Thursday, December 19, 2013

യുഡിഎഫ്-ബിജെപി സഖ്യം പരസ്യമായി

കേരള നിയമസഭയില്‍ യുഡിഎഫിനെ നിയന്ത്രിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ യുഡിഎഫ്- ബിജെപി സഖ്യം മറനീക്കി പുറത്തുവന്നു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് കുഷ്ഠരോഗമുണ്ടോയെന്ന പരുഷമായ ചോദ്യമാണ് ജോര്‍ജ് ചോദിച്ചത്. കോണ്‍ഗ്രസ്- കേരളകോണ്‍ഗ്രസ്-ബിജെപി ബന്ധം പുതുമയുള്ളതല്ലെന്നും ബിജെപിയുമായി കോണ്‍ഗ്രസിനും കേരളകോണ്‍ഗ്രസ് എമ്മിനും പലയിടത്തും രാഷ്ട്രീയസഖ്യമുണ്ടെന്നും ജോര്‍ജ് തുറന്നുപറഞ്ഞു. ബിജെപി നടത്തിയ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്ത ജോര്‍ജിനെ കെ എം മാണി ന്യായീകരിക്കുകകൂടി ചെയ്തതോടെ ചിത്രം പൂര്‍ണമായി. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി അവിശുദ്ധസഖ്യം പ്രഖ്യാപിക്കുന്നതിന്റെ തുടക്കമാണ് നരേന്ദ്രമോഡിയുടെ പരിപാടിയില്‍ ചീഫ്വിപ്പ് പങ്കെടുത്തതിലൂടെ പുറത്തുവന്നതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പലരും ഉന്നയിച്ച ഗൗരവതരമായ ആരോപണം തികച്ചും ശരിയാണെന്ന് വന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം കേരളത്തിലെ യുഡിഎഫിനെ വല്ലാത്ത പരിഭ്രാന്തിയിലകപ്പെടുത്തിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവുകൂടിയാണ് ഈ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് മതനിരപേക്ഷ കക്ഷിയാണെന്നാണ് അവകാശപ്പെടുന്നത്. അധികാരത്തിലെത്താനും എത്തിയാല്‍ അത് സംരക്ഷിക്കാനും എന്തും ചെയ്യാന്‍ മടിയില്ലാത്ത കക്ഷിയാണ് കോണ്‍ഗ്രസെന്ന് പല തവണ തെളിഞ്ഞതാണ്. മതനിരപേക്ഷതയില്‍ വെള്ളംചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെല്ലും മടിയില്ല. കേരളത്തില്‍തന്നെയാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മോഡല്‍ പരീക്ഷിച്ച് പരാജയപ്പെട്ടത്. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വടകര മോഡലും പരീക്ഷിച്ച് പരാജയപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ്-ബിജെപി സഖ്യം കേരള ജനത കണ്ടതാണ്. എന്നാല്‍, ഇത്തരം അവിശുദ്ധബന്ധങ്ങള്‍ ജനങ്ങളോട് തുറന്നുപറയാന്‍ അവര്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സഖ്യം മൂടിവയ്ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജയസാധ്യത നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടതോടെ ബിജെപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ദൗത്യം ചീഫ്വിപ്പ് പി സി ജോര്‍ജ് ഏറ്റെടുത്തതായാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇത് അത്യന്തം ആപല്‍ക്കരമായ നീക്കമാണെന്നതില്‍ സംശയമില്ല. ബേപ്പൂര്‍, വടകര മോഡലുകളുടെ അനുഭവത്തില്‍നിന്ന് യുഡിഎഫ് ഒരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. ഒരിക്കല്‍ക്കൂടി യുഡിഎഫ് നേതൃത്വത്തെ പാഠം പഠിപ്പിക്കാന്‍ കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. നരേന്ദ്രമോഡി ആരാണെന്ന് ജോര്‍ജിന് അറിയില്ലെങ്കിലും ജനങ്ങള്‍ക്കറിയാം. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ പ്രതീകമാണ് മോഡി. നിരപരാധികളായ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത, അതിന്റെ കട്ടപിടിച്ച രക്തമാണ് മോഡിയുടെ കൈകളില്‍. ഗുജറാത്തിലെ വംശഹത്യയില്‍ ഒരിക്കലെങ്കിലും വാക്കുകളില്‍പോലും ഖേദം പ്രകടിപ്പിക്കാന്‍ മോഡിയും കൂട്ടാളികളും തയ്യാറായിട്ടില്ല. യുപിയിലെ മുസഫര്‍നഗറിലും ബിഹാറിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും വര്‍ഗീയകലാപം സൃഷ്ടിച്ചതും മുസഫര്‍നഗറില്‍ 60 പേരുടെ കൊലപാതകത്തിന് ഇടവരുത്തിയതും സംഘപരിവാര്‍ ശക്തികളാണെന്ന വസ്തുത മറക്കാന്‍ പാടുള്ളതല്ല. ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് ആണ്. ആര്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും അത് സാംസ്കാരിക സംഘടനമാത്രമാണെന്നുമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ നാട്യവും ഉപേക്ഷിച്ച് പരസ്യമായി രാഷ്ട്രീയത്തില്‍ മറയില്ലാതെ ഇടപെടാന്‍ അവര്‍ തയ്യാറായിരിക്കുന്നു. അവരുടെ വേദഗ്രന്ഥമാണ് ഗോള്‍വാള്‍ക്കറുടെ പ്രസംഗത്തിന്റെ സമാഹാരമായ വിചാരധാര. ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിന്റെ സര്‍സംഘചാലകായിരുന്നു. വിചാരധാരയില്‍ ഇന്ത്യയുടെ മൂന്ന് വിപത്തുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒന്നാമത്തെ വിപത്ത് മുസ്ലിങ്ങള്‍, രണ്ടാമത്തെ വിപത്ത് ക്രിസ്ത്യാനികള്‍, മൂന്നാമത്തെ വിപത്ത് കമ്യൂണിസം. ഈ കാഴ്ചപ്പാടില്‍നിന്ന് സംഘപരിവാര്‍ കടുകിട മാറിയിട്ടില്ല. ബിജെപിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യ ഹിന്ദുക്കളുടേതാണ്, ഹിന്ദുകളുടേതുമാത്രമാണ് എന്നാണ് വിചാരധാരയിലും അവരുടെ മറ്റ് ആധികാരിക ഗ്രന്ഥങ്ങളിലും പറയുന്നത്. ഹിന്ദുക്കളല്ലാത്തവര്‍ വിദേശികളാണെന്നും അവര്‍ കേവലം വിരുന്നുകാരാണെന്നുമാണ് സംഘപരിവാറിന്റെ കാഴ്ചപ്പാട്.

ഇന്ത്യ സ്വീകരിച്ച, നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനംചെയ്ത മതനിരപേക്ഷതയാണ് ദേശീയോദ്ഗ്രഥനത്തിന്റെ അടിത്തറ. മതാധിഷ്ഠിത രാഷ്ട്രമായ പാകിസ്ഥാന്‍ ഛിന്നഭിന്നമായത് നാം കാണുന്നതാണ്. ഇന്ത്യ ഒന്നിച്ചുനില്‍ക്കുന്നതിന്റെകൂടി അടിസ്ഥാനം മതനിരപേക്ഷതയാണ്. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതനിരപേക്ഷത കപടമതനിരപേക്ഷതയാണെന്നാണ് മോഡിയുടെ പാര്‍ടി പറയുന്നത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ വര്‍ഗീയരാഷ്ട്രമായി മാറണമോയെന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. മോഡിയുടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്ത പി സി ജോര്‍ജ് കഴുത്തില്‍ കാവിവസ്ത്രം ചുറ്റിക്കെട്ടിയതായി കണ്ടു. മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതും കണ്ടു. ഇത് സെമിനാറില്‍ പങ്കെടുക്കുന്ന ലാഘവബുദ്ധിയോടെ കാണാന്‍ പാടുള്ളതല്ല. ബിജെപിയുമായി യുഡിഎഫിന്റെ സഖ്യം ഉറപ്പിക്കുന്ന പരിപാടിയാണത്. കോണ്‍ഗ്രസും മുസ്ലിംലീഗ് നേതൃത്വവും മോഡിയെ അംഗീകരിക്കുന്നുണ്ടോ എന്ന് തുറന്നുപറയണം. സത്യം പറയാന്‍ ധൈര്യം കാണിക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: