Wednesday, December 18, 2013

ഗോവിന്ദച്ചാമിക്കൊപ്പം കുറ്റം പങ്കിട്ടവര്‍

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഓര്‍മിപ്പിച്ച ചില കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതാണ്. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ സൗമ്യ രക്ഷപ്പെടുമായിരുന്നു; സഹയാത്രക്കാരുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയ ഒരുകാര്യം. റെയില്‍വേയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത് എന്ന നിരീക്ഷണമാണ് മറ്റൊന്ന്. ദരിദ്ര കുടുംബത്തിലെ കുട്ടിയായ സൗമ്യ തന്റെ വിവാഹം ഉറപ്പിക്കുന്നതിനായാണ് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് ഷൊര്‍ണൂരിലെ വീട്ടിലേക്ക് യാത്രതിരിച്ചത്. ആ യാത്രയിലാണ് അവള്‍ തീവണ്ടിയില്‍ പിച്ചിച്ചീന്തപ്പെട്ടത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്മെന്റില്‍ അതിക്രമിച്ചു കയറിയ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചുദിവസം അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സൗമ്യ ഫെബ്രുവരി 6ന് മരണമടഞ്ഞു.

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബര്‍ 11നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ആ ശിക്ഷ അയാള്‍ അര്‍ഹിക്കുന്നതുതന്നെയെന്ന് ഇപ്പോള്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നു. അതോടൊപ്പം ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടതുകൊണ്ടുമാത്രം അവസാനിക്കുന്ന കേസല്ല സൗമ്യാവധത്തിന്റേതെന്നാണ് നീതിപീഠം അര്‍ഥശങ്കയില്ലാതെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്. സൗമ്യ ആക്രമിക്കപ്പെട്ട വണ്ടിയില്‍ യാത്രചെയ്തിരുന്നവര്‍ തക്കസമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍, സഹജീവിയുടെ ജീവന് വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ആ ദുരന്തത്തിന്റെ തീവ്രത ഇത്ര വലുതാകില്ലായിരുന്നു എന്നാണ് ആ നിരീക്ഷണത്തിന്റെ സാരം. ജനങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കാന്‍ നിയുക്തമായ ഇന്ത്യന്‍ റെയില്‍വേക്ക്, യാത്രയിലെ സുരക്ഷിതത്വം ഗൗരവമായ അജന്‍ഡയായിരുന്നുവെങ്കില്‍ സൗമ്യയുടെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും കോടതി മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു.

റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടിയ കോടതി, ലേഡീസ് കംപാര്‍ട്മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റണമെന്നും സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂര്‍ത്തമായ നടപടി വേണമെന്നും റെയില്‍വേക്ക് നിര്‍ദേശം നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നുറപ്പാക്കാന്‍ വിധിപ്പകര്‍പ്പ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. പലരുടെയും കണ്ണുതുറപ്പിക്കേണ്ട നടപടിയാണിത്. സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുറവിളികള്‍ ഇന്നു നാം പല കണ്ഠങ്ങളില്‍നിന്ന് കേള്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തി യാത്രചെയ്യാന്‍ സ്വാതന്ത്ര്യമില്ല എന്നു മാത്രമല്ല; ആ യാത്ര അവളുടെ ജീവനെടുക്കുന്നതുകൂടിയാകും എന്ന ഭയാനകമായ യാഥാര്‍ഥ്യമാണ് സൗമ്യയുടെ അനുഭവം വരച്ചുകാട്ടുന്നത്. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാണത്. ആ സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ്; അല്ലാതെ, രാഷ്ട്രീയ പ്രതികരണ നാടകങ്ങള്‍ക്കുള്ള ദുഃസ്വാതന്ത്ര്യമല്ല കേരളീയ സമൂഹത്തിന്റെ പരിഗണനാ വിഷയമാകേണ്ടത് എന്നുകൂടി കോടതിവിധി ഓര്‍മിപ്പിക്കുന്നു. ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് വിചാരണക്കോടതി പറഞ്ഞിരുന്നു. വധശിക്ഷയോട് വിയോജിപ്പുള്ളവര്‍ക്കുപോലും ആ വിധിയെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന് ഒരു വയസ്സു തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് സൗമ്യ കേസിലെ ഹൈക്കോടതി തീര്‍പ്പ് എന്നത് യാദൃച്ഛികതയാകാം. നിര്‍ഭയ അവസാനത്തെ ഇരയാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാകുന്നത് വിരാമമില്ലാത്ത തുടര്‍ച്ചയാവുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍വരെ ആക്രമിക്കപ്പെടുന്നു. അരക്ഷിതമായ ലേഡീസ് കംപാര്‍ട്മെന്റുകളുമായാണ് തീവണ്ടികള്‍ ഇന്നും ഓടുന്നത്. റെയില്‍വേയുടെ കണ്ണ് തുറന്നിട്ടില്ല. ഏതുസമയവും തീവണ്ടികളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാവുന്ന അവസ്ഥ തുടരുന്നു. ബസ്സ്റ്റാന്‍ഡുകളടക്കമുള്ള പൊതുസ്ഥലങ്ങളും ബസുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വേദിയാകുന്നു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപത്തുള്ള ബസ്സ്റ്റോപ്പുകളില്‍പ്പോലും പരസ്യമായി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഘങ്ങള്‍ നിര്‍ബാധം വിലസുന്നു. തൊഴിലിടങ്ങളിലും വാഹനങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം വീടുകളില്‍പ്പോലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയില്‍നിന്ന് നാടിനെ രക്ഷപ്പെടുത്താനുള്ള കൂട്ടായ മുന്നേറ്റത്തിന്റെ അനിവാര്യതയാണ് സൗമ്യസംഭവം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നത്.

സെക്സ് റാക്കറ്റുകള്‍ പട്ടണങ്ങളില്‍മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും തമ്പടിച്ച് പെണ്‍കുട്ടികളെ വേട്ടയാടുന്ന അനുഭവമാണ് ഇന്ന് കേരളത്തിലുള്ളത്. വിദേശങ്ങളിലേക്ക് സ്ത്രീകളുടെ ശരീരം വില്‍പ്പനയ്ക്കായി കയറ്റി അയക്കുന്ന വന്‍ റാക്കറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റെല്ലാ മാഫിയകള്‍ക്കുമെന്നതുപോലെ സെക്സ് മാഫിയക്കും നിര്‍ബാധം അഴിഞ്ഞാടാന്‍ കഴിയുന്നു. ഇങ്ങനെ എല്ലാ നിലയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നാടായി മാറിയ കേരളത്തെ തിരിച്ചുപിടിക്കാനുള്ള സമരത്തിന് അത്യധികമായ ഊര്‍ജം നല്‍കുന്നതാണ് ഹൈക്കോടതി വിധി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് കേരളത്തെ നയിക്കുകയും എല്ലാ പൈശാചികതകളെയും നിശ്ചേഷ്ടം നോക്കിനില്‍ക്കുകയുംചെയ്യുന്ന ഭരണാധികാരികള്‍ക്കെതിരായ വികാരം അലയടിച്ചുയരേണ്ടതുണ്ട്. ഉത്തരവാദിത്തം മറന്നുപോകുന്ന റെയില്‍വേയെയും പൊലീസിനെയും മറ്റധികാരികളെയും കഴുത്തിനു പിടിച്ച് ജനങ്ങള്‍ ചോദ്യംചെയ്യേണ്ടതുണ്ട്. കണ്‍മുന്നില്‍ കാണുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവാതെ, അത്തരം പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കാതെ സമൂഹത്തിന് ആരോഗ്യകരമായി മുന്നോട്ടുപോകാനാവില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: