Saturday, March 8, 2014

രാജ്യം സ്ത്രീകളോട് ആവശ്യപ്പെടുന്നത്

വ്യാവസായികവിപ്ലവം നല്‍കിയ ഉണര്‍വും സോഷ്യലിസ്റ്റ് ആശയഗതിയുടെ വ്യാപനവുമാണ് ലോകമെമ്പാടും സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ക്ക് ആവേശം നല്‍കിയത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെ വമ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം സാക്ഷ്യം വഹിച്ചു. 1908ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ 15000ലേറെ സ്ത്രീതൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നു. തൊഴില്‍സമയം കുറയ്ക്കുക, കൂലി വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. സമരത്തിനുനേരെ ഭരണാധികാരികള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച സ്ത്രീകളുടെ ദേശീയ അവകാശദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ തൊഴില്‍സ്ഥലത്ത് ഉണ്ടായ ദുരന്ത(ട്രയാംഗിള്‍ ഫയര്‍)ത്തില്‍ 140 സ്ത്രീതൊഴിലാളികള്‍ ദയനീയമായി കൊല്ലപ്പെട്ടു. തൊഴിലിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നു. 1910ല്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ രണ്ടാം സാര്‍വദേശീയസമ്മേളനം ജര്‍മനിയിലെ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്നു. 17 രാജ്യങ്ങളില്‍നിന്ന് 100 സ്ത്രീകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ക്ലാരാസെത്കിന്‍ പങ്കെടുത്തു. ലോകമെമ്പാടും ഒരുദിവസം സ്ത്രീകളുടെ അവകാശപ്രഖ്യാപനത്തിനുള്ള വനിതാദിനമായി ആചരിക്കണമെന്ന് ക്ലാരാസെത്കിന്‍ നിര്‍ദേശിച്ചു. സമ്മേളനം അത് ഏകകണ്ഠമായി അംഗീകരിക്കുകയും മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനമായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ 1975ല്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി അംഗീകരിക്കുകയും ആ വര്‍ഷം വനിതാവര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളടക്കമുള്ള നിരവധി രാജ്യങ്ങള്‍ മാര്‍ച്ച് എട്ട് പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സ്ത്രീസംരക്ഷണനിയമങ്ങള്‍ തുടങ്ങിയവ നേടിയെടുക്കാന്‍ സഹായകമായെങ്കിലും അടിച്ചമര്‍ത്തലില്‍നിന്ന് പൂര്‍ണമായും മോചിതരാകാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ലോകമെങ്ങും പുത്തന്‍ മുതലാളിത്ത അധിനിവേശത്തിന്റെ ഭാഗമായുള്ള ചൂഷണം വര്‍ധിക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ, യുദ്ധങ്ങള്‍, വര്‍ഗീയ ലഹളകള്‍, ഫ്യൂഡല്‍ അനാചാരങ്ങള്‍ എല്ലാം ചേര്‍ന്ന് സ്ത്രീയുടെ ജീവിതം നരകതുല്യമായി മാറുന്നു. ഇന്ത്യയിലും സ്ത്രീസമൂഹത്തിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നമ്മുടെ രാജ്യത്ത് മാര്‍ച്ച് എട്ട് ആചരിക്കുന്നത്.

രാജ്യത്തുടനീളം വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, സ്ത്രീധന കൊലപാതകങ്ങള്‍, ദുരഭിമാനഹത്യകള്‍, ആസിഡ് ആക്രമണം, ദളിത് പീഡനം, ആദിവാസി-ന്യൂനപക്ഷ പീഡനം തുടങ്ങിയവയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു. വര്‍ധിച്ചുവരുന്ന വിലക്കയറ്റം, അഴിമതി, പ്രകൃതിവിഭവങ്ങളുടെയും പൊതുവിഭവങ്ങളുടെയും ചൂഷണം, കോര്‍പറേറ്റുകള്‍ക്ക് കൊള്ള ചെയ്യാനുള്ള അവസരമൊരുക്കല്‍, പൊതുജനങ്ങളുടെ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ജനവിരുദ്ധനയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ട്. എന്നാല്‍, ഈ ജനരോഷത്തില്‍നിന്ന് മുതലെടുക്കാന്‍ ബിജെപിയെ അനുവദിച്ചുകൂടാ. ബിജെപിയുടെ സാമ്പത്തികനയങ്ങള്‍ മുതലാളിത്തനയങ്ങള്‍തന്നെയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എന്തെല്ലാം വിടുപണികള്‍ കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടോ അത്രതന്നെ ബിജെപിയുടെ ഭരണകാലത്തും ചെയ്തു. അതോടൊപ്പം ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ അതിന്റെ ഭയാനകമായ വര്‍ഗീയമുഖം ഒന്നുകൂടി വെളിവാകുകയും ചെയ്തു. സംഘപരിവാറിന്റെ യാഥാസ്ഥിതിക സ്ത്രീവിരുദ്ധ സമീപനങ്ങള്‍ സ്ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത വിപത്തുകളായിരിക്കും. അതിനാല്‍ കോണ്‍ഗ്രസോ ബിജെപിയോ അല്ലാത്ത ഇടതു മതനിരപേക്ഷ ജനാധിപത്യ ബദല്‍ സംവിധാനത്തിന് ശക്തിപകരാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണം.

ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്. കാര്‍ഷികമേഖലയിലെയും പൊതുമേഖലാ വ്യവസായങ്ങളിലെയും തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണം. അസംഘടിതമേഖലയില്‍ നാമമാത്രമായ കൂലിക്ക് ജോലിചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ പരമദയനീയമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ നോക്കുകുത്തിയായി. തൊഴില്‍ദിനം 100 എന്ന പരിധി എടുത്തുകളഞ്ഞ് അവധിദിവസങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ദിവസങ്ങളിലും തൊഴില്‍ നല്‍കുകയും മിനിമം കൂലി ഉറപ്പാക്കുകയും വേണം. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പ്രതിമാസം ചുരുങ്ങിയത് 10,000 രൂപയെങ്കിലും ശമ്പളം നല്‍കണം. നേഴ്സിങ് മേഖലയിലും വസ്ത്രനിര്‍മാണ-വിതരണ മേഖലയിലും സ്ത്രീതൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണം ഇല്ലാതാക്കണം. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്യവേതനവും തൊഴിലവകാശങ്ങളും ഉറപ്പുവരുത്തണം. കുടുംബശ്രീയെ നശിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ ബാങ്കില്‍നിന്ന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണം. ബജറ്റില്‍ ആവശ്യമായത്ര നീക്കിയിരിപ്പ് ഉണ്ടാകണം. സര്‍ക്കാര്‍ പദ്ധതികള്‍ കോണ്‍ഗ്രസിന്റെ സ്വകാര്യസംഘടനയായ ജനശ്രീ വഴി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വിധവാപെന്‍ഷനടക്കമുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 2000 രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. വിദ്യാഭ്യാസത്തിനുവേണ്ടി ജിഡിപിയുടെ ആറു ശതമാനവും ആരോഗ്യമേഖലയില്‍ അഞ്ചു ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തണം. ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വകാര്യവല്‍ക്കരണശ്രമങ്ങള്‍ ഉപേക്ഷിക്കണം.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ഭക്ഷ്യസുരക്ഷാനിയമം കേരളത്തെയാണ് ഏറ്റവും അപകടകരമായി ബാധിക്കുക. എപിഎല്‍ കാര്‍ഡുകാരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും സാര്‍വത്രിക പൊതുവിതരണം അട്ടിമറിക്കുകയും ചെയ്തു. പാചകവാതക സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. പൊതുവിതരണം ശക്തമാക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ നാം തുടരേണ്ടതുണ്ട്. തീരുമാനമെടുക്കുന്ന വേദികളില്‍ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞുവരികയാണ്. പാര്‍ലമെന്റിലും അസംബ്ലിയിലും വനിതാജനപ്രതിനിധികളുടെ എണ്ണം ലജ്ജാകരമാംവിധം കുറവായ രാജ്യമാണ് ഇന്ത്യ. വനിതാസംവരണ ബില്‍ പാസാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം ഭരണാധികാരിവര്‍ഗത്തിനെതിരെ ഉയര്‍ത്തേണ്ടതുണ്ട്.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. "റോയിട്ടേഴ്സി"ന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മൊത്തം ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ "സ്ത്രീകള്‍ക്ക് ഏറ്റവും അപായകരമായ" രാജ്യങ്ങളില്‍ നാലാംസ്ഥാനത്ത് ഇന്ത്യയാണ്. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ തലസ്ഥാനം ഏറ്റവും ഭീകരനഗരമാണ്. ഡല്‍ഹിയില്‍ ജ്യോതിസിങ്ങിന്റെ കൊലപാതകത്തിനുശേഷവും തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. നയന സാഹ്നി, ജസീക്കാലാല്‍ എന്നിവരുടെ അനുഭവം നമുക്കു മുന്നിലുണ്ട്. അതില്‍ ഒടുവിലത്തേതാണ് സുനന്ദ പുഷ്കറുടെ ദുരൂഹ മരണം. ഇതിനൊക്കെ പിന്നില്‍ ഉന്നതരായ ഭരണാധികാരികളും നേതാക്കളുമായിരുന്നു. എത്ര സമര്‍ഥമായാണ് കേസുകള്‍ അട്ടിമറിച്ചത്. ഭരണകൂടം സ്ത്രീപീഡകര്‍ക്കുവേണ്ടി വിടുപണി ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രതിഷേധിക്കണം.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രീ പീഡനങ്ങള്‍ പതിന്മടങ്ങ് പെരുകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്ത് മുപ്പതിനായിരത്തിലേറെ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതിനായിരത്തിലേറെ ബലാത്സംഗ കേസുകളും. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് സ്ത്രീയെ പൈശാചികമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ സുരക്ഷിതരായി കഴിയുന്നു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാകാതിരിക്കുമ്പോള്‍ എല്ലാവിധ സാമൂഹ്യഅനാചാരങ്ങളും ശക്തമാകുകയാണ്. ആള്‍ദൈവങ്ങളും ആത്മീയചൂഷണകേന്ദ്രങ്ങളും അതിന്റെ ഉദാഹരണമാണ്. അമൃതാനന്ദമയിയുടെ ആശ്രമത്തെക്കുറിച്ച് ശിഷ്യയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. ഇതു സംബന്ധിച്ച സമഗ്രമായ അന്വേഷണം നടക്കണം. അവിടെ സ്ത്രീകളെ ബലാല്‍ക്കാരമായി കീഴ്പ്പെടുത്തുന്നു എന്ന് ആരോപിക്കപ്പെട്ട പുരുഷന്മാര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. മുമ്പ് തമിഴ്നാട്ടിലെ പ്രേമാനന്ദയുടെ ആശ്രമത്തിനെതിരെ ആരോപണമുണ്ടായപ്പോള്‍ ആദ്യം ആളുകള്‍ നെറ്റിചുളിച്ചു. അന്വേഷണത്തില്‍ പ്രേമാനന്ദ ലൈംഗിക കുറ്റവാളിയാണെന്ന് തെളിയുകയും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. ഇത്തരം ആശ്രമങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും വെളിച്ചത്ത് കൊണ്ടുവരണം.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുക, അതിവേഗ കോടതികള്‍ സ്ഥാപിക്കുക, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നാം മുന്നോട്ടുവയ്ക്കുന്നു. ഐപിസിയുടെ 498 എ വകുപ്പിന് സംരക്ഷണം നല്‍കുക, തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനുള്ള നിയമം, ബലാത്സംഗത്തിനെതിരായ പുതിയ നിയമം, ഗാര്‍ഹികപീഡനം തടയുന്നതിനുള്ള നിയമം തുടങ്ങി എല്ലാ സ്ത്രീസംരക്ഷണ നിയമങ്ങളും കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.

സ്ത്രീകള്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച കോണ്‍ഗ്രസ് ഭരണത്തിനെതിരെ വിധിയെഴുതാനുള്ള തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. ഈ അവസരം കൃത്യമായി വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഒപ്പം ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനും.

*
കെ കെ ശൈലജ

No comments: