Wednesday, December 11, 2013

ഗ്വാണ്ടനാമോയുടെ കാവല്‍ക്കാര്‍

അമേരിക്കന്‍ ഭരണാധികാരികള്‍ നിര്‍മിച്ച ഗ്വാണ്ടനാമോ തടവറയിലെ പൈശാചിക മര്‍ദനമുറകളും നരകതുല്യ ജീവിതവും വായിച്ചും കേട്ടും അറിഞ്ഞ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതേ മാതൃക കേരളത്തിലും തുടരാന്‍ ആഗ്രഹിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും അവര്‍ക്ക് ഉത്തമമാതൃകയാണ്. യുഡിഎഫ് ഭരണത്തില്‍ ഫാസിസ്റ്റ് മാതൃകയിലുള്ള ജയില്‍ഭരണം ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത് കോഴിക്കോട് ജില്ലാ ജയിലിലാണെന്നാണ് മനസിലാക്കേണ്ടത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ പാര്‍പ്പിച്ചിട്ടുള്ളത് അവിടെയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട നിമിഷം മുതല്‍ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ദിവ്യായുധം വീണുകിട്ടിയെന്ന മനോഭാവമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായത്. അതില്‍ ഉമ്മന്‍ചാണ്ടിയെന്നോ തിരുവഞ്ചൂരെന്നോ മുല്ലപ്പള്ളിയെന്നോ സുധാകരനെന്നോ "എ" എന്നോ "ഐ" എന്നോ വ്യത്യാസമേതുമില്ല.

ആര്‍എംപി എന്ന ഈര്‍ക്കില്‍ പാര്‍ടി നേതാക്കള്‍ പറയുന്നതൊക്കെ വേദവാക്യമായാണ് ഇക്കൂട്ടര്‍ കരുതുന്നത്. വധം നടന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പ്രത്യേക കോടതിയില്‍ അന്തിമവാദം നടക്കുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് ഗൗരവമുള്ള വിഷയംതന്നെയാണ്. ഫലപ്രദമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ഞങ്ങളും ആവശ്യപ്പെട്ടത്. വാദപ്രതിവാദം പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കകം കേസിന്റെ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമവിധി വന്നതിനുശേഷമേ കുറ്റം ചെയ്തവരാരാണെന്ന് വ്യക്തമാവുകയുള്ളൂ. വിധി വരുന്ന നിമിഷംവരെ പ്രതികള്‍ വിചാരണത്തടവുകാര്‍ മാത്രമാണ്. അവര്‍ക്ക് ജയില്‍വേഷം ധരിക്കേണ്ടതില്ല. കായികാധ്വാനം ചെയ്യേണ്ടതില്ല. അവരെ കുറ്റവാളികളായി കണക്കാക്കാനും പറ്റില്ല. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കുപോലും ജയിലില്‍ ചില സൗകര്യങ്ങള്‍ അനുവദിക്കാറുണ്ട്. മനുഷ്യത്വപരമായ പരിഗണന അവര്‍ക്ക് ലഭിക്കാറുണ്ട്. ജന്മക്കാര്‍ എന്നറിയപ്പെടുന്ന ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍ ജയിലിനകത്ത് ഭക്ഷണം പാകംചെയ്യല്‍, വാര്‍ഡന്മാരെ സഹായിക്കല്‍, നിലം അടിച്ചു വൃത്തിയാക്കല്‍, കൃഷിപ്പണി, സഹതടവുകാരുടെ മുടി ക്രോപ്പ് ചെയ്യല്‍ തുടങ്ങി വിവിധതരം ജോലികള്‍ചെയ്ത് പ്രതിഫലം വാങ്ങാറുണ്ട്.

തടവുകാരെ ജയില്‍ ജീവിതത്തിനിടയില്‍ സല്‍സ്വഭാവികളായി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കാറുള്ളത്. ശിക്ഷാകാലാവധി കഴിഞ്ഞ് ഭൂരിപക്ഷം തടവുകാരും കുറ്റവാസന ഉപേക്ഷിച്ച് നല്ല മനുഷ്യരായി പുറത്തുവരുന്നത് കാണാറുണ്ട്. ചിലര്‍ ജയിലില്‍ പരീക്ഷ എഴുതി ഉന്നതബിരുദവും മറ്റ് യോഗ്യതകളും നേടാറുണ്ട്. ഇവര്‍ക്കിടയില്‍ സമൂഹത്തില്‍ സാധാരണ കാണാറുള്ളതുപോലെ ദുര്‍ഗുണമുള്ള അപൂര്‍വം ചിലരും ഉണ്ടായെന്നു വരാം. ഇപ്പോള്‍ ജയിലില്‍ ചപ്പാത്തി, ഇഡ്ഡലി തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുണ്ടാക്കി കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്നത് പതിവായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് അനുവദിച്ച സൗകര്യവും പെരുമാറ്റവും വിചാരണത്തടവുകാര്‍ക്ക് ലഭിക്കാന്‍ പാടില്ലെന്ന ദുര്‍വാശിയാണ് സര്‍ക്കാരിനും സര്‍ക്കാരിന്റെ കുഴലൂത്തുകാരായ ചില മാധ്യമങ്ങള്‍ക്കുമുള്ളത്. തടവുകാരെപ്പറ്റിയുള്ള പഴഞ്ചന്‍ ധാരണയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്നത്. ഗ്വാണ്ടനാമോ തടവറയും ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇവിടെ മാതൃകയായിട്ടുള്ളത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുപോലും പറയേണ്ടിവന്നു, കേരളത്തില്‍ ഒരു ചന്ദ്രശേഖരന്‍മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളതെന്ന്. പരിചയസമ്പന്നനും ഉന്നത സംസ്കാരത്തിന്റെ ഉടമയുമായ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പത്രക്കാരുടെ മുന്നില്‍ സഹികെട്ടാണ് പൊട്ടിത്തെറിച്ചതെന്നു വേണം കരുതാന്‍.

കോഴിക്കോട് ജയിലില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഫേസ്ബുക്ക് തുടങ്ങിയ ആരോപണങ്ങള്‍ ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത ജയിലുകള്‍ ലോകത്തെവിടെയും ഉണ്ടാകാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയായ കെ കെ ലതിക വിചാരണത്തടവുകാരനായ മോഹനന്‍ മാസ്റ്ററെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നും എംഎല്‍എയ്ക്ക് കേരളത്തിലെ മുഴുവന്‍ തടവുകാരെയും കാണാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ലജ്ജിച്ച് തലതാഴ്ത്താനുള്ള അവസരമായിരുന്നു അത്. എന്നാല്‍, കണ്ടാലും കൊണ്ടാലും ഒന്നും പഠിക്കാത്തവരാണ് ഇക്കൂട്ടര്‍.

ഡിജിപി പറഞ്ഞത് ജനാധിപത്യമര്യാദയനുസരിച്ച് അംഗീകരിച്ച് സ്വന്തം തെറ്റ് മനസിലാക്കി തിരുത്തുന്നതിന് പകരം അദ്ദേഹത്തെ ധിക്കാരപൂര്‍വം സ്ഥാനത്തുനിന്ന് മാറ്റുകയാണ് ചെയ്തത്. കെ കെ ലതികയ്ക്കെതിരായ മഷിയിടല്‍ ഇപ്പോഴും തുടരുകയാണ്. അവര്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് അന്വേഷണം നടത്തിയവരെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ബൂര്‍ഷ്വാ മാധ്യമങ്ങളും സര്‍ക്കാരും അവര്‍ക്കെതിരായ പീഡനം തുടരുന്നു. ഒരുകാര്യം വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജയിലുകള്‍ ഗ്വാണ്ടനാമോ തടവറയോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ആക്കി മാറ്റാന്‍ കേരളജനത അനുവദിക്കില്ല. അത് പൊറുക്കുകയുമില്ല. ജയിലില്‍ അടയ്ക്കപ്പെട്ടവരും മനുഷ്യരാണ്. മനുഷ്യരെന്നതുപോലെ സംസ്കാരസമ്പന്നമായ പെരുമാറ്റം അവരും അര്‍ഹിക്കുന്നുണ്ട് എന്ന് ഓര്‍മ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: