Sunday, December 29, 2013

റഷ്യ തടഞ്ഞ യുഎസ് യുദ്ധവെറി

സിറിയയെ പാഠംപഠിപ്പിക്കാനെന്ന പേരില്‍ മറ്റൊരു അധിനിവേശത്തിനും ലോകയുദ്ധത്തിനും കച്ചമുറുക്കിയ സാമ്രാജ്യത്വചേരിയെ നയതന്ത്ര നൈപുണ്യത്തിലൂടെ തടഞ്ഞ റഷ്യയോടാണ് 2013ല്‍ ലോകം ഏറെ കടപ്പെട്ടിരിക്കുന്നത്. സിറിയയിലെ രാസായുധ നിരായുധീകരണത്തിന് റഷ്യ മുന്നോട്ടുവച്ച പദ്ധതി അമേരിക്ക അംഗീകരിച്ചതോടെ പശ്ചിമേഷ്യയെ മൂടിനിന്ന ആക്രമണത്തിന്റെ കാര്‍മേഘം ഒഴിഞ്ഞു. മെഡിറ്ററേനിയനിലെ പടക്കപ്പലുകളില്‍ മിസൈലുകള്‍ തൊടുക്കാന്‍ തയ്യാറാക്കി ലോകത്തെ വെല്ലുവിളിച്ച അമേരിക്ക പത്തിമടക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനൊപ്പം അദ്ദേഹത്തിന്റെ തന്ത്രശാലിയും പരിണതപ്രജ്ഞനുമായ വിദേശമന്ത്രി സെര്‍ജി ലവ്റോവും ഏതാനും ആഴ്ചകളിലെ ഇടപെടലിലൂടെ ലോകരാഷ്ട്രീയത്തില്‍ "ഹീറോ"കളായി.

സിറിയക്കെതിരായ പ്രമേയങ്ങള്‍ യുഎന്‍ രക്ഷാസമിതിയില്‍ മൂന്നുവട്ടം റഷ്യയും ചൈനയും വീറ്റോചെയ്തപ്പോള്‍ അമേരിക്ക യുഎന്നിനെ തള്ളിപ്പറഞ്ഞു. ഈ ഘട്ടത്തില്‍ ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണയോടെ റഷ്യ നടത്തിയ നയതന്ത്രനീക്കമാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും അധിനിവേശനീക്കം പാടേ പൊളിച്ചത്. ആക്രമണം ആസന്നമായ ഘട്ടത്തില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയെ പുടിനും സംഘവും സമര്‍ഥമായി ഉപയോഗിച്ചു. പുടിന്റെ ഉറച്ച നിലപാടിനെ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ അംഗീകരിച്ചു. ബഷാര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാകരിനെ അട്ടിമറിക്കാന്‍ മൂന്നുവര്‍ഷമായി വിമത കലാപകാരികള്‍ നടത്തുന്ന ശ്രമം വിഫലമായ സാഹചര്യത്തിലാണ് പാശ്ചാത്യചേരി ആക്രമണത്തിന് തയ്യാറെടുത്തത്. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ച് ജനങ്ങളെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, വിദേശ ഇടപെടലിന് വഴിയൊരുക്കാന്‍ വിമതഭീകരരാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിമതരുടെ തുരങ്കത്തില്‍നിന്ന് രാസായുധ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

യൂറോപ്പില്‍ പ്രതിസന്ധി തുടരുന്നു

യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോമേഖല 2009 മുതല്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സാമൂഹിക പ്രശ്നമായി രൂപാന്തരപ്പെട്ടു. രാജ്യങ്ങളുടെ പൊതുകടവും ബാങ്ക്മേഖലയുടെ തകര്‍ച്ചയും വളര്‍ച്ചയുടെ ഇടിവും ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധി പുറത്തുനിന്നുള്ള സഹായമില്ലാതെ രാജ്യങ്ങള്‍ക്ക് മുന്നോട്ട് പോകാനാകാത്ത അവസ്ഥ സൃഷ്ടിച്ചു. ഗ്രീസിലെയും സ്പെയിനിലേയും തൊഴിലില്ലായ്മ 27 ശതമാനത്തിന് മുകളിലെത്തി. യൂറോ മേഖലയിലാകെ തൊഴില്‍രഹിതരുടെ എണ്ണം ഏപ്രിലില്‍ രണ്ട് കോടിയിലെത്തി. ജര്‍മനി മാത്രമാണ് അപകടത്തില്‍പ്പെടാതെ പിടിച്ചുനില്‍ക്കുന്നത്.

അതേസമയം, യൂറോപ്പില്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നയത്തിനെതിരെ വ്യാപകപ്രക്ഷോഭങ്ങള്‍ അരങ്ങേറി. ദേശീയ റെയില്‍, ട്രെയിന്‍ കമ്പനികള്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ രണ്ടു ദിവസം പണിമുടക്കി. ഫ്രാന്‍സിലെ 75 ശതമാനത്തോളം ട്രെയിനുകള്‍ റദ്ദാക്കി. യൂറോപ്പിന് ഒറ്റ ആകാശം" എന്ന പരിഷ്കാരത്തിനെതിരെ ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മൂന്നുദിവസം പണിമുടക്കി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) ആസ്ഥാനത്തിനു മുന്നിലും വന്‍ പ്രതിഷേധം അരങ്ങേറി. ഗ്രീസില്‍ ചെലവുചുരുക്കലിന്റെ പേരില്‍ ഔദ്യോഗിക ടിവി ചാനലുകളും റേഡിയോയും ഉള്‍പ്പെടുന്ന പൊതുവാര്‍ത്താപ്രക്ഷേപണകേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. പത്രപ്രവര്‍ത്തക യൂണിയന്റെ ആഹ്വാനപ്രകാരം സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിയതോടെ ഗ്രീസില്‍ "വാര്‍ത്ത" നിലച്ചു. ഗ്രീസില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ സര്‍ക്കാരിന്റെ ജനദ്രോഹ പരിഷ്കാരങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി. ഇറ്റലിയിലും പുതിയ സര്‍ക്കാന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിതമായി നിരത്തിലിറങ്ങി.

*
ദേശാഭിമാനി

No comments: