Saturday, March 8, 2014

നിലനില്‍പ്പിനായുള്ള വിവാദം

വിവാദം സ്വാഭാവികമായി വന്നുചേരാറുണ്ട്. സ്വയം നിലനില്‍പ്പിനും മുതലെടുപ്പിനുംവേണ്ടി ബോധപൂര്‍വം ആസൂത്രിതമായി സൃഷ്ടിച്ചെടുക്കുന്ന വിവാദവുമുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത വിവാദം രണ്ടുവര്‍ഷം തികയാറായിട്ടും തുടരുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം നടന്നു. 76 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിച്ചു. വിചാരണ നടന്നു. 76ല്‍ 12 പ്രതികളെ കോടതി ശിക്ഷിച്ചു. 11 പേരെയും ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കപ്പെട്ടു. സിപിഐ എം സംസ്ഥാനകമ്മിറ്റിക്കോ, ജില്ലാ കമ്മിറ്റിക്കോ, ഏരിയ കമ്മിറ്റിക്കോ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയിക്കപ്പെട്ടു. ചുരുക്കത്തില്‍ സിപിഐ എം ആസൂത്രണം ചെയ്തോ അറിഞ്ഞോ അല്ല കൊലപാതകം നടന്നതെന്ന് വ്യക്തമായി. ചന്ദ്രശേഖരന്‍വധം സംബന്ധിച്ച വിവാദം അപ്പോഴെങ്കിലും അവസാനിക്കേണ്ടതായിരുന്നു. കേസ് വീണ്ടും അനന്തമായി തുടരണമെന്നാണ് ബന്ധപ്പെട്ടവര്‍ ആഗ്രഹിച്ചത്. അതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആര്‍എംപി ആവശ്യപ്പെട്ടാല്‍ ഒരു പ്രേരണയുമില്ലാതെ, സ്വമേധയാ കേസിന്റെ തുടരന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു വൈമനസ്യവുമില്ലാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഴയ ആഭ്യന്തരമന്ത്രിക്കോ പുതിയ ആഭ്യന്തരമന്ത്രിക്കോ ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകാനിടയില്ല. കെ കെ രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാരമിരുന്നു. ചിലരുടെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയോട് യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നിട്ടും വിവാദത്തിന് അറുതിയുണ്ടായില്ല. പാര്‍ടി നേതൃത്വം അന്വേഷിക്കാമെന്നും പാര്‍ടിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നറിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. അന്വേഷണം എന്തായി? നടപടിയെടുക്കാത്തതെന്താണ് എന്നായിരുന്നു ചോദ്യം.

പാര്‍ടി പൊളിറ്റ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയ വസ്തുതകള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാനകമ്മിറ്റിയില്‍ വച്ചു. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ ദ്രോഹിച്ചതുമൂലമുണ്ടായ വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് അന്വേഷണത്തില്‍ മനസിലായി. പാര്‍ടി സംസ്ഥാന നേതൃത്വത്തിനോ ജില്ലാ നേതൃത്വത്തിനോ ഏരിയ നേതൃത്വത്തിനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനിടയാക്കിയ കൊലപാതകത്തിന്റെ പേരില്‍ തെറ്റുചെയ്തുവെന്ന് പാര്‍ടി കണ്ട കെ സി രാമചന്ദ്രനെ പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി വധിക്കപ്പെട്ടതില്‍ പങ്കില്ലെന്ന തുടക്കംമുതലേയുള്ള പാര്‍ടി നിലപാട് ശരിയാണെന്ന് കോടതിവിധിയിലും പാര്‍ടി നടത്തിയ അന്വേഷണത്തിലും സംശയരഹിതമായി തെളിയിക്കപ്പെട്ടു. ഇതോടെ തെറ്റിദ്ധരിക്കപ്പെട്ട നിഷ്പക്ഷമതികളും നിഷ്കളങ്കരുമായ എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടാനിടയായി.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്ന് സംശയരഹിതമായി വ്യക്തമാക്കപ്പെട്ടു. പാര്‍ടിയില്‍പ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു കണ്ടാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ചു പറഞ്ഞതും ശരിയാണെന്ന് വന്നു. ഈ ഘട്ടത്തിലെങ്കിലും ഇതുസംബന്ധിച്ച് സൃഷ്ടിച്ച വിവാദം അവസാനിക്കുമെന്ന് കരുതിയതാണ്. എന്നാല്‍, പാര്‍ടി നടത്തിയ അന്വേഷണവും പാര്‍ടി അംഗത്തിനെതിരെ എടുത്ത ശിക്ഷാനടപടിയും വീണ്ടും വിവാദമാക്കാനാണ് മാധ്യമങ്ങളും പാര്‍ടി ശത്രുക്കളും ശ്രമിക്കുന്നത്. ഇത് അപ്രതീക്ഷിതമല്ല. വിവാദം സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കും പാര്‍ടി ശത്രുക്കള്‍ക്കും വ്യക്തമായ അജന്‍ഡയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. വടക്കേ ഇന്ത്യയില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 അസംബ്ലി സീറ്റുള്ള കൊച്ചു സംസ്ഥാനമൊഴികെ നാലിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യുഡിഎഫ് ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. മറ്റനേകം തര്‍ക്കങ്ങള്‍ യുഡിഎഫിനകത്തും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നുവരാനിടയുള്ള വിമര്‍ശങ്ങളില്‍നിന്ന് സമ്മതിദായകരുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ആസൂത്രിതമായി നടത്തുന്നത്. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള ഏതെങ്കിലും വിഷയത്തില്‍ വിവാദങ്ങള്‍ കൊഴുപ്പിച്ചാല്‍ യുഡിഎഫിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടങ്ങിവച്ച വിവാദം തുടരും. മാധ്യമങ്ങള്‍ക്കാവശ്യമുള്ളത് പര്‍വതീകരിക്കും മറ്റു ചിലത് തമസ്കരിക്കും. ഇത് തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് തെല്ലും പ്രയാസമില്ല.

പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ജാഥാ സ്വീകരണത്തിലെ വമ്പിച്ച ജനമുന്നേറ്റം ആ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ശവം കോണ്‍ഗ്രസ് ഓഫീസില്‍ രണ്ടുദിവസം സൂക്ഷിച്ച് കുളത്തില്‍ കെട്ടിത്താഴ്ത്തിയതും മാധ്യമങ്ങളുടെ സൂക്ഷ്മദൃഷ്ടിയില്‍പെട്ടില്ല. അതില്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചില്ല. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം കൊന്നതും, വാര്‍ത്തയും വിവാദവും സൃഷ്ടിക്കാന്‍ പര്യാപ്തമായില്ല. മലപ്പുറത്തെ ഇരട്ട കൊലപാതകവും അവര്‍ തമസ്കരിച്ചു. ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെയും ലീഗ് നേതാക്കളുടെയും പങ്കാളിത്തത്തെപ്പറ്റി ഒരു സംശയവും തോന്നിയില്ല. അതാണ് വലതുപക്ഷ മാധ്യമധര്‍മം. ഇത് വായനക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയാല്‍ നുണവ്യവസായവും വിവാദവ്യവസായവും അവസാനിക്കും. ശരിയായ ഈ തിരിച്ചറിവുകൊണ്ടു മാത്രമേ നുണവ്യവസായവും പണം നല്‍കിയുള്ള വാര്‍ത്തയും അവസാനിക്കൂ.

*
deshabhimani editorial

No comments: