Sunday, December 29, 2013

വത്തിക്കാനില്‍ പാവങ്ങളുടെ പാപ്പ

രിദ്രരോടുള്ള പക്ഷംചേരല്‍ സഭയുടെ ദൗത്യമായി പ്രഖ്യാപിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലുകള്‍ പിന്നിടുന്ന വര്‍ഷം സമ്മാനിക്കുന്ന പ്രത്യാശകളില്‍ പ്രധാനമാണ്. ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിനേക്കാള്‍ പ്രയാസമാണ് ധനവാന്റെ സ്വര്‍ഗരാജ്യപ്രവേശമെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്. എന്നാല്‍, കാലാന്തരത്തില്‍ സഭ സമ്പന്നന്റെയും ദരിദ്രന്റെയും മധ്യത്തിലുളള നിഷ്പക്ഷന്റെ വേഷമണിയുകയോ സമ്പന്നന്റെ പ്രതാപം അംഗീകരിക്കുകയോ ചെയ്തു. ഇതില്‍നിന്ന് മാറി യഥാര്‍ഥ ക്രൈസ്തവികതയുടെ വഴിയും സത്യവും വീണ്ടെടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനന്‍ പിതാവ്. അദ്ദേഹം പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ നൈര്‍മല്യത്തിന്റെയും സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രസരണം കത്തോലിക്കര്‍ മാത്രമല്ല, എല്ലാ മതവിശ്വാസികളും ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവരും അനുഭവിക്കുകയാണ്. കാരണം മനുഷ്യനില്‍ വിശ്വസിക്കുന്ന സഭാധ്യക്ഷനാണ് ഫ്രാന്‍സിസ് പാപ്പ; പണത്തിനെയും മൂലധനആഭാസങ്ങളെയും അദ്ദേഹം വെറുക്കുന്നു. പണത്തോടുള്ള ആസക്തിയാണ് ലോകത്ത് എല്ലാ തിന്മകളും സൃഷ്ടിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച പാപ്പയെ മാര്‍ക്സിസ്റ്റുകാരനായി അമേരിക്കന്‍ തീവ്രയാഥാസ്ഥിതികര്‍ മുദ്രകുത്തി; മാര്‍ക്സിസ്റ്റുകാരനല്ലാത്ത അദ്ദേഹത്തിന് അതിലും പരിഭവമില്ല; എന്തെന്നാല്‍ നടന്നുവന്ന വഴികളില്‍ നല്ലവരായ ഒട്ടേറെ മാര്‍ക്സിസ്റ്റുകാരെ അദ്ദേഹം കണ്ടിട്ടുണ്ട്. ലോകത്ത് ധാരാളം ഭക്ഷിക്കാനുള്ളപ്പോള്‍ കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ വിശന്നുകരയുന്നതാണ് അദ്ദേഹത്തെ ദുഃഖിപ്പിക്കുന്നത്. എല്ലാവരുടെയും വിശപ്പകറ്റാനുള്ള വസ്തുക്കള്‍ ലോകത്തുണ്ട്. അമിതമായി ചിലര്‍ വെട്ടിപ്പിടിച്ചിരിക്കുന്നത് ബഹുഭൂരിപക്ഷത്തിനും ദുരിതം വിതയ്ക്കുന്നു. ഈ സംവിധാനത്തെ എതിര്‍ക്കുമ്പോള്‍ പോപ്പിനുപോലും ലേബല്‍ വീഴും. അതിനാല്‍ സത്യം തുറന്നുപറയാന്‍ ആര്‍ക്കും മടിതോന്നും. മുദ്രകുത്തപ്പെട്ടാലും കുഴപ്പമില്ല, തെരുവുകളിലെ രോദനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല-ധീരമായ ഈ പ്രഖ്യാപനമാണ് ഫ്രാന്‍സിസ് പാപ്പ ലോകത്തോട് നടത്തിയത്.

വിമോചനദൈവശാസ്ത്രം ശക്തമായി സ്വാധീനം ചെലുത്തിയ ലാറ്റിനമേരിക്കയില്‍നിന്നാണ് പാപ്പയുടെ വരവ്. പക്ഷേ, ഒരുകാലത്തും വിമോചനദൈവശാസ്ത്രത്തിന്റെ വക്താക്കളായ സഭാംഗങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ വിശ്വാസങ്ങളുടെ കാര്യത്തില്‍ ദൃഢചിത്തനായ ഇടയനെയാണ് കര്‍ദിനാള്‍സംഘം തെരഞ്ഞെടുത്തത്. പറഞ്ഞുവരുന്നത് സഭാവിശ്വാസങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ്. അതേസമയം, ലോകത്തിനുമുന്നില്‍ കണ്ണടച്ചുനില്‍ക്കാനും അദ്ദേഹം തയ്യാറല്ല. ചരിത്രത്തില്‍ സഭചെയ്ത തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. ഇതില്‍നിന്ന് മുന്നോട്ടുപോയി, വര്‍ത്തമാനകാലത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിരിക്കുന്നത്. വരുന്ന വര്‍ഷം ആദ്യമാസങ്ങളില്‍ ഇതിന്റെ ഭാഗമായ ആലോചനകള്‍ റോമില്‍ നടക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കരിമ്പടം പുതച്ച് കിടക്കുന്ന കാര്യങ്ങളാണ് തിരുത്തേണ്ടിവരിക. ലോകത്തിന്റെ പ്രകാശമായി സഭ മാറുക ഈ കരിമ്പടങ്ങള്‍ എടുത്തുമാറ്റുമ്പോഴാണ്. ആഗോളവല്‍ക്കരണവും നവഉദാരവല്‍ക്കരണവും വിനാശം വിതച്ച ലോകത്തിന്റെ വിമോചനത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പാപ്പയുടെ ഈ നിലപാടുകള്‍-ആര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.

*
സാജന്‍ എവുജിന്‍

ജനാധിപത്യം പൂക്കാത്ത ഈജിപ്ത്

അറബ്വസന്തത്തിന്റെ ചെലവില്‍ ഭരണം പിടിച്ച മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം ചെയ്തികളിലൂടെ ഭീകരസംഘടനയെന്ന പേര് നേടിയെടുത്തപ്പോള്‍ ഈജിപ്തിന്റെ ജനാധിപത്യമോഹം എങ്ങുമെത്താതെ വഴിവക്കിലാണ്. ജനാധിപത്യത്തിന്റെ വസന്തത്തിനായുള്ള ഈജിപ്ഷ്യന്‍ ജനതയുടെ കാത്തിരിപ്പും പരിശ്രമവും തുടരുകയാണ്. ജനകീയപ്രക്ഷോഭത്തില്‍ ഹോസ്നി മുബാറക് സ്ഥാനഭ്രഷ്ടനായശേഷം പ്രസിഡന്റുപദത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ മുര്‍സിയെ കഴിഞ്ഞ ജൂലൈ മൂന്നിന് സൈന്യം പുറത്താക്കി. ഇതിനെതിരെ ബ്രദര്‍ഹുഡ് ആരംഭിച്ച പ്രതിഷേധം കലാപമായി മാറി. മുര്‍സി പിന്തുടര്‍ന്ന ജനാധിപത്യവിരുദ്ധ നിലപാടും ബ്രദര്‍ഹുഡിന്റെ മതാധിഷ്ഠിത ഭരണത്തിനുള്ള നീക്കവും ജനരോഷത്തിനിടയാക്കി. ബ്രദര്‍ഹുഡിന് മേല്‍ക്കൈയുള്ള നിയമനിര്‍മാണസഭയും ഭരണഘടനാ നിര്‍മാണസമിതിയും ഭരണഘടനാവിരുദ്ധമായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പരമോന്നത കോടതി വിധിച്ചതോടെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി. ജനകീയപ്രക്ഷോഭം ഈജിപ്തിനെ ഇളക്കിമറിച്ചു. ജനഹിതം മനസ്സിലാക്കി പ്രശ്നം പരിഹരിക്കാന്‍ സമയം അനുവദിച്ചെങ്കിലും മുര്‍സി അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് അനുകൂല നിലപാട് സൈന്യം സ്വീകരിച്ചത്. ഇടക്കാല സര്‍ക്കാരില്‍ ചേരാനും ആറുമാസത്തിനകം നടക്കാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാനുമുള്ള ക്ഷണം നിരസിച്ച് ബ്രദര്‍ഹുഡ് കലാപം തുടരുകയാണ്.

സമാധാനം നഷ്ടമായ ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. ജനുവരി 14നും 15നും പുതിയ ഭരണഘടനയ്ക്കായി ഹിതപരിശോധന നടത്തുമെന്നാണ് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2014 പകുതിയോടെ പാര്‍ലമെന്റ്- പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസംവിധാനം രൂപീകരിക്കാനുള്ള ശ്രമത്തെ തകിടംമറിക്കാന്‍ ബ്രദര്‍ഹുഡ് ശക്തികേന്ദ്രങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തിനുനേരെ ബ്രദര്‍ഹുഡിന്റെ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് പ്രധാനമന്ത്രി ഹസേം ബബ്ലാവി ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

ഒടുവില്‍ മാലദ്വീപില്‍ യാമീന്‍

രണ്ടുവര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മാലദ്വീപിന്റെ ആറാമാത്തെ പ്രസിഡന്റായി അബ്ദുള്ള യാമീന്‍ നവംബര്‍ 17ന് അധികാരമേറ്റു. വൈസ്പ്രസിഡന്റായി മുഹമ്മദ് ജമീലും സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയാണ് പരാജയപ്പെടുത്തിയാണ് മൂന്ന് പതിറ്റാണ്ട് ദ്വീപിന്റെ ഭരണം നയിച്ച മൗമൂണ്‍ അബ്ദുള്‍ഗയൂമിന്റെ അര്‍ധസഹോദരനായ യാമീന്‍ (54) പ്രസിഡന്റ് പദവിയിലെത്തിയത്. ലോകരാജ്യങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ മുഹമ്മദ് വഹീദ് ഹസന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മാലദ്വീപില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് നഷീദിനെ സൈന്യവും പൊലീസും ചേര്‍ന്ന് നാടകീയമായി രാജിവയ്പിച്ച 2012 ഫെബ്രുവരി മുതല്‍ നിലനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കാണ് പരിഹാരമായത്. നഷീദിന്റെ വൈസ്പ്രസിഡന്റായിരുന്ന വഹീദാണ് അദ്ദേഹത്തെ പുറത്താക്കിയശേഷം പ്രസിഡന്റായത്. പുതിയ തെരഞ്ഞെടുപ്പിനായി നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ടി പ്രക്ഷോഭത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്ന ഘട്ടത്തില്‍ കോടതി ഇടപെടലുണ്ടായത് ദ്വീപിന്റെ ജനാധിപത്യത്തെ തന്നെ പ്രതിസന്ധിയിലാക്കി. സെപ്തംബര്‍ ഏഴിന് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടുനേടിയ നഷീദായിരുന്നു ഒന്നാമത്. ഇത് റദ്ദാക്കിയ സുപ്രീംകോടതി സെപ്തംബര്‍ 28ന് നടക്കാനിരുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തടഞ്ഞു.

ലോകരാഷ്ട്രങ്ങളും ഇറാനുമായി ധാരണ

പാശ്ചാത്യ വെല്ലുവിളികളെ ധീരതയോടെ എതിര്‍ത്തുനിന്ന ഇറാനുമായി താല്‍ക്കാലികമായെങ്കിലും ധാരണയിലെത്താന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ തയാറായത് 2013ലെ പ്രധാനവാര്‍ത്തകളില്‍ ഒന്നായി. വര്‍ഷങ്ങളായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ തീരുമാനമെടുത്തു.

ആണവോര്‍ജനിലയങ്ങളിലെ പരിശോധനക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധകരെ ഇറാന്‍ ക്ഷണിച്ചതും വലിയ വാര്‍ത്തയായി. എന്നാല്‍, കരാറിന് വിരുദ്ധമായി ഉപരോധവുമായി മുന്നോട്ടുപോകാനുള്ള അമേരിക്കന്‍തീരുമാനത്തില്‍ പ്രതിഷേധിച്ച് ലോകരാഷ്ട്രങ്ങളുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. നിരവധി കമ്പനികളെയും സംരംഭകരെയും കരിമ്പട്ടികയില്‍പെടുത്തിയ അമേരിക്കയുടെ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഉപരോധത്തില്‍ ഇളവ് വരുത്താമെന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഉറപ്പിന്മേലാണ് യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇറാന്‍ ജനീവചര്‍ച്ചയില്‍ സമ്മതിച്ചത്.

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെയും ജര്‍മനിയുടെയും പ്രതിനിധികളുമായാണ് ഇറാന്‍ ധാരണയില്‍ എത്തിയത്. അഞ്ചു ശതമാനത്തിനപ്പുറമുള്ള യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാണ് ധാരണ. ഇതിനു പകരമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തികമടക്കമുള്ള ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാശ്ചാത്യചേരിയുടെ നീക്കങ്ങള്‍ ഇറാനുമായുള്ള ഒത്തുതീര്‍പ്പിനെ അട്ടിമറിക്കുമോയെന്നാണ് ആശങ്ക.

ആരും ഭരിക്കാത്ത നേപ്പാള്‍

നേപ്പാളില്‍ ഭരണഘടനാ നിര്‍മാണസഭയിലേക്കുള്ള തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാത്തത് ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കി. 601 അംഗ സഭയില്‍ 196 സീറ്റ് നേടിയ നേപ്പാളി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 175 സീറ്റ് കരസ്ഥമാക്കിയ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) രണ്ടാം സ്ഥാനത്തെത്തി. വന്‍ തിരിച്ചടി നേരിട്ട പ്രചണ്ഡയുടെ യുസിപിഎന്‍ (മാവോയിസ്റ്റ്) 80 സീറ്റ് നേടി. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയും മകളും ദയനീയ തോല്‍വി ഏറ്റുവാങ്ങി.

2008ലെ തെരഞ്ഞെടുപ്പില്‍ പ്രചണ്ഡയുടെ യുസിപിഎന്‍ എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നേപ്പാളി കോണ്‍ഗ്രസ് രണ്ടാമതും സിപിഎന്‍ യുഎംഎല്‍ മൂന്നാമതുമായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ തര്‍ക്കം രൂക്ഷമായി തുടര്‍ന്നതോടെ ഭരണഘടന രൂപപ്പെടുത്തുകയെന്ന ദൗത്യം നിര്‍വഹിക്കുന്നതിന് കഴിഞ്ഞ സഭക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണയും ഒരു പാര്‍ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കിക്കാത്ത സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലായി. തെരഞ്ഞെടുപ്പില്‍ ഗൂഢാലോചനയും ക്രമക്കേടും ആരോപിച്ച മാവോയിസ്റ്റ് പാര്‍ടിയും കൂട്ടാളികളും ജനാധിപത്യപാതയില്‍നിന്ന് വ്യതിചലിക്കുമോയെന്നും ആശങ്കയുണ്ട്.

മംനൂണ്‍ ഹുസൈന്‍ പ്രസിഡന്റ്

പാകിസ്ഥാന്റെ 12-ാമത് പ്രസിഡന്റായി പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വിശ്വസ്തന്‍ മംനൂണ്‍ ഹുസൈന്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. തെഹ്രീകെ ഇന്‍സാഫ് പാര്‍ടിയുടെ വജിയുദ്ദീന്‍ അഹ്മദിനെ വന്‍ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ദേശീയ അസംബ്ലയിലും സെനറ്റിലും 277 എംപിമാര്‍ ഹുസൈനെ പിന്തുണച്ചു. 34 വോട്ടുമാത്രമാണ് അഹ്മദിന് ലഭിച്ചത്. ആഗ്രയില്‍ ജനിച്ച ഹുസൈന്‍ ഇന്ത്യാവിഭജനത്തെതുടര്‍ന്നാണ് 1947ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയത്. കറാച്ചിയിലെ പ്രമുഖ വ്യവസായിയായ അദ്ദേഹം 1999ല്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറായിരുന്നു.

റഹീല്‍ സൈനിക മേധാവി

പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ റഹീല്‍ ഷെറീഫിനെ നിയോഗിച്ചു. അറുപത്തൊന്നുകാരനായ ജനറല്‍ പര്‍വേസ് കയാനിയുടെ പിന്‍ഗാമിയായാണ് റഹീല്‍ ഷെറീഫ് സൈന്യത്തിന്റെ ചുക്കാന്‍പിടിക്കുന്നത്. സീനിയോറിറ്റി മറികടന്നുള്ള ഈ നിയമനത്തില്‍ പ്രതിഷേധിച്ച് പാക്സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ ഹാറൂണ്‍ അസ്ലം രാജിവച്ചു.

തായ്ലന്‍ഡ് സംഘര്‍ഷഭരിതം

തായ്ലന്‍ഡില്‍ പ്രധാനമന്ത്രി യിങ്ലക് ഷിനവത്രയ്ക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭം വര്‍ഷാന്ത്യത്തിലും തുടരുകയാണ്. പ്രക്ഷോഭം തണുപ്പിക്കാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫെബ്രുവരി രണ്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച പ്രതിപക്ഷം ഇടക്കാല പ്രധാനമന്ത്രിയായി യിങ്ലക് തുടരാന്‍ പാടില്ലെന്ന നിലപാടിലാണ്. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പു കമീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2006ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്തായ തക്സിന്‍ ഷിനവത്രയുടെ സഹോദരിയാണ് നാല്‍പ്പത്താറുകാരിയായ യിങ്ലക്. 2008ല്‍ അഴിമതിക്കേസില്‍ തക്സിനെതിരായ കോടതിവിധി മറികടക്കാന്‍ പര്യാപ്തമായ പൊതുമാപ്പ് നല്‍കാന്‍ യിങ്ലക് കൊണ്ടുവന്ന ബില്ലാണ് പ്രതിപക്ഷത്തെ ഇളക്കിവിട്ടത്.

ബംഗ്ലാദേശ് കലുഷിതം

പ്രതിപക്ഷ പാര്‍ടികളുടെ അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകലുഷമായ വര്‍ഷമാണ് ബംഗ്ലാദേശിന് കടന്നുപോകുന്നത്. 1971ലെ വിമോചനയുദ്ധകാലത്ത് രാജ്യത്തിനെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയ്ക്ക് വധശിക്ഷ നല്‍കിയതോടെ ജമാഅത്തെ അക്രമം രൂക്ഷമായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാനും ലക്ഷ്യമിട്ട് മുഖ്യപ്രതിപക്ഷകക്ഷിയായ ബിഎന്‍പി നടത്തുന്ന സമരവും അക്രമാസക്തമായി തുടരുകയാണ്. ഈ സഹാചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ രംഗത്തിറക്കിയെന്ന വാര്‍ത്തയാണ് വര്‍ഷാന്ത്യത്തില്‍ ബംഗ്ലാദേശില്‍നിന്ന് വരുന്നത്. ജനുവരി അഞ്ചിനാണ് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫിലിപ്പീന്‍സിനെ തകര്‍ത്ത് ഹായ്യാന്‍

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്ന് സംഹാരതാണ്ഡവമാടിയ ഫിലിപ്പീന്‍സിന്റെ തീരം ശ്മശാനഭൂമിയായി. പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സുനാമി കണക്കെ അലറിയടുത്ത കൂറ്റന്‍ തിരമാലകള്‍ ഫിലിപ്പീന്‍സിന്റെ തീരഗ്രാമങ്ങളെയും പ്രധാന പട്ടണത്തെയും ഒന്നാകെ വിഴുങ്ങി. ഹായ്യാന്‍ ചുഴലിക്കാറ്റ് കടന്നുപോയ ലെയ്തെ പ്രവിശ്യയുടെ 80 ശതമാനം പ്രദേശവും തകര്‍ന്നു. ലെയ്തെ തലസ്ഥാനമായ തക്ലോബന്‍ അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പായി. സമുദ്രനിരപ്പ് പൊടുന്നനെ കുതിച്ചുയര്‍ന്നതോടെ തീരത്തുനിന്ന് ഒരുകിലോമീറ്ററോളം അകലേക്ക് വെള്ളം ഇരച്ചുകയറി. കെട്ടിടങ്ങള്‍ തകര്‍ന്നും മണ്ണിടിച്ചിലിലും നിരവധിപേര്‍ മരിച്ചു. മണിക്കൂറില്‍ 313 കിലോമീറ്റര്‍വരെ വേഗത്തില്‍ തുടര്‍ച്ചയായി വീശിയ കാറ്റിന്റെ വേഗം ചില ഘട്ടങ്ങളില്‍ 500 കിലോമീറ്ററിലേറെയായി. ഏപ്രില്‍ 24 ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എട്ടുനിലയുള്ള "റാണാപ്ലാസ" എന്ന വ്യാപാരകേന്ദ്രം തകര്‍ന്ന് നൂറോളം പേര്‍ മരിച്ചു. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ മൂന്നിന് ചൈനയിലെ പൗള്‍ട്രി ഫാമിലുണ്ടായ അഗ്നിബാധയില്‍ 119 പേര്‍ മരിച്ചു.

*
ദേശാഭിമാനി

No comments: