Thursday, December 12, 2013

ഖനന വിവാദം; ആരോപണം മുതലെടുപ്പിന്

കോഴിക്കോട് ജില്ലയിലെ മൂന്ന് പ്രദേശങ്ങളിലെ ഇരുമ്പയിര് നിക്ഷേപത്തിന്റെ വ്യവസായ സാധ്യത പ്രയോജനപ്പെടുത്താന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെച്ചൊല്ലി ഇപ്പോള്‍ കുത്തിപ്പൊക്കിയ വിവാദം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്ന പ്രധാന വസ്തുതകള്‍:

1. ഇരുമ്പയിര്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അനുമതി നല്‍കിയിട്ടില്ല. കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം (2009 ജനുവരി 27) കേന്ദ്ര മൈനിങ് മന്ത്രാലയം ഖനനത്തിന് നിയമാനുസൃതമായ അനുമതികള്‍ സമ്പാദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് 2009 ഒക്ടോബര്‍ 20ന് കര്‍ണാടകത്തിലെ എംഎസ്പിഎല്‍ എന്ന കമ്പനിക്ക് മുന്‍കൂര്‍ അനുവാദം നല്‍കി (പ്രയര്‍ അപ്രൂവല്‍).

2. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ ഇരുമ്പയിരില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റ് സ്ഥാപിക്കണമെന്ന് മുന്‍കൂര്‍ അനുമതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരുന്നു.

3. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് (1980), എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് (1986) എന്നിവയുടെ അടിസ്ഥാനത്തിലുള്ള അനുമതി ലഭിച്ചാലേ മൈനിങ് ലീസ് അനുവദിക്കൂ എന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ 2010 ഏപ്രില്‍ 23ന് ഖനനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയുടെ ബലത്തിലായിരുന്നു ഈ അംഗീകാരം.

4. നിശ്ചിത സമയത്ത് കേന്ദ്രത്തില്‍നിന്ന് അനുമതി സമ്പാദിക്കാന്‍ എംഎസ്പിഎല്ലിന് കഴിഞ്ഞില്ല. അതിനാല്‍ 2011 ജനുവരി 22ന് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തേക്ക് അംഗീകാരം നീട്ടിക്കൊടുത്തു. കേന്ദ്രത്തില്‍നിന്നുള്ള അനുമതികള്‍ സമ്പാദിക്കാനും മൈനിങ് പ്ലാന്‍ സമര്‍പ്പിക്കാനുമാണ് സമയം നീട്ടിക്കൊടുത്തത്.

5. എല്‍ഡിഎഫ് സര്‍ക്കാര്‍ നീട്ടിക്കൊടുത്ത കാലപരിധിക്കകവും അനുമതികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും രണ്ടുവര്‍ഷത്തേക്ക് അനുമതി നീട്ടിക്കിട്ടാന്‍ എംഎസ്പിഎല്‍ യുഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി. അതനുസരിച്ച് 2013 മാര്‍ച്ച് 14ന് യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തേക്ക് കൂടി സമയം നല്‍കി. വ്യവസായ വകുപ്പ് സെക്രട്ടറി കെ എസ് ശ്രീനിവാസനാണ് ഈ ഉത്തരവില്‍ ഒപ്പിട്ടത്.

6. മൈനിങ് സര്‍വെ ആരംഭിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണ്. ചക്കിട്ടപാറ വില്ലേജില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശത്തിലും വനംവകുപ്പിന്റെ ഉടമസ്ഥതയിലുമുള്ള ഭൂമിയിലാണ് സര്‍വേക്ക് എംഎസ്പിഎല്ലിന് അനുമതി ലഭിച്ചത്. 2013 മാര്‍ച്ച് 18ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍വെ അനുവദിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന് അനുമതി നല്‍കി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പെട്ടെന്ന് അത് നടപ്പാക്കി.

7. സര്‍വേക്ക് നാട്ടുകാരില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 2013 നവംബര്‍ 2ന് സര്‍വകക്ഷി യോഗം ചേര്‍ന്നു. എംഎസ്പിഎല്‍ ജനറല്‍ മാനേജര്‍ ഗോപാലകൃഷ്ണ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി സുകുമാരന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് സര്‍വെ ആരംഭിച്ചതെന്ന് കമ്പനി പ്രതിനിധികള്‍ ആ യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം മിനുട്സിലുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി പ്രകാരമാണ് എളമരം കരീം വ്യവസായ മന്ത്രിയായിരിക്കുമ്പോള്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഖനനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

നടപടിക്രമങ്ങളില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന് അത് തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍, കര്‍ണാടക കമ്പനിക്ക് അനുമതി നീട്ടി നല്‍കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വിജിലന്‍സ് അന്വേഷണം വരുമ്പോള്‍ വാദി പ്രതിയാകുന്നത് കാണേണ്ടിവരും. അന്വേഷണത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാശിപിടിച്ചത്, കേസ് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും എതിരെ വരുമെന്നതിനാലാണ്. ഖനനത്തിന് അനുമതി കിട്ടുംമുമ്പ് കമ്പനി അഞ്ചു കോടി രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. മസ്കറ്റ് ഹോട്ടലിന് മുമ്പില്‍ കൈമാറിയ പണം കാറില്‍ കോഴിക്കോട്ട് എത്തിച്ചുവെന്നാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെക്കൊണ്ട് പറയിപ്പിച്ചത്. കോഴിക്കോട്ട് എത്തിക്കേണ്ട പണം കര്‍ണാടക കമ്പനി എന്തിനാണ് തിരുവനന്തപുരത്ത് കൊണ്ടുപോയതെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയോട് ആരും ചേദിച്ചില്ല.

എന്തുകൊണ്ട് എംഎസ്പിഎല്‍?

കോഴിക്കോട്: പൊതുമേഖലാ കമ്പനിയായ കുദ്രെമുഖിനെ തഴഞ്ഞ് എന്തുകൊണ്ട് സ്വകാര്യ കമ്പനിയായ എംഎസ്പിഎല്ലിനെ എളമരം കരീം സഹായിച്ചു എന്ന ചോദ്യവും ഇരുമ്പയിര് ഖനനവിവാദത്തില്‍ ഉയരുന്നുണ്ട്. മംഗലാപുരം ആസ്ഥാനമായ കുദ്രെമുഖിനെ ആരും തഴഞ്ഞതല്ലെന്നും ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയ കമ്പനി സാമ്പത്തിക പരാധീനത കാരണം പിന്നീട് പിന്‍വലിഞ്ഞതാണെന്നും സര്‍ക്കാര്‍ ഫയലുകള്‍ വ്യക്തമാക്കുന്നു. എംഎസ്പിഎല്‍, കബിനി മിനറല്‍സ്, ഫോര്‍ച്യൂണ്‍ ഫൈവ് മിനറല്‍ എക്സ്പോര്‍ട്സ് എന്നീ മൂന്നു കമ്പനികളേ (മൂന്നും കര്‍ണാടകം) അവസാന ഘട്ടത്തില്‍ അപേക്ഷകരായുണ്ടായിരുന്നുള്ളു. തങ്ങളെ ഒഴിവാക്കിയെന്ന പരാതി ഒരിടത്തും കുദ്രെമുഖ് ഉന്നയിച്ചിട്ടില്ല. ഇരുമ്പയിര് സംസ്കരണത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്ന പ്ലാന്റിനും മുതല്‍മുടക്കാന്‍ ആ ഘട്ടത്തില്‍ കമ്പനി തയാറല്ലായിരുന്നു. പൊതുമേഖലയെ തഴഞ്ഞു എന്ന ആക്ഷേപം ഉന്നയിക്കുന്നത്, പൊതുമേഖല സംരക്ഷിക്കുന്നതിന് പ്രശംസനീയമായ നിലയില്‍ പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെയും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.

ഖനനത്തിന് അപേക്ഷിച്ച കമ്പനികളുടെ മുമ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ഉപാധിയുണ്ടായിരുന്നു. ഇരുമ്പയിര് ഖനനം വിജയിക്കുകയാണെങ്കില്‍ അതുപയോഗിച്ച് കോഴിക്കോട് ജില്ലയില്‍ വ്യവസായം സ്ഥാപിക്കണം. ഉദ്ദേശം 500 കോടി രൂപയാണ് അതിന് ചെലവ് കണക്കാക്കിയത്. എംഎസ്പിഎല്‍ അതിന് തയാറായിരുന്നു. അവസാന ഘട്ടത്തിലുണ്ടായിരുന്ന അപേക്ഷകരുടെ സാമ്പത്തികശേഷി പരിശോധിക്കാന്‍ വ്യവസായ വകുപ്പ് വ്യവസായ പുനഃസംഘടനാ-ഓഡിറ്റ് ബോര്‍ഡ് (റിയാബ്) പാനലിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സായ ശങ്കര്‍ ആന്‍ഡ് മൂര്‍ത്തിയെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ടില്‍ എംഎസ്പിഎല്‍ ആയിരുന്നു മുമ്പില്‍. അതുകൊണ്ടാണ് എംഎസ്പിഎല്ലിന് അനുകൂലമായ ശുപാര്‍ശ കേന്ദ്രത്തിലേക്ക് അയച്ചത്. കോഴിക്കോട് താലൂക്കിലെ മാവൂര്‍, കാക്കൂര്‍ വില്ലേജുകളിലും കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറ വില്ലേജിലുമാണ് ഇരുമ്പയിര് നിക്ഷേപമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നത്.

മാവൂര്‍ വില്ലേജില്‍ 10.72 ദശലക്ഷം ടണ്‍, ചക്കിട്ടപാറയില്‍ 35.2 ദശലക്ഷം ടണ്‍, കാക്കൂര്‍ വില്ലേജില്‍ 4.72 ലക്ഷം ടണ്‍. ഈ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായുള്ളതാണ്.അതിന്റെ സാധ്യത പരിശോധിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഏറ്റവുമധികം ഇരുമ്പയിര് നിക്ഷേപമുള്ള ചക്കിട്ടപാറ, കസ്തൂരി രംഗന്‍ റിപ്പോര്‍ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമാണ്. അവിടെ ഒരുവിധ ഖനനവും നടക്കില്ല. മറ്റു രണ്ടിടത്തും നിക്ഷേപം താരതമ്യേന കുറവുമാണ്. ഖനനം സാമ്പത്തികമായി വിജയിക്കുമോ എന്നറിയാനുള്ള സര്‍വേപോലും ഇതുവരെ നടന്നിട്ടില്ല. ഇനി അതിന് സാധ്യതയും ഇല്ല. പ്രായോഗികമായി കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനം അടഞ്ഞ അധ്യായമായി കണക്കാക്കാം. വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമായി നടന്നാല്‍ എല്ലാം പുറത്തുവരും.

*
പി പി അബൂബക്കര്‍ ദേശാഭിമാനി

No comments: