Tuesday, December 1, 2009

ഭോപാല്‍ മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം

ഭോപാലില്‍ 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയിലും മൂന്നിന് വെളുപ്പിനുമായി നടന്ന മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ബഹുരാഷ്ട്രകമ്പനികളുടെ മനുഷ്യത്വരാഹിത്യത്തിനും ധനമോഹത്തിനുമെതിരായ ജനരോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ആചരിക്കപ്പെടുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ ശാഖയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി ഫാക്ടറിയില്‍നിന്ന് പുറത്തേക്കുവമിച്ച മാരക വിഷവാതകങ്ങള്‍ ശ്വസിച്ച് അഞ്ചുലക്ഷത്തോളം പേരുടെ ജീവിതമാണ് അപകടത്തിലായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുപതിനായിരം പേരുടെ ജീവന്‍ വിഷവാതകം ഉള്ളിലെത്തിയതിന്റെ ഫലമായി പൊലിഞ്ഞുപോയി. ഇന്നും അനേകായിരം പേര്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുകയാണ്. ശരാശരി ആറായിരം പേരാണ് ദിനംപ്രതി ഭോപാല്‍ ദുരന്തത്തിന്റെ ബാക്കിപത്രം ഏറ്റുവാങ്ങി ദിവസവും ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത്. ഫാക്ടറിക്ക് ചുറ്റുപാടും തിങ്ങിപ്പാര്‍ത്തിരുന്ന ദരിദ്രജനവിഭാഗങ്ങളെയാണ് വിഷവാതകം കൂടുതലായി ബാധിച്ചത്. ഇതുവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രോഗബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുമുള്ള അര്‍ഹമായ നഷ്ടപരിഹാരം പൂര്‍ണമായും നേടിക്കൊടുക്കുന്നതിന് കഴിഞ്ഞിട്ടില്ല.

ഭോപാല്‍ അപകടം സംഭവിച്ചതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളും ജനകീയസമിതികളും നടത്തിയ എല്ലാ പഠനങ്ങളും ഫാക്ടറിസുരക്ഷയുടെ കാര്യത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു. സുരക്ഷാസംവിധാനത്തിന്റെ അപര്യാപ്തതമൂലം മീതൈല്‍ ഐസോസൈനൈറ്റ് എന്ന മാരകവാതകം സൂക്ഷിച്ചിരുന്ന 41 ട ഭാരമുള്ള 610-ാം നമ്പര്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തുര്‍ന്നുണ്ടായ രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച വിഷവാതകങ്ങള്‍ പുറത്തേക്ക് വമിക്കുകയുമാണുണ്ടായതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനി സ്വന്തം രാജ്യത്തുള്ള തങ്ങളുടെ രാസവളനിര്‍മാണ ഫാക്ടറിയില്‍ കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും കണ്ടെത്തുകയുണ്ടായി. ഫാക്ടറി സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവത്തിനുപുറമെ ഫാക്ടറിയില്‍നിന്നുള്ള വിഷമാലിന്യങ്ങള്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ചിരുന്നതിന്റെ ഫലമായി മണ്ണും ഭൂഗര്‍ഭജലവും യൂണിയന്‍ കാര്‍ബൈഡ് വിഷലിപ്തവുമാക്കിയിരുന്നതായി വെളിവാക്കപ്പെട്ടിരുന്നു.

വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളുടെയുംമറ്റ് അപകടകാരികളായ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിലെന്നപോലെ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളോട് ബഹുരാഷ്ട്രകമ്പനികള്‍ പിന്തുടര്‍ന്നുവരുന്ന കുറ്റകരമായ ഇരട്ടസമീപനത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഭോപാലില്‍ കണ്ടത്. ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ട് പിന്നീട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി വിയറ്റ്നാമിലും മറ്റും നാട്ടുകാരുടെ മേല്‍ ജീവനാശിനികളായ രാസവസ്തുക്കള്‍ തളിച്ച് സാര്‍വദേശീയ കുപ്രസിദ്ധിനേടിയ ഡൌ കെമിക്കല്‍സ് ഏറ്റെടുക്കുകയുണ്ടായി. നിരവധി വര്‍ഷത്തെ കോടതി നടപടികളെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അനാസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലപാതകക്കുറ്റം ചുമത്തിയുള്ള ക്രിമിനല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ 1989ല്‍ ഉപേക്ഷിച്ചു. ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം എന്ന വകുപ്പിലായി കേസ് പരിമിതപ്പെടുത്തി. പകരമായി ദുരന്തബാധിതര്‍ക്ക് 470 ദശലക്ഷം ഡോളര്‍ (അന്നത്തെ നിരക്കില്‍ 705 കോടി രൂപ) നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി സമ്മതിച്ചു. ഫാക്ടറി അപകടത്തിലായതിനെത്തുടര്‍ന്ന് കമ്പനിക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് 450 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. അതായത് ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേവലം 20 ദശലക്ഷം ഡോളര്‍ മാത്രമാണ് കമ്പനിക്ക് അധികമായി ചെലവിടേണ്ടി വന്നത് എന്നര്‍ഥം. മാത്രമല്ല ഭരണപരമായ ചെലവിനായി 11 കോടി 70 ലക്ഷം രൂപ കമ്പനി നഷ്ടപരിഹാരത്തുകയില്‍നിന്ന് എടുത്തുമാറ്റുകയും ചെയ്തു.

ഏകപക്ഷീയവും നീതിരഹിതവുമായ ഒത്തുതീര്‍പ്പുവ്യവസ്ഥയെത്തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാരത്തുക അര്‍ഹര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥകാട്ടുകയാണ്. മരണമടഞ്ഞവരുടെയും രോഗംബാധിച്ചവരുടെയും എണ്ണം കണക്കാക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷത്തിനിടെ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം അതും അര്‍ഹമായതില്‍ വളരെ കുറച്ചുമാത്രം സര്‍ക്കാര്‍ നല്‍കിയത്. മരണമടഞ്ഞവരുടെ കുടുംബത്തിന് 57,000 രൂപയും അസുഖമുള്ളവര്‍ക്ക് 26,000 രൂപയുമാണ് നല്‍കിവരുന്നത്. വളരെ വൈകിയും ഇഴഞ്ഞും നീങ്ങുന്ന സാമ്പത്തിക സഹായവിതരണം അപകടത്തില്‍പെട്ടവര്‍ക്ക് ഒട്ടും സഹായകരമായ രീതിയിലല്ല നടന്നുവരുന്നത്. കേസ് നടത്തിപ്പിന്റെയും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചയുടെയും എല്ലാ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ഭാഗത്തുനിന്നുമുണ്ടായ ബോധപൂര്‍വമായ കുറ്റകൃത്യത്തിന്റെ വ്യാപ്തി ലഘൂകരിച്ചുകൊണ്ട് അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡിനെതിരായ കോടതി നടപടികള്‍ 1993ല്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. 1984ല്‍ ജാമ്യമെടുത്ത് അമേരിക്കയിലേക്ക് കടന്ന ഭോപാല്‍ കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് ഇന്ത്യാഗവമെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കോടതിനടപടികളെ നേരിടാതെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ആര്‍ഭാടജീവിതം നയിക്കയാണ്. അതിനിടെ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുഖ്യപ്രതി കേശുബാ മഹേന്ദ്രയ്ക്ക് പത്മഭൂഷണും നല്‍കാന്‍ തീരുമാനിച്ചിരുന്നു. പൊതുജനരോഷത്തെത്തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു.

ഇരുപത്തഞ്ചുവര്‍ഷം പിന്നിടുമ്പോഴും ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ മനുഷ്യക്കുരുതി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ സജീവമായി നിലനില്‍ക്കയാണ്. ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണത്തിന് രാജ്യത്തെ കൂടുതല്‍ വിധേയമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ എല്ലാതലത്തിലുമുള്ള ബഹുജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഈ ഭോപാല്‍ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭോപാലില്‍ 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയിലും മൂന്നിന് വെളുപ്പിനുമായി നടന്ന മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ബഹുരാഷ്ട്രകമ്പനികളുടെ മനുഷ്യത്വരാഹിത്യത്തിനും ധനമോഹത്തിനുമെതിരായ ജനരോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ആചരിക്കപ്പെടുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ ശാഖയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി ഫാക്ടറിയില്‍നിന്ന് പുറത്തേക്കുവമിച്ച മാരക വിഷവാതകങ്ങള്‍ ശ്വസിച്ച് അഞ്ചുലക്ഷത്തോളം പേരുടെ ജീവിതമാണ് അപകടത്തിലായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുപതിനായിരം പേരുടെ ജീവന്‍ വിഷവാതകം ഉള്ളിലെത്തിയതിന്റെ ഫലമായി പൊലിഞ്ഞുപോയി. ഇന്നും അനേകായിരം പേര്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുകയാണ്.

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തിമൂന്നു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഭോപാല്‍ വാതക ദുരന്ത കേസില്‍ എട്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 26 വര്‍ഷംമുമ്പ് ഇരുപതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ വാതകചോര്‍ച്ച കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ തിവാരിയാണ് വിധി പറഞ്ഞത്. വിചാരണക്കിടയില്‍ അമേരിക്കയിലേക്കു കടന്ന യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ മാതൃസ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എംഡി വിജയ് ഗോഖലെ, ചെയര്‍മാന്‍ കേശുബായ് മഹീന്ദ്ര, വൈസ്പ്രസിഡന്റ് കിഷോര്‍ കാംദര്‍, ചുമതലയുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരായിരുന്ന ജെ മുകുന്ദ്,എസ് പി ചധേരി, കെ വി ഷെട്ടി, എസ് പി ഖുറേഷി എന്നിവരാണ് പ്രതികള്‍. 12 പേരായിരുന്നു പ്രതിപ്പട്ടികയില്‍. വര്‍ക്ക്സ് മാനേജരായിരുന്ന ബി ആര്‍ ചൌധരി വിചാരണക്കിടയില്‍ മരിച്ചു. നൂറ്റെഴുപത്തെട്ട് പ്രോസിക്യൂഷന്‍ സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് എട്ടുപേരെയും വിസ്തരിച്ചു. 3008 രേഖകളും കോടതിയില്‍ ഹാജരാക്കി. 1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് മധ്യപ്രദേശിലെ ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നത്. സിബിഐ 1987 ഡിസംബര്‍ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. വിധി പുറത്തു വന്നയുടന്‍ ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ കോടതിക്കു പുറത്ത് മുദ്രവാക്യം മുഴക്കി

Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...

ഭോപാല്‍ ദുരന്തം മനുഷ്യര്‍ വരുത്തി വെച്ചതായിരുന്നു. പ്രകൃതി കോപിച്ചതായിരുന്നില്ല കാരണം. സമൂഹത്തിനു് അതില്‍ പങ്കുണ്ടായിരുന്നു. സമൂഹം അതിനോടു് പ്രതികരിക്കേണ്ടതുണ്ടു്. ഇനിയെങ്കിലും അത്തരം ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ നോക്കേണ്ടതുണ്ടു്.

പക്ഷെ, ലാഭക്കൊതി പൂണ്ടു് എന്തു് വൃത്തികേടും അനുവദിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും അതിനെ നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന നരാധമന്മാരും ആ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ.

പക്ഷെ, അവരിന്നും കയറൂരി വിടപ്പെട്ടിരിക്കുകയാണു്. മറ്റു് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവസരം അവര്‍ ലാഭക്കൊതി മൂലം ഒരുക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ കേന്ദ്ര ഭരണാധികാരികള്‍ ഭോപാല്‍ രാസ വാതക ദുരന്തത്തേക്കാള്‍ പലമടങ്ങു് ഭീകരമായ ആണവ ദുരന്തങ്ങള്‍ക്കു് വഴിവെക്കുന്ന, ആണവ ദുരന്തങ്ങളിലേയ്ക്കു് നയിക്കാവുന്ന, നിയമ നിര്‍മ്മാണം വരെ നടത്തുന്നു. ആണവ ദുരന്തങ്ങളുടെ ഉത്തരവാദിത്വം അതിനു് കാരണക്കാരായ ലാഭക്കൊതിയന്മാര്‍ക്കല്ല, ദുരിതം പേറുന്ന ജനങ്ങള്‍ക്കും രാജ്യത്തിനുമാണെന്നു് പ്രഖ്യാപിക്കുന്ന നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ ഉത്തരവാദികള്‍ക്കു് മുന്‍കൂര്‍ ഇളവു് അനുവദിക്കുകയാണു്. ഇരകളുടെ സംരക്ഷകരായി ഭാവിച്ചു് വേട്ടക്കാര്‍ക്കു് ഒത്താശ ചെയ്യുന്ന ഇത്തരം വൈകൃതം ജനാധിപത്യമെന്നറിയപ്പെടുന്ന ഇന്നത്തെ മുതലാളിത്താധിപത്യത്തിന്റെ മുഖമുദ്രയായി മാറുകയാണു്.

ഭോപാല്‍ ദുരന്തത്തേക്കുറിച്ചു് ഈ ലേഖലനത്തില്‍ പറയുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണവോത്തരവാദിത്വ നിയമം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു്.