Thursday, December 12, 2013

ഗ്രാമീണജനതയെ പൊതുമേഖല ബാങ്കുകള്‍ കൈയൊഴിയുന്നു

ഗ്രാമീണ മേഖലയുടെ തകര്‍ച്ചയും കാര്‍ഷികരംഗത്ത് കൃഷിക്കാരുടെ ആത്മഹത്യയും വര്‍ഷന്തോറും വര്‍ധിക്കുന്നതിന് കാരണം പുത്തന്‍ സാമ്പത്തിക നയവും അതിന്റെ നടത്തിപ്പുമാണ്. ഇതിന്റെ മുഖ്യ ഉത്തരവാദിത്വം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനാണ്. അടുത്ത കാലത്ത് പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. നാരായണ്‍ ചന്ദ്രപ്രധാന്‍ തയ്യാറാക്കിയ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് അശോക് ഉപാധ്യായ, മേയ് 15 ന് ദി ഹിന്ദു ബിസിനസ് ലൈനില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗ്രാമീണ ഭവനങ്ങളില്‍ അഞ്ചില്‍ രണ്ട് ഭാഗവും വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സ്വകാര്യപണമിടപാടുകാരെയാണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്ന കാര്യം ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് മേഖല കടന്നുവന്നത് 1971 മുതലാണെന്നാണ്.

1971 ല്‍ കാര്‍ഷിക കടത്തിന്റെ രണ്ട് ശതമാനം മാത്രമായിരുന്നു ബാങ്കിംഗ് മേഖലയ്ക്കുണ്ടായിരുന്നതെങ്കില്‍ 1981 ല്‍ അത് 28 ശതമാനമായി വര്‍ധിച്ചു. പിന്നീടുള്ള വളര്‍ച്ച നേരിയ തോതിലായിരുന്നു. പത്ത് വര്‍ഷംകൊണ്ട് ഒരു ശതമാനം മാത്രമായിരുന്നു വളര്‍ച്ച. 1991 ല്‍ 29 ശതമാനമായിരുന്നു കാര്‍ഷിക വായ്പയില്‍ ബാങ്കിംഗ് മേഖലയുടെ പങ്ക്. ഇതുപോലെ 1971 ല്‍ 20.5 ശതമാനമായിരുന്ന സഹകരണ വായ്പാ മേഖലയുടെ വായ്പാ വിതരണം 1981 ല്‍ 28.6 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ 1991 ല്‍ ഇത് 18.6 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാനകാരണമായി നാരായണ്‍ ചന്ദ്രപ്രധാന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് ബാങ്ക് ദേശസാല്‍ക്കരണവും ദേശസാല്‍കൃത ബാങ്കുകള്‍ കൂടുതല്‍ ഗ്രാമീണ ശാഖകള്‍ ആരംഭിച്ചതുമാണ്.

1980 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം ദൃശ്യമായി തുടങ്ങി. 1961 ല്‍ ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തം കാര്‍ഷിക വായ്പയുടെ 14.8 ശതമാനം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് 1981 ല്‍ 61.2 ശതമാനമായും 1991 ല്‍ 64 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ ഇത് 2002 ല്‍ 57.1 ശതമാനമായി കുറഞ്ഞു. ഇതുപോലെ മൊത്തം വായ്പയുടെ 20 ശതമാനമായിരുന്ന സഹകരണ വായ്പ 1980 ല്‍ 28 ശതമാനമായും 1991 ല്‍ 29 ശതമാനമായും ഉയര്‍ന്നു. 2002 ല്‍ ഇത് 24.5 ശതമാനമായി കുറഞ്ഞു. ഇതെ സമയം ഗ്രാമീണ മേഖലയില്‍ കാര്‍ഷിക പണമിടപാടുകാരുടെയും മറ്റ് പണമിടപാടുകാരുടെയും വായ്പാ ഓഹരി വര്‍ധിച്ചുവന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങുന്നവരുടെ ഓഹരി 1981 ല്‍ 6.2 ശതമാനം ആയിരുന്നത് 2002 ല്‍ 10 ശതമാനമായി വര്‍ധിച്ചു. ഗ്രാമീണപണമിടപാടുകാരുടെ പങ്ക് 1981 ല്‍ 9.4 ശതമാനമായിരുന്നത് 2002 ല്‍ 19.6 ശതമാനമായി വര്‍ധിച്ചു.

നാരായണ്‍ ചന്ദ്രപ്രധാന്‍ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു. പുത്തന്‍ സാമ്പത്തിക നയം നടപ്പാക്കാന്‍ തുടങ്ങിയതു മുതല്‍ കൃഷിക്കാരെയും ഗ്രാമീണ മേഖലയെയും ബാങ്കുകള്‍ തഴയാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കൊള്ളപ്പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാര്‍ ഗ്രാമീണ മേഖലയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങി. ഇതിന്റെ പരിണിതഫലമാണ് കൃഷിക്കാര്‍ കൂടുതല്‍ കടക്കെണിയിലേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നുവെങ്കിലും കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ആത്മഹത്യകള്‍ ഓരോവര്‍ഷവും വര്‍ധിക്കുന്നു. ഇത് അവഗണിക്കാനാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. 1991 മുതല്‍ ഗ്രാമീണ മേഖലയില്‍ നിന്നും ബാങ്കുകളെ പിന്‍വലിക്കാന്‍ തുടങ്ങി.
കാര്‍ഷിക - ഗ്രാമീണ മേഖലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയം എന്താണ്? കാര്‍ഷിക - ഗ്രാമീണ മേഖലയുടെ വികസനത്തിന് എന്താണ് ആവശ്യം. ഒന്നാമത് കൃഷിക്കാരനെ ഭൂമിയുടെ ഉടമയാക്കുകയും പരിധി നിശ്ചയിച്ച് മിച്ചം വരുന്ന ഭൂമി, ഭൂമി ഇല്ലാത്തവര്‍ക്ക് വിതരണം ചെയ്യുകയും വേണം. രണ്ടാമതായി, കാര്‍ഷിക വികസനത്തിനായി ന്യായമായ പലിശയ്ക്ക് വായ്പാ സൗകര്യം ലഭ്യമാക്കണം. മൂന്നാമത്തെ കാര്യം, കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും ന്യായവില ലഭ്യമാക്കാനും സംവിധാനം ഉണ്ടാക്കണം. നാലാമത്തേത് പ്രകൃതിക്ഷോഭംമൂലമോ മറ്റോ കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക. ഇതില്‍ വായ്പ തുടങ്ങിയ കാര്യങ്ങള്‍ ശരിയായ നിലയില്‍ നടപ്പില്‍ വരുത്തുന്നതിന് കൃഷിക്കാരന്‍ എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സംവിധാനം വേണം. അതിന് ഏറ്റവും പറ്റിയത് സഹകരണ പ്രസ്ഥാനമാണ്. ഗ്രാമീണ മേഖലയെ രക്ഷിക്കാന്‍ ശക്തമായ ഒരു പ്രാഥമിക സഹകരണ പ്രസ്ഥാനം ഉണ്ടാവണം. സഹകരണ പ്രസ്ഥാനം പലകാര്യങ്ങളിലും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും വികസനത്തിനും പുരോഗതിക്കും സഹകരണ പ്രസ്ഥാനത്തെ വിഭജിക്കണമെന്ന് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്.

പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളും നടത്തിപ്പുകാരുമായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും ധനമന്ത്രി ചിദംബരവും ഇന്ന് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് നിയോഗിച്ച ഭക്ഷിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നബാര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവത്തില്‍ സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരോ മാധ്യമങ്ങളോ കണ്ടിട്ടില്ല. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നേരിട്ട് വായ്പ നല്‍കരുതെന്നാണ് ഭക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി ജോലി നോക്കിയാല്‍ മതിയെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നാണ്. ഇത് എന്ത് ഭ്രാന്തന്‍ നയമാണ്. 2012 ലെ കണക്കനുസരിച്ച് കേരളത്തിലെ ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 24.6 കോടി രൂപയാണ്. ഭക്ഷിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പിലാക്കിയാല്‍ ഇനി നിക്ഷേപം എന്ത് ചെയ്യണം? ചുരുക്കത്തില്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ സഹകരണ മേഖല കാര്‍ഷികരംഗത്ത് നിന്നും പാടെ തുടച്ചുനീക്കപ്പെടും. ഗ്രാമീണ കാര്‍ഷിക വായ്പയുടെ 25 ശതമാനം നിര്‍വഹിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കിയാല്‍ രാജ്യത്തെ സാധാരണ കൃഷിക്കാര്‍ ആശ്രയിക്കേണ്ടിവരുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്.

ഗ്രാമീണ മേഖലയില്‍ ശാഖകള്‍ ആരംഭിക്കണമെന്ന ബാങ്കുകളുടെ മുന്‍ഗണന ഇന്ന് ഇല്ലാതാക്കിയിരിക്കുന്നു. ബാങ്കുകളുടെ ദേശസാല്‍ക്കരണത്തില്‍ ഊന്നിയിരുന്ന ഒരു കാര്യം കാര്‍ഷിക വായ്പയ്ക്ക് മുന്‍ഗണന നല്‍കണമെന്നതായിരുന്നു. എന്നാല്‍ ആ നയവും പ്രായോഗികമായി ഇല്ലാതായിരിക്കുന്നു. നാരായണ്‍ ചന്ദ്രപ്രധാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത് 1981 വരെ വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും അടക്കം പൊതുമേഖല ആകെ ഗ്രാമീണ വായ്പാ ആവശ്യത്തിന്റെ 64 ശതമാനം വിതരണം നടത്തിയിരുന്നു. പുത്തന്‍ സാമ്പത്തികനയം നടപ്പാക്കിയ 1991 മുതല്‍ ഗ്രാമീണ മേഖലയില്‍ നിന്നും പൊതുവായ്പാ മേഖല പുറകോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. 2002 വരെയുള്ള കണക്കുകളാണ് അതില്‍ കൊടുത്തിട്ടുള്ളത്. അത് കഴിഞ്ഞ പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ഗതിക്രമം അനുസരിച്ചാണെങ്കില്‍ പൊതു-സഹകരണ വായ്പാ മേഖലയുടെ പങ്കാളിത്തം കുറഞ്ഞുകൊണ്ട് വരും. കുത്തകകളോടും സാധാരണക്കാരോടും വളരെ വ്യത്യസ്തമായ സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ഒരു ഗ്രാമീണ കര്‍ഷകന്റെ വായ്പയില്‍ ഒരു രൂപപോലും എഴുതി തള്ളാതിരിക്കുമ്പോള്‍ കുത്തകകളുടെ കുടിശികയായ ഒരു ലക്ഷം കോടിയിലധികമാണ് അടുത്തകാലത്ത് ബാങ്കുകള്‍ എഴുതി തള്ളിയത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

No comments: