Sunday, December 15, 2013

സി എന്‍ വലിയ ക്യാന്‍വാസ്

ബിനാലെയോളം വളര്‍ന്ന കേരളത്തിലെ ചിത്ര-ശില്‍പ്പകല സി എന്‍ കരുണാകരന്‍ എന്ന വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ശീതീകരിച്ച അത്യാധുനിക ഗ്യാലറികളും ആര്‍ട്ട് കഫേകളും നിരന്ന് പൊന്തിയിട്ടില്ലാത്ത കൊച്ചിയിലാണ് അരനൂറ്റാണ്ട് മുമ്പ് സി എന്‍ ചിത്രമെഴുത്തു തുടങ്ങിയത്. ആനുകാലികങ്ങളിലെ വരകളും പോസ്റ്ററെഴുത്തും മാത്രമായിരുന്നു അനുവദിച്ചു കിട്ടിയിരുന്ന മേച്ചില്‍പ്പുറങ്ങള്‍. അതൊന്നും കുടുംബ പ്രാരബ്ധങ്ങള്‍ നേരിടാനുളള വകയായില്ല. എന്നിട്ടും താന്‍ ഉപാസിച്ച വര്‍ണങ്ങള്‍ക്കും ഭാവനയ്ക്കുമൊപ്പം ചിത്രകാരനായി മാത്രം ജീവിച്ചു. ആ യാത്രയില്‍ ഇല്ലായ്മയും വല്ലായ്മയും സി എന്‍ ആവോളം അറിഞ്ഞു.

ചിത്രകലാപഠനം പൂര്‍ത്തിയാക്കി മദ്രാസില്‍ കഴിയുന്ന കാലത്ത് മറീന ബീച്ചില്‍ കക്കയില്‍ പെയിന്റടിച്ച് വില്‍പ്പനയും പോസ്റ്റര്‍ എഴുത്തുമെല്ലാമായിരുന്നു ഉപജീവനമാര്‍ഗം. കൊച്ചിയില്‍ അച്ചടിശാല നടത്തിപ്പുകാരനായും മറ്റും വേഷം പകര്‍ന്നപ്പോഴും ചിത്രകലയെ കൈവിട്ടില്ല. മദ്രാസില്‍ സഹപാഠികളായിരുന്ന പാരിസ് വിശ്വനാഥന്‍, അക്കിത്തം നാരായണന്‍ ഒക്കെ പഠന ശേഷം മറ്റിടങ്ങളിലേക്ക് പോയപ്പോള്‍ നാട്ടില്‍ വേരുറപ്പിക്കാനായിരുന്നു സി എന്ന് താല്‍പ്പര്യം. ഫാക്ടിന്റെ തലവനായിരുന്ന എം കെ കെ നായരെപോലുള്ള ചിലരായിരുന്നു അത്താണി. കലാപീഠവുമായി ബന്ധപ്പെട്ട് ഫാക്ട് ഗസ്റ്റ് ഹൗസിലും മറ്റും ചിത്രങ്ങള്‍ വരച്ചു. 72ല്‍ കലാപീഠം വിട്ടശേഷം ഉപജീവനത്തിനായി ഡിസൈന്‍ ജോലികള്‍ സ്വീകരിച്ചു. ദേശാഭിമാനിയിലും മറ്റ് ആനുകാലികങ്ങളിലുമൊക്കെ ഇല്ലസ്ട്രേഷന്‍ ചെയ്തു. സര്‍ഗാത്മക രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേറിട്ട അന്വേഷണമാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗ്യാലറിയായ ചിത്രകൂടത്തിന് വഴിതുറന്നത്.

1973 ല്‍ എംജി റോഡില്‍ ചിത്രകൂടം സ്ഥാപിച്ചു. കെ സി എസ് പണിക്കര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഒന്നാംനിരക്കാരുടെ പ്രദര്‍ശനങ്ങള്‍ ഇവിടെ നടന്നു. സാമ്പത്തിക പരാധീനതമൂലം നാലാംവര്‍ഷം ഗ്യാലറി പൂട്ടി. ഇന്നിപ്പോള്‍ ചിത്രം മാറി. ചിത്രകലയ്ക്കും ചിത്രകാരന്മാര്‍ക്കും മാന്യമായ സ്ഥാനം, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒന്നാംതരം ഗ്യാലറികള്‍, കാണാനും ആസ്വദിക്കാനും ഒട്ടേറെപ്പേര്‍, നല്ലവിലയ്ക്ക് ചിത്രങ്ങള്‍ വില്‍ക്കാന്‍ കമ്പോളം. കൊച്ചിയുടെ ഈ വളര്‍ച്ചയെ അടുത്തുനിന്ന് കണ്ടും കൊണ്ടുമറിയാന്‍ കഴിഞ്ഞതാണ് സിഎന്റെ ചിത്രകലയും ജീവിതവും.

ചിത്രകലയില്‍ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലായിരുന്നു ജനനം. പഠനത്തില്‍ ഭേദമല്ലാതിരുന്നതിനാല്‍ മിടുക്കരായ സമപ്രായക്കാരുടെ മുന്നില്‍ ആളാകാന്‍ ചിത്രകലയിലെ പ്രാഗത്ഭ്യം സ്വയം വളര്‍ത്തി. സമീപത്തെ കര്‍ഷക വായനശാലയില്‍ വരുത്തിയിരുന്ന പത്രങ്ങളിലും മാസികകളിലും കാണുന്ന ചിത്രങ്ങള്‍ പകര്‍ത്തിയാണ് തുടക്കം. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയില്‍ അശോകചക്രവും മൂവര്‍ണ പതാകയും കടലാസില്‍ വരച്ചു. ഇതിനിടെ വര പഠിപ്പിക്കാന്‍ അച്ഛന്‍ അധ്യാപകനെ നിയോഗിച്ചു. സാമ്പ്രദായികമായ ആ ചിത്രരചനാ പഠനത്തില്‍നിന്ന് സി എന്‍ പലപ്പോഴും ഒഴിഞ്ഞുനിന്നു. ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ ജനാര്‍ദനന്റെ പ്രോത്സാഹനത്തോടെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേരാന്‍ തീരുമാനിച്ചു. സമീപത്തെ വായനശാലയില്‍ വന്ന ആനുകാലികത്തില്‍ കെ സി എസ് പണിക്കരെഴുതിയ ലേഖനം വായിച്ചാണ് സ്കൂളിനെക്കുറിച്ച് അറിഞ്ഞത്. പന്ത്രണ്ടാം വയസ്സില്‍ മദ്രാസിന് വണ്ടികയറുമ്പോള്‍ കുറച്ച് പണവും നിറഞ്ഞ മനസ്സുമായി ജ്യേഷ്ഠന്‍ യാത്രയാക്കി.

പെയിന്റിങ്ങിലായിരുന്നു താല്‍പ്പര്യമെങ്കിലും പത്താംക്ലാസ് എഴുതാത്തതിനാല്‍ ഡിസൈനിലേക്ക് തിരിഞ്ഞു. ഒന്നാംറാങ്കോടെ പ്രവേശന പരീക്ഷയും സ്വര്‍ണ മെഡലോടെ മൂന്നുവര്‍ഷത്തെ ഡിസൈന്‍ കോഴ്സും പാസായി. രചനയിലെ മികവ് കണ്ട് പിന്നീട് പെയിന്‍റിങ്ങില്‍ പ്രവേശനം ലഭിച്ചപ്പോള്‍ പണമില്ലാത്തതിനാല്‍ ചേരാനായില്ല. സിനിമാ പോസ്റ്റര്‍ ഡിസൈനിങ്ങും അച്ചടിശാലയിലെ ഗ്ലാസ് പെയ്ന്റിങ്ങും ചെയ്ത് പണമുണ്ടാക്കി അടുത്തവര്‍ഷം ചേര്‍ന്നു. ഒന്നാംറാങ്കോടെ പാസായി. കാനായി കുഞ്ഞിരാമന്‍, ടി കെ പത്മിനി, അക്കിത്തം നാരായണന്‍, മുത്തുക്കോയ, പാരിസ് വിശ്വനാഥന്‍, എ എസ്, നമ്പൂതിരി തുടങ്ങിയവരൊക്കെ ഇക്കാലത്ത് മദ്രാസ് കോളേജിലുണ്ട്.

എം എസ് അശോകന്‍

ആ സ്വപ്നം ബാക്കി

വര്‍ണക്കൂട്ടുകളെ അത്രമേല്‍ പ്രണയിച്ച സി എന്‍ കരുണാകരന്റെ വലിയ സ്വപ്നങ്ങളിലൊന്ന് ലളിതകലാ അക്കാദമിയുടെ മിനിറ്റ്സ്ബുക്കില്‍ പേനത്തുമ്പിലെ ഏകവര്‍ണമായി വിശ്രമിക്കുന്നുണ്ടാകും. അക്കാദമി ചെയര്‍മാനായിരിക്കെ യുവകലാകാരന്‍മാര്‍ക്കായി ഭാരതയാത്ര സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരതീയ ചിത്ര, ശില്‍പ്പ കലാപാരമ്പര്യം യുവാക്കള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അക്കാദമിയുടെ ചെലവില്‍ ആസൂത്രണംചെയ്ത പദ്ധതി അദ്ദേഹം കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുകയുംചെയ്തു. മന്ത്രി എം എ ബേബി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടായിരുന്ന പദ്ധതി നടപ്പാക്കുംമുമ്പേ ആ പദവിയില്‍നിന്ന് അദ്ദേഹം പടിയിറങ്ങി.

മദ്രാസിലെ പഠനശേഷം കലാരംഗത്ത് നടത്തിയ ഭാരതയാത്ര സി എന്‍ കരുണാകരന്‍ എന്ന ചിത്രകാരന്റെ രചനകളെ ഏറെ സ്വാധീനിച്ചിരുന്നു. ആ അനുഭവസമ്പത്ത് പുതുതലമുറയ്ക്കും ലഭിക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. നവീന ആശയങ്ങളെ സ്വീകരിച്ച് സ്ഥിരതയാര്‍ന്ന വളര്‍ച്ച തന്റെ ശൈലിയില്‍ കൊണ്ടുവരുന്നതില്‍ സി എന്‍ എക്കാലവും ശ്രദ്ധിച്ചിരുന്നതായി പ്രശസ്ത നിരൂപകന്‍ സി എസ് ജയറാം ഓര്‍ത്തെടുക്കുന്നു. ഗോപിക സീരീസ് പോലുള്ളവയില്‍ തുടങ്ങിയ ആ വളര്‍ച്ച പില്‍ക്കാലരചനകളില്‍ ശക്തിപ്പെട്ടു. രചനകളില്‍ ഇത്രയേറെ അലങ്കാരങ്ങള്‍ എന്തിനെന്ന് ചോദിച്ചവര്‍ക്ക് സി എന്‍ കൃത്യമായ മറുപടി നല്‍കി. ജീവിതത്തില്‍ അനേകം പ്രതിസന്ധികളും പ്രാരാബ്ധവും അനുഭവിക്കുന്ന നാം ചിത്രങ്ങളിലെങ്കിലും നിറംചേര്‍ക്കണ്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ത്രീശരീരത്തിന്റെ ലാവണ്യം രചനകളില്‍ കണ്ടെത്തിയ ഇന്ത്യന്‍ ചിത്രകാരന്‍മാരില്‍ സി എന്‍ മുന്‍പന്തിയിലുണ്ട്.

ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന അമ്മദൈവ സങ്കല്‍പങ്ങളില്‍നിന്ന് സി എന്‍ സ്വയം ആര്‍ജിച്ചവയായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ സ്ത്രീശരീരലാവണ്യമെന്നും പ്രമുഖര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മികച്ച വായനക്കാരന്‍കൂടിയായ സി എന്‍ അക്കാര്യത്തിലും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചു. അക്കാദമി ചെയര്‍മാനായിരിക്കെ മന്ത്രി എം എ ബേബിയുടെ പിന്തുണയോടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ലൈബ്രറി തുടങ്ങിയതും പുതുതലമുറയെ ലക്ഷ്യമിട്ടുതന്നെ. സിനിമ, സംഗീതം, ചിത്രകല, നാടകം തുടങ്ങി വിവിധ കലാരൂപങ്ങളിലെ ആധികാരികഗ്രന്ഥങ്ങള്‍ പലതും ലൈബ്രറിയില്‍ എത്തിക്കുന്നതില്‍ അദ്ദേഹവും അക്കാദമി കൗണ്‍സിലും പ്രത്യേകശ്രദ്ധ ചെലുത്തി. ചിത്രകലയെ ജനകീയമാക്കിയ സി എന്നിന്റെ കലാസപര്യയെ കരുണാകരന്‍ ദി ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ ഡോക്യുമെന്ററിയായി ആവിഷ്കരിക്കാന്‍ ടി വി ചന്ദ്രന്‍ സ്വയംമുന്നോട്ടുവരിയായിരുന്നു.

ആനന്ദ് ശിവന്‍

ചിന്തയുടെ കൈയൊപ്പ്


ലോകത്തെവിടെയും എന്നും ചിത്രകാരന്മാരുടെ അവസ്ഥ ഒന്നാണ്. ചിത്രം വരച്ച് ജീവിക്കുകയെന്നത് അസാധാരണ ഉള്‍ക്കരുത്തുകൊണ്ടേ സാധ്യമാവൂ. മറ്റു കലകളില്‍നിന്ന് ചിത്രകല വിഭിന്നമാകുന്ന ഒരു അവസ്ഥ ഇതുതന്നെ. കേരളത്തിലെ ആധുനിക കാലത്തെ ആദ്യ പ്രൊഫഷണല്‍ ചിത്രകാരനായ സി എന്‍ മൂന്നുപതിറ്റാണ്ടിലേറെ നാടിന്റെ മുഴുവന്‍ ചിത്രകാരന്മാരുടെയും മാര്‍ഗദര്‍ശിയും ഗുരുനാഥനുമാണ്. ദേശാഭിമാനി, ചിന്ത, ജനയുഗം വാരിക എന്നിവക്ക് തുടര്‍ച്ചയായി വരച്ച സി എന്‍ തുടങ്ങിവച്ച ശൈലിയാണ് ഏറെ പ്രശസ്തനാക്കിയത്. ചിന്തയുടെ മുഖചിത്രങ്ങളും അക്ഷരങ്ങളും മാസ്റ്റര്‍ കലാകാരന്റെ കൈയൊപ്പായി. ചിന്തയുമായി ദീര്‍ഘം പുലര്‍ത്തിയ ബന്ധം ഗൃഹാതുരമായി അദ്ദേഹം ഓര്‍ക്കാറുണ്ട്. വരച്ചില്ലെങ്കിലും ഒന്നാംതിയതി ചിന്തയില്‍നിന്ന് പ്രതിഫലം എത്തിയിരുന്നതായും പറയുമായിരുന്നു. സി എന്‍ ചിത്രങ്ങള്‍ പുസ്തക കവറുകള്‍ക്ക് അവിഭാജ്യഘടകമായിരുന്നു. അസാധാരണമായ ആ കരവിരുതിനുമുന്നില്‍ എല്ലാ മാധ്യമങ്ങളും ഒരു പോലെ വഴങ്ങി. കൃത്യതയാര്‍ന്ന രേഖകളും വര്‍ണപ്രയോഗത്തില്‍ പ്രകടിപ്പിച്ച ഔചിത്യവുമാണ് പ്രത്യേകത. ഇനാമല്‍, ജലച്ചായം, എണ്ണച്ചായം, അക്രിലിക് എന്തിലേറെ സിമന്റിലും അനായാസമായി ചിത്രമെഴുതി. കൊച്ചി പ്രസ് ക്ലബ്ബിന്റെ പ്രവേശന കവാട ഭിത്തി, ഗോശ്രീ പാലത്തിലെ തൂണുകള്‍ തുടങ്ങി കേരളത്തിലുടനീളം ഇദ്ദേഹത്തിന്റെ സിമന്റ് മ്യൂറലുകളുണ്ട്. നേര്‍ത്ത വര്‍ണങ്ങള്‍ കൊണ്ട് സ്വപ്നാത്മകമായ പ്രതീതി ജനിപ്പിക്കുന്ന സൂക്ഷ്മ രചനകളായിരുന്നു ചിത്രങ്ങള്‍. സ്ത്രീ പുരുഷ രൂപങ്ങള്‍ അസാധാരണമായ രചനാ സാമര്‍ഥ്യം പ്രകടിപ്പിക്കുന്നവയും അയഥാര്‍ഥ്യവുമാണ്. അതേസമയം അത്യന്തം ആഹ്ലാദം നിറഞ്ഞവയുമാര്‍ന്നതിനാല്‍ സി എന്‍ ചിത്രങ്ങള്‍ ഓരോ പ്രദര്‍ശനത്തിലും എളുപ്പത്തില്‍ പ്രേക്ഷകരിലേക്കെത്തി.

മുരളി നാഗപ്പുഴ

താളാത്മകതയുടെ രൂപഭേദങ്ങള്‍

കലാജീവിതത്തില്‍ തികച്ചും വേറിട്ട രീതി അവംലഭിച്ച പ്രതിഭയാണ് സി എന്‍ കരുണാകരന്‍. മറ്റാരുടെയും ശീലം പിന്തുടരാതിരിക്കാന്‍ ഉപദേശിച്ച കെ സി എസ് പണിക്കരുടെ സ്വാധീനം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സി എന് കഴിഞ്ഞു. നിരന്തര പരിശീലനത്തിലൂടെ രൂപപ്പെടുത്തിയ താളാത്മകതയുടെ പുതിയ രൂപഭേദങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. ഇത് മറ്റൊരു രീതിയില്‍ പ്രയോഗിച്ച് വിജയകരമാക്കിയത് സി രാമചന്ദ്രനാണെന്നു പറയാം. അദ്ദേഹത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒട്ടേറെ പൊതുസ്വഭാവങ്ങള്‍ സി എന്‍ ചിത്രങ്ങള്‍ക്ക് ഉണ്ടായി. രാമചന്ദ്രന്‍ ജൈവ സാന്നിധ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. സി എന്‍ ആകട്ടെ മനുഷ്യരൂപങ്ങള്‍ക്കും. പൗരാണിക കഥാപാത്രങ്ങളും പതിവ് രീതി ഉപയോഗപ്പെടുത്തിയാണ് വരച്ചത്. കലാമേഖലയില്‍ പേര് സമ്പാദിക്കുന്നതുവരെ വരയുകയും പിന്നെ അതിന്റെ പിന്‍ബലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന രീതിക്ക് അപവാദമായിരുന്ന സി എന്‍. ആശുപത്രിയിലാകുംവരെയും ക്യാന്‍വാസിനും നിറങ്ങള്‍ക്കും ഇടയിലായിരുന്നു. മനുഷ്യരൂപം വരക്കുമ്പോള്‍ സമീപദൃശ്യങ്ങളായി ചേര്‍ത്തുനിര്‍ത്തിയത് ഏറെയും വൃക്ഷരൂപങ്ങള്‍. മനുഷ്യരചനയില്‍ പ്രയോഗിച്ച താളാത്മകത അതേ രീതിയില്‍ പ്രകടിപ്പിക്കാന്‍ വൃക്ഷലതാദികള്‍പോലെ മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞു. ആധുനികതയുടെ ചിത്രവായന വേണ്ടത്ര ശീലമില്ലാതിരുന്ന കലാസമൂഹത്തിന്റെ ആസ്വാദനത്തിലേക്ക് എളുപ്പം കടന്നുചെല്ലാനാവുന്ന രീതിയാണ് പ്രവര്‍ത്തികമാക്കിയത്. നിറങ്ങളില്‍നിന്ന് നിറങ്ങളിലേക്കുള്ള മൃദുച്ചേര്‍ച്ചയുടെയും ഡിസൈന്റെയും രീതി. സമീപകാലത്ത് ഇതില്‍ ഭേദഗതി പ്രയോഗിക്കാന്‍ തയ്യാറായി. കലാകാരന്മാരെ വളര്‍ത്തുന്നതില്‍ സി എന്‍ എന്നും മുന്നില്‍നിന്നു.

പൊന്ന്യം ചന്ദ്രന്‍

സി എന്‍: ഇടതുപക്ഷ മാനവികതയുടെ പ്രചാരകന്‍ - പിണറായി

ഇടതുപക്ഷ മാനവികതയുടെ പ്രചാരകനും പ്രയോക്താവുമായിരുന്നു സി എന്‍ കരുണാകരനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ആധുനിക ചിത്രകലയ്ക്ക് തന്റെ ചിത്രകലാ വൈഭവത്തിലൂടെ നിസ്തുലമായ സംഭാവന അദ്ദേഹം നല്‍കി. ലളിതകലാ അക്കാദമി ചെയര്‍മാനെന്ന നിലയില്‍ ചിത്രകലയുടെയും ചിത്രകാരന്മാരുടെയും വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. സാമൂഹ്യമാറ്റത്തിനുള്ള സമരായുധമായും ചിത്രരചനയെ ഉപയോഗിച്ചു. രേഖാചിത്രരചനയില്‍ അവിസ്മരണീയമായ പന്ഥാവ് തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ചിത്രകലയെ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും സമര്‍ഥമായി ഉപയോഗിച്ചു. പുസ്തകങ്ങളുടെ പുറംചട്ടയ്ക്ക് രൂപംനല്‍കുന്നതിലും കഴിവ് തെളിയിച്ചു. അദ്ദേഹവുമായി പലഘട്ടത്തിലും അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സി എന്‍ കരുണാകരന്റെ വേര്‍പാട് ചിത്രകലയ്ക്കും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണെന്നും പിണറായി പറഞ്ഞു.

വി എസ് അനുശോചിച്ചു

വിഖ്യാത ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. ചിത്രകലയില്‍ സ്വന്തംവഴി വെട്ടിത്തെളിക്കുകയും അത് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. ചിത്രകലയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വി എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും അനുശോചിച്ചു.

ദീര്‍ഘവീക്ഷണമുള്ള അതുല്യവ്യക്തിത്വത്തിനുടമ

സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. കല, സംസ്കാരം എന്നിവയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അതുല്യവ്യക്തിത്വത്തിനുടമയായിരുന്നു സി എന്‍ കരുണാകരന്‍ എന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ അനുസ്മരിച്ചു. ബിനാലെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അകമഴിഞ്ഞ പിന്തുണ നല്‍കി. രാജ്യത്തെ കലാ-സാംസ്കാരിക രംഗത്തിന് ബിനാലെ കുതിപ്പു നല്‍കുമെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നുംഫൗണ്ടേഷന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) സംസ്ഥാന രക്ഷാധികാരിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എം വി ഗോവിന്ദനും ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനനും അനുശോചിച്ചു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന വൈകല്യങ്ങളുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ പൊതുവേദി സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ അധ്യക്ഷനായതാണ് അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളീയ ചിത്രകലയ്ക്ക് ജനകീയമുഖം സമ്മാനിച്ച അതുല്യചിത്രകാരനായിരുന്നു സി എന്‍ എന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡഷേന്‍ (ഡിഎഡബ്ല്യുഎഫ്) ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ കളമെഴുത്തിലും ഗോത്രകലയിലും നവചൈതന്യം ഉണ്ടാക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

*
Courtesy: Deshabhimani

No comments: