെ മൂടിവയ്‌ക്കുക മറ്റു ചിലതിനെ പെരുപ്പിക്കുക. ആധുനിക മാധ്യമങ്ങളെ സംബന്ധിച്ച് 'ശരിയായ' ഉപയോഗമാണിത്.

സങ്കല്‍പ്പത്തിനുമപ്പുറം ചാടി കേരളം

ചാനല്‍ സമൂഹത്തിലെ വാലറ്റക്കാരാണെങ്കിലും അവയുടെ സമര്‍ഥമായ ഉപയോഗത്തില്‍ മുമ്പന്മാരായി കേരളത്തിലെ ചാനലുകള്‍ മാറി. നാല് വാര്‍ത്താ ചാനലുള്‍പ്പെടെ 12 ചാനലുകള്‍ സദാസമയവും കണ്ണുതുറക്കുന്നത് ഇത്തിരിപ്പോന്ന ഒരു സംസ്ഥാനത്തെ മൂന്നര കോടി ജനങ്ങളിലേക്കാണ്. ഏറെ പ്രതീക്ഷകളോടെയാണ് മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിനെ 93ല്‍ പ്രേക്ഷകര്‍ എതിരേറ്റത്. പ്രതിബദ്ധതയുള്ള, ഇടതുപക്ഷ അനുഭാവമുള്ള കുറേപേര്‍, ചേര്‍ന്ന് രൂപപ്പെടുത്തിയ സങ്കല്‍പ്പം. ആരാണ് മലയാളിയെന്ന് സ്വയം പഠിപ്പിക്കാനും എന്താണ് ലോകമെന്ന് തുറന്നു ദര്‍ശിക്കാനുമൊക്കെ ആ സങ്കല്‍പ്പത്തിനു കഴിയുമായിരുന്നു. എന്നാല്‍ ഉടമസ്ഥത മാറിയതോടെ അധികം താമസിയാതെ ഏഷ്യാനെറ്റ് തനി എന്റര്‍ടെയ്‌നറായി. ഉടമയുടെ കസേരയില്‍ ലോക മാധ്യമ മുതലാളി മര്‍ഡോക് കൂടി ഇരുന്നതോടെ 'വിനോദ വ്യവസായം' പൂര്‍ണമായി. അക്ഷരാര്‍ഥത്തില്‍ ഏഷ്യാനെറ്റ് സ്ഥാപകരുടെ സങ്കല്‍പ്പങ്ങളെ വേരോടെ നിര്‍ദയം പിഴുതെടുക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ പോക്ക് കണ്ടു തന്നെയാവണം അക്കാലത്ത് കൈരളി ചാനലിന്റെ ആലോചനയുണ്ടായത്. 2000 ചിങ്ങപ്പിറവിയില്‍ കൈരളി ടി വി ജന്മം കൊണ്ടു. കണക്കു ചോദിക്കാന്‍ ലാഭക്കൊതിയനായ ഒരു മുതലാളിയില്ലാത്തതും ഏത് കീഴടക്കലിനും ജനതതിയുടെ സമ്മതിവാങ്ങാനുള്ള ഉപകരണമായി അധഃപതിച്ചിട്ടില്ലാത്തതുകൊണ്ടും പ്രതിരോധത്തിന്റെ കുടയായി കൈരളി നിലകൊള്ളുന്നു. സൂര്യയും, അമൃതയും, ജീവനും, ഇന്ത്യാവിഷനും, മനോരമയും മറ്റും മറ്റുമായി മലയാളിയുടെ ദിനരാത്രങ്ങള്‍ നാള്‍ക്കുനാള്‍ പുതുക്കി ഒരുക്കിയെടുക്കുകയാണ്.

അന്തര്‍ദേശീയ-ദേശീയ സംഭവങ്ങളിലേക്കൊന്നും കണ്ണ് തെറ്റിക്കാതെ ഇവിടുത്തെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം കെട്ടിക്കിടക്കാന്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നതിന് ചാനല്‍ ആസൂത്രകരും അവതാരകരും പെടുന്ന പാട് ചെറുതല്ല. കണ്ണൊന്നു തെറ്റിയാല്‍ പ്രേക്ഷകന്‍ ചാനല്‍ മാറ്റുമെന്ന ഭയം ഇവരെ ഭരിക്കുന്നു. ഈ മത്സരത്തില്‍ കേരളത്തില്‍ എളുപ്പം ചെലവാകുന്ന 'ഉല്‍പ്പന്നം' രാഷ്‌ട്രീയമാണ്, പ്രത്യേകിച്ച്, ഇടതുപക്ഷ രാഷ്‌ട്രീയം എന്ന് ആരും ഇവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കാരണം ഇന്ത്യയില്‍ നവീനാശയങ്ങളും കാഴ്ച്ചപ്പാടുകളും ആദ്യം പടരുന്ന നാടാണല്ലോ ഇത്. ആദ്യകാല രാഷ്‌ട്രീയം പ്രത്യേകിച്ച് കീഴാള രാഷ്‌ട്രീയം ഉഴുതുമറിച്ചെടുത്ത മണ്ണില്‍ നിന്നാണ് ഇവിടുത്തെ സാഹിത്യവും കലയും പാര്‍ടികളുടെ നയങ്ങളും രൂപം കൊണ്ടത്. കേരളത്തിലെ വലതു രാഷ്‌ട്രീയ പാര്‍ടികളുടെ പ്രകടനപത്രികയെടുത്താലും അതില്‍ ഇടതുപക്ഷ പരിപാടികളുടെ അന്ധാനുകരണങ്ങള്‍ കാണാം, നടപ്പാക്കാനുള്ള പദ്ധതിയോ, ശേഷിയോ, താല്‍പ്പര്യമോ ഇല്ലെങ്കിലും. ഇടതുപക്ഷത്തിനു സമൂഹത്തിലുള്ള സ്വാധീനമാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതിയാലും കാണിച്ചാലും അതിനു വായനക്കാരും പ്രേക്ഷകരുമുണ്ട്.

സര്‍ക്കുലേഷന്‍ താഴോട്ടു പോകുമ്പോള്‍ ചില വാരികകള്‍ കമ്യൂണിസ്റ്റ് രാഷ്‌ട്രീയം മുഖ്യ ചര്‍ച്ചയാക്കി ചുകപ്പന്‍ കവര്‍ വച്ച് വലിയതോതില്‍ പരസ്യം ചെയ്‌ത് വിറ്റഴിക്കുന്ന തന്ത്രംപോലെ അത് പുതിയ കുപ്പിയിലാക്കി ചാനലുകളും വില്‍ക്കുന്നുണ്ട്. പക്ഷേ ഇവിടെ ചാനലുകളില്‍ എത്തിൿസിനെ കഴുത്തുഞെരിച്ചു കൊന്നാണ് ന്യൂസ് റൂമില്‍ ഞെളിഞ്ഞിരിപ്പെന്നു മാത്രം. കാരണം, കഥാന്ത്യം മുന്‍കൂട്ടി നിശ്ചയിച്ച വിധമാണെങ്കില്‍ കൂടി അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആക്ഷേപഹാസ്യങ്ങളുമാണ് വാരികകളില്‍ ഇത്തരം ചര്‍ച്ചകളില്‍ കണ്ടിരുന്നത്. എന്നാല്‍ ചാനലുകളിലാകട്ടെ പ്രേക്ഷകന് 'പുതുതായി' ഒന്നു കൊടുക്കാനുള്ള വെമ്പലിലും സ്വാഭാവികമായി ചാനല്‍ നടത്തിപ്പ്-അവതാരകരിലുളള രാഷ്‌ട്രീയ ബോധത്താലും അസത്യങ്ങള്‍ വിളമ്പുന്നു, ഒരുപക്ഷേ അത് നേരിട്ടല്ലെങ്കില്‍ കൂടി.

ഏറ്റവും പുതിയ ഒരു ഉദാഹരണമെടുക്കാം. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ (2009-നവംബര്‍) മറ്റെല്ലാ മാധ്യമങ്ങളെയും പോലെ മനോരമ ചാനലും കണ്ണൂരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ മറ്റു ചാനലുകള്‍ ക്യാമറയും തൂക്കി പോയതുപോലെയല്ല മനോരമ പോയത്. കൃത്യമായ രാഷ്‌ട്രീയ പദ്ധതി, അവതരണ ശൈലി, റിപ്പോര്‍ടറുടെ വസ്‌ത്രധാരണത്തില്‍ പോലും പ്രേക്ഷകനെ എങ്ങിനെ ആകര്‍ഷിക്കാമെന്ന പഠനം.... ഇതൊക്കെ നടത്തിയ ശേഷമായിരുന്നു യാത്ര. തുടര്‍ച്ചയായ വാര്‍ത്താപരിപാടി: ബീച്ചില്‍, കടയില്‍, റോഡുവക്കില്‍, ഓഫീസ് വരാന്തയില്‍...

ഒരു ബുള്ളറ്റിനില്‍ വന്നത് നോക്കൂ: കണ്ണൂരില്‍ മുഴുവന്‍ കള്ളവോട്ടാണ് എന്ന മുന്‍ധാരണയോടെ, ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങളേയുള്ളു എന്ന ധ്വനിയോടെ, എന്നാല്‍ അതൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല എന്ന ഭാവത്തോടെ, ലേഖികയുടെ സംസാരവും ചോദ്യങ്ങളും. ചോദ്യങ്ങള്‍ ഐപിഎസുകാരനുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട്. സ്ഥലം കടല്‍ത്തീരം. രാവിലെ ഓട്ടത്തിന് വന്നതാണ് ഉദ്യോഗസ്ഥര്‍. സംഭവസ്ഥലത്തെത്തി ലേഖിക ഇവരെ കുടുക്കിയതാകാം, ആരും കാണാത്ത സ്ഥലമെന്നു കരുതി ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയനുസരിച്ച് ലേഖിക അവിടെ ചെന്നതുമാകാം. സംസാരം കള്ളവോട്ടില്‍ നിന്നോ ക്രമസമാധാന പ്രശ്‌നത്തില്‍ നിന്നോ കേന്ദ്രസേന വന്നതില്‍ നിന്നോ മാറുന്നേയില്ല. എന്തൊക്കെയോ കുഴപ്പങ്ങള്‍ കണ്ണൂരിലുണ്ട് എന്ന ധാരണ പരത്തിയ സംസാരത്തിനു ശേഷം ഉടന്‍ 'കട്ട്' ചെയ്ത് കണ്ണൂരിലെ ഒരു ഹോട്ടലിലെ ദൃശ്യങ്ങളിലേക്കെത്തുന്നു. കണ്ണൂരിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം ആ ഹോട്ടലിന്റെ പ്രത്യേകതയും ഭക്ഷണത്തിന്റെ രുചിയും വിശ്വാസ്യതയും. അതു തന്നെയാണ് ലേഖികയും പറയുന്നത്. അവിടെ ഭക്ഷണം കഴിക്കുന്നവരും അക്കാര്യം സമ്മതിക്കുന്നു. പെട്ടെന്ന് തിരിച്ച് വീണ്ടും നേരത്തെ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. ഹോട്ടലിനെക്കുറിച്ചും അവിടുത്തെ ഭക്ഷണത്തെക്കുറിച്ചും വസ്‌തുതാപരമായ, സത്യസന്ധമായ റിപ്പോര്‍ട്. പക്ഷേ ഇത് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വാര്‍ത്തക്കിടയിലാണ്. ആര്‍ക്കും വിശ്വസിക്കാവുന്ന ദൃശ്യങ്ങളെ കൂട്ടുപിടിച്ച് വിശ്വാസ്യയോഗ്യമല്ലാത്ത പലകാര്യങ്ങളും സാധാരണ പ്രേക്ഷകന്റെ ബോധത്തിലേക്ക് അയാള്‍ പോലും അറിയാതെ കടത്തി വിടുകയാണ്. 24 മണിക്കൂറിലും ഇടക്കിടെ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴെങ്കിലും ഇത് പ്രേക്ഷകന്റെ കണ്ണില്‍ പെടുകയും ചെയ്യും.

ഇത് ഒരു തെരഞ്ഞെടുപ്പുകാലത്തെന്നല്ല മറ്റെല്ലാ സമയത്തും ബാധകമാവുന്നതാണ്. ഒരു വ്യക്തിയെകുറിച്ചോ, ഒരു താരത്തെപ്പറ്റിയോ, ഒരെഴുത്തുകാരനെക്കുറിച്ചോ ഒക്കെ ദൃശ്യമാധ്യമങ്ങള്‍ വിചാരിച്ചാല്‍ പ്രേക്ഷനുമുന്നില്‍ നേരിട്ടു പറയാതെ തന്നെ മോശക്കാരനായി അവതരിപ്പിക്കാം. ഇതൊന്നും പ്രേക്ഷകര്‍ പൂര്‍ണമായി വിശ്വസിക്കുകയില്ലെന്ന് ചാനലുകള്‍ക്കറിയാം. പക്ഷേ ഒരാളെക്കുറിച്ച് ഒരു ബോധം അല്ലെങ്കില്‍ ഒരു ഇമേജ് സൃഷ്‌ടിച്ചിടുകയാണ്. വരാന്‍ പോകുന്ന എല്ലാ വാര്‍ത്തകള്‍ക്കും ഈ ഇമേജുകള്‍ പ്രയോജനപ്പെടുമെന്ന് ഇവര്‍ക്കറിയാം. പലപ്പോഴും പല കള്ളവാര്‍ത്തകള്‍ക്കൊപ്പം കൂട്ടിവായിക്കാനാവശ്യമായ ദൃശ്യരൂപങ്ങളും ശബ്‌ദഭാഗങ്ങളും ഇതിനകം തന്നെ ചാനലുകള്‍ പ്രേക്ഷകരില്‍ നിക്ഷേപിച്ചുകഴിഞ്ഞു. നമ്മുടെ മനസ്സിലുള്ള ഇമേജുമായി, സങ്കല്‍പ്പനവുമായി ബന്ധമുള്ള എന്തു കണ്ടാലും കേട്ടാലും ആ പഴയ ഇമേജുമായി സ്വമേധയാ കൂട്ടിവായിക്കപ്പെടും എന്നാണ് മനഃശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി മധുകോഡയുടെ പേര് ഏതു മലയാളി കേട്ടാലും ഒരു കോമഡി കേള്‍ക്കുന്ന സ്വഭാവത്തോടെ ചിരിയൂറും, കാരണം 'കോഡ' എന്ന വാക്കിന് മലയാളിക്കുള്ള സങ്കല്‍പ്പം വേറെയാണ്. മനുഷ്യന്റെ ഈ ശീലമാണ് ദൃശ്യസാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ഗുണകരമായ വശവുമാണ്.

സമൂഹത്തിന്റെ പൊതുസങ്കല്‍പ്പങ്ങളും സാങ്കേതിക വളര്‍ച്ചയും കണക്കിലെടുത്ത് അവയുടെ മാറ്റത്തിനനുസരിച്ച് മനുഷ്യന്‍ സ്വയം മാറുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുമായി ഏതുവിധത്തില്‍ ബന്ധപ്പെടുന്നവരും ആ മാറ്റം ഉള്‍ക്കൊള്ളുന്നുവെന്ന് പല മാധ്യമ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുന്നില്‍ നില്‍ക്കുന്ന ക്യാമറാമാനല്ല, അതിനുമപ്പുറം ലക്ഷക്കണക്കിനു വീടുകളില്‍ കുത്തിയിരിക്കുന്ന സഹജീവികളാണ് ഇതു കാണുന്നതെന്ന് മനസ്സിലാക്കിയാണ് ഈ മാറ്റം. മുമ്പ് ക്യാമറ കണ്ടാല്‍ ഓടിയൊളിക്കുമായിരുന്ന മലയാളി പെണ്‍കുട്ടികള്‍ ഇന്ന് വളരെ ശരിയായ മാധ്യമ ബോധത്തോടെ തങ്ങളുടെ പരീക്ഷയെക്കുറിച്ചും മറ്റും ദൃശ്യമാധ്യമങ്ങളോട് കമന്റ് ചെയ്യുന്നു. ഇത് അവരുടെ മാധ്യമ ബോധത്തില്‍ വന്ന മാറ്റമാണ് സൂചിപ്പിക്കുന്നത്.

അതേസമയം, ദൃശ്യമാധ്യമങ്ങളുടെ നിക്ഷിപ്‌ത താല്‍പ്പര്യവും പരിപക്വമല്ലാത്ത അവസ്ഥയും മൂലം ഇമേജുകളുടെ പിന്നാമ്പുറങ്ങളിലൂടെ അയഥാര്‍ഥങ്ങള്‍ സമൂഹത്തെ വിശ്വസിപ്പിക്കുന്നുണ്ട്. ദൃശ്യമാധ്യമ സാധ്യതയെ സമര്‍ഥമായി ദുരുപയോഗം ചെയ്യുന്നു ഇത്. അത് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും തിരിച്ചറിയാനും കഴിയുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇത് ഗുരുതരമായ ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി ടെലിവിഷന്‍ തല്ലിപ്പൊളിക്കാമെങ്കിലും പ്രേക്ഷകന്റെ ബോധത്തില്‍ ഒരു മാറ്റവും സൃഷ്‌ടിക്കാനാവില്ല. എന്നാല്‍, വെനിസ്വേലയിലുണ്ടായതു പോലെ പ്രേക്ഷകന്‍ ഒരു നാള്‍ ബോധവാനായാല്‍ ചരിത്രം മറ്റൊരു വഴിക്കാകുമെന്നതില്‍ തര്‍ക്കവുമില്ല.

******

ദിനേശ് വര്‍മ്മ കടപ്പാട്: ദേശാഭിമാനി വാരിക

Monday, December 28, 2009

ചരിത്രഗതി മാറ്റിയ പാറപ്രം സമ്മേളനം

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരം ചെയ്ത ചരിത്രപ്രസിദ്ധമായ പിണറായി പാറപ്രം സമ്മേളനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷപരിപാടികള്‍ ചൊവ്വാഴ്ച സമാപിക്കും. സമാപനസമ്മേളനം പാറപ്രത്ത് വൈകിട്ട് അഞ്ചിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം പാറപ്രം ലോക്കല്‍കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച വി കരുണന്‍മാസ്റ്റര്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനവും കോടിയേരി നിര്‍വഹിക്കും. ചരിത്രഭൂമിയിലേക്കുള്ള ബഹുജനപ്രകടനവും വളന്റിയര്‍മാര്‍ച്ചും വൈകിട്ട് പിണറായി ഓലയമ്പലം ബസാര്‍ കേന്ദ്രീകരിച്ച് ആരംഭിക്കും.

1939 ഡിസംബര്‍ അവസാനം അതീവരഹസ്യമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികര്‍ പാറപ്രത്തെ വിവേകാനന്ദവായനശാലയില്‍ സമ്മേളിച്ചത്. 1937ല്‍ കോഴിക്കോട്ട് രൂപംകൊണ്ട കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരുന്നു സമ്മേളനം. ഇ എം എസ്, പി കൃഷ്ണപിള്ള, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം രൂപീകരിച്ചത്. പി കൃഷ്ണപിള്ളയായിരുന്നു സെക്രട്ടറി. മൂന്നുഭാഗവും വെള്ളത്താല്‍ചുറ്റപ്പെട്ട ഭൂപ്രകൃതി, അത്രയേറെ ആള്‍താമസമില്ലാത്ത പ്രദേശം- ഇതൊക്കെയാകണം പാറപ്രത്തെ സമ്മേളനവേദിയാക്കാന്‍ തെരഞ്ഞെടുത്ത ഘടകങ്ങള്‍. എന്ത് യോഗമാണ് നടക്കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊഴികെ കാവല്‍നിന്നവര്‍ക്കുപോലും അജ്ഞാതമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനമാണെന്ന കാര്യം വൈകിയാണ് പലരും അറിഞ്ഞത്. പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ഇതിനകം ചരിത്രത്തിന്റെ ഭാഗമായി. സമ്മേളനത്തിലെ പ്രായംകുറഞ്ഞ വളന്റിയറായിരുന്ന പാറപ്രം ജൂനിയര്‍ ബേസിക് സ്കൂള്‍ റിട്ടയേഡ് അധ്യാപകന്‍ മുകുന്ദന്‍ ഉള്‍പ്പെടെ അപൂര്‍വം ചിലര്‍ സമ്മേളനസ്മരണകളുമായി ഇന്നുമുണ്ട്. വടക്കുഭാഗത്തുള്ള പുഴയിലൂടെ പൊലീസോ അപരിചിതരോ വരുന്നെങ്കില്‍ ഉടന്‍ അറിയിക്കുക- ഇതായിരുന്നു മുകുന്ദന്‍മാഷ്ക്ക് ലഭിച്ച ചുമതല. എ കെ ജി, സി എച്ച് കണാരന്‍, എന്‍ ഇ ബാലറാം, പാണ്ട്യാല ഗോപാലന്‍, പിണറായി കൃഷ്ണന്‍നായര്‍, കുണ്ടഞ്ചേരി കുഞ്ഞിരാമന്‍, കെ എന്‍ ചാത്തുക്കുട്ടിനായര്‍ എന്നിവരായിരുന്നു ബ്രിട്ടീഷ് പൊലീസിന്റെയും ചാരന്മാരുടെയും കണ്ണുവെട്ടിച്ച് പാറപ്രത്ത് വിജയകരമായി സമ്മേളനം സംഘടിപ്പിച്ചതിനു പിന്നില്‍. വിവേകാനന്ദവായനശാലയില്‍ രഹസ്യസമ്മേളനം ചേരുമ്പോള്‍ പൊലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ പാണ്ട്യാല ഗോപാലന്റെ നേതൃത്വത്തില്‍ പിണറായി ആര്‍സി അമല സ്കൂളില്‍ റാഡിക്കല്‍ടീച്ചേഴ്സ് ഫോറത്തിന്റെ പ്രത്യേകസമ്മേളനവും നടത്തിയിരുന്നു. എല്ലാവരുടെയും ശ്രദ്ധ അധ്യാപക സമ്മേളനത്തിലായതിനാല്‍ പാറപ്രം വിവേകാനന്ദവായനശാലയില്‍ നേതാക്കള്‍ ഒത്തുചേര്‍ന്നത് ആരും അറിഞ്ഞില്ല.

പാറപ്രം സമ്മേളനത്തോടെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പരസ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍, ഇത് പാര്‍ടി രൂപീകരണസമ്മേളനമായി ചിലര്‍ പരിഗണിക്കുന്നു. അമ്പതാം വാര്‍ഷികാഘോഷവേളയില്‍ പാറപ്രം സമ്മേളനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഇ എം എസ് ഇങ്ങനെ എഴുതി-

"-'കമ്യൂണിസ്റ്റ്' എന്ന പേരുള്ള ഒരു സംഘടന കേരളത്തില്‍ ആദ്യമായി രൂപംകൊള്ളുന്നത് 1931ലാണ്- തിരുവനന്തപുരത്ത്. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി മാറിയ എന്‍ സി ശേഖറടക്കം ഏതാനും യുവ വിപ്ളവകാരികള്‍ 'കമ്യൂണിസ്റ്റ് ലീഗ്' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. എന്നാല്‍, അത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപനമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, അത്യന്തം ദുര്‍ബലമായിരുന്ന അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായിപ്പോലും യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രാദേശിക സംഘടനയായിരുന്നു അത്. മൂന്നുവര്‍ഷത്തിനുശേഷം (1934ല്‍) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെന്ന ഒരു പുതിയ സംഘടന രൂപംകൊണ്ടു. അന്ന് നടപ്പിലായിക്കൊണ്ടിരുന്ന സോവിയറ്റ് പഞ്ചവത്സരപദ്ധതിയുടെ വിജയകരമായ മുന്നേറ്റം കണ്ട് ആവേശഭരിതരായ യുവ വിപ്ളവകാരികളാണ് ആ പാര്‍ടിക്ക് രൂപം നല്‍കിയത്. ആ അര്‍ഥത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപനചരിത്രത്തില്‍ ആ സംഘടനയ്ക്ക് പ്രധാനമായ സ്ഥാനമുണ്ട്. അതിന്റെ പ്രധാന പ്രവര്‍ത്തകരാണ് പിന്നീട് പാറപ്രത്ത് സമ്മേളിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയായി സ്വയം മാറാന്‍ നിശ്ചയിച്ചത്.

പക്ഷേ, ഇതിനിടയ്ക്കാണ് 1937ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സമുന്നത നേതാക്കളായിരുന്ന നാലുപേര്‍ ചേര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി മെമ്പറുടെ സാന്നിധ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഘടകമായി പ്രവര്‍ത്തിച്ചുതുടങ്ങാന്‍ തീരുമാനിച്ചത്. അതിന്റെ പ്രവര്‍ത്തനംമൂലമാണ് കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരാകെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരാന്‍ പാറപ്രത്ത് സമ്മേളിച്ചത്. ആ സമ്മേളനത്തിനുമുമ്പ് രണ്ടര കൊല്ലക്കാലം തുടര്‍ച്ചയായി കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരുന്നു. ഈ പ്രവര്‍ത്തനം പുരോഗമിപ്പിക്കുന്നതില്‍ ഒരു പ്രധാനഘട്ടമായിരുന്നു പാറപ്രം സമ്മേളനമെന്നതിനു സംശയമില്ല. സമ്മേളനം നടന്നത് പരമരഹസ്യമായിട്ടാണെന്നത് നേരാണ്. അന്ന് രൂപംകൊണ്ട സംഘടനയ്ക്ക് പിന്നീട് രണ്ടര വര്‍ഷത്തോളം കാലം രഹസ്യമായിത്തന്നെ പ്രവര്‍ത്തിക്കേണ്ടിവന്നു എന്നതും നേരുതന്നെ. പക്ഷേ, അതേവരെ പുറത്തുപറയാതിരുന്ന 'കമ്യൂണിസ്റ്റ് പാര്‍ടി' എന്ന പേരില്‍ ചുവരെഴുത്തുകളും ലഘുലേഖാ വിതരണവും മറ്റു പ്രചാരണങ്ങളും തുടങ്ങിയത് പാറപ്രം സമ്മേളനത്തിനുശേഷമാണ്. കൂടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രസഹ്യ സംസ്ഥാന കേന്ദ്രവും ജില്ലാ താലൂക്കാദി കീഴ്ഘടകങ്ങളും രഹസ്യമായിട്ടാണെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന പ്രക്രിയ സമ്മേളനത്തിനുശേഷം തുടങ്ങി. ആ നിലയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ ആ സമ്മേളനത്തിനുള്ള പ്രാധാന്യം ഒരിക്കലും തള്ളിക്കളയാന്‍ വയ്യ.

എന്നാല്‍, ആ സമ്മേളനത്തിനുതന്നെ അടിത്തറ പാകിയത് അതിന് രണ്ടരവര്‍ഷംമുമ്പ് നടന്ന സംഘടനയുടെ സ്ഥാപനമാണ്. അതിനാകട്ടെ, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണമായ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നുതാനും. ഇതാണ് 1931ല്‍ രൂപംകൊണ്ട 'കമ്യൂണിസ്റ്റ് ലീഗും 1937ല്‍ നിലവില്‍വന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകവും തമ്മിലുള്ള വ്യത്യാസം. 1937ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം നിലവില്‍ വന്നിരുന്നില്ലെങ്കില്‍ പാറപ്രം സമ്മേളനമോ അനന്തര സംഭവങ്ങളോ നടക്കുമായിരുന്നില്ല. 1937ലും 1939ലും നടന്ന സംഭവങ്ങള്‍ക്ക് 1934ലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാപനവും അതിനുമുമ്പ് 1931ല്‍ രൂപംകൊണ്ട തിരുവനന്തപുരത്തെ 'കമ്യൂണിസ്റ്റ് ലീഗും' വഴിയൊരുക്കി എന്നുപറയുന്നതില്‍ തെറ്റില്ല. പക്ഷേ, 1931ലെ 'കമ്യൂണിസ്റ്റ് ലീഗി'ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ കേന്ദ്രവുമായി ഒരു ബന്ധവുമില്ലായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാകട്ടെ, കമ്യൂണിസ്റ്റെന്ന പേരുപോലും ഉണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് ആ രണ്ടു സംഭവത്തെയും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപനമായി കണക്കാക്കാന്‍ വയ്യ.

1937ലാണ് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപംകൊള്ളുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു പാറപ്രം സമ്മേളനം എന്നതിനാല്‍ അതിന് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു എന്നത് നേരാണ്. പക്ഷേ, ആ സമ്മേളനവുമായി നേരിട്ട് അഖിലേന്ത്യാ കേന്ദ്രത്തിന് ബന്ധമില്ലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടന സംബന്ധിച്ച് അനിഷേധ്യമായ ഒരു തത്വമുണ്ട്. മീതെയുള്ള നേതൃത്വം മുന്‍കൈയെടുത്താണ് കീഴ്ഘടകങ്ങള്‍ രൂപീകരിക്കുക. അപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളില്ലാതെ പാര്‍ടി സംഘടന നിലവില്‍ വരികയില്ല. ഈ നിബന്ധന അനുസരിച്ചാണ് 1937ലെ രഹസ്യയോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ ഘാട്ടെ പങ്കെടുത്തത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രൂപംകൊണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി ഘടകമാണ് പാറപ്രം സമ്മേളനത്തിനുവേണ്ടി സാഹചര്യം സൃഷ്ടിച്ചത്''-

നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ ചെറുത്തുനില്‍പ്പുകളുടെയും ബഹുജനമുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടക്കമായിരുന്നു പാറപ്രം സമ്മേളനം. ആധുനിക കേരളത്തിന് പാറപ്രം സമ്മേളനം ദിശാബോധം നല്‍കി. കര്‍ഷകപ്രസ്ഥാനം കൃഷിക്കാരില്‍ അഭിമാനബോധവും സംഘടനാബോധവും വളര്‍ത്തി. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ തീക്ഷ്ണമായ മുന്നേറ്റങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിച്ചു. അടിച്ചമര്‍ത്തലുകള്‍ക്കും ചോരപ്പുഴകള്‍ക്കും മീതെ പാവങ്ങളുടെ പ്രതീക്ഷയായി ചെങ്കൊടി ഉയര്‍ന്നുപാറി. പൊലീസും ഗുണ്ടാസംഘങ്ങളും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. എന്നാല്‍, എല്ലാ കടന്നാക്രമണങ്ങളെയും നേരിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറി. തലശേരി ജവഹര്‍ഘട്ടിലും മട്ടന്നൂരും മൊറാഴയിലും നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ സംഘടിച്ചു. ജവഹര്‍ഘട്ടില്‍ അബുമാസ്റ്ററും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി- കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികള്‍. തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലും പ്രതിരോധവും നാടിന്റെ ചരിത്രമാണ്. പാറപ്രത്തുനിന്ന് ആരംഭിച്ച പരസ്യപ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ മഹാപ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നുമുന്നേറി. ഒട്ടേറെ ജീവത്യാഗങ്ങളിലൂടെയും സഹനസമരത്തിലൂടെയുമാണ് കേരളം ചുവന്നതെന്ന ഓര്‍മപ്പെടുത്തലാണ് പാറപ്രം സമ്മേളനസ്മരണ. കടന്നാക്രമണങ്ങളിലും അപവാദപ്രചാരണങ്ങളിലും ഉലയുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തും ബഹുജനാടിത്തറയുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.

*
പി ശശി കടപ്പാട്: ദേശാഭിമാനി

എഴുപതിന്റെ നിനവില്‍ പിണറായി - ശ്രീ സുനില്‍ കൃഷ്ണന്റെ പോസ്റ്റ്

സംവരണം തുടരേണ്ടതിന്റെ ആവശ്യകത

കോൺസ്റിറ്റുവന്റ് അസംബ്ളി മൂന്നു വര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകളിലൂടെയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപംനല്‍കിയത്. ഡോ.അംബേദ്കറും ജവാഹര്‍ലാല്‍ നെഹ്റുവും ഡോ. രാജേന്ദ്രപ്രസാദും അടങ്ങുന്ന പ്രഗത്ഭര്‍ ഉള്‍പ്പെട്ട സമിതിയായിരുന്നു കോൺസ്റിറ്റുവന്റ് അസംബ്ളി. സ്വാതന്ത്ര്യവും അവസര സമത്വവുമാകണം ഇന്ത്യന്‍ ഭരണഘടനയുടെ മൌലിക മുദ്രാവാക്യം എന്ന് നിശ്ചയിക്കപ്പെട്ടു. സ്വാഭാവികമായും കോളനി ഭരണത്തിന്റെ ഭാഗമായി ദരിദ്രവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും നിരക്ഷരരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും ജാതി ഉച്ചനീചത്വങ്ങള്‍ക്ക് വിധേയരായവരും ജന്മിത്വത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരുമായിരുന്നു. ഇത്തരം ജനതയ്ക്ക് അവസര സമത്വം ഒരുക്കിക്കൊടുക്കുക എന്നത് ഭരണഘടന രൂപീകരിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടിവന്ന പ്രധാന വെല്ലുവിളിയായിരുന്നു.

അവസര സമത്വം നല്‍കുക എന്നതിന് ജനതയുടെ മത്സരശേഷി തുല്യമായിരിക്കുക എന്ന മുന്‍ ഉപാധി അനിവാര്യമാണെന്ന് മനസ്സിലായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാമൂഹ്യ പിന്നോക്കാവസ്ഥ ഏറെ അനുഭവിക്കുന്നവര്‍ക്കും അവസര സമത്വം ലഭിക്കണമെങ്കില്‍ ഭരണഘടനാപരമായ മറ്റു സംരക്ഷണങ്ങള്‍ നല്‍കേണ്ടിവരും എന്ന തിരിച്ചറിവില്‍നിന്നാണ് ഭരണഘടനാനുസൃതമായ സംവരണം നിലവില്‍ വന്നത്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭരണപങ്കാളിത്തം ഉറപ്പുവരുത്തുമ്പോള്‍ പരമോന്നത ജനാധിപത്യ വേദികളിലും ഈ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നിശ്ചയിക്കപ്പെട്ടു. അതിന്റെ ഫലമായി ഭരണഘടനയുടെ 331-ആം അനുച്ഛേദപ്രകാരം പാര്‍ലമെന്റിലും 333-ആം അനുച്ഛേദപ്രകാരം നിയമസഭകളിലും പട്ടികജാതി/പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. എന്നാല്‍, എത്രകാലം ഇതു തുടരണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒടുവില്‍ 10 കൊല്ലത്തേക്ക് നിശ്ചയിച്ച്, സാമൂഹ്യ പിന്നോക്കാവസ്ഥ സംബന്ധിച്ച് അവലോകനം നടത്തിയശേഷം ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യാമെന്നും തീരുമാനിച്ചു. ഇതനുസരിച്ച് ഭരണഘടനയുടെ 334-ാം അനുച്ഛേദമനുസരിച്ച് 10 വര്‍ഷത്തേക്ക് നിയമ നിര്‍മാണ സഭകളില്‍ സംവരണം ഏര്‍പ്പെടുത്തി.

തലമുറകളായി അനുഭവിച്ച വിവേചനവും മറ്റു സാമൂഹ്യ അടിച്ചമര്‍ത്തലുകളും സൃഷ്ടിച്ച പിന്നോക്കാവസ്ഥ ചുരുങ്ങിയ കാലത്തെ സംവരണ ഇടപെടലുകള്‍കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയില്ല എന്നാണ് പിന്നീട് നടത്തിയ പരിശോധനകളില്‍ മനസ്സിലായത്. ഇങ്ങനെ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന സംവരണത്തിന്റെ കാലാവധി 2010 ജനുവരി 26 ആവുമ്പോഴേക്കും അവസാനിക്കുകയാണ്. ഇപ്പോഴും അധഃസ്ഥിത ജനവിഭാഗങ്ങള്‍ കടുത്ത സാമൂഹ്യ വിവേചനം അനുഭവിക്കുന്നുണ്ട് എന്നതിനാല്‍ തുടര്‍ന്നും സംവരണം നീട്ടണമെന്നുതന്നെയാണ് കേരള സര്‍ക്കാരിന്റെ നിലപാട്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സംവരണം ഉറപ്പാക്കുന്നതുവഴി മാത്രം ഇന്നത്തെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ കഴിയുകയില്ല എന്നത് തര്‍ക്കമറ്റ വിഷയമാണ്. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും പട്ടികജാതി പട്ടികവര്‍ഗക്കാരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ഇന്ത്യാരാജ്യത്ത് വലിയ പുരോഗതിയോ കുതിച്ചുചാട്ടമോ ഉണ്ടായതായി പറയാനാവില്ല. സാക്ഷരത, തൊഴില്‍, ഭൂവുടമസ്ഥത എന്നീ മേഖലകള്‍ പരിശോധിച്ചാല്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്ഥിതി ദേശീയതലത്തില്‍ തുലോം പിന്നോക്കമാണ്. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 26.5 ശതമാനം ആണെങ്കില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടേത് 46.5 ശതമാനമാണ്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാക്ഷരത, ദേശീയ ശരാശരിയായ 64.8 ശതമാനത്തേക്കാള്‍ കുറവാണ്. ഇത് പട്ടികജാതി വിഭാഗത്തിന്റേത് 54.77 ശതമാനമാണെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റേത് 47.1 ശതമാനം മാത്രമാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍നിന്ന് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിടുതല്‍ നേടാന്‍ കഴിയുന്നില്ല എന്നതാണ് സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല, ഈ വിഭാഗങ്ങളുടെ സാമൂഹ്യ ചാലകത ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണുതാനും. ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വളരെയധികം ദൂരം ഇനിയും പോകേണ്ടതുണ്ട്.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമംമൂലം അതുവരെ നിലവിലുണ്ടായിരുന്ന ജന്മിത്ത വ്യവസ്ഥ തുടച്ചുനീക്കപ്പെടുകയുണ്ടായി. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളടക്കമുള്ള സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വലിയൊരു ജനവിഭാഗത്തിന് അവസര സമത്വം ലഭിക്കുന്നതിനും ഇത് ഒരു അടിസ്ഥാന കാരണമായിട്ടുണ്ട്. പക്ഷേ, ഈ ഭൂപരിഷ്കരണ നിയമം കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഭൂരാഹിത്യം ഇല്ലായ്‌മ ചെയ്യുന്നതിന് പര്യാപ്തമായില്ല. ഇതിനു പ്രധാന കാരണം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ ഏറെയും കര്‍ഷക തൊഴിലാളികളായിരുന്നു എന്നതാണ്. കുടികിടപ്പ് അനുവദിച്ചുകിട്ടിയത് ഈ വിഭാഗത്തെ സാമൂഹ്യ മുഖ്യധാരയിലേക്ക് നയിക്കാന്‍ സഹായിച്ചെങ്കിലും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഭൂരഹിതരായി തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രധാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ കൃഷിക്കാരുടെ ശതമാനം 7.12 ആണെങ്കില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൃഷിക്കാരുടെ ശതമാനം 1.6 മാത്രമാണ്. കര്‍ഷക തൊഴിലാളികളുടേത് ശരാശരി 12.04 ശതമാനമാണെങ്കില്‍ പട്ടികജാതി വിഭാഗത്തിന്റേത് 29.48ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന്റേത് 41.12 ശതമാനവുമാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സ്ഥിതി ഇന്ത്യയുടെ മൊത്തം അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും കേരളത്തിലെ പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ സ്ഥിതി പിന്നിലാണെന്നു കാണാം. ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ കേരളത്തില്‍ ശരാശരി 9.4 ശതമാനം ആണെങ്കില്‍ പട്ടികജാതിയുടേത് 14.6 ശതമാനവും പട്ടികവര്‍ഗത്തിന്റേത് 24.2 ശതമാനവുമാണ്. ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പൊതുഅവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ (ഇത് പട്ടികജാതി വിഭാഗത്തിന്റേത് 36.2 ശതമാനവും പട്ടികവര്‍ഗത്തിന്റേത് 45.8 ശതമാനവുമാണ്) കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിയമനിര്‍മാണ സഭകളിലേക്കുള്ള സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നതിനാല്‍ മാത്രമാണ് ഇന്നും നിയമനിര്‍മാണ സഭകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്. സ്ത്രീസംവരണം നടപ്പാക്കേണ്ടതിന്റെ ഒരു പ്രധാനപ്പെട്ട ആവശ്യകതയും ഇതുതന്നെയാണ്. 2010 ജനുവരി 26ന് ശേഷം 10 വര്‍ഷത്തേക്ക് സംവരണം നീട്ടാന്‍ പാര്‍ലമെന്റ് 109-ാം ഭരണഘടനാ ഭേദഗതി അംഗീകരിച്ചിട്ടുണ്ട്. ഈ ഭരണഘടനാ ഭേദഗതി നിയമമാകണമെങ്കില്‍ പകുതിയോളം സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ അതിനെ പിന്തുണക്കേണ്ടതുണ്ട്. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളെ മുന്‍ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഈ ഭരണഘടനാ ഭേദഗതിക്ക് കേരള സര്‍ക്കാരിന്റെയും നിയമസഭയുടെയും ഏകമനസ്സോടുകൂടിയുള്ള പിന്തുണയും അംഗീകാരവും നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സംവരണത്തിനു പുറമെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നടപ്പാക്കിവരുന്നത്. ഇതിനുവേണ്ടി ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുക വലുതാണെങ്കിലും നേട്ടങ്ങള്‍ ആശാവഹമായ രീതിയില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു സൂചിപ്പിക്കുന്നത് സംവരണം കൊണ്ടുമാത്രം നാം ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയുകയില്ല എന്നാണ്. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമായി നിലനില്‍ക്കുന്നു എന്നതിനാല്‍ സംവരണത്തിന്റെ പ്രസക്തി കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍മേഖലയും വിദ്യാഭ്യാസമേഖലയും അതിവേഗം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുവരികയാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവസരം ലഭിക്കുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന എയ്‌ഡഡ് സ്കൂള്‍ മേഖലയില്‍പോലും സംവരണം ഉറപ്പാക്കാന്‍ കഴിയാത്തത് വലിയൊരു വീഴ്ച തന്നെയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്ന 1,09,000 പേരില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം 296 മാത്രമാണ്. അതായത് വെറും 0.25 ശതമാനം. വിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍ ഈ വിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതി ഒഴിവാക്കാന്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം അടക്കമുള്ള നടപടികള്‍ കോടതി ഇടപെടലുകളിലൂടെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥചെയ്തിട്ടുള്ള സംവരണത്തിന് പരിമിതികളുണ്ട്. സ്വകാര്യ /എയ്‌ഡഡ് തൊഴില്‍ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും വിപുലമായ നിയമ നിര്‍മാണം ആവശ്യമുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. സംവരണകാലാവധി ദീര്‍ഘിപ്പിക്കുന്ന ഈ സന്ദര്‍ഭം അത്തരം വിപുലമായ നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാന്‍ തികച്ചും ഉചിതമാണ്.

****

എ കെ ബാലന്‍ (പിന്നോക്ക പട്ടികസമുദായ ക്ഷേമമന്ത്രി)

Saturday, December 26, 2009

മുതലാളിത്ത പ്രതിസന്ധി പരിഹൃതമായോ.......!

അമേരിക്കയില്‍ നിന്നും ലോകമാകെ പടര്‍ന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായെന്നും സമ്പദ്ഘടനകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടന രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ പാദത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന വാദഗതിയായി അവര്‍ നിരത്തുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രതിസന്ധിക്ക് പരിഹാരമായോ എന്നാണ് ഇവിടെ പരിശോധിക്കാന്‍ മുതിരുന്നത്.
പെരുകുന്ന തൊഴിലില്ലായ്‌മ, തുടരുന്ന ബാങ്ക് തകര്‍ച്ചകള്‍, തകരുന്ന വ്യവസായ സ്ഥാപനങ്ങള്‍, പ്രതിസന്ധിയിലമര്‍ന്ന ഭവനനിര്‍മ്മാണ മേഖല, വര്‍ദ്ധിച്ചുവരുന്ന രാജ്യത്തിന്റെ കടഭാരം, ഡോളറിന്റെ ദുര്‍ബ്ബലപ്പെടല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാല്‍ അമേരിക്കന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല എന്ന് വ്യക്തമാകുന്നു.

അമേരിക്കയില്‍ തൊഴിലില്ലായ്‌മ ചരിത്രത്തിലാദ്യമായി 10 ശതമാനം കടന്നിരിക്കുന്നു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 18 ശതമാനം വരുമത്രെ. ശാസ്‌ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടങ്ങള്‍ പൂര്‍ണ്ണമായും മുതലാളിത്തം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനല്ല കുറയ്ക്കുന്നതിനാണ് വഴിവെച്ചത്. മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലുണ്ടായിരുന്നവര്‍ക്കു പോലും തൊഴില്‍ നഷ്‌ടമാവുകയാണ്. എല്ലാ മാസവും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്നത്. കൂലിക്കുറവും തൊഴില്‍ നഷ്‌ടവും ജനങ്ങളുടെ വാങ്ങല്‍ ശേഷി ഇടിക്കുകയാണ്. സമ്പദ്ഘടനയുടെ സ്ഥായിയായ വളര്‍ച്ചയ്‌ക്ക് തൊഴില്‍ സാര്‍വ്വജന്യമാകണം. മാന്ദ്യത്തെ തുടര്‍ന്ന് നടപ്പിലാക്കിയ രക്ഷാപദ്ധതികളിലൊന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയില്ല. ജനങ്ങളുടെ വരുമാനം കുറഞ്ഞതും, ആസ്തികളുടെ വില ഇടിഞ്ഞതും ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നതിന് വഴിവെച്ചു. ഇതേതുടര്‍ന്ന് ഈ വര്‍ഷം മാത്രം 106 ബാങ്കുകളാണവിടെ തകര്‍ന്നത് (കഴിഞ്ഞ വര്‍ഷം 25 ബാങ്കുകള്‍ തകര്‍ന്നിരുന്നു).

രക്ഷാപദ്ധതികളുടെ ഭാഗമായി TARP (Troubled Asset Relief Programme) വഴി 700 ബില്യണ്‍ ഡോളര്‍ (35 ലക്ഷം കോടി രൂപ) സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് മൂലധനമായി നല്‍കിയിട്ടും 2008 സെപ്തംബറിനു ശേഷം 131 ബാങ്കുകള്‍ അവിടെ തകര്‍ന്നു. ബാങ്കുകള്‍ക്ക് മൂലധനം നല്‍കിയതു കൂടാതെ ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റെ (250 ലക്ഷം കോടി രൂപ) ഡെറിവേറ്റീവ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുകയുണ്ടായി. എന്നിട്ടും പ്രതിസന്ധി തരണം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ആകുന്നില്ല എന്നതില്‍ നിന്നുതന്നെ പ്രതിസന്ധിയുടെ ആഴം എത്രയുണ്ടെന്ന് വെളിവാകുന്നു.

ബാങ്കുകള്‍ മാത്രമല്ല, എ.ഐ.ജി. പോലെയുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഐ.ടി. വ്യവസായസ്ഥാപനങ്ങളും വന്‍കിട കാര്‍കമ്പനികളുമൊക്കെ തകരുകയോ പാപ്പരാക്കപ്പെടുകയോ ചെയ്തു. അമേരിക്കയിലെ പ്രമുഖ കാര്‍ കമ്പനികളായ ക്രിസ്‌റ്റ്‌ലര്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ് തുടങ്ങിയവയെല്ലാം തകര്‍ന്നുകഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെ പറഞ്ഞുവിട്ടുകൊണ്ടിരിക്കുകയാണ്.
ഭവനനിര്‍മ്മാണ മേഖലയിലുണ്ടായ തകര്‍ച്ച അതിഭീമമാണ്. ലോകമാകെ റിയല്‍ എസ്റേറ്റ് രംഗത്തെ ആസ്തികളിലുണ്ടായ നഷ്‌ടം 11 ട്രില്യണ്‍ ഡോളറില്‍ (550 ലക്ഷം കോടി രൂപ) അധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്താകമാനം ഓഹരിവിപണിയില്‍ ഉണ്ടായിട്ടുള്ള നഷ്‌ടം 30 ട്രില്യണ്‍ ഡോളര്‍ (1500 ലക്ഷം കോടി രൂപ) വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഹരിവിപണിയിലും, റിയല്‍ എസ്റേറ്റ് രംഗത്തും മാത്രമുണ്ടായിട്ടുള്ള ആസ്തിയുടെ ഇടിവ് ലോകരാജ്യങ്ങളുടെ ആകെ ജി.ഡി.പി.യുടെ 75 ശതമാനം വരുമത്രെ. ഇത്രയും ഭീകരമായ ഒരു പതനത്തില്‍ നിന്ന് ഈ മേഖലകള്‍ കരകയറിവരാന്‍ ഏറെ സമയമെടുക്കും.

ഇതിനേക്കാളെല്ലാം ഉപരിയായി അമേരിക്കയെ പിടിച്ചുകുലുക്കാന്‍ പോകുന്ന പ്രശ്നം ഡോളറിന്റെ മൂല്യശോഷണമാണ്. ഏതാണ്ട് എല്ലാ കറന്‍സികളുമായും ഡോളറിന്റെ മൂല്യം 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞുകഴിഞ്ഞു. ഡോളറില്‍ തങ്ങളുടെ സമ്പാദ്യവും കച്ചവടവും നടത്തിയിരുന്നവര്‍ 'യൂറോ'യിലേക്കും മറ്റു കറന്‍സികളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ് (ഡോളറിന്റെ വിലയിടിവാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനവിന് കാരണമായിട്ടുള്ളത്). വന്‍കിടക്കാര്‍ തങ്ങളുടെ സമ്പാദ്യം ഡോളറില്‍ നിന്നും സ്വര്‍ണ്ണത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ALBA 2010 മുതല്‍ 'ഡോളറിനു' പകരം 'സൂക്രെ' എന്ന കറന്‍സി ഇറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം ഡോളറിനെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുകയാണ്. ഇങ്ങനെ പോയാല്‍ വലിയ താമസമില്ലാതെ അന്താരാഷ്‌ട്ര കറന്‍സി എന്ന സ്ഥാനം ഡോളറിന് നഷ്‌ടമായേക്കും. ഇത് അമേരിക്കന്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയ്‌ക്ക് വഴിവെക്കും. അതിനാല്‍ അവര്‍ തങ്ങളുടെ സൈനികശേഷി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിനു മേല്‍ അപ്രമാദിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ സഖ്യകക്ഷികളെ കണ്ടെത്താനും, അധിനിവേശം വ്യാപിപ്പിച്ചുകൊണ്ട് വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുമാണവര്‍ ശ്രമിക്കുന്നത്.

ഇതെല്ലാം ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ബുഷും, ഒബാമയുമൊക്കെ നടപ്പിലാക്കിയ രക്ഷാപദ്ധതികളും മറ്റു നടപടികളും അമേരിക്കയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയ്‌ക്ക് വക്കാലത്ത് പിടിച്ചുകൊണ്ട് ലോകം പ്രതിസന്ധിയില്‍ നിന്ന് കരകയറി എന്ന് പ്രചരിപ്പിക്കുന്നത്. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളിലെല്ലാം പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിട്ടുള്ളത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

*
സജി വര്‍ഗ്ഗീസ്, ബാങ്ക് വർക്കേഴ്‌സ് ഫോറം

Friday, December 25, 2009

പശ്ചിമ ബംഗാളിലെ അവിശുദ്ധ 'മഹാസഖ്യം'

പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന്നതിന് ആശയപ്പൊരുത്തമില്ലാത്ത ശക്തികള്‍ തമ്മിലുള്ള രാഷ്‌ട്രീയ സഹശയന പ്രക്രിയ ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും ചോരക്കളികളുടെയും ശരിക്കും അറപ്പുളവാക്കുന്ന കഥയാണിത്. ഇടതുപക്ഷത്തിന് സ്വന്തം താവളത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം മറച്ചുപിടിക്കാന്‍ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും വല്ലാതെ ക്ളേശിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെയും സിപിഐ എമ്മിന്റെ ദൌര്‍ബല്യങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ വ്യഗ്രതപ്പെടുന്ന ഈ വിഭാഗങ്ങളില്‍ പലരും പശ്ചിമബംഗാളില്‍ ഇപ്പോള്‍ വ്യക്തമായി നടപ്പാക്കി വരുന്ന സമഗ്രമായ ഇടതുപക്ഷ വിരുദ്ധ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ച് മനഃപൂര്‍വ്വമായ നിശബ്ദത പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ വേട്ടയാടാനും തകര്‍ക്കാനുമുള്ള ഗൌരവതരമായ ഈ പദ്ധതിയുടെ കേന്ദ്രലക്ഷ്യം വിജയകരമായി നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെയും പ്രക്രിയകളുടെയും ഈ കൂടിച്ചേരലിലെ വിവിധ കൈവഴികളെ മനസ്സിലാക്കേണ്ടത് ആവശ്യമായിരിക്കുന്നത്.

1960കളുടെ അവസാനം മുതലുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും സിപിഐ എമ്മിന്റെയും വളര്‍ച്ച ഭരണവര്‍ഗങ്ങളില്‍നിന്നുള്ള കടുത്ത ആക്രമണത്തെ നേരിട്ടുകൊണ്ടായിരുന്നു. അറുപതുകളുടെ അവസാനം ഭരണഘടനയുടെ 356-ാം വകുപ്പ് നഗ്നമായി ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം അടിച്ചേല്‍പിച്ചുകൊണ്ട് രണ്ടുവട്ടം അകാലികമായി ഐക്യമുന്നണിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയിരുന്നു; തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രസ്ഥാനത്തിന്റെ വളര്‍ന്നുകൊണ്ടിരുന്ന മുന്നേറ്റത്തെ തടയുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്; ഇക്കാര്യങ്ങള്‍ ഇപ്പോള്‍ രാഷ്‌ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാന രാഷ്‌ട്രീയത്തിലെ ആ ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസം ഭൂമിക്കുമേലുള്ള അവകാശത്തിനായി ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരും ചെറുകിട കര്‍ഷകരും നടത്തിയ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളാണ്. മിച്ചഭൂമി കണ്ടെത്തുന്നതിനും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അവ പുനര്‍വിതരണം ചെയ്യുന്നതിനുമുള്ള ഐക്യമുന്നണി സര്‍ക്കാരിന്റെ നീക്കത്തെ വന്‍കിട ഭൂ ഉടമസ്ഥര്‍ എതിര്‍ത്തിരുന്നു. പ്രക്ഷുബ്‌ധമായ ആ കാലത്ത് സര്‍ക്കാരിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാകും എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ജനകീയ സമരങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കിയിരുന്നു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിന് തട്ടിക്കൂട്ടിയ വേദിയുടെയും, കാര്‍ഷിക പരിഷ്കരണം ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളെ 'ക്രമസമാധാന' പ്രശ്നമുണ്ടാക്കുന്നതും അരാജകത്വം അഴിച്ചുവിടുന്നതുമായി മുദ്രകുത്തിയതിന്റെയും, അസന്ദിഗ്ധമായ വലതുപക്ഷ സ്വഭാവമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട സംഗതി.

ഉശിരന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ കരുത്താര്‍ജിച്ചുകൊണ്ടിരുന്ന വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന് വലതുപക്ഷത്തിന്റെ ഇത്തരം നഗ്നമായ എതിര്‍പ്പ് ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ നക്സല്‍ബാരിയെന്ന ഒരു ചെറിയ ഭൂപ്രദേശത്ത് ഇടതു തീവ്രവാദ പ്രസ്ഥാനം ഉയര്‍ന്നുവന്നത്. ആദ്യം തികച്ചും കാര്‍ഷിക സ്വഭാവത്തോടുകൂടിയ പ്രതിഷേധത്തിന്റെ അനുബന്ധമെന്ന നിലയില്‍, പിന്നീട് നഗരപ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥി - യുവജന സംഘങ്ങളുടെ സായുധ നടപടികളായി അത് അധഃപതിച്ചു. ഈ നടപടികള്‍ ഏറെക്കുറെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായി മാത്രം ലക്ഷ്യമിട്ടതായിരുന്നു; ലോകത്ത് എവിടെയുമുള്ള ഇടതുതീവ്രവാദത്തിന്റെ അനുഭവവും ഇതുതന്നെയാണ്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്റെ 9-ാം കോണ്‍ഗ്രസ് ഇങ്ങനെ ചൂണ്ടിക്കാണിച്ചത് - "പെറ്റി ബൂര്‍ഷ്വാ അതിസാഹസികത്വം തൊഴിലാളിവര്‍ഗ വിരുദ്ധ, വിപ്ളവവിരുദ്ധ നയമായി അധഃപതിക്കും; അത് അനിവാര്യമായും ഭരണവര്‍ഗ താല്‍പര്യങ്ങളെ കൂറോടെ സേവിക്കുന്നതില്‍ എത്തിച്ചേരും'' ഒടുവില്‍ 'വിപ്ളവപരമായ പരിവര്‍ത്തനത്തിനു'വേണ്ടിയുള്ളതെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രസ്ഥാനം ഒടുവില്‍ പൂര്‍ണമായും കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍ ഒതുങ്ങി; ഇത് 1970കളിലെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരതയുടെ കാലഘട്ടത്തിന് വഴിയൊരുക്കി.

ചരിത്ര പശ്ചാത്തലം

പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതിനു ശേഷമുള്ള കഴിഞ്ഞ മുപ്പതുവര്‍ഷമായി നക്സലൈറ്റ് പ്രസ്ഥാനം പൊതുവെ വിസ്‌മൃതിയിലാണ്ടിരിക്കുകയായിരുന്നു. കാരണം വളരെ വ്യക്തമാണ്. നക്സലൈറ്റുകളുടെ ഒറ്റപ്പെടലില്‍ നിര്‍ണായകമായി മാറിയത് സംഘടിത ഇടതുപക്ഷ നേതൃത്വത്തില്‍ നടപ്പാക്കിയ വിജയകരവും വ്യാപകവുമായ ഭൂപരിഷ്കരണമായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഈ പ്രക്രിയയ്ക്ക് നിയമപരമായ പിന്‍ബലവും ലഭിച്ചു. അങ്ങനെ സാമൂഹിക - സാമ്പത്തിക വികസനവും സിപിഐ എമ്മിന്റെയും സംഘടിത ഇടതുപക്ഷത്തിന്റെയും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ ഇടപെടലുകളും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിനിടയാക്കി.

ജംഗള്‍മഹല്‍ എന്ന് പൊതുവെ അറിയപ്പെടുന്ന പശ്ചിമ മെദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലെ ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ പ്രധാനമായും പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നടത്തിയ ലക്ഷ്യബോധമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നില്ല ഈ ദശകത്തിന്റെ തുടക്കത്തില്‍ മാവോയിസ്റ്റ് കമ്യൂണിസ്റ്റു സെന്ററിന്റെയും സിപിഐ (എംഎല്‍) - പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെയും ഒറ്റപ്പെട്ട നടപടികള്‍ നടന്നിരുന്നത്. ഈ നടപടികള്‍ വീണ്ടും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് സിപിഐ എമ്മിനെതിരായ, അതിന്റെ കാഡര്‍മാരെ കൊല്ലുന്നതിനുള്ള, പതിയിരുന്നുള്ള സായുധാക്രമണങ്ങളിലായിരുന്നു. ഝാര്‍ഖണ്ഡിലുള്ള അവരുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്; ഈ മൂന്ന് ജില്ലകളും ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലുമാണ്. തുടര്‍ന്ന് സിപിഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെട്ടതോടെ ഈ പതിയിരുന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും അവര്‍ക്ക് പരസ്യമായ പിന്തുണ ലഭിച്ചതാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും പ്രധാനമായും സിപിഐ എമ്മിനെ ലക്ഷ്യമാക്കിയുള്ള അക്രമങ്ങളും വര്‍ദ്ധിച്ചതിനു കാരണം എന്നതാണ് യാഥാര്‍ത്ഥ്യം.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റു. ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള ജനങ്ങളുടെ അനുകൂല പിന്തുണയ്ക്കു പുറമെ 2004ലെ ലോൿസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വലിയ തോതില്‍ രാഷ്‌ട്രീയ ഒറ്റപ്പെടല്‍ നേരിട്ടിരുന്ന ബിജെപിയുമായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബന്ധവുമായിരുന്നു തെരഞ്ഞെടുപ്പ് ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായതിന്റെ പ്രധാന ഘടകം. വാസ്തവത്തില്‍, പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ജനങ്ങള്‍ക്കിടയിലുള്ള പിന്തുണയുടെ ബലത്തിലാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം കാവിപ്പടയുടെ വര്‍ഗീയ - ഫാസിസ്റ്റ് രാഷ്‌ട്രീയത്തിനും അവരുടെ തിളങ്ങുന്ന ഇന്ത്യയെന്ന വ്യക്തമായ നവലിബറല്‍ നയങ്ങള്‍ക്കും എതിരായ ജനവിധിക്ക് അവസരമൊരുക്കിയത്. പുതിയ വ്യവസായങ്ങള്‍ രൂപീകരിക്കാനുള്ള ജനങ്ങളോടുള്ള ഇടതുമുന്നണിയുടെ ആഹ്വാനത്തിനു ലഭിച്ച അംഗീകാരവുമായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

ആവര്‍ത്തിച്ച് പരീക്ഷിച്ച് പരാജയപ്പെട്ട പരമ്പരാഗത വലതുപക്ഷ പരിപാടികള്‍ക്ക് പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കാനാവില്ലെന്ന് ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്ക്, പ്രത്യേകിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാതൃകയിലുള്ള, ഇടതുപക്ഷത്തിന്റെ കടുത്ത രാഷ്‌ട്രീയ എതിരാളികള്‍ക്ക് ബോധ്യമായി. ആയതിനാല്‍, ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും പ്രതിപക്ഷവേദിയുടെ ഔപചാരികമായ ആക്രമണത്തിന് പുതിയ മുഖം നല്‍കുന്നതിനും നടപടി സ്വീകരിക്കേണ്ടത് ആവശ്യമായി വന്നു. അങ്ങനെയാണ് വ്യവസായത്തിനും പശ്ചാത്തല സൌകര്യ വികസനത്തിനുമായി കൃഷിഭൂമി ഉപയോഗിക്കുന്നതിനെതിരെയുള്ള എതിര്‍പ്പിന്റെ പ്രശ്‌നത്തില്‍ എസ്‌യുസിഐയെയും ചില നക്സലൈറ്റ് ഗ്രൂപ്പുകളെയും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്.

ഈ പശ്ചാത്തലത്തിലാണ് ഒരുവിധത്തിലും ആശയപ്പൊരുത്തമില്ലാത്ത വിവിധ ശക്തികള്‍ ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തുകൂടിയത്. നമ്മുടെ വിദേശ നയത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റുന്നതിനെതിരായ സിപിഐ എമ്മിന്റെ ശക്തമായ നിലപാട്, സാമ്രാജ്യത്വശക്തികളെയും ഇത്തരം മാറ്റത്തിന് അനുകൂലമായ ഇവിടത്തെ ഭരണവര്‍ഗത്തിലെ പ്രമാണിമാരെയും ഇടതുപക്ഷത്തിനെതിരായ പുതിയ രാഷ്‌ട്രീയ കടന്നാക്രമണങ്ങള്‍ അഴിച്ചുവിടുകയെന്ന ഈ രാഷ്‌ട്രീയ പദ്ധതിക്ക് സജീവമായ പിന്തുണ നല്‍കാന്‍ പ്രേരകമായി. സംസ്ഥാനത്തെ കൃഷിഭൂമിയില്‍ മഹാഭൂരിപക്ഷത്തിനും ഉടമസ്ഥാവകാശം നേടിയിരുന്ന ചെറുകിട - നാമമാത്ര കര്‍ഷകരുടെ അവകാശങ്ങളെയും ഇടതുപക്ഷ നാട്യങ്ങളെയും ഈ വിഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. സന്ദര്‍ഭവശാല്‍, ഇടതുമുന്നണിയുടെ ഭരണകാലഘട്ടത്തില്‍ സംസ്ഥാനത്തെ കൃഷിഭൂമിയുടെ 84 ശതമാനവും ചെറുകിട - നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയില്‍ ആയി. തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ വായാടിയായ നേതാവ് മമതാ ബാനര്‍ജിയും വിളിച്ചുകൂവുന്ന ഇടതുപക്ഷ വാചകക്കസര്‍ത്തുകളുടെ യഥാര്‍ത്ഥ സ്വഭാവം എന്തെന്നതിനെക്കുറിച്ച് നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തെ തകര്‍ത്തുകഴിഞ്ഞാല്‍ ആത്യന്തികമായി വലതുപക്ഷത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഴിയുമെന്നും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വെറുപ്പും എതിര്‍പ്പും സ്വാഭാവികമായി അതിനു തന്നെ ഇടയാക്കുമെന്നും ഈ വലതുപക്ഷ ശക്തികള്‍ക്ക് വ്യക്തമായിരുന്നു.

നന്ദിഗ്രാമിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് ഈ കുടിലമായ അവിശുദ്ധസഖ്യം കൂടുതല്‍ വ്യക്തമായി വെളിപ്പെട്ടു. പരമ്പരാഗത ഇടതുപക്ഷവിരുദ്ധ ശക്തികളില്‍നിന്ന് വ്യത്യസ്തമായ രാഷ്‌ട്രീയ ശക്തികളുടെ ഇടപെടലുകളിലേക്കാണ് നന്ദിഗ്രാമിലെ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടിയത്. റോഡുകള്‍ വെട്ടിക്കുഴിക്കുന്നത്, പാലങ്ങള്‍ തകര്‍ക്കുന്നത്, സിപിഐ എം പ്രവര്‍ത്തകരെ ആസൂത്രിതമായി കൊല്ലുന്നത് എന്നിവയെല്ലാം 2007 മാര്‍ച്ച് 14ന്റെ ദൌര്‍ഭാഗ്യകരമായ പോലീസ് വെടിവയ്പിനു വളരെ മുമ്പുതന്നെ ആ പ്രദേശത്താകെ സര്‍ക്കാര്‍ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. പിന്നീട്, മാവോയിസ്റ്റുകള്‍ തന്നെ നന്ദിഗ്രാമിലെ തങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. വാസ്തവത്തില്‍, മാവോയിസ്റ്റുകളുടെ പശ്ചിമബംഗാള്‍ - ഝാര്‍ഖണ്ഡ് കമ്മിറ്റിയുടെ ഒരു രേഖ ചൂണ്ടിക്കാണിച്ചത് വ്യത്യസ്ത ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയ ശക്തികളുമായി അവര്‍ക്ക് ഒത്തുചേരുന്നതിനും അവര്‍ 'സോഷ്യല്‍ ഫാസിസ്റ്റ്' ശക്തിയായി വിശേഷിപ്പിക്കുന്ന സിപിഐ എമ്മിനെതിരെ എല്ലാപേരെയും കൂട്ടിയോജിപ്പിക്കുന്നതിനും അനുയോജ്യമായ അവസരം വര്‍ദ്ധിച്ചുവരുന്നതായാണ്. ഇത്തരം ഒരു സ്വഭാവ നിര്‍ണയത്തിനിടയാക്കുന്ന സാമ്പത്തികമോ സാമൂഹികമോ രാഷ്‌ട്രീയമോ ആയ ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് ഈ ഇടതു തീവ്രവാദികള്‍ക്ക് തോന്നിയില്ലെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നന്ദിഗ്രാമില്‍നിന്നും കണ്ടെടുത്ത ആയുധങ്ങളും പടക്കോപ്പുകളും നന്ദിഗ്രാം പ്രക്ഷോഭത്തെ നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധസമിതിക്ക് മാവോയിസ്റ്റുകള്‍ പരിശീലനം നല്‍കിയതിനെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം എന്നിവയെല്ലാം മാവോയിസ്റ്റുകളുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനകളാണ്. അതേ തുടര്‍ന്ന് ഇത്തരം ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഔപചാരികമായ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല. മാവോയിസ്റ്റ് നേതാക്കള്‍ തന്നെ, പ്രത്യേകിച്ചും കിഷന്‍ജി എന്നറിയപ്പെടുന്ന കോടേശ്വരറാവു, അത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. നന്ദിഗ്രാമില്‍ തൃണമൂലിന് മാവോയിസ്റ്റുകള്‍ പിന്തുണ നല്‍കിയെന്ന് അവകാശപ്പെട്ടുകൊണ്ട് അതിനുപകരമായി ലാല്‍ഗഢിലും ജംഗള്‍മഹലിലും മമതാ ബാനര്‍ജി അവര്‍ക്ക് സഹായം നല്‍കണമെന്നാണ് മാവോയിസ്റ്റുകള്‍ വാദിച്ചത്. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ സോനാച്ചുര ഗ്രാമപഞ്ചായത്തിന്റെ തലവന്‍ നിഷികാന്ത മാണ്ഡലിനെ മാവോയിസ്റ്റുകള്‍ വകവരുത്തിയ രീതിയില്‍ നിന്നു തന്നെ മാവോയിസ്റ്റുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും സജീവമായി ബന്ധപ്പെട്ടിരുന്നുവെന്നും സംശയാതീതമായി വ്യക്തമാകുന്നു. മണ്ഡലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവെയ്ക്കാനാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും ശ്രമിച്ചത്. എന്നാല്‍ മാവോയിസ്റ്റുകള്‍ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇതിനെ ശക്തിയായി ഖണ്ഡിക്കുകയുണ്ടായി. മാവോയിസ്റ്റുകളെ എതിര്‍ക്കാന്‍ മണ്ഡല്‍ ശ്രമിച്ചതിന്റെ ഫലമായാണ് അദ്ദേഹത്തെ ഉന്മൂലനം ചെയ്തതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ മമതയുടെ ആരോപണത്തെ നിരര്‍ത്ഥകമാക്കുകയാണുണ്ടായത്. 2009 നവംബര്‍ 27ന് ടെലിഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ (ഈ പത്രത്തെ ഒരു വിധത്തിലും ആര്‍ക്കും ഇടതുപക്ഷ അനുകൂലികളായി ചിത്രീകരിക്കാനാവില്ലല്ലോ) ഇങ്ങനെ പറയുന്നു - "മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കമ്മിറ്റിയുടെ നേതാവ് സലിം പറഞ്ഞത് - 'അടുത്തകാലത്ത് സോനാച്ചുരയില്‍വെച്ച് ഒരു റാലിയില്‍ നിങ്ങള്‍ (മമത) പറഞ്ഞത് 2007ല്‍ സിപിഎം ആയിരുന്നു ഞങ്ങളെ നന്ദിഗ്രാമിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നല്ലോ' അത് പച്ചക്കള്ളമാണെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം എന്നാണ്.

"സോനാച്ചുരയില്‍ ഒരു പരസ്യ സംവാദത്തിന് കേന്ദ്ര റെയില്‍വെ മന്ത്രിയെ സലിം ക്ഷണിച്ചു - താങ്കളുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ദയവായി സോനാച്ചുരയിലേക്ക് വരൂ; ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഞങ്ങള്‍ തെളിയിച്ചു തരാം''.

ലാല്‍ഗഢില്‍ പട്ടാളത്തെ ഇറക്കണമെന്ന മമതയുടെ നിര്‍ദ്ദേശത്തെയും ഈ പ്രസ്താവന വിമര്‍ശിച്ചു.

അതില്‍ ഇങ്ങനെ പറഞ്ഞു - "സിപിഎം കാഡര്‍മാര്‍ക്കെതിരായ നന്ദിഗ്രാം പ്രസ്ഥാനത്തെ നയിക്കുന്നതിന് ഞങ്ങള്‍ നാരായണനെ നിയോഗിച്ചു. നാരായണ്‍ നന്ദിഗ്രാമില്‍ എത്ര തവണ വന്നിട്ടുണ്ടെന്നും ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അയാള്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്നും തൃണമൂല്‍ എംപി ശുഭേന്ദു അധികാരിക്ക് നന്നായി അറിയാം.

"പ്രാദേശിക തൃണമൂല്‍ നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ നിഷികാന്ത് മണ്ഡലിന്റെ മരണത്തെത്തുടര്‍ന്ന് സോനാച്ചുരയിലെ ഒരു സ്ഥലത്ത് നിങ്ങള്‍ പ്രസംഗിച്ചിരുന്നു. നന്ദിഗ്രാമിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ നാരായണനുമായും ഞങ്ങളുടെ സംസ്ഥാനകമ്മിറ്റി അംഗമായ സുകുമാറുമായും അധികാരി വേദി പങ്കിട്ടത് അതേ സ്ഥലത്തുതന്നെയായിരുന്നു''.

തങ്ങളുടെ ആളുകള്‍ മണ്ഡലിനെ വധിച്ചത് എന്തുകൊണ്ടെന്ന് മാവോയിസ്റ്റ് നേതാവ് ഇങ്ങനെ വിശദീകരിച്ചു- "നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയ വിജയം കൈവരിച്ചതിനെ തുടര്‍ന്ന്, ആ പ്രദേശത്തുനിന്ന് ഞങ്ങളെ തുരത്താന്‍ അവര്‍ ആഗ്രഹിച്ചു. നാരായണനെ പോലീസിന് പിടിച്ചുകൊടുക്കാന്‍ പരിപാടി ഇടുകയായിരുന്നു. അയാളുടെ വഞ്ചനയ്ക്ക് തക്ക ശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. നന്ദിഗ്രാമില്‍ ഞങ്ങള്‍ അപ്പോഴും സജീവമായിരുന്നു; ഭാവിയിലും ഞങ്ങള്‍ അവിടെ ഉണ്ടാകും''.

2008 നവംബര്‍ 2ന് ഉരുക്കുനിര്‍മ്മാണശാലയുടെ ഉദ്ഘാടനത്തിനുശേഷം സാല്‍ബണിയില്‍നിന്ന് മടങ്ങിവരികയായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിന് ലക്ഷ്യമിട്ട് നടത്തിയ കുഴിബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, പോലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് ലാല്‍ഗഢ് സംഭവം ഉണ്ടായത്. നിര്‍ദ്ദിഷ്‌ട സ്റ്റീല്‍ പ്ളാന്റിന്റെ സ്ഥലമെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പ്രക്ഷോഭം അവിടെ ഉണ്ടായിരുന്നില്ല; മാത്രമല്ല, അത് ഒരു സെസ് (SEZ) പദ്ധതിയുമായിരുന്നില്ല. മുഖ്യമന്ത്രിക്കുനേരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട പോലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയ സമിതി (PCAPA) എന്ന് വിളിക്കപ്പെടുന്ന സംഘടന ആ പ്രദേശത്തേക്ക് പോലീസുകാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ കടക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. അതോടൊപ്പം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റ് സ്ക്വാഡിന്റെ നേതാവ് ശശാധര്‍ മഹാതോയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമുന്നയിച്ചുകൊണ്ട് തങ്ങള്‍ മാവോയിസ്റ്റുകളുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമാക്കപ്പെടുകയുണ്ടായി.

തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും

പിസിഎപിഎയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തുടക്കംമുതല്‍ തന്നെ സുവ്യക്തമായിരുന്നു. പിസിഎപിഎയുടെ വക്താവായ ഛത്രധര്‍ മഹാതോ മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. അയാളുടെ സഹോദരനാണ് മാവോയിസ്റ്റ് നേതാവ് ശശാധര്‍ മഹാതോ. ലാല്‍ഗഢില്‍ ആ കാലത്ത് മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്നപ്പോള്‍ തന്നെ അവിടെ പിസിഎപിഎ സംഘടിപ്പിച്ച യോഗങ്ങളിലും മറ്റു പരിപാടികളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും മറ്റു തൃണമൂല്‍ നേതാക്കളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ രാജ്യസഭയില്‍ (ഡിസംബര്‍ 2, 2009) ആഭ്യന്തരമന്ത്രി തന്നെ, പിസിഎപിഎ "സിപിഐ മാവോയിസ്റ്റിന്റെ മുന്നണി സംഘടന മാത്രമാണ്'' എന്ന് സമ്മതിച്ചിരിക്കുകയാണ്.

2009 ഫെബ്രുവരിയില്‍, മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ കാന്താപഹാഡിയില്‍ പിസിഎപിഎയുടെ രാഷ്‌ട്രീയ സമ്മേളനത്തില്‍ മമതാ ബാനര്‍ജിയും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ഈ കമ്മിറ്റി ഒരു മാവോയിസ്റ്റ് സംഘടനയാണെന്ന് അംഗീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിസമ്മതിച്ചിരുന്നു; '32 വര്‍ഷത്തെ ഇടതു ദുര്‍ഭരണത്തിന്റെ ദുരിതം' അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയുടെ 'സ്വാഭാവിക അസ്വസ്ഥതകളു'ടെ യഥാര്‍ത്ഥ വക്താവായി ആ സംഘടനയെ ന്യായീകരിക്കാനാണ് തൃണമൂലുകാര്‍ പരിശ്രമിച്ചത്. ലാല്‍ഗഢില്‍ കേന്ദ്ര - സംസ്ഥാന പോലീസിന്റെ സംയുക്ത പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍വവിധ പരിശ്രമവും നടത്തിയിരുന്നു; സംയുക്ത പോലീസ് സേനയെ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കുനേരെ നടത്തിയ വധശ്രമം സിപിഐ എം നടത്തിയ ഒരു 'നാടകം' ആണെന്നാണ് മമതാ ബാനര്‍ജി തന്റെ സ്വതവേ ശത്രുതാപരമായ ശൈലിയില്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചുകൊണ്ടിരുന്നത്; ലാല്‍ഗഢിലും ജംഗള്‍മഹലിലും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നത് സിപിഐ എമ്മിന്റെ ഭാവനാവിലാസം മാത്രമാണെന്നായിരുന്നു മമതയുടെ അഭിപ്രായം.

എന്നാല്‍ ലാല്‍ഗഢിലെ മാവോയിസ്റ്റ് സാന്നിധ്യം നിഷേധിക്കാനാവാത്തവിധം വ്യക്തമായതോടുകൂടി, 'രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കുനേരെയുള്ള ഏറ്റവും വലിയ വിപത്താണ് മാവോയിസ്റ്റ് അക്രമം' എന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണത്തില്‍ ഉയര്‍ത്തിപ്പിടിച്ച മാവോയിസ്റ്റ് പ്രശ്‌നം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പൊതുനിലപാടിനോട് മമതയ്ക്ക് ഒത്തുനില്‍ക്കേണ്ടതായി വന്നു. അതേസമയം മാവോയിസ്റ്റ് നേതൃത്വമാകട്ടെ തൃണമൂലിനെയും മമതയെയും കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്തം നിഷേധിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കുകയും ചെയ്തു. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി മമതയായിരിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് 2009 ഒക്ടോബര്‍ 4ന് കിഷന്‍ജി വ്യക്തമായി പ്രസ്താവിച്ചു. നിശ്ചയമായും, മാവോയിസ്റ്റ് നേതാവ് കിഷന്‍ജി തന്റെ തൊടുന്യായങ്ങള്‍ ഉന്നയിച്ച് അതിനെ ന്യായീകരിക്കുകയും ചെയ്തു. അവരുടെ പാര്‍ടിയുടെ ഒരേയൊരു വക്താവായ പ്രമുഖ വ്യക്തിയെന്ന നിലയില്‍ മൊത്തത്തിലുള്ള ഭരണവര്‍ഗ നയങ്ങളില്‍നിന്നു വേറിട്ട് ജനങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കു കഴിയും എന്നാണ് കിഷന്‍ജിയുടെ വാദം. മാവോയിസ്റ്റുകള്‍ ശരിക്കും സ്വപ്ന ജീവികള്‍ തന്നെയാണ്. സാമ്രാജ്യത്വാനുകൂല നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വസ്‌തുതയെതന്നെ അവഗണിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിയുന്നു. എന്നാല്‍, നേരെമറിച്ച് ഇടതുപക്ഷത്തിനെതിരായ മാധ്യമ ആക്രമണത്തിന്റെ കുന്തമുനയായ ആനന്ദ ബസാര്‍ പത്രികയോട് കിഷന്‍ജി നടത്തിയ അവകാശവാദം ഇത്തരമൊരു കൂട്ടുകെട്ടില്‍നിന്ന് ജനങ്ങളും ജനാധിപത്യവും നേരിടുന്ന വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

സംയുക്ത സേനാനീക്കത്തെ തടയാനുള്ള തൃണമൂലിന്റെയും മമതയുടെയും പരിശ്രമം പരാജയപ്പെട്ടെങ്കിലും അതില്‍ നിരാശരാകാതെ മാവോയിസ്റ്റുകള്‍ തങ്ങളുടെ അഭ്യര്‍ത്ഥന വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ സംയുക്തസേനാ നീക്കത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. താഴെ തട്ടിലുള്ള തൃണമൂല്‍ നേതാക്കള്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കന്മാരും വരെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുനല്‍കുന്നതിനായി അടിക്കടി ലാല്‍ഗഢ് സന്ദര്‍ശിച്ചുകൊണ്ടിരുന്നു. തൃണമൂലിന്റെ അണികളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്; ഇക്കാര്യം സുരക്ഷാ വിദഗ്ദ്ധന്മാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യങ്ങള്‍ അംഗീകരിച്ചതാണ്.

തൃണമൂല്‍ - മാവോയിസ്റ്റ് അവിശുദ്ധ സഖ്യത്തിന്റെ ഉദാഹരണങ്ങള്‍ ഏറെക്കുറെ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ ഇത് ഏറ്റവും അധികം പരസ്യമായി പ്രത്യക്ഷപ്പെട്ടത് ഝാര്‍ ഗ്രാമിനടുത്തുവെച്ച് ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് തടഞ്ഞുവെച്ച സംഭവത്തിലാണ്. ആ നടപടി മാവോയിസ്റ്റുകളുടെ കൈക്രിയയായിരുന്നെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു; ഈ കുറ്റകൃത്യം നിര്‍വഹിച്ചവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തന്നെ അത് വെളിപ്പെടുത്തുന്നതാണ്. മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് തന്നെ പിസിഎപിഎയുടെ വക്താവായി നിയോഗിച്ചതെന്ന് സമ്മതിച്ച ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്ന ആവശ്യം തന്നെ ഇതില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. വാസ്തവത്തില്‍, ഛത്രധറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ആ പ്രദേശത്ത് ബന്ദാഹ്വാനം നടത്തിയിരുന്നു. എന്നാല്‍, ഈ സത്യം അംഗീകരിക്കാന്‍ റെയില്‍വെ മന്ത്രി തയ്യാറായിരുന്നില്ല; സിപിഐ എമ്മിനെ കുറ്റപ്പെടുത്താനാണ് അവര്‍ ആദ്യമേ ശ്രമിച്ചത്. അതിനുംപുറമെ, റെയില്‍വെ സമര്‍പ്പിച്ച എഫ്ഐആറില്‍ മാവോയിസ്റ്റുകളെക്കുറിച്ച് സൂചന പോലുമില്ല.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അതിന്റെ നേതാവിന്റെയും അനിയന്ത്രിതമായ അധികാരദാഹം അവരെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും താല്‍പര്യങ്ങള്‍ ഹനിക്കുന്ന ഏതുതരക്കാരുമായും കൂട്ടുകൂടുന്നതിന് ഇടയാക്കിയിരിക്കുന്നു. മുമ്പും ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. തൃണമൂല്‍ ജന്മംകൊണ്ട നിമിഷം മുതല്‍ ബിജെപിയുമായി അവരുണ്ടാക്കിയ കൂട്ടുകെട്ടിനെ ആര്‍ക്കാണ് മറക്കാനാവുക? ഇന്ന്, മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ള വിനാശകരമായ പ്രവര്‍ത്തന പരിപാടികള്‍ക്കെതിരെ രാജ്യത്ത് വിശാലമായ രാഷ്‌ട്രീയ സമവായം ഉരുത്തിരിഞ്ഞു വന്നിട്ടും തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവും ഈ അക്രമങ്ങളില്‍ തങ്ങളും പങ്കാളികള്‍ ആണെന്നതുപോലെയാണ് പെരുമാറുന്നത്. ഈ നീചവും നിന്ദ്യവുമായ രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തേണ്ടതാണ്. പശ്ചിമബംഗാളില്‍ സമാധാനവും ജനാധിപത്യവും ജനക്ഷേമവും അഭൂതപൂര്‍വമായ വെല്ലുവിളി നേരിടുകയാണ്. ഇത് ഇടതുപക്ഷത്തെ മാത്രം ബാധിക്കുന്ന വെല്ലുവിളിയല്ല. എല്ലാ ദേശസ്‌നേഹികളും ജനനന്മ ആഗ്രഹിക്കുന്നവരും പ്രവര്‍ത്തനനിരതരായി രംഗത്ത് വരേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഭിന്ദ്രന്‍വാല പ്രതിഭാസത്തിന്റെ പാഠങ്ങള്‍ ഒരിക്കലം നാം വിസ്‌മരിക്കാന്‍ പാടില്ല.


****

നീലോല്‍പല്‍ ബസു