Wednesday, December 4, 2013

കുറ്റൂരിലെ രാമന്മാരും മാതമംഗലത്തെ നമ്പീശന്മാരും

കുറ്റൂരിലെ രാമന്മാരും മാതമംഗലത്തെ നമ്പീശന്മാരും -കാലത്തെ ത്രസിപ്പിച്ച ഈ വിപ്ലവകാരികള്‍ ചരിത്രത്തിലെ അടയാളങ്ങളാണ്. ചെറുത്തുനില്‍പ്പിന്റെ സമവാക്യമാണ് രാമന്മാരെങ്കില്‍ സ്വാതന്ത്ര്യസമരത്തിന്റെ സാഹസിക അധ്യായമാണ് നമ്പീശന്മാരുടെ ജീവിതം. ചരിത്രത്തിന്റെ നാള്‍വഴിരേഖകളിലൊന്നും ഈ പേരുകള്‍ പതിഞ്ഞിട്ടില്ല. സമീപദേശങ്ങളായ മാതമംഗലത്തെയും കുറ്റൂരിലെയും മനസ്സുകളിലും മണ്ണിന്റെ അടരുകളിലും കരളുറപ്പിന്റെ പ്രതീകമായി ഇവരുടെ ജീവിതം നിറഞ്ഞുകത്തുന്നു.

കൊല്ലും കൊലയും കുലാധികാരമാക്കിയ ജന്മിത്വത്തിനെതിരെ പൊരുതി മരിക്കുകയായിരുന്നു കൊടിലോന്‍ രാമനും വണ്ണാത്താന്‍ രാമനും. മലബാറില്‍ പ്രകടമായ രാഷ്ട്രീയ ബോധം കൈവരിക്കുന്നതിനുമുമ്പെ തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും മുഷ്ടി ഉയര്‍ത്തി ഈ രണ്ടു യോദ്ധാക്കള്‍. മുട്ടിനുതാഴെ മുണ്ടുടുക്കാനും മുടിമുറിക്കാനുമുള്ള അവകാശം അധികാരിയുടേതും ആശ്രിതരുടേതും മാത്രമായപ്പോള്‍ രാമന്മാരുടെ പോരാട്ടവീര്യം ഉറഞ്ഞുകത്തി. നല്ല മണ്ണും ചന്തമുള്ള പെണ്ണും നാടുവാഴിക്കെന്ന കീഴ്വഴക്കത്തെ നേരിട്ടു. കൃഷിക്കാരന് മണ്ണും പെണ്ണിന് മാനവും വിലപ്പെട്ടതാണെന്ന് അധികാരപ്രമത്തതയെ ബോധ്യപ്പെടുത്തി. തന്റെ സമൂഹത്തിന് നിഷേധിക്കപ്പെട്ടവ നേടിയെടുക്കാന്‍ പോരാടി. അതിനാല്‍ ജനമനസ്സുകളില്‍ രാമന്മാര്‍ ഇതിഹാസതുല്യരായി.

ചരിത്രരേഖകളിലൊന്നും ഇടംപിടിക്കാതെപോയ ഇവരുടെ ചെറുത്തുനില്‍പ്പിനെ എന്റെ ജീവിതകഥയില്‍ എ കെ ജി ഇങ്ങനെ അടയാളപ്പെടുത്തി: ""അക്കാലത്ത് കൂറ്റുരില്‍ രണ്ടുധീരന്മാരായ കൃഷിക്കാര്‍ ജന്മിത്വത്തിന്റെ ധിക്കാരത്തെ നേരിട്ടുവെല്ലുവിളിച്ചു. വണ്ണത്താന്‍ രാമനും കൊടിലോന്‍ രാമനും. ജന്മിത്വത്തിന്റെ ധിക്കാരത്തെ വെല്ലുവിളിക്കാന്‍ ഈ രണ്ടുകര്‍ഷകര്‍ക്കും മടിയുണ്ടായില്ല. ഒരിക്കല്‍ ജന്മിയുടെ മുന്നില്‍നിന്നുകൊണ്ട് കര്‍ഷകകുടുംബത്തിലെ സ്ത്രീകളെ അപമാനിച്ചാല്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കും രക്ഷയുണ്ടാവില്ലെന്ന് പറയാന്‍ വണ്ണത്താന്‍ രാമന്‍ മടിച്ചില്ല."" കര്‍ഷകപ്രസ്ഥാനം എന്ന ശീര്‍ഷകത്തിലാണ് എ കെ ജി ഇങ്ങനെ പരാമര്‍ശിക്കുന്നത.് കേരളത്തിന്റെ കര്‍ഷകപ്രസ്ഥാനത്തിന്റെ സംഘടിതമുന്നേറ്റത്തിനുള്ള ഊര്‍ജമായി ഇവരുടെ ചെറുത്തുനില്‍പ്പുകളും കാണേണ്ടതുണ്ടെന്നാണ് എ കെ ജിയുടെ ഓര്‍മപ്പെടുത്തല്‍. ഈ സാഹസിക ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ നോവലും പിറന്നു. സി വി ബാലകൃഷ്ണന്റെ "ഉപരോധം" കുറ്റൂരിലെ രാമന്മാരുടെ കഥയാണ്. പിഴപ്പിച്ച പെണ്ണിനെപ്പോലും കുറ്റവിചാരണ നടത്തി പറയന്റെ തലയില്‍ കെട്ടിവെക്കുന്ന നാട്ടധികാരികളുടെ നികൃഷ്ട ജീവിതം നോവല്‍ വരച്ചുവെക്കുന്നു. മണ്ണില്‍ വിയര്‍ത്തൊലിക്കുന്ന കോടിലോന്‍ രാമനിലൂടെ ചെറുത്തുനില്‍പ്പിന്റെ സമരഗാഥ ഉപരോധത്തില്‍ കോറിയിട്ടിരിക്കുന്നു. ജന്മി-നാടുവാഴിത്തത്തിന്റെ ദുഷ്ടനീതിയില്‍ കര്‍ഷകനും കുടിയാനും നട്ടംതിരിയുന്ന കാലത്താണ് കുറ്റൂരിലെ രാമന്മാര്‍ നാടുവാഴിക്കെതിരെ പ്രതികരിക്കാനി റങ്ങിയത്. ചിറക്കല്‍ ദേശത്തെ പ്രധാന ജന്മി വേങ്ങയില്‍ നായനാരോടായിരുന്നു രാമന്മാരുടെ ഉപരോധം. കുറ്റൂര്‍, പാണപ്പുഴ, പെരിങ്ങോം, കാനായി, മണിയറ, മുത്തത്തി, കടന്നപ്പള്ളി, വെള്ളൂര്‍, പയ്യന്നൂര്‍ ദേശങ്ങളെല്ലാം നായനാരുടെ അധീനതയിലായിരുന്നു. നാടടക്കി വാണ ഇവരുടെ മുന്നില്‍ നാട്ടുകാര്‍ പഞ്ചപുച്ഛമടക്കി. നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകളൊന്നും ഇവര്‍ക്ക് അന്യമായിരുന്നില്ല. പെണ്ണായി പിറന്നാല്‍ നായനാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങണമെന്ന അലിഖിതനിയമവും നിലനിന്നു. വഴിനടക്കാനും മാനം രക്ഷിക്കാനും പാടുപെട്ട പെങ്ങന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ കൂടിയായിരുന്നു രാമന്മാരുടെ കലാപം. ജന്മിത്തത്തിന്റെ ധിക്കാരത്തെ ആവുംവിധം രാമന്മാര്‍ പ്രതിരോധിച്ചു. മുടിനീട്ടണമെന്ന ധിക്കാരത്തെ ചെറുക്കാന്‍ കുടുമ മുറിച്ച് കാര്യസ്ഥന്റെ മുമ്പിലേക്കിട്ടു കൊടിലോന്‍ രാമന്‍. ഷാപ്പില്‍ കള്ള് നിഷേധിച്ചപ്പോള്‍ വണ്ണത്താന്‍ രാമന്‍ ജന്മിയുടെ മാളികയിലെത്തി ബഹളം വച്ചു. നല്ല മണ്ണും നല്ല പെണ്ണും ജന്മിക്കെന്ന തിട്ടൂരത്തെ വെല്ലുവിളിച്ചു. അധികാരസോപാനത്തില്‍ സുഖാനുഭവങ്ങളില്‍ അഭിരമിച്ചവര്‍ അസ്വസ്ഥരായി. രാമന്മാര്‍ക്കെതിരെ കേസും പൊലീസും തടവറയും. പതിയിരുന്ന് ആക്രമണം. അതിനെയെല്ലാം അതിജീവിച്ച രാമന്മാരെ ഒടുവില്‍ ചതിപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. വണ്ണത്താന്‍ രാമനെ ജന്മിയുടെ ചോറ്റുപട്ടാളം സൂത്രത്തില്‍ കീഴ്പ്പെടുത്തി അവശനാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമനെ ഡോക്ടറെ സ്വാധീനിച്ച് ശസ്ത്രക്രിയ നടത്തി മുടന്തനാക്കി. കോടിലോന്‍ രാമനെ കൃഷിനിലത്തില്‍ കുത്തിക്കൊന്നു. രാമന്മാരുടെ ജീവിതരേഖയെക്കുറിച്ച് അവശേഷിക്കുന്ന തലമുറക്ക് ഇതില്‍ കൂടുതലൊന്നും അറിയില്ല. മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച രാമന്മാരും കുറ്റൂരിലെ വേങ്ങയില്‍ നായനാന്മാര്‍ക്കെതിരെ രണ്ടു രാമന്മാരും അഴിച്ചുവിട്ട പോരാട്ടം കത്തിജ്വലിച്ചു. നിലം ഒഴിപ്പിക്കലിനെതിരെ, സ്വാതന്ത്ര്യത്തിനുവേണ്ടി മലബാറില്‍ സമരകാഹളം മുഴങ്ങി. രാമന്മാരുടെ വീരാപദാനങ്ങളാല്‍ മുഖരിതമായ നാട്ടില്‍ സ്വാതന്ത്ര്യസമര-കര്‍ഷകപ്രസ്ഥാനത്തിന്റെ വേരുകള്‍ പടര്‍ന്നു. വിദ്യാര്‍ഥികളായ പി എം പരമേശ്വരന്‍ നമ്പീശനും എ എം ശങ്കരന്‍ നമ്പീശനും ആവേശഭരിതരായി. സ്വാതന്ത്ര്യദാഹത്തില്‍ സ്വയം മറന്ന അനേകായിരങ്ങളെപ്പോലെ സമരമുഖത്തെത്തി. ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തെ ജന്മികുടുംബമായ പഴേരിമഠത്തില്‍ 1910 മാര്‍ച്ച് ആറിന് പരമേശ്വരന്‍ നമ്പീശന്റെയും ദേവകിയമ്മയുടെയും മകനായി പരമേശ്വരന്‍ ജനിച്ചു. സംസ്കൃതപഠനത്തിനുശേഷം മാതമംഗലം തൃപ്പാണിക്കുന്ന് ക്ഷേത്രത്തില്‍ കഴകവൃത്തി തുടങ്ങി. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഗ്രാമങ്ങളില്‍ മുഴങ്ങിയ കാലം. മാതമംഗലത്തെ കള്ളുഷാപ്പ് പിക്കറ്റിങ്ങില്‍ നമ്പീശനും സജീവമായി. ഷാപ്പുടമ ക്ഷേത്ര ഊരാളന്മാരോട് പരാതിപ്പെട്ടു. നമ്പീശനെ നിലക്കുനിര്‍ത്താനുള്ള ഉദ്യമവുമായി ക്ഷേത്രം അധികാരി കോരപ്പൊതുവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസും പിക്കറ്റിങ്ങും എന്നെപ്പോലുള്ള മാന്യന്മാര്‍ക്ക് മതി. താന്‍ കഴകവൃത്തിയുമായി കഴിഞ്ഞുകൂടിയാല്‍ മതി. ഇരുവരും തമ്മില്‍ വാഗ്വാദം മുറുകി. കോണ്‍ഗ്രസ് മതിയെന്ന് നമ്പീശന്‍ തീരുമാനിച്ചു. പിന്നീടങ്ങോട് ത്യാഗസുരഭിലമായ ജീവിതമായിരുന്നു നമ്പീശന്റേത്. ജീവിതത്തിലെ ഒരു ഘട്ടം "രക്തസാക്ഷികള്‍ സിന്ദാബാദ്" എന്ന ചിത്രത്തിലെ ശിവസുബ്രഹ്മണ്യത്തെപ്പോലെ സമുദായ ചിഹ്നമായ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. ദൈവഭക്തിയേക്കാളുള്ള ദേശഭക്തി കുടുംബത്തില്‍ കോലാഹലം ഉണ്ടാക്കി. മഠത്തിലുള്ളവര്‍ ആദ്യം അടക്കിപ്പിടിച്ചും പീന്നീട് പരസ്യമായും എതിര്‍ത്തു. സ്വജനങ്ങളുടെ ആവലാതിയില്‍ കോപാകുലനായ ജ്യേഷ്ഠന്‍ പരമേശ്വരനെ അടുത്തുവിളിച്ച് ശാസിച്ചു. ഈ ഘട്ടത്തിലാണ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് വീടുവിട്ടീറങ്ങിയത്. 1940 സെപ്തംബര്‍ 15ന് മൊറാഴയില്‍ പ്രസംഗിക്കാനെത്തി. പിരിഞ്ഞുപോകാനുള്ള ഉത്തരവിനുമുന്നില്‍ പതറാതെ നിന്ന പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാനുള്ള നടപടി. വിഷ്ണുഭാരതീയനെ പൊലീസ് കടന്നുപിടിച്ചപ്പോള്‍ കൈയിലുള്ള പാര്‍ടിരേഖ നമ്പീശന് കൈമാറി. ദൈവികവൃത്തി ഉപേക്ഷിച്ച് കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും സജീവമായി. എ കെ ജിയോടൊപ്പം പ്രാസംഗികനായി. അവിഭക്ത കണ്ണൂര്‍ ജില്ലയിലാകെ നമ്പീശന്‍ സുപരിചിതനായി.

ആള്‍ക്കൂട്ടത്തിന്റെ അഭാവമുണ്ടാകുമ്പോള്‍ വിപ്ലവഗാനങ്ങള്‍ മധുരമായി പാടി ആളുകളെ ആകര്‍ഷിക്കാനുള്ള ശേഷിയെ എ കെ ജി പ്രകീര്‍ത്തിച്ചു. മൊറാഴ സംഭവത്തെത്തുടര്‍ന്ന് പാര്‍ടി നിര്‍ദേശപ്രകാരം കര്‍ണാടക പുത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ നമ്പീശന്‍ അവിടുത്തെ കര്‍ഷകസംഘടനയുടെ നേതാവായി. 1946 ല്‍ നാട്ടിലേക്ക് മടങ്ങി. പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായി. കരിവെള്ളൂര്‍ കേസിലും പ്രതിയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്പീശനെ കൃഷ്ണപ്പിള്ളയുടെ പ്രിയസഖാവാക്കി. അഭിനവ ഭാരത് യുവക് സംഘത്തിന്റെ പ്രധാന നേതാക്കളിലൊരാളായ നമ്പീശന്‍ സംഘടനയുടെ കൊടി ചെങ്കൊടിയാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്തു. ബഹുജനങ്ങളെ അണിനിരത്താന്‍ വെള്ളക്കൊടി തന്നെയാണ് ഉത്തമമെന്നായിരുന്നു നമ്പീശന്റെ വാദം. എ വി കുഞ്ഞമ്പു അടക്കമുള്ള നേതാക്കള്‍ ഇതിനോട് വിയോജിച്ചു. ചെങ്കൊടി അംഗീകരിച്ചു. തീരുമാനമറിഞ്ഞ കൃഷ്ണപ്പിള്ള എ വിയെ കാണുകയും നിങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നറിയിക്കുകയും ചെയ്തു. പി എം പരമേശ്വരന്‍ നമ്പീശന്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നറിഞ്ഞ കൃഷ്ണപ്പിള്ള നമ്പീശനെ കണ്ടപ്പോള്‍ നിങ്ങള്‍ ദീര്‍ഘവീക്ഷണമുള്ള സഖാവാണെന്ന് പുറത്തുതട്ടി പ്രശംസിച്ചു.

1959-ല്‍ കര്‍ണാടകയിലേക്ക് തിരിച്ച നമ്പീശന്‍ പുത്തൂരില്‍ മഹാലിംഗേശ്വര ദേവസ്ഥാനത്ത് കഴകവൃത്തി തുടര്‍ന്നു. പാര്‍ടിയുടെ താലൂക്ക് കമ്മിറ്റി ഓഫീസില്‍ ചെലവഴിച്ച നമ്പീശന്‍ കൃഷിക്കാരുടെ സംഘടനയായ കര്‍ണാടക റയട്ട് സംഘം നേതാവായി. പട്ടയമില്ലാത്തവര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലും ഹരിജന്‍ കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കാനുള്ള പ്രക്ഷോഭത്തിലും മുന്നണിപ്പോരാളിയായി. 1990-ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. സമരജീവിതത്തിനിടയില്‍ കുടുംബജീവിതം മറന്നു. മാതമംഗലത്തെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായിരുന്നു ജീവിതാന്ത്യം വരെ വാസകേന്ദ്രം. ഖദറിന്റെ ഒറ്റമുണ്ടും കോളറില്ലാത്ത അരക്കൈയന്‍ ഖാദി കുപ്പായവും ധരിച്ച് കൈയിലെ തുണിസഞ്ചിയില്‍ തിരുകിവച്ച ദേശാഭിമാനി പത്രവുമായി മാതമംഗലം ടൗണില്‍ നിറസാന്നിധ്യമായി മരണം വരെ നമ്പീശനുണ്ടായിരുന്നു. ജയിലഴി ഇളകി നില്‍ക്കുമ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. 1947 എപ്രില്‍ 19ന് ജയില്‍ചാടി. നാട്ടിലെത്തി സമരപോരാട്ടങ്ങളില്‍ വ്യാപരിക്കണമെന്നായിരുന്നു മോഹം. മാതമംഗലം പുനിയങ്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വേളയില്‍ ശങ്കരന്‍ നമ്പീശനെ കണ്ടപ്പോള്‍ അയവിറക്കിയ ഓര്‍മകളുടെ ആമുഖമിങ്ങനെ: ""എ കെ ജിയുടെയും സി കണ്ണന്റെയും സാഹസികമായ ജയില്‍ചാട്ടം മാത്രമായിരുന്നു പ്രചോദനം. അഴി ഇളകി നില്‍ക്കുന്നതിനാല്‍ അതിനു വഴിയുണ്ടായി. കിടക്കാന്‍ നല്‍കിയ വിരി ഉപയോഗിച്ച് ഇളകിയ കമ്പി മറ്റു കമ്പിയുമായി ചേര്‍ത്തുകെട്ടി. എന്റെ ഈ ചെറിയ ശരീരം കടക്കാന്‍ പാകത്തിലാക്കി. സെന്‍ട്രിയുടെയും വാര്‍ഡന്മാരുടെയും കണ്ണുവെട്ടിച്ച് പുറത്തെത്തി. വെടി ശബ്ദം കേട്ടാല്‍ ഞന്‍ മരിച്ചെന്ന് കൂട്ടിക്കൊള്ളുക. ഇല്ലെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ടാവും."" സഹതടവുകാര്‍ക്ക് നമ്പീശന്‍ നല്‍കിയ മുന്നറിയിപ്പ് ഇത്രമാത്രം.

1946 ല്‍ നടന്ന എരമത്തെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരത്തിനിടെ ജന്മിയെ ആക്രമിച്ചെന്നാരോപിച്ചാണ് ശങ്കരന്‍ നമ്പീശനെ ഒന്നരവര്‍ഷം തടവ് വിധിച്ചത്. തളിപ്പറമ്പ് മഴൂരിലെ അണലക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ആയിപ്പുഴ മഠത്തില്‍ ദേവകിയമ്മയുടെയും മകനായി ശങ്കരന്‍ ജനിച്ചു. നമ്പൂതിരിയായ അച്ഛന്റെ കൂടെ ഊണ് നിഷേധിച്ചപ്പോള്‍ ഇലയില്‍ വിളമ്പിയ ചോറും കറിയും എടുത്തുകഴിച്ച ആറുവയസുകാരന്റെ ധിക്കാരം വലിയ ഒച്ചപ്പാടുണ്ടാക്കി. വൈദ്യം പഠിക്കാന്‍ അച്ഛന്റെ തറവാട്ടിലേക്ക് പോയതോടെ നമ്പീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. 1934 ല്‍ മഹാത്മാഗാന്ധി പയ്യന്നൂരിലെത്തിയതറിഞ്ഞ് കാണാന്‍ പോയി. മഴൂരില്‍നിന്ന് കാല്‍നടയായാണ് പയ്യന്നൂരിലെത്തിയത്. ഗാന്ധിജിയെ കണ്ടതോടെ ആവേശം അതിരുകടന്നു.

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മനസ്സില്‍ പതിഞ്ഞു. വീട്ടിലറിഞ്ഞതോടെ വലിയ കോലാഹലമായി. അച്ഛന്‍ ഈ പടി ചവിട്ടുരുതെന്നാക്രോശിച്ച് ഇറക്കി വിട്ടു. മാതമംഗലത്തേക്കുള്ള തിരിച്ചുവരവ് ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെയും സജീവ പ്രവര്‍ത്തകനാക്കി. മൊറാഴയിലെ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാന്‍ മാതമംഗലത്തുനിന്നും പുറപ്പെട്ട ജാഥയില്‍ അംഗമായിരുന്നു. മാതമംഗലത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി പൊതുജീവിതം തുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണ കാലം തൊട്ടേ അതിന്റെ സംഘാടകനായി. 101-ാം വയസില്‍ മരണത്തിന് കീഴടങ്ങുന്നതുവരെ വരെ സിപിഐ എം പുനിയങ്ങോട് ബ്രാഞ്ചംഗമായി പ്രവര്‍ത്തിച്ചു. ചരിത്രസ്മരണകള്‍ തലമുറകളിലേക്കു പകരുന്നതില്‍ ദത്തശ്രദ്ധനായ ശങ്കരന്‍ നമ്പീശന്‍ 2013 സെപ്തംബര്‍ 17നാണ് ഓര്‍മയായത്. തീക്ഷ്ണമായ കാലത്തെ സാഹസികമായി നേരിട്ട ഗ്രാമീണ ജീവിത മാതൃകയിലെ അവശേഷിച്ച കണ്ണികൂടി ഇതോടെ നഷ്ടമായി. രാമന്മാരുടെ കഥക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഏടുകളായി ഈ രണ്ടുവിപ്ലവകാരികളും.

*
രാജേഷ് കടന്നപ്പള്ളി ദേശാഭിമാനി വാരിക

No comments: