Friday, March 28, 2014

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

പി രാമദാസ് വിടവാങ്ങി

കോട്ടയം: മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റ് സിനിമ "ന്യൂസ് പേപ്പര്‍ ബോയി"യുടെ സംവിധായകന്‍ പി രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. തെരുവിലെ സാധാരണമനുഷ്യന്റെ ജീവിതകഥ പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ രാമദാസ് സിനിമയുള്ള കാലത്തോളം ജനമനസ്സില്‍ തിളക്കമുള്ള ഓര്‍മയാകും.

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കോട്ടയത്ത് മകന്‍ പ്രശാന്തിന്റെ വീട്ടില്‍ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ പല്ലിശേരിയിലെ വീട്ടിലും 12ന് സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പകല്‍ നാലിന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ട്് ശ്മശാനത്തില്‍. പരേതയായ വടക്കൂട്ട് രുക്മിണിയമ്മയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് (മലയാളമനോരമ, കോട്ടയം), പ്രസാദ് (മലയാളമനോരമ, ആലപ്പുഴ). മരുമക്കള്‍: മായ, സീമ.

രാമദാസിന്റെ 22-ാംവയസ്സില്‍ 1954ലാണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ കൊമേഴ്സ്യല്‍ ചിത്രവുമാണിത്. 1955 മെയ് എട്ടിന് തൃശൂര്‍ ജോസ് തിയറ്ററിലായിരുന്നു ആദ്യപ്രദര്‍ശനം. 1,75,000 രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായും രാമദാസ് അറിയപ്പെട്ടു. നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനംചെയ്തു. 2007ല്‍ ജെ സി ദാനിയേല്‍ പുരസ്കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

തൃശൂര്‍ കുറുപ്പം റോഡില്‍ പൂതാംപിള്ളി മാധവിയമ്മയുടെയും തെക്കെകുറുപ്പത്ത് കൃഷ്ണന്‍കുട്ടിമേനോന്റെയും മകനായി 1931ലാണ് രാമദാസ് ജനിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി ബിരുദപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. ഇക്കാലത്താണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 1960കളില്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി. മൂന്നുപതിറ്റാണ്ടിലേറെ അഭിഭാഷകനായി തുടര്‍ന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം താമസിച്ച സ്ഥലങ്ങളിലെല്ലാം ക്ലിനിക്കും നടത്തിയിരുന്നു. "ഒസ്യത്ത്" എന്ന നോവലും നിരവധി കഥകളും എഴുതിയിട്ടുണ്ട്. വിജ്ഞാനഭാരതി, സംഹിത എന്നീ മാസികകളും രാമദാസ് നടത്തിയിരുന്നു.

നിയോറിയലിസത്തിന്റെ ഉപജ്ഞാതാവ്

ഇന്ത്യന്‍ സിനിമയില്‍ നിയോറിയലിസം കൊണ്ടു വന്നത് തൃശൂര്‍ക്കാരനായ പി രാമദാസാണ്. സത്യജിത്റായിക്കു മുമ്പേ സിനിമാസംരംഭം തുടങ്ങിയ പി രാമദാസിന്റെ സംഭാവന പക്ഷേ, സിനിമാചരിത്രത്തില്‍ ആ അര്‍ഥത്തില്‍ രേഖപ്പെടുത്തിയില്ല. നിയോറിയലിസം മറ്റു പലരുടേയും പേരിലാണ് ഇടം നേടിയത്. എന്നാല്‍, "ന്യൂസ്പേപ്പര്‍ ബോയ്" എന്ന ഒറ്റ ചിത്രം മതി ലോകസിനിമയില്‍ പി രാമദാസ് ആരെന്നു വ്യക്തമാവാന്‍. വര്‍ത്തമാനകാലത്തെ സിനിമകള്‍ ശ്രദ്ധിക്കുമ്പോഴാണ് രാമദാസിന്റെ പ്രതിബദ്ധതയുടെ ആഴം മനസ്സിലാവുന്നത്. എത്രയോ അപകടകരവും പ്രതിലോമകരവും അരാഷ്ട്രീയവാദപരവുമായ സിനിമകളാണ് പുതിയ തലമുറക്കാര്‍ അവതരിപ്പിക്കുന്നത്.

വാണിജ്യതാല്‍പ്പര്യത്തിന് അപ്പുറം സമൂഹത്തോടുള്ള ഇവരുടെ എന്തു പ്രതിബദ്ധതയാണ് ഇത്തരം സിനിമകളില്‍ കാണാനാകുക? എന്നാല്‍, എത്രയോ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് ന്യൂസ്പേപ്പര്‍ ബോയിലൂടെ പി രാമദാസ് ലോകത്തെ വിസ്മയിപ്പിച്ചത്. സമൂഹവും രാഷ്ട്രീയവും ദാരിദ്ര്യവും മാനവികതയുമെല്ലാം അതിലുണ്ടായിരുന്നു. ഇന്നത്തെ സൗകര്യങ്ങളും പണവും ഒന്നുമില്ലാതെയാണ് ക്യാമ്പസ് കലാകാരനായ രാമദാസ് എതാനും വിദ്യാര്‍ഥികളുമൊത്ത് ചലച്ചിത്രസംരംഭം പൂര്‍ത്തിയാക്കിയതെന്നത് അത്ഭുതാദരങ്ങളോടെയല്ലാതെ കാണാനാവില്ല.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുവാവിന്റെ ആവേശവും അതിലുപരി പ്രതിബദ്ധതയുമായിരുന്നു രാമദാസിനെ നയിച്ചത്. ആ ചലച്ചിത്രകാവ്യത്തിന്റെ മഹത്വം നമ്മളറിയുന്നത് കാലങ്ങള്‍ക്കുശേഷമാണ്. അത് ജെ സി ദാനിയേല്‍ അവാര്‍ഡിന്റെ മഹത്വംകൊണ്ടു മാത്രമല്ല, രാമദാസിന്റെ കലാജീവിതം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍കൂടിയാണ്. സിനിമയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവരെ അതിശയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത മനുഷ്യന്‍കൂടിയാണ് അദ്ദേഹം. "ന്യൂസ്പേപ്പര്‍ ബോയ്" സിനിമക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ ലഭിച്ചത് 30,000 രൂപ മാത്രമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സനിമയുടെ കലാമൂല്യവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ഒരിക്കലും നഷ്ടത്തിന്റെ കണക്കിലെഴുതാന്‍ തയ്യാറായില്ല. അഭിഭാഷകനും ഭിഷഗ്വരനും എഴുത്തുകാരനുമൊക്കെയായ താന്‍ ആ സിനിമയുടെ പേരില്‍ അറിയപ്പെട്ടതില്‍ അദ്ദേഹം ആനന്ദം അനുഭവിക്കുന്നുണ്ടായിരുന്നു. അത് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരന്റെ മനസ്സിന്റെ ആനന്ദംകൂടിയാണ്.

പ്രിയനന്ദനന്‍

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

നമ്മുടെ സിനിമയ്ക്ക് പാരമ്പര്യത്തില്‍ ഊന്നിയ കാഴ്ചപ്പാടില്ലെന്ന് വേദനിച്ച ഒരാളാണ് കടന്നുപോയത്. സംവിധാനം തിരക്കഥയുടെ ദൃശ്യവിവര്‍ത്തനം മാത്രമാണെന്നു കരുതുന്നവരാണ് മലയാളത്തിലെന്ന് വേദനയോടെ പറഞ്ഞ ഒരാള്‍. പി രാമദാസിലൂടെ കടന്നുപോയത് ചരിത്രമാണ്. വ്യവസ്ഥാപിത കാഴ്ചകളെ നിരാകരിച്ച് എടുത്തുചാടി മലയാളത്തിലെ വെള്ളിത്തിരയ്ക്ക് പുതിയ ആകാശവെളിച്ചം നല്‍കിയ ഒരു പിടിപേരുടെ ചരിത്രം. പതിവുകളുടെ കനമേറിയ കള്ളികളെ മറികടന്ന ചങ്കൂറ്റമാണ് മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്.

തമിഴ്- ഹിന്ദി സിനിമയുടെ ചുവടുപിടിച്ച് അതിഭാവുകത്വത്തിന്റെയും അതിവൈകാരികതയുടേയും വട്ടത്തില്‍ കിടന്ന് സിനിമ തിരിഞ്ഞ കാലത്ത് 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനും കൂട്ടര്‍ക്കും റിയലിസത്തിന്റെ ഉള്‍വിളിയുണ്ടാവുന്നേടത്തു നിന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഉടലെടുക്കുന്നത്. വി ശാന്താറാമിന്റേയും അമിയ ചക്രവര്‍ത്തിയുടേയും സ്വാധീനത്തില്‍ നിന്നാണ് ഇതുണ്ടായത്. മുഖ്യധാരാ സിനിമയുടെ ആകര്‍ഷണത്തേയും ഫോര്‍മുലയേയും മറികടന്ന് ജീവിതത്തിന്റെ യഥാതഥ രൂപങ്ങളെ, ഒരു വേള ജീവിതത്തെ തന്നെ പകര്‍ത്തിവയ്ക്കല്‍.

ജീവിതത്തിന്റെ സത്യവും യാഥാര്‍ഥ്യവും രാമദാസ് അനുഭവത്തിലൂടെ ആര്‍ജിച്ചതാണ്. പഴവങ്ങാടിയിലേയും പാളയത്തേയും ഭിക്ഷക്കാര്‍ക്കിടയിലൂടെ അലഞ്ഞും തിരുവനന്തപുരത്തെ തെരുവുകളിലൂടെ കാഴ്ചകണ്ടും ഒരു യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയുടെ മനസ്സില്‍ കത്തിക്കയറിയ ജീവിത യാഥാര്‍ഥ്യം. സിനിമ രാമദാസിന് കേവല ഹരമായിരുന്നില്ല. ഇറ്റാലിയന്‍ നിയോ റിയലിസം അക്കാലത്ത് സാഹിത്യചുറ്റുവട്ടങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലോകസിനിമയുടെ ചലനങ്ങളെ വായിച്ചും അന്വേഷിച്ചുമറിഞ്ഞാണ് രാമദാസും സുഹൃത്ത് പരമേശ്വരനും സിനിമയിലേക്കെത്തുന്നത്. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദ്യാര്‍ഥികളുടെ "മഹാത്മ" മാഗസിനില്‍ പ്രസിദ്ധീകരിച്ച രാമദാസിന്റെ "കമ്പോസിറ്റര്‍" എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയുടെ ആദ്യരൂപം തയ്യാറാക്കിയത്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വിവരം തേടി ബ്രിട്ടീഷ് ലൈബ്രറിയിലും അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയിലും സമയം ചെലവഴിച്ചു. കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ന്യൂസ്പേപ്പര്‍ ബോയിയുടെ തിരക്കഥ തയ്യാറാക്കിയത്. പന്ത്രണ്ട് വയസ്സുകാരന്‍ അപ്പുവിന്റെ കാഴ്ചയിലേക്ക് കഥയെ മാറ്റിയതു തന്നെയാണ് പ്രധാനം. കഥയില്‍ ഏറെപ്രാധാന്യമില്ലാത്ത കഥാപാത്രമാണിത്. നാഗവള്ളി ആര്‍ എസ് കുറുപ്പാണ് സംഭാഷണം തയ്യാറാക്കിയതെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഥയില്‍ തിരുവിതാംകൂര്‍ ഭാഷണം ചേരാത്തതിനാല്‍ എല്ലാ സംഭാഷണങ്ങളും തൃശൂര്‍ ശൈലിയിലേക്ക് മാറ്റിയെഴുതി.

ലോകമെമ്പാടും ഉണര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് രാമദാസും സുഹൃത്തുക്കളും മഹാത്മാ മെമ്മോറിയല്‍ അസോസിയേഷന്‍ രുപീകരിച്ചത്. മഹാത്മയില്‍ രാമദാസിന്റെ നാടകങ്ങളില്‍ സഹകരിച്ചിരുന്നവരെത്തന്നെ സിനിമയിലെ പ്രധാന സകാര്യങ്ങള്‍ ഏല്‍പ്പിച്ചത്. നടന്‍മാരെ കണ്ടെത്താന്‍ ദീര്‍ഘനാളത്തെ അന്വേഷണവും നടത്തി. ഒടുവില്‍ 1955 മെയ് അഞ്ചിന് സിനിമ റിലീസായി. അന്നും ഇന്നും ജീവിതം അതിന്റെ തെളിമയോടെ കാണാന്‍ ആഗ്രഹിക്കാത്ത മലയാളി ന്യൂസ് പേപ്പര്‍ ബോയ് തള്ളി. എപ്പോഴും രക്ഷകരായി എത്തുന്ന ദൈവങ്ങളേയോ നായകരേയോ ന്യൂസ് പേപ്പര്‍ ബോയ് അവതരിപ്പിച്ചില്ല എന്നതു തന്നെയാണ് കാരണം. ദൈവത്തിനു പകരം മനുഷ്യനെ അവന്റെ ജീവിതത്തെ പ്രതിഷ്ഠിച്ചതാണ് ന്യൂസ് പേപ്പര്‍ ബോയ് മലയാളിയോടുചെയ്ത "അപരാധം".

കെ ഗിരീഷ്

മലയാളത്തിന്റെ ബൈസിക്കിള്‍ തീവ്സ്

കൊച്ചിയിലേക്കുള്ള തീവണ്ടിയാത്രയില്‍ കണ്ട പത്രം വില്‍ക്കുന്ന ബാലന്റെ ദൈന്യമുഖമാണ് പി രാംദാസിന് "ന്യൂസ്പേപ്പര്‍ ബോയ്" നിര്‍മിക്കാന്‍ പ്രേരകമായത്. സഹപാഠി പരമേശ്വരനൊത്തുള്ള ആ സാഹസം, മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ എടുത്തു എന്നതു മാത്രമല്ല, ജീവിത യാഥാര്‍ഥ്യങ്ങളുടെ നേരുകള്‍ പകര്‍ത്തിയ നിയോ റിയലിസ്റ്റ് സിനിമ എന്ന നിലയിലും ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം നേടി. അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതദുരിതം ഹൃദയസ്പൃക്കായി ആവിഷകരിച്ച ആ ചിത്രം, ലോകപ്രശസ്ത ഇറ്റാലിയന്‍ സിനിമ ബൈസിക്കിള്‍ തീവ്സിന്റെ ഹൃദയഹാരിത പകര്‍ന്നു നല്‍കുന്നതായിരുന്നു.

കേരളീയ ഫ്യൂഡലിസം മുതലാളിത്തക്രമത്തിലേക്കു പരിവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പരിഛേദം എന്ന നിലയിലും 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയിക്ക് ചരിത്രത്തില്‍ ഇടമുണ്ട്. കമുകറ പുരുഷോത്തമനും ശാന്താ പി നായരും ശബ്ദം നല്‍കിയ ഗാനശീലുകള്‍ കൊണ്ടും അത് മലയാളത്തിന്റെ നിത്യസ്മരണയാണ്. ലോകത്തിലാദ്യമായി വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നിര്‍മിച്ച ചിത്രം എന്ന പ്രസിദ്ധി ന്യൂസ്പേപ്പര്‍ ബോയിക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ രാംദാസിന്റെയും സഹ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ആദര്‍ശ് കലാമന്ദിര്‍ ആണ് സിനിമ നിര്‍മിച്ചത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായ നൂറ്റിമുപ്പത് മിനിറ്റുള്ള ചിത്രം ബോക്സോഫീസില്‍ തകര്‍ന്നെങ്കിലും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. പ്രാദേശികവും ദേശീയവുമായ നിരൂപണങ്ങള്‍ക്ക് പാത്രമായി. രാജ്കപൂറിനെക്കുറിച്ച് ഫിലിം ഫെയര്‍ മാഗസിനില്‍ വന്ന നിരൂപണങ്ങളും ശാന്തറാമിന്റെയും അമിയ ചക്രവര്‍ത്തിയുടെയും സിനിമകളുമാണ് തന്നില്‍ സിനിമാവേശം പടര്‍ത്തിയതെന്ന് ന്യൂസ്പേപ്പര്‍ ബോയിയുടെ അമ്പതാം വാര്‍ഷിക വേളയില്‍ രാംദാസ് ഓര്‍ക്കുകയുണ്ടായി.

ജാപ്പനീസ് ചലച്ചിത്രകാരന്‍ കുറസോവയുടെ റാഷമോണ്‍ എന്ന സിനിമയുടെ ട്രെയിന്‍ യാത്രാഖണ്ഡങ്ങളാണ് സിനിമയുടെ മറ്റൊരു പ്രചോദനം. തന്റെ തന്നെ, കമ്പോസിറ്റര്‍ എന്ന ചെറുകഥയ്ക്ക് മാറ്റം വരുത്തി തിരക്കഥ രചിച്ച്, നാഗവള്ളി ആര്‍ എസ് കുറുപ്പിനെക്കൊണ്ട് സംഭാഷണമെഴുതിപ്പിച്ചായിരുന്നു,തൃശൂരിലും മദ്രാസിലും തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുറുപ്പ് ഒഴിച്ച് മിക്കവാറും പുതുമുഖങ്ങള്‍. പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളമാണ് അപ്പുവിന്റെ അമ്മയുടെ വേഷമിട്ടത്. അപ്പുവായി മാസ്റ്റര്‍ മോനിയും.

ഇറ്റാലിയന്‍ നിയോ റിയല്‍ സിനിമയുടെ, യാഥാര്‍ഥ്യത്തിന്റെ യഥാര്‍ഥ ചിത്രീകരണം എന്ന ശൈലിയായിരുന്നു രാംദാസ് പിന്തുടര്‍ന്നത്. തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ മുന്നൊരുക്കമെന്നോണം രണ്ടു ഹ്രസ്വചിത്രങ്ങളും രാംദാസ് നിര്‍മിച്ചു. വാടക വീട്ടിലെ അതിഥി, നിറമാല എന്നീ സിനിമകളും സംവിധാനം ചെയ്തു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് സ്വപ്നലോകത്തേക്ക് ഒളിച്ചോടാന്‍ സിനിമയെ ഉപാധിയായി കണ്ട പ്രേക്ഷകര്‍ സ്വന്തം ദുരിതങ്ങള്‍ സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു രാംദാസിന് അറിയാമായിരുന്നു. അതിനാല്‍ ജനപ്രിയം എന്ന നിലയില്‍ സിനിമ സ്വീകരിക്കപ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വ്യസനമില്ലായിരുന്നു. വരാനിരിക്കുന്ന വ്യവസായ സിനിമയ്ക്കുപോലും ഇതു മാതൃകയാണെന്ന് പി എന്‍ മേനോന്‍ പ്രഖ്യാപിച്ചു. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ ന്യൂസ്പേപ്പര്‍ ബോയിയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ദില്ലിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

പി പി ഷാനവാസ്

*
ദേശാഭിമാനി

No comments: