Sunday, March 30, 2014

കൃഷിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം

കേരളത്തില്‍ കാര്‍ഷികാവശ്യത്തിനു നല്‍കുന്ന സൗജന്യ വൈദ്യുതി പദ്ധതി പൊടുന്നനെ നിര്‍ത്തിയത് ഒറ്റപ്പെട്ട സംഭവമല്ല. യുഡിഎഫ് സര്‍ക്കാരിന്റെയും അതിന്റെ അഖിലേന്ത്യാ പതിപ്പായ യുപിഎയുടെയും നയത്തിന്റെ ഭാഗമാണത്. ഇരുപതുകൊല്ലമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെയും നയങ്ങള്‍ കര്‍ഷകരെ ആക്രമിക്കുകയാണ്. കൃഷിയുടെ കോര്‍പറേറ്റുവല്‍ക്കരണവും അഗ്രി ബിസിനസുകാരുടെ അമിതലാഭവും ഉറപ്പാക്കുന്ന നയമാണത്. ഭൂപരിഷ്കാരങ്ങളില്‍നിന്ന് പുറകോട്ടുപോകുന്നു. കാര്‍ഷിക സബ്സിഡികളും കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപവും പിന്‍വലിക്കുന്നു. ധാന്യസംഭരണത്തില്‍നിന്നും ശേഖരണത്തില്‍നിന്നും വിപണനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. വിപണിശക്തികളെ കയറൂരിവിട്ട് കൃഷിക്കാര്‍ക്ക് ആദായവില നിഷേധിക്കുന്നു. ഇങ്ങനെ കര്‍ഷക ദ്രോഹ സമീപനത്തില്‍ റെക്കോഡ് സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനു കീഴില്‍, അതേ വഴിയില്‍ സ്വന്തം സംഭാവനയും നല്‍കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍.

യുപിഎ- എന്‍ഡിഎ ഭരണം മാറിവന്നെങ്കിലും കൃഷിക്കാര്‍ക്കുള്ള സബ്സിഡി കുത്തനെ വെട്ടിക്കുറയ്ക്കുന്നതില്‍ അവര്‍ തമ്മില്‍ ഭിന്നതയുണ്ടായില്ല. 1996നും 2012നും ഇടയില്‍ 2,84,694 കൃഷിക്കാരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഒരു ആത്മഹത്യ. കുടിയാന്മാരായ കൃഷിക്കാരുടെയും പങ്കുപാട്ടക്കാരുടെയും പട്ടയം കിട്ടാത്ത ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളായ കൃഷിക്കാരുടെയും വനഭൂമിയില്‍ കൃഷിചെയ്യുന്നവരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റും ആയിരക്കണക്കിന് ആത്മഹത്യകള്‍ സര്‍ക്കാരിന്റെ ഔദ്യോഗികമായ കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലില്ല. ഇതൊന്നും കര്‍ഷക ആത്മഹത്യകളായി സര്‍ക്കാര്‍ അംഗീകരിക്കുന്നതേയില്ല.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ രാസവള വില 200 ശതമാനത്തിലധികം വര്‍ധിച്ചു. ഡീസലിന്റെയും വൈദ്യുതിയുടെയും കുതിച്ചുകയറുന്ന വില കാരണം ജലസേചനം ഏറ്റവും ചെലവേറിയതായി. വന്‍കിട കമ്പനികളെ സഹായിക്കുന്നതിനാണ് രാസവള സബ്സിഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കുറഞ്ഞ വിലയ്ക്ക് രാസവളങ്ങള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിന് പകരം വന്‍കിട കമ്പനികള്‍ രാസവളങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി നടത്തുകയാണ്. കൃഷിക്കാര്‍ക്ക് ആദായകരമായ വില ലഭിക്കുന്നില്ല. കൃഷിച്ചെലവ് ഒപ്പിക്കുന്നതിനുപോലും കഴിയുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം താങ്ങുവിലയാകട്ടെ, മിക്ക വിളകളുടെയും കാര്യത്തില്‍ ഉല്‍പ്പാദനച്ചെലവ് നിര്‍വഹിക്കാന്‍ പര്യാപ്തമല്ല. ഉല്‍പ്പാദനത്തിന് വേണ്ടിവരുന്ന മുഴുവന്‍ ചെലവും നിറവേറ്റുന്നതിന് പുറമെ, അതിന്റെ 50 ശതമാനംകൂടി കൃഷിക്കാര്‍ക്ക് അധികം ലഭിക്കുന്ന വിധത്തിലാകണം മിനിമം താങ്ങുവില നിശ്ചയിക്കേണ്ടത് എന്ന് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശചെയ്യുന്നു. ആ ശുപാര്‍ശ അവഗണിച്ചു. മിനിമം താങ്ങുവില പ്രഖ്യാപിച്ച ചില സംസ്ഥാനങ്ങളില്‍ സംഭരണം നടക്കുന്നില്ല. നെല്‍കൃഷിക്കാര്‍ക്ക് ക്വിന്റലിന് 1250 രൂപ ലഭിക്കുന്നതിനുപകരം വളരെ കുറഞ്ഞ 650 രൂപയാണ് താങ്ങുവിലയായി ലഭിച്ചത്. യുക്തമായ സാങ്കേതിക വിദ്യകളും വിപുലീകരണ സേവനങ്ങളും പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. പകരം മൊണ്‍സാന്റോ, ഡ്യൂപോണ്ട്, കാര്‍ഗില്‍, ടാറ്റ കെമിക്കല്‍, ബിര്‍ള, റിലയന്‍സ്, യുബി എന്നിങ്ങനെയുള്ള കൊള്ളസംഘങ്ങളായ അഗ്രി ബിസിനസുകാരുടെ പിടി കൂടുതല്‍ ശക്തമാക്കുകയാണ്.

കാര്‍ഷികരംഗത്തെ ഇത്തരം പ്രവണതകളില്‍നിന്ന് വേര്‍പെടുത്തി കേരളത്തിലെ സൗജന്യ വൈദ്യുതി നിഷേധം കാണാനാവില്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയാണ് സമരം ചെയ്യേണ്ടതെന്നും ആ നയം തിരുത്തിക്കാനായാല്‍മാത്രമേ രാജ്യം പ്രതിസന്ധിയില്‍നിന്ന് കരകയറൂ എന്നും ആവര്‍ത്തിച്ച് തെളിയിക്കുന്ന അനുഭവംതന്നെയാണിത്. സിപിഐ എം പ്രകടനപത്രികയില്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി, അവ എങ്ങനെ പരിഹരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണം. ശക്തമായ സംഭരണനയം രൂപീകരിക്കണം. ലോകവിപണിയിലെ വിലയുടെ ചാഞ്ചാട്ടം മൂലവും ഇറക്കുമതിച്ചരക്ക് കുത്തി നിറയ്ക്കുന്നതുമൂലവും ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ വിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തണം. ഭൂപരിഷ്കരണം നടപ്പാക്കുക എന്നതും ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യുക എന്നതും സുപ്രധാന വിഷയങ്ങളാണ്.

തുച്ഛമായ സംഖ്യ നഷ്ടപരിഹാരം നല്‍കി കോര്‍പറേറ്റുകള്‍ ഭൂമി തട്ടിയെടുക്കുന്നത് തടയണം. കൃഷിക്കാരുടെ താല്‍പ്പര്യങ്ങളെ ബലി കൊടുക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉപേക്ഷിക്കണം. കൃഷി വികസിപ്പിക്കുക, കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക, ഗ്രാമീണ ദരിദ്രരുടെ വാങ്ങല്‍കഴിവ് വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാര്‍ഷിക വികസനത്തിനും ഗ്രാമീണ പശ്ചാത്തല സൗകര്യ വികസനത്തിനും വമ്പിച്ച അളവില്‍ ഫണ്ട് ലഭ്യമാക്കണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ നടപടികളും തൊഴില്‍ അവസരങ്ങളും ഏര്‍പ്പെടുത്തണം. എംഎന്‍ആര്‍ഇജിഎസിനു കീഴില്‍ വര്‍ഷം 200 ദിവസമെങ്കിലും ജോലി ലഭ്യമാക്കണം. ദിവസക്കൂലി ചുരുങ്ങിയത് 300 രൂപയായി ഉയര്‍ത്തണം. ഇതൊക്കെ സംഭവിക്കണമെങ്കില്‍ യുപിഎ ഭരണം തുടരുന്നതുകൊണ്ടോ എന്‍ഡിഎ വരുന്നതുകൊണ്ടോ കാര്യമില്ല. പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവമാണിത്. ഇടതുപക്ഷം അടങ്ങുന്ന ബദലിന് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ വന്നാല്‍മാത്രമേ കൃഷിക്കാര്‍ക്ക് രക്ഷയുണ്ടാകൂ എന്നാണിതിന്റെ സന്ദേശം.
*
deshabhimani editorial

2 comments:

Stockblog said...

left can do nothing in India. No political party can and will do anything that helpful to farmers. It is clear from Kerala and WestBengal that left too will do nothing.

Jomy said...

നല്ല രീതിയില്‍ കൃഷി ചെയ്തെങ്കില്‍ മാത്രമേ ഏതു രാജ്യത്തിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിക്കൂ.കൃഷിക്ക് യോഗ്യമായ തരിശായി കിടക്കുന്ന പതിനായിരകണക്കിന് ഏക്കർ കൃഷി ഭൂമി കേരളത്തിലുണ്ട്. സർക്കാർ ഇത്തരം കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ 3 മാസത്തെ സമയ പരിധി കൊടുക്കുക. എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കണ്ടു കെട്ടുക.പിഴയടപ്പിക്കുക. സെന്റിന് 1000 രൂപ നിരക്കിൽ അധിക നികുതി ഇങ്ങനെയുള്ള സ്ഥലങ്ങൾക്ക് ചുമത്തുക . ഇങ്ങനെ കണ്ടു കെട്ടിയ ഭൂമി കർഷകർക്കും, കൃഷി ചെയ്യാൻ താല്പര്യം ഉള്ളവര്ക്ക് പാട്ടത്തിനു കൊടുക്കുക . കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ തയ്യാറായാൽ മാത്രം ഭൂമി തിരിച്ചു നല്കുക. തൊഴിലുറപ്പ് പദ്ധതിയെ ഇത് മായി യോജിപ്പിക്കുക. ഒരിഞ്ചു ഭൂമി പോലും കേരളത്തിൽ തരിശായി ഇടാൻ അനുവദിക്കരുത് . ഇതിനായി സർക്കാർ നിയമം കൊണ്ട് വരിക .

ഹെൽമെറ്റ്‌ വചില്ലെങ്കിൽ ലൈസെൻസ് പോകും എന്ന അവസ്ഥ വന്നോപ്പോൾ എല്ലാവരും ഹെൽമെറ്റ്‌ ഉപയോഗിചു തുടങ്ങി. കേരള സർക്കാർ ചെയ്തത് ഒരു സർക്കുലർ മാത്രം ഇറക്കി. എന്തൊരു മാറ്റം. ഇത് പോലെ കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കൃഷി ഭൂമി കണ്ടു കെട്ടുക.പിഴയടപ്പിക്കുക. വലിയ വിലയുള്ള കൃഷി ഭൂമി നഷടമാകും എന്നതോന്നൽ ആണ് ആദ്യം ഉണ്ടാക്കേണ്ടത് പൊതു ജനം ബീഹാരുകാരനെയോ ഒറീസ്സക്കാരെയോ വെച്ച് , അതല്ലെങ്കിൽ തനിയെ, എന്തെങ്കിലും കൃഷി ചെയ്യിപ്പിക്കും. തരിശാക്കി ഇട്ടാൽ സര്ക്കാര് കൊണ്ട് പോകും എന്ന പേടിയിൽ, എന്തെങ്കിലും കൃഷി ചെയ്യതെ പറ്റാത്ത അവസ്ഥയിൽ വന്നാൽ മാത്രമേ കാർഷിക കേരളം നന്നാകൂ .
http://malayalatthanima.blogspot.in/2013/10/blog-post_6291.html