Tuesday, March 18, 2014

പ്രവാസി മലയാളികളും തെരഞ്ഞെടുപ്പും

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പ്രവാസികളോട് വല്ലാത്ത പ്രണയം വലതുപക്ഷ രാഷ്ട്രീയക്കാരില്‍ കാണുന്നു. അവരുടെയും കുടുംബങ്ങളുടെയും വോട്ട് വേണം, പണം വേണം- അതിനായി വഴിഞ്ഞൊഴുകുന്ന സ്നേഹവുമായി അടുത്തുകൂടുന്നവര്‍ ഇന്നലെവരെ പ്രവാസികളെ എങ്ങനെ കൈകാര്യംചെയ്തു എന്ന് ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വമ്പിച്ച സംഭാവന നല്‍കുന്ന പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. സ്വദേശിവല്‍ക്കരണ നടപടികള്‍ ഗള്‍ഫ് മേഖലയില്‍ ആരംഭിച്ചതോടെ മലയാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്.

1990കളില്‍ ഉദാരവല്‍ക്കരണ നടപടികളാരംഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരകമ്മി വര്‍ധിച്ചപ്പോള്‍ വിദേശനാണ്യ പ്രതിസന്ധിയില്‍പ്പെടാതെ രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തിയത് പ്രവാസികളാണ്. സമീപകാലത്തായി ഇന്ത്യയുടെ വ്യാപാരകമ്മി അതിവേഗം ഉയരുകയാണ്. അനിയന്ത്രിതമായ ഇറക്കുമതി മൂലമുണ്ടാകുന്ന കമ്മി നികത്തി രാജ്യത്തിന്റെ വിദേശനാണ്യശേഖരം ഉയര്‍ത്തുന്നതില്‍ വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അംഗീകരിക്കപ്പെടുന്നില്ല. കയറ്റുമതിക്കാര്‍ക്കും വിദേശനാണ്യം നേടിത്തരുന്ന മറ്റു വിഭാഗങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങളൊന്നുംതന്നെ മറുനാട്ടില്‍ പണിയെടുക്കുന്നവര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

വിദേശ ഇന്ത്യക്കാര്‍ രാജ്യത്ത് കൊണ്ടുവരുന്ന വിദേശനാണ്യം അവര്‍ തിരികെ കൊണ്ടുപോകുന്നതല്ല. ഒരു ബാധ്യതയും സൃഷ്ടിക്കാത്ത മൂലധനവുമാണത്. എന്നാല്‍, ഊഹക്കച്ചവട മൂലധനം തിരിച്ചുനല്‍കേണ്ടതാണെന്നു മാത്രമല്ല, അപകടകാരിയുമാണ്. വിദേശ മൂലധന നിക്ഷേപകര്‍ക്ക് നല്‍കുന്ന പരിഗണനപോലും വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കയറ്റുമതിക്കാര്‍ 11.4 ലക്ഷം കോടി രൂപയാണ് രാജ്യത്തിന് വിദേശനാണ്യമെന്ന നിലയില്‍ നേടിത്തന്നതെങ്കില്‍ 2.5 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ മുഖാന്തരം രാജ്യത്തെത്തിയത്. വിദേശ വായ്പയേക്കാളും പ്രത്യക്ഷ വിദേശനിക്ഷേപത്തേക്കാളും വലിയ തുകയാണ് ഇത്. എന്നിട്ടും ഈ മേഖല അവഗണിക്കപ്പെടുന്നു. വിദേശ ഇന്ത്യാക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. എട്ട് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസുകള്‍ രാജ്യത്തുണ്ട്. ഇവര്‍ നല്‍കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒരു ഗുണവും പ്രവാസികള്‍ക്ക് നല്‍കുന്നില്ല.

സെക്യൂരിറ്റിയായും ഇന്‍ഷുറന്‍സായും പിരിച്ച ആയിരക്കണക്കിന് കോടി രൂപ ഒരു ഉപയോഗവും ഇല്ലാതെ പ്രൊട്ടക്ടര്‍ ജനറലിന്റെ കൈയിലാണ്. പ്രവാസികളില്‍ നിന്ന് പിരിച്ചെടുത്ത ഈ പണം അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുപകരം പ്രവാസികളില്‍നിന്നും റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നുമുള്ള അംശാദായത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമനിധി ആരംഭിക്കണം. ഗള്‍ഫില്‍ ജോലി തേടുന്നതിന് ഒരു മലയാളിക്ക് കുറഞ്ഞത് ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. രണ്ടുമൂന്ന് വര്‍ഷമെങ്കിലും ജോലിചെയ്താലേ സാധാരണക്കാരനായ ഒരാള്‍ക്ക് മുതല്‍ മുടക്ക് ബാധ്യത തീര്‍ത്ത് സമ്പാദ്യം ഉണ്ടാവുകയുള്ളൂ. അതിനുമുമ്പ് തന്നെ അനേകം പേര്‍ക്ക് മടങ്ങിവരേണ്ടിവരുന്നു. കബളിപ്പിക്കപ്പെട്ട് വരുന്നവരുമുണ്ട്. ഇവരുടെ സംഖ്യകൂടി പരിഗണിച്ചാല്‍ 15-20 ശതമാനം പേര്‍ക്ക് പൂര്‍ണ പരിരക്ഷ ആവശ്യമാണ്.

ഗള്‍ഫിലെ കുടിയേറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറ്റവും പരിമിതവും കാര്യക്ഷമത കുറഞ്ഞതുമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരും ഉത്തരവാദിത്തമേറ്റെടുക്കാത്തതുകൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. വിദേശ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വിദേശ ഇന്ത്യാക്കാര്‍ക്കു വേണ്ടിയുള്ള മന്ത്രാലയവും തമ്മില്‍ ഏകോപനം ഇല്ല. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍നിയമങ്ങളും കരാര്‍വ്യവസ്ഥകളും ലംഘിക്കപ്പെട്ടാല്‍ ഇടപെടുന്നതിനുള്ള ഫലപ്രദമായ സംവിധാനമില്ല. എംബസികളുടെ ഇടപെടലുകള്‍ക്കു പുറമെ സര്‍ക്കാര്‍തലത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രവാസി തൊഴിലാളികള്‍ക്ക് സേവന സ്ഥിതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ല.

ഗള്‍ഫ് മേഖലയില്‍ നിന്നുവരുന്ന പണം കേരളത്തിന്റെ ഉല്‍പ്പാദനമേഖലകളില്‍ നിക്ഷേപമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക റൂട്ട്സ് എന്നൊരു കമ്പനി ഉണ്ടാക്കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. പ്രവാസികളുടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രവാസികള്‍ക്കുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ്യം. അവ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നില്ല. കുടിയേറ്റ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക എന്നതും പ്രധാനമാണ്. വിമാനച്ചാര്‍ജ് ഭീകരമായ തോതില്‍ ഉയര്‍ത്തുന്ന പ്രശ്നം നിലനില്‍ക്കുന്നു. യാത്രനിരക്കിലെ കൊള്ള ഗള്‍ഫ് മലയാളികളുടെ നടുവൊടിക്കുന്നതാണ്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും സ്ത്രീത്തൊഴിലാളികളുടെയും അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

വികേന്ദ്രീകൃതമായ ആസൂത്രണത്തിന്റെ വര്‍ത്തമാനകാലത്ത് പ്രാദേശിക പദ്ധതികളുടെയും വിവിധ ധനകാര്യസ്ഥാപനങ്ങളുടെയും സഹായം ഉപയോഗപ്പെടുത്തി വിദേശ മലയാളികളുടെ പുനരധിവാസ പദ്ധതികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കേണ്ടതുണ്ട്. ഒഡെപെക്, നോര്‍ക്ക-റൂട്ട്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും വിദേശ രാജ്യങ്ങളിലുള്ള സമാന കമ്പനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും വേണം. വിദേശരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായ കേസില്‍ കുടുങ്ങിയവരെയും നിയമപ്രശ്നങ്ങള്‍ നേരിടുന്നവരെയും സഹായിക്കുന്നതിനുള്ള എയ്ഡ് സെല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ഇക്കാര്യങ്ങളൊന്നും തിരിഞ്ഞുനോക്കാത്തവര്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രവാസികളോട് വോട്ടഭ്യര്‍ഥനയുമായി ചെല്ലുന്നത് തികഞ്ഞ വഞ്ചനയാണ്. ആ തിരിച്ചറിവാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും തീരുമാനത്തെ രൂപപ്പെടുത്തുക എന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: