Monday, December 16, 2013

ജാതിയും കമ്യൂണിസ്റ്റുകാരും

പാര്‍ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ - ജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കണമെന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിലെ നിര്‍ദേശം മാധ്യമങ്ങള്‍ പാര്‍ടിക്കെതിരായ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. സിപിഐ (എം) മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനുമെതിരെ നിലപാടെടുത്തിരിക്കുന്നു എന്ന് പ്രചരിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. അത് പൊളിഞ്ഞപ്പോള്‍ പ്രായോഗികമായി നടപ്പിലാക്കാനാവാത്ത ഒന്നാണീ തീരുമാനമെന്ന് വരുത്താനാണ് ശ്രമം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ""എല്ലാ ലിഖിത ചരിത്രവും വര്‍ഗസമരങ്ങളുടെ ചരിത്രമാണ്"" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സങ്കീര്‍ണമായ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യാനാവില്ല എന്നാണ് മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ നിരന്തരമായി പ്രചരിപ്പിച്ചുവന്നിട്ടുള്ളത്. സങ്കുചിതമായ സാമ്പത്തികാര്‍ത്ഥത്തില്‍ മാത്രം വര്‍ഗങ്ങളെയും വര്‍ഗസമരത്തെയും കാണുന്നതുകൊണ്ടാണ് ഇത്തരമൊരു വിമര്‍ശനമുയരുന്നത്. സാമൂഹിക-സാംസ്കാരികജീവിതത്തിന്റെ സമസ്തവശങ്ങളെയും ബാധിക്കുന്നതാണ് വര്‍ഗസമരം.

മാര്‍ക്സും ഏംഗത്സും മാതൃകയായെടുത്ത യൂറോപ്പിലേതില്‍നിന്നും ഭിന്നമായാണ് ഇന്ത്യയില്‍ വര്‍ഗങ്ങളും വര്‍ഗസമരങ്ങളും വളര്‍ന്നുവന്നതെന്നതില്‍ സംശയമില്ല. ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ ""പ്രാചീന ഭാരതത്തില്‍ ജാതികളുടെ ആവിര്‍ഭാവം, വാസ്തവത്തില്‍ ഇന്ത്യയില്‍ വര്‍ഗങ്ങള്‍ രൂപപ്പെട്ട പ്രത്യേക രീതിയായിരുന്നു. പുരാതന ഗ്രീസിലെയും റോമിലെയും ഉടമകളെയും അടിമകളെയുംപോലെയായിരുന്നു പ്രാചീന ഭാരതത്തിലെ ദ്വിജരും ശൂദ്രരും. പിന്നീട് ദ്വിജരും ശൂദ്രരും വിവിധ ജാതികളും ഉപജാതികളുമായി പിളര്‍ന്നതോടെ അത് ഇന്ത്യന്‍ സവിശേഷതയാര്‍ന്ന വര്‍ഗസമൂഹത്തിന്റെ കൂടുതല്‍ വികാസമായി. അങ്ങനെ ഗ്രീസിലെയും റോമിലെയും അടിമവ്യവസ്ഥയുടെ ഇന്ത്യന്‍ വകഭേദമായി ജാതി സമ്പ്രദായം. അതേസമയംതന്നെ ഇന്ത്യന്‍ സവിശേഷതകളോടുകൂടിയ ഭൂപ്രഭുത്വം വികസിച്ച് ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ അഭേദ്യഭാഗമായി"".

ഇത് കാണിക്കുന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് ആശയവ്യക്തതയുണ്ടായിരുന്നുവെന്നുതന്നെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥയുടെ സാമ്പത്തികാടിത്തറയായ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇല്ലായ്മചെയ്യാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ നിലനിന്നിരുന്ന ജാതിബോധത്തെ ജാതിവിഭാഗങ്ങളിലെ സമ്പന്നര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാരംഭിച്ചു. സാമ്പത്തികാടിത്തറ തകര്‍ന്നിട്ടും ജാതിബോധം നിലനില്‍ക്കാനും അതിനെ ശക്തിപ്പെടുത്താനും ഇടയാക്കിയത് ജാതി രാഷ്ട്രീയത്തിന്റെ കടന്നുവരവാണ്. ഭൂപ്രഭുത്വം എന്ന ജാതി വ്യവസ്ഥയുടെ സാമ്പത്തികാടിത്തറ തകര്‍ന്നിരുന്നുവെങ്കിലും അതിന്റെ സാമൂഹിക-സാംസ്കാരികാവശിഷ്ടങ്ങള്‍ നിലനിന്നിരുന്നു. ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ മുതലാളിത്തം തയ്യാറാവാതിരുന്നതാണ് ഇതിന് കാരണമായത്. മാത്രവുമല്ല കോണ്‍ഗ്രസ് കേരളത്തില്‍ ശക്തിപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് എല്ലാ ജാതി-മത ശക്തികളെയും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ജാതി-മത ചിന്തകളുടെ അവശിഷ്ടങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ജാതി സംഘടനാ അംഗത്വം, ദേവാലയങ്ങളുടെ നടത്തിപ്പ്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജാതി-മതാചാരങ്ങള്‍ക്ക് വഴങ്ങിപ്പോകുന്ന അവസ്ഥ ഇതൊക്കെ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളിലും പരിമിതമായെങ്കിലും പ്രകടമാണ്. എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം സ്വംശീകരിക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്താനും ബാധ്യസ്ഥരാണ്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ സാങ്കേതികമായ അംഗത്വം എന്നതില്‍നിന്ന് നല്ല കമ്യൂണിസ്റ്റായി ഉയരുക എന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തനംതന്നെയാണ്. ആര്‍ജ്ജിത സംസ്കാരത്തിനും വിശ്വാസങ്ങള്‍ക്കും ജീവിതരീതിക്കും ഒക്കെ എതിരായി ഓരോ കമ്യൂണിസ്റ്റിന്റെ അകത്തും വലിയൊരു വര്‍ഗ്ഗസമരംതന്നെ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. ആ സമരം നടത്തുന്നതിനുള്ള ആശയ പരിസരമൊരുക്കിത്തരികയാണ് പ്ലീനം ചെയ്തിരിക്കുന്നത്. അതുകാണാതെ തെരഞ്ഞെടുപ്പിലെ വോട്ടുപിടുത്തവുമായി കൂട്ടിക്കുഴയ്ക്കാനാണ് ബൂര്‍ഷ്വാ മാധ്യമ വിശാരദന്മാര്‍ ശ്രമിക്കുന്നത്.

*
കെ എ വേണുഗോപാലന്‍ chintha weekly

No comments: