Saturday, December 5, 2009

ഇന്തോനേഷ്യയില്‍ പുത്തനുണര്‍വ്

ഇക്കഴിഞ്ഞ ഒൿടോബര്‍ 20ന് നടന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുശീലോ ബാംബാങ് യുധോയൊനോ തുടര്‍ച്ചയായി രണ്ടാമതും ജയിച്ചതും ഇന്ത്യോനേഷ്യയുടെ ജനാധിപത്യ വികാസത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി. സുശീലോ എന്ന ഒന്നാമത്തെ പേരിലും മൂന്നുപേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്ന് എസ് ബി വൈ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന അദ്ദേഹം 2004 ഒൿടോബര്‍ 20നാണ് ആദ്യ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്തോനേഷ്യയുടെ രാഷ്‌ട്രപിതാവും സ്വാതന്ത്ര്യശില്‍പ്പിയും പ്രഥമ പ്രസിഡന്റും ആയിരുന്ന ഡോക്ടര്‍ സുക്കാര്‍ണോയുടെ പുത്രിയെയാണ് സുശീലോ തോല്‍പ്പിച്ചത്- അവരുടെ പേര് മേഘവതി സുക്കാര്‍ണോ പുത്രി. മുപ്പത്തിനാലുവര്‍ഷം പട്ടാള സര്‍വാധിപതിയായി അക്രമ വാഴ്ച നടത്തിയിരുന്ന ജനറല്‍ സുഹാര്‍ത്തോയെ അധികാരഭ്രഷ്ടനാക്കി ജനാധിപത്യം പുനഃസ്ഥാപിച്ച പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മഹതിയാണ് മേഘവതി. സുഹാര്‍ത്തോക്കുശേഷം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ പ്രസിഡന്റായി 1999 മുതല്‍ 2004 വരെ ഭരിച്ചു. 2004ല്‍ സുശീലോ ജയിച്ചത്, 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ രണ്ടുപേര്‍ തമ്മില്‍ നടന്ന രണ്ടാംവട്ടം വോട്ടെടുപ്പിലാണ്. ഇത്തവണ ആദ്യവട്ട വോട്ടെടുപ്പില്‍ത്തന്നെ സുശീലോ ജയിച്ചത് അദ്ദേഹത്തിന്റെ ഭരണത്തിന്റ വിജയത്തെയും വര്‍ധിച്ച ജനപ്രീതിയെയും തെളിയിക്കുന്നു.

സുക്കാര്‍ണോയുടെ നേതൃത്വത്തില്‍ 1949ല്‍ സമരംചെയ്ത് ഡച്ച് ആധിപത്യത്തില്‍നിന്ന് മോചിതമായ ഇന്തോനേഷ്യ മൂന്നാംലോകത്തില്‍ ഇന്ത്യയോടും ചൈനയോടും മറ്റും സമാനമായ വിധത്തില്‍ പ്രാമാണ്യം കൈവരിച്ചിരുന്നു. 1965ല്‍ അമേരിക്കന്‍ സാമ്രാജ്യവാദികള്‍ ഇന്തോനേഷ്യന്‍ സൈന്യാധിപനായിരുന്ന ജനറല്‍ സുഹാര്‍ത്തോയെ കരുവാക്കി ഇന്തോനേഷ്യന്‍ ജനാധിപത്യത്തിന്റെ അന്ത്യംകുറിച്ചതോടെ ഇന്തോനേഷ്യക്ക് ലോകരാഷ്‌ട്രസമൂഹത്തില്‍ ഉണ്ടായിരുന്ന പ്രാമാണ്യവും മതിപ്പും അസ്തമിക്കാന്‍ തുടങ്ങി. അന്ന് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കക്ഷി കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നു. സ്വന്തം നേതൃത്വത്തിലുള്ള ദേശീയ കക്ഷിയുടെയും കമ്യൂണിസ്‌റ്റ്പാര്‍ടിയുടെയും പിന്‍ബലത്തിലാണ് സുക്കാര്‍ണോ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയതും പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും.

സുഹാര്‍ത്തോ അധികാരം പിടിച്ചശേഷം നാസികളെപ്പോലും കവച്ചുവയ്ക്കുന്ന രീതിയില്‍ കമ്യൂണിസ്റുകാരെയും അനുഭാവികളെയും കൂട്ടക്കുരുതി ചെയ്തു. അഞ്ചുലക്ഷം അംഗങ്ങളും അനേകലക്ഷം അനുയായികളും ഉണ്ടായിരുന്ന ഇന്തോനേഷ്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ടി അന്നത്തെ മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നു. ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ മൌ സെ ദൊങ്, ഹോചിമിന്‍, ഫിദല്‍ കാസ്‌ട്രോ, തൊഗ്ളിയാത്തി, മോറിസ് തോറെ തുടങ്ങിയവരുടെ സമശീര്‍ഷനായിരുന്നു അവരേക്കാളെല്ലാം പ്രായംകുറഞ്ഞ ഇന്തോനേഷ്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ഡി എന്‍ ഐജിത്. അദ്ദേഹം ഉള്‍പ്പെടെ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ കേന്ദ്ര നേതൃത്വത്തിലെ ഒന്നൊഴികെ സകലരെയും സുഹാര്‍ത്തോ കുറ്റപത്രം നല്‍കുകയോ വിചാരണ നടത്തുകയോ ചെയ്യാതെ തെരുവിലും വീടുകളിലും പാര്‍ടി ഓഫീസുകളിലും തടവിലും വച്ച് കൊല്ലുകയാണുണ്ടായത്. കൂടാതെ ലക്ഷക്കണക്കിന് അംഗങ്ങളെയും അനുയായികളെയും. അമേരിക്കന്‍ പിന്തുണയോടെ എന്നുപറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകുകയില്ല. സിഐഎയുടെ ഒരു ശിങ്കിടിമാത്രമായിരുന്നു സുഹാര്‍ത്തോ. 34 വര്‍ഷം നടത്തിയ തേര്‍വാഴ്‌ചയ്‌ക്കിടയില്‍ നിയമവാഴ്‌ചയുടെ ലംഘനത്തിനും കൂട്ടക്കുരുതികള്‍ക്കും പുറമെ അവിശ്വസനീയമായ അഴിമതിയും സുഹാര്‍ത്തോയും ബന്ധുക്കളും നടത്തിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ അറസ്റുചെയ്യപ്പെട്ട് വിചാരണയ്ക്കിടയില്‍ കോടതിയില്‍ തെളിയുകയുണ്ടായി.

1998ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതോടെ ഇന്തോനേഷ്യയില്‍ ഒരു പുത്തന്‍ ഉണര്‍വിന്റെ ലക്ഷണം കണ്ടുതുടങ്ങിയിരിക്കുന്നു. സുഹാര്‍ത്തോക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ് മേഘാവതി സുക്കാര്‍ണോപുത്രി ഈ പുത്തനുണര്‍വിന് തുടക്കംകുറിച്ചെങ്കിലും അവര്‍ക്ക് സുഹാര്‍ത്തോയുടെ കാലംമുതല്‍ ഉദ്യോഗസ്ഥ മേധാവികളും സൈനികരും നടത്തിവന്ന അഴിമതിയെയും ദുര്‍ഭരണത്തെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല. പ്രസിഡന്റ് സുശീലോ ചില ഉറച്ച നടപടികള്‍ അഴിമതിക്കെതിരായും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന നയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തെങ്കിലും അവയൊന്നും കാര്യമായ വിജയം നേടിയിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയിലും കാഴ്ചപ്പാടിലും വിശ്വാസമുള്ളതുകൊണ്ടാണ് രണ്ടാം ഊഴവും ജനങ്ങള്‍ പിന്തുണ നല്‍കാന്‍ തയ്യാറായത്.

പ്രസിഡന്റ് സുശീലോ നേരിടുന്ന വലിയ ഒരു കീറാമുട്ടി അഴിമതിവിരുദ്ധ കമീഷനും പൊലീസും പ്രോസിക്യൂഷന്‍ അധികാരികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഒന്നാം ഊഴത്തില്‍ പ്രസിഡന്റ് നിയമിച്ച അഴിമതി അന്വേഷണ കമീഷന്റ കണ്ടെത്തലുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്യേണ്ടതും പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും പൊലീസാണ്. എന്നാല്‍, ഇതിനിടയില്‍ അഴിമതി കമീഷനില്‍പ്പെട്ട രണ്ടുപേരെ അഴിമതിക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റുചെയ്തതാണ് പ്രതിസന്ധിക്കു കാരണം. ആ തര്‍ക്കം തുടരുന്നു.

വിദേശബന്ധങ്ങളുടെ കാര്യത്തിലും സുശീലോക്ക് വ്യക്തമായ നയങ്ങളും ലക്ഷ്യങ്ങളും ഉള്ളതായി കാണുന്നു. ലോകകാര്യങ്ങളില്‍ ഈ വലിയ രാജ്യത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കണമെന്നാണ് അദ്ദേഹം അഭിലഷിക്കുന്നത്. അതിനായി 10 അംഗങ്ങളുള്ള ദക്ഷിണ പൂര്‍വരാഷ്‌ട്രങ്ങളുടെ 'ആസിയന്‍' എന്ന പേരിലുള്ള സംഘടനയില്‍ കൂടുതല്‍ ഊര്‍ജസ്വലനായി ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നും സുശീലോ ആഗ്രഹിക്കുന്നു. ജി-20 എന്ന വന്‍ രാഷ്‌ട്രസംഘടനയില്‍ ഇന്ത്യയോടൊപ്പം ഇന്തോനേഷ്യക്കും സ്ഥാനം ലഭിക്കാന്‍ മുന്‍കൈയെടുത്തത് സുശീലോയാണ്. ആഗോളവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ വെട്ടിത്തുറന്ന് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയില്‍നിന്ന് നമുക്ക് ഊഹിക്കാവുന്നത് ആഗോളവല്‍ക്കരണത്തെ പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നാണ്. സുശീലോ ഒന്നാം ഊഴത്തില്‍ നേടിയ സല്‍പ്പേര് നിലനിര്‍ത്തത്തക്കവിധം കര്‍മപഥത്തില്‍ ഇറങ്ങുന്ന പക്ഷം ഇന്തോനേഷ്യക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കും.

****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇക്കഴിഞ്ഞ ഒൿടോബര്‍ 20ന് നടന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുശീലോ ബാംബാങ് യുധോയൊനോ തുടര്‍ച്ചയായി രണ്ടാമതും ജയിച്ചതും ഇന്ത്യോനേഷ്യയുടെ ജനാധിപത്യ വികാസത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി. സുശീലോ എന്ന ഒന്നാമത്തെ പേരിലും മൂന്നുപേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്ന് എസ് ബി വൈ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന അദ്ദേഹം 2004 ഒൿടോബര്‍ 20നാണ് ആദ്യ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.