Thursday, December 17, 2009

മൃണാള്‍ സെന്‍: ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മകള്‍

സിനിമയോട് കമ്യൂണിസ്റ്റുകാര്‍ എക്കാലവും പുലര്‍ത്തിയ പുരോഗമനപരമായ ഹൃദയബന്ധമാണ് മൃണാള്‍ സെന്നിന്റെ അവാഡ് ലബ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്നത്. കല കലയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിത്തന്നെയാണെന്ന നിലപാട് ഉറപ്പിക്കുംവിധമാണ് ചലച്ചിത്രത്തിന് നല്‍കിയ സമഗ്രസംഭാവനക്കുള്ള ഐഎഫ്എഫ്കെയുടെ പ്രഥമപുരസ്കാരം മൃണാള്‍ സെന്നിന് നല്‍കാനുള്ള തീരുമാനം. മൃണാള്‍ സെന്നും സത്യജിത് റായിയും അടക്കമുള്ള ചലച്ചിത്രപ്രതിഭകളുടെ ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്കു മുമ്പാകെ കാണിക്കുന്നതില്‍ എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നത്.

അറുപതുകളിലെയും എഴുപതുകളിലെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് പാഞ്ഞുചെല്ലുന്നത് കോഴിക്കോട് പാളയത്തെ ഇംപീരിയല്‍ ഹോട്ടലിലെ ഒന്നാം നിലയില്‍ വടക്കേ അറ്റത്തുള്ള പതിനേഴാം നമ്പര്‍ മുറിയിലേക്കാണ്. 1967ലെ കഥയാണ് പറഞ്ഞുവരുന്നത്. പതിനേഴാം നമ്പറിലാണ് കേരളാ ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ്. ട്രാവല്‍ ഏജന്‍സി മാനേജര്‍ രാമകൃഷ്ണന്‍. സാദാ മാനേജര്‍ മാത്രമല്ല രാമകൃഷ്ണന്‍. കടുത്ത സിനിമാപ്രേമി. ഇന്തോ-സോവിയറ്റ് സൌഹൃദ കൂട്ടായ്മയായ ഇസ്കസിന്റെ പ്രവര്‍ത്തകന്‍. അതുകൊണ്ടുതന്നെ അദ്ദേഹം ഭാരവാഹിയായിരുന്ന അശ്വനി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനും വേറെ സ്ഥലം കണ്ടെത്തേണ്ടി വന്നില്ല. ആ ഡബിള്‍ റൂം സ്ക്രീനിട്ട് വേര്‍തിരിച്ചു. അശ്വനി ഫിലിം സൊസൈറ്റിയുടെ ഫയലുകളും പെട്ടികളും മറ്റും അവിടെയാണ് സൂക്ഷിക്കാറ്. പതിനാറ് എംഎം പ്രൊജക്ടറും സ്വന്തമായുണ്ട്. സോവിയറ്റ് യൂണിനില്‍ നിന്ന് ആരുവന്നാലും രാമകൃഷ്ണനാണ് വഴികാട്ടി. സി പി ഐ നേതാവ് പി ആര്‍ നമ്പ്യാരുടെ ബന്ധുവാണ് രാമകൃഷ്ണന്‍. നമ്പ്യാരുടെ വീട്ടില്‍ത്തന്നെയാണ് താമസം. സ്ക്രീനിന്റെ ഇപ്പുറം സിനിമക്കാര്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു കട്ടിലുണ്ട്. ആ കട്ടിലില്‍ പകലുറക്കത്തിന് എത്തുന്നവരില്‍ സിപിഐ നേതാവ് കല്ലാട്ട് കൃഷ്ണനും ഉണ്ടാവാറുണ്ട്.

പതിനേഴാംനമ്പര്‍ മുറിയില്‍ ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തനങ്ങളും സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും ഒരുപോലെ പുരോഗമിച്ചു. പലപ്പോഴും സൊസൈറ്റി സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തി. അന്നൊക്കെ കല്ലായിലെ ലക്ഷ്മി ടാക്കീസിലാണ് പ്രദര്‍ശനമുണ്ടാവുക. ലക്ഷ്മി പൊളിച്ചു മാറ്റിയിട്ട് വര്‍ഷങ്ങളായി. അന്ന് അവിടെ തമിഴ്സിനിമകള്‍ മാത്രമാണ് ഉണ്ടാവാറ്. മോണിങ് ഷോയുടെ സമയത്താണ് സൊസൈറ്റിയുടെ സിനിമകള്‍ കാണിക്കാന്‍ അവസരം. നഗരത്തിലെ ഉന്നതന്മാര്‍ക്ക് സെന്‍സര്‍ചെയ്യാത്ത വിദേശസിനിമ കള്‍കാണാന്‍ വേണ്ടിയുണ്ടാക്കിയ ഫിലിം സൊസൈറ്റിയുടെ തലപ്പത്ത് ചെലവൂര്‍ വേണുവിനെപ്പോലുള്ളവര്‍ വന്നപ്പോഴാണ് സമാന്തര സിനിമകള്‍ നാട്ടുകാരെ കാണിക്കുന്ന സ്ഥിതിയുണ്ടായത്. മൃണാള്‍സെന്നിന്റെയും സത്യജിത് റായിയുടെയും ക്ളാസിക്കുകള്‍ കോഴിക്കോട്ടുകാര്‍ കണ്ടത് അശ്വനിയിലൂടെയായിരുന്നു.

കാലമങ്ങനെ പോകുമ്പോഴാണ് ഇംപീരിയലിലെ പൊറുതി യാദൃഛികമായി അവസാനിച്ചത്. കേരളാ ട്രാവല്‍സിലെ കുറെ പണം അവിടുത്തെ പ്യൂണ്‍ കോയയെ ഏല്‍പ്പിച്ചിരുന്നു. ഓട്ടോറിക്ഷയിലോ മറ്റോ വച്ച് ഈ പണം നഷ്ടപ്പെട്ടു. ഇതിന്റെ അപമാനഭാരം താങ്ങാനാവാതെ കോയ കണ്ണഞ്ചേരിയില്‍ തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു. താന്‍ മരിച്ചാല്‍ രാമകൃഷ്ണന്‍ ബുദ്ധിമുട്ടുമെന്ന് മുന്‍കൂട്ടി കണ്ട കോയ ഒരു കത്തെഴുതി പോക്കറ്റിലിട്ടിരുന്നു. പണം നഷ്ടപ്പെട്ടതില്‍ രാമകൃഷ്ണന് പങ്കില്ലെന്നായിരുന്നു കേരളാട്രാവല്‍സ് പ്രൊപ്രൈറ്റര്‍ക്ക് കോയ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്.

പണം നഷ്ടപ്പെടുകയും കോയ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ ഇംപീരിയലിലെ പതിനേഴാം നമ്പര്‍ മുറി പൂട്ടി. ചെലവൂര്‍ വേണുവിന്റെ സൈക്കോ മാസികയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന അലങ്കാര്‍ ലോഡ്ജായി അശ്വനിയുടെ കേന്ദ്രം.സൈക്കോ മാസികക്കൊപ്പം സ്റ്റേഡിയം എന്ന പേരില്‍ ഒരു സ്പോര്‍ട്സ് മാസികയും രൂപകല എന്ന പേരില്‍ ഒരു വനിതാ മാസികയും ചെലവൂര്‍ വേണു നടത്തിയിരുന്നു. മനഃശാസ്ത്രജ്ഞന്റെ മറുപടികള്‍ക്കായി വായനക്കാര്‍ കാത്തിരിക്കുന്ന കാലമായിരുന്നു അത്. സൈക്കോയുടെ കവര്‍ ഫോട്ടോകള്‍ മിക്കവാറും ഞാന്‍ എടുത്തവയായിരുന്നു. ഫക്രുദീന്‍ എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോകളും കവറില്‍ വന്നിരുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ ചെലവൂര്‍ വേണുവിന് സിനിമാഭ്രാന്ത് മൂത്തു. കെ ജി ജോര്‍ജ്, പി എ ബക്കര്‍, പവിത്രന്‍, ടി വി ചന്ദ്രന്‍ എന്നിവര്‍ സ്ഥിരമായി അവിടെയെത്തും. ഇവരെയെല്ലാം വെല്ലുന്ന തരത്തില്‍ ജോണ്‍ എബ്രഹാമും. നഗരത്തിലെ സിനിമക്കാരുടെയെല്ലാം താവളമായി അലങ്കാര്‍ ലോഡ്ജ് മാറി. അലങ്കാറിനു ശേഷം അശ്വനിയും സൈക്കോയുമായി ചെലവൂര്‍ വേണു ബീച്ചാശുപത്രിക്കടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറി. അവിടെ വച്ചാണ് പി എ ബക്കറിന്റെ ചുവന്ന വിത്തുകള്‍ ഷൂട്ടു ചെയ്തത്. ശാന്തകുമാരിയായിരുന്നു പ്രധാനറോളില്‍. സീനത്ത് ആദ്യമായി അഭിനയിച്ച സിനിമയും ഇതായിരുന്നു. അന്ന് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ബേങ്ക് രവിയാണ് പിന്നീട് ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണവും അരവിന്ദന്റെ വാസ്തുഹാരയും നിര്‍മിച്ചത്.

എഴുപതുകളില്‍ നിന്ന് രണ്ടായിരത്തില്‍ എത്തുമ്പോഴേക്കും ഫിലിം സൊസൈറ്റികള്‍ പൂര്‍ണമായും അസ്തമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേരിട്ട് സിനിമയെടുക്കാന്‍ തുനിഞ്ഞ കാലമായിരുന്നു എഴുപതുകള്‍. എന്നെ സിനിമ പഠിക്കാന്‍ സിപിഐ അന്ന് സോവിയറ്റ് യൂണിയനിലേക്ക് അയച്ചത് അതിന്റെ ഭാഗമാണ്. മോസ്കോയിലെ ഓള്‍ യൂണിയന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രഫിയിലായിരുന്നു മൂന്നരവര്‍ഷത്തെ പഠനം. കെ പി എ സി നാടകത്തില്‍ നിന്ന് സിനിമയിലേക്ക് മാറണമെന്ന ഒരു ചിന്ത സിപിഐ നേതാക്കളില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി തകഴിയുടെ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി സിനിമയാക്കി. മൂന്നരലക്ഷം രൂപയായിരുന്നു ചെലവ്. കാമ്പിശേരി കരുണാകരനായിരുന്നു നിര്‍മാതാവ്.

സിപിഐ എം മുന്‍കൈ എടുത്ത് ജനശക്തി ഫിലിംസിന് രൂപം നല്‍കിയത് ഇതിനുശേഷമാണ്. ജോണ്‍ എബ്രഹാമിന്റെ 'അഗ്രഹാരത്തില്‍ കഴുതൈ' വിതരണത്തിനെടുക്കാനും 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' നിര്‍മിക്കാനും ജനശക്തി ധൈര്യംകാട്ടി. ജനശക്തിയില്ലായിരുന്നില്ലെങ്കില്‍ ജോണ്‍ എന്ന സിനിമക്കാരനെ ആരും അറിയുമായിരുന്നില്ല.

സോവിയറ്റ് യൂണിയനിലെ സിനിമാട്ടോഗ്രഫി പഠനത്തിന്റെ ബലത്തിലാണ് ഇഎംഎസിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി എടുക്കാന്‍ ഞാന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് എണ്‍പതില്‍ നടന്ന സിപിഐ എം പ്ളീനത്തില്‍ വച്ചായിരുന്നു ഷൂട്ട്. സോവിയറ്റ് യൂണിനില്‍ നിന്ന് കൊണ്ടുവന്ന 16എംഎം ബോളക്സ് ക്യാമറയിലാണ് ഇഎംഎസ്സിനെ പകര്‍ത്തിയത്. ഇഎംഎസ് അടക്കമുള്ള പ്രമുഖ നേതാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ടേപ്പ് ഈയിടെയാണ് സാംസ്കാരിക മന്ത്രി എം എ ബേബിക്ക് ഞാന്‍ കൈമാറിയത്. തിരുവനന്തപുരം പ്ളീനത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ ജോണ്‍ എബ്രഹാമിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

കയ്യൂരിനെക്കുറിച്ച് മൃണാള്‍സെന്‍ സിനിമയെടുക്കാന്‍ വന്നപ്പോള്‍ കോഴിക്കോടിന് അത് ഉത്സവമായിരുന്നു. നേരത്തെ മൃണാള്‍സെന്നിന്റെ സിനിമകള്‍ അശ്വനി ഫിലിം സൊസൈറ്റി കാണിച്ചതോടെ ജനങ്ങളില്‍ ആവേശം നിറഞ്ഞിരുന്നു. തൃശൂരില്‍ വണ്ടിയിറങ്ങിയ മൃണാള്‍സെന്നിനെ ചാത്തുണ്ണിമാഷും സംഘവും റോഡ് മാര്‍ഗം കയ്യൂരിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു കോഴിക്കോട്ടെ സ്വീകരണം. കൊല്‍ക്കത്തയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ മൃണാള്‍ സെന്‍ തീവണ്ടിയിലാണ് തൃശൂരിലെത്തിയത്.

മൃണാള്‍സെന്‍ പ്രോപ്പഗാന്‍ഡ സിനിമകള്‍ എടുക്കുന്നുവെന്നാണ് സാമ്പ്രദായിക നിരൂപകരുടെ വാദം. എന്നാല്‍ ഇത്തരം സിനിമകള്‍ എടുക്കുന്ന മൃണാള്‍ സെന്‍ സൃഷ്ടിച്ച തരംഗമാണ് കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് വ്യാപകമായി പ്രചോദനമായത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സിനിമകള്‍ എടുക്കാനാണ് സോവിയറ്റ് യൂണിയനിലും ശ്രമിച്ചത്. ഈ ഉദ്ദേശശുദ്ധിയാണ് സോവിയറ്റ് സിനിമകളില്‍ നാം ദര്‍ശിച്ചത്.

*
പുനലൂര്‍ രാജന്‍
(തയ്യാറാക്കിയത്: എന്‍ എസ് സജിത്)

'ഞാന്‍ സന്തുഷ്ടനാണ്'

മൃണാള്‍ സെന്നുമായി എന്‍ എസ് സജിത് നടത്തുന്ന അഭിമുഖം

മൃണാള്‍ സെന്‍. ഇന്ത്യ ലോകത്തിന് സമ്മാനിച്ച വിഖ്യാതനായ ചലച്ചിത്രകാരന്‍. സിനിമ എന്ന ജനകീയമാധ്യമം അനിവാര്യമായും രാഷ്ട്രീയായുധമാണെന്ന തിരിച്ചറിവുള്ള ഈ ചലച്ചിത്രപ്രതിഭക്കാണ് കേരള ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ പ്രഥമപുരസ്കാരം. 1923 മെയ് 14ന് ബംഗ്ളാദേശിലെ ഫരിദ്പുരില്‍ ജനിച്ച മൃണാള്‍ സെന്‍ 1955ല്‍ ആരംഭിച്ച ചലച്ചിത്ര പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. എഴുത്തുകാരന്‍ എന്ന നിലയിലും മൃണാള്‍ദാ ആദരിക്കപ്പെടുന്നു. ദേശീയവും വിദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെ സ്രഷ്ടാവ്. കയ്യൂര്‍ സമരത്തെക്കുറിച്ച് സിനിമയെടുക്കാനായി കേരളത്തിലെത്തിയെങ്കിലും ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കേണ്ടി വന്ന 'കയ്യൂരി'നെക്കുറിച്ചും മറ്റ് സിനിമകളെക്കുറിച്ചും മൃണാള്‍ദാ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നു.
?സിനിമാ രംഗത്തെ സമഗ്രസംഭാവനക്ക് ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ പ്രഥമപുരസ്കാരത്തിന് അര്‍ഹനായ താങ്കള്‍ക്ക് ദേശാഭിമാനി വാരികയുടെ അഭിനന്ദനങ്ങള്‍. പുരസ്കാരലബ്ധിയെ എങ്ങനെയാണ് സമീപിക്കുന്നത്

ഞാനെന്താണോ അതാണ് ഞാന്‍. അവാഡ് ലഭിച്ചതില്‍ സന്തോഷവാനാണ്. അതിലേറെ സന്തോഷമുണ്ട് ദേശാഭിമാനി എന്നെ അഭിനന്ദിച്ചതില്‍. ഇതില്‍ കൂടുതല്‍ എന്തുവേണം.

?1998ലെ ഫിലിമോത്സവ് തൊട്ട് കേരളത്തില്‍ നടന്ന എല്ലാ ഫെസ്റ്റിവലുകളെയും താങ്കളുടെ സാന്നിധ്യം സമ്പന്നമാക്കിയിരുന്നു.

തീര്‍ച്ചയായും. പല ഫെസ്റ്റിവലുകള്‍ക്കും ഞാന്‍ വന്നിട്ടുണ്ട്. കേരളത്തില്‍ വരികയെന്നത് ആഹ്ളാദകരമാണ്. ഇത്തവണയും കേരളത്തില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എത്തുന്നതില്‍ അത്യധികമായ ആഹ്ളാദമുണ്ട്.

?താങ്കള്‍ സംവിധാനം ചെയ്യാനിരുന്ന ഒരു മലയാള സിനിമ നഷ്ടമായതിന്റെ ദുഃഖം മലയാളികള്‍ക്ക് ഇപ്പോഴുമുണ്ട്. കയ്യൂര്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാനെത്തിയതും മലയാളികളുടെ ഓര്‍മയിലുണ്ട്.

എന്തുതന്നെയായാലും കയ്യൂര്‍ സിനിമ എടുക്കേണ്ടത് ആവശ്യമായിരുന്നു. അതേസമയം അത് കടുത്ത വെല്ലുവിളിയുമായിരുന്നു.

?ഭാഷയും കയ്യൂരിന് തടസ്സമായിരുന്നോ.

ബംഗാളിയും ഹിന്ദിയും അല്ലാത്ത ഭാഷകളില്‍ ഞാന്‍ സിനിമയെടുത്തിട്ടുണ്ട്. മാതിര മാനിഷ എന്ന പേരില്‍ ഒറിയയില്‍ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. കാളിന്ദി ചരണ്‍ പാണിഗ്രാഹിയുടെ കഥയുടെ സിനിമാവിഷ്കാരമായിരുന്നു മാതിര മാനിഷ. മറ്റൊന്ന് തെലുഗുവില്‍. ഒക ഊരി കഥ. പ്രമുഖ എഴുത്തുകാരന്‍ മുന്‍ഷി പ്രേംചന്ദ് ഹിന്ദിയില്‍ അവസാനമെഴുതിയ 'കഥന്‍' എന്ന കഥയാണ് ഒക ഊരി കഥ എന്ന പേരില്‍ സിനിമയാക്കിയത്.

ഒറിയയിലും തെലുഗുവിലും ഹിന്ദിയിലും സിനിമയെടുത്ത എനിക്ക് മലയാള ഭാഷ തടസ്സമാവുമായിരുന്നില്ല. മാതൃഭാഷയായ ബംഗാളിയില്‍ സിനിമയെടുക്കാനാണ് താല്‍പര്യം. അതാണ് കൂടുതല്‍ സൌകര്യവും.

?കല്‍ക്കത്ത 71ല്‍ നിന്ന് ഏക്ദിന്‍ പ്രതിദിനിലേക്ക് എത്തുമ്പോള്‍ താങ്കളുടെ സംവിധാനത്തിലുള്ള ശൈലീപരമായ മാറ്റം എങ്ങനെയാണ് വിശദീകരിക്കുന്നത്.

കല്‍ക്കത്ത 71നും ഏക്ദിന്‍ പ്രതിദിനിനും പ്രമേയപരമായ വൈജാത്യങ്ങളുണ്ട്. ഏക്ദിന്‍ പ്രതിദിന്‍ നഗരത്തിലെ മധ്യവര്‍ഗത്തിന്റെ കഥയാണ് പറയുന്നത്. കല്‍ക്കത്ത 71 ചരിത്രത്തിലൂടെയുള്ള പ്രയാണമാണ്.

?സിനിമക്കായി കഥ തെരഞ്ഞെടുക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്.

ഞാന്‍ ചെയ്ത സിനിമകളത്രയും സമകാലിക സംവേദനരീതികളുമായി യോജിക്കുന്ന കഥകളെ ആസ്പദമാക്കിയുള്ളവയാണ്. പുറത്തുനിന്നുള്ള സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് അവയെ പുനഃസൃഷ്ടിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് സംവിധാകയകന്റെ ദൌത്യം. കഥയിലെ ഒരു പ്രമേയം രൂപപ്പെട്ടുവരുന്ന സാഹചര്യത്തോട് നീതിപുലര്‍ത്തുകയെന്നത് സരളമായ കാര്യമല്ല.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിനിമയോട് കമ്യൂണിസ്റ്റുകാര്‍ എക്കാലവും പുലര്‍ത്തിയ പുരോഗമനപരമായ ഹൃദയബന്ധമാണ് മൃണാള്‍ സെന്നിന്റെ അവാഡ് ലബ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്നത്. കല കലയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിത്തന്നെയാണെന്ന നിലപാട് ഉറപ്പിക്കുംവിധമാണ് ചലച്ചിത്രത്തിന് നല്‍കിയ സമഗ്രസംഭാവനക്കുള്ള ഐഎഫ്എഫ്കെയുടെ പ്രഥമപുരസ്കാരം മൃണാള്‍ സെന്നിന് നല്‍കാനുള്ള തീരുമാനം. മൃണാള്‍ സെന്നും സത്യജിത് റായിയും അടക്കമുള്ള ചലച്ചിത്രപ്രതിഭകളുടെ ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്കു മുമ്പാകെ കാണിക്കുന്നതില്‍ എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നത്.

അറുപതുകളിലെയും എഴുപതുകളിലെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് പാഞ്ഞുചെല്ലുന്നത് കോഴിക്കോട് പാളയത്തെ ഇംപീരിയല്‍ ഹോട്ടലിലെ ഒന്നാം നിലയില്‍ വടക്കേ അറ്റത്തുള്ള പതിനേഴാം നമ്പര്‍ മുറിയിലേക്കാണ്. 1967ലെ കഥയാണ് പറഞ്ഞുവരുന്നത്.