Wednesday, December 11, 2013

ജഗ്മതി പൊരുതുന്നു

ദക്ഷിണകൊറിയയിലെ സോളില്‍ 1980ല്‍ നടന്ന ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നു ജഗ്മതി. ടീമിന്റെ നേട്ടം കൂട്ടുകാര്‍ ആഘോഷിക്കുമ്പോള്‍ ജഗ്മതിക്ക് ഉത്സാഹമൊന്നും തോന്നിയില്ല. മാത്രമല്ല, ദുഃഖത്തിലുമായിരുന്നു. എന്തെന്നാല്‍, നേരത്തെ ജില്ലാടീമില്‍ കളിച്ചിരുന്നപ്പോള്‍ അതില്‍ നാലാമത്തെ മികച്ച കളിക്കാരിമാത്രമായിരുന്നു താന്‍. തന്നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മൂന്നു പെണ്‍കുട്ടികളുടെ വിവാഹം കൗമാരത്തില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനോ കായികപരിശീലനത്തിനോ അവസരമുണ്ടായില്ല. അവര്‍ക്കും കായികരംഗത്ത് തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രാജ്യത്തിന് സ്വര്‍ണമെഡല്‍ കിട്ടിയേനേ.

സ്ത്രീകള്‍ക്ക് നീതിയും അവസരങ്ങളും നിഷേധിക്കുന്നതിന്റെ ഭവിഷ്യത്ത് ബോധ്യപ്പെട്ട ജഗ്മതി തന്റെ ജീവിതം സ്ത്രീകളെ സംഘടിപ്പിക്കുന്നതിനായി സമര്‍പ്പിക്കാന്‍ അന്നാണ് തീരുമാനിച്ചത്. അതിന്റേതായ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് മൂന്നു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ജഗ്മതി സങ്വാനെ ഇന്ന് രാജ്യം മറ്റൊരു പോര്‍മുഖത്താണ് കാണുന്നത്. ഹരിയാനയിലെ കുപ്രസിദ്ധമായ ദുരഭിമാനഹത്യകള്‍ക്കെതിരായ പോരാട്ടം വിജയകരമായി നയിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായി. കഴിഞ്ഞമാസം ബിഹാറിലെ ബോധ്ഗയയില്‍ ചേര്‍ന്ന അസോസിയേഷന്‍ പത്താം ദേശീയസമ്മേളനം പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ജഗ്മതി തന്റെ പോരാട്ട അനുഭവങ്ങള്‍ പങ്കുവച്ചു. ഡല്‍ഹിയില്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജഗ്മതിയുടെ ജീവിതാനുഭവങ്ങളിലേക്ക്. പോരാട്ടം പ്രബലശക്തികളോട് ഹരിയാനയില്‍ 1985ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഘടകം രൂപീകരിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസം നേടിയവരും തൊഴിലെടുക്കുന്നവരും സ്വന്തം തീരുമാനപ്രകാരം ജീവിതപങ്കാളിയെ കണ്ടെത്തിയവരും ആയിരുന്നു. അതുകൊണ്ടുതന്നെ സാമൂഹികപ്രശ്നങ്ങളില്‍ ആര്‍ജവത്തോടെ ഇടപെടാനുള്ള ചിന്താസ്വാതന്ത്ര്യവും സാമ്പത്തികസ്വാതന്ത്ര്യവുമുണ്ടായി. പ്രണയവിവാഹം ചെയ്യുന്ന ദമ്പതികളുടെ അരുംകൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നേ ലഭിച്ചിരുന്നു. ഇതിനെതിരെ പൊരുതാന്‍ അസോസിയേഷന്‍ നിശ്ചയിച്ചെങ്കിലും മുന്നോട്ടുനീങ്ങുന്നത് ദുഷ്കരമായിരുന്നു. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളാണ് ദുരഭിമാനഹത്യകള്‍ക്കു പിന്നില്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെയും പൊലീസിന്റെയും പിന്തുണ അവര്‍ക്കുണ്ട്. ഇത്തരം ഹത്യകളെക്കുറിച്ച് ആഴത്തില്‍ നിരീക്ഷിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഗോത്രപരമായ അഭിമാനത്തിന്റെ പേരിലാണ് ദുരഭിമാനഹത്യകള്‍ നടക്കുന്നതെങ്കിലും കൂടുതല്‍ കൊലകളും സംഭവിക്കുന്നത് സവര്‍ണജാതിയില്‍പ്പെട്ട പെണ്‍കുട്ടികളും ദളിതരോ ഭൂരഹിതരോ ആയ യുവാക്കളും തമ്മില്‍ പ്രണയവിവാഹം നടക്കുമ്പോഴാണ്. ഇതേപ്പറ്റി ഖാപ് പഞ്ചായത്തുകളുടെ (ഗോത്രാധികാരസഭ) നേതാക്കളോട് സംസാരിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ""ഇതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല. നെഹ്റുവിനാണ്. പെണ്‍കുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ അവകാശം നല്‍കുന്ന ബില്‍ കൊണ്ടുവന്നത് നെഹ്റുവാണ്."" പക്ഷേ, ഈ മറുപടിയില്‍നിന്ന് ദുരഭിമാനഹത്യകളുടെ യഥാര്‍ഥ കാരണം പുറത്തുവന്നു. പ്രണയവിവാഹംചെയ്യുന്ന പെണ്‍കുട്ടി കുടുംബസ്വത്തിന്റെ ഓഹരി ചോദിക്കുമെന്ന ഭീതിയില്‍നിന്നാണ് അരുംകൊലകള്‍. വര്‍ഗം, ജാതി, ലിംഗപദവി എന്നിവയില്‍ ആധിപത്യം നിലനിര്‍ത്താനാണ് ഖാപ് പഞ്ചായത്തുകള്‍ ദുരഭിമാനഹത്യകള്‍ നടത്തുന്നത്. അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധം സമൂഹത്തിലില്ല. പൊലീസുകാരാകട്ടെ വന്‍ തുക കോഴവാങ്ങാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുന്നു. ഏതെങ്കിലും പെണ്‍കുട്ടി പ്രണയവിവാഹം ചെയ്തെന്ന പരാതി കിട്ടിയാല്‍ പൊലീസുകാര്‍ക്ക് വലിയ ഉത്സാഹമാണ്. അവര്‍ തിരക്കിട്ട് അന്വേഷിച്ച് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കും. കോടതികളും ഇത്തരം കേസുകളില്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് എടുക്കുക. പെണ്‍കുട്ടികളെ മഹിളാമന്ദിരത്തിലേക്കോ മറ്റോ മാറ്റാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിന്നീട് ഇവരുടെ മരണവാര്‍ത്തയാണ് കേള്‍ക്കുക. പൊലീസുകാര്‍ പണംവാങ്ങി കേസൊതുക്കും.

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ചമച്ച് കോടതിയില്‍ ഹാജരാക്കി അവരെ വിവാഹംകഴിച്ചവരെ ബലാത്സംഗക്കേസില്‍ കുടുക്കുന്ന സംഭവങ്ങളുമേറെ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന നില. എന്നാല്‍, ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില്ല. ഭീഷണികള്‍ ഞങ്ങള്‍ക്കുനേരെ നിരന്തരം ഭീഷണി ഉയര്‍ന്നു. ഞാന്‍ ജോലി ചെയ്തിരുന്ന സര്‍വകലാശാലയിലേക്ക് കത്തുകളും ഇ-മെയിലുകളും വന്നിരുന്നു. സമൂഹം അംഗീകരിച്ച ആചാരത്തെ വെല്ലുവിളിക്കുന്ന സ്ത്രീയെ അധ്യാപികയായി തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ഖാപ് നേതാക്കളുടെയും അനുകൂലികളുടെയും പ്രധാന ആവശ്യം. വധഭീഷണിപോലും പലപ്പോഴും ഉണ്ടായി. ഒഴുക്കിനെതിരെയാണ് ഞങ്ങള്‍ നീന്തിയത്.

സോണിയ-രാംപാല്‍ സംഭവം ഇതിനിടെ 2000ല്‍ ഉണ്ടായ സോണിയ-രാംപാല്‍ സംഭവത്തോടെയാണ് അസോസിയേഷന്റെ ഇടപെടലിന് ഫലം കണ്ടുതുടങ്ങിയത്. പ്രണയവിവാഹംചെയ്ത സോണിയയെയും രാംപാലിനെയും ബന്ധുക്കള്‍ പിടികൂടി ഖാപ് പഞ്ചായത്തിനുമുമ്പാകെ ഹാജരാക്കി. അപ്പോള്‍ സോണിയ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഇരുവരും പരസ്പരം രാഖി കെട്ടി സഹോദരിയും സഹോദരനുമായി മാറണമെന്നും അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നും ഉത്തരവുണ്ടായി. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടു. ഖാപ് പഞ്ചായത്തിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് സോണിയയും രാംപാലും അതേ ഗ്രാമത്തില്‍ ദമ്പതികളായി കഴിയുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കി. അസോസിയേഷന്റെ സഹായത്തോടെ ദമ്പതികള്‍ കോടതിയെ സമീപിച്ചു. സോണിയക്കും രാംപാലിനും ദമ്പതികളായി കഴിയാന്‍ എല്ലാ അവകാശവുമുണ്ടെന്നും ഖാപ് പഞ്ചായത്ത് ഇവരെ ഉപദ്രവിക്കരുതെന്നും ചണ്ഡീഗഢ് ഹൈക്കോടതി വിധിച്ചു. ഇതോടെ പല യുവദമ്പതികളും അസോസിയേഷന്‍ പ്രവര്‍ത്തകരെ സമീപിക്കാന്‍ തുടങ്ങി. ഇവരുടെ സംരക്ഷണത്തിനായി കഴിയുന്നത്ര സഹായം അസോസിയേഷന്‍ നല്‍കി. എന്നാല്‍, ജാതിമേധാവികളും അവര്‍ക്ക് ഒത്താശചെയ്യുന്ന ഭരണവ്യവസ്ഥയും തീരെ വഴങ്ങിയില്ല. സ്ത്രീകള്‍ ജീവിതപങ്കാളിയെ സ്വന്തം തീരുമാനപ്രകാരം കണ്ടെത്തുന്ന സ്ഥിതി വരുന്നത് സമൂഹത്തില്‍ തങ്ങളുടെ അധികാരം ഇല്ലാതാക്കുമെന്ന് ജാതിശക്തികള്‍ ഭയക്കുന്നു.

സ്ത്രീകളുടെ ശരീരത്തിന്മേലുളള നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ തങ്ങളുടെ അധികാരവും സമ്പത്തും സംരക്ഷിക്കാമെന്ന് ജാതിമേധാവികളും അവരുടെ കൂട്ടാളികളായ രാഷ്ട്രീയപാര്‍ടികളും കരുതുന്നു. മനോജ്-ബബ്ലി കേസ് ഇത്തരത്തില്‍ പ്രതികൂല സാഹചര്യത്തില്‍ അസോസിയേഷന്‍ പോരാട്ടം തുടരവെയാണ് 2007ല്‍ മനോജ്-ബബ്ലി ദമ്പതികളെ ഖാപ് പഞ്ചായത്ത് നിര്‍ദേശിച്ചപ്രകാരം വധിച്ച കേസില്‍ പ്രതികള്‍ക്ക് നീതിപീഠം വധശിക്ഷ നല്‍കിയത്. ബബ്ലിയുടെ കുടുംബമാണ് ഖാപ് പഞ്ചായത്തിനെ സമീപിച്ചത്. ഇവര്‍ കോടതിയെയും സമീപിച്ചു. എന്നാല്‍, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായവരാണെന്നും ബബ്ലി ഹരിയാനയിലെ കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിവാഹശേഷം മനോജും ബബ്ലിയും ഡല്‍ഹിയിലായിരുന്നു. കോടതിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പൊലീസ് അകമ്പടിയില്‍ ദമ്പതികള്‍ മടങ്ങി. എന്നാല്‍, വഴിമധ്യേ പൊലീസുകാര്‍ അപ്രത്യക്ഷരായി. ദമ്പതികള്‍ സഞ്ചരിച്ച ബസ് തടഞ്ഞ് അക്രമിസംഘം അവരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ദമ്പതികളെ വധിച്ച കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദുരഭിമാനഹത്യക്കേസില്‍ വധശിക്ഷ വിധിച്ചത് ആദ്യമായാണ്. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ദുരഭിമാനഹത്യക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഖാപ് പഞ്ചായത്ത് തീരുമാനത്തിന്റെ പേരില്‍ ചെയ്തുവരുന്ന ക്രൂരതകള്‍ ശിക്ഷാര്‍ഹമാണെന്ന ധാരണ സമൂഹത്തില്‍ അതോടെ ഉണ്ടായി. എന്നാല്‍, ഈ ക്രൂരത ഫലപ്രദമായി തടയുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടില്ല. ബില്‍ സംബന്ധിച്ച് മഹിളാ അസോസിയേഷന്‍ തയ്യാറാക്കിയ കരട് ശുപാര്‍ശ ദേശീയ വനിതാ കമീഷന് സമര്‍പ്പിച്ചിട്ട് നാലുവര്‍ഷമായി. ഒന്നും ഉണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയായിരുന്നു അധ്യക്ഷന്‍. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി പോയശേഷം ഈ സമിതിക്ക് നായകനില്ല. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശിക്ഷാര്‍ഹമാക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പോരാട്ടം തുടരുന്നു.

*
സാജന്‍ എവുജിന്‍ ദേശാഭിമാനി

No comments: