Friday, December 20, 2013

കുഷ്ഠത്തേക്കാള്‍ വിപല്‍ക്കരം വംശഹത്യ

സംഘപരിവാര്‍ നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ നിര്‍ദേശാനുസരണം സംഘടിപ്പിച്ച ബിജെപി പരിപാടിയായ കൂട്ടയോട്ടം ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജാണ് ഉദ്ഘാടനംചെയ്തത്. ആ ചീഫ് വിപ്പ് കാവിവസ്ത്രം കഴുത്തില്‍ ചുറ്റി, മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് നിവര്‍ത്തിക്കാണിച്ച് ബിജെപി പ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും അതിനെ ന്യായീകരിച്ച് സംസാരിക്കുന്നതും പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ പ്രവൃത്തിക്ക് ന്യായീകരണമായി, മോഡിക്ക് കുഷ്ഠരോഗമുണ്ടോ എന്നാണ് ജോര്‍ജിന്റെ ചോദ്യം. കുഷ്ഠരോഗമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പാടില്ലെന്നോ, അദ്ദേഹവുമായി സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നോ സാമാന്യബോധമുള്ള ആരും പറയുകയില്ല. ഫാദര്‍ ഡാമിയന്‍ കുഷ്ഠരോഗികളെ ചികിത്സിച്ച മഹാനായ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കാത്തവരായി ആരുമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും പിഞ്ചുമക്കളെയും കത്തിച്ച് ചാമ്പലാക്കിയ പാരമ്പര്യമാണ് സംഘപരിവാറിന്റേത്.

2002ലെ ഗുജറാത്ത് വംശഹത്യയുടെ ഇരുണ്ട അധ്യായം അറിയാത്ത ആളാണ് ജോര്‍ജെന്ന് കരുതാന്‍വയ്യ. നിരപരാധികളായ ആയിരക്കണക്കിനു മുസ്ലിങ്ങളെ ചുട്ടുകരിച്ച് കൊന്ന ചരിത്രമാണ് നരേന്ദ്രമോഡിക്കുള്ളത്. അതൊരു യാദൃച്ഛിക സംഭവമായിരുന്നില്ല; ആസൂത്രണംചെയ്ത പരിപാടിയായിരുന്നു. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിശ്വാസികളെ വംശവൈരത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒത്താശയോടെ, പൊലീസ് സഹായത്തോടെ കൊന്നൊടുക്കുകയായിരുന്നു. കുത്ബുദീന്‍ അന്‍സാരിയെ സമൂഹം ഒരിക്കലും മറക്കില്ല. ബെസ്റ്റ് ബേക്കറി സംഭവം മനുഷ്യസ്നേഹികളുടെ മനസ്സില്‍നിന്ന് മായ്ചുകളയാന്‍ കഴിയുന്നതല്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വംശഹത്യക്ക് നേതൃത്വം നല്‍കുകയാണുണ്ടായത്.

ഗുജറാത്തിലെ വംശഹത്യയുടെ ചരിത്രം പലരും എഴുതി പ്രസിദ്ധീകരിച്ചതാണ്. അതിലേതെങ്കിലും ഒരു പുസ്തകം വായിച്ചിരുന്നെങ്കില്‍ ഇത്രയും ക്രൂരമായ പ്രതികരണം പി സി ജോര്‍ജില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. പിന്നില്‍നിന്ന് ബിജെപിയെ ചലിപ്പിച്ചിരുന്ന രാഷ്ട്രീയ സ്വയംസേവക് എന്ന ഫാസിസ്റ്റ് സംഘടന ബിജെപിയുടെ രാഷ്ട്രീയ നേതൃത്വം പരസ്യമായി ഏറ്റെടുത്തിരിക്കുകയാണ്. ആര്‍എസ്എസിന്റെ വേദപുസ്തകമെന്നുവിശേഷിപ്പിക്കുന്ന ഒരു ഗ്രന്ഥമുണ്ട്; വിചാരധാര. അതില്‍ പേജ് 208 മുതല്‍ 236 വരെ "ആന്തരിക ഭീഷണി"കളെക്കുറിച്ചാണ് പറയുന്നത്. 19-ാം അധ്യായം-ആന്തരികഭീഷണികള്‍-ക (മുസ്ലിങ്ങള്‍), 20- ആന്തരികഭീഷണികള്‍-കക (ക്രിസ്ത്യാനികള്‍), 21- ആന്തരികഭീഷണികള്‍ കകക (കമ്യൂണിസ്റ്റുകള്‍) എന്നിങ്ങനെ. ""പുറമെനിന്നുള്ള ശത്രുക്കളേക്കാള്‍ ദേശീയഭദ്രതയ്ക്ക് കൂടുതല്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണെന്നാണ് പല രാജ്യങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള പാഠം. എന്നാല്‍,നിര്‍ഭാഗ്യവശാല്‍ ദേശീയഭദ്രതയെ സംബന്ധിച്ച ഈ പ്രഥമപാഠമാണ് ബ്രിട്ടീഷുകാര്‍ ഈ നാട് വിട്ടുപോയ നാള്‍മുതല്‍ തുടര്‍ച്ചയായി നമ്മുടെ നാട്ടില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനുള്ള ധൈര്യക്കുറവില്‍നിന്നുണ്ടായ വ്യാമോഹ സങ്കല്‍പ്പവും ഒന്നിനുപിറകെ ഒന്നായി നമ്മെ നേരിടുന്ന ദുരന്തങ്ങളും മറച്ചുവയ്ക്കാനായി അധികാരസ്ഥാനത്തിരിക്കുന്നവര്‍ മുഴക്കുന്ന ശബ്ദായമാനമായ മുദ്രാവാക്യങ്ങളും സ്വന്തം സങ്കുചിതമായ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ നേടാന്‍വേണ്ടി കക്ഷികളുടെയും ഗ്രൂപ്പുകളുടെയും ശത്രുഘടകങ്ങളുമായുള്ള അവസരവാദപരമായ ചേരിചേരലും എല്ലാം ചേര്‍ന്ന് നമ്മുടെ ദേശീയസ്വാതന്ത്ര്യത്തിന്റെയും ഭദ്രതയുടെയും നേരെയുള്ള ആന്തരിക അട്ടിമറി ഭീഷണിയെ അത്യുഗ്രവും യഥാര്‍ഥവുമാക്കീത്തീര്‍ത്തിരിക്കുകയാണ്. ഒന്നാമതായി നമുക്ക് മുസ്ലിങ്ങളുടെ കാര്യമെടുക്കാം. "ഇന്ന് ഒരു മുസ്ലിം പ്രശ്നംതന്നെയില്ല. പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്ന കലാപകാരികളെല്ലാംതന്നെ എന്നെന്നേക്കുമായി പോയിക്കഴിഞ്ഞു. ശേഷിച്ച മുസ്ലിങ്ങള്‍ നമ്മുടെ രാജ്യത്തോട് ഭക്തിയുള്ളവരാണ്. എന്തുതന്നെയായാലും അവര്‍ക്ക് പോകുവാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ അവര്‍ നിശ്ചയമായും കൂറുള്ളവരായിരിക്കും" എന്ന് പറയുന്ന ധാരാളമാളുകള്‍ ഇന്നുമുണ്ട്. എന്നാല്‍, എന്താണ് സത്യസ്ഥിതി? പാകിസ്ഥാന്‍ അനുകൂലികളായ ഘടകങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോയെന്ന് പറയുന്നത് സത്യമാണോ? ഉത്തരപ്രദേശത്തെപ്പോലുള്ള ഹിന്ദു ഭൂരിപക്ഷപ്രദേശത്തെ മുസ്ലിങ്ങളാണ് തുടക്കംമുതലേ പാകിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി വര്‍ത്തിച്ചത്. അവര്‍ വിഭജനത്തിനുശേഷവും ഇവിടെത്തന്നെ താമസിക്കുന്നു... ഇവിടെ തുടര്‍ന്ന് താമസിച്ചവര്‍ക്ക് അതിനുശേഷമെങ്കിലും മാറ്റം വന്നിട്ടുണ്ടോ? മുമ്പൊരിക്കലും സംഭവിക്കാത്തത്രയ്ക്ക് പരക്കെ നടന്ന 1946-47 ലഹളയിലും കൊള്ളയിലും തീവയ്പിലും ബലാത്സംഗത്തിലും മറ്റെല്ലാത്തരം ഹാലിളക്കത്തിലും കലാശിച്ച അവരുടെ വിദ്വേഷവും സംഹാരഭാവവും ഇപ്പോഴെങ്കിലും അവസാനിച്ചിട്ടുണ്ടോ?

പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ടതോടെ ഒറ്റ രാത്രികൊണ്ട് അവരെല്ലാം രാജ്യസ്നേഹികളായി മാറിയെന്ന് വിശ്വസിച്ച് സ്വയം വഞ്ചിക്കുന്നത് ആത്മഹത്യാപരമായിരിക്കും. നേരെമറിച്ച് നമ്മുടെ രാജ്യത്തിനുനേരെ ഭാവിയിലുള്ള അവരുടെ ആക്രമണതന്ത്രങ്ങള്‍ക്കെല്ലാമുള്ള ഒരു ചവിട്ടുപടിയായ പാകിസ്ഥാന്റെ സൃഷ്ടിയോടുകൂടി മുസ്ലിങ്ങളെകൊണ്ടുള്ള ശല്യം നൂറിരട്ടി വര്‍ധിച്ചിരിക്കുകയാണ്."" ഇന്ത്യയില്‍ നൂറ്റാണ്ടുകളായി വാസമുറപ്പിച്ച ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങളെ ശത്രുക്കളായാണ് സംഘപരിവാര്‍ കാണുന്നത് എന്ന് വിചാരധാര മറയില്ലാത പറയുന്നു. മുസ്ലിങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യുന്ന, ഹിന്ദുവികാരം കുത്തിയിളക്കുന്ന, മതവിദ്വേഷം ആളിക്കത്തിക്കുന്ന വരികളാണിവിടെ ഉദ്ധരിച്ചത്. വര്‍ഗീയതയുടെ കൊടും വിഷമാണ് ചീറ്റുന്നത്. ഈ കാഴ്ചപ്പാടാണ് ഗുജറാത്തിലെ വംശഹത്യക്ക് പ്രേരണ നല്‍കിയത്. അടുത്തകാലത്ത് മുസഫര്‍നഗറില്‍ നടന്ന വര്‍ഗീയകലാപവും സ്വാഭാവികമായുണ്ടായതല്ല. അറുപതോളം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ബിഹാറിലും വര്‍ഗീയസംഘട്ടനങ്ങള്‍ സൃഷ്ടിച്ചു. ഇതേ ഗ്രന്ഥത്തില്‍ "ഹിന്ദുരാഷ്ട്രംതന്നെ", "ഹിന്ദുരാഷ്ട്രത്തിന്റെ വൈശിഷ്ട്യം" എന്നീ അധ്യായങ്ങളിലും വര്‍ഗീയതയുടെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. മതേതരത്വമെന്ന തത്വത്തിന് നമ്മുടെ രാജ്യത്ത് പ്രസക്തിയില്ലെന്നാണ് തറപ്പിച്ചുപറയുന്നത്. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരത്വം കപടമതേതരത്വമാണെന്നും എം എസ് ഗോള്‍വാള്‍ക്കര്‍ ആവര്‍ത്തിച്ച് പറയുന്നു. ഈ തത്വശാസ്ത്രത്തെയാണ് ചീഫ് വിപ്പ് നിസ്സാരവല്‍ക്കരിച്ച് മോഡിക്ക് കുഷ്ഠരോഗമുണ്ടോ എന്ന ചോദ്യത്തില്‍ ഒതുക്കുന്നത്.

ആന്തരിക ഭീഷണികള്‍ (ക്രിസ്ത്യാനികള്‍) എന്ന അധ്യായത്തിന്റെ തുടക്കംതന്നെ ഇങ്ങനെയാണ്: ""ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യനിരീക്ഷകന് അവര്‍ തീരെ നിരുപദ്രവികളായി മാത്രമല്ല, മനുഷ്യവര്‍ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിപ്പോലും തോന്നും! മനുഷ്യവര്‍ഗത്തെ ഉദ്ധരിക്കുന്നതിനായി സര്‍വശക്തനാല്‍ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടില്‍ സേവനം, മനുഷ്യവര്‍ഗത്തിന്റെ മുക്തി തുടങ്ങിയ വാക്കുകള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ധാരാളം കേള്‍ക്കാം. എല്ലായിടത്തും അവര്‍ വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെ ആളുകള്‍ ഇവകൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്താണ്?"" ഗോള്‍വാള്‍ക്കര്‍ തുടരുന്നു: ""അവരുടെ പ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമെന്നു മാത്രമല്ല ദേശീയവിരുദ്ധവുമാണ്. ഒരു ക്രൈസ്തവ പാതിരിയോട് അവരെന്തിനാണ് നമ്മുടെ പരിപാവനങ്ങളായ പുരാണങ്ങളെയും ദൈവങ്ങളെയും ദേവിമാരെയും ദുഷിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചു. അദ്ദേഹം തുറന്നു പറഞ്ഞു. "ഹൈന്ദവഹൃദയങ്ങളില്‍നിന്ന് വിശ്വാസത്തെ തട്ടിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അവന്റെ വിശ്വാസം തകരുന്നതോടെ അവന്റെ ദേശീയതയും നശിപ്പിക്കപ്പെടുന്നു. അവന്റെ മനസ്സില്‍ ശൂന്യത സൃഷ്ടിക്കപ്പെടുന്നു. പിന്നെ ആ സ്ഥലത്ത് ക്രൈസ്തവ തത്വങ്ങള്‍കൊണ്ട് നിറയ്ക്കാന്‍ ഞങ്ങള്‍ക്കെളുപ്പമാണ്." ഇരുപതാം അധ്യായത്തിന്റെ അവസാനത്തില്‍ പറയുന്നു. "ഇവിടുത്തെ ക്രിസ്ത്യാനികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ക്രിസ്തുമത പ്രചരണത്തിനായുള്ള അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന് സ്വയം കരുതുകയും തങ്ങളുടെ കൂറ് സ്വന്തം ജന്മഭൂമിയോടായിരിക്കാനും തങ്ങളുടെ പൂര്‍വികന്മാരുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാര്‍ഥ പുത്രന്മാരെപ്പോലെ പെരുമാറുന്നതിന് വിസമ്മതിക്കുകയും ചെയ്യുന്നിടത്തോളം കാലം അവരിവിടെ വൈരികളായി വര്‍ത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും." ഇത് ഒരു മതവിഭാഗത്തിനുള്ള താക്കീതാണ്.

"ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. ഇന്ത്യ ഹിന്ദുക്കളുടേതുമാത്രമാണ്. മറ്റുള്ളവര്‍ വിരുന്നുകാരാണ്. വിരുന്നുകാര്‍ക്ക് അവകാശങ്ങളില്ല. ഔദാര്യത്തിലാണ് അവരിവിടെ താമസിക്കുന്നത്. ജനനംമുതല്‍ മരണംവരെ ഹിന്ദുമതവിശ്വാസികളുടെ രീതിക്കനുസരിച്ചവര്‍ ജീവിച്ചുകൊള്ളണം" എന്നതാണ് ഭീഷണിയും താക്കീതും. അതാണ് ആര്‍എസ്എസിന്റെ തത്വശാസ്ത്രം. വിശ്വഹിന്ദുപരിഷത്തിന്റെ അഖിലലോക നേതാവ് അശോക്സിംഗാള്‍ പറഞ്ഞത് ഇന്ത്യയില്‍ സംഘപരിവാറിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിച്ചാല്‍ നിലവിലുള്ള ഭരണഘടന മാറ്റും എന്നാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും; അതോടെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തുടച്ചുമാറ്റും; തുടര്‍ന്ന് കപടമതേതരവിശ്വാസികളെയും ഉന്മൂലനംചെയ്യും എന്ന പ്രഖ്യാപനമാണത്. ഉന്മൂലനതത്വത്തില്‍ വിശ്വസിക്കുന്നവരാണ് സംഘപരിവാറുകാര്‍. കര്‍ണാടകത്തില്‍ ബിജെപി ഭരണത്തിലാണ് ക്രിസ്തുമതവിശ്വാസികള്‍ക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഒറീസയിലും കന്യാസ്ത്രീകള്‍ക്കുനേരെ ക്രൂരമായ ആക്രമണം നടന്നു. ദാഹജലംപോലും ലഭിക്കാതെ കന്യാസ്ത്രീകള്‍ കാട്ടില്‍ ഒളിക്കേണ്ടിവന്നു. ബിജെപി ആറുവര്‍ഷം ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നകാലത്തെയും അനുഭവം ഇന്ത്യക്കാര്‍ക്കറിയാവുന്നതാണ്. കോണ്‍ഗ്രസിന്റെ അതേ പാപ്പരായ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയമാണ് ബിജെപിയും അംഗീകരിച്ചിട്ടുള്ളത്. അഴിമതിയുടെ കാര്യത്തില്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുന്നത്. രാജ്യരക്ഷയ്ക്കുള്ള ആയുധം വാങ്ങുന്ന കാര്യത്തിലാണ് ബിജെപി പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ കോഴവാങ്ങിയത്. തെഹല്‍ക എന്ന മാധ്യമം ബിജെപി അധ്യക്ഷന്‍ നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി മേശവലിപ്പിലിടുന്നത് ബഹുജനമധ്യത്തില്‍ തുറന്നുകാണിച്ചു. കര്‍ണാടകത്തിലെ വന്‍ ഭൂമിതട്ടിപ്പ് ബിജെപി ഭരണകാലത്താണ് നടന്നത്. ബല്ലാരി സഹോദരന്മാരുടെ ഖനി ഇടപാടും ബിജെപി ഭരണത്തിലാണ് തഴച്ചുവളര്‍ന്നത്. ബിജെപി അവിടെ പിളരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ "മോഡിക്ക് കുഷ്ഠരോഗമുണ്ടോ" എന്ന ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ജോര്‍ജിനെ ന്യായീകരിക്കുകയാണ് ചെയ്തത്. നമ്മുടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയ മതനിരപേക്ഷത വെല്ലുവിളി നേരിടുകയാണ്. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ പ്രശ്നങ്ങള്‍ വേറെ. ബിജെപി അധികാരവികേന്ദ്രീകരണത്തിന് എതിരാണ്. അധികാരകേന്ദ്രീകരണമാണവരുടെ മുദ്രാവാക്യം. ഇന്ത്യക്ക് സംസ്ഥാന നിയമസഭകള്‍ വേണ്ട. ഇന്ത്യക്കാകെ ഒരു സഭ മതി എന്നാണവരുടെ അഭിപ്രായം.

ജമ്മു കശ്മീരിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുമാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഹിറ്റ്ലറുടെ നാസിസമാണവരുടെ മാതൃക. വിചാരധാരയില്‍ 606-ാമത്തെ പേജില്‍ മാധവ സദാശിവ ഗോള്‍വാള്‍ക്കറോട് ഒരാള്‍ ചോദിക്കുന്നു: ""നിങ്ങളുടേതുപോലെതന്നെയാണല്ലോ ഹിറ്റ്ലറും ആരംഭിച്ചത്? യുവാക്കന്മാരെ ശേഖരിച്ച് അവരില്‍ ഐക്യബോധവും അച്ചടക്കവും വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. പക്ഷേ, പിന്നീട് രാഷ്ട്രീയസംഘടനകളെയും അദ്ദേഹം അടിച്ചമര്‍ത്തി. ആ നാസിസംഘടനയും നിങ്ങളുടെ സംഘടനയും തമ്മില്‍ എന്താണ് വ്യത്യാസം? ഉത്തരം: "ഹിറ്റ്ലറുടെ പ്രസ്ഥാനം രാഷ്ടീയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഞങ്ങള്‍ രാഷ്ട്രീയമായി ബന്ധപ്പെടാതെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. പലരും ഒരുമിച്ചു ചേരുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തിനുവേണ്ടിയാണെന്ന് പലപ്പോഴും കാണാവുന്നതാണ്. പക്ഷേ, ആ ഉദ്ദേശ്യം നഷ്ടപ്പെടുമ്പോള്‍ ഐക്യം നഷ്ടപ്പെടുന്നു. ഒരു താല്‍ക്കാലിക നേട്ടമല്ല സ്ഥിരമായ ഐക്യമാണ് നമുക്കാവശ്യം. അതിനാല്‍, രാഷ്ട്രീയത്തില്‍നിന്ന് നാം അകന്നുനില്‍ക്കുന്നു.""

യഥാര്‍ഥ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണ് ഗോള്‍വാള്‍ക്കര്‍. ആര്‍എസ്എസിന് രാഷ്ട്രീയമില്ലെന്ന വ്യത്യാസവും തികച്ചും ഇല്ലാതായിക്കഴിഞ്ഞു. ആര്‍എസ്എസാണ് ബിജെപിയെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരുന്നല്ല മുന്‍സീറ്റില്‍ ഇരുന്നാണ് നയിക്കുന്നത്. കടുത്ത രാഷ്ട്രീയ സ്വയംസേവകനായ നരേന്ദ്രമോഡിയെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിന്റെ ഉദ്ദേശ്യം മറ്റൊന്നല്ല. അതുകൊണ്ടുതന്നെയാണ് ഐക്യ ജനതാദള്‍ നേതാവ് നിതീഷ്കുമാറിനെപ്പോലുള്ളവര്‍ എന്‍ഡിഎയില്‍നിന്ന് അകന്നുപോയത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ യുഡിഎഫ് പരസ്യമായി ബിജെപിയുമായും ആര്‍എസ്എസുമായും സഖ്യം സ്ഥാപിക്കാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ നിയോഗിച്ചത്. അവസാനമായി ആ പാര്‍ടിയുടെ നേതാവ് ജോസ് കെ മാണി മത്സരിക്കുന്ന സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയില്ലെന്നും പ്രഖ്യാപിച്ചു.

മതന്യൂനപക്ഷങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ടുന്ന സമയമാണിത്. ഇന്ത്യയുടെ ഐക്യവും പരമാധികാരവും നിലനില്‍ക്കാന്‍ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. ആ മതനിരപേക്ഷതയാണ് ഭീഷണി നേരിടുന്നത്. മതവിദ്വേഷമല്ല മതസൗഹാര്‍ദമാണ് നമുക്ക് വേണ്ടത്. യഥാര്‍ഥ മതവിശ്വാസികള്‍ വര്‍ഗീയവാദികളല്ല. അധികാരം കൈക്കലാക്കാന്‍ മതവിശ്വാസം ഉപയോഗപ്പെടുത്തുന്നവരാണ് വര്‍ഗീയവാദികള്‍. വര്‍ഗീതയെ തളയ്ക്കാന്‍ യഥാര്‍ഥ മതവിശ്വാസികള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ മതനിരപേക്ഷശക്തികളും ഒത്തുചേരണം. കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള എല്ലാ ജനാധിപത്യ മതനിരപേക്ഷശക്തികളും ഇടതുപക്ഷവും ചേര്‍ന്നുള്ള മൂന്നാം ബദലിനു മാത്രമേ വര്‍ഗീയതയെയും തീവ്രവാദത്തെയും ചെറുക്കാന്‍ കഴിയൂ. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയില്ല. പി സി ജോര്‍ജിന്റെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കില്‍ ന്യൂനപക്ഷത്തിന്റെ വക്താക്കളായി നടിക്കുന്നവര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് പ്രതികരിക്കണം. അവരുടെ മൗനം സമ്മതലക്ഷണമായി മാത്രമേ കാണാന്‍ കഴിയൂ.

*
വി വി ദക്ഷിണാമൂര്‍ത്തി

No comments: