Tuesday, December 24, 2013

ക്രിസ്തു ചിരിക്കട്ടെ

ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ

പന്തലിച്ച മരച്ചില്ലകള്‍ക്കിടയിലൂടെ ഇളംമഞ്ഞ് അരിച്ചിറങ്ങുന്ന ഡിസംബര്‍ രാത്രിയില്‍ മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിന്റെ ഉള്‍വഴികളിലൂടെ നീങ്ങുകയാണ് ഒരു കരോള്‍സംഘം. യുവത്വത്തിന്റെ സ്വാതന്ത്ര്യമാണത്. രാത്രിയുടെ വൈകിയ യാമങ്ങളിലും വീടുവിട്ടിറങ്ങാനുള്ള സ്വാതന്ത്ര്യം. കൂട്ടായ്മയുടെ സന്തോഷം. പുല്‍ക്കൂടും നക്ഷത്രവിളക്കുകളുമെല്ലാമുണ്ടങ്കിലും എന്റെ ക്രിസ്മസ് ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് കരോളാണ്. കരോളിന് ആരുവിളിച്ചാലും ഞാന്‍ പോകും; ക്ലബ്ബുകാരായാലും പള്ളിയായാലും. സൈഡ്ഡ്രം കൊട്ടുകയാണ് എന്റെ ജോലി. കൂട്ടത്തില്‍ പാടാന്‍ ആര്‍ക്കും സാധിക്കുമല്ലോ. പള്ളിയേക്കാളുപരി പള്ളിപ്പോരില്‍ അഭിരമിച്ച ഒരു കുടുംബപാരമ്പര്യത്തിന്റെ അവകാശിയാണ് ഞാന്‍. "അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍" ഈ പോരിന്റെ ഫലിതരൂപത്തിലുള്ള ആവിഷ്കാരമാണ്. ഇങ്ങനെ പരസ്പരം തമ്മില്‍ തല്ലുന്ന പള്ളിമുറ്റത്ത് ക്രിസ്മസ് കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള മാതാപിതാക്കള്‍ പ്രതീക്ഷകളുടെ ഭാരം എന്റെ ചുമലില്‍ കയറ്റിവച്ചിരുന്നില്ല.

അങ്ങനെ സമാധാനമായി ജീവിച്ചുവരവെയാണ് മറ്റൊരാള്‍ക്കായി പറഞ്ഞുവച്ച വിസയില്‍ യാദൃച്ഛികമായി ഞാന്‍ ഗള്‍ഫിലെത്തുന്നത്. വയസ്സ് 21. ഭാഗ്യവശാല്‍ ഞാനെത്തിയത് ബഹ്റൈനിലാണ്. മതസ്വാതന്ത്ര്യമൊക്കെയുള്ള രാജ്യം. അവിടെയും ക്രിസ്മസ് ആഘോഷങ്ങളുണ്ട്. സമാജങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നവ. ഫ്ളാറ്റുകളില്‍ കയറിയിറങ്ങി കരോള്‍ നടത്തും. നാട്ടിന്‍പുറത്തെ കരോളില്‍ പെണ്‍കുട്ടികളുണ്ടാകാറില്ല. അവര്‍ക്ക് ക്രിസ്മസ് കരോള്‍ ജനലഴിക്കപ്പുറത്തുനിന്നുള്ള കാഴ്ചമാത്രമാണ്. എന്നാല്‍, ഗള്‍ഫിലെത്തുമ്പോള്‍ അവരും കരോളിന്റെ ഭാഗമായിത്തീരുന്നു. യുവാക്കള്‍ക്കൊപ്പം "തിരുപ്പിറവിയുടെ വിശേഷങ്ങള്‍" പാടി നടക്കുന്നു.

സ്നേഹത്തിന്റെ ക്രിസ്തു

ചുങ്കക്കാരും പാപികളും യേശുവിന്റെ അടുക്കല്‍ വന്നു. അവന്‍ അവര്‍ക്ക് നന്മ ഉപദേശിച്ചു. സ്നേഹപൂര്‍വം സംസാരിച്ചു. അവരോടൊപ്പം ഭക്ഷിച്ചു. ഇതില്‍ അസ്വസ്ഥരായി പിറുപിറുത്ത ശാസ്ത്രിമാരോടും പരീശന്മാരോടും യേശു ഒരു ഉപമ പറഞ്ഞു. ""നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്നിനെ കാണാതായാല്‍ അവന്‍ തൊണ്ണൂറ്റിയൊമ്പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, ആ കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ച് നടക്കുകയില്ലയോ? കണ്ടുകിട്ടുമ്പോള്‍ സന്തോഷത്തോടെ അവന്‍ അതിനെ ചുമലിലേറ്റുന്നു. അവന്‍ വീട്ടില്‍ വന്ന് സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി "കാണാതായ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടി സന്തോഷിക്കുവിന്‍" എന്ന് പറയും. ഇപ്രകാരംതന്നെ, അനുതാപത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാള്‍ അധികം സന്തോഷം അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു."" ഇതാണ് എന്റെ ക്രിസ്തു. തൊണ്ണൂറ്റിയൊമ്പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ടുപോയ ഒന്നിനെ തേടുന്ന ക്രിസ്തു. നീതിമാന്മാരെയും സമ്പന്നരെയും വിട്ട് പാപിയെയും പീഡിതനെയും അന്വേഷിച്ചിറങ്ങുന്ന ക്രിസ്തു. എന്റെ പിന്നാലെ വരുന്നവരേക്കാള്‍ ഞാന്‍ കണ്ടെത്തേണ്ടുന്ന ഒറ്റപ്പെട്ടുപോയവര്‍ക്കായി അലയുന്ന ക്രിസ്തു.

നമുക്കെല്ലാം ആള്‍ക്കൂട്ടത്തെയാണ് താല്‍പ്പര്യം. എനിക്ക് അനുയായികള്‍ വേണം, ഭക്തര്‍ വേണം, ആരാധകര്‍ വേണം, വായനക്കാര്‍ വേണം, സ്തുതിപാഠകര്‍ വേണം, ആനന്ദോത്സവങ്ങളും സത്സംഗങ്ങളും വചനപ്രഘോഷണങ്ങളും രോഗശാന്തിശുശ്രൂഷകളും വേണം എന്നൊക്കെയുള്ള സാധാരണ ചിന്തയ്ക്കതീതമായി ഒറ്റയ്ക്ക് വ്യക്തിയെ തേടുന്ന ക്രിസ്തുവുണ്ട്. ആ ക്രിസ്തുവിനെയാണ് എനിക്കിഷ്ടം. അത് അത്ഭുതങ്ങളുടെ ക്രിസ്തുവല്ല. സ്നേഹത്തിന്റെ ക്രിസ്തുവാണ്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയെന്നും അപസ്മാര രോഗിയെ സുഖപ്പെടുത്തിയെന്നും അന്ധന് കാഴ്ച നല്‍കിയെന്നും സുവിശേഷം നമ്മോട് പറയുന്നു. എന്നാല്‍, ക്രിസ്തുവിന്റെ മറ്റൊരു ചിത്രവും നമ്മുടെ മുന്നിലുണ്ട്. "ഗൊല്ഗോഥാ" മലമുകളില്‍ രണ്ടു കള്ളന്മാര്‍ക്കിടയിലെ ക്രൂശ്രിത രൂപം. ഇടതുഭാഗത്തെ കള്ളന്‍ അവനോട് ഒരത്ഭുതം പ്രവര്‍ത്തിക്കാനാവശ്യപ്പെട്ടു. എന്നാല്‍, അതിന് യേശു മുതിരുന്നില്ല. വലതുവശത്തെ കള്ളനാകട്ടെ "യേശുവേ നീ രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളണമേ" എന്നാണഭ്യര്‍ഥിക്കുന്നത്. "നീ എന്നോടുകൂടി പറുദീസയില്‍ ഇരിക്കുമെന്ന്" അവന് മറുപടി ലഭിച്ചു. ക്രിസ്തു പീഡനങ്ങള്‍ അനുഭവിച്ചു. പക്ഷേ, അദ്ദേഹത്തിനേക്കാളധികം മുറിവുകള്‍ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്ന മനുഷ്യര്‍ ലോകത്തുണ്ട്. പക്ഷേ, ക്രിസ്തുവിനെ പീഡകള്‍ മഹത്വപ്പെടുത്തുന്നതെന്തുകൊണ്ടെന്ന് നാം അന്വേഷിക്കണം.

ഈ ദുരനുഭവങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സകല അവസരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരമുണ്ടായിരുന്നു. "ഞാന്‍ അപേക്ഷിച്ചാല്‍ രണ്ടു ഡസന്‍ മാലാഖമാരെ എന്റെ പിതാവ് അയച്ചുതരും" എന്ന് ക്രിസ്തു പറയുന്നുണ്ട്. വിശ്വാസപ്രകാരം പിതാവിനോട് അപേക്ഷിക്കണ്ട. ക്രിസ്തുപറഞ്ഞാലും മാലാഖമാര്‍ വരും. എന്നാല്‍, ആ അധികാരം കൈയിലുണ്ടായിട്ടും അതുപയോഗിക്കാന്‍ തയ്യാറാകതെ മനുഷ്യസമൂഹത്തിനുവേണ്ടി സ്വരക്തം ചൊരിയുകയും ജീവന്‍ അര്‍പ്പിക്കുകയുംചെയ്തു എന്നതാണ് കാര്യം.

ബൈബിള്‍ എന്നെ വായിക്കുമ്പോള്‍

എല്ലാ ഇതിഹാസങ്ങളിലും പറയപ്പെടാത്ത അനേകം കഥകളുടെ സാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്നു. ബൈബിളും അങ്ങനെതന്നെ. സത്യവേദപുസ്തകത്തെ വിശുദ്ധഗ്രന്ഥമായി വായിക്കാനാണ് ഏറെപേര്‍ക്കും താല്‍പ്പര്യം. ബൈബിള്‍വാചകങ്ങള്‍ക്കുള്ളില്‍ത്തന്നെ ഉറച്ചുനില്‍ക്കാനുള്ള ശാഠ്യമാണ് അവരുടെ ആനന്ദം. എനിക്ക് ബൈബിള്‍ ചരിത്രഗ്രന്ഥമാണ്. വ്യത്യസ്തമായ തലങ്ങളില്‍ വായിക്കപ്പെടാവുന്ന അനന്തസാധ്യതകളുടെ ഇതിഹാസം. പറഞ്ഞുവച്ച കഥകളുടെ പര്‍വതസാനുക്കള്‍ക്കിടയില്‍ കണ്ടെടുക്കാനുള്ള കഥകളുടെ മഹാനിധിശേഖരം. അക്ഷയഖനി. നമ്മുടെ ഉള്ളില്‍ സ്വപ്നങ്ങളായും ചിത്രങ്ങളായും അവ വന്നുനിറയും. അങ്ങനെയാണ് ഞാനെന്നന്റെ ആദ്യനോവല്‍ എഴുതുന്നത്- അബീശഗിന്‍.

പഴയ നിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ട് സന്ദര്‍ഭങ്ങളില്‍മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേര്- അബീശഗിന്‍. ആദ്യം ഇങ്ങനെ: ദാവീദ് രാജാവ് വയോവൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോട് -""യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ. അവള്‍ രാജസന്നിധിയില്‍ ശുശ്രൂക്ഷിക്കുകയും രാജാവിന്റെ കുളിര്‍ മാറേണ്ടതിന് തിരുമാറില്‍ കിടക്കുകയും ചെയ്യട്ടെ"" എന്നു പറഞ്ഞു. അങ്ങനെ അവര്‍ സൗന്ദര്യമുള്ള ഒരു യുവതിയെ ഇസ്രയേല്‍ ദേശത്തെല്ലാം അന്വേഷിച്ച് ശൂനേംകാരിയായ അബീശഗിനെ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. ദാവീദിനൊപ്പം ശയിക്കാന്‍ കൊണ്ടുവന്ന അബീശഗിനെ രാജാവിന്റെ മരണശേഷം പുത്രനായ ശലോമോന് മറ്റ് വസ്തുവകകളോടൊപ്പം കൈമാറുന്നു. അന്ന് സ്ത്രീകളെ വസ്തുവകകള്‍ക്കൊപ്പമാണ് പരിഗണിച്ചിരുന്നതെന്ന ചരിത്രംകൂടി നാമിവിടെ മനസ്സിലാക്കുന്നു. ശലോമോന്റെ അര്‍ധസഹോദരനായ അദോനീയാവ് അബീശഗിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ശലോമോന്റെ അമ്മ ബത്ത്-ശേബയെ സമീപിക്കുന്നിടത്താണ് അവള്‍ വീണ്ടും പരാമര്‍ശിക്കപ്പെടുന്നത്. അദോനീയാവിനെ ശലോമോന്‍ ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് ക്രൂരമായി കൊന്നുകളയുകയാണ്.

ഇങ്ങനെ 1189 അധ്യായങ്ങളിലായി 31,173 വാക്യങ്ങളുള്ള ബൈബിള്‍ രണ്ടിടത്തുമാത്രം സ്പര്‍ശിച്ചുപോകുന്ന അബീശഗിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. എങ്ങനെയായിരുന്നു അവളുടെ ജീവിതം? അധികാരത്തിന്റെ രഥചക്രങ്ങള്‍ അവളെ ചവിട്ടിയരച്ചിട്ടുണ്ടാകുമോ? രാജാക്കന്മാരുടെ വെപ്പാട്ടിപ്പുരകളില്‍ ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍ ഹോമിക്കപ്പെട്ടിട്ടുണ്ടാകും? ശലോമോന്‍ സഹോദരനെ കൊന്നതെന്തിന്? ഇതൊന്നും ബൈബിള്‍ പറയുന്നില്ല. ഈ കഥകള്‍ക്കായി നാം ബൈബിളിന് പുറത്തേക്ക് പോകണം. ഭാവനയുടെ ലോകത്തേക്കും സഞ്ചരിക്കേണ്ടിവരും. ബൈബിളില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം മനോഹരമായ ഭാഷയാണ്. കാവ്യാത്മകമാണത്. ഉത്തമഗീതംപോലെ നമ്മെ ചിറകേറ്റിപറക്കുന്ന ഭാഷ. എത്രയോ എഴുത്തുകാരെയാണ് അത് പ്രചോദിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ബിംബങ്ങളുടെ സമൃദ്ധിയുണ്ട് ബൈബിളില്‍. വായനയ്ക്കിടയില്‍ ചിലതൊക്കെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കയറിപ്പോകും. എഴുത്തിന്റെ സ്വകാര്യതകളില്‍ അതില്‍ ചിലതൊക്കെ വന്നുചേരുകയുംചെയ്യും.

"യരുശലേം പുത്രിമാരേ, അവള്‍ അരുന്ധതി! അവള്‍ കറുത്തവള്‍ എങ്കിലും കേദാര്യ കൂടാരങ്ങള്‍പോലെയും ശലോമോന്റെ തിരശീലകള്‍പോലെയും അഴകുള്ളവള്‍ ആകുന്നു. അവളുടെ കണ്ണ് പ്രാവിന്‍ കണ്ണുപോലെ. അധരം കടുംചുവപ്പുനൂലുപോലെയും വായ്മനോഹരവും ആകുന്നു... അവളുടെ തലമുടി ഗിലയാദ് മലഞ്ചെരുവില്‍ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയും..." എന്നിങ്ങനെ "ഒലിവുകള്‍ മരിക്കുന്നില്ല" എന്ന കഥയില്‍ എഴുതിപ്പോയത് ഞാന്‍ ഓര്‍ക്കുന്നു. ബൈബിളിന് അനുബന്ധമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ക്രിസ്തുവിനെ വിമര്‍ശിച്ചുകൊണ്ടുള്ളവ. ക്രിസ്തു ജീവിച്ചിരുന്നില്ല എന്നുവരെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പുസ്തകങ്ങള്‍. യേശുവിന് മക്കളുണ്ടായിരുന്നു എന്ന് വാദിക്കുന്നവ. ഹോളി ബുക്ക് ആന്‍ഡ് ഹോളിഗ്രെയ്ന്‍, ലാസ്റ്റ് ടെംപ്ടേഷന്‍ തുടങ്ങിയ രചനകള്‍. ബൈബിളിനെ തലതിരിച്ചിടുന്ന അണ്‍ ഓതറൈസ്ഡ് വേര്‍ഷന്‍... അങ്ങനെ എത്ര... പക്ഷേ, ഇതൊന്നും ക്രിസ്തുവിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാകുന്നില്ല.

ചിരിക്കാത്ത ക്രിസ്തു

ക്രിസ്തു ആരെന്ന അന്വേഷണവുമായി അലയുന്നതിനിടെ ഒരു സന്യാസി മഠത്തിലെത്തിയതിനെപ്പറ്റി കസന്‍ദ്സാക്കിസ് പറയുന്നുണ്ട്. മഠത്തില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം കണ്ട് സന്ദേഹിയായ സാക്കിസ് "നിങ്ങളെന്തിനാണ് കുരിശില്‍ കിടക്കുന്ന ക്രിസ്തുരൂപം വച്ചിരിക്കുന്നത്. യേശു കുരിശില്‍നിന്ന് ഇറങ്ങുകയും പുനുരജ്ജീവിക്കുകയും ചെയ്തില്ലേ" എന്ന് തര്‍ക്കിച്ചപ്പോള്‍, ലോകത്തിലെ സകലമാനപേരും പീഡനങ്ങളില്‍നിന്ന് മോചിപ്പിക്കപ്പെടുകയും മനുഷ്യന്റെ എല്ലാ മുറിവുകളും സുഖപ്പെടുകയും ചെയ്യുന്നതുവരെ ക്രിസ്തു കുരിശില്‍ത്തന്നെയായിരിക്കുമെന്ന് മറുപടി ലഭിച്ചു. അവിടെനിന്നിറങ്ങിവരുമ്പോള്‍ കസന്‍ദ്സാക്കിസ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായപ്പെടുന്നത് ബൈബിളില്‍ നിറയെ താന്‍കാണുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ് എന്നത്രേ! ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ.

ഇസ്രയേല്‍

ഞാന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത് ചരിത്രപഠനത്തിന്റെ തുടര്‍ച്ചയായാണ്. ഒമ്പതിനായിരം വര്‍ഷം പഴക്കമുള്ള യെരിഹോ പട്ടണം ഞാന്‍ കണ്ടു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നാണിത്. ക്രിസ്തുവിന്റെ പീഡനവഴികളില്‍ നടന്ന് ഭക്തിയുടെ ആനന്ദം ഏറ്റുവാങ്ങുകയായിരുന്നില്ല, ഇവിടെ സമന്വയിച്ച മതങ്ങളുടെ സത്ത അറിയാന്‍ ചരിത്രസാക്ഷ്യങ്ങളുടെ പിന്തുണ തേടുകയായിരുന്നു ഞാന്‍. ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിഞ്ഞ ചരിത്രവസ്തുതകള്‍ മനസ്സിലേക്ക് തിരയടിച്ചുകയറി. നാം അതിന്റെ ഭാഗമായി മാറുന്നതായി അനുഭപ്പെട്ടു.

*
ബെന്യാമിന്‍

2 comments:

Unknown said...

ലേഖനം മനോഹരമായി.

MANOMUKURAM said...

" എനിക്ക് ബൈബിള്‍ ചരിത്രഗ്രന്ഥമാണ്. വ്യത്യസ്തമായ തലങ്ങളില്‍ വായിക്കപ്പെടാവുന്ന അനന്തസാധ്യതകളുടെ ഇതിഹാസം. പറഞ്ഞുവച്ച കഥകളുടെ പര്‍വതസാനുക്കള്‍ക്കിടയില്‍ കണ്ടെടുക്കാനുള്ള കഥകളുടെ മഹാനിധിശേഖരം." സമാനഹൃദയാ, ഇഷ്ടപ്പെട്ടു.