Saturday, December 21, 2013

പ്രതിഷേധച്ചൂടില്‍ ശീതകാലം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 20 വരെയാണ് തീരുമാനിച്ചത്. വളരെ ചുരുങ്ങിയ പ്രവൃത്തിദിവസങ്ങള്‍ മാത്രമാണ് ഈ സമയപരിധിക്കിടയില്‍ വരുന്നത്. ചില ബില്ലുകളും പൊതുബജറ്റിന്റെ ഉപധനാഭ്യര്‍ഥനയും റെയില്‍വേയുടെ ഉപധനാഭ്യര്‍ഥനയുമാണ് പ്രധാനമായും കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. കക്ഷിനേതാക്കളുടെ യോഗത്തില്‍ വനിതാ സംവരണ നിയമം, ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഛത്തീസ്ഗഢിലെ ബിജെപി എംപി മരണപ്പെട്ടതിനാല്‍ ആദ്യദിവസം പാര്‍ലമെന്റ് നടന്നില്ല.

ഈ സമ്മേളനകാലയളവിലാകെ സഭയെ പിടിച്ചുകുലുക്കിയതും സ്തംഭിപ്പിച്ചതും ആന്ധ്രസംസ്ഥാനത്തിന്റെ വിഭജനതീരുമാനമാണ്. ആന്ധ്രയില്‍നിന്നുള്ള എംപിമാര്‍ രണ്ടുചേരിയായിനിന്ന് മുദ്രാവാക്യം മുഴക്കിയതോടെ ആദ്യദിവസംതന്നെ സഭ ബഹളത്തില്‍ മുങ്ങി. എട്ടിന് സഭ ചേരുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ ജഗന്‍മോഹന്‍ റെഡ്ഡിയും മറ്റു ചില എംപിമാരും ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെങ്കില്‍ ചുരുങ്ങിയത് 50 എംപിമാരുടെ പിന്തുണ വേണം. പ്രമേയം ചര്‍ച്ചയ്ക്കെടുക്കാതിരിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഭരണകക്ഷിയില്‍പ്പെട്ട എംപിമാര്‍തന്നെ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ എല്ലാദിവസവും സഭ സ്തംഭിക്കുന്ന സ്ഥിതിയിലേക്കെത്തി. രാജ്യസഭയിലും ലോക്സഭയിലും ഇതേനില തുടര്‍ന്നു.

നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നിമിഷങ്ങള്‍ ഇരുസഭകളിലും വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സ്പീക്കര്‍ വായിച്ച അനുശോചന പ്രമേയത്തെത്തുടര്‍ന്ന് എല്ലാ പാര്‍ടിയുടെയും നേതാക്കള്‍ ഹ്രസ്വമായി സംസാരിക്കുകയും രണ്ടുമിനിറ്റ് മൗനം ആചരിക്കുകയുംചെയ്തു. ഇതിനിടയിലാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വന്നത്. രാജസ്ഥാനും ദില്ലിയും പൂര്‍ണമായും തങ്ങളെ കൈവിടുകയും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി നല്ല ഭൂരിപക്ഷത്തോടെ തിരിച്ചുവരുകയും ചെയ്തതോടെ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയായി. നിസ്സംഗതയും നിരാശയും നിറഞ്ഞ ഭരണകക്ഷിയെയാണ് സഭയില്‍ കാണാനായത്. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു താല്‍പ്പര്യവും അവര്‍ക്കുണ്ടായിരുന്നില്ല. സഭ സ്തംഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം കോണ്‍ഗ്രസിന്റെ നിലപാടുതന്നെയായിരുന്നു. പ്രധാന പ്രതിപക്ഷമായ ബിജെപിയോ ഇടതുപക്ഷ പാര്‍ടികളോ കുഴപ്പമുണ്ടാക്കിയതുകൊണ്ടല്ല സഭാനടപടികള്‍ സ്തംഭിച്ചത്. മിസോറാമിലെ വിജയംമാത്രമാണ് കോണ്‍ഗ്രസിന് ചെറിയ ആശ്വാസംപകര്‍ന്നത്.

സഭയില്‍ നന്നായി ചര്‍ച്ചചെയ്യപ്പെടേണ്ട രണ്ടുകാര്യമാണ് ധനകാര്യ ഉപധനാഭ്യര്‍ഥനയും റെയില്‍വേ ഉപധനാഭ്യര്‍ഥനയും. സാധാരണ രണ്ടുദിവസം ചര്‍ച്ചചെയ്യുന്ന ഈ വിഷയങ്ങള്‍ രണ്ടുമിനിറ്റുകൊണ്ടാണ് ബഹളത്തിനിടയില്‍ പാസാക്കിയത്. ചില ബില്ലുകളും ഇതോടൊപ്പം പാസാക്കി. കൊടും തണുപ്പിലും സമരങ്ങളുടെ വേലിയേറ്റം ഡല്‍ഹിയില്‍ നിലച്ചില്ല. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചാണ് ഇതില്‍ പ്രധാനം. ജന്തര്‍മന്ദര്‍ മേഖല കവിഞ്ഞൊഴുകി അതൊരു ജനസാഗരമായി മാറി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടതുപക്ഷ എംപിമാര്‍ നടത്തിയ ധര്‍ണയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് സീതാറാം യെച്ചൂരി, ബസുദേവ് അചാര്യ, പി കരുണാകരന്‍, പി രാജീവ്, എം പി അച്യുതന്‍ തുടങ്ങിയ എംപിമാരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനംനല്‍കി. ബന്ധപ്പെട്ടവരെയെല്ലാം വിളിച്ച് വിഷയം ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ റബര്‍ കര്‍ഷകരെ ബാധിക്കുന്ന വിലത്തകര്‍ച്ചാപ്രശ്നവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ഘട്ടത്തില്‍ നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇടതുപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ കണ്ടതാണ്. ജന്തര്‍മന്ദറില്‍ നടന്ന ധര്‍ണയോടൊപ്പം പാര്‍ലമെന്റിനുമുമ്പില്‍നിന്ന് എംപിമാര്‍ ജാഥയായാണ് രാഷ്ട്രപതിയുടെ ഓഫീസിലെത്തിയത്. ബംഗാളിലെ സിപിഐ എം നേതാവ് ബിമന്‍ ബസു ഉള്‍പ്പെടെയുള്ള നേതാക്കളും സംസ്ഥാനത്തുനിന്നുള്ള എംഎല്‍എമാരും സംഘത്തില്‍ ഉണ്ടായിരുന്നു. രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന നിഷ്ഠുരമായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. ശാരദ ചിറ്റ്ഫണ്ട്സ് അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രപതി മുന്‍കൈയെടുക്കണമെന്നും ചൂണ്ടിക്കാട്ടി. ശാരദ ചിറ്റ്ഫണ്ട്സ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്തിയ ധര്‍ണയും തുടര്‍ന്ന് ഇരുസഭകളിലും പ്രശ്നം ഉന്നയിച്ചതും ശ്രദ്ധേയമായി.

ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുമായി ബന്ധപ്പെട്ട് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും സിപിഐ എമ്മിനെതിരെ നടത്തുന്ന അക്രമങ്ങളെയും പാര്‍ലമെന്റില്‍ ബസുദേവ് ആചാര്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജന്തര്‍മന്ദറില്‍ ബംഗാളിലെ സഖാക്കള്‍ നടത്തിയ ധര്‍ണയെ എംപിമാര്‍ അഭിവാദ്യംചെയ്തു. തുടര്‍ച്ചയായ സഭാസ്തംഭനത്തിനിടയിലും ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സമ്മേളനത്തിലെ എടുത്തുപറയാവുന്ന നേട്ടം. കേന്ദ്ര തൊഴില്‍മന്ത്രി ശിശ്റാം ഓലയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ലോക്പാല്‍ ബില്ലിന്റെ ചര്‍ച്ച 16ന് രാജ്യസഭ മാറ്റിവച്ചത്. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കുന്ന സമയത്തുതന്നെ അതിലെ പോരായ്മകള്‍ ശക്തമായി ചൂണ്ടിക്കാട്ടിയാണ് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി സംസാരിച്ചത്. കെ എന്‍ ബാലഗോപാലും എം പി അച്യുതനും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിക്ക് പ്രധാനകാരണം പുത്തന്‍ സാമ്പത്തികനയവും അതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റുകളുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഈ നിയമനിര്‍മാണത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് വ്യക്തം. ഡിസംബര്‍ അഞ്ചുമുതല്‍ ആരംഭിച്ച സമ്മേളനത്തില്‍ അവസാനത്തെ രണ്ടുദിവസമാണ് രാജ്യസഭയില്‍ നടപടിക്രമങ്ങള്‍ നടത്താനായത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പി രാജീവും റബറിന്റെ വിലത്തകര്‍ച്ചയെക്കുറിച്ച് കെ എന്‍ ബാലഗോപാലും സംസാരിച്ചു. ലോക്സഭയിലാകട്ടെ, അവസാന ദിവസവും തുടര്‍ച്ചയായ ബഹളമാണുണ്ടായത്. ഇതിനിടയില്‍ നാമമാത്രമായ ചര്‍ച്ചവഴി ലോക്പാല്‍ ബില്‍ പാസാക്കി. ദേവയാനി ഖൊബ്രഗഡെയ്ക്കെതിരെ അമേരിക്ക കൈക്കൊണ്ട നടപടിയെ കക്ഷിഭേദമെന്യേ എല്ലാനേതാക്കളും അപലപിച്ചു. ലോക്സഭയിലെ തുടര്‍ച്ചയായ ബഹളത്തിനിടയില്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ശീതകാലസമ്മേളനത്തില്‍ കാര്യമായ ഒരുചര്‍ച്ചയും നടന്നില്ല. ചര്‍ച്ചകള്‍ കൂടാതെയാണ് ധനാഭ്യര്‍ഥനകളും ലോക്പാല്‍ ബില്ലും പാസാക്കിയത്. സഭാനടപടികള്‍ സുഗമമായി കൊണ്ടുപോകുന്നതിനുള്ള ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.

*
പി കരുണാകരന്‍

No comments: