Friday, December 27, 2013

വിലക്കയറ്റം വാര്‍ത്തയല്ലാതാകുമ്പോള്‍

സാധാരണക്കാരന് ജീവിതം നിഷേധിക്കുന്ന നടപടികളുമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവര്‍ മുന്നോട്ടുവയ്ക്കുന്ന, നടപ്പാക്കുന്ന പരിപാടികളും സംസ്ഥാനത്തെ ജനങ്ങളെ അരക്ഷിതരാക്കുന്നു. കേരളം അഭിമുഖീകരിക്കുന്ന വിലക്കയറ്റം സമാനതകളില്ലാത്തവിധം രൂക്ഷമാണ്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഭാഗമായി ഒരു നിയന്ത്രണവുമില്ലാതെ വിലകയറുകയാണ്. സംസ്ഥാന സര്‍ക്കാരിനാകട്ടെ വിപണിയില്‍ ഇടപെടാനും സാധിക്കുന്നില്ല. വിലക്കയറ്റത്തിന് കാരണക്കാരായ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം അലയടിക്കുന്നുണ്ട്. ജനങ്ങളില്‍ വ്യാപകമായി അസംതൃപ്തിയും പ്രതിഷേധവും ഉയരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളെ സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കി മറികടക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും കരുതുന്നത്.


ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷത്തിന് പരസ്യത്തിലെ കെട്ടുകാഴ്ചകളല്ല വേണ്ടത്. മറിച്ച്, അരിയുടെയും പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില കുറയണം, കുഞ്ഞുങ്ങള്‍ക്ക് ഒരുനേരമെങ്കിലും വയറുനിറച്ച് ആഹാരം കൊടുക്കാനുള്ള സാഹചര്യമുണ്ടാകണം.

2011 മെയ് പതിനെട്ടിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അതിനുശേഷം സംസ്ഥാനത്ത് ഉണ്ടായ വലിയരീതിയിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ രേഖകള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2010ല്‍ പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും 2013 ഡിസംബര്‍ 23നു പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും താരതമ്യം ചെയ്താല്‍ കേരളത്തിലെ വിപണിയില്‍ വില കുതിച്ചുകയറുന്നതിന്റെ ദൃശ്യം വ്യക്തമാകും. 2010ല്‍ മട്ട അരിക്ക് സംസ്ഥാന ശരാശരിവില കിലോക്ക് 20.07 രൂപയായിരുന്നു. 2013ലെ സംസ്ഥാന ശരാശരി 33 രൂപയാണ്. 20 രൂപയുള്ള ചമ്പാ അരിക്ക് ഇപ്പോള്‍ 36 രൂപയാണ്. 21.77 രൂപ വിലയുണ്ടായിരുന്ന ആന്ധ്ര വെള്ള അരിക്ക് ഇപ്പോള്‍ ശരാശരിവില വില 31.33 രൂപയും. ഉഴുന്നിന് 50.07 രൂപ ഉണ്ടായിരുന്നതായി പ്രൈസ് ലിസ്റ്റ് പറയുമ്പോള്‍ തിരുവനന്തപുരം പൊതുവിപണിയില്‍ ഇപ്പോള്‍ 85 രൂപയാണ്. നേരത്തെ 47.7 രൂപയായിരുന്ന ചെറുപയറിന് ഇന്ന് തിരുവനന്തപുരം പൊതുവിപണിയില്‍ 77 രൂപ നല്‍കണം. പഞ്ചസാരയ്ക്ക് നേരത്തെയുള്ള സംസ്ഥാന ശരാശരിവില 22.37 ആയിരുന്നു. ഇപ്പോള്‍ അത് 32.54 ആയി.

2010ല്‍ ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 20 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മില്‍മ പാലിന്റെ വില ലിറ്ററിന് 32 രൂപയാണ്. വെളിച്ചെണ്ണയ്ക്ക് 2010ല്‍ സംസ്ഥാന ശരാശരിവില ലിറ്ററിന് 54.50 രൂപയായിരുന്നു. ഇപ്പോള്‍ വെളിച്ചെണ്ണ ലൂസിന് 110.71 രൂപയും കേര വെളിച്ചെണ്ണയ്ക്ക് 127.62 രൂപയുമാണ്. 2010ല്‍ വലിയ ഉള്ളിയുടെ ശരാശരിവില കിലോക്ക് 11.14 രൂപയായിരുന്നു. ഇപ്പോള്‍ അത് 25.36 ആയി. 2010ല്‍ തക്കാളിക്ക് എട്ടുരൂപ, പച്ചക്കായക്ക് 20.36 രൂപ. ഇന്ന് തക്കാളിക്ക് 23 രൂപയും പച്ചക്കായക്ക് 42രൂപയും. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ രേഖകള്‍ ഈ വിലമാഹാത്മ്യം വെളിപ്പെടുത്തുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കുത്തകകളെ സഹായിക്കുക എന്ന ഒറ്റ അജന്‍ഡയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ ഷോപ്പിങ്മാള്‍ സംസ്കാരത്തിലേക്ക് ആനയിക്കപ്പെടുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ബഹുരാഷ്ട്രകുത്തകകള്‍ തങ്ങളുടെ നീരാളിക്കൈ നാട്ടിന്‍പുറങ്ങളിലെ പച്ചപ്പുകളിലേക്കും നന്മകളിലേക്കും നീട്ടുകയാണ്. പെട്ടിക്കടകളും ചെറുകിട പലവ്യഞ്ജനക്കടകളും ഇല്ലാതാകുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പുകള്‍ പൂട്ടാനൊരുങ്ങുന്നു. എല്ലാം ലഭിക്കുന്ന ഷോപ്പിങ് മാളുകള്‍ ചെറുനഗരങ്ങളില്‍ വരെ കാലുറപ്പിച്ചു. ചെറുകിട കച്ചവടക്കാരുടെ കണ്ണീരുകാണാത്ത കേന്ദ്രസര്‍ക്കാര്‍, അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ടിനു മുന്നില്‍ പരവതാനി വിരിക്കുകയാണ്. റിലയന്‍സ്, ബിഗ്ബസാര്‍ പോലുള്ള കുത്തകകള്‍, കുത്തകസംഭരണം നടത്തി "വിലക്കുറവി"ന്റെ വാരാഘോഷം സംഘടിപ്പിക്കുമ്പോള്‍ പൊതുവിതരണശൃംഖലയ്ക്ക് അന്ത്യകൂദാശ നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. റേഷന്‍കടകളില്‍ ഓരോ ഇനമായി ഇല്ലാതാകുന്നു. നേരത്തെ എല്ലാവര്‍ക്കും റേഷന്‍കടകളില്‍ നിന്ന് ഗോതമ്പ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഈ തീരുമാനം ആട്ട ഉല്‍പ്പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കാന്‍ കൈക്കൊണ്ടതാണ്. ഇത്തരത്തില്‍ സര്‍ക്കാരുകളുടെ ജനവിരുദ്ധ തീരുമാനങ്ങളുടെയെല്ലാം പിറകില്‍ കുത്തകകളുടെ സാന്നിധ്യവും കൈക്കൂലിപ്പണവുമുണ്ട്. വിലവര്‍ധനയുണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനെതിരായ പ്രതിഷേധമുയര്‍ന്നുവരും. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള പരിപാടികള്‍ സാമ്രാജ്യത്വം നടപ്പില്‍വരുത്തുന്നുണ്ട്. എന്‍ജിഒകളെയും അവരുടെ കൂട്ടായ്മകളെയും ഇതിനായി ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നു. വിലവര്‍ധനയ്ക്ക് ഇടവേളകള്‍ ഇല്ലാതാക്കുകയും അതൊരു സ്വാഭാവികമായ കാര്യമാണെന്ന നിലയില്‍ ജനങ്ങളുടെ മനോനില പരുവപ്പെടുത്തുകയും ചെയ്യുന്ന തന്ത്രവും പ്രയോഗിക്കപ്പെടുന്നുണ്ട്. രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കല്‍ ഇതിന് ഉദാഹരണമാണ്. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നിലയിലാണ് വില വര്‍ധിപ്പിക്കുന്നത്. അതില്‍ പുതുമയില്ല എന്ന അവസ്ഥ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നു.

എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്തപോലുമാകാതെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ ചുമലില്‍ സംസ്ഥാന സര്‍ക്കാര്‍വക നികുതിഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നു. പാചകവാതകവും മണ്ണെണ്ണയും ഇരട്ടിയിലേറെ വിലവര്‍ധനയുമായി നില്‍ക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുന്നതിനെപ്പറ്റി പരാതിയുയരുമ്പോള്‍, സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം നികുതിയിളവ് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, അതോടൊപ്പം പാവങ്ങള്‍ക്ക് ഗുണമാകുന്ന സബ്സിഡികള്‍ ഓരോന്നായി എടുത്തുകളയുന്നു. ജനങ്ങളേക്കാള്‍ പരിഗണിക്കേണ്ടത് കുത്തകകളെയും മുതലാളിമാരെയുമാണെന്നതാണ് വലതുപക്ഷ ഭരണകൂടങ്ങളുടെ കാഴ്ചപ്പാട്. രാജ്യത്താകമാനമുള്ള കര്‍ഷകത്തൊഴിലാളികള്‍ വലിയരീതിയിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.

ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ വിധേയമനോഭാവവും നവ ഉദാരവല്‍ക്കരണനയങ്ങള്‍ കൊണ്ടുള്ള വേട്ടയാടലുകളും കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെ പ്രശ്നഭരിതമാക്കുന്നുണ്ട്. ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചകളിലൂടെ മാത്രമേ ഇവിടെ എന്തെങ്കിലും മാറ്റം സംഭവിക്കൂ. കേരളത്തിലും ശക്തമായ പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കാന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സജ്ജമാകണം. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സമഗ്രമായ രീതിയില്‍ കേന്ദ്ര കാര്‍ഷികനയം ആവിഷ്കരിക്കുന്നതിനും കേന്ദ്രവിഹിതം ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടും ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും ഉറപ്പാക്കാനും പിന്നോക്കവിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ തടയുന്നതിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അപാകങ്ങള്‍ പരിഹരിക്കാനും ആറന്മുള വിമാനത്താവളപദ്ധതി ഉപേക്ഷിക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുന്നതിനുമായി ശക്തമായ മുന്നേറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകേണ്ടതുണ്ട്.

*
എം വി ഗോവിന്ദന്‍

No comments: