Thursday, December 12, 2013

ചരിത്രം തിരുത്തിക്കുറിക്കുന്നത് തൊഴിലാളി വര്‍ഗമായിരിക്കും

അധികാരത്തിന്റെ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് മൂലധനശക്തികളും അവരുടെ രാഷ്ട്രീയ കാര്യസ്ഥന്മാരും ഡല്‍ഹിയില്‍ തല പുകയ്ക്കുകയാണ്. ദേശീയ മാദ്ധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മാന്യസഹജീവികളെല്ലാം ആ പുകയുടെ പൊട്ടും പൊടിയും ചേര്‍ത്ത കഥകള്‍ മെനയുന്ന തിരക്കിലാണ്. അതേ ഡല്‍ഹിയില്‍ ഇന്ന് ലക്ഷക്കണക്കായ പണിയാളര്‍ നാടിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക നിര്‍ദ്ദേശങ്ങളുമായി അണിനിരക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളും കൊടി നിറഭേദങ്ങളും മാറ്റിവച്ച് തൊഴിലാളി വര്‍ഗ ഐക്യം എന്ന മഹത്തായ ബാനറിനു കീഴിലാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലൂടെ ശക്തി പ്രാപിച്ച തൊഴിലാളി വര്‍ഗ മുന്നേറ്റത്തിന്റെ പുതിയ ഘട്ടമാണിത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമര ചരിത്രത്തിലെ പുളകോദഗമനകാരിയായ നവീന അദ്ധ്യായം. അത് രചിക്കാന്‍ എത്തിച്ചേരുന്ന എല്ലാ തൊഴിലാളി സഖാക്കളെയും 'ജനയുഗം' മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്യുന്നു.

അധികാര രാഷ്ട്രീയത്തിന് അലങ്കാര തൊപ്പികള്‍ ചാര്‍ത്താന്‍ മത്‌സരിക്കുന്ന മാധ്യമങ്ങള്‍ തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അവഗണിക്കാനാണു സാധ്യത. കോര്‍പ്പറേറ്റ് വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ക്ക് മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്ന മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദ്വിദിന പണിമുടക്കും സെപ്തംബറിലെ പ്രതിഷേധദിനവും കണ്ടില്ലെന്നു നടിച്ചവരാണ്. എല്ലാ ജീവിതതുറകളിലും പിടിമുറുക്കി കഴിഞ്ഞ മൂലധന താല്പര്യങ്ങള്‍ നിഷ്പക്ഷമെന്നു പറയപ്പെടുന്ന നമ്മുടെ മാദ്ധ്യമങ്ങളെ കീഴ്‌പ്പെടുത്തിയതിന്റെ ഫലമാണിത്. ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്: ''ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന ദരിദ്രന്റെ മുഖം അവരുടെ കണ്ണില്‍ പെടുകയില്ല. എന്നാല്‍ ഓഹരി കമ്പോളത്തില്‍ 2 പോയിന്റ് ഇടിഞ്ഞാല്‍ അവര്‍ മാറത്തടിച്ചു നിലവിളിക്കും!'' ലാഭമോഹം കടിഞ്ഞാണ്‍ പിടിയ്ക്കുന്ന ആ സ്ഥിതിവിശേഷത്തെയും അതിലേക്കു നയിക്കുന്ന സാമ്പത്തിക നയങ്ങളെയും തിരുത്തിക്കുറിക്കാനാണ് തൊഴിലാളിവര്‍ഗം പാര്‍ലമെന്റിനു മുന്നിലേക്കു വരുന്നത്.

1908 ല്‍ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് സാമ്രാജ്യത്വം അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചപ്പോള്‍ ''തിലകനെ വിട്ടയക്കുക'' എന്ന ഒറ്റ മുദ്രാവാക്യവുമായാണ് ബോംബെയില്‍ തൊഴിലാളിവര്‍ഗം പണിമുടക്കിയത്. കടലുകളും പര്‍വതങ്ങളും താണ്ടി ആ പണിമുടക്കു വാര്‍ത്ത മോസ്‌കോയില്‍ എത്തിയപ്പോള്‍ ലെനിന്‍ എഴുതി: ''ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിനു പ്രായപൂര്‍ത്തി എത്തിയിരിക്കുന്നു''. ചൂഷകവര്‍ഗത്തിന്റെ കൊള്ള കൊടുക്കലുകള്‍ക്കു മുമ്പില്‍ രാജ്യം സ്തംഭിച്ചു നില്‍ക്കുമ്പോള്‍ കഷ്ടപ്പെടുന്ന മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ന് തൊഴിലാളി വര്‍ഗം ഐക്യകൊടികളുമായി ഡല്‍ഹിയില്‍ എത്തുന്നത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ഈ വര്‍ഗമുന്നേറ്റത്തിലൂടെ തങ്ങളുടെ പ്രായപൂര്‍ത്തി ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗരാഷ്ട്രത്തിലേക്കുള്ള പ്രായപൂര്‍ത്തി പ്രാപിക്കലായി ഇതു മാറിയാല്‍ ഇന്ത്യയുടെ ചരിത്രം തന്നെ വേറൊന്നാകും.

ശതകോടീശ്വരന്മാരാണ് നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും ഇന്നു നിരന്നിരിക്കുന്നവരില്‍ ഏറെയും. ലക്ഷണമൊത്ത ക്രിമിനലുകളും അവരില്‍ കുറവല്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് മാര്‍ച്ച് മുന്നോട്ടു വയ്ക്കുന്ന മിനിമം കൂലിയുടെയും പെന്‍ഷന്റെയും സാമൂഹിക സുരക്ഷയുടെയും പ്രശ്‌നങ്ങള്‍ അവര്‍ക്കു മനസിലാകില്ല. വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും റോഡിന്റെയും ആവശ്യകത അവരുടെ മനസില്‍ പതിയുകയില്ല. ''റൊട്ടി ഇല്ലെങ്കില്‍ കേക്ക് തിന്നുകൂടെ?'' എന്നു ചോദിച്ച ഫ്രാന്‍സിലെ മരിയ അന്റോണിയറ്റിന്റെ സംസ്‌കാരവും ചിന്തകളും ഏറ്റു വാങ്ങിയ നവലിബറല്‍ നയങ്ങളുടെ തമ്പുരാക്കന്മാരാണവര്‍. അക്കൂട്ടരുടെ കൈയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാമാന്യജനങ്ങളുടെയും വിപുലമായ ഐക്യം ഊട്ടിവളര്‍ത്തിയേ മതിയാകൂ. ഐക്യത്തിന്റെയും സമരത്തിന്റെയും ഇത്തരമൊരു തത്ത്വശാസ്ത്രമാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ തൊഴിലാളിവര്‍ഗം ഇന്ത്യന്‍ ജനതയ്ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

അദ്ധ്വാനിക്കുന്നവരായ മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും അടിസ്ഥാന ജീവിതാവശ്യങ്ങള്‍പോലും നിഷേധിച്ചുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ ലോകമെങ്ങും നിലകൊള്ളുന്നത്. മൂലധനത്തിന്റെ ലാഭതാല്‍പ്പര്യങ്ങളും ജനങ്ങളുടെ ജീവിതതാല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അതുകൊണ്ടു മൂര്‍ച്ഛിച്ചു വരുന്നു. ഇന്ത്യയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇതാണു വിളിച്ചുപറയുന്നത്. ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ചികിത്‌സയും ഇല്ലാതെ പാവങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അഞ്ചുലക്ഷം കോടിയുടെ സൗജന്യങ്ങളാണ് ഇവിടെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുത്തത്. തിരഞ്ഞെടുപ്പുകളില്‍ ഏറ്റുമുട്ടുന്ന വലതുപക്ഷ പാര്‍ട്ടികള്‍ ഈ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണ്. വന്‍കിട ചൂഷകരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന കമ്മറ്റി മാത്രമായി അവര്‍ ഭരണകൂടത്തെ അധഃപതിപ്പിച്ചിരിക്കുന്നു.

അറുപത്തിയേഴ് കൊല്ലം കാത്തിരുന്ന, കാത്തിരിപ്പിന്റെ നെല്ലിപ്പലക കണ്ട ഒരു ജനത മനസില്‍ സൂക്ഷിക്കുന്ന ആശയാഭിലാഷങ്ങളുടെ സന്ദേശവാഹകരായാണ് തൊഴിലാളി വര്‍ഗ പ്രതിനിധികള്‍ പാര്‍ലമെന്റ് മാര്‍ച്ചിനെത്തുന്നത്. കഷ്ടപ്പെടുന്ന എല്ലാവരുടെയും സമരനേതാവായി ആ വര്‍ഗം മാറുകയാണ്. സാമ്പത്തിക മാത്രവാദമടക്കമുള്ള നിരവധി ദൗബല്യങ്ങളുടെ പേരില്‍ ട്രേഡ് യൂണിയനുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ദൈനംദിന പ്രവര്‍ത്തനശൈലിയില്‍ പുഴുക്കുത്തുകള്‍ വീഴുന്നുവെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്. അത്തരം കറുത്തപാടുകള്‍ ചൂണ്ടിക്കാട്ടി തൊഴിലാളിവര്‍ഗത്തെ അടച്ചാക്ഷേപിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ പാര്‍ലമെന്റ് മാര്‍ച്ചും അതില്‍ ട്രേഡ് യൂണിയന്‍ കൂട്ടായ്മ ഉയര്‍ത്തുന്ന മുദ്രാവാക്യവും.

ചരിത്ര നിര്‍മിതിയില്‍ അദ്ധ്വാനം വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധമുള്ളവരെയെല്ലാം ഈ ഐക്യത്തിന്റെ പുറകിലുള്ള വര്‍ഗപരമായ ഉണര്‍വ് ആവേശം കൊള്ളിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ മുന്നോട്ടുപോകാന്‍ ഈ ഐക്യനിരയ്ക്കു സാധിക്കണം. ആ തിരിച്ചറിവോടെ മുന്നേറാന്‍ വിവിധ ട്രേഡ് യൂണിയന്‍ കേന്ദ്രങ്ങള്‍ അനുഭവങ്ങളിലൂടെ തീരുമാനിച്ചിരിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിന്റെ ചരിത്രപരമായ പ്രാധാന്യം അതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മാറ്റത്തിനു കൊതിക്കുന്നവരുടെ മുമ്പില്‍ ഈ മഹത്തായ ഐക്യനിര പ്രതീക്ഷയുടെ പുതിയ വെളിച്ചമാണ് കൊളുത്തിവയ്ക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം

No comments: