Sunday, March 23, 2014

തെക്കേത്തല വറീതിന്റെ അഞ്ചാമത്തെ മോന്‍

മണവും സ്വാദുമുള്ള അപ്പന്‍

രാത്രിയില്‍ കയറി വന്ന് ഊണും കഴിഞ്ഞ് ഭാര്യയെയും എട്ടു മക്കളെയും വിളിച്ചിരുത്തി വാതോരാതെ സംസാരിക്കുന്ന ഒരപ്പനുണ്ടായിരുന്നു. പുതിയ വാക്കുകള്‍, പുതിയ കാര്യങ്ങള്‍, പേരുകള്‍- അമ്മയ്ക്കും മക്കള്‍ക്കും ഒന്നും മനസ്സിലാകില്ല. പക്ഷേ, മക്കളില്‍ അഞ്ചാമന്‍ എന്നും അപ്പന്റെ വരവ് കാത്തിരുന്നു. അപ്പന്റെ മണം അവനിഷ്ടമായിരുന്നു. അദ്ദേഹം നല്‍കുന്ന ചോറുരുളയിലൂടെ അവന്‍ ഒന്നുകൂടി അറിഞ്ഞു. അപ്പന് മണംമാത്രമല്ല, സ്വാദുമുണ്ട്. സോക്രട്ടീസ്, മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം- ഓരോന്നു പറയുമ്പോഴും അപ്പന്റെ കണ്ണിലെ തീയും മുഖത്തെ തെളിച്ചവും കണ്ടിരിക്കാന്‍ അവന് ഇഷ്ടമായിരുന്നു. കേള്‍ക്കാനിഷ്ടം കാണിച്ച മകന് അപ്പന്‍ പിന്നെയും കഥ പറഞ്ഞുകൊടുത്തു. ടോള്‍സ്റ്റോയ്, കൂടല്‍മാണിക്യംക്ഷേത്രം ഐതിഹ്യം, സമരങ്ങള്‍, താന്‍ കണ്ട നാടകങ്ങളുടെ കഥകള്‍. ചില രാത്രികളില്‍ അപ്പന്‍ റാന്തല്‍വിളക്കുമായി ഇറങ്ങും. കുട്ടാപ്പു മൂശാരി, ചാത്തുമാഷ്, നാരായണന്‍ മൂശാരി എന്നിവര്‍ കൂട്ട്. അമ്മ അതുകണ്ട് കണ്ണീര്‍ വാര്‍ക്കും. മുതിര്‍ന്നപ്പോളവനറിഞ്ഞു. അപ്പന്‍ കമ്യൂണിസ്റ്റാണ്. അപ്പനെ തൊട്ട് മകന്‍ ലോകമറിഞ്ഞു, മനുഷ്യനെയറിഞ്ഞു. ആ കഥകളിലെ സാരോപദേശങ്ങള്‍ അവന്റെയുള്ളില്‍ വിത്തായി വീണു. അവന്റെ ലോകത്തിന് അപ്പന്റെ രൂപവും ശബ്ദവുമായി. അപ്പന്‍ അവന്റെ വഴിയും വിളക്കും വെളിച്ചവുമായി. ഇരിങ്ങാലക്കുടയ്ക്കപ്പുറം പോയിട്ടില്ലെങ്കിലും മഹാത്മാ വായനശാലയിലിരുന്ന് ലോകം മുഴുവന്‍ കണ്ട അപ്പന് പേര് തെക്കേത്തല വറീത്.

അഞ്ചാമന്‍ ഇന്നസെന്റ്

മക്കളില്‍ അഞ്ചാമന്‍ പക്ഷേ സഹോദരങ്ങളെപ്പോലെയായില്ല. പഠിപ്പില്‍ തിളങ്ങിയില്ല. ജീവിതവും മനുഷ്യരെയും കാണാനും പഠിക്കാനുമായിരുന്നു അവന് ശ്രദ്ധ. പല നഗരങ്ങളിലായി അവന്‍ അലഞ്ഞു- വറീതിന്റെ അഞ്ചാമത്തെ മകന് പേര് ഇന്നസെന്റ്. അവന്റെ ഉള്ളില്‍ അപ്പന്‍ കുത്തിയിട്ട വിത്ത് കരിയാതെ മുളപൊട്ടിനിന്നു. ഓരോ ചുവടിലും, പിഴച്ചാലും ജയിച്ചാലും, അവന് വഴികാട്ടാന്‍ അപ്പന്റെ വാചകങ്ങള്‍, കഥകള്‍, സാരോപദേശങ്ങള്‍ തെളിഞ്ഞുനിന്നു. തന്നേക്കാള്‍ മോശപ്പെട്ട ജീവിതങ്ങള്‍ ഈ മണ്ണിലുണ്ടെന്ന് അവനോര്‍ത്തു. താന്‍ അനുഭവിച്ച പട്ടിണിയേക്കാള്‍ തീക്ഷ്ണമായ ദാരിദ്ര്യം മണ്ണിലുണ്ടെന്ന് അവനോര്‍ത്തു. മനുഷ്യസ്നേഹത്തിന്റെ മഹാനീരുറവ അവനെ നയിച്ചു.

കെട്ടിയ വേഷങ്ങള്‍

ഇന്നസെന്റ് ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ നിരവധി. കച്ചവടക്കാരന്‍, വോളിബോളറിയാത്ത വോളികോച്ച്, കോടമ്പാക്കത്തെ പട്ടിണിക്കാരനായ ഭാഗ്യാന്വേഷി, മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചിട്ടും രക്ഷപ്പെടാതെപോയ നിര്‍മാതാവ്്, കര്‍ണാടകത്തിലെ ദാവണ്‍ഗെരെ ശാബന്നൂരിലെ തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരന്‍. ഇതിനിടയില്‍ കണ്ടുമുട്ടിയ ജീവിതങ്ങളെ ഇന്നസെന്റ് ഓര്‍ത്തുവച്ചു. മദ്രാസില്‍ ഉമ ലോഡ്ജിനു മുന്നില്‍ നൂറുകണക്കിനാളുകളെ പട്ടിണിയില്‍നിന്നു രക്ഷിക്കാനായി പലിശക്കു പണം കടംവാങ്ങി ചായക്കട നടത്തിയ ഇക്ക, ദാവണ്‍ഗെരെയിലേക്കുള്ള ട്രെയിന്‍യാത്രയ്ക്കിടയില്‍ കൊടുംപനികൊണ്ട് തളര്‍ന്നുവീണപ്പോള്‍ താങ്ങാകുകയും ശുശ്രൂഷിച്ച് റിക്ഷയില്‍ കയറ്റിവിടുകയുംചെയ്ത വേശ്യ, ശാബന്നൂരിലെ അടിമകളായ മനുഷ്യര്‍, കീടനാശിനി കുടിച്ച് ആത്മഹത്യചെയ്ത മൈലപ്പ, വിശപ്പ് സഹിക്കാതെ തീപ്പെട്ടിയെടുത്തു വിറ്റ പന്ത്രണ്ടുകാരന്‍ ചന്ദ്രപ്പ. ഇങ്ങനെ ഒട്ടേറെ പേര്‍. ഇപ്പോഴും ചില രാത്രികളില്‍ ഇവര്‍ വന്ന് ഇന്നസെന്റിനെ വിളിച്ചുണര്‍ത്തും.

ഹാസ്യം തമാശക്കളിയല്ല

ജീവിതത്തോട് അങ്ങനെ നേരിട്ട് ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്നസെന്റിനെ പിടിച്ചുനിര്‍ത്തിയത് ഉള്ളില്‍നിറഞ്ഞ ഹാസ്യം. എന്തിനെയും ഏതിനെയും തമാശയോടെ നേരിടുന്ന ഹാസ്യം. രസങ്ങളില്‍ തീവ്രം ഹാസ്യംതന്നെ. ഹാസ്യം ഒരു തമാശക്കളിയല്ല. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കയറിയിറങ്ങിയവനേ നല്ല ഹാസ്യം സൃഷ്ടിക്കാനാകൂ. ""എനിക്കെപ്പോഴും മഴയത്ത് നടക്കാനാണിഷ്ടം, കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ"" എന്നു പറഞ്ഞ ചാര്‍ലി ചാപ്ലിന്‍മുതലുള്ളവര്‍ അനുഭവിച്ചുതീര്‍ത്തതൊക്കെയും കണ്ണീര്‍ക്കാലമായിരുന്നു. ആ അനുഭവതീക്ഷ്ണതതന്നെയാണ് അവരെ നിഷ്കളങ്കമായ ഹാസ്യം ജനിപ്പിക്കുന്നവരാക്കിയത്. ആ ജീവിതംതന്നെയാണ് അവര്‍ക്കുള്ളില്‍ രാഷ്ട്രീയം നിറച്ചത്. അവര്‍ക്ക് ജീവിതം തമാശയല്ല. പലരുടെയും തിരക്കഥാ രചനയില്‍ സിനിമാചര്‍ച്ചയില്‍ ഇന്നസെന്റ് അവിഭാജ്യഘടകമായി. ഭരതനും അരവിന്ദനും ആ സാന്നിധ്യം ആവശ്യപ്പെട്ടു. ജീവിതമാണ് ഇന്നസെന്റ് പറയുന്നത്. ഇത്രത്തോളം മനുഷ്യരെ അറിഞ്ഞ, ജീവിതമറിഞ്ഞ ഒരാള്‍ അപൂര്‍വം. തെളിഞ്ഞ ഹാസ്യത്തിനിടയില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച മഴവില്‍ക്കാവടിയിലേതുള്‍പ്പെടെ മിന്നുന്ന ക്യാരക്ടര്‍റോളിലെത്തി വിസ്മയിപ്പിച്ചു. അറുനൂറോളം ചിത്രങ്ങള്‍ പിന്നിട്ട് ആ യാത്ര നീളുന്നു. ഇതിനിടെ പുസ്തകങ്ങളുമെഴുതി ഇന്നസെന്റ്. അതും അനുഭവിച്ച ജീവിതത്തെ മുന്‍നിര്‍ത്തിതന്നെയാണ്. "മഴക്കണ്ണാടി", "ഞാന്‍ ഇന്നസെന്റ്", "ചിരിക്കു പിന്നില്‍" ഒടുവില്‍ "ക്യാന്‍സര്‍ വാര്‍ഡിലെ ചിരി".

വേദനയും സാന്ത്വനവും

ഉയര്‍ച്ചയുടെ പടവുകളിലും ഉള്ളില്‍ അപ്പനുണ്ടായിരുന്നു. കഴിച്ചുകൂട്ടിയ ജീവിതവും ലോകത്തിന്റെ വേദനയുമുണ്ടായിരുന്നു. അതാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരത്ത് എത്തിച്ചത്. താരത്തിന്റെയും ധനാഢ്യന്റെയും പ്രഭാവലയങ്ങള്‍ തകര്‍ന്നുവീഴുന്ന രോഗികളുടെ ലോകത്ത്, സ്വതസിദ്ധമായ വര്‍ത്തമാനങ്ങളിലൂടെ സാന്ത്വനം പകര്‍ന്ന് ഓടിനടന്നു വറീതിന്റെ മോന്‍. രോഗികള്‍ക്കായി പണം സ്വരൂപിക്കാന്‍, അവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍. അവരുടെ മനസ്സിനെ ഉണര്‍ത്തിനിര്‍ത്താനും വേദനയെ അതിജീവിക്കാന്‍ സഹായിക്കാനും തന്റെ എല്ലാ ശേഷിയും ബന്ധവും ഉപയോഗിച്ചു. കേരളത്തിലെതന്നെ ഏറ്റവും വലിയൊരു പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി ഇപ്പോഴും പാഞ്ഞുനടക്കുന്നു.

അര്‍ബുദം! കലക്കീട്ട്ണ്ട് കലക്കീട്ട്ണ്ട്...

ഒടുവില്‍ രോഗം അയാളെയും തേടിയെത്തി. ക്യാന്‍സറിന്റെ രൂപത്തില്‍. അര്‍ബുദത്തെ നോക്കി ഇന്നസെന്റ് കുലുങ്ങിച്ചിരിച്ചു. ചികിത്സകരെപ്പോലും അമ്പരപ്പിച്ച ചിരി. ചികിത്സിച്ച ഡോ. ഗംഗാധരന്‍ പറഞ്ഞു. "ആ ചിരിയാണ് അയാളെ രക്ഷിച്ചത്." രോഗമുണ്ടെന്നറിഞ്ഞാല്‍ ആദ്യം തളരുന്നത് രോഗിയുടെ മനസ്സാണ്. പലരും പുറത്തുപറയാതെ ഒളിച്ചുവയ്ക്കും. ഉള്ളിലിട്ട് നീറ്റും. തളര്‍ന്നമനസ്സുള്ള ശരീരത്തിലേക്ക് രോഗം കത്തിക്കയറും. വറീതിന്റെ മോനെ അതിന് കിട്ടില്ല. വിവരം സ്ഥിരീകരിച്ച ഉടന്‍ ഇന്നസെന്റ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. "ഇനിയ്ക്കും കിട്ടീട്ടാ". എന്ത്?. "ക്യാന്‍സറ്". ധ്യാനകേന്ദ്രത്തിലും പള്ളിയിലും മുട്ടുകുത്തി മുട്ടുകുത്തി കണ്ണീരില്‍ നനഞ്ഞില്ല ഇന്നസെന്റ്. തികഞ്ഞ വിശ്വാസിയാണ്. എന്നാല്‍, കാര്യം കാണാന്‍ ഓടിയെത്തി പിടിക്കാനുള്ള കാലല്ല ദൈവമെന്ന് ഇന്നസെന്റിനറിയാം. അത് അതിനപ്പുറത്തെ ചിലതാണ് അദ്ദേഹത്തിന്. ഒരനുഭവം. ഒരു തിരിച്ചറിവ്്. വിളിക്കാതെ വന്ന് ചിലപ്പോള്‍ കൈപിടിച്ചു കയറ്റുന്നവന്‍. ഒടുവില്‍ രോഗം തോറ്റു. ഇത്രയും ഒരു ട്രെയിലറാണ്. ആ ജീവിതത്തിന്റെ ചില ഹൈലൈറ്റുകള്‍. ഇക്കഴിഞ്ഞ 17ന് പകല്‍ ഇരിങ്ങാലക്കുടയിലെ വീടായ പാര്‍പ്പിടത്തില്‍ കാണുമ്പോള്‍ ഇന്നസെന്റ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി. സമയം നാല്. രാവിലെ ഏഴിന് തുടങ്ങിയ തെരഞ്ഞെടുപ്പു പര്യടനത്തിനൊടുവില്‍ ഭക്ഷണത്തിന്റെ ഇടവേള. രണ്ടേ രണ്ടു ചോദ്യം "എന്തേ ഇടതു പക്ഷത്തോടൊപ്പം? ഇപ്പോ എന്തു തോന്നുന്നു?" മറുപടിയായി ഒരു കഥ:

""അപ്പന്‍ ഒരു കഥ പറഞ്ഞ് തന്നിട്ട്ണ്ട്. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ വി കെ വാര്യര്‍ ഒളിവിലിരുന്ന കഥ. കുടിലില്‍ അമ്മയും അഞ്ചുവയസ്സുകാരി മകളും. ഒരു കിണ്ണത്തില്‍ അല്‍പ്പം ചോറ് അടച്ചുവച്ചിരിക്കുന്നു. സഖാവിനുണ്ണാന്‍. കുഞ്ഞിനോട് വാര്യര്‍ ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചു. മാമന്റെ കഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ തരാമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞിന്റെ മറുപടി. താന്‍ വരുന്ന വഴിയില്‍നിന്ന് കഴിച്ചുവെന്നും ഭക്ഷണം അമ്മയും മോളും കഴിക്കണമെന്നും ആവശ്യപ്പെട്ട് വാര്യര്‍ ഉറങ്ങി. പുലര്‍ച്ചെ കണ്‍തുറന്നപ്പോള്‍ ചുമര് ചാരിയിരുന്നുറങ്ങുന്ന അമ്മയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഭക്ഷണം അതേപടിയിരിക്കുന്നു. എന്തേ കഴിച്ചില്ല എന്നായി വാര്യര്‍. രാത്രിയില്‍ സഖാവുണരുമ്പോള്‍ വിശന്നാലോ എന്നു കരുതിയെന്ന് അമ്മ. കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സഖാവിനോട് ഈ വിവരം പറഞ്ഞ് കനകമലയുടെ താഴ്വരയില്‍നിന്ന് വാര്യര്‍ വാവിട്ട് കരഞ്ഞു. അപ്പന്‍ പറഞ്ഞു: അത്തരം കമ്യൂണിസ്റ്റുകാരെയും അദ്ദേഹം അന്നു പറഞ്ഞ ആ അനുഭവത്തിലേതുപോലുള്ള മനുഷ്യരെയും നിന്റെ വഴിയില്‍ നീ കണ്ടെന്നുവരില്ല. കമ്യൂണിസം പാര്‍ടിയോ ജാഥയോ തെരഞ്ഞെടുപ്പോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വം മാത്രമാണ്. മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്സിസം"".

ഇരിങ്ങാലക്കുട കിഴക്കേപ്പള്ളിയിലെ അപ്പന്റെ കുഴിമാടത്തില്‍ ചെന്നുനില്‍ക്കുമ്പോഴെല്ലാം അത്തരം മനുഷ്യരെയോ കമ്യൂണിസ്റ്റുകാരെയോ നീ കണ്ടുമുട്ടിയോ എന്ന അപ്പന്റെ ചോദ്യം കേള്‍ക്കാമെന്ന് ആത്മകഥയില്‍ (ചിരിക്കുപിന്നില്‍) ഇന്നസെന്റ് പറയുന്നുണ്ട്. അങ്ങനെ കണ്ടുമുട്ടുന്ന ദിവസം അപ്പന്റെ കുഴിമാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉച്ചത്തില്‍ "ഇങ്ക്വിലാബ്"വിളിക്കുമെന്നും അപ്പോള്‍ അപ്പന്‍ "സിന്ദാബാദ്", വിളിക്കുന്നത് തനിക്ക് കേള്‍ക്കാമെന്നും സ്വപ്നം കാണുന്നുമുണ്ട്. അക്കാര്യം ഓര്‍ത്ത് സ്വന്തം ശൈലിയില്‍ തലചെരിച്ച് അദ്ദേഹം നമ്മോട് പറയുന്നു. ""ഇപ്പൊ ഞാന്‍ കണ്ടു ആ സ്നേഹം. പണ്ടും ആളു കൂടുമായിരുന്നു. തിക്കിത്തിരക്കുമായിരുന്നു. ഇപ്പോളതല്ല. ഞാന്‍ കമ്യൂണിസ്റ്റുകാരെ കണ്ടു. അവരുടെ സ്നേഹവും അച്ചടക്കവും കണ്ടു. രോഗം എനിക്കുതന്ന തിരിച്ചറിവ് വേറൊന്നാണ്. ഞാന്‍ അനുഭവിച്ച പരിഗണന, ധനം ഇതൊന്നുമല്ല ജീവിതം. ഇനിയെന്റെ ജീവിതം നിസ്വര്‍ക്കുവേണ്ടിയാണ്. അവര്‍ക്കായുള്ള സേവനമാണ്." ഇനിയെനിക്ക് അപ്പന്റെ കുഴിമാടത്തിലെത്തി പറയാം. "അപ്പാ ഞാനവരെ കണ്ടൂട്ടാ, ഇങ്ക്വിലാബ് സിന്ദാബാദ്"

*
കെ ഗിരീഷ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: