Monday, December 23, 2013

ശരിയാണ്, ജീവിത സമരത്തെക്കാള്‍ വലിയ സമരമില്ല

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം സമാപിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ രാഷ്ട്രീയ കൗശലത്തിന്റെ ഒരധ്യായം കൂടി പൂര്‍ത്തിയാക്കുകയായിരുന്നു. കണ്ണടച്ചു പാല്‍ കുടിക്കുമ്പോള്‍ പൂച്ച ചുറ്റുമുള്ളതൊന്നും കാണുകയില്ല. നക്കി നക്കി കുടിക്കുന്ന പാലിന്റെ രുചി മാത്രമേ പൂച്ച അപ്പോള്‍ അറിയുന്നുള്ളു. ആ സ്ഥിതിയിലെത്തിയിരിക്കുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. അടിമുടി അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഒരു ഭരണത്തിന്റെ തലവനാണ് താന്‍ എന്ന സത്യത്തിന്റെ നേര്‍ക്ക് അദ്ദേഹം കണ്ണിറുക്കി അടച്ചിരിക്കുകയാണ്. താന്‍ നയിക്കുന്ന ഗവണ്‍മെന്റിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന വസ്തുത അദ്ദേഹത്തെ അലട്ടുന്നില്ല. ഭരണം നയിക്കുന്ന പാര്‍ട്ടികളുടെ 'കൂട്ടുകെട്ടി' ല്‍ കൂട്ടും കെട്ടും പൊട്ടിത്തകര്‍ന്നിട്ട് കാലമേറെയായി എന്ന വസ്തുതയ്ക്കു മുമ്പിലും അറിയാത്ത ഭാവത്തിലാണ് ഈ ഖദറിട്ട കൗശലക്കാരന്‍ നില്‍ക്കുന്നത്. താന്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ആയിരങ്ങള്‍ ഓടിക്കൂടിയതിനെക്കുറിച്ചാണ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനായി തയ്യാറാക്കിയ ലേഖനത്തില്‍ മുഖ്യമന്ത്രി വാചാലനാകുന്നത്. ആ നിസഹായരായ ജനതയാകെ മുഖ്യമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും മാസ്മരികമായ ജനകീയതയില്‍ മയങ്ങിപ്പോയവരാണെന്ന് അദ്ദേഹം സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കുചുറ്റും തിടം വച്ചു വളരുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു ഭരണാധികാരിയുടെ മനോഗതം മനസിലാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ 'പ്രകാശം ചൊരിഞ്ഞ ജനകീയ കൂട്ടായ്മ' എന്ന ലേഖനം വായിച്ചാല്‍ മതിയാകും.

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയതുമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറു പേര്‍ക്കു കൈവന്ന ഭാഗ്യത്തെക്കുറിച്ച് മുഖ്യമന്ത്രി ലേഖനത്തില്‍ വിവരിച്ചു. ആ ഭാഗ്യം കൈവരുന്നതിനായി അവര്‍ ആറുപേര്‍ക്കും അനുഷ്ഠിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നുണ്ട്. അവര്‍ ആറുപേരും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ തന്നെയാണ്. അവരെപ്പോലെ തന്നെ ഭാഗ്യത്തിന്റെ കടാക്ഷത്തിന് അര്‍ഹരായ എത്രയോ പേര്‍ക്ക് മുഖ്യമന്ത്രിയെ മുഖം കാണിക്കാനാകാതെ തിരിച്ചുപോകേണ്ടിവന്നു! മുഖ്യമന്ത്രി സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ചോദിക്കാതിരിക്കുന്നേടത്തു നിന്നാണ് ജനസമ്പര്‍ക്ക പരിപാടിയുടെ നൈതികത ചോദ്യം ചെയ്യപ്പെടുന്നത്: തികച്ചും അര്‍ഹമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നു ലഭ്യമാകണമെങ്കില്‍ അവര്‍ പുലര്‍ച്ച മുതല്‍ പാതിരാവരെ കാത്തുകെട്ടി കിടന്ന് മുഖ്യമന്ത്രിയെ മുഖം കാണിച്ചാല്‍ മാത്രമേ നടക്കുകയുള്ളോ? പത്തുമുപ്പതാളുകള്‍ അവരെ ചുമന്നു കൊണ്ടുവരുന്ന സ്ഥിതി പത്രങ്ങള്‍ക്കു നല്ല ഫോട്ടോ വിഷയവും മുഖ്യമന്ത്രിക്കു നല്ല ലേഖനവിഷയവുമായിരിക്കാം. അതുപക്ഷേ എങ്ങനെയാണ് കരുതലുള്ള ഭരണത്തിന്റെ കാര്യക്ഷമതയ്ക്കു തെളിവാകുന്നത്? ഏറ്റവും ന്യായമാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്ന ഇത്തരം ജനകീയ വിഷയങ്ങളില്‍ ഏക പരിഹാരം മുഖ്യമന്ത്രിയെ കാണിക്കുക മാത്രമാണെന്ന സിദ്ധാന്തമാണോ ഉമ്മന്‍ചാണ്ടി മുന്നോട്ടു വയ്ക്കുന്നത്?

വില്ലേജ് ഓഫീസുകള്‍ വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേന പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കണമെന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി കൈമാറുന്നത്. രാജവാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭരണശൈലി വ്യവസ്ഥാപിതമായ ഭരണസംവിധാനത്തെ മുഴുവന്‍ അവഹേളിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് പ്രകാശം എത്തിക്കേണ്ട ഭരണവ്യവസ്ഥയെ ഉറക്കിക്കിടത്തുന്ന മുഖ്യമന്ത്രി ആണ്ടിലൊരിക്കല്‍ 'ജനകീയ കൂട്ടായ്മയില്‍ അവതരിച്ച് പ്രകാശം ചൊരിയു' മെന്നാണ് അദ്ദേഹത്തിന്റെ ലേഖനം സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് അംഗബലമുള്ള സര്‍ക്കാര്‍ ഭരണയന്ത്രം ഇത്രയേറെ ജനവിരുദ്ധമായതിനു പിറകില്‍ ഉമ്മന്‍ചാണ്ടിമാരുടെ ഇത്തരം സമീപനങ്ങളും പങ്കുവഹിച്ചിട്ടുണ്ടെന്നുറപ്പാണ്.

കുറേ പേര്‍ക്ക് സാമ്പത്തികാനുകൂല്യം കുറേപ്പേര്‍ക്ക് ചികിത്സാ സഹായം, കുറേപേര്‍ക്ക് മുച്ചക്രവാഹനം, കുറേപേര്‍ക്ക് ബി പി എല്‍ കാര്‍ഡ് - ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതാണ് പൊതുവില്‍ സംഭവിച്ചത്! സര്‍ക്കാരിന്റെ ഭരണയന്ത്രം സുതാര്യമായി നേരാംവണ്ണം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജില്ലാ കേന്ദ്രങ്ങളിലെ മാമാങ്കങ്ങളിലേയ്ക്കു മുപ്പതുപേര്‍ ചേര്‍ന്ന് ചുമന്ന് എത്തിക്കാതെ പാവങ്ങള്‍ക്ക് ഇത് ലഭിക്കുമായിരുന്നു. അതു നടക്കാത്തത് പാവങ്ങളുടെ കുറ്റം കൊണ്ടല്ല, ഭരണം നടത്തുന്നവരുടെ അക്ഷന്തവ്യമായ കുറ്റം കൊണ്ടാണ്.

ഇത്തരം ദുരിതങ്ങളുടെ കയത്തിലാണ് നാട്ടിലെ ഗണ്യമായ ഒരു ഭാഗം പാവങ്ങള്‍ ജീവിക്കുന്നതെന്നു മുഖ്യമന്ത്രിക്ക് ഇപ്പോഴാണത്രെ മനസിലായത്! അഞ്ചു ദശാബ്ദത്തിലേറെ നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോള്‍ അത്ഭുതം തോന്നാതിരിക്കുന്നതെങ്ങനെ? ഖജനാവില്‍ നിന്ന് എത്ര കോടികള്‍ വാരിയെറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിക്ക് ഈ 'ബോധോദയം' ഉണ്ടായത്? അതിന്റെ 'സുതാര്യമായ' കണക്കുകള്‍ എന്നാണ് ജനങ്ങളെ അറിയിക്കുന്നത്?

കണ്ണൂര്‍ നഗരത്തിലെ ഗതാഗതം ദുഷ്‌ക്കരമായിട്ട് മാസങ്ങളായത്രെ! അതുനന്നാക്കാന്‍ അഞ്ച് കോടി അനുവദിക്കാന്‍ ജനസമ്പര്‍ക്കത്തിന്റെ പിറ്റേന്നുകൂടിയ മന്ത്രിസഭാ യോഗംവരെ കാത്തിരിക്കേണ്ടിവന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഒരു ജില്ലാ ആസ്ഥാനത്തെ റോഡുകള്‍ താറുമാറായിക്കിടന്നപ്പോള്‍ അവിടത്തെ എം എല്‍ എ യും എം പി യും മുനിസിപ്പാലിറ്റിയും എന്തുചെയ്യുകയായിരുന്നു? ജനസമ്പര്‍ക്ക വേദിയില്‍ ഒരു നിവേദനം കൊടുത്തപ്പോള്‍ കാര്യം ശരിയായിയെങ്കില്‍ ആ നിവേദനം പോലും കൊടുക്കാത്ത എം പിയേയും എം എല്‍ എ യേയും ജനപ്രതിനിധികളായി കാണാനാകുന്നതെങ്ങനെ? അവരുടെ പാര്‍ട്ടിയും ഗ്രൂപ്പും ഏതുമാകട്ടെ. അവര്‍ക്കെതിരായ കുറ്റപത്രമായി മാറുകയാണ് മുഖ്യമന്ത്രിയുടെ ലേഖനം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭാ രേഖകള്‍ പരിശോധിച്ചുനോക്കട്ടെ. ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും വാര്‍ധക്യകാല/വിധവാ പെന്‍ഷന്‍ ബാധകമാക്കണമെന്നും വികലാംഗ പെന്‍ഷന്‍ വരുമാനപരിധി വര്‍ധിപ്പിക്കണമെന്നും ക്ഷേമപെന്‍ഷനുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ അധികാരപ്പെടുത്തണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും സഭാവേദിയിലും വിവിധ കമ്മിറ്റികളിലും എത്രയോ തവണ ആവശ്യമുയര്‍ന്നതാണ്. എന്നിട്ടും ജനസമ്പര്‍ക്ക പരിപാടിയിലാണ് ഇത്തരം കാര്യങ്ങള്‍ ആദ്യമായി കേള്‍ക്കുന്നതെന്ന രീതിയില്‍ ഉമ്മന്‍ചാണ്ടി എഴുതുമ്പോള്‍ 'അഹോ, ഭയങ്കരം' എന്ന് ഭരണപക്ഷ-പ്രതിപക്ഷ എം എല്‍ എമാര്‍ ഒന്നിച്ചുപറഞ്ഞേക്കും. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ ഭരണകൂടത്തെ വിശ്വസിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. അദ്ദേഹം വ്യക്തമാക്കേണ്ടത് ജനസമ്പര്‍ക്കത്തിന്റെ ആ ഒറ്റ ദിവസം മാത്രം ഈ ദൂരം കുറഞ്ഞാല്‍ മതിയോ എന്നാണ്.

തന്റെ ലേഖനത്തില്‍ ഉമ്മന്‍ചാണ്ടി എഴുതി: ''ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഒരുപാട് പേര്‍ക്ക് കിട്ടിയതിനെക്കാള്‍ കൂടുതല്‍ പ്രയോജനം എനിക്കാണു കിട്ടിയത്. നമ്മുടെ നാടിന്റെ അടിത്തട്ടിലുള്ളവരെ എനിക്കു വീണ്ടും മുഖാമുഖം കാണാന്‍ സാധിച്ചു. ഇങ്ങനെയൊരു പരിപാടി ഇല്ലായിരുന്നെങ്കില്‍ എനിക്കവരെയോ അവര്‍ക്ക് എന്നെയോ കാണാന്‍ സാധിക്കുമായിരുന്നില്ല...'' അങ്ങനെ ഒരാവശ്യത്തിനുവേണ്ടി ഇത്രയേറെ പണം വാരിയെറിഞ്ഞത് എന്തിനാണെന്നു ഇടതുപക്ഷം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. അതു ജനങ്ങളുടെയാകെ ചോദ്യമാണ്. അഴിമതി ഇല്ലാത്ത ജീവിതം കൊതിക്കുന്ന മനുഷ്യരുടെ ജീവിതസമരത്തിന്റെ ഭാഗമാണ് ആ ചോദ്യം.

*
ജനയുഗം മുഖപ്രസംഗം

No comments: