Monday, December 23, 2013

പശ്ചിമബംഗാള്‍ ഇന്ത്യയിലല്ലേ?

പശ്ചിമബംഗാള്‍ ഇന്ന് രാജ്യത്തിനുമുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്ത ഒരു സംഘത്തിന്റെ കൈപ്പിടിയില്‍ സംസ്ഥാനത്തിന്റെ ഭരണം എത്തിയതോടെ ബംഗാളിന്റെ അധഃപതനം തുടങ്ങിയതാണ്. കേന്ദ്രസര്‍ക്കാരിനു കീഴില്‍, അവരുടെ നയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികള്‍ നേരിട്ടുകൊണ്ടാണെങ്കിലും ജനക്ഷേമപരമായ ഭരണം നടത്തിവന്ന ഇടതുമുന്നണിയെ കുപ്രചാരണങ്ങളുടെ പ്രളയത്തിലൂടെ അട്ടിമറിച്ചാണ് മമത ബാനര്‍ജിയും സംഘവും ബംഗാളില്‍ അധികാരം പിടിച്ചത്. മുഖ്യധാരാ മാധ്യമങ്ങളും അവരുടെ കൂട്ടുകക്ഷിയായ കോണ്‍ഗ്രസും ഈ അട്ടിമറിക്ക് തൃണമൂലിന് ഒത്താശചെയ്തു. മാവോയിസ്റ്റുകളുമായി ഗൂഢാലോചന നടത്തി സംസ്ഥാനത്ത് രക്തപ്പുഴ ഒഴുക്കി. ഒടുവില്‍ അധികാരം ലഭിച്ചതോടെ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുകയെന്ന ശൈലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ഇതരകക്ഷികളെയും അനുവദിക്കില്ലെന്ന അഹന്തയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാട്ടുന്നത്.

സ്വതന്ത്രമായും നിര്‍ഭയമായും വോട്ടുചെയ്യാനുള്ള അവസരം കിട്ടുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. എന്നാല്‍, ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഇന്ന് ബംഗാളില്‍ ജനാധിപത്യം പുസ്തകത്താളുകളില്‍മാത്രമാണെന്ന് ബോധ്യപ്പെടും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യപരമായ എല്ലാ സംവിധാനങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താനുള്ള സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുതന്നെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കേണ്ടിവന്നു. രാജ്യത്തെ പരമോന്നതകോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പോലും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയില്ല.

തദ്ദേശതെരഞ്ഞെടുപ്പുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊലീസിന്റെ സഹായത്തോടെ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പണം ഭീഷണിയും അക്രമവും വഴി തടസ്സപ്പെടുത്തുക, പത്രിക നല്‍കിക്കഴിഞ്ഞ സ്ഥാനാര്‍ഥികളുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോവുക എന്നിവയെല്ലാം അരങ്ങേറി. തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക് മാനിക്കാതെ അക്രമിസംഘങ്ങള്‍ ബൈക്കുകളില്‍ സായുധരായി സഞ്ചരിച്ച് സംസ്ഥാനത്തുടനീളം ആക്രമണം നടത്തി. വോട്ടെടുപ്പ് നാളില്‍ ബൂത്തുകള്‍ പിടിച്ചെടുത്ത് കള്ളവോട്ടുകള്‍ചെയ്തു. ഇതുകാരണം പല വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഇതുവരെ സാധിച്ചിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം ഭരണകക്ഷിക്കാരെ വിജയികളായി പ്രഖ്യാപിക്കാന്‍ ചിലയിടങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നു!

ഇതെല്ലാം അതിജീവിച്ച് വിജയിച്ച ഇടതുമുന്നണി പ്രവര്‍ത്തകരെയും വെറുതെ വിടുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ ഭാരവാഹികളായ മൂന്നുപേരുള്‍പ്പെടെ അഞ്ച് ജനപ്രതിനിധികളെ തൃണമൂലുകാര്‍ നിഷ്ഠുരമായി വധിച്ചു. ഹൂഗ്ലി, പൂര്‍വ മേദിനിപ്പുര്‍, ഉത്തര 24 പര്‍ഗാനാസ് ജില്ലകളില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇടതുമുന്നണിയില്‍പ്പെട്ട ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി രാജിവയ്പിക്കാനോ കൂറുമാറ്റാനോ ശ്രമിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും തൃണമൂല്‍ ഹീനമായ ഇതേ തന്ത്രം പ്രയോഗിക്കുന്നു. കഴിഞ്ഞ എട്ടിന് ഇടതുമുന്നണിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ നരേന്‍ ഡേ(78)യെ തൃണമൂല്‍സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനുപോലും അക്രമികള്‍ തടസ്സം സൃഷ്ടിച്ചു.

2011 മെയ് മാസത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കഴിഞ്ഞ നവംബര്‍വരെ രണ്ട് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ 142 സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് തൃണമൂലുകാര്‍ വധിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 7433. ബലാത്സംഗത്തിനും സമാനമായ ആക്രമണങ്ങള്‍ക്കും വിധേയരായവര്‍ 1865. കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം 46,937. ഇടതുമുന്നണി പ്രവര്‍ത്തകരുടെ 5547 വീടും 2170 പാര്‍ടി-ട്രേഡ് യൂണിയന്‍ ഓഫീസുകളും കൊള്ളയടിക്കുകയും തീയിടുകയുംചെയ്തു. 54,938 പ്രവര്‍ത്തകരെയാണ് കള്ളക്കേസുകളില്‍ കുടുക്കിയത്. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം അട്ടിമറിച്ച് മുന്‍ ജന്മിമാര്‍ക്ക് ഭൂമി തിരിച്ചുനല്‍കുന്നു.

ഇടതുമുന്നണിക്കുനേരെ മാത്രമല്ല അക്രമം. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പരസ്യമായി ആക്രമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരെയും തൃണമൂലുകാര്‍ വെറുതെവിടുന്നില്ല. ഇത്തരത്തില്‍ ഭരണകക്ഷിതന്നെ ബംഗാളില്‍ ഭീകരത സൃഷ്ടിച്ചിരിക്കുന്നു. സംസ്ഥാനത്ത് പല നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ണമായ ഭീകരാന്തരീക്ഷമാണ്.

ഇതിനുപുറമെ ബംഗാളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗാളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ ശക്തമായ ജനാധിപത്യത്തിന് കൂടുതല്‍ വിപുലമായ പങ്കാളിത്തം എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് കമീഷന്‍ പ്രചരിപ്പിച്ചുവരികയാണ്. ബംഗാളില്‍ ഈ മുദ്രാവാക്യം വിജയിക്കണമെങ്കില്‍ കമീഷന്റെ ശക്തവും സത്വരവുമായ ഇടപെടല്‍ ആവശ്യമാണ്.

*
Deshabhimani Editorial

1 comment:

മുക്കുവന്‍ said...

my understanding is, these are the same people who supported LDF in westbengal past 25 years!!! its looks like, when they changed party name it become an issue for LDF :)