Thursday, December 26, 2013

ചിലിയുടെ ചിരി

ചിലിയില്‍ ഏറെയുള്ളത് ചെമ്പാണ്. ലോകത്ത് ഏറ്റവുമധികം ചെമ്പ് നിക്ഷേപമുള്ള രാജ്യം. പക്ഷേ, ഇപ്പോള്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന് സുവര്‍ണശോഭയാണ്. നിഷ്കളങ്കമായ ബാല്യത്തിലെന്നപോലെ നിറയെ പുഞ്ചിരിക്കുന്ന ഒരു അറുപത്തിരണ്ടുകാരിയുടെ മുഖമാണ് ചിലിയെന്നു കേള്‍ക്കുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ തെളിയുന്നത്. മിഷേല ബാഷ്ലെ- പ്രതീക്ഷകളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ചിലിയന്‍ജനത വന്‍ ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുത്ത പ്രസിഡന്റ്. സാല്‍വദോര്‍ അലന്‍ഡെയെ അട്ടിമറിച്ച പിനോഷെയുടെ പട്ടാളഭരണം അവസാനിച്ചശേഷം രണ്ടുവട്ടം ചിലിയുടെ പ്രസിഡന്റാകുന്ന ഏക വ്യക്തിയാണ് ബാഷ്ലെ. പട്ടാളഭരണത്തിന്റെ ക്രൂരതകളേറ്റുവാങ്ങിയ ബാഷ്ലെ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ചിലിയുടെ പ്രസിഡന്റായത് 2006ലാണ്.

തുടര്‍ച്ചയായി രണ്ടുവട്ടം മത്സരിക്കാന്‍ ഭണഘടന അനുവദിക്കാത്തതിനാല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞു. ഇപ്പോഴിതാ വര്‍ധിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും അംഗങ്ങളായ മുന്നണിയെ നയിച്ച ബാഷ്ലെ 62 ശതമാനം വോട്ടാണ് നേടിയത്. എതിരാളിയായ കളിക്കൂട്ടുകാരി ഇവലിന്‍ മതേയിക്ക് ലഭിച്ചത് 38 ശതമാനം വോട്ടുമാത്രം. 1950കളില്‍ പട്ടാളക്യാമ്പിന്റെ വളപ്പില്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് ഇത്തവണ പ്രസിഡന്റുപദത്തിലേക്ക് മത്സരിച്ചത്. ഇരുവരുടെയും അച്ഛന്മാര്‍ സൈന്യത്തിലായിരുന്നു. 1951 സെപ്തംബര്‍ 29നാണ് മിഷേല്‍ ബാഷ്ലെയുടെ ജനനം. തലസ്ഥാനമായ സാന്തിയാഗോയില്‍ പുരാവസ്തുഗവേഷകയായ ആംഗല ജെറിയ ഗോമസിന്റെയും വ്യോമസേനയില്‍ ബ്രിഗേഡിയര്‍ ജനറലായ ആല്‍ബര്‍ട്ടോ ബഷ്ലെ മാര്‍ട്ടിനെസിന്റെയും രണ്ടാമത്തെ മകള്‍. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് സൈനിക താവളങ്ങളില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പ്രയാണമായിരുന്നു കുട്ടിക്കാലം. ക്വിന്റെറോ, സെറോ, മൊറീനോ, അന്തോഫഗസ്റ്റ, സാന്‍ ബര്‍നാഡോ എന്നിവിടങ്ങളിലായി സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്ലാസ് പ്രസിഡന്റായിരുന്ന മിഷേല്‍ പഠനത്തിലും ഒന്നാമതായിരുന്നു. സ്കൂളിലെ ഗായകസംഘത്തിലും വോളിബോള്‍ ടീമിലും അംഗമായിരുന്നു.
 
1970ലാണ് ചിലി സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നത്. സര്‍വകലാശാലാ പ്രവേശനപരീക്ഷയില്‍ ദേശീയതലത്തില്‍ ആദ്യ റാങ്കുകളിലൊന്ന് ബാഷ്ലെക്കായിരുന്നു. സാമൂഹ്യശാസ്ത്രമോ സാമ്പത്തികശാസ്ത്രമോ പഠിക്കാന്‍ ആഗ്രഹിച്ച മിഷേലിനെ അച്ഛനാണ് വൈദ്യശാസ്ത്രത്തിലേക്ക് നയിച്ചത്. വേദന അനുഭവിക്കുന്നവരെ സഹായിക്കാനും രാജ്യത്തിന് സംഭാവനചെയ്യാനും ഉചിതമായ വഴി വൈദ്യശാസ്ത്രമാണെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. 1973 സെപ്തംബര്‍ 11ന് അമേരിക്കന്‍ പിന്തുണയോടെ സാല്‍വദോര്‍ അലന്‍ഡെയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച ജനറല്‍ അഗസ്റ്റോ പിനോഷെ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ജനറല്‍ ആല്‍ബര്‍ട്ടോയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി. ബാഷ്ലെയുടെ എതിര്‍സ്ഥാനാര്‍ഥിയായ മാതേയിയുടെ അച്ഛന്‍ ജനറല്‍ ഫെര്‍ണാന്‍ഡോ മാതേയ് ആയിരുന്നു ജനറല്‍ ആല്‍ബര്‍ട്ടോയെ പാര്‍പ്പിച്ചിരുന്ന തടവറയുടെ ചുമതലക്കാരന്‍.
 
സാന്തിയാഗോ ജയിലില്‍ മാസങ്ങളോളം നീണ്ട ക്രൂരപീഡനത്തിനൊടുവില്‍ 1974 മാര്‍ച്ച് 12ന് ഹൃദയസ്തംഭനത്താല്‍ അദ്ദേഹം മരിച്ചു. ഇതിന്റെ ആഘാതം വിട്ടുമാറുംമുമ്പ് മിഷേലും അമ്മയും വീട്ടുതടങ്കലിലായി. തുടര്‍ന്ന് കണ്ണുകള്‍ മൂടിക്കെട്ടി സാന്തിയാഗോയിലെ കുപ്രസിദ്ധ രഹസ്യതടവറയായ വില്ല ഗ്രിമാള്‍ഡിയിലേക്ക് കൊണ്ടുപോയി. അമ്മയെയും മകളെയും വെവ്വേറെ തടവറകളിലടച്ച പിനോഷെയുടെ സൈന്യം പീഡനം തുടര്‍ന്നു. സൈന്യത്തിലെ ചിലര്‍ക്ക് തോന്നിയ അനുകമ്പയാണ് ബാഷ്ലെയുടെ മോചനത്തിലേക്ക് നയിച്ചത്. രാജ്യം വിട്ടുപോകണമെന്ന ഉപാധിയോടെയായിരുന്നു മോചനം. ഓസ്ട്രേലിയയിലുള്ള മൂത്ത സഹോദരന്‍ ആല്‍ബര്‍ട്ടോക്ക് അടുത്തേക്കാണ് ബാഷ്ലെ പോയത്. 1975 മേയില്‍ കിഴക്കന്‍ ജര്‍മനിയിലേക്ക് പോയ ബാഷ്ലെ ഒപ്പം അമ്മയെയും കൂട്ടി.
 
ഈസ്റ്റ് ജര്‍മന്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍പഠനം തുടരുന്നതിന്റെ ഭാഗമായി കമ്യൂണിറ്റി ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. നാലുവര്‍ഷത്തെ പ്രവാസത്തിനുശേഷം 1979ല്‍ ബാഷ്ലെ ചിലിയില്‍ മടങ്ങിയെത്തി. 1983ല്‍ മെഡിക്കല്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കി പൊതുജനാരോഗ്യമേഖലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1990ല്‍ ചിലി ജനാധിപത്യത്തിലേക്ക് വഴിമാറിയതോടെ പ്രവര്‍ത്തനം സജീവമായി. 1994 മുതല്‍ 1997 വരെ ആരോഗ്യസഹമന്ത്രിയുടെ സീനിയര്‍ അസിസ്റ്റന്റായിരുന്നു ബാഷ്ലെ. ഇതിനിടെ മിലിട്ടറി സയന്‍സില്‍ ബിരുദം നേടിയ ബാഷ്ലെ 1998 മുതല്‍ പ്രതിരോധമന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു. 2000-2004 കാലഘട്ടത്തില്‍ ആരോഗ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായി. ആദ്യ ടേമില്‍ 2010 മാര്‍ച്ച് 11ന് പ്രസിഡന്റ് പദമൊഴിഞ്ഞശേഷവും ബാഷ്ലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.
 
ഐക്യരാഷ്ട്രസഭ രൂപീകരിച്ച വനിതാവിഭാഗത്തിന്റെ ((United Nations Entity for Gender Equality and the Empowerment of Women-)- ) ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി കഴിഞ്ഞ മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചു. ഭാഷകള്‍ കൈകാര്യംചെയ്യുന്നതിന് ബാഷ്ലെക്കുള്ള അസാമാന്യ മിടുക്ക് ശ്രദ്ധേയമാണ്. മാതൃഭാഷയായ സ്പാനിഷിനൊപ്പം ഇംഗ്ലീഷ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച് തുടങ്ങിയവയും അനായാസം വഴങ്ങും. "എല്ലാവരുടെയും ചിലി എന്ന സ്വപ്നമാണ് എന്നെ ഇവിടെ എത്തിച്ചത്. ആ ലക്ഷ്യം എളുപ്പമായിരിക്കില്ല. പക്ഷേ, ലോകത്തെ മാറ്റുന്നത് എന്നാണ് എളുപ്പമായിരുന്നത്?"- തെരഞ്ഞെടുപ്പുവിജയത്തിനുശേഷം ബാഷ്ലെ പ്രവര്‍ത്തകരോട് പറഞ്ഞു.

*
വിജേഷ് ചൂടല്‍ ദേശാഭിമാനി

No comments: