Sunday, December 15, 2013

ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിലേക്കോ?

പാകിസ്ഥാന്റെ അധീനതയിലുള്ള ജമ്മു കശ്മീര്‍ കൗണ്‍സിലിനെ അഭിസംബോധനചെയ്ത് ഡിസംബര്‍ അഞ്ചിന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് പ്രസ്താവിച്ചത്, ""ജമ്മു കശ്മീര്‍ തര്‍ക്കം ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാലാമത്തെ യുദ്ധത്തിന് കാരണമാകാനിടയുണ്ട്"" എന്നാണ്. കശ്മീര്‍ അത്ര സ്ഫോടനാത്മകമാണെന്നും ഏതു സമയത്തും യുദ്ധം ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ പ്രതികരണത്തിന് വൈകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉടന്‍ മറുപടി നല്‍കി, ""എന്റെ ജീവിതകാലത്ത് അത്തരം ഒരു യുദ്ധത്തില്‍ പാകിസ്ഥാന്‍ വിജയിക്കുന്നതിന് ഒരു സാധ്യതയുമില്ല"". പിറ്റേന്നുതന്നെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധക്കുറിപ്പുമായി രംഗത്തെത്തി. അങ്ങനെ ഒരു പ്രസ്താവന ഷെറീഫ് നടത്തിയിട്ടില്ലെന്നും ഇന്ത്യ-പാക് തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നുമൊക്കെയായിരുന്നു വിശദീകരണം.

ഇന്ത്യ-പാക് ആണവായുധ യുദ്ധമുണ്ടാക്കാവുന്ന വിനാശത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ പത്തിന് ഭിഷഗ്വരന്മാരുടെ രണ്ട് പ്രമുഖ സംഘടനകള്‍ പ്രസിദ്ധീകരിച്ചു. "ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍", "ഫിസിഷ്യന്‍സ് ഫോര്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി" (International Association for prevention of Nuclear war, Physician for Social Responsibility)എന്നിവയാണ് ഈ സംഘടനകള്‍. 200 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യക്ഷാമംമൂലമുള്ള പട്ടിണിമരണം ഉണ്ടാകത്തക്കവിധം അന്തരീക്ഷത്തെ തകര്‍ക്കുകയും കൃഷിനാശമുണ്ടാക്കുകയും ചെയ്യാന്‍ ഒരു "പരിമിത" ആണവയുദ്ധത്തിനുകഴിയും. യുദ്ധഫലമായി നേരിട്ട് കൊല്ലപ്പെടുന്ന രണ്ടോ മൂന്നോ കോടികള്‍ക്കുപുറമെയാണിത്. മാസങ്ങള്‍ക്കുമുമ്പ് ജനുവരി 21ന്, ആണവയുദ്ധസാധ്യതകള്‍ കണക്കിലെടുത്ത് ജാഗ്രതപാലിക്കാനും സാധ്യമായ കരുതല്‍നടപടികളെടുക്കാനും സൈന്യനേതാക്കള്‍ കശ്മീരിലെ ജനങ്ങളെ "ഉപദേശിച്ചു". വീടുകള്‍ക്കുതാഴെ ഒരു നിലപണിയുക, രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും സൂക്ഷിക്കുക തുടങ്ങിയവ അടങ്ങിയതായിരുന്നു ആ നിര്‍ദേശം. അതിനുതൊട്ടുപിന്നിലെ ആഴ്ചകളും മാസങ്ങളും അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുകയും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ കൊല്ലപ്പെടുകയുംചെയ്തു. ഈ സംഘട്ടനങ്ങളുമായി "ഉപദേശ"ത്തിന് ബന്ധമൊന്നുമില്ലെന്നും അത് പൊതുവായ ചില നിര്‍ദേശങ്ങള്‍ മാത്രമായിരുന്നുവെന്നും സൈന്യം വിശദീകരണം നല്‍കി.

"ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റിജിക് സ്റ്റഡീസി"ന്റെ വാര്‍ഷിക തന്ത്രപര അവലോകനം (സെപ്തംബര്‍ 12), യുദ്ധരംഗത്ത് ഉപയോഗിക്കാവുന്ന അടവുപര (tactical-) ആണവായുധങ്ങള്‍ പാകിസ്ഥാന്‍ വികസിപ്പിക്കുന്നത് ഉപഭൂഖണ്ഡത്തില്‍ ആണവസംഘട്ടനത്തിനുള്ള സാധ്യത വളര്‍ത്തുന്നതായി വിലയിരുത്തി. തത്വത്തില്‍ ഹ്രസ്വദൂര, അടവുപര, ആണവായുധങ്ങള്‍ ശത്രുസൈന്യത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ഉപയോഗിക്കാം. 1980കളില്‍ യുറോപ്പില്‍ ഏറ്റവും അധികം സംഘര്‍ഷം പാശ്ചാത്യരാഷ്ട്രങ്ങളും സോവിയറ്റ് യൂണിയനും തമ്മില്‍ ഉണ്ടായതും, "പരിമിത" ആണവയുദ്ധത്തെപ്പറ്റി സംവാദം ഉണ്ടായതും, യുദ്ധരംഗ-അടവുപര ആണവായുധങ്ങള്‍ അമേരിക്ക യൂറോപ്പില്‍ വിന്യസിച്ചപ്പോഴാണ്. ഇന്ന് ലോകത്തില്‍ ആണവായുധപന്തയം ഏറ്റവും സജീവമായുള്ളത് ദക്ഷിണേഷ്യയിലാണ്, പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍. അമേരിക്കയും റഷ്യയും അല്‍പ്പം ആണവായുധ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഫ്രാന്‍സും ബ്രിട്ടനും ആയുധശേഖരം ഇപ്പോഴുള്ളതുപോലെ നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് ദക്ഷിണേഷ്യയിലെ അപകടകരമായ പന്തയം. ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ 2013 നവംബറിലെ കണക്കനുസരിച്ച് ഇന്ത്യക്ക് 100 വരെയും പാകിസ്ഥാന് 110 വരെയും ആണവായുധങ്ങള്‍ ഉണ്ട്; ചൈനയ്ക്ക് ഏതാണ്ട് 240ഉം. ആണവ വ്യാപനനിരോധന ഉടമ്പടി(Non-Proliferation Treaty) യുടെ നിര്‍വചനമനുസരിച്ച്- ഉടമ്പടിയില്‍ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട്- "ആണവായുധ രാഷ്ട്രങ്ങളല്ല" രണ്ടുരാജ്യങ്ങളും. ആണവായുധങ്ങള്‍ കൈവശമുള്ള രാഷ്ട്രങ്ങളാണ്. ഇന്ത്യക്കാണെങ്കില്‍, 2005ല്‍ പ്രസിഡന്റ് ബുഷ് ഇന്ത്യയുടെ ആണവായുധപദവിക്ക് അംഗീകാരം നല്‍കിയെന്ന് അവകാശപ്പെടാം.

എല്ലാ ആണവായുധ രാഷ്ട്രങ്ങളും ആയുധങ്ങള്‍ സ്വായത്തമാക്കിയിരിക്കുന്നത്, "തടസ്സപ്പെടുത്തല്‍" എന്ന കാലഹരണപ്പെട്ട ആണവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയും പാകിസ്ഥാനും അങ്ങനെതന്നെ. ഇന്ത്യയെ ഏതെങ്കിലും രാജ്യം ആണവായുധങ്ങള്‍കൊണ്ട് ആക്രമിച്ചാല്‍ ഉടനടി ആണവായുധം ഉപയോഗിച്ച് കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കാനുള്ള കഴിവാണ് "ഡിറ്ററന്‍സി"ന് ആവശ്യം. ഇതിന് രണ്ടാം പ്രഹരശക്തിയും ഏതുനിമിഷത്തിലും ആണവായുധം ഉപയോഗിക്കാനുള്ള സന്നദ്ധതയും തയ്യാറെടുപ്പും വേണം. ആണവായുധം തടയാനായി ആണവയുദ്ധത്തിന് തയ്യാറെടുക്കുന്നതാണ് "ഡിറ്ററന്‍സ്". 1998ല്‍ ഇന്ത്യ ആണവായുധങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഇനിയും പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറാകയില്ലെന്ന് ഇന്ത്യയുടെ നേതാക്കള്‍ അവകാശപ്പെട്ടു. ഒരു വര്‍ഷം കഴിയുന്നതിനുമുമ്പ് കാര്‍ഗില്‍ യുദ്ധമുണ്ടായി. പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ അനുമതിയോ അറിവുപോലുമോ ഇല്ലാതെ, സൈനിക മേധാവി ജനറല്‍ മുഷറഫ് ആണവായുധ വിന്യാസത്തിന് തയ്യാറെടുക്കുകയായിരുന്നു. ആ വിവരം ലഭിച്ചപ്പോഴാണ് പ്രസിഡന്റ് ബില്‍ക്ലിന്റണ്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെട്ടതും യുദ്ധം അവസാനിപ്പിച്ചതും.

ലോകത്തില്‍ ഏറ്റവും അപകടംനിറഞ്ഞ സ്ഥലം കശ്മീരാണെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധകാര്യത്തില്‍ രണ്ടു രാജ്യങ്ങളും അമേരിക്കയുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. രണ്ടു രാജ്യങ്ങളും ചേര്‍ന്ന് കശ്മീര്‍പ്രശ്നത്തെ ഒരു ആണവപ്രശ്നമാക്കുകയും ചെയ്തിരുന്നു. ആണവസുരക്ഷയുടെ പേരില്‍ ഉപഭൂഖണ്ഡത്തില്‍ ഇടപെടാന്‍ വളരെവേഗം വാഷിങ്ടണ് വേറൊരവസരം ലഭിച്ചു. ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിനുമേല്‍ ഭീകരാക്രമണം ഉണ്ടാകുകയും പാകിസ്ഥാന് ലഷ്കര്‍ ഇ തോയ്ബയിലൂടെ അതില്‍ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷം വര്‍ധിക്കുകയും ഇരുരാജ്യങ്ങളും പുതിയ യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുകയുംചെയ്തു. 1971നുശേഷം ഉപഭൂഖണ്ഡത്തിലുണ്ടായ, രണ്ടുരാജ്യങ്ങളും ആണവായുധങ്ങള്‍ സ്വായത്തമാക്കിയതിനുശേഷമുള്ള, ഏറ്റവും വലിയ സൈനിക സന്നാഹമാണ് അപ്പോഴുണ്ടായത്. ഏതായാലും 2002 ആരംഭമായപ്പോഴേക്കും സംഘര്‍ഷം വളരെ കുറഞ്ഞു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍, 2002 മെയില്‍ കശ്മീരിനുള്ളില്‍ വന്‍തോതില്‍ ഭീകരാക്രമണമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തി.

ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല, പുറത്തും നാശം വിതയ്ക്കാവുന്ന ആണവയുദ്ധത്തിന്റെ സാധ്യത ഉയര്‍ന്നതായി പരിഗണിക്കപ്പെട്ടു. രണ്ടു വലിയ സൈന്യങ്ങള്‍ ഏതാണ്ട് ആറുമാസത്തോളം അതിര്‍ത്തിയില്‍ പരസ്പരം നേരിട്ട് നിലയുറപ്പിച്ചു. ഇതിനു മുമ്പുണ്ടായിട്ടുള്ള പ്രതിസന്ധികളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത് രണ്ടുഭാഗത്തുനിന്നും ആണവായുധ ഉപയോഗത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടായതാണ്. 2002ലെ യുദ്ധസന്നാഹവേളയില്‍ പ്രധാനമന്ത്രി വാജ്പേയി സ്വന്തം അനുയായികളോടു പറഞ്ഞു, "സ്വയം പ്രതിരോധത്തിന് ഒരു ആയുധവും ഉപയോഗിക്കാന്‍ ഇന്ത്യ മടിക്കുകയില്ല. ശത്രുവിന് എങ്ങനെ മുറിവേറ്റാലും ഏതായുധവും പ്രയോഗിക്കുവാന്‍ ഇന്ത്യ മടിക്കുകയില്ല". പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: "പ്രഹരം ഏല്‍ക്കുവാനും അതിജീവിക്കുവാനും തിരിച്ചടിക്കുവാനും ഇന്ത്യക്ക് കഴിയും. അതോടെ പാകിസ്ഥാന്റെ കഥ കഴിയും". ഇന്ത്യയുടെ സൈനികശക്തിക്കെതിരെ പാകിസ്ഥാന്റെ ഭൂപരമായ അഖണ്ഡത പരിരക്ഷിക്കാനുള്ള അന്തിമ ഉറപ്പാണ് ആണവായുധങ്ങളെന്നാണ് ആദ്യംമുതല്‍ പാകിസ്ഥാന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മുഷറഫ് ഇന്ത്യയുടെ ഭീഷണിക്കെതിരെ ആണവായുധം ഉയര്‍ത്തിക്കാട്ടി. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ പ്രസ്താവനകള്‍ സാര്‍വദേശീയതലത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ രണ്ടുകൂട്ടരും ആണവായുധ ഭീഷണി അവസാനിപ്പിച്ചു.

ലോകത്തില്‍ ആണവായുധ യുദ്ധസാധ്യത ഏറെയുള്ള പ്രദേശമാണ് നമ്മുടേത്. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പിന്മാറുന്നത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനിടയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ-പാക് ബന്ധങ്ങളില്‍ പുതിയ പ്രതിമാനങ്ങളുണ്ടാകും. നവാസ് ഷെറീഫിനുള്ള മറുപടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിജയത്തെയും പരാജയത്തെയുംപറ്റി പറഞ്ഞു. ഒരു ചോദ്യം അവശേഷിക്കുന്നു. ഒരു ആണവയുദ്ധമുണ്ടായാല്‍ ആരാണ് പരാജയപ്പെടുന്നത്, ആരാണ് വിജയിക്കുന്നത്, മനുഷ്യരാശിയുടെതന്നെ വിനാശത്തിലേക്ക് എത്തിക്കുന്ന ആണവയുദ്ധത്തില്‍?

*
നൈനാന്‍ കോശി

No comments: