Tuesday, December 17, 2013

കോണ്‍ഗ്രസിനും 'മോഡി ബാധ'!

യു ഡി എഫ് ചീഫ് വിപ്പ് നരേന്ദ്രമോഡിയുടെ വക്കീലായി വന്നപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളിലുണ്ടായ അമ്പരപ്പ് കെട്ടടങ്ങിയിട്ടില്ല. നരേന്ദ്രമോഡിക്കെതിരെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം യുദ്ധസന്നാഹങ്ങള്‍ മുറുക്കുമ്പോഴാണ് കോണ്‍ഗ്രസ് മുന്നണിയിലെ പ്രധാനി ബി ജെ പി സംഘടിപ്പിച്ച ചടങ്ങിലെത്തിയത്. മോഡിയുടെ കൂട്ടയോട്ടത്തിന്റെ കോട്ടയത്തെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. ഉദ്ഘാടനാനന്തരം ചീഫ് വിപ്പിനു മറ്റൊരു ചടങ്ങുകൂടി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. മോഡിയുടെ പ്രചാരണാര്‍ഥം സംഘപരിവാര്‍ പുറത്തിറക്കിയ ടീഷര്‍ട്ടിന്റെ വില്‍പ്പന ഉദ്ഘാടനമായിരുന്നു അത്. കാവി സ്‌കാര്‍ഫ് കഴുത്തില്‍ കെട്ടിയ യു ഡി എഫ് ചീഫ്‌വിപ്പ് മോഡിയുടെ ചിത്രം ഇരുപുറത്തും ആലേഖനം ചെയ്ത ടീഷര്‍ട്ട് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടി. ആ ടീഷര്‍ട്ടില്‍ മോഡിയുടെ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിരിക്കുന്നത് 'ഒരു രാഷ്ട്രം, ഒരു നായകന്‍' എന്നാണ്. ഈ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ''യു ഡി എഫില്‍ നിന്നു ബി ജെ പിയിലേയ്ക്കു കൂട്ടയോട്ടമോ?'' എന്ന് ഇന്നലെ ഞങ്ങള്‍ ചോദിച്ചിരുന്നു.

സംഘപരിവാറിനെതിരായ ആശയ രാഷ്ട്രീയ സമരത്തില്‍ കോണ്‍ഗ്രസ് എന്നും അഴകൊഴമ്പന്‍ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് അതിന്റെ സഖ്യകക്ഷികള്‍ ബി ജെ പിയുമായി ചങ്ങാത്തം തേടിപ്പോയതാണെന്നാണ് നിരീക്ഷകരില്‍ പലരും ചിന്തിച്ചത്. യു ഡി എഫ് മന്ത്രിസഭയിലെ ഒരംഗം തന്നെ ഗുജറാത്തില്‍ ചെന്ന് നരേന്ദ്രമോഡിക്ക് ഉപഹാരങ്ങള്‍ കൈമാറിയതും അതുകൊണ്ടാണെന്ന് അവര്‍ ചിന്തിച്ചു.

എന്നാല്‍ യു ഡി എഫ് സഖ്യകക്ഷികള്‍ക്കും അതിലെ മന്ത്രിക്കും ചീഫ് വിപ്പിനും മാത്രമല്ല, 'മോഡി ബാധ'യേറ്റതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ നരേന്ദ്രമോഡി കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളുടെ ഭക്തജന സംഘത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ബി ജെ പി കോപ്പുകെട്ടിച്ചയയ്ക്കുന്നത് ഒന്നാന്തരം ആര്‍ എസ് എസ് സ്വയംസേവകനായ നരേന്ദ്രമോഡിയെ ആണ്. ഇന്ത്യന്‍ സാഹചര്യങ്ങളിലേയ്ക്ക് ഇന്ന് ഹിറ്റ്‌ലറെ പറിച്ചു നട്ടാല്‍ എങ്ങനെയുണ്ടാകുമോ അതാണ് നരേന്ദ്രമോഡി. ഗുജറാത്തിലെ വംശഹത്യയുടെ (പ്രതി) നായകന്‍! വ്യാജ ഏറ്റുമുട്ടല്‍ പരമ്പരയുടെ സംഘാടകന്‍! പാവങ്ങള്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍ക്കു വെള്ളവും വെളിച്ചവും കൊടുക്കാതെ നഗരകേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് വികസനത്തിന്റെ തത്ത്വചിന്തകന്‍! പ്രചാരണ കൗശലങ്ങളില്‍ ഗീബല്‍സിനെയും തോല്‍പ്പിക്കുന്ന സൂത്രശാലി! ആ നരേന്ദ്രമോഡിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ കേരളത്തിന്റെ കോണ്‍ഗ്രസ് നേതൃത്വം ഭയഭക്തിപൂര്‍വം നില്‍ക്കുന്ന സ്ഥിതിവിശേഷവും ഒരേസമയം ദയനീയവും പരിഹാസ്യവുമാണ്.

മോഡിയുടെ പ്രതിഛായാ നിര്‍മിതിക്കുവേണ്ടി അദ്ദേഹം തന്നെ തിരഞ്ഞുപിടിച്ച ദേശീയ നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. പട്ടേലിന്റെ പ്രതിമാനിര്‍മാണത്തിന്റെ പേരില്‍ നരേന്ദ്രമോഡി ആവിഷ്‌ക്കരിച്ചിരിക്കുന്നത് ഹിറ്റ്‌ലര്‍ - ഗീബല്‍സ് മോഡലിലുള്ള പ്രചാരണ തന്ത്രങ്ങളാണ്. അമേരിക്കയിലെ 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' യെക്കാള്‍ വലുതായിരിക്കുമത്രെ മോഡി കെട്ടിപ്പൊക്കാന്‍ പോകുന്ന പട്ടേല്‍ പ്രതിമ. അതിനാവശ്യമായ മണ്ണും ലോഹവും ഇന്ത്യയിലെ ജനങ്ങള്‍ സംഭാവനയായി നല്‍കണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനം. അതിനുള്ള അനുകൂല അന്തരീക്ഷമൊരുക്കാനായിരുന്നു കൂട്ടയോട്ടം. ടീഷര്‍ട്ടുകളും മറ്റു സുവനീറുകളുമെല്ലാം തുടക്കം മാത്രമേ ആകുന്നുള്ളു. അത്തരത്തില്‍ എന്തെല്ലാം ഇനി കാണാനിരിക്കുന്നു!

മോഡിയുടെ ബുദ്ധിയിലുദിച്ച പട്ടേല്‍ പ്രതിമയ്ക്കു ദേശീയതലത്തില്‍ അംഗീകാരം നേടാന്‍ ഗുജറാത്തിലെ ബി ജെ പി മന്ത്രിമാര്‍ സംസ്ഥാനങ്ങള്‍ തോറും പര്യടനത്തിലാണ്. അവിടത്തെ കൃഷിമന്ത്രി ബാബുഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. അവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് നിരുപാധികമായ ഐക്യപ്രകടനത്തോടെയാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവരോടൊപ്പം വിരുന്നുണ്ടു. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പെരുമാറ്റ മര്യാദയുടെ ചെലവില്‍ ഈ ബി ജെ പി പ്രണയത്തിന്റെ കണക്കെഴുതാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് പാഴ്‌വേലയാണ്. പട്ടേല്‍ പ്രതിമയ്ക്ക് പിന്തുണതേടി എത്തുന്ന ഒരു രാഷ്ട്രീയ ദൗത്യസംഘത്തോട് (അവരില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നു) കോണ്‍ഗ്രസ് മുഖ്യമന്ത്രി രാഷ്ട്രീയമായിതന്നെയാണ് പ്രതികരിക്കേണ്ടത്. അവിടെ സര്‍ക്കാരുകളുടെ പെരുമാറ്റ മര്യാദയ്ക്ക് എന്തുകാര്യം? ആര്‍ എസ് എസ്-ബി ജെ പി സംഘം നടത്തുന്ന രാഷ്ട്രീയ പ്രതിമാനിര്‍മാണത്തിന്റെ രാഷ്ട്രീയത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് പറയാനുള്ള ഭാഷ വശമില്ലാത്തയാളാണോ മുഖ്യമന്ത്രി? അദ്ദേഹം ആ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. ആഭ്യന്തരമന്ത്രി ആ പിന്തുണയ്ക്കു ഭക്ഷണമേശമേല്‍ വച്ച് അടിവരയിടുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം മുമ്പും തീവ്രഹിന്ദു ദേശീയവാദ ശക്തികളോട് സഖ്യം ചെയ്തവരാണ്. അതിനായി ഗാന്ധി-നെഹ്‌റു പാരമ്പര്യങ്ങളെ നിരാകരിച്ചവരാണ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് അവരുടെ അടിസ്ഥാന രാഷ്ട്രീയം. ഗാന്ധിജിയെ പിടിച്ചാണയിടുന്ന കോണ്‍ഗ്രസ് ഗാന്ധിഘാതകരുടെ കൂടാരത്തിലേക്ക് പട്ടേല്‍ പ്രതിമയുടെ നിഴല്‍പറ്റി വീണ്ടും നീങ്ങുന്നത് ഗാന്ധി-നെഹ്‌റു പാരമ്പര്യം മറക്കാത്ത കോണ്‍ഗ്രസുകാരെ വേദനിപ്പിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
*
ജനയുഗം മുഖപ്രസംഗം

No comments: