Wednesday, December 18, 2013

ഖനനവിവാദത്തിന്റെ രാഷ്ട്രീയം

ഇരുമ്പയിര് ഖനന വിവാദമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. കോഴിക്കോട് ജില്ലയില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും അതിനു പിന്നില്‍ അഴിമതി നടന്നെന്നും ആ മാധ്യമങ്ങള്‍ തട്ടിവിട്ടു. പൊതുമേഖലാ കമ്പനിയുടെ അപേക്ഷ തള്ളിയാണ് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ പങ്കാളികളായി. വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി റദ്ദുചെയ്തതായും ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെയും അന്ന് വ്യവസായമന്ത്രിയായിരുന്ന ഈ ലേഖകനെയും ലക്ഷ്യംവച്ചായിരുന്നു കോലാഹലങ്ങള്‍.

അനുമതിയുടെ കഥ

സംസ്ഥാനത്തൊരിടത്തും ഇരുമ്പയിര് ഖനനം നടത്താന്‍ ഒരു കമ്പനിക്കും നാളിതുവരെ അനുമതി നല്‍കിയിട്ടില്ല. കോഴിക്കോട് ജില്ലയില്‍, ഇരുമ്പയിര് നിക്ഷേപമുള്ളതായി കണ്ടെത്തിയ പ്രദേശത്തെന്നല്ല, കേരളത്തില്‍ ഒരിടത്തും ഒരാളും ഇരുമ്പയിര് ഖനനം നടത്തിയിട്ടില്ല. ഇരുമ്പയിര്, "മേജര്‍ മിനറല്‍" വിഭാഗത്തിലാണ്. അത്തരം ധാതുക്കള്‍ ഖനനംചെയ്യാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനുമാത്രമേ അധികാരമുള്ളൂ. കേന്ദ്ര മൈനിങ് നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകളാണുള്ളത്. അത്തരം വ്യവസ്ഥകള്‍ അനുസരിച്ച് കേന്ദ്രം അനുമതി നല്‍കിയാല്‍ മാത്രമേ, ഏത് സംസ്ഥാന സര്‍ക്കാരിനും അതതു സംസ്ഥാനത്ത് ഖനനത്തിന് അനുമതി നല്‍കാനാകൂ. കോഴിക്കോട് ജില്ലയില്‍ ഇരുമ്പയിര് ഖനനത്തിന് ഒരു കമ്പനിക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. പിന്നെ സംസ്ഥാന സര്‍ക്കാര്‍ ഖനനാനുമതി നല്‍കി എന്ന് പ്രചരിപ്പിക്കുന്നത് നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യംവച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മാത്രമാണ്.

എന്താണ് സംഭവിച്ചത്?

ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ആണ് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, നന്മണ്ട, ചെറൂപ്പ എന്നിവിടങ്ങളില്‍ ഇരുമ്പയിര് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഖനനത്തിനുള്ള അനുമതി നേടുന്നതിന്റെ ഭാഗമായ നടപടികളുടെ ആരംഭമെന്ന നിലയില്‍ ഏതാനും കമ്പനികള്‍ കേരളസര്‍ക്കാരിന്റെ മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പിന് അപേക്ഷ നല്‍കി. ചെറൂപ്പ, നന്മണ്ട പ്രദേശങ്ങളിലെ ഭൂമി സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണ്. അല്‍പ്പം റവന്യൂ ഭൂമിയുമുണ്ട്. ചക്കിട്ടപാറയില്‍, വനംവകുപ്പ് പാട്ടത്തിന് നല്‍കി കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കൈവശംവയ്ക്കുന്ന റബര്‍തോട്ടവും വനഭൂമിയും സ്വകാര്യവ്യക്തികള്‍ കൈവശംവയ്ക്കുന്ന ഭൂമിയുമാണുള്ളത്. അപേക്ഷനല്‍കിയ ഒരു കമ്പനിക്കും ഈ പ്രദേശങ്ങളില്‍ ഒരിഞ്ചു ഭൂമിപോലുമില്ല. ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും ഭൂമിയില്‍ പ്രവേശിക്കണമെങ്കില്‍ ഭൂഉടമയുടെ അനുവാദം വാങ്ങണം; ഭൂമി വിലയ്ക്ക് വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ വേണം. അതിനുള്ള ഒരു നടപടിയും ആരും ഇതുവരെ ആരംഭിച്ചിട്ടില്ല.

ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കണമെങ്കില്‍ ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "മൈനിങ് പ്ലാന്‍" സമര്‍പ്പിക്കണം. മൈനിങ് പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദിഷ്ട സ്ഥലത്ത് സര്‍വേ നടത്തണം. മൈനിങ് പ്ലാന്‍ സമര്‍പ്പിക്കപ്പെട്ടതിനുശേഷം സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ പാരിസ്ഥിതിക പഠനം നടത്തണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പരിസ്ഥിതി അനുമതി നല്‍കേണ്ടത്. പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിനുമുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കണം. ഇങ്ങനെ നിരവധി കടമ്പകള്‍ കടന്നുവേണം കേന്ദ്ര അനുമതി ലഭിക്കാന്‍. അതൊന്നും ഇതുവരെ ആരംഭിക്കുകപോലും ചെയ്തിട്ടില്ല.

ഇതിനെല്ലാം പുറമെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ചക്കിട്ടപാറ വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി. ഈ മേഖലയില്‍ ഒരുവിധ ഖനനവും പാടില്ലെന്നാണ് റിപ്പോര്‍ട്ട് അനുശാസിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളില്‍ നിലവിലുള്ള കരിങ്കല്‍, ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനംപോലും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അപ്പോള്‍ ചക്കിട്ടപാറ ഇരുമ്പയിര് ഖനനം എന്ന് പറയുന്നതുതന്നെ അസംബന്ധമാണ്. ഒരു സാഹചര്യത്തിലും നടത്താനിടയില്ലാത്ത ഖനനത്തെക്കുറിച്ചാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും വിവാദമുണ്ടാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്

2004 ലാണ് (യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്) കേന്ദ്രസര്‍ക്കാരിന് ഖനനാനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ചില കമ്പനികള്‍ സംസ്ഥാനത്തെ മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പിന് അപേക്ഷനല്‍കുന്നത്. ഇങ്ങനെ അപേക്ഷ ലഭിച്ചാല്‍ അതിലെ വസ്തുതകള്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനയക്കുക എന്നതാണ് മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ് ചെയ്യേണ്ടത്. ഒന്നിലേറെ അപേക്ഷകരുണ്ടെങ്കില്‍ ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുത്തയക്കേണ്ടതും അവരുടെ ചുമതലയാണ്. എല്ലാ നിയമവ്യവസ്ഥകളും പാലിച്ച് കേന്ദ്രസര്‍ക്കാര്‍ ഖനനാനുമതി നല്‍കിയാല്‍, പ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതി നല്‍കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നാണ് സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ് കേന്ദ്രത്തെ അറിയിക്കേണ്ടത്. ഇത് നിയമാനുസൃതമായ ഒരു നടപടി മാത്രമാണ്; ഖനനാനുമതി അല്ല.

അപേക്ഷകരില്‍ "കുത്രേമുഖ്" എന്ന പൊതുമേഖലാ കമ്പനിയുമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അപേക്ഷകള്‍ കൈകാര്യംചെയ്യുന്നത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പായതിനാല്‍ വ്യവസായമന്ത്രിക്ക് ഇതിലൊന്നും ഇടപെടാന്‍ ഒരു അവസരവും ലഭിക്കില്ല. അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞകാര്യം ഇതാണ്- മംഗലാപുരത്തിനടുത്ത് കുത്രേമുഖ് കമ്പനി നടത്തിവരുന്ന ഇരുമ്പയിര് ഖനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് പ്രസ്തുത കമ്പനി സാമ്പത്തികപ്രയാസത്തിലായി. അതിനാല്‍, സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പിന്റെ പരിശോധനാ സമയത്ത് അവരുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ ആ കമ്പനിക്ക് കഴിഞ്ഞില്ല. ഖനനത്തിന് അനുമതി ലഭിക്കുന്നവര്‍, കോഴിക്കോട്ട് ഇരുമ്പയിര് സംസ്കരണവ്യവസായം ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ അംഗീകരിക്കാന്‍ സന്നദ്ധമായത് കര്‍ണാടകത്തില്‍നിന്നുള്ള എംഎസ്പിഎല്‍ എന്ന കമ്പനിയാണ്. അപേക്ഷകരുടെ സാമ്പത്തികശേഷിയെക്കുറിച്ച് പഠനം നടത്താന്‍ മെസ്സേര്‍സ് ശങ്കര്‍ ആന്‍ഡ് മൂര്‍ത്തി, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ്, തിരുവനന്തപുരം എന്ന സ്ഥാപനത്തെയാണ് മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ് ചുമതലപ്പെടുത്തിയത്. അപേക്ഷകരുടെ 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റുകള്‍ പഠനത്തിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം വാങ്ങി. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ സാമ്പത്തികമായ ശേഷിയുള്ള സ്ഥാപനം എംഎസ്പിഎല്‍ എന്ന കമ്പനിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എംഎസ്പിഎല്‍ എന്ന കമ്പനിയുടെ അപേക്ഷ തത്വത്തില്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശചെയ്യണമെന്ന് വ്യവസായവകുപ്പ് സെക്രട്ടറിയോട് ശുപാര്‍ശചെയ്തു. ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി കേന്ദ്ര മൈനിങ് വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു.

2009 ഒക്ടോബര്‍ 22ന്, കേന്ദ്ര മൈനിങ് സെക്രട്ടറി എംഎസ്പിഎല്‍ കമ്പനിക്ക് മുന്‍കൂര്‍ അനുമതി നല്‍കിയതായി സംസ്ഥാന വ്യവസായവകുപ്പ് സെക്രട്ടറിയെ അറിയിച്ചു. അത് ഖനനം നടത്താനുള്ള അനുമതിയല്ലെന്നും ഖനനാനുമതി ലഭിക്കണമെങ്കില്‍ ഈ കമ്പനി കോഴിക്കോട്ട് മൂല്യവര്‍ധനയ്ക്കുള്ള പ്ലാന്റ് സ്ഥാപിക്കുക, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റെന്തെങ്കിലും വ്യവസ്ഥകളുണ്ടങ്കില്‍ അത് അംഗീകരിക്കുക എന്നീ വ്യവസ്ഥകള്‍ പാലിക്കണമെന്നും അതനുസരിച്ച് പരിസ്ഥിതി ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നിയമവ്യവസ്ഥകളെല്ലാം പാലിക്കണമെന്നും കേന്ദ്രസെക്രട്ടറിയുടെ കത്തില്‍ വ്യക്തമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മൈനിങ് വകുപ്പ് നിര്‍ദേശിച്ച നിയമവകുപ്പുകള്‍ക്ക് അനുസരിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള അനുമതി, മൈനിങ് വകുപ്പിന്റെ അനുമതി തുടങ്ങിയ എല്ലാ നിയമാനുസൃത അനുമതികളും നേടിക്കഴിഞ്ഞാല്‍ നിര്‍ദിഷ്ടസ്ഥലത്ത് ഖനനത്തിന് അനുമതി നല്‍കാമെന്ന് വ്യവസായവകുപ്പ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ എംഎസ്പിഎല്‍ കമ്പനി എല്ലാ അനുമതികളും വാങ്ങിയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, രണ്ടുവര്‍ഷത്തിനിടയില്‍ കമ്പനിക്ക് അനുമതി നേടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അപേക്ഷ നിരസിക്കപ്പെട്ട "കബനി" എന്ന കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ചെയ്തു. തുടര്‍ന്ന് 2011ല്‍ രണ്ടുവര്‍ഷത്തേക്കുകൂടി അവധി നീട്ടാന്‍ കമ്പനി അപേക്ഷിച്ചു. വ്യവസായവകുപ്പ് സെക്രട്ടറി അതിനനുസരിച്ച് രണ്ടുവര്‍ഷത്തേക്കുകൂടി സമയം നീട്ടി നല്‍കി. അതനുസരിച്ച് 2013ന് മുമ്പ് അനുമതികള്‍ വാങ്ങണമായിരുന്നു. അവര്‍ക്ക് അതിന് സാധിച്ചില്ല. 2013 മുതല്‍ വീണ്ടും രണ്ടുവര്‍ഷത്തേക്ക് നീട്ടാന്‍ കമ്പനി അപേക്ഷനല്‍കി. 2013ല്‍ യുഡിഎഫ് സര്‍ക്കാരാണ്, വ്യവസായമന്തി പി കെ കുഞ്ഞാലിക്കുട്ടിയാണ്. 2013 മാര്‍ച്ച് 14ന് രണ്ടുവര്‍ഷത്തേക്കുകൂടി സമയം നീട്ടി യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തുനല്‍കി.

മൈനിങ് പ്ലാന്‍ തയ്യാറാക്കാന്‍ ചക്കിട്ടപാറയില്‍ റബര്‍തോട്ടത്തില്‍ സര്‍വേനടത്താന്‍ കമ്പനി കേരളസര്‍ക്കാരിന്റെ അനുമതി ചോദിച്ചു. തോട്ടം കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലാണ്. കൃഷിവകുപ്പിന്റെ കീഴിലാണ് അത് പ്രവര്‍ത്തിക്കുന്നത്. റബര്‍തോട്ടം നിലനില്‍ക്കുന്ന ഭൂമി വനംവകുപ്പ് പാട്ടത്തിന് നല്‍കിയതാണ്. രണ്ടു കൂട്ടരുടെയും അനുമതി ഇല്ലാതെ സര്‍വേ നടത്താന്‍ പറ്റില്ല. കമ്പനിയുടെ ആവശ്യമനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടു വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തന്റെ ചേംബറില്‍ വിളിച്ച് സര്‍വേക്ക് അനുമതി നല്‍കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് വനംവകുപ്പിന്റെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2013 മാര്‍ച്ച് 18ന് സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വിവരം കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ രേഖാമൂലം അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ഡിഎഫ്ഒ പ്ലാന്റേഷന്‍ കോര്‍പറേഷന് 2013 മെയ് മൂന്നിന് കത്തയച്ചു. അതില്‍ എംഎസ്പിഎല്‍ കമ്പനിക്ക് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍തോട്ടത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കാവുന്നതാണെന്ന് വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് സര്‍വേക്കുള്ള അനുമതി നല്‍കണമെന്നു കാണിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍നിന്ന് ചക്കിട്ടപാറയിലെ തോട്ടം ഫീല്‍ഡ് എക്സിക്യൂട്ടീവിന് എഴുതിയ കത്തില്‍ കമ്പനിക്ക് സര്‍വേ നടത്താന്‍ അനുവാദം നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതെല്ലാം നടന്നത് യുഡിഎഫ് ഭരണകാലത്താണ്. സര്‍ക്കാരിന്റെ അനുമതിയോടെ കമ്പനി അധികൃതര്‍ സര്‍വേ നടത്താന്‍ വന്നപ്പോള്‍ തൊഴിലാളികളും രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരും കമ്പനിയോട് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

വസ്തുതകള്‍ പലതും മറച്ചുവച്ചാണ് ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന ഒരു കാര്യവും മാധ്യമങ്ങള്‍ മിണ്ടില്ല. ഇതുവരെ നടന്ന കാര്യങ്ങളില്‍ നിയമങ്ങള്‍ക്കോ ചട്ടങ്ങള്‍ക്കോ വിരുദ്ധമായി എന്ത് നടന്നു എന്നും ആരും പറയുന്നില്ല. ഇത് സംബന്ധിച്ച് എല്ലാ ഫയലുകളും സര്‍ക്കാരിന്റെ പക്കലുണ്ടാകും. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ. ഈ വിവാദങ്ങള്‍ക്കിടയിലാണ് മനോരമ ചാനല്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴിമതി ആരോപിക്കുന്നത് ലൈവായി സംപ്രേഷണംചെയ്തത്. ഒരു വിശ്വാസ്യതയുമില്ലാത്ത വ്യക്തിയുടെ ബാലിശമായ ആരോപണം വാര്‍ത്തയാക്കാന്‍ മനോരമയും കൂട്ടരും വ്യഗ്രതകാട്ടിയത് രാഷ്ട്രീയലക്ഷ്യംവച്ചാണ്. ആരോപണം പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുത്ത സമയം നോക്കിയാല്‍ അത് വ്യക്തമാകും. നവംബര്‍ 27 മുതല്‍ പാലക്കാട്ട് നടന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ തൊട്ടുമുമ്പ് ഇത്തരമൊരാരോപണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ ഒരാളുടെ പേരില്‍ കൊണ്ടുവരുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യംവച്ചുതന്നെയാണ്. "അഞ്ച് കോടി കോഴ" ആരോപണത്തില്‍ ഉറച്ചുനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. "ചെളിതെറിപ്പിക്കല്‍" എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പൊതുമേഖലയെ അവഗണിച്ചു ഖനനത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയ പൊതുമേഖലാ സ്ഥാപനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു എന്ന് ചിലര്‍ വിലപിക്കുകയുണ്ടായി. ഒന്നാമതായി ഒരു കമ്പനിയെയും തെരഞ്ഞെടുക്കുന്നത് മന്ത്രിയല്ല. മന്ത്രിതലത്തില്‍ ഇതിനായി ഒരു ചര്‍ച്ചയും നടന്നില്ല. ഒരു അപേക്ഷയും മന്ത്രി മുമ്പാകെ വന്നിട്ടില്ല. അപേക്ഷകള്‍ പരിശോധിച്ച രീതി നേരത്തെ വിശദീകരിച്ചു. ആ തീരുമാനത്തില്‍ എന്തെങ്കിലും പരാതി ഉള്ളതായി ഒരു കമ്പനിയും മന്ത്രിയെ അറിയിച്ചിട്ടില്ല. ഒരു പൊതുമേഖലാ കമ്പനി ഈ പ്രവൃത്തിക്ക് ശേഷിയുള്ളവരായി ഉണ്ടായിരുന്നെങ്കില്‍ അതിനെ തള്ളിക്കളയാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സംരക്ഷണത്തിനായി ചെയ്ത കാര്യങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ പ്രശംസിക്കപ്പെട്ടതാണ്. 2001-06 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പത്ത് പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ചു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ നാലുയൂണിറ്റുകള്‍ തുറന്നു. അടഞ്ഞുകിടന്ന ഒരു സ്വകാര്യ കമ്പനി ഏറ്റെടുത്ത് നവീകരിച്ചു. എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംസ്ഥാനത്ത് കൊണ്ടുവന്നു. ഇതെല്ലാംചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ തഴഞ്ഞു എന്നുപറഞ്ഞാല്‍ ആര് വിശ്വസിക്കും.

ചെന്നിത്തലയുടെ ലക്ഷ്യം

ഖനന വിവാദത്തില്‍ ഇടപെട്ട് അന്വേഷണത്തിന് മുറവിളി കൂട്ടിയവര്‍ കോണ്‍ഗ്രസിലെ ഐ വിഭാഗമാണ്. രമേശ് ചെന്നിത്തലയാണ് അതിന്റെ മുന്‍പന്തിയില്‍. ചെന്നിത്തലയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരെ അന്വേഷണപരിധിയിയില്‍ കൊണ്ടുവരിക എന്നതുമാത്രമാണ്. രാജ്യം മുഴുവന്‍ വിദേശ-ദേശീയ സ്വകാര്യ മൂലധന ശക്തികള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ് നേതാവിന് പൊതുമേഖലയോട് പെട്ടെന്ന് പ്രേമം തോന്നിയത് തന്റെ സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യത്തിന്റെമാത്രം അടിസ്ഥാനത്തിലാണ്. യുപിഎ സര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അഴിമതികള്‍ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ "എല്ലാവരും കണക്കാണ്" എന്ന പ്രതീതി ജനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും അവരെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന രാഷ്ട്രീയപ്രേരിതമായ ഹീനശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് തീര്‍ച്ച.

*
എളമരം കരീം ദേശാഭിമാനി

1 comment:

Unknown said...

''അപേക്ഷകള്‍ കൈകാര്യംചെയ്യുന്നത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പായതിനാല്‍ വ്യവസായമന്ത്രിക്ക് ഇതിലൊന്നും ഇടപെടാന്‍ ഒരു അവസരവും ലഭിക്കില്ല.''-എളമരം കരീം''

ഇത് മുൻ വ്യവസായ മന്ത്രി എളമരം കരീം തന്നെ എഴുതിയതാണോ?
മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് വ്യവസായ വകുപ്പിന്റെ കീഴിൽ തന്നെ വരുന്നതാണ്. ഈ വകുപ്പിന്റെ കാര്യങ്ങളില്‍ വ്യവസായ മന്ത്രിക്ക് ഇടപെടാൻ ഒരു അവസരവും ലഭിക്കില്ല എന്ന് മുൻ വ്യവസായ മന്ത്റി പറയുന്നത് അല്പം കടന്ന കൈയ്യാണ്.

പറഞ്ഞ് പറഞ്ഞ് ഓവറാക്കല്ല്. :-)