Wednesday, December 11, 2013

നൂറ്റാണ്ടിനെ നിര്‍മിച്ച പ്രസംഗം

ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ ജീവിതത്തിന്റെ മുദ്രകളായ രണ്ടുസ്വഭാവവിശേഷങ്ങള്‍ക്കെതിരായാണ് ഞങ്ങളുടെ പോരാട്ടം. രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന അവയെയാണ് നിരാകരിക്കാന്‍ ശ്രമിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാണ് ദക്ഷിണാഫ്രിക്ക. ഒരുപക്ഷേ, ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ ഒന്ന്. അത് കൊടിയ വിപത്തുകളുടെയും വൈരുധ്യങ്ങളുടെയും നാടാണ്.

വെള്ളക്കാര്‍ മുന്തിയ ലോകനിലവാരം ആസ്വദിക്കുമ്പോള്‍ ആഫ്രിക്കക്കാര്‍ കൊടിയ ദാരിദ്ര്യത്തിലും ദുരിതത്തിലും. 40 ശതമാനം നിരാശരായി കൂട്ടംചേര്‍ന്ന് കഴിയുകയാണ്. ചിലരാകട്ടെ വേനലുണക്കിയ നിലങ്ങളില്‍. മണ്ണൊലിപ്പിലും അമിതോപയോഗത്താലും സമൃദ്ധി നഷ്ടപ്പെട്ട മണ്ണില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പ്രയാസപ്പെടുന്നു. 30 ശതമാനം പേര്‍ കൂലിവേലക്കാരും കുടിയാന്മാരും വെള്ളക്കാരുടെ നിലങ്ങളില്‍ കുടിയേറിയവരും മധ്യയുഗങ്ങളിലെ അടിമകള്‍ക്കു സമാനമായി പണിയെടുക്കുന്നവരുമാണ്. വെള്ളക്കാരുടെ നിലവാരത്തിലുള്ള സാമൂഹ്യ-സാമ്പത്തിക സവിശേഷതകളാല്‍ വികസിക്കപ്പെട്ടവരും. ഇതിലെ ഭൂരിഭാഗവും കുറഞ്ഞ വരുമാനത്താലും ഉയര്‍ന്ന ജീവിത ചെലവിനാലും ദരിദ്രമാക്കപ്പെട്ടവരുമാണ്. ഞങ്ങള്‍ ദരിദ്രരും വെള്ളക്കാര്‍ സമ്പന്നരും ആണെന്നതു മാത്രമല്ല പരാതി. അത്തരം വ്യവസ്ഥയെ താങ്ങിനിര്‍ത്താനാണ് വെള്ളക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍.

ദാരിദ്ര്യം ഇല്ലാതാക്കാന്‍ രണ്ടു വഴിയുണ്ട്. അടിസ്ഥാന വിദ്യാഭ്യാസമാണ് ആദ്യത്തേത്. തൊഴിലില്‍ വൈദഗ്ധ്യം നേടുന്നതിലൂടെ കൂടുതല്‍ കൂലി നേടുകയാണ് രണ്ടാമത്തെ വഴി. ഇവ രണ്ടും ആഫ്രിക്കക്കാര്‍ക്ക് മുന്നില്‍ കൊട്ടിയടച്ചിരിക്കുകയാണ്. ആഫ്രിക്കക്കാരുടെ സാമ്പത്തികവികസനത്തിനുള്ള മറ്റൊരു തടസ്സം വെള്ളക്കാര്‍ക്കുമാത്രമായി ചില ജോലികള്‍ നീക്കിവയ്ക്കുന്ന വ്യാവസായിക വര്‍ണവിരോധമാണ്. അതിനേക്കാളേറെ അവിദഗ്ധ അര്‍ധ വിദഗ്ധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്ന ആഫ്രിക്കക്കാര്‍ക്ക് വ്യവസായ നിര്‍വാഹക സമിതി ചട്ടപ്രകാരമുള്ള തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കാന്‍ അവകാശമില്ല. ആഫ്രിക്കക്കാര്‍ക്ക് മാനുഷികപരിഗണന നിഷേധിക്കുന്നത് വെള്ളക്കാരുടെ അധീശമനോഭാവമാണ്. ദക്ഷിണാഫ്രിക്കയില്‍ ദാസ്യവൃത്തി ആഫ്രിക്കക്കാര്‍മാത്രം ചെയ്യേണ്ടതാണ്. വെള്ളക്കാരന് എന്തെങ്കിലും ചുമടെടുക്കാനോ വൃത്തിയാക്കാനോ ഉണ്ടെങ്കില്‍ ആഫ്രിക്കക്കാരനെ കിട്ടാന്‍ കണ്ണോടിക്കും. അയാള്‍ അവരുടെ തൊഴിലാളിയാകട്ടെ; അല്ലാതിരിക്കട്ടെ അവന്‍ അത് നിര്‍വഹിക്കേണ്ടതാണ്.

ഈ മനോഭാവം നിമിത്തം വെള്ളക്കാരന്‍ ആഫ്രിക്കക്കാരനെ മറ്റൊരു ജനുസ്സായാണ് കണക്കാക്കുന്നത്. സ്വന്തം കുടുംബത്തെപ്പോലെ കുടുംബമുള്ളവരായി ആഫ്രിക്കക്കാരെ അവര്‍ കരുതുന്നില്ല. അവര്‍ക്കും വികാരങ്ങളുണ്ടെന്നും പരിഗണനയില്ല. അവര്‍ പ്രണയിക്കുമെന്ന തിരിച്ചറിവില്ല. അവരും ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം കഴിയാനാഗ്രഹിക്കുമെന്ന വിചാരമില്ല. കുടുംബത്തെ സംരക്ഷിക്കാനും ഊട്ടാനും ഉടുപ്പിക്കാനും കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിലയക്കാനും വേണ്ട സമ്പാദ്യം ഉണ്ടാക്കേണ്ടവരാണെന്ന പരിഗണനപോലും നല്‍കുന്നില്ല. നീതിന്യായവ്യവസ്ഥയിലെ യാത്രാവകാശനിയമത്തില്‍ ആഫ്രിക്കക്കാര്‍ വെറുക്കപ്പെട്ട നീചവസ്തുക്കളാണ്. പൊലീസിന്റെ നിരീക്ഷണവസ്തുക്കള്‍. യാത്രയ്ക്കിടയില്‍ ഒരിക്കലെങ്കിലും പൊലീസിന്റെ പ്രഹരമേല്‍ക്കാത്ത ഒരു ആഫ്രിക്കന്‍പുരുഷന്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടാകുമോയെന്ന് സംശയമാണ്.

യാത്രാനിയമം ലംഘിച്ചതിന് വര്‍ഷംതോറും ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ തടവറയില്‍ അടയ്ക്കപ്പെടുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ യാത്രാനിയമം വേര്‍തിരിക്കുന്നു. കുടുംബജീവിതം തകര്‍ക്കുന്നത് മോശം അവസ്ഥയാണ്. ആഫ്രിക്കക്കാര്‍ ജീവനത്തിനായുള്ള വേതനം ആവശ്യപ്പെടുന്നു. ഭരണകൂടം പ്രഖ്യാപിച്ച തൊഴിലുകളല്ല; സ്വയം ചെയ്യാന്‍ കഴിവുള്ള എല്ലാ തൊഴിലും ഇഷ്ടപ്പെടുന്നു. തൊഴിലെടുക്കുന്ന സ്ഥലങ്ങളിലെ വാസസ്ഥലമാണ് എല്ലാവരുടെയും സ്വപ്നം. സ്വന്തമല്ലാത്ത വാടകമുറികളില്‍ കഴിയാനല്ല, സാമാന്യജനതയുടെ കൂടെ പൊറുക്കാനാണ് ആഗ്രഹം. അവര്‍ക്കുമാത്രമായി നീക്കിവച്ച ചേരികളില്‍ കഴിയാനല്ല, തൊഴില്‍ചെയ്യുന്ന ഇടത്ത് ഭാര്യയും കുട്ടികളുമൊത്ത് കഴിയാനാണ് മോഹം. പുരുഷവാസ സങ്കേതങ്ങളിലെ പ്രകൃതി വിരുദ്ധാവസ്ഥയില്‍ കഴിയാനല്ല. ആഫ്രിക്കന്‍ സ്ത്രീകള്‍ പുരുഷപങ്കാളിയോടൊപ്പം കഴിയാനാണ് കൊതിക്കുന്നത്. പണിയിടങ്ങളില്‍ സ്ഥിരം വിധവകളായി കഴിയാനല്ല.

രാത്രി പതിനൊന്നിനുശേഷവും പുറത്തുപോകാനാണ് ആഗ്രഹം. കൊച്ചുകുട്ടികളെപ്പോലെ മുറിയില്‍ തളയ്ക്കപ്പെടാനല്ല. സ്വന്തം രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഇഷ്ടമുള്ള തൊഴിലെടുക്കാനും കഴിയണം.തൊഴില്‍ദാനകേന്ദ്രത്തിന്റെ നിര്‍ദേശാനുസരണം വേലയ്ക്കുപോകാനല്ല, മാന്യമായ പങ്കാളിത്തമാണ് ലക്ഷ്യം, സമൂഹത്തില്‍ താങ്ങും തണലുംകൂടിയാണ്. എല്ലാറ്റിനുമപ്പുറം ഞങ്ങള്‍ തുല്യമായ രാഷ്ട്രീയ അവകാശം ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവയില്ലെങ്കില്‍ ഞങ്ങളുടെ കഴിവുകേടുകള്‍ അതേപടി തുടരും. എന്റെ ജീവിതം ആഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ വെള്ള/ കറുത്ത അധീശത്വത്തിനെതിരെ പോരാടുന്നു. പൗരന്മാര്‍ സമതയോടെ അവസര സമത്വത്തോടെ കഴിയുന്ന ജനാധിപത്യപരവും സ്വതന്ത്രവുമായ സമൂഹമെന്ന ആദര്‍ശത്തെയാണ് മാനിക്കുന്നത്. അത്തരമൊരു ആദര്‍ശത്തിലേ ജീവിക്കാനും നേടാനും കഴിയൂ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വേണ്ടിവന്നാല്‍ അതിനായി മരിക്കാനും തയ്യാറാണ്.

(റിവോണിയ വിചാരവേളയില്‍ 1964 ഏപ്രില്‍ 20ന് നെല്‍സണ്‍മണ്ടേല ചെയ്ത എതിര്‍വാദം. ഒരു നൂറ്റാണ്ടിനെ നിര്‍മിച്ച പ്രസംഗമായാണ് ഇത് ചരിത്രത്തില്‍ ഇടം നേടിയത്)

No comments: