Wednesday, December 11, 2013

പ്രക്ഷോഭപാതയില്‍ തൊഴിലാളികള്‍

രാജ്യത്തെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനാണ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനംനല്‍കിയത്. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്- പിഎഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിവരുന്നത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമരമായിരുന്നു അത്. പണിമുടക്ക് പ്രഖ്യാപിച്ച് മാസങ്ങളോളം രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിച്ച വേളയിലൊന്നും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഒരു കൂടിയാലോചനയും കേന്ദ്രസര്‍ക്കാര്‍ നടത്തിയില്ല. പണിമുടക്കിന്റെ തലേദിവസമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി പേരിനൊരു ചര്‍ച്ചനടത്തിയത്. ആ ചര്‍ച്ചയിലാവട്ടെ, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിനുപകരം പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗവും ട്രേഡ് യൂണിയനുകളുടെ മുമ്പിലുണ്ടായിരുന്നില്ല. പണിമുടക്കിനുശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം ട്രേഡ് യൂണിയന്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരാവശ്യത്തിന്മേലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളയാനാവാത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനനുസരിച്ച് നടപടികള്‍ ഉണ്ടായില്ല.

രാജ്യത്തെ അധ്വാനിക്കുന്ന വര്‍ഗത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തികച്ചും നിഷേധാത്മകമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം പതിനായിരം രൂപയാക്കണമെന്ന ആവശ്യം അന്യായമാണെന്ന് സര്‍ക്കാര്‍പോലും പറയുന്നില്ല. തൊഴിലെടുത്ത് ജീവിക്കുന്ന 45 കോടിയോളം ജനങ്ങള്‍ പട്ടിണിക്കൂലിമാത്രം ലഭിക്കുന്നവരാണ്. കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുവേലക്കാര്‍, കൈവേലക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരൊക്കെ തുച്ഛമായ കൂലിമാത്രം ലഭിക്കുന്നവരാണ്. തൊഴിലാളിക്ഷേമത്തിനായി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങളുടെ ഒന്നും പരിരക്ഷ ലഭിക്കാത്തവരാണിവര്‍. ഇവരാണ് രാജ്യത്ത് ഉല്‍പ്പാദന-വികസന-സേവന മേഖലകളില്‍ എല്ലാ സമ്പത്തും ഉല്‍പ്പാദിപ്പിക്കുന്നത്. ""ഇന്ത്യ തിളങ്ങുന്നു"" എന്ന്് വിളിച്ചുകൂവുന്ന ഭരണാധികാരികള്‍ ദരിദ്ര ജനകോടികളുടെ രോദനം കേള്‍ക്കാന്‍ സന്നദ്ധരാവുന്നില്ല. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്ഥിരംതൊഴിലാളികളെ കുറച്ച് കരാര്‍ തൊഴില്‍ വ്യാപിക്കുകയാണ്. കരാറുകാരുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് തുച്ഛമായ വേതനം നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലുടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പരിമിതമായ ആശ്വാസംനല്‍കുന്ന കരാര്‍തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും നടപ്പാക്കുന്നില്ല. നിയമലംഘനത്തിനും കടുത്ത ചൂഷണത്തിനുമെതിരെ തൊഴിലാളികള്‍ക്ക് സംഘടിക്കാനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുമുള്ള അവകാശവും നിഷേധിക്കുന്നു. പുതിയ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചാല്‍ രജിസ്ട്രേഷന്‍ നല്‍കുന്നില്ല. മാരുതി-സുസുക്കി കമ്പനിയില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരംനടത്തി. സമരത്തെ ഹരിയാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പ്രത്യേക സാമ്പത്തിക മേഖലകളിലെ വ്യവസായങ്ങളിലും ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ടിന്റെ ലംഘനമാണിതെല്ലാം. രാജ്യത്ത് വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. നാഷണല്‍ സാമ്പിള്‍ സര്‍വേ റപ്പോര്‍ട്ടില്‍ പറയുന്നത്, 2000-05 ല്‍ തൊഴിലവസര വളര്‍ച്ച 2.8 ശതമാനമായിരുന്നത് 2005- 10 ല്‍ 0.79 ശതമാനമായി കുറഞ്ഞു എന്നാണ്. രാജ്യത്താകെ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. തൊഴിലാളികളുടെ വേതനനിരക്ക് ഇടിയാനും കുത്തകകളുടെ ലാഭം വര്‍ധിക്കാനും ഈ സാഹചര്യം വഴിയൊരുക്കുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലയെ തകര്‍ക്കുകയാണ്. ബാങ്കിങ് നിയമ ഭേദഗതി ബാങ്ക് ദേശവല്‍ക്കരണത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. പുതിയ നിയമം, ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിദേശ മൂലധന ശക്തികളുടെ കൈകളിലെത്തിക്കും. ഫെഡറല്‍ ബാങ്ക് താമസിയാതെ വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവും.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കൊച്ചി തുറമുഖത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എഫ്എസിടി, എച്ച്എംടി, എച്ച്ഐഎല്‍, ഐആര്‍ഇ, ഇന്‍സ്ട്രുമെന്റേഷന്‍, ഐടിഐ തുടങ്ങിയ കമ്പനികളെല്ലാം പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന പൊതുമേഖല വന്‍നാശത്തെയാണ് നേരിടുന്നത്. വിദേശ-ദേശീയ കുത്തകകള്‍ രാജ്യത്തെ പ്രകൃതിസമ്പത്ത് കൈയടക്കുന്നു. കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതി. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരണ പാതയിലാണ്. നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്.

ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഒറ്റപ്പെട്ടു എന്ന് ബോധ്യപ്പെട്ട കോര്‍പറേറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് രക്ഷാമാര്‍ഗമായി കാണുന്നത്. നരേന്ദ്രമോഡിയെ "വികസന നായകനാ"യി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത്, വന്‍കിട കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളുമാണ്. ഈ സാഹചര്യത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പോരാട്ടത്തിനിറങ്ങിയത്. തൊഴിലെടുക്കുന്നവരുടെ ഐക്യപോരാട്ടത്തെ അധികകാലം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമല്ല. ജാതി-മത-പ്രാദേശിക ഭിന്നതകള്‍ക്കപ്പുറമുള്ള ദേശീയ ഐക്യപ്രസ്ഥാനമാണ് തൊഴിലാളികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഈ ഐക്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ പതിനാല് ജില്ലയിലും അതേദിവസം നടക്കുന്ന തൊഴിലാളി റാലികള്‍ വന്‍ വിജയമാക്കണമെന്ന് എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി

No comments: