Friday, December 13, 2013

ബാലി പ്രഖ്യാപനം രാജ്യത്തിനു നേട്ടമോ?

ഒളിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചതുപോലെയാണ് ലോകവ്യാപാര സംഘടനയുടെ 9-ാം മന്ത്രിതല സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാകാര്യം നേടിയെടുത്ത മട്ടിലാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ബാലി പ്രഖ്യാപനത്തെ ചിത്രീകരിച്ചത്. ആഗോളവല്‍ക്കരണനയങ്ങളെ കണ്ണടച്ച് പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ പക്ഷേ, വാണിജ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തൊള്ളതൊടാതെ വിഴുങ്ങി. ചിലരാവട്ടെ, കഥയറിയാതെ ആട്ടം കാണുകയും. രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിരവധി വ്യവസ്ഥകള്‍ക്ക് വിധേയപ്പെട്ടുള്ള വ്യാപാര ഉദാരീകരണ പ്രക്രിയക്ക് അംഗീകാരം നല്‍കിയതോടെ യഥാര്‍ഥത്തില്‍ വികസ്വര പിന്‍നിര രാജ്യങ്ങളിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങളാണ് ബലികഴിക്കപ്പെട്ടത്. വികസിത- വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കാകെ ഒരേപോലെ കമ്പോളത്തില്‍ ഇടപെടാനവസരം ലഭിക്കുമെന്ന് കൊട്ടിഘോഷിക്കുന്നവര്‍, അതിന്റെ ഗുണഫലം സമ്പന്ന രാഷ്ട്രങ്ങള്‍ക്കാണ് ലഭിക്കുക എന്ന യഥാര്‍ഥ്യം മറച്ചുവച്ചു. കാര്‍ഷികമേഖലയില്‍ അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ നല്‍കുന്ന സബ്സിഡി ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ നിരവധി മടങ്ങാണ്. വന്‍തോതില്‍ സബ്സിഡി നല്‍കി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത പ്രവാഹത്തില്‍ മത്സരിച്ചുനില്‍ക്കാന്‍ നമ്മുടെ കാര്‍ഷികമേഖലയ്ക്കാവില്ല. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഡബ്ല്യുടിഒ കരാറുകളെ കാറ്റില്‍പ്പറത്തി സമ്പന്നരാഷ്ട്രങ്ങള്‍ നടപ്പാക്കുന്ന ഇത്തരം സബ്സിഡി നയത്തെ ബാലി ചര്‍ച്ചകളില്‍ ചോദ്യംചെയ്യാന്‍പോലും ഇന്ത്യക്കായിട്ടില്ലെന്നതാണ് വാസ്തവം.

പണയപ്പെടുത്തിയ പരമാധികാരം

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നിലവിലുണ്ടായിരുന്ന തടസ്സം മാറിക്കിട്ടിയെന്ന് പെരുമ്പറ മുഴക്കുന്നവര്‍ യഥാര്‍ഥ വസ്തുതകള്‍ സൗകര്യപൂര്‍വം വിട്ടുകളയുകയാണ്്. ഒരു പരമാധികാര രാഷ്ട്രത്തിന് തങ്ങളുടെ ആഭ്യന്തരനയം തീരുമാനിക്കാന്‍ ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെ അനുമതി വാങ്ങേണ്ടിവരുന്നത് അപമാനകരമാണ്. സാമ്രാജ്യത്വ ഇംഗിതത്തിന് വഴങ്ങി വ്യാപാര ഉദാരീകരണ നടപടികള്‍ക്കും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കും കാര്‍മികത്വം വഹിച്ച കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ രാജ്യത്തിന്റെ പരമാധികാരമാണ് പണയപ്പെടുത്തിയത്. ഉദാരവല്‍ക്കരണത്തിന്റെ മതിഭ്രമത്തിനടിപ്പെട്ട് ചൂണ്ടിക്കാണിച്ചിടത്തെല്ലാം ഒപ്പുവച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം നിയമവിരുദ്ധമാണെന്ന് ആക്ഷേപിച്ച് രംഗത്തുവരാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് അവസരമൊരുക്കിയത്. വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ പദ്ധതികളെ നിയമവിരുദ്ധമായി കണക്കാക്കുന്ന അമേരിക്ക ലോകത്തില്‍തന്നെ ഏറ്റവും ഉയര്‍ന്ന ഭക്ഷ്യസബ്സിഡി നല്‍കുന്ന രാജ്യമാണ്. ഭക്ഷ്യസബ്സിഡിയിനത്തില്‍ 100 ബില്യണ്‍ (പതിനായിരംകോടി) ഡോളറാണ് അമേരിക്ക വര്‍ഷാവര്‍ഷം ചെലവിടുന്നത്. 6.7 കോടി പൗരന്മാരുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ഇത്രയും തുക യുഎസ് ഭരണകൂടം ചെലവിടുമ്പോള്‍ കേവലം 20 ബില്യണ്‍ (രണ്ടായിരംകോടി) ഡോളര്‍മാത്രമാണ് ഇന്ത്യാ ഗവണ്‍മെന്റ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആകെ ചെലവിടണമെന്ന് കണക്കാക്കിയിട്ടുള്ളത്. അതാകട്ടെ, 82 കോടി ജനങ്ങള്‍ക്കും. അമേരിക്ക സബ്സിഡിനിരക്കില്‍ നല്‍കുന്ന വാര്‍ഷിക ആളോഹരി ഭക്ഷ്യധാന്യ ശരാശരി 358 കിലോഗ്രാമാണ്. ഇന്ത്യയില്‍ മാസം ഒരാള്‍ക്ക് അഞ്ചുകിലോവച്ച് വര്‍ഷം 60 കിലോ ഭക്ഷ്യവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ നല്‍കുമെന്ന വാഗ്ദാനംമാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ നിലയില്‍ വന്‍തോതില്‍ ഭക്ഷ്യസബ്സിഡി തങ്ങളുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി വിനിയോഗിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്, മൂന്നാംലോകരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ സ്വതന്ത്ര വാണിജ്യത്തെ (വ്യാപാരക്കൊള്ള) അട്ടിമറിക്കുന്ന നടപടികളാണ്. അമേരിക്കന്‍ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ മാനവസേവനവും മൂന്നാം ലോകരാജ്യങ്ങളുടേത്  വ്യാപാര അട്ടിമറിയും. രാജ്യത്തെ ദാരിദ്ര്യം തങ്ങളുടെ നിയന്ത്രണത്തിലുള്ള ലോകവ്യാപാര സംഘടനയുടെ കച്ചവടത്തിനുവേണ്ടി ഒരുക്കിവയ്ക്കേണ്ടതാണെന്ന അമേരിക്കന്‍ നിലപാടിനെ ചോദ്യംചെയ്യാന്‍ കേന്ദ്ര വാണിജ്യമന്ത്രിക്കും സംഘത്തിനും എന്തേ കഴിയാതെ പോയത്? കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം പരിമിതികളേറെ ഉള്ളതാണെന്ന് വ്യക്തം. ജനങ്ങളുടെയാകെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പര്യാപ്തമായ ഒന്നല്ല ഇത്. ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യവസ്ഥ ചെയ്തതുപ്രകാരം 82 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കുന്നതിന് 62 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, 1995 ജൂണില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകരിച്ച കാര്‍ഷിക ഉടമ്പടി (എഗ്രിമെന്റ് ഓണ്‍ അഗ്രിക്കള്‍ച്ചര്‍) പ്രകാരം ഇത്രയും ഭക്ഷ്യധാന്യം സംഭരിക്കാന്‍ പ്രായോഗികമായി സാധ്യമല്ല. ലോകവ്യാപാര സംഘടനയുടെ കാര്‍ഷിക ഉടമ്പടിയിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്താത്തപക്ഷം അംഗരാജ്യങ്ങളില്‍നിന്നുള്ള നിയമനടപടികള്‍ക്ക് ഇന്ത്യ വിധേയമാകേണ്ടുന്ന സ്ഥിതിയുണ്ടാകും.

അമേരിക്കന്‍ കുതന്ത്രം

ലോകവ്യാപാര സംഘടനയുടെ 1995ലെ മന്ത്രിതല സമ്മേളനമാണ് കാര്‍ഷിക ഉടമ്പടി (എഗ്രിമെന്റ് ഓണ്‍ അഗ്രികള്‍ച്ചര്‍- എഒഎ) അംഗീകരിച്ചത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിന് കാര്‍ഷിക സബ്സിഡികളെല്ലാം ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശത്തിനാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സബ്സിഡികളാകെ മൂന്നു വിഭാഗങ്ങളായി (ആംബര്‍ ബോക്സ്, ബ്ലൂബോക്സ്, ഗ്രീന്‍ ബോക്സ്) തരംതിരിക്കുകയും ഇതില്‍ ഏതൊക്കെ എത്രത്തോളം വെട്ടിച്ചുരുക്കണമെന്ന് നിര്‍ദേശിക്കുകയുംചെയ്തു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നതും ഉയര്‍ന്ന വിലയ്ക്ക് സംഭരിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളും ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്ന സബ്സിഡികളുമാണ് സ്വതന്ത്രവ്യാപാരത്തെ തടസ്സപ്പെടുത്തുന്നതെന്നും ഇത്തരത്തിലുള്ള സബ്സിഡികള്‍ (ആംബര്‍ബോക്സ്) ഉല്‍പ്പാദനച്ചെലവിന്റെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥചെയ്തു. അതോടൊപ്പം അഗ്രിബിസിനസ് സ്ഥാപനങ്ങള്‍ക്കും വന്‍കിട ഉല്‍പ്പാദകര്‍ക്കും സഹായകരമാംവിധം അടിസ്ഥാനസൗകര്യങ്ങള്‍, കമ്പോള-തുറമുഖ സൗകര്യങ്ങള്‍, ജലസേചനം, വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ട് നല്‍കുന്ന സബ്സിഡികള്‍ ഗ്രീന്‍ ബോക്സ് സബ്സിഡികളായി കണക്കാക്കി തുടരാന്‍ അനുവദിക്കുകയും ചെയ്തു. കാര്‍ഷിക ഉടമ്പടി നിലവില്‍വന്നശേഷം കേന്ദ്രസര്‍ക്കാര്‍ സംഭരണം പരിമിതപ്പെടുത്തുകയും സബ്സിഡികള്‍ വെട്ടിച്ചുരുക്കുകയുംചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്ന രീതി കടലാസിലൊതുങ്ങി. താങ്ങുവില നിശ്ചയിച്ചാലും സംഭരണ സംവിധാനത്തിന്റെ അഭാവത്തില്‍ കൃഷിക്കാരന്‍ പൂര്‍ണമായും കമ്പോളവിലയുടെ കയറ്റിറക്കങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. കാര്‍ഷിക ഉടമ്പടിക്കരാറിന്റെ മറവില്‍ വന്‍തോതില്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളാകട്ടെ തങ്ങളുടെ കാര്‍ഷിക സബ്സിഡിയില്‍ ചില്ലിക്കാശിന്റെ കുറവ് വരുത്തിയില്ല. ആംബര്‍ ബോക്സ് സബ്സിഡിയില്‍ കരാര്‍ പ്രകാരമുള്ള കുറവ് വരുത്തിയപ്പോള്‍ ഗ്രീന്‍ ബോക്സ് സബ്സിഡി വന്‍തോതില്‍ വര്‍ധിപ്പിച്ച് ഉടമ്പടി ലംഘിക്കാതെ സബ്സിഡി നിലനിര്‍ത്തുകയും വര്‍ധിപ്പിക്കുകയുമാണുണ്ടായത്. ഡബ്ല്യുടിഒ കരാര്‍ സാങ്കേതികമായി ലംഘിക്കാതെതന്നെ ഈ രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ഷിക സബ്സിഡി തുടര്‍ന്നും വന്‍തോതില്‍ വര്‍ധിപ്പിച്ചു. 1995ല്‍ അമേരിക്കയുടെ കാര്‍ഷിക സബ്സിഡി 61 ബില്യണ്‍ (6100 കോടി) ഡോളറായിരുന്നു. അത് 2010 ആകുമ്പോഴേയ്ക്കും 130 ബില്യണ്‍ (13,000 കോടി) ഡോളറായി വര്‍ധിച്ചു. ഇതില്‍ 120 ബില്യണ്‍ (12,000 കോടി) ഡോളറും ഗ്രീന്‍ബോക്സ് സബ്സിഡി ആണ്. സ്വതന്ത്ര വ്യാപാരവും മറ്റും ഉറപ്പുവരുത്തുന്നതിന് സബ്സിഡി വെട്ടിച്ചുരുക്കാന്‍ ഗൂഢതന്ത്രം മെനഞ്ഞ അമേരിക്ക കുതന്ത്രത്തിലൂടെ തങ്ങളുടെ അഗ്രിബിസിനസ് സ്ഥാപനങ്ങള്‍ക്കും വന്‍കിട ഉല്‍പ്പാദകര്‍ക്കും വന്‍തോതില്‍ സബ്സിഡി നല്‍കിക്കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള കമ്പോളത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് വ്യാപാര സംബന്ധിയായ സൗകര്യങ്ങള്‍ (Trade Facilitation) ഒരുക്കുന്നതിനുള്ള ആഗോളകരാറിലൂടെ ലഭിക്കുന്നത്. സ്വതന്ത്രവ്യാപാരത്തെ അട്ടിമറിക്കുന്ന നടപടികള്‍ യഥാര്‍ഥത്തില്‍ സ്വീകരിക്കുന്നത് അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളാണ്. എന്നിട്ടും മൂന്നാം ലോകരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ പദ്ധതികളെ അട്ടിമറിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. അമേരിക്കന്‍ മുതലാളിമാര്‍ക്ക് കൊള്ളയടിക്കാനുള്ള ഒന്നായി മൂന്നാംലോകരാജ്യങ്ങള്‍ അവരുടെ ദാരിദ്ര്യത്തെയും പട്ടിണിയെയും എക്കാലത്തും നിലനിര്‍ത്തണമെന്നാണ് അമേരിക്കന്‍ തീട്ടൂരം.

തിരിഞ്ഞുകൊത്തിയ നയം

ഉദാരവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള അത്യാവേശത്തില്‍ 1995ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ച കാര്‍ഷിക ഉടമ്പടിയാണ് യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ തടസ്സമായത് എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്കരിച്ചു. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനംവഴി വിതരണംചെയ്യാന്‍ വിപുലമായ സംഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മൊത്തം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആകെ മൂല്യത്തിന്റെ 10 ശതമാനത്തിലേറെ കാര്‍ഷിക സബ്സിഡി നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ പാലിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ ഈനിലയില്‍ സംഭരിക്കുമ്പോള്‍ സാധിക്കാതെവരും. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുമ്പോള്‍ സ്വാഭാവികമായും സബ്സിഡി നല്‍കേണ്ടിവരും. അത്തരമൊരു ഘട്ടത്തില്‍ സബ്സിഡി നിരക്ക് അനുവദനീയമായതിലുമേറെയാകും. കേന്ദ്രസര്‍ക്കാര്‍ രാജ്യ താല്‍പ്പര്യങ്ങള്‍ ബലികഴിച്ച് നേരത്തെ ഒപ്പുവച്ച ലോക വ്യാപാര സംഘടനയുടെ കാര്‍ഷിക ഉടമ്പടി ലംഘിക്കാതിരിക്കണമെങ്കില്‍ ഉടമ്പടിയില്‍ത്തന്നെ ഭേദഗതി വരുത്തുകയല്ലാതെ നിര്‍വാഹമില്ല. ദരിദ്ര ചെറുകിട കര്‍ഷകരില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുമ്പോള്‍ എഒഎ കരാര്‍ പ്രകാരം 1986-88ലെ കമ്പോളവിലയുമായി താരതമ്യപ്പെടുത്തിയാണ് എത്ര സബ്സിഡി നല്‍കുന്നുണ്ടെന്ന് കണക്കാക്കുന്നത്. 1986-88നു ശേഷം വന്‍തോതില്‍ പണപ്പെരുപ്പം വര്‍ധിക്കുകയും ഇതിന്റെ ഫലമായി ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയാണ് മൊത്തം സബ്സിഡി കണക്കാക്കുന്നത്. ഇത്തരത്തില്‍ അശാസ്ത്രീയമായ ഉടമ്പടി വ്യവസ്ഥയില്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യ, ചൈന, പാകിസ്ഥാന്‍, വെനസ്വേല, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും നിരവധി ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങളും ഒത്തുചേര്‍ന്ന് ജി-33 എന്ന കൂട്ടായ്മയുണ്ടാക്കി 2012 മുതല്‍ ഇതിനായി പരിശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഉടമ്പടി വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ സന്നദ്ധമായിരുന്നില്ലെന്ന് മാത്രമല്ല, ഈയൊരവസരം മുതലെടുത്ത് കൂടുതല്‍ വ്യാപാര ഉദാരീകരണപരിപാടികള്‍ അംഗീകരിപ്പിച്ചെടുക്കുന്നതിനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. &ഹറൂൗീ;വാണിജ്യത്തിന് സൗകര്യമൊരുക്കല്‍ (ട്രേഡ് ഫെസിലിറ്റേഷന്‍) വ്യവസ്ഥയിലൂടെ അഗ്രിബിസിനസ് സ്ഥാപനങ്ങളുടെ കാര്‍ഷികവ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള അവസരമാക്കി വികസിത രാജ്യങ്ങള്‍ ഇതിനെ ഉപയോഗിക്കുകയാണുണ്ടായത്.വ്യാപാര ഉദാരീകരണം എന്ന പദപ്രയോഗത്തിനു പകരം വ്യാപാര സംബന്ധിയായ സൗകര്യങ്ങള്‍ എന്ന പുതിയ പ്രയോഗം സമര്‍ഥമായി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുങ്കം വെട്ടിക്കുറച്ച് കാര്‍ഷിക-വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ തടസ്സമില്ലാത്ത വ്യാപാരം ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാലോക രാജ്യങ്ങളിലെ വന്‍കിട അഗ്രിബിസിനസ് സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സഹായകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കൃഷിക്കാരെയും ചെറുകിട ഉല്‍പ്പാദകരെയും ഗുരുതരമായി ബാധിക്കുന്നതാണ് ഈ കരാര്‍. ഇന്തോ-ആസിയാന്‍ കരാറിലൂടെ രാജ്യത്തെ വന്‍കിട ടയര്‍ കമ്പനികള്‍ക്ക് ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ റബര്‍ ഇറക്കുമതിക്ക് അവസരം ലഭിച്ചപ്പോള്‍ അത് ആഭ്യന്തര റബര്‍ കമ്പോളത്തിനുണ്ടാക്കിയ വിനാശകരമായ പ്രതിഫലനം നാം അനുഭവിക്കുകയാണ്. എന്നിട്ടും വ്യാപാര തടസ്സം നീക്കിക്കിട്ടുന്നതിലൂടെ രാജ്യത്തിന് വന്‍ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് പ്രചരിപ്പിക്കുന്നത് തികഞ്ഞ ജനവഞ്ചനയാണ്.

വീണ്ടും ആത്മവഞ്ചന


ജി-33 കൂട്ടായ്മയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സമ്പന്ന രാഷ്ട്രങ്ങളുമായി ചേര്‍ന്ന് തങ്ങളുടെ മുന്‍നിലപാടില്‍ മാറ്റം വരുത്തുകയാണ് യഥാര്‍ഥത്തില്‍ ഇന്ത്യ ചെയ്തത്. വികസിത രാജ്യങ്ങള്‍ അഗ്രിബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കിവരുന്ന വന്‍തോതിലുള്ള സബ്സിഡി നിരക്കില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നതിനുപോലും ഇന്ത്യ തയ്യാറായില്ല. ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള താല്‍ക്കാലിക പരിഹാരമുണ്ടാക്കുക എന്നതായിരുന്നില്ല ജി- 33 കൂട്ടായ്മയുടെ ഉദ്ദേശ്യം. മറിച്ച് 1995ലെ കാര്‍ഷിക ഉടമ്പടി നിയമത്തില്‍ ഭേദഗതി വരുത്തി ശാശ്വത പരിഹാരത്തിനുള്ള ശ്രമമാണ് ജി-33 നടത്തിയിരുന്നത്. ഈ നീക്കത്തിന് ഇന്ത്യ ശക്തമായ പിന്തുണ നല്‍കിയിരുന്നെങ്കില്‍ മൂന്നാംലോകരാജ്യങ്ങളുടെയാകെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി മുന്‍ നിലപാടുകളില്‍ അയവ് വരുത്തിയുള്ള സമാധാന ചട്ട(പീസ് ക്ലോസ്) പ്രകാരമുള്ള താല്‍ക്കാലിക പരിഹാരത്തിനാണ് ഇന്ത്യ ശ്രമിച്ചത്. ഈ നീക്കമാണ് യഥാര്‍ഥത്തില്‍ ജി-33 രാഷ്ട്രങ്ങളുടെ പരിശ്രമത്തെ ദുര്‍ബലമാക്കിയത്.

ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ക്കായുള്ള താല്‍ക്കാലിക അംഗീകാരം ലഭിച്ചെങ്കിലും അതിന് രാജ്യം വലിയ വില നല്‍കേണ്ടിവരും. ഭക്ഷ്യസുരക്ഷാ പദ്ധതിയുമായും ഭക്ഷ്യസംഭരണവുമായും ബന്ധപ്പെട്ട സകല വിവരങ്ങളും ഇനിമുതല്‍ ഇന്ത്യ അംഗരാജ്യങ്ങള്‍ക്ക് കൈമാറേണ്ടിവരും. ലോകവ്യാപാര സംഘടനയുടെ കാര്‍ഷിക സമിതി ഈ പദ്ധതികളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴില്‍ ഏതൊക്കെ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും (പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മാത്രമാണ് അനുവാദം) പരമ്പരാഗത ഭക്ഷ്യശീലങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും, ഭക്ഷ്യധാന്യസംഭരണം, ഇതിന് നിശ്ചയിക്കുന്ന വില, എത്രത്തോളം സംഭരണം നടത്തിയിട്ടുണ്ട് എന്നതുള്‍പ്പെടെ സകല വിവരങ്ങളും ബ്രട്ടന്‍വുഡ്സ് യജമാനന്മാര്‍ക്ക് നല്‍കാമെന്ന് ഏറ്റിട്ടാണ് ആനന്ദ്ശര്‍മയുടെ വരവ്. രാജ്യത്തിന്റെ ആഭ്യന്തരനയത്തിലും പരിപാടികളിലും വിദേശശക്തികള്‍ക്ക് ഇടപെടുന്നതിനുള്ള അവസരമൊരുക്കിയിട്ടും ഇതെല്ലാം വന്‍ നേട്ടമായി ചിത്രീകരിക്കുന്നത് ചെപ്പടിവിദ്യയും തികഞ്ഞ കാപട്യവുമാണ്.

*
കെ കെ രാഗേഷ് ദേശാഭിമാനി

No comments: