Tuesday, December 8, 2009

ബഷീറിന്റെ എതിര്‍ലോകങ്ങള്‍

താന്‍ നാടിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു പക്ഷേ, സാഹിത്യത്തിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചുള്ള ഇത്രയും പ്രകടമായ പ്രസ്താവന നമ്മുടെ നവോത്ഥാന സാഹിത്യത്തിലെവിടെയും കാണാനാവില്ല. 1940 കള്‍ മുതല്ക്കുള്ള മലയാളഭാവനയുടെ ചരിത്രം വലിയൊരളവോളം നമ്മുടെ ദേശജീവിതത്തിന്റെയും കൂടി ചരിത്രമാണെന്ന് നമുക്ക് അറിയാമെങ്കിലും അവിടെയെങ്ങും ചരിത്രമായിത്തീരുന്ന എഴുത്തിനെക്കുറിച്ചുള്ള ഇത്തരമൊരു പ്രസ്താവന നാം കാണുന്നില്ല. ബഷീറിന്റെ എഴുത്തുകളില്‍തന്നെ ജന്മദിനവും ടൈഗറും ശബ്ദങ്ങളും പോലെ ഇരമ്പി മറിയുന്ന ഒരു കാലത്തിന്റെ യാതനകളത്രയും അടയാളപ്പെട്ടുകിടക്കുന്ന ഒരു രചനയിലല്ല നാമീ ചരിത്രപ്രസ്താവന വായിക്കുന്നതെന്നതും പ്രധാനമാണ്. 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാനദിവ്യന്‍' 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' മുതലായ 'തമാശക്കഥ'കളിലാണ് ചരിത്രത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ ബഷീര്‍ കൊരുത്തുവച്ചിട്ടുള്ളത്. അതുകൊണ്ട്, ബഷീറിന്റെ നാനാതരം നേരമ്പോക്കുകളിലൊന്നായി ഇതിനെയും നോക്കിക്കാണാനുള്ള പ്രേരണയ്ക്ക് നാം അടിപ്പെട്ടുപോയെന്നുവരാം. 'നിങ്ങടെ ഒരു പുളുങ്കൂസന്‍ വിശ്വസാഹിത്യം' എന്ന് ബഷീര്‍ നമ്മുടെ സാഹിത്യസ്ഥാപനത്തെ മൊത്തത്തില്‍ പരിഹസിച്ചുതള്ളിയതിനെക്കുറിച്ച് ഓര്‍മ്മയുള്ള ഒരാള്‍, ഈ ചരിത്രപ്രസ്താവത്തിലും കളിമട്ടിന്റെ ഒരടയാളം കണ്ടെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലതാനും.

എങ്കിലും നമ്മുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും സൂക്ഷ്മയാഥാര്‍ത്ഥ്യം ഏറ്റവുമധികം അടയാളപ്പെട്ടുകിടക്കുന്ന എഴുത്തുകളിലൊന്ന് ബഷീറിന്റേത് തന്നെയാണ്. ചരിത്രത്തിന്റെ സൂക്ഷ്മയാഥാര്‍ത്ഥ്യം എന്നിവിടെ പറയുന്നത് പ്രത്യേകമായ ഒരര്‍ത്ഥത്തിലാണ്. സാധാരണയായി നാം ചരിത്രമെന്ന് വിളിച്ചുപോരുന്നത് ഭൂതകാല യാഥാര്‍ത്ഥ്യങ്ങളുടെ ക്രമീകൃതമായ ഒരാഖ്യാനത്തെയും അവതരണത്തെയുമാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഭൂതകാലസംഭവങ്ങളും അവയ്ക്കുമേല്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു ക്രമവുമായാണ് ചരിത്രത്തെ നാം തിരിച്ചറിയുന്നത്. ഓരോ സംഭവത്തിന്റെയും വ്യാപ്തിയും ആന്തരവൈരുധ്യവും അവിടെ അടയാളപ്പെട്ടെന്നു വരില്ല. അങ്ങനെ തമ്മിലിടയുന്ന പ്രേരണകളും പ്രവണതകളുമായി ഒരു സംഭവത്തെ മനസ്സിലാക്കാന്‍ തുടങ്ങിയാല്‍ അതിനെ ചരിത്രവിജ്ഞാനീയ ത്തിന്റെ ആഖ്യാനഘടനയില്‍ ഒതുക്കിനിര്‍ത്താനും കഴിയില്ല. നിന്നിടത്ത് നിലയുറപ്പിക്കാത്ത, പലയിടത്തേക്കും പരക്കുന്ന, എല്ലായിടത്തേക്കും തുറക്കുന്ന വാതിലുകളുള്ള പ്രവാഹനീയതയാണ് സംഭവങ്ങളുടെ യഥാര്‍ത്ഥപ്രകൃതം. ഈ വാതിലുകളില്‍ ഒന്നൊഴികെ മറ്റെല്ലാം അടച്ചിട്ടാണ് നാമതിനെ ചരിത്രത്തില്‍ സന്നിവേശിപ്പിക്കുക. ചരിത്രവിജ്ഞാനത്തിന്റെ ആഖ്യാനവടിവില്‍ ഉള്‍പ്പെട്ടുനില്‍ക്കാന്‍ അതിനെ പ്രാപ്തമാക്കുന്ന ഒന്ന്. അങ്ങനെയത് ഒരു വശത്തേക്ക് മാത്രം തുടര്‍ച്ചയുള്ള ഒന്നായിത്തീരുന്നു. ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ ഒരടര്. ഇതേ തരത്തില്‍ തന്നെ പടുക്കപ്പെട്ട മറ്റൊന്നിലേയ്ക്ക് തുടരുന്ന ഒന്ന്. അങ്ങനെ കലമ്പിക്കൂടി നില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പെരുപ്പത്തില്‍ നിന്ന്, അതിന്റെ വ്യാമിശ്രഭാവത്തില്‍ നിന്ന് നാം ഒരു ക്രമത്തെ പണിതെടുക്കുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പടിപടിയായി പരിണമിക്കുന്ന കാലപ്രവാഹത്തിന്റെ കഥയായി ചരിത്രം ഇതള്‍ വിരിയുന്നു. കാലത്തിലൂടെയുള്ള കേവലാത്മാവിന്റെ ഇതള്‍ വിരിയലെന്ന് ഹെഗല്‍ വിവരിച്ചതും ചരിത്രത്തിന്റെ ഈയൊരു വടിവിനെയാണ്. വൈരുധ്യങ്ങള്‍ തമ്മിലിടഞ്ഞ് പരിഹൃതമായി, അന്തിമമായ പരമസത്യത്തിലേയ്ക്ക് പടികടന്നുവരുന്ന ചരിത്രം ഹെഗലിന്റെ പ്രതീക്ഷയായിരുന്നു. ഒരു കാലത്തിന്റെ സ്വപ്നം അങ്ങനെയൊന്നായിരുന്നു.

ഒരര്‍ത്ഥത്തില്‍ സാഹിത്യം ചരിത്രവിജ്ഞാ നീയത്തിലെ ചരിത്രത്തേക്കാളും ചരിത്രാത്മകമാണ്. ഇങ്ങനെ പറയുന്നതിന്റെ കാരണം അത് മേല്പറഞ്ഞ തരത്തിലുള്ള ജീവിതസംഗ്രഹമല്ല എന്നതാണ്. കരകവിയുന്ന ജീവിതത്തിന്റെ വ്യാപ്തിയെയാണ്, സിദ്ധാന്തരൂപങ്ങളിലോ സംവര്‍ഗ്ഗങ്ങളിലോ സംഗ്രഹിക്കാനാവാത്ത ജീവിതത്തിന്റെ കടലിനെയാണ്, സാഹിത്യം അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് മറച്ചുവയ്ക്കപ്പെട്ട ഇരുട്ടുകള്‍ അവിടെ പ്രകമ്പിതമാകുന്നു. നന്മയുടെ വെളിച്ചം പരത്തുമ്പോള്‍തന്നെ മനുഷ്യജീവിതം നന്മയുടെ നേര്‍വഴികള്‍ക്ക് കുറുകെ പായുന്നു. സംഭവങ്ങളില്‍ തൃഷ്ണയുടെ അശ്വരഥങ്ങള്‍ പലവഴികളിലേക്ക് കുതറിപ്പായുന്നത് നാം വായിക്കുന്നു. വാക്കിന്റെ വടിവുകളില്‍, ഈണക്കെട്ടുകളില്‍, താളഭേദങ്ങളില്‍, വ്യാകരണക്രമങ്ങളില്‍, വ്യാകരണഭംഗങ്ങളില്‍ ചരിത്രം ഇരമ്പിമറിയുന്നു. എല്ലാവിധ ക്രമങ്ങളേയും ഉല്ലംഘിക്കുന്ന ചരിത്രത്തിന്റെ കടലിരമ്പങ്ങളായി സാഹിത്യം നിലകൊള്ളുന്നു. ഒരു വഴിയിലേക്ക് മെരുക്കിയെടുക്കുമ്പോള്‍ അത് മറ്റൊരുവഴിയിലേക്ക് കുതറുന്നു. അവസാനിക്കാത്ത ഭാഷാലീലയാണ് സാഹിത്യമെന്ന് ചിലര്‍ക്കെങ്കിലും പിന്നാലെ തോന്നിത്തുടങ്ങുകയും ചെയ്യുന്നു.

പക്ഷേ, സാഹിത്യത്തിലെ ചരിത്രമൂല്യത്തെ നാം പലപ്പോഴും വായിച്ചെടുക്കുന്നത് ഈ വിധത്തിലല്ല. ചരിത്രമെന്നജ്ഞാനവിഷയം വിളംബരംചെയ്ത അറിവിന്റെ അടയാളങ്ങളായാണ് നാമവിടെ ചരിത്രത്തെ തിരയുന്നത്. അങ്ങനെ നവോത്ഥാന മാനവികതയുടെ മൂല്യബോധവും വിപ്ളവസ്വപ്നങ്ങളും ഇടതൂര്‍ന്നു നില്ക്കുന്ന കൃഷിയിടമായി നവോത്ഥാനസാഹിത്യം മാറുന്നു. പറഞ്ഞുവരുന്നത് ഇങ്ങനെയൊന്ന് അതിലില്ലെന്നല്ല. ചരിത്രവിജ്ഞാനത്തിന്റെ വ്യാഖ്യാസമീക്ഷകളെ പിന്‍പറ്റുന്ന വഴികളും സാഹിത്യത്തിലുണ്ടാവും. പക്ഷേ അതിനപ്പുറവും ഉണ്ടെന്നതാണ് സാഹിത്യത്തിന്റെ ചരിത്രമൂല്യം. പില്‍ക്കാല ചരിത്രവിജ്ഞാനം തെളിയിച്ചെടുക്കാനിരിക്കുന്ന വഴികള്‍ സാഹിത്യം മുമ്പേ അടയാളപ്പെടുത്തിയിട്ടുണ്ടാവും. എഴുത്തുകാരുടെ പ്രവചനശേഷിയല്ല അതിനു കാരണം. മറിച്ച് ഉന്നതമായ എഴുത്ത് ചരിത്രത്തിന്റെ നാല്‍കൂട്ടപ്പെരുവഴിപോലെ ഒന്നാണ് എന്നതുകൊണ്ടാണിങ്ങനെവരുന്നത്. അത് ചരിത്രവിജ്ഞാനത്തിലെ ചരിത്രത്തിന് കുറുകെ പായുന്ന ബലങ്ങളെയും ഉള്‍ക്കൊണ്ടുനില്‍ക്കുന്നു. കാമനകള്‍, കാലുഷ്യങ്ങള്‍, രൂപവിധാനങ്ങള്‍, സ്വത്വധാരണകള്‍, പ്രസ്ഥാനങ്ങള്‍, സമ്പദ്സ്വരൂപങ്ങള്‍, ഉത്പാദനബന്ധങ്ങള്‍ എന്നിങ്ങനെ യാഥാര്‍ത്ഥ്യത്തെ നിര്‍ണ്ണയിക്കുന്ന എണ്ണമറ്റ ഘടകസാമഗ്രികളുടെ പ്രവൃത്തിമണ്ഡലമായി സാഹിത്യം മാറുന്നു. അതോടെ അത് അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കായി ചരിത്രത്തെ പാഠശരീരത്തില്‍ ദമനം ചെയ്യുന്നു. ഇങ്ങനെ ദമനം ചെയ്യപ്പെട്ട നവോത്ഥാന ചരിത്രമാണ് ബഷീറിന്റെ സാഹിത്യത്തിന്റെ ചരിത്രമൂല്യം. ഇതേ അളവിലും അനുപാതത്തിലും നവോത്ഥാനത്തിന്റെ എതിര്‍ബലങ്ങളെ അടയാളപ്പെടുത്തുന്ന എഴുത്ത് നമുക്ക് കൈവന്നിട്ടില്ല. പില്‍ക്കാലത്ത് ആധുനികാവാദത്തിന്റെയും അധുനികാനന്തരതയുടെയും വാണിജ്യവാതങ്ങള്‍ കൂട്ടിക്കൊണ്ടു വന്ന ലോകങ്ങളില്‍ ഈ എതിര്‍ബലങ്ങള്‍ പ്രബലമായിരുന്നു; പ്രകടവും. ബഷീറില്‍ അവ അത്രത്തോളം പ്രകടമല്ല. അതിനര്‍ത്ഥം നവോത്ഥാന മാനവികതയുടെ നേര്‍വഴിയിലൂടെ ബഷീര്‍ നടന്നുപോയി എന്നല്ല. വേണ്ടത്ര വളവുകള്‍ ബഷീര്‍ സാഹിത്യത്തിലുണ്ട്. വളവുകളെന്ന് തോന്നിക്കാത്ത അത്രയും അനായാസമായി, അത്രയും സുഭഗമായി, ബഷീര്‍ നമ്മെയും കൊണ്ട് അതിലൂടെ യാത്രചെയ്തു എന്നതാണ് വാസ്തവം.

രണ്ട്

'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്നു വിസ്മയിക്കുന്ന ബഷീര്‍ നമുക്ക് പരിചിതനാണ് 'ന്റുപ്പാപ്പാ'യിലെ വിമോചനസ്വപ്നങ്ങള്‍ ഒട്ടുമുക്കാലും ആ കാലത്തിന്റേ നേര്‍പകര്‍പ്പാണ്. അക്കാലവും പില്‍ക്കാലവും ബഷീറിനെ വായിച്ചത് ഏറിയകൂറും ഈ ധാരണയുടെ ബലത്തിലാണ്. നിശ്ചയമായും ബഷീറിന്റെ ഭാവനയില്‍ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വെളിച്ചം നിറഞ്ഞുനില്‍പ്പുണ്ട്. തന്റെ കാലവുമായി ബഷീര്‍ നടത്തിയ വിനിമയങ്ങള്‍ ഈ വെളിച്ചത്തില്‍ വച്ചാണ് നടന്നത്. മാനവികതയുടെ ഉന്നതമാതൃകകളായ മനുഷ്യര്‍ അവിടെ എത്രയുമുണ്ടായിരുന്നു. തങ്ങളുടെ ചെറുപ്പംകൊണ്ട് തങ്ങളുടെ തന്നെ വലിപ്പത്തെ അടയാളപ്പെടുത്തിയവര്‍, തങ്ങളുടെ വൈരൂപ്യം കൊണ്ട് തങ്ങളുടെ സൌന്ദര്യത്തെ പ്രകാശിപ്പിച്ചവര്‍. അങ്ങനെ നിസാര്‍അഹമ്മദിനെപ്പോലെയുള്ള നവോത്ഥാന മാനവികതയുടെ ഉത്തമമാതൃകകള്‍ക്കൊപ്പം, ആധുനികപൂര്‍വ്വമായ അപരിഷ്കൃതത്വം കൈമുതലാക്കിയ, സഹജാവബോധം കൊണ്ട് നന്‍മയിലേക്കും നീതിയിലേക്കും അനായാസമായി ചെന്നെത്താന്‍കഴിയുന്ന, പൊന്‍കുരിശ് തോമായെപ്പോലുള്ള ഒരു മോഷ്ടാവിനെയും നാം കാണുന്നു. ഏത് ഇരുട്ടിലും തിളങ്ങുന്ന മാണിക്യത്തെപ്പോലെ മാനവികതയുടെ വെളിച്ചം തുള്ളിത്തുളുമ്പുന്ന ജീവിതംകൊണ്ട് ബഷീര്‍ തന്റെ ഭാവനാമണ്ഡലത്തെ പ്രകാശപൂര്‍ണ്ണമാക്കി.

നവോത്ഥാന ആധുനികതയുടെ വെളിച്ചത്തിനുപിന്നിലും ഇരുട്ടുണ്ടായിരുന്നു. വസന്തവായുവില്‍ വസൂരിരോഗാണുക്കളെ കാണാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വൈലോപ്പിള്ളി പറഞ്ഞതുപോലെ, ഈ ഇരുട്ടിനെ കാണാതിരിക്കാന്‍ ബഷീറിനും കഴിഞ്ഞില്ല. അതുകൊണ്ട് ആധുനികതയുടെയും ഉദാരമാനവവാദത്തിന്റെയും അതിര്‍ത്തിമേഖലകള്‍ക്ക് പുറത്തുകഴിയുന്ന മനുഷ്യര്‍ ബഷീറിന്റെ രചനകളുടെ കേന്ദ്രമായി. ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുസ്തഫയും ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമയും മുതല്‍ പാത്തുമ്മയും ആടും അബ്ദുള്‍ഖാദറും വരെ അവിടെ തലയുയര്‍ത്തിനിന്നു. തമാശക്കഥകളിലെ ചിരിയായി അവര്‍ അവസാനിക്കാത്തത് മാതൃകാ മാനുഷി കതയുടെ അപരങ്ങളായി പുറത്താക്കപ്പെട്ട ജീവിതത്തെ നവോത്ഥാനഭാവനയ്ക്കുള്ളില്‍ തന്നെ അവര്‍ അടയാളപ്പെടുത്തി എന്നതുകൊണ്ടാണ്. ഉദാരമാനവികതയുടെ പൊതുമാനദണ്ഡങ്ങള്‍ കൊണ്ട് അളന്നു തീര്‍ക്കാവുന്നതല്ല ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ഇത്രയും സൂക്ഷ്മമായി നമ്മുടെ നവോത്ഥാനസാഹിത്യത്തില്‍ തെളിഞ്ഞുവന്നിട്ടില്ല. ഉദാരമാനവികതയുടെ പൊതുമാതൃകക്കുള്ളിലേക്ക് കടന്നുനിന്നവരോ, അതിനായി പണിപ്പെട്ടവരോ അല്ല ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും. പുറത്താക്കപ്പെട്ട ജീവിതവും അതിന്റെ യാഥാര്‍ത്ഥ്യവും ആധുനികമായ പരിഷ്കരണദൌത്യങ്ങള്‍ക്ക് വഴങ്ങാതെ, നിര്‍മമമായ ചിരിയായി ബഷീറിന്റെ എഴുത്തില്‍ ഇടം കണ്ടെത്തി. ജീവിതത്തിന്റെ യാതനകള്‍ക്കുമേല്‍ നര്‍മ്മം വാരിവിതറി അതിനെ സഹനീയമാക്കുകയായിരുന്നു താന്‍ എന്ന് ബഷീര്‍ ഓര്‍മ്മിക്കുന്നതിന് പിന്നില്‍ ഇങ്ങനെയും ഒരര്‍ത്ഥമുണ്ട്.

ആധുനികമായ ലോകാവബോധത്തിന്റെ വിമര്‍ശനസ്ഥാനമായി ബഷീറിന്റെ എഴുത്തിനെ മാറ്റിത്തീര്‍ക്കുന്നതില്‍ 'സ്ഥലം' എന്ന ബഷീറിയന്‍ കല്പനയ്ക്ക് വലിയ പങ്കുണ്ട്. താന്‍ സ്ഥലത്തിന്റെ ചരിത്രകാരനാണെന്നാണ് ബഷീര്‍ പറഞ്ഞുപോന്നിരുന്നത്. പ്രാദേശികതയുടെ അടയാളങ്ങള്‍ പേറി നില്‍ക്കുന്ന ഒരിടം എന്നതിനപ്പുറം ഇതിന് പ്രസക്തിയുണ്ട്. മാല്‍ഗുഡിയോ, അതിരാണിപ്പാടമോ പോലെ ഒരിടമല്ല ഈ ബഷീറിയന്‍ സ്ഥലം. മേല്പറഞ്ഞ സ്ഥലങ്ങളത്രയും, ഒരര്‍ത്ഥത്തില്‍, ദേശീയമായ സ്ഥലഭാവന യുടെ ചെറുരൂപങ്ങളാണ്. നോവല്‍ തന്നെ ദേശീയമായ സ്ഥലഭാവനയുടെ ആവിഷ്കാരമാണെന്ന് ഇന്ന് മനസ്സിലാക്കപ്പെട്ടു വരുന്നുണ്ടല്ലോ. ഇത്തരം സ്ഥലകല്പനയുടെ ഘടകസാമഗ്രികളെ പ്രാദേശികമായ ഒരു സ്ഥാനത്തേക്കു സംഗ്രഹിച്ചുകൊണ്ടാണ് നവോത്ഥാന നോവലുകള്‍ സ്ഥലത്തെ ആവിഷ്കരിച്ചത്. അതുകൊണ്ട് അവ ആധുനികമായ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മസ്ഥാനങ്ങളായിത്തീര്‍ന്നു. ദേശീയ ആധുനികതയുടെ യുക്തികളും സ്വത്വകല്പനയും ഭരണസംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ചെറുലോകങ്ങള്‍. ബഷീറിയന്‍ സ്ഥലം അത്തരമൊന്നല്ല. ഏറിയകൂറും ഭാവനാത്മകം മാത്രമായി അനുഭവപ്പെടുന്ന അവിടെ ആധുനികതയുടെ പ്രമാണരേഖകള്‍ കാര്യമായി മാനിക്കപ്പെടുന്നില്ല. ആനവാരിയും പൊന്‍കുരിശും പോലുള്ളവരുടെ യുക്തികളാണ് അവിടെ വാഴുന്നത്. ഫലിതത്തിന്റെ മുഖമറയ്ക്കുള്ളിലായതിനാല്‍ തിരിച്ചറിയാതെ പോകാന്‍ ഇടയുണ്ടെങ്കിലും, ഈ സ്ഥലം പില്‍ക്കാലനോവലില്‍ ഇടംപിടിച്ച അരികുലോകങ്ങളുടെ ആദിരൂപമാണെന്ന്കാണാന്‍ ഇപ്പോള്‍ വലിയ പ്രയാസമില്ല. കോക്കാഞ്ചിറയും തീയൂരും പോലെ, മുഖ്യധാരാസ്ഥലത്തിന്റെ അരികുകളോ അപരങ്ങളോ ആയ ഇടമാണ്, സരളമായ നേരമ്പോക്കിന്റെ മറപറ്റി, ബഷീറിന്റെഭാവനയിലെ സ്ഥലമായി നിലകൊള്ളുന്നത്.

ആധുനികാനന്തരരചനകളിലെ മൂര്‍ത്തതയും ചരിത്രബദ്ധതയും ഇതിനില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. നവോത്ഥാനഭാവനയുടെ പ്രകാശം അത്രമേല്‍ പ്രബലമായ ഒരുകാലത്ത്, മൂര്‍ത്തവും കര്‍ക്കശവുമായ ഒരെതിര്‍സ്ഥലം മുഖ്യധാരാഭാവനയില്‍ ഇടംപിടിക്കുന്നത് എളുപ്പമായിരുന്നുമില്ല. പക്ഷേ അക്കാലത്തുതന്നെ, ഈ എതിര്‍ലോകത്തിന്റെ പാരഡിയായി ‘സ്ഥലം’ ഉയര്‍ന്നുവരുന്നുണ്ട്. ഈ ‘സ്ഥല’ത്തിന്റെ ചരിത്രമാണ് താന്‍ എഴുതിപ്പോരുന്നതും.

“ഈ ചരിത്രത്തില്‍ വരുന്ന സ്ഥലവാസികളെ കൂടാതെ ആണും പെണ്ണുമായി ഒരു രണ്ടായിരത്തി അറുന്നൂറോളം വരുത്തരുമുണ്ട്. അവര്‍ ഈ ചരിത്രത്തില്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയുമേ വരൂ. വരുന്നതു ചന്തയിലാണ്. വാങ്ങാനും വില്‍ക്കാനും...... പൊതുവില്‍ വലിയ ആരവമുണ്ടാക്കാനും; കശപിശയ്ക്കും.”

സൂര്യഭഗവാനെ ലോകത്തില്‍ ആദ്യമായി കണ്ടുപിടിച്ചത് സ്ഥലവാസികളാണ്. ഇതുപോലെ ക്ഷൌരക്കത്തി, ഗൌളിശാസ്ത്രം, തീയ്, കൂടുവിട്ടു കൂടുമാറല്‍, മുച്ചീട്ടുകളി, സ്വപ്നശാസ്ത്രം, പാചകവിദ്യ, കോഴിപ്പോര്, വെള്ളം, കാളവണ്ടി, ഗുസ്തി, മന്ത്രവാദം, കഠാരി എന്നിതുകള്‍ ലോകത്തില്‍ ആദ്യമായി കണ്ടുപിടിച്ചതും സ്ഥലവാസികള്‍ തന്നെ. മുഴയന്‍ നാണുവിന്റെ അഭിപ്രായത്തില്‍ സ്ഥലമാകുന്നു ലോകത്തിന്റെ നടുമധ്യം’. സ്ഥലത്തിന്റെ ഒത്തനടുക്കാണ് കടുവാക്കുഴി എന്ന കുന്ന്. ആകെക്കൂടി ഒമ്പതുമൈല്‍ ചുറ്റളവിനകമാണ് സ്ഥലം. ഈ ഒമ്പതുമൈല്‍ ചുറ്റളവിന് വെളിയിലുള്ള മഹാപ്രപഞ്ചം മുഴുവനും തനി മൂരാച്ചിവിദേശമാണ്........ സ്ഥലത്തെ പൊട്ടും പൊടിയും ചെറുതും വലുതുമായ ജനസംഖ്യ രണ്ടായിരത്തിഇരുന്നൂറ്റി പന്ത്രണ്ടാണ്. ഒടുവിലത്തെ രണ്ട് മനുഷ്യരല്ല. ഗജകുലത്തില്‍ പിറന്ന കൊച്ചുനീലാണ്ടനും പാറുക്കുട്ടിയുമാണ്.”

ആധുനികമായ ദേശ-രാഷ്ട്രത്തിന്റെ സ്ഥലകല്പനയുടെ വിപരീതനിലയിലാണ് ഇതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീകൃതമായ അധികാര ഘടനയും യുക്തിപരതയും ആധുനികമായ വ്യക്തിസങ്കല്പവും ഇടകലര്‍ന്ന സ്ഥലരാശിയാണ് ദേശ-രാഷ്ട്രം. ഇവിടെയാകട്ടെ സ്ഥലം ഒരു കളി’സ്ഥലമായി, നേരമ്പോക്കും വിപരീതകല്പനകളും ഒത്തുകളിക്കുന്ന ഉത്സവാത്മകതയുടെ സ്ഥാനമായി മാറിത്തീരുന്നു. വിനീതചരിത്രകാരന്‍ എന്ന സ്ഥാനത്തിരുന്ന് ഈ എതിര്‍ലോകത്തെയാണ് ബഷീര്‍ അടയാളപ്പെടുത്തുന്നത്. സ്ഥലത്തിന്റെ ചരിത്രം സ്ഥലവാസികളുടേത് മാത്രമാണ്.

“അന്നും പതിവുപോലെ സൂര്യഭഗവാന്‍ കടുവാക്കുഴി എന്ന കുന്നിന്റെ ഉച്ചിയില്‍ നിന്നും പതുക്കെ സ്ഥലത്തേക്കു നോക്കി; കാര്യമായ വിശേഷങ്ങളൊന്നുമില്ല. എല്ലാവരും സൌഖ്യമായിത്തന്നെ വര്‍ത്തിക്കുന്നു. കണ്ടന്‍പറയന്‍ സമാധിയില്‍ തന്നെ സ്ഥലവാസികളുടെ കണ്ണിലുണ്ണികളായ കൊച്ചു നീലാണ്ടന്‍, പാറുക്കുട്ടി എന്നീ ആനകള്‍ നദിയുടെ വക്കത്തുനിന്ന് ഓലമടല്‍ തിന്നുന്നുണ്ട്..... ഉണ്ടക്കണ്ണനന്ത്രുവിന്റെ ചക്കരക്കടയുടെ മുന്നില്‍ ചെറിയ ഒരാള്‍ക്കൂട്ടമുണ്ട്. ഓ...... പാമ്പുകളിയാണ്! സ്ഥലത്തെ പ്രധാന പാമ്പുകളിക്കാരനായ വീരപാണ്ഡ്യപണ്ടാരം. ഭാര്യ മുനിയമ്മ, മകള്‍ മിസ്സ് ലൂച്ചി. ശകലം കറുത്തതാണെങ്കിലും മിസ്സ് ലൂച്ചി സുന്ദരി തന്നെ. വേറെ വിശേഷങ്ങളൊന്നുമില്ല. ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, ചാത്തങ്കേരിമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ഒറ്റക്കണ്ണന്‍ പോക്കര്‍, സ്ഥലത്തെ രണ്ട് പോലീസ് മൂരാച്ചികള്‍, മണ്ടന്‍മുത്തപ, മുഴയന്‍ നാണു മുതലയാവര്‍ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ചേന്നന്‍ മൈതാനത്തിരുന്ന് എന്തോ ലോകകാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്. എല്ലാം ശാന്തം”

ചരിത്രം ഇവരുടേതാണ്. പിന്നെ കുറെ വരത്തരും അവിടെയുണ്ട്.

ഇങ്ങനെ കലമ്പിനില്‍ക്കുന്ന ഒരു കീഴ്ത്തളമായി സ്ഥലം ബഷീറിന്റെ എഴുത്തില്‍ ഇടംനേടുന്നു. ആധികാരികവും ഭദ്രവും സുദൃഢവുമായ സ്വത്വകല്പനകളും രാഷ്ട്രജീവിതവും അസാധ്യമായിത്തീരുന്ന ഇടമാണത്. നവോത്ഥാന ആധുനികത അമര്‍ച്ചചെയ്ത പൂര്‍വ്വലോകങ്ങളുടെ പ്രസാദവും പ്രകാശവും അവിടെ തലയുയര്‍ത്തിനില്‍ക്കുന്നു. പുറമേക്ക് ഒരു കളിമട്ടായി. അകമേ, ചരിത്രത്തിന്റെ സൂക്ഷ്മ സ്വരമായും.

സ്ഥലഭാവനയിലെ എതിര്‍നിലയുടെ തുടര്‍ച്ചകാണുന്ന മറ്റൊരിടം ആധുനികമായ സ്ഥാപനരൂപങ്ങളുടേതാണ്. കുടുംബം, ദാമ്പത്യം, പ്രണയം തുടങ്ങിയ ആധുനികസ്ഥാപനങ്ങളെല്ലാം ബഷീറിന്റെ ഭാവനാലോകത്ത് അടിയിളകിയ നിലയിലുള്ളവയാണ്. സുദൃഢസ്ഥാനങ്ങളും സുവ്യക്തസ്ഥാനങ്ങളുമായി ഭാവിയിലേക്ക് തുടരുന്ന പ്രമാണങ്ങളല്ല അവ. പകരം സന്ദിഗ്ദ്ധവും ഇളക്കം തട്ടിയതുമായ ജീവിതബന്ധങ്ങളാണ്. ഇവിടെയും കര്‍ക്കശമായ വിമര്‍ശനസ്വരങ്ങള്‍ ഏറെയൊന്നും കാണാനാവില്ല. ശബ്ദങ്ങള്‍ പോലെ ചുരുക്കം സ്ഥാനങ്ങളിലേ നാം നാഗരികതയുടെ അടിയിളക്കി ക്കളയുന്ന എതിര്‍സ്വരങ്ങളുടെ കാര്‍ക്കശ്യം അനുഭവിക്കുന്നുളളൂ. മറ്റിടങ്ങളില്‍ അത് ബഷീറിയന്‍ നര്‍മ്മത്തിന്റെ ഭാസുരപ്രകാശനങ്ങളായി നമ്മെ ആഹ്ളാദിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്കിലും പ്രേമലേഖനം എന്ന ആദ്യകാലരചനമുതല്‍ ഈ അടിയിളക്കങ്ങളെ ബഷീര്‍ തന്റെ എഴുത്തില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. സാറാമ്മയുംകേശവന്‍നായരും പ്രണയിക്കുന്നത് കാല്പനികതയുടെ താഴ്വരകളിലോ റിയലിസ്റ്റ് ആദര്‍ശാത്മകതയുടെ സമതലങ്ങളിലോ അല്ല.

"വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു. കേശവന്‍നായര്‍ ചായയ്ക്ക് ആര്‍ഡര്‍ ചെയ്തു. രണ്ടുപേര്‍ക്കും കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടുപേര്‍ക്കും ചായമതിയെന്ന് കേശവന്‍നായര്‍ പറഞ്ഞു. രണ്ടുപേര്‍ക്കും ദേഷ്യം വന്നു. ഒടുവില്‍ കേശവന്‍നായര്‍ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു. സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു.''

അന്തിമമായ ഏകതത്വത്തിലേക്ക് സംഗ്രഹിക്കപ്പെടുന്ന പ്രണയാനുഭവങ്ങളുടെ വിപരീതമാകാന്‍ പോന്ന ചിലത് ഇവിടെയുണ്ട്. ഒന്നില്‍തന്നെയുള്ള രണ്ട്. ഏകതയിലും തുടരുന്ന വൈജാത്യങ്ങള്‍. അനുരാഗത്തിന്റെ ദിനങ്ങളില്‍ ദേവിയെ കാണാന്‍ പോകുന്ന നായകന്‍ എതിരെ വരുന്ന പെണ്ണുങ്ങളെ കൊതിയോടെയാണ് നോക്കുന്നത്. പ്രണയിച്ച പെണ്ണിനോടൊപ്പം കഴിയുമ്പോളും, ആദര്‍ശാത്മകതയുടെ ബലിഷ്ഠമായ കവചങ്ങള്‍ക്കുള്ളില്‍, സഹോദരീ സഹോദരന്മാരെപ്പോലെ ജീവിക്കുന്നവര്‍ അവതരിക്കപ്പെട്ട (രണ്ടിടങ്ങഴി) കാലത്തുതന്നെയാണ് ബഷീര്‍ ഇതെഴുതുന്നത്.

നവോത്ഥാനഭാവന ആദര്‍ശാത്മകതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയ കാമനാവേഗങ്ങള്‍ ബഷീറില്‍ അത്രയെളുപ്പം ഒതുങ്ങുന്നില്ല. ദേവി തന്നെ പ്രണയിക്കുന്നത് വളരെയേറെ പ്രയാസപ്പെട്ടിട്ടാണ് തന്നെ പ്രണയിക്കുന്നതെന്ന് തന്നെ അറിയിക്കാന്‍ വേണ്ടിയാണ് ജ്യേഷ്ഠന് എഴുതുന്നതുപോലെ ഒരു കത്തെഴുതി തന്റെ പുസ്തകത്തില്‍ വച്ചതെന്ന് നായകന്‍ ഓര്‍ക്കുന്നു. പ്രണയമെന്നത് വഞ്ചനയുമാകാമെന്നത്, തന്നെ സ്നേഹിക്കാന്‍ കഴിയുന്നതുകൊണ്ട് ദേവിക്ക് മറ്റുപലരേയും സ്നേഹിക്കാന്‍ കഴിയുമെന്ന് അറിയുന്ന പ്രണയഭാവനയാണ് ഇവിടെയുള്ളത്. ബാല്യകാല സഖിയിലും, ന്റുപ്പാപ്പയിലും ആദര്‍ശാത്മകതയുടെ കണ്ണീരും നിലാവുമായി നിറയുന്ന പ്രണയകല്പനയുടെ എതിര്‍ലോകമാണ് ഇവിടെ നാം വായിക്കുന്നത്. ബഷീര്‍ പല ലോകങ്ങളില്‍ പോയി മടങ്ങുന്നു.

ഈ വിപരീതലോകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കപ്പെടുന്ന മറ്റൊരിടം ബഷീറിന്റെ പ്രണയാവിഷ്കാരങ്ങളുടേതാണ്. ബാല്യകാലസഖിയും പ്രേമലേഖനവും മുതലുള്ള രചനകളില്‍ ഔപചാരികതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുപായുന്ന പ്രണയകല്പനകള്‍ നാം കണ്ടുതുടങ്ങുന്നുണ്ട്. സുഹ്റയുടെ സ്നേഹം അവളുടെ വിരലുകളിലെ നീണ്ട നഖങ്ങള്‍ കൊണ്ടുള്ള മാന്തലായിത്തീരുന്നതുകൊണ്ട് മജീദ് ആ സ്നേഹത്തെ പേടിച്ചുകൊണ്ടുകൂടിയാണ് കഴിയുന്നത്. ഒറ്റക്കണ്ണന്‍ പോക്കരുടെ മകള്‍ സൈനബയും മണ്ടന്‍ മുസ്തഫയും തമ്മിലുള്ള പ്രണയം പ്രകാശിപ്പിക്കപ്പെടുന്നത് പുട്ടിനുള്ളില്‍ ഒളിച്ചുവച്ച പുഴുങ്ങിയ മുട്ടയിലൂടെയാണ്. പ്രണയത്തിന്റെ ഔപചാരികഭാഷയെ സമ്പൂര്‍ണ്ണമായി തലകീഴ്മറിക്കുന്ന പ്രണയകല്പനയാണിത്. റൊമാന്റിസിസത്തിന്റെ ലോലകല്പനയോ, റൊമാന്റിക് റിയലിസത്തിന്റെ ആദര്‍ശപരിവേഷമോ ഇല്ലാത്ത, കേവലയാഥാര്‍ത്ഥ്യ ങ്ങളുടെ അതിസാധാരണതയില്‍ പണിതെടുക്കപ്പെട്ട പ്രണയമാണത്. പ്രണയം ദാരിദ്രവും വിശപ്പും കലര്‍ന്നുനില്‍ക്കുന്ന ഒരനുഭവമായി പരാവര്‍ത്തനം ചെയ്യപ്പെടുകയാണവിടെ. ദാരിദ്ര്യത്തിന്റെ തമോഗര്‍ത്തങ്ങളി ല്‍നിന്ന് പ്രണയത്തിന്റെ ഗഗനവിശാലതയിലേക്ക് ആദര്‍ശപൂര്‍ണ്ണമായി പറന്നുപൊങ്ങിയ ചിത്രശലഭങ്ങളെ നാം എത്രയും കണ്ടിട്ടുണ്ടാകുമെങ്കിലും, ഇവിടെ അത്തരമൊരു പറന്നുപൊങ്ങലില്ല.

ആദര്‍ശംകൊണ്ട് അലങ്കരിക്കപ്പെട്ട പ്രണയമല്ല; യാഥര്‍ത്ഥ്യത്തിന്റെ അതിസാധാരണതയില്‍ തുടരുന്ന പ്രണയമാണ് ബഷീര്‍ ഭാവന ചെയ്യുന്നത്. അതിസാധാരണമായിരിക്കുമ്പോഴും അത് അസാധാരണമാണ്. ആ അസാധാരണത്വം സങ്കീര്‍ണ്മമായ ജീവിത പ്രകൃതിയുടെ ഉത്പന്നമായതുകൊണ്ട്, അത്രമേല്‍ സ്വാഭാവികമായി നമുക്ക് അനുഭവപ്പെടുന്നു എന്നേയുള്ളൂ. മതിലുകളില്‍, ബഷീര്‍ പ്രണയത്തെ അടയാളപ്പെടുത്തിയത് ഉണങ്ങിയ ഒരു ചുള്ളിക്കമ്പുകൊണ്ടാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കാം. പെണ്‍ജെയിലില്‍ പാര്‍ക്കുന്ന നാരായണിയെ, താനിതുവരെയും കണ്ടിട്ടില്ലാത്ത നാരായണിയെ, പ്രണയിച്ച് സ്വയമൊരു പൂങ്കാവനമായിത്തീരുന്ന നായകനെ നാമിവിടെ കണ്ടുമുട്ടുന്നു. ജീവചൈതന്യം തീര്‍ത്തും അറ്റുപോയ ഒരു ചുള്ളിക്കമ്പാണ് ജീവിതത്തിലെ മൃദുലലോലമായ അനുഭൂതിയുടെ ആവിഷ്കാരമാധ്യമമായി ബഷീര്‍ ഉപയോഗിക്കുന്നത്. അനുരാഗത്തെ ആത്മതത്ത്വമാക്കിയ അപരലോകത്തിലെ ആദര്‍ശാനുഭവമായി അനുരാഗം മാറിയെങ്കില്‍ ബഷീര്‍ യാഥാര്‍ത്ഥ്യത്തിന്റെ നടുത്തളത്തിലാണ്അതിനെക്കൊണ്ടു വന്നുനിര്‍ത്തിയത്. പ്രണയത്തിന്റെ കീഴ്നിലയായി, അനുരാഗകല്പനയിലെ കീഴാളത്തമായി അത് നമ്മുടെ ഭാവനയുടെ ചരിത്രത്തിലെ വിച്ഛേദമായിത്തുടരുന്നു.

ഇതേ മറുലോകങ്ങള്‍ ബഷീറിന്റെ കുടുംബസങ്കല്പങ്ങ ളിലും കാണാം. വീടുവിട്ടുള്ള പോക്കുകളാണ് ബഷീറിന്റെ ഭാവനയുടെ കേന്ദ്രങ്ങളിലൊന്ന്. അവസാനമില്ലാത്ത അലച്ചിലുകളിലേക്ക് തന്നെ എടുത്തെറിയുന്ന അധികാരകേന്ദ്രമായി പലപ്പോഴും വീട് മാറിത്തീരുന്നു. അവിടേക്ക് മടങ്ങിയെത്തുമ്പോഴാകട്ടെ, ഉമ്മയും പാത്തുമ്മയും ആടും എല്ലാംകൂടിക്കലര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്ളഥസ്ഥാനമാണത്. സ്നേഹവാത്സല്യങ്ങള്‍ വഞ്ചകമായും തുടരുന്ന ഒരിടം. 'ആട്ടൊരുഗ്രമാം ചുംബനമോ നീ/കൂട്ടുകാരിയെ പുല്‍കിയുറങ്ങി' എന്ന് വൈലോപ്പിള്ളി എഴുതിയതുപോലെ ഉമ്മയുടെ സ്നേഹം തന്നെയാണ് ഉമ്മയുടെ ചതിയുമെന്ന് ബഷീര്‍ മനസ്സിലാക്കുന്നുണ്ട്. നമുക്ക് നിങ്ങളുടെ വീട്ടിലേക്കുപോകാം എന്നുപറയുന്ന സ്ത്രീയോട് അവിടെ ഭാര്യയുണ്ട് എന്ന് മറുപടിപറയുന്ന പട്ടാളക്കാരനെ ബഷീര്‍ ശബ്ദങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. കാര്‍ക്കശ്യം നിറഞ്ഞ ഈ വിമര്‍ശനസ്വരത്തിന്റെ സൌമ്യവും മൃദുലവും മനോഹരവുമായ തുടര്‍ച്ചയാണ് പാത്തുമ്മയുടെ ആടിലുള്ളത്. വളരെ പ്രയാസപ്പെട്ട്, ഇല്ലാത്ത പണം തേടിപ്പിടിച്ച് ആവശ്യപ്പെട്ട പണം ഉമ്മയ്ക്ക് നല്‍കുമ്പോള്‍ കൂടുതല്‍ പണം ചേദിക്കാതിരുന്നതിലെ മണ്ടത്തരത്തെക്കുറിച്ചാണ് ഉമ്മ വ്യാകുലപ്പെടുന്നത്.ഏകാത്മകവും സുസ്ഥിരവുമായ സ്വത്വസ്ഥാനങ്ങളിലല്ല നാം നിലയുറപ്പിക്കുന്നതെന്ന് ബഷീര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിക്കാണ്ടേയിരി ക്കുന്നു.

നവോത്ഥാനഭാവനയില്‍ വിജയകിരീടം ചൂടിനില്‍ക്കുന്ന മനുഷ്യന്‍ ബഷീറിന്റെ ഭാവലോകത്തില്‍ അങ്ങനെയൊരാളായല്ല നിലനില്‍ക്കുന്നത്. 'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍/ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍' എന്ന് കുളമ്പടിച്ചുപാഞ്ഞ വിജൃംഭിതവീര്യങ്ങള്‍ ബഷീറിന്റെ എഴുത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നില്ല. ആരാണീ ഭൂമിയുടെഅവകാശികള്‍ എന്ന് ബഷീര്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുകയും അതിന് പുതിയ ഉത്തരങ്ങള്‍ പറയുകയും ചെയ്തു. പാമ്പും പഴുതാരയും കുറുക്കനും കാട്ടുനായ്ക്കളുംനിറഞ്ഞ ഭൂമി, മനുഷ്യനെന്നതുപോലെ അവര്‍ക്കും അവകാശപ്പെട്ടതാണെന്ന വിപുലമായ ലോകാവബോധം ബഷീര്‍കൃതികളില്‍ ഉടനീളം വേരോടിനില്‍ക്കുന്നുണ്ട്. പാരിസ്ഥിതികത ഒരു ഒരറിവായി നില്‍ക്കുകയല്ല, സഹജാവബോധമായി, ജീവിതവീക്ഷണമായി മാനുഷികതയുടെ നിര്‍ണ്ണായകങ്ങളിലൊന്നു തന്നെയായി അവിടെ ഇടം കണ്ടെത്തിയിരിക്കുന്നു. ന്റുപ്പൂപ്പായിലെ കുഞ്ഞുപാത്തുമ്മ, തന്റെ തുടയിലെ ചോര കുടിക്കുന്ന അട്ടയെ കൊല്ലാതെ വിടുന്നത് അതിന്റെ ഉമ്മയെയും ബാപ്പയെയും ഓര്‍ത്തിട്ടാണ്. പാത്തുമ്മയുടെ ആട് അവിടത്തെ മനുഷ്യരോളം തന്നെ, ചിലപ്പോള്‍ അതിനേക്കാളേറെ പ്രാബല്യത്തോടെ ആ കുടുംബത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. ‘ഞാന്‍ ഇവിടെ ഒരു ഭാര്യ, രണ്ട് മക്കള്‍, കുറുക്കന്മാര്‍, പാമ്പുകള്‍, പഴുതാരകള്‍ എന്നിവയോടൊപ്പം സുഖമായി വസിക്കുന്നു’ എന്ന് എഴുതുമ്പോള്‍ ബഷീര്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും ഈ വിപുലബോധത്തെയാണ്. പ്രതാപികളായ മനുഷ്യര്‍, അഥവാ പ്രതാപികളായ ആണുങ്ങള്‍ ചവിട്ടിമെതിച്ചു നടന്ന വഴികള്‍ ബഷീറിന്റെ ഭാവനാലോകത്തില്‍ ഇല്ലാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.

ആശാന്‍ കവിതയിലെ നായകകല്പനയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ ആണൊഴിഞ്ഞ അരങ്ങുകള്‍ ബഷീറിലുണ്ട്. ബാല്യകാലസഖിയും പ്രേമലേഖനവും മുതല്‍, ന്റുപ്പൂപ്പായും പാത്തുമ്മയുടെ ആടും വരെ ആണ്‍കോയ്മയുടെ പാര്‍പ്പിടങ്ങളല്ല. നാട്ടുജീവിതത്തിന്റെ തെളിച്ചമുള്ള അറിവുകള്‍കൊണ്ട് ജീവിതത്തെ അളക്കുന്ന പെണ്ണുങ്ങള്‍ ബഷീറിന്റെ കഥാലോകത്തെ പ്രബലസാന്നിദ്ധ്യമണ്. വിപുലമായൊരര്‍ത്ഥത്തില്‍ ഇത് നമ്മുടെ ആധുനികായുക്തിയുടെ എതിര്‍വഴിക്കുള്ള ഒരു നീക്കവുമാണ്. മാതൃകാകുടുംബിനിയായി, വീട്ടമ്മയായി (വീട്ടടിമ?) കെട്ടിത്തളയ്ക്കപ്പെട്ട നിലയിലാണ് നവോത്ഥാനാനന്തരം മലയാളത്തില്‍ പെണ്‍ജീവിതം വളര്‍ന്നുവന്നത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിന്റെ തുടര്‍ച്ചയായി, തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് എന്ന നാടകവും, നമ്മുടെ നവോത്ഥാന ചരിത്രത്തിലുണ്ടെങ്കിലും, ചരിത്രത്തിലെ വിദൂരസ്മൃതികളിലൊന്നായി, പതിറ്റാണ്ടുകളുടെ അകലത്തില്‍വച്ച് ഓര്‍ത്തെടുക്കേണ്ട ഒന്നായി മാത്രമേ അതിന് ജീവിക്കാനായുള്ളൂ. നവോത്ഥാനത്തിന്റെ വെളിച്ചം തൂവിത്തുളുമ്പാത്ത, ബാക്കിയായ ഇടങ്ങളിലൊന്നായി ഗാര്‍ഹികതയുടെ ലോകം ഇപ്പോഴും ബാക്കിയുണ്ട്. പെണ്മയുടെ പിന്‍വാങ്ങലിന്റെ ഇടം. ഈ കീഴായ്മയുടെ കഥയല്ല ബഷീറില്‍ നാം വായിക്കുന്നത്. തങ്ങളുടെ അനഭ്യസ്തതയിലും വീട്ടുജീവിതത്തിന്റെ നിയാമകങ്ങളായി വര്‍ത്തിക്കുന്ന സ്ത്രീകളെ ബഷീര്‍ സാഹിത്യത്തിലുടനീളം നമുക്ക് കാണാം. ജീവിതത്തെ കെട്ടിപ്പടുക്കാന്‍, കഴിഞ്ഞ നൂറ്റാണ്ടിലെ മുഖ്യധാരാ ജീവിതം ഉപയോഗിച്ച യുക്തികളല്ല അവരും ഉപയോഗിക്കുന്നത്. ഗാര്‍ഹികത എന്ന അനുഭവലോകം തന്നെ ബഷീറില്‍ കലങ്ങിനില്‍ക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. 'ഇമ്മിണി വല്ല്യ ഒന്ന്' എന്ന വിപരീതയുക്തിയുടെ ആന്തരികമായ തുടര്‍ച്ച അവിടെ നാം കാണുന്നു.

ഒരര്‍ത്ഥത്തില്‍ ബഷീറില്‍ പ്രബലമായിരുന്ന സൂഫിസ്റ്റ് പാരമ്പര്യമാണ് ഇത്തരം എതിര്‍നിലകളെ സാധ്യമാക്കിയതെന്ന് പറയാം. 'നിങ്ങള്‍ മിസ്റ്റിക്കാണോ'? എന്ന ചോദ്യത്തിന് 'ഞാന്‍ പച്ചക്കറിയല്ല' എന്നാണ് ബഷീര്‍ ഉത്തരം പറഞ്ഞിട്ടുള്ളത്. ഈ ഉത്തരത്തിനുശേഷവും ബഷീറിന്റെ ലോകബോധം സന്ദിഗ്ദ്ധമായ ഒരു മിസ്റ്റിക് അവബോധത്താല്‍ പ്രചോദിതമായിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. ആചാരപരതയില്‍ അടിയുറച്ച ഔപചാരിക സ്ഥാപനമതത്തിനും, ആധുനികമായ യുക്തിബോധത്തിനും ഇടയില്‍ അവയ്ക്കെതിരായ വിമര്‍ശനസ്ഥാനമായി ബഷീര്‍ തന്റെ മിസ്റ്റിക് അവബോധത്തെ ഉറപ്പിച്ചുനിര്‍ത്തി. പ്രപഞ്ചവും താനും തമ്മിലുള്ള ബന്ധത്തിന്റെ സ്വരൂപത്തെയും, ഉണ്മയുടെ പൊരുളിനേയും തിരഞ്ഞുപോകുന്ന അവബോധമായി ഇത് ബഷീറില്‍ തുടരുന്നുണ്ട്. 'ആരാണെന്റെ കാല്പാടുകള്‍ മായ്ചുകൊണ്ടേയിരിക്കുന്നത്' എന്ന് ജീവിതത്തിന്റെ ക്ഷണികതയെ അടയാളപ്പെടുത്താനും, 'അനന്തമായ സമയം അള്ളാഹുവിന്റെ ഖജനാവില്‍ മാത്രമേ ഉള്ളൂ' എന്ന് നിത്യശ്രവണിയായ കാലത്തില്‍ ദൈവസങ്കല്പത്തെ സന്നിവേശിപ്പിക്കാനും, 'നീയും ഞാനും എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നീ മാത്രം ബാക്കിയാവുകയാണ്' എന്ന് മാനുഷികമായ നശ്വരതയെയും കേവലമായ ഒരനശ്വരതയെയും അഭിസംബോധന ചെയ്യാനും ബഷീറിന് കഴിയുന്നത് ഈ അവബോധത്തിന്റെ തുടര്‍ച്ചയിലാണ്. കേവലയുക്തിയുടെ നേര്‍വഴിയില്‍ അസംബന്ധങ്ങളായി പരിണമിക്കാവുന്ന പ്രമേയങ്ങളെയാണ് ബഷീര്‍ ഇങ്ങനെ അഭിസംബോധന ചെയ്തു പോന്നത്. ഈ അഭിസംബോധനകളാവട്ടെ കൂടുതല്‍ വലിയചോദ്യങ്ങളായി നമ്മിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.

മധ്യകാല ഭക്തിപാരമ്പര്യത്തിലെ കീഴാളകവികളെ ഓര്‍മ്മിപ്പിക്കുംവിധം സുതാര്യവും ലളിതവുമായ ഭാഷയിലാണ് ബഷീര്‍ ജീവിതത്തിന്റെ പൊരുളിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഭാഷയില്‍ ബഷീര്‍ കൊണ്ടുവന്ന വിപ്ളവത്തിന്റെ അര്‍ത്ഥം ഇതുകൂടിയാണ്. ആഖ്യയും ആഖ്യാതവും ഇല്ലാത്ത തന്റെ ഭാഷയിലൂടെ, പുതിയ ജീവിതഖണ്ഡങ്ങളെ ബഷീര്‍ എഴുത്തില്‍ ഇണക്കി ചേര്‍ക്കുകയായിരുന്നു. ഇക്കാര്യം ഇതിനകം ഏറെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ‘അനുഭവങ്ങളുടെ ഭൂഖണ്ഡ’ങ്ങളെകുറിച്ചുള്ള വിഖ്യാതമായ നിരീക്ഷണം ഇക്കാര്യവും സൂചിപ്പിക്കുന്നുണ്ട്. കെട്ടുകല്യാണം സാഹിത്യവിഷയമായിരിക്കെ, മാര്‍ക്കക്കല്യാണവും സാഹിത്യവിഷയമാകാമെന്ന് നമ്മുടെ നവോത്ഥാന നിരൂപണം മതനിരപേക്ഷിതയുടെ ഉയര്‍ന്ന പടവുകളില്‍ വച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭാഷയിലെ വിപ്ളവം ഭാഷയില്‍ മാത്രമൊതുങ്ങുന്ന കാര്യമല്ലെന്ന് ബഷീറിനോടൊപ്പം തന്നെ അക്കാലത്തെ വിമര്‍ശനവും തിരിച്ചറിഞ്ഞതിന്റെ അടയാളമാണത്.

എങ്കിലും ബഷീറിന്റെ ഭാഷാവിപ്ളവത്തില്‍ ഇതിനപ്പുറം പോകുന്ന ചിലതുമുണ്ട്. വലിയ നോവലുകള്‍ എഴുതാന്‍ വേണ്ട ഭാവന ബഷീറിനില്ല എന്ന ഒരു നസ്യം ഇവിടെ ഉണ്ടായിരുന്നല്ലൊ; നിരൂപണം എന്ന നിലയ്ക്ക്. അത് പറഞ്ഞവര്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും ബഷീര്‍ കൊണ്ടുവന്ന ഭാഷാവിപ്ളവത്തിന്റെ ഒരു സവിശേഷ സ്വഭാവം അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. നോവല്‍ എന്ന ജനുസ്സിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ കൃത്യമായി ഒതുങ്ങി നില്ക്കാവുന്ന വിധത്തിലല്ല ബഷീര്‍ തന്റെ രചനകള്‍ സംവിധാനം ചെയ്തത്. നോവല്‍ എന്ന് പേരിട്ട് വിളിച്ചെങ്കിലും, നമ്മുടെ നവോത്ഥാനഭാവനയെ സ്ഫോടനം ചെയ്യിക്കാന്‍ പോന്ന ശേഷിയുണ്ടായിരുന്ന ശബ്ദങ്ങളെ കേസരി ചെറുകഥയെന്നാണ് വിശേഷിപ്പിച്ചത്. പാത്തുമ്മയുടെ ആടിന്റെ പ്രസിദ്ധമായ ആമുഖത്തില്‍ ബഷീര്‍ തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണ്ണായക വസ്തുതകളിലൊന്നിനെ വിവരിച്ചിട്ടാണ് നോവലിലേക്ക് കടക്കുന്നത്. ഈ ആമുഖം നോവലിന്റെ ഭാഗമായാണോ നോവലിന് പുറത്തായാണോ വായിക്കേണ്ടതെന്ന് നമുക്ക് സംശയിക്കാവുന്നതാണ്. വിപുലമായ ഒരു സ്ഥലരാശിയിലെ മനുഷ്യാനുഭവങ്ങളെ കൂട്ടിയിണക്കി, സ്ഥലകാലങ്ങളുടെ അനസ്യൂതിയില്‍ ചരിത്രത്തിന്റെ വിശാലസന്ദര്‍ഭങ്ങളെ അടയാള പ്പെടുത്തുന്ന നോവലിന്റെ ക്ളാസ്സിക്കല്‍ ക്രമത്തെ രൂപത്തിലും ഭാവത്തിലും ബഷീര്‍ മറികടന്നുപോകുന്നുണ്ട്. മലയാളഭാവനയുടെ ചരിത്രത്തില്‍, ആധുനികമായ ലോകാവബോധത്തിന്റെ ആവിഷ്ക്കാരപ്രകാരമായി നോവല്‍ പരന്നുപടര്‍ന്നുകൊണ്ടിരിക്കുന്ന കാലയളവിലാണ് ബഷീര്‍ തന്റെ എഴുത്തിനെ ഇതിന്റെ മറുപുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആത്മകഥയും അനുഭവവിവരണവും ഏറിനില്‍ക്കുന്ന ഒരാഖ്യാന വടിവിനകത്ത്, പ്രതിസന്ദര്‍ഭങ്ങളെയും പ്രത്യാഖ്യാനങ്ങളെയും സന്നിവേശിപ്പിക്കുന്ന രചനാപദ്ധതിയായിരുന്നു അത്. രൂപനിര്‍മ്മിതിയുടെ തലത്തിലെ ഈ വൈജാത്യം ഒരു പരാധീനതയല്ല; മറിച്ച് രൂപത്തെ മറികടക്കുന്ന ജീവിതമാണ്. രൂപങ്ങളില്‍ സംഗ്രഹിക്കാനാവാത്ത ചരിത്രം.

പറഞ്ഞുവന്നത് ഇതാണ്. ആധുനികത യുടേയും നവോത്ഥാനത്തിന്റേയും പ്രകാശവും ഊര്‍ജ്ജവും അത്രമേല്‍ പ്രസരിച്ചിരുന്നപ്പോഴും ബഷീര്‍ അതിന്റെ മറുപുറങ്ങളിലേക്ക് കടന്നുനിന്ന എഴുത്തുകാരനായിരുന്നു. വ്യക്തി, കുടുംബം, രാഷ്ട്രം, പൌരത്വം, പ്രണയം, ചരിത്രം, മതം എന്നിങ്ങനെ ആധുനികതയാല്‍ നിര്‍വ്വചിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളേയും സ്ഥാനങ്ങളേയും അദ്ദേഹം സംശയിക്കുകയും ചോദ്യം ചെയ്യുകയും തലതിരിച്ചിടുകയും ചെയ്തു. ഇങ്ങനെ പലപല വിതാനങ്ങളില്‍ താന്‍ ജീവിച്ച ചരിത്രസന്ദര്‍ഭത്തിലെ മുഖ്യധാരാബോധ്യങ്ങളുടെ എതിര്‍നിലയായിത്തീര്‍ന്ന എഴുത്തായിരുന്നു ബഷീറിന്റേത്. അങ്ങേയറ്റം സുഗമമായിരുന്നപ്പോഴും അത് അങ്ങേയറ്റം സങ്കീര്‍ണ്ണമായിരുന്നു. വഞ്ചകമായ ലാളിത്യത്തിനുള്ളില്‍ ഈ എതിര്‍സ്വരങ്ങളെ ബഷീര്‍ ഒതുക്കി നിര്‍ത്തി. നവോത്ഥാന മാനവികതയുടെ പ്രസാദാത്മകതയാലും പ്രപഞ്ചാവബോധത്തിന്റെ ഫലമായി കൈവന്ന ശുഭാപ്തിബോധത്താലും ഈ എതിര്‍ലോകത്തിന്റെ കാര്‍ക്കശ്യത്തെ ആര്‍ദ്രവും സ്നിഗ്ദ്ധവുമാക്കാന്‍ അതിനു കഴിഞ്ഞു. സ്നേഹാര്‍ദ്രതയുടെ ഈ തെളിഞ്ഞ വഴികളിലൂടെയാണ് മലയാളവായന ബഷീറിലേക്ക് നടന്നെത്തിയത്. നിശ്ചയമായും അത് അക്കാലത്തിന്റെ ചരിത്രമാണ്. വായനയും ചരിത്രബന്ധങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ നിറവേറ്റപ്പെടുന്ന ഒന്നായതിനാല്‍ ആ വായനകളുടെ ചരിത്രബദ്ധതയെ നമുക്ക് ഒട്ടുംതന്നെ നിരസിക്കേണ്ടതില്ല. പക്ഷേ ബഷീറിന് അതിനപ്പുറത്തേക്കും തുടര്‍ച്ചയുണ്ട്. ആധുനിക മാനവികതയുടെ അപരമായി മനസ്സിലാക്കപ്പെട്ട അനുഭവലോകങ്ങളുടെ ചരിത്രമാണ് ആ തുടര്‍ച്ചകളില്‍ ബഷീര്‍ രേഖപ്പെടുത്തിയത്. മാനുഷികതയുടെയും സ്നേഹാര്‍ദ്രതകളുടെയും നാട്ടുവെളിച്ചം നിറഞ്ഞ ആ വഴികള്‍ നമ്മുടെ ചരിത്രത്തിലെ ഇരുട്ടിനെക്കുറിച്ചാണ് പറയുന്നത്. ആധുനികതയുടെ വിമോചകമായ ഭാസുരതയില്‍ നമ്മെയും അത്ഭുതപ്പെടുത്തിയ ലോകപരിണാമങ്ങള്‍ക്കിടയില്‍ ഇരുളിലേക്ക് പിന്‍ വാങ്ങിപ്പോയ ഇടങ്ങളെയാണ് ബഷീര്‍ ആ വെളിച്ചത്തിന് നടുവിലിരുന്ന് രേഖപ്പെടുത്തിയത്. യാഥാര്‍ത്ഥ്യ ത്തെക്കുറിച്ചുള്ള വിപരീത ബോധങ്ങളി ല്‍നിന്നും പിറവിയെടുക്കുന്ന വിപുലമായ ആ തുടര്‍ച്ചകളിലൂടെയാവുമോ നൂറ്റാണ്ടുപിന്നിട്ട ബഷീര്‍ ഇനി സഞ്ചരിക്കുക?

*
ഡോ. സുനില്‍ പി.ഇളയിടം കടപ്പാട് : ബീം രജതജൂബിലി സ്മരണിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

താന്‍ നാടിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു പക്ഷേ, സാഹിത്യത്തിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചുള്ള ഇത്രയും പ്രകടമായ പ്രസ്താവന നമ്മുടെ നവോത്ഥാന സാഹിത്യത്തിലെവിടെയും കാണാനാവില്ല. 1940 കള്‍ മുതല്ക്കുള്ള മലയാളഭാവനയുടെ ചരിത്രം വലിയൊരളവോളം നമ്മുടെ ദേശജീവിതത്തിന്റെയും കൂടി ചരിത്രമാണെന്ന് നമുക്ക് അറിയാമെങ്കിലും അവിടെയെങ്ങും ചരിത്രമായിത്തീരുന്ന എഴുത്തിനെക്കുറിച്ചുള്ള ഇത്തരമൊരു പ്രസ്താവന നാം കാണുന്നില്ല. ബഷീറിന്റെ എഴുത്തുകളില്‍തന്നെ ജന്മദിനവും ടൈഗറും ശബ്ദങ്ങളും പോലെ ഇരമ്പി മറിയുന്ന ഒരു കാലത്തിന്റെ യാതനകളത്രയും അടയാളപ്പെട്ടുകിടക്കുന്ന ഒരു രചനയിലല്ല നാമീ ചരിത്രപ്രസ്താവന വായിക്കുന്നതെന്നതും പ്രധാനമാണ്. 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാനദിവ്യന്‍' 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' മുതലായ 'തമാശക്കഥ'കളിലാണ് ചരിത്രത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ ബഷീര്‍ കൊരുത്തുവച്ചിട്ടുള്ളത്. അതുകൊണ്ട്, ബഷീറിന്റെ നാനാതരം നേരമ്പോക്കുകളിലൊന്നായി ഇതിനെയും നോക്കിക്കാണാനുള്ള പ്രേരണയ്ക്ക് നാം അടിപ്പെട്ടുപോയെന്നുവരാം. 'നിങ്ങടെ ഒരു പുളുങ്കൂസന്‍ വിശ്വസാഹിത്യം' എന്ന് ബഷീര്‍ നമ്മുടെ സാഹിത്യസ്ഥാപനത്തെ മൊത്തത്തില്‍ പരിഹസിച്ചുതള്ളിയതിനെക്കുറിച്ച് ഓര്‍മ്മയുള്ള ഒരാള്‍, ഈ ചരിത്രപ്രസ്താവത്തിലും കളിമട്ടിന്റെ ഒരടയാളം കണ്ടെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലതാനും.

സന്തോഷ്‌ പല്ലശ്ശന said...

വളരെ പ്രൌഡമായ ഒരു ലേഖനം.... ഇവിടെ എത്തിപ്പെടാന്‍ വൈകിയതില്‍ ദുഖിക്കുന്നു.